Monday, July 30, 2007
പല്ലി തന്ന സന്തോഷം
ആ കാഴ്ച കണ്ട് ഞാന്‍ ധര്‍മ്മസങ്കടത്തിലായി.ഒരു ചിലന്തിയും ഒരു കുഞ്ഞ് പൂമ്പാറ്റയും.ചിലന്തി തന്റെ വലയുടെ അറ്റത്ത് നല്ലൊരു സദ്യക്ക് വട്ടം കൂട്ടുന്നു. പൂമ്പാറ്റ വലയുടെ മധ്യത്തില്‍ കുടുങ്ങി വാവിട്ടു കരയുന്നു.ഒരു നിമിഷം ഞാന്‍ ആലോചിച്ചു.
പൂമ്പാറ്റ അതിന്റെ ജീവന് വേണ്ടി പിടയുന്നു..ചിലന്തിയോ?ചിലന്തി തന്റെ ജീവന്‍ നിലനിര്‍ത്താന്‍ പൂമ്പാറ്റയെ ഭക്ഷിക്കാന്‍ ഒരുങ്ങുന്നു.പൂമ്പാറ്റയെ രക്ഷിച്ചാല്‍ ഞാന്‍ ചിലന്തിയുടെ ഭക്ഷണം തട്ടിപ്പറിക്കുന്നതിന്ന് തുല്ല്യമായി.അതുവഴി ചിലന്തിയുടെ ജീവന്‍ നഷ്ടപ്പെട്ടേക്കാം....രക്ഷിച്ചില്ലെങ്കില്‍ പൂമ്പാറ്റയുടെ ജീവന്‍ നഷ്ടപ്പെട്ടേക്കാം.....ചിന്തകള്‍ എന്നെ വീണ്ടും ധര്‍മ്മസങ്കടത്തിലാക്കി.
ഞാന്‍ നോക്കി നില്‍ക്കെ ചിലന്തി വലയിലൂടെ ഊര്‍ന്നിറങ്ങി പൂമ്പാറ്റയെ ഇറുക്കി.പൂമ്പാറ്റ ജീവന് വേണ്ടി പിടഞ്ഞു.ചിലന്തി പൂമ്പാറ്റയെ ഇറുക്കിപ്പിടിച്ചുകൊണ്ട് വലയിലൂടെ ചുമരിലെത്തി.പൂമ്പാറ്റയുടെ പിടയല്‍ അവസാനിച്ച അതേ നിമിഷം എങ്ങു നിന്നോ ഓടിവന്ന ഒരു പല്ലി ചിലന്തിയെ വായ്ക്കകത്താക്കി എവിടെക്കോ ഓടി മറഞ്ഞു.അതോടെ എന്റെ സങ്കടവും എങ്ങോ മറഞ്ഞു.
കുട്ടി മുഹമ്മദ് കുട്ടി എന്ന കുട്ടി.
ഇപ്പോള്‍ താമസിക്കുന്ന ഉപ്പയുടെ വീടിനോളം സുഖസൗകര്യങ്ങളും കുട്ടികളായ കളിക്കൂട്ടുകാരും ഇല്ലാത്തതിനാല്‍ സനമോള്‍ക്ക് ഉമ്മയുടെ വീട്ടിലേക്ക് പോകാന്‍ എപ്പോഴും മടിയായിരുന്നു.വല്ലപ്പോഴും വീട്ടിലേക്ക് പോകുന്ന ദിവസം , മുഴുവന്‍ മക്കളെയും മാതാപിതാക്കളെ കാണിക്കേണ്ട ബാധ്യതയുള്ളതിനാല്‍ അന്നും സനമോളുടെ ഉമ്മ അവളെ വിളിച്ചു.
" ഏയ്...ഞാനില്ല" സനമോള്‍ പറഞ്ഞു.
"എന്താ സനാ...അവിടെ നിനക്ക് കുറവുള്ളത് ? ഇവിടെയുള്ള പോലെ T V അവിടെയുണ്ട്....ഫ്രിഡ്ജും ഉണ്ട്..."
"ന്നാലും ഞാനില്ല..."
"കോഴിയും താറാവും ഉണ്ട്....ഇവിടെത്തെപോലെ രണ്ട് കുട്ടികളും ഉണ്ട്..." ഉമ്മ തുടര്‍ന്നു.
"ങേ..!! കുട്ടികളോ..?? ഏത് കുട്ടികള്‍??" സനമോല്‍ക്ക് പെട്ടെന്ന് ആകാക്ഷ കയറി.
"നിന്റെ വല്ല്യുപ്പ കുട്ടി മുഹമ്മദ് കുട്ടി!!"
ഉമ്മയുടെ മറുപടി കേട്ട് സനമോള്‍ തരിച്ചിരുന്നു
Friday, July 27, 2007
കോപ്പ അമേരിക്കയും ഒരു ഇന്റര്‍വ്യൂവും....
കോപ്പ അമേരിക്ക ഫുട്ബാള്‍ കിരീടത്തിനായുള്ള ഫൈനല്‍ മല്‍സരദിനം. ഞാന്‍ മുമ്പ് നടത്തിക്കൊണ്ടിരുന്ന കമ്പ്യൂട്ടര്‍ സെന്ററിലേക്ക് ഫാക്കള്‍ട്ടിയെ തെരഞ്ഞെടുക്കുന്ന ഇന്റര്‍വ്യൂയും അന്നായിരുന്നു.ഇന്റര്‍വ്യൂ ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ ഞാന്‍ , എന്റെ മുമ്പിലിരിക്കുന്ന ഉദ്യോഗാര്‍ഥിയുടെ ബയോഡാറ്റ പരിശോധിച്ചുകൊണ്ടിരിക്കുകയായിരുന്നു.പെട്ടെന്നാണ് അവന്റെ വിദ്യാഭ്യാസ യോഗ്യത ഞാന്‍ ശ്രദ്ധിച്ചത് - COPA ( Console Operator and Programming Assistant )
ഉടന്‍ ഞാന്‍ വെറുതെ ചോദിച്ചു.
" കോപ്പ അമേരിക്കയും നിന്റെ യോഗ്യതയായ കോപയും തമ്മിലുള്ള ബന്ധം എന്ത്?"
"അത്....ഈ കോഴ്സ് അമേരിക്കയിലാണ് ആദ്യം ആരംഭിച്ചത് !!!"
കൂസലില്ലാത്ത അവന്റെ ഉത്തരം കേട്ട് ഞാനും സഹബോര്‍ഡംഗങ്ങളും ഇന്റര്‍വ്യൂ തല്‍ക്കാലം നിര്‍ത്തിവച്ചു !!!!
Thursday, July 26, 2007
നമ്പൂരിയുടെ അന്തര്‍ജ്ജനം
ചാനല്‍ റിപ്പോര്‍ട്ടര്‍ നമ്പൂരിയെ ഇന്റര്‍വ്യൂ ചെയ്യുകയാണ്.
"നമ്പൂരിക്ക് ഏറ്റവും ഇഷ്ടം ആരെയാ..?"
"നമ്മുടെ അന്തര്‍ജ്ജനത്തെ.."
"ആ..പിന്നെ ഏറ്റവും ഇഷ്ടം ആരെയാ..?"
"അത്...??"
"പറഞ്ഞോളൂ..."
"അന്തര്‍ജ്ജനത്തെ തന്നെ.." ചെറുചിരിയോടെ നമ്പൂരി പറഞ്ഞു
"ങാഹാ!!..പിന്നെ ഏറ്റവും ഇഷ്ടം ആരെയാ..?"
"അത്...അത്??"
"പറഞ്ഞോളൂ...ധൈര്യമായി പറഞ്ഞോളൂ... "
"അത്‌പ്പോ..."
"പേടിക്കാതെ പറഞ്ഞോളൂ..."
"അന്തര്‍ജ്ജനത്തെ തന്നെ.!!!."
"ആഹാ....അങ്ങിനെയോ..?അന്തര്‍ജ്ജനത്തെ ഇത്രയും ഇഷ്ടപ്പെടാന്‍ വല്ല കാരണവും.?."
"ഏത് അന്തര്‍ജ്ജനത്തെ ??."
"ങേ!!!ഏത് അന്തര്‍ജ്ജനത്തെ എന്നോ..?"
"എടോ വിഡ്ഢീ....നോം പറഞ്ഞ മൂന്നും ഒന്നല്ല....മൂന്ന് ആളാ....അതിലാരുടെ കാര്യാ നീ തെരക്ക്‌ണേ??"
Tuesday, July 24, 2007
മൃഗവകുപ്പിലെ ഒരു മൃഗീയാനുഭവം ( സര്‍വീസ് കഥകള്‍ - 4 )
ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ എന്ന ഗമണ്ടന്‍ പേരിലും കമ്മോണ്ടര്‍ എന്ന നാട്ടുപേരിലും മ്ര്ഗഡോക്ടര്‍ എന്ന വിളിപ്പേരിലുമായി ജോലിചെയ്തിരുന്ന കാലം.പരിശീലനം എന്ന പേരില്‍ ലഭിച്ചതും യാഥാര്‍ത്ഥ്യ്‌വും തമ്മില്‍ പുലബന്ധം പോലും ഇല്ലാത്തതിനാല്‍ ജോലി എനിക്ക് ഭാരമായി അനുഭവപ്പെട്ടു.വെറ്റിനറി സര്‍ജന്‍ (യഥാര്‍ത്ഥ മ്ര്ഗഡോക്ടര്‍) ഇല്ലാത്ത ദിവസങ്ങളില്‍ ആശുപത്രി മുറ്റത്ത് ആളനക്കം കണ്ടാല്‍ എന്റെ മനസ്സില്‍ ആധി പടരുമായിരുന്നു.
അങ്ങനെയിരിക്കെ ജോലിയില്‍ താല്‍പര്യമുള്ള ഇതേ ഡിപ്പാര്‍ട്ട്മെന്റിലെ എന്റെ ഒരു സുഹ്രുത്തിന്റെ ആവശ്യപ്രകാരം ഞങ്ങള്‍ മ്യൂച്ചല്‍ ട്രാന്‍സ്ഫര്‍ വാങ്ങി.അങ്ങിനെ മറ്റാരും നിയന്ത്രിക്കാനില്ലാത്ത മരുന്നും മന്ത്രവും ഇല്ലാത്ത ഒരു കന്നുകാലി പ്രജനന ഉപകേന്ദ്രത്തിലേക്ക് ഞാനെത്തി.എനിക്കിരിക്കാനുള്ള ഒരു കസേരയും ഉറക്കം വരുമ്പോള്‍ തല ചായ്ക്കാനുള്ള മേശയും മാത്രമുള്ള ഒരു സര്‍ക്കാര്‍വിലാസം സുഖവാസ കേന്ദ്രത്തില്‍ ഞാന്‍ ദിവസങ്ങള്‍ തള്ളി നീക്കി.
ഒരു പഴയ ബില്‍ഡിങ്ങിന്റെ ഒന്നാം നിലയിലായിരുന്നു എന്റെ കുടുസ്സ് മുറി.തൊട്ടടുത്ത മുറിയില്‍ ഒരു തയ്യല്‍ക്കാരനും.ആ നാട്ടുകാരന്‍ തന്നെ ആയതിനാല്‍ അദ്ദേഹത്തിന് ധാരാളം സന്ദര്‍ശകര്‍ ഉണ്ടായിരുന്നു.അവരാരെങ്കിലും എന്റെ മുറിയിലേക്ക് വെറുതെ വലിഞ്ഞ് കയറുമോ എന്നായിരുന്നു എന്റെ ഭയം.
അങ്ങിനെ ഒരു ദിവസം ഒരു ചെറുപ്പക്കാരന്‍ എന്റെ ഈ 'ആശുപത്രിയില്‍' കയറി വന്നു.ആഗതര്‍ക്ക് ഇരിക്കാന്‍ പോയിട്ട് നില്‍ക്കാന്‍ പോലും സ്ഥലം ഇല്ലാത്തതിനാല്‍ വന്ന പാടേ ചോദ്യഭാവത്തില്‍ ഞാന്‍ അയാളെ നോക്കി.
അയാള്‍ പറഞ്ഞത് ഞാന്‍ കേട്ടത് ഇങ്ങിനെയായിരുന്നു - "ആടിന്റെ ചെവിയില്‍ ഒരു തീപ്പെട്ടിക്കമ്പ് പോയി ! ഇപ്പോള്‍ വേദന തോന്നുന്നു...ചെവി ഇട്ടടിക്കുമ്പോളും തല ചരിക്കുമ്പോളും സുഖം തോന്നുന്നു...!!"
ചികിത്സ അറിയില്ലെങ്കിലും ഒരാടിന്റെ വേദനയും സുഖവും ഈ മനുഷ്യന്‍ ഇത്ര കൃത്യമായി അറിയുന്നതെങ്ങനെ എന്ന അത്ഭുതത്തോടെ ഞാന്‍ ചോദിച്ചു.
" എന്നിട്ട് എവിടെ ?"
"ഇതാ ഈ ചെവിയില്‍...!!" എന്ന് പറഞ്ഞുകൊണ്ട് അവന്‍ അവന്റെ ചെവി കാണിച്ചു തന്നു !!
"ങേ!! നിന്റെ ചെവിയിലോ? ഞാന്‍ ആടിന്റെ ചെവിയാ ചോദിച്ചത്..?" ഞെട്ടലോടെ ഞാന്‍ പറഞ്ഞു.
"അപ്പോള്‍ നിങ്ങള്‍..." ബാക്കി പറയാതെ ആഗതന്‍ നേരെ തയ്യല്‍ക്കാരന്റെ അടുത്തെത്തി.
"എടോ ്*%+* , അയാള്‍ മ്ര്ഗഡോക്ടറാണല്ലേ... %^&*$്? " ശേഷം തയ്യല്‍ക്കാരനെ തെറിയില്‍ മുക്കിക്കൊന്ന് അയാള്‍ കടന്നുപോയപ്പോള്‍ ഞാന്‍ ശ്വാസം നേരെ വിട്ടു.
Saturday, July 21, 2007
മഴയുടെ കണ്ണുനീര്‍.
"ഹൊ..!! നാശം പിടിച്ച മഴ...പെയ്യുന്നുമില്ല....." ഉണങ്ങിക്കരിഞ്ഞ ചെടികളും ആകാശത്തിലെ കാര്‍മേഘങ്ങളും നോക്കി മനുഷ്യന്‍ ആത്മഗതം ചെയ്തു.
"ഹൊ..!! നാശം പിടിച്ച മഴ...തോരുന്നുമില്ല....." ചീഞ്ഞളിഞ്ഞ ചെടികളും ആകാശത്തിലെ കാര്‍മേഘങ്ങളും നോക്കി മനുഷ്യന്‍ ആത്മഗതം ചെയ്തു.
എല്ലാം കേട്ട് മഴ പിന്നെയും കണ്ണീരൊഴുക്കിക്കൊണ്ടിരുന്നു.
അര്‍മാന്‍ മോല്യാര്‍ കല്ലായിയില്
ബീപാത്തുവിനെ കല്ല്യാണം കഴിച്ച കല്ലായിക്കാരനായ അബുവിന്റെ ബാപ്പ, നാട്ടുനടപ്പനുസരിച്ച് പെണ്‍വീട്ടില്‍ താമസമാക്കിയതിനാലാണ് അരീക്കോട്ടെത്തിയത്.അര്‍മാന്‍ മോല്യാര്‍ കല്ലായിയില്‍ അബുവിന്റെ ബാപ്പയുടെ ജ്യേഷ്ഠന്മാരെ അന്വേഷിച്ച് നടന്നു.ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ഒരുജ്യേഷ്ഠനെ കണ്ടെത്തി.ചായ കുടിക്കുന്നതിനിടെ ഇതുവരെ നടന്ന സംഭവങ്ങളെല്ലാം അര്‍മാന്‍ മോല്യാര്‍ അയാളെ ധരിപ്പിച്ചു.
"ആ...പൂക്കോയ മര്‌ച്ചതില്‍ പിന്നെ ഞാനങ്ങട്ട് പോയ്ട്ടേ ഇല്ല.....പത്ത് പതിമൂന്ന് കൊല്ലം കയ്ഞ്ഞ്ല്ലേ......ആ ചെക്കന്‌പ്പം ബാല്യേക്കാരനായ്‌ട്ട്‌ണ്ടാവും അല്ലേ...?"
"ആ....ന്നാലും ഞമ്മളെ ഓത്തള്ളീല് ബെര്‌ണ്‌ണ്ട്...."
"ആ...അത് നല്ലതാ..അല്ലേല് ഈ ബാല്യേക്കാര് ചോര്‌മ്മക്കളി* കണ്ടും മുച്ചീട്ട്‌കളിച്ചും സമയം അങ്ങനണ്ട് കളയും.."
"ആ....പച്ചേങ്കില് ഞമ്മളെ നാട്ട്‌ല് അമ്മാതിരി കള്യേളൊന്നും ല്ല.."
"ആ നന്നായി.....ചെക്കന്‌പ്പം ബയസ്...?"
"പയിമൂന്നോ പയിനാലോ ആയ്‌ണ്ടാവും.."
"ആ...ഓല് എത്ര ഉറുപ്പ്യേന്റെ അറ*ണ്ടാക്കും..?"
"അറേ..?ങള് എത്താ പറ്യേണ.....ഞമ്മളെ നാട്ട്‌ല് അങ്ങനെത്തെ കുലുമാലോളൊന്നും ല്ല...പിന്നെ.."
"പിന്നെ...??"
"ഓന് ഓളോട് മൊഹബത്താ..അപ്പം ഓന്റെ ഇസ്ടത്തിന്‌ള്ള കെട്ടാ....സ്രീതനോം ക്‌ട്ട്‌ന്നും തോന്ന്‌ണ്‌ല്ല....പിന്നെ കെട്ട് പ്പം തെന്നെ ണ്ടാവൂല.....രണ്ടാം കൊല്ലം ബല്ല്യര്‌ന്നാള് കയ്ഞ്ഞ്ട്ട്..."
"ങേ!!!! അപ്പം പിന്നെ മോല്യാര്‍ എന്ത്‌നാ ഇങ്ങട്ട് വന്ന?"
"തന്തല്ലാത്ത ചെക്കനല്ലേ...അപ്പം തന്തന്റെ ബാക്കിള്ളൊലോട് ഇപ്പം തന്നെ ബീരം പറ്യാന്ന് ബിചാരിച്ചാ..."
"ആ..എനെക്കൊന്നും കേക്കണ്ട...അറ്യേംല്ല ....സ്ത്രീധനോംല്ല...പിന്നെന്ത് കല്ല്യാണാ.??"
"ഞമ്മളെ നാട്ട്‌ലായതോണ്ടും പൂക്കോയ ഇന്റെ അട്‌ത്ത ലോഹ്യക്കാരനായതോണ്ടും* മാ ഞമ്മള് ഇത്‌ന് ബെന്നെ..."
"ആ...അയ്ക്കോട്ടെ.....ഞമ്മക്കത്‌ല് ഒര് താല്‍പര്യോംല്ല..."
"ന്നാലും ങള് മൊടക്കം പറ്യര്‌ത്.."
"ആ...ഞമ്മളത് അറ്‌ഞ്ഞ്ട്ടേ ല്ല..."
"പിന്നെ പൂക്കോയന്റെ ഒര് കാക്കിം* മ്പാടെ ണ്ടല്ലോ...മൂപ്പരെ ബീട് ബടെ അട്ത്താ..?"
"ആ...കോയ..ഓന്‌ക്ക് കച്ചോടാന്ന് കേട്ട്ട്ട്ണ്ട്..."
"ങ്‌ഹേ!! അപ്പം ങക്ക് ങളെ കൂടപ്പൊറപ്പ്‌ന്റെ ബീരം നിച്ചംല്ലാന്നോ...ബദ്‌രീങ്ങളേ..."
"ഓനും പണ്ടേ കല്ലായി വിട്ട്...ഇപ്പോ കോഴിക്കോട്ട് എവിട്യോ കച്ചോടം നടത്താണ്...പൂക്കോയ മര്‌ച്ചത് പോലും ഓന്‍ അറിഞ്ഞോന്ന് സംശയാ.."
"എത്ത് കച്ചോടം?"
"ചായ മക്കാനി..."
"കോയ്ക്കോട്ട്‌ല് യൗട്യാ..?"
"അതറ്യേങ്കി ഞമ്മള് ങനെ പറ്യോ മോല്യാരെ..?"
"ആ...ന്നാല് ഞമ്മളെ പണി ഞമ്മള് മുയ്മനാക്കി...ഇങ്ങളെ ഞമ്മളറീച്ചി...കോയന്റെ ബീരം ഇച്ചുംല്ല ഇങ്ങക്കും ല്ല.....ഞി നാട്ട് ചെന്ന്ട്ട് ഞമ്മക്കൊര്‌പാട് പണിണ്ട്...ബെയ്ന്നാരത്തെ* ബണ്ടിക്ക് ഞമ്മക്ക് തിര്‌ച്ച് പോണം....ബെരട്ടേ....അസ്സലാമലൈക്കും..." അര്‍മാന്‍ മോല്യാര്‍ എണീറ്റു.
"വലൈകുമുസ്സലാം..." അയാള്‍ സലാം മടക്കി.
(തുടരും...)
**************************************
ചോര്‌മ്മക്കളി = സിനിമ
അറ = ഒരു വിവാഹാചാരം
ലോഹ്യക്കാരന്‍ = ചങ്ങാതി.
കാക്ക = ജ്യേഷ്ഠന്
ബെയ്ന്നാരം = വൈകുന്നേരം
Wednesday, July 18, 2007
അഞ്ചരക്കുള്ള അലറിവിളി.
രാവിലെ കൃത്യം 5.30ന് തന്നെ അവന്‍ അലറിവിളിക്കാന്‍ തുടങ്ങി.ഉറക്കത്തിനേറ്റ ഭംഗത്തില്‍ ദ്വേഷ്യം പൂണ്ട് ഞാന്‍ അവന്റെ വലത്തേ ചെവിക്കിട്ട് ഒന്ന് അമര്‍ത്തി.അത്ഭുതം ...! അവന്റെ അലറല്‍ നിന്നു.
പക്ഷേ പത്ത് മിനിട്ടിന് ശേഷം ഒരു പ്രകോപനവുമില്ലാതെ അവന്‍ വീണ്ടും അലറി.ഇത്തവണ എനിക്കങ്ങ് കലികയറി.സാമാന്യം ശക്തിയില്‍ തന്നെ ഞാന്‍ അവന്റെ വലത്തേ ചെവിയില്‍ വീണ്ടും അമര്‍ത്തി.അവന്‍ അലറല്‍ നിര്‍ത്തി.
5.50 ആയപ്പോള്‍ ഒരു മുന്നറിയിപ്പുമില്ലാതെ അവന്‍ വീണ്ടും അലറാന്‍ തുടങ്ങി.പക്ഷേ ഇത്തവണ , മൊബെയിലില്‍ 5.30ന് അലാറം സെറ്റ് ചെയ്തു വച്ച എന്നെ സ്വയം ശപിച്ചുകൊണ്ട് ഞാന്‍ കിടക്കയില്‍ നിന്നും എണീറ്റു!!!
Tuesday, July 17, 2007
കോയാക്കയുടെ മക്കാനി
"കോയാക്കാ....അസ്സലമലൈക്കും..." മക്കാനിയില്‍ കയറിയ വണ്ടിക്കാരന്‍ സലാം പറഞ്ഞു.
"അ...വലൈകുമുസ്സലാം....സൈതാല്യോ...? ഒപ്പരം ആരാ...?" സലാം മടക്കി കൊണ്ട് കോയാക്ക ചോദിച്ചു.
"അത് ഞമ്മളെ നാട്ട്‌ല്‌ള്ളൊര് കുണ്ടനാ*..."
"ആ...അനക്ക് സഹായത്തിന് കൂട്ട്യേതായിരിക്കും...."
"ആ കിസ്സ* ഞമ്മള് പറഞ്ഞ് തരാ.....ഞമ്മക്ക് രണ്ടാക്കും ആദ്യം...അനക്ക് എത്താ മാണ്ട്യേ*?..." അബുവിന്റെ നേരെ തിരിഞ്ഞ് വണ്ടിക്കാരന്‍ ചോദിച്ചു.
"ഇച്ച്....ങള് തിന്ന്‌ണന്നെ..."
"ആ...സൈതാല്യേ...ആവി പറക്ക്‌ണ ബോട്ടിം പൂളേംണ്ട്...എട്‌ക്കട്ടെ..?" കോയാക്ക ചോദിച്ചു.
"ആ...ന്നാ മൂന്ന് പ്ലേറ്റ്ങ്ങട്ട് ബരട്ടെ...രണ്ടെണ്ണം ഞമ്മക്കും...ഒന്ന് ഇബനും...." വണ്ടിക്കാരനും അബുവും കൈ കഴുകി ഇരുന്നു.അല്‍പസമയത്തിനകം ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ അവരുടെ മുന്നിലെത്തി.
"ബിസ്മില്ലാഹ്..." വണ്ടിക്കാരന്‍ കഴിക്കാന്‍ ആരംഭിച്ചു.തലേന്ന് വൈകുന്നേരം എളാപ്പയുടെ വീട്ടില്‍ നിന്നും കിട്ടിയ ഭക്ഷണം ആവിയായിപ്പോയതിനാല്‍ അബുവിന് നല്ല വിശപ്പുണ്ടായിരുന്നു.അതിനാല്‍ ഭക്ഷണത്തിന് നല്ല രുചിയും തോന്നി.പ്ലേറ്റ് മുഴുവന്‍ പെട്ടെന്ന് തന്നെ അബു കാലിയാക്കി .
"അല്‍ഹംദുലില്ലാഹ്.."ഏമ്പക്കം വിട്ടുകൊണ്ട് വണ്ടിക്കാരന്‍ പറഞ്ഞു.കൈ കഴുകിയ ശേഷം അവര്‍ കൗണ്ടറിലേക്ക് ചെന്നു.കൗണ്ടറിലിരിക്കുന്ന ആളെ അബു സസൂക്ഷ്മം നോക്കി -
നെരിയാണിക്ക് മേലെ മുട്ടിന് തൊട്ട് താഴെ വരെ മാത്രം എത്തുന്ന ഒരു കള്ളിത്തുണി...അരയില്‍ വീതിയേറിയ പച്ച ബെല്‍ട്ട്...ബെല്‍ട്ടില്‍ അടപ്പുള്ള രണ്ട് പോക്കറ്റുകള്‍..കൊണ്ടോട്ടി കുബ്ബ പോലെ തള്ളി നില്‍ക്കുന്ന കുടവയര്‍...അതിനെ പൊതിഞ്ഞു കൊണ്ട് അരക്കയ്യന്‍ ബനിയന്‍....അവിടവിടെ മാത്രം കറുത്ത രോമങ്ങളുള്ള അത്യാവശ്യം വലിയ താടി..മുടി വെട്ടിയൊതുക്കിയ തലയില്‍ ചിത്രപണികളുള്ള ഒരു വെള്ളത്തൊപ്പി....നെറ്റിയില്‍ വലിയൊരു നിസ്കാരത്തഴമ്പ്...അബു കോയാക്കയെ തന്നെ നോക്കി നിന്നു.
"എന്താ അന്തം വിട്ട് കുന്തം പോലെ നില്‍ക്ക്‌ണ്..."കോയാക്കയുടെ ചോദ്യം കേട്ട് അബു ചിന്തയില്‍ നിന്നും ഞെട്ടിയുണര്‍ന്നു.
"കോയാക്കാ...ഇന്നെന്റെ ചായന്റെ കായി ഔടെ കുത്തിക്കോളി*..." വണ്ടിക്കാരന്‍ പറഞ്ഞു.
"ആ...ബറാത്ത് രാവ്‌ന്റെ മുമ്പ് എടവാട് തീര്‍ക്കണം ട്ടോ.."
"ആ...അയ്ക്കോട്ടെ...പിന്നെ ങളൊന്ന് ങട്ട് ബെരി...ഒര് കുസുകുസു*ണ്ട്.."വണ്ടിക്കാരനും കോയാക്കയും മക്കാനിയുടെ ഒരു മൂലയിലേക്ക് നീങ്ങി.അബു കൗണ്ടറിനടുത്ത് തന്നെ നിന്നു.
"പിന്നേയ്..ആ കുണ്ടന്‍ യത്തീം* കുട്ട്യാ...കുടീന്ന് എറങ്ങിപ്പോന്നതാ...കായിണ്ടാക്കാന്‍ മാണ്ടി നാട് ബ്‌ട്ടതാന്നാ ഓന്‍ പറ്യണ...ഇബടെ ങളെ മക്കാനീല് ചെറ്യേ ഒര് പണി ഓന് കൊട്‌ക്കണം...ചെറ്യേ കുണ്ടനല്ലേ...എപ്പളെങ്കിലും ഇമ്മാനെ കാണണം തോന്ന്യാ...ഞമ്മളെന്നെ തിരിച്ച് കൊണ്ടോവും....ഞമ്മള് കോയ്ക്കോട്ട് ബെരുമ്പോളൊക്കെ ഇബടെ ണ്ടാകണമ്ന്ന് ഞാനും ഓനും തമ്മ്‌ലൊര് കറാറ്*ണ്ട്...ഓന് പയ്ച്ച്‌ണേന്* ത്‌ന്നാനും പിന്നെ ലേസം* കായിം കൊട്‌ത്താ മതി....ങക്ക് തോന്ന്യ പണി ഒക്കെ കൊട്‌ത്തോളി...ഞമ്മളിഞ്ഞി രണ്ട്-മൂന്നായ്ച്ച കയിഞ്ഞ്‌ട്ടേ ബെരൊള്ളൂ...എത്താ ങക്ക് പറ്റൂലെ.." വണ്ടിക്കാരന്‍ ശബ്ദം താഴ്ത്തികൊണ്ട് കോയാക്കയോട് കാര്യങ്ങള്‍ വിശദീകരിച്ചു.
"ആ...കുലുമാലൊന്നും ഒപ്പിക്കൂലാലോ....?"
"ഏയ്...ഞമ്മള് ഗ്യാരണ്ട്യാ...പിന്നെ, ഓനെ ബടെ തനെ പുട്‌ച്ചി നിര്‍ത്തണം...ബേറെ പോകാന്‍ സമ്മയിക്കര്‌ത്...നാട്ട്‌ന്നാരെങ്കിലും അന്വേസിച്ചാല്‍ ഇന്ന സെലത്ത്ണ്ട്‌ന്ന് പറഞ്ഞൊട്‌ക്കണല്ലോ..."
"ശരി...ശരി.." കോയാക്ക തലയാട്ടി.വണ്ടിക്കാരന്‍ കോയാക്കയെയും കൂട്ടി അബുവിന്റെ അടുത്തേക്ക് വന്ന് പറഞ്ഞു.
"അപ്പം പറഞ്ഞ മാതിരി...അനക്ക് ബടെ കോയാക്കാന്റെ മക്കാനീല് ന്‌ക്കാം...പള്ള* നര്‍ച്ച് ത്‌ന്നാനും ക്‌ട്ടും....ഞമ്മളെ കണ്ടീസന്‍ ഓര്‍മ്മണ്ടല്ലോല്ലേ...?"
"ആ..." അബു മൂളി.
"ന്നാ ...ഞമ്മള് ബെരട്ടെ...അസ്സലാമലൈക്കും...."
"വലൈകുമുസ്സലാം..." അബുവും കോയാക്കയും ഒരുമിച്ച് സലാം മടക്കി.
(തുടരും...)
*************************
കുണ്ടന്‍ = ആണ്‍കുട്ടി
കിസ്സ = കഥ
മാണ്ട്യ = വേണ്ടത്
കുത്തുക = എഴുതുക
കുസുകുസു = സ്വകാര്യം
യത്തീം = അനാഥന്
കറാറ് = കരാര്
പയ്ച്ച = വിശക്കുക
ലേസം = കുറച്ച്
പള്ള = വയറ്
Tuesday, July 10, 2007
അബു കോഴിക്കോട്ട്
അര്‍മാന്‍ മോല്യാര്‍ ഇറങ്ങിപ്പോയതോടെ അബുവിന് സമാധാനമായി.അബുവിന്റെ മനസ്സിലൂടെ പല ചിന്തകളും കടന്നുപോയി.അതിനിടക്ക് എപ്പോഴോ അബു ഉറക്കത്തിലേക്ക് വഴുതി വീണു.മനസ്സ് ശാന്തമായതോടെ അബു കൂര്‍ക്കം വലിച്ചുറങ്ങാന്‍ തുടങ്ങി.വണ്ടി കോഴിക്കോട്ടെത്തിയത് അബു അറിഞ്ഞതേ ഇല്ല.
കാളവണ്ടികള്‍ നിര്‍ത്താനുള്ള വിശാലമായ മൈതാനത്തിന്റെ ഒരറ്റത്ത് ഒരു വന്മരത്തിന്റെ ചുവട്ടില്‍ വണ്ടി നിര്‍ത്തി.വണ്ടിയുടെ പിന്നില്‍ ഒരു താങ്ങ് കൊടുത്ത് വണ്ടിക്കാരന്‍ കാളകളെ അഴിച്ചുമാറ്റി.കാളകള്‍ക്ക് വെള്ളം കൊടുക്കാനായി അവയെ മരത്തിലേക്ക് മാറ്റികെട്ടി.
"ശൂ...ശൂ.." വണ്ടിക്കാരന്‍ ഒരു പ്രത്യേക താളത്തില്‍ ചൂളമടിച്ചു.
"ശൂ...ശൂ.." മറുപടിചൂളവും വന്നു.പിന്നാലെ രണ്ടുപേര്‍ പിണ്ണാക്കും മറ്റും ചേര്‍ത്ത രണ്ട് വലിയ ബക്കറ്റ് വെള്ളവുമായി എത്തി.കാളകള്‍ക്ക് വച്ചുകൊടുക്കേണ്ട താമസം അവ ആര്‍ത്തിയോടെ അതിലേക്ക് തലയിട്ടു കുടിക്കാന്‍ തുടങ്ങി. വണ്ടിക്കാരന്‍ കാളകളെ ഒന്ന് തൊട്ടുതലോടിയ ശേഷം മൈതാനത്തിന്റെ ഒരു വശത്തുള്ള കിണറിനടുത്തേക്ക് തോര്‍ത്തുമായി നീങ്ങി.
പൊടിയില്‍ മുങ്ങിയ ദേഹത്തും തലയിലും നന്നായി വെള്ളമൊഴിച്ചുകൊണ്ട് വണ്ടിക്കാരന്‍ വിശദമായി കുളിച്ചു.കുളിക്കിടയില്‍ തന്നെ വാങ്ങേണ്ട സാധനങ്ങളെക്കുറിച്ചും പോകേണ്ട സ്ഥലങ്ങളെക്കുറിച്ചും തിരിച്ചുപോകേണ്ട സമയത്തെക്കുറിച്ചും പദ്ധതികള്‍ ആസൂത്രണം ചെയ്തു.കുളികഴിഞ്ഞ് വണ്ടിക്കാരന്‍ കാളകളുടെ അടുത്തേക്ക് തന്നെ തിരിച്ചു പോയി.
"ബേ..ബേ..." വണ്ടിക്കാരനെ കണ്ട് കാളകള്‍ കരയാന്‍ തുടങ്ങി.ശബ്ദം കേട്ട് അബു ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന് ചുറ്റും നോക്കി.
'ങേ....വണ്ടി നിന്നല്ലോ.....കോയ്ക്കോട്ടെത്ത്യോ?' അബു പെട്ടെന്ന് തട്ടിക്കുടഞ്ഞ് എഴുന്നേറ്റു.വണ്ടിക്കുള്ളിലെ ആളനക്കം വണ്ടിക്കാരന്റെ ശ്രദ്ധയില്‍പെട്ടു.അയാള്‍ സൂക്ഷിച്ചു നോക്കി
"ങേ...ഒര് ചെക്കന്‍!* ഇബന്‍ യൗടന്ന് കേറിക്കൂടിയതാണാവോ ?" ആത്മഗതം ചെയ്തുകൊണ്ട് വണ്ടിക്കാരന്‍ അബുവിന്റെ അടുത്തേക്ക് നീങ്ങി. വണ്ടിക്കാരന്റെ വരവ് കണ്ട അബു പേടിച്ച്‌വിറച്ച് വണ്ടിയില്‍ നിന്നിറങ്ങി.
"ആരാടാ നീ..?" വണ്ടിക്കാരന്‍ ഉച്ചത്തില്‍ ചോദിച്ചു.
"ഞാന്‍...." അബുവിന്റെ വാക്കുകള്‍ പുറത്തേക്ക് വന്നില്ല.
"അന്റെ പേരത്താന്ന്..?"
"അവ്വോക്കര്‍...അബൂന്ന് ബിളിച്ചും..
"ആ...ജ്ജ്* യൗടന്നാ കേറ്യേ..?"
"പോത്താഞ്ചീരീന്ന്..."
"സുബ്‌ഹാനള്ളാ...അരീക്കോട്ടെ പോത്താഞ്ചീരീന്നോ..? അപ്പം ഇന്നലെ മഗ്‌രിബ് മൊതല് ജ്ജ് ഞമ്മളെ വണ്ടീല്‌ണ്ടായ്ന്യോ ?"
"ആ..."
"അപ്പം നാട് ബ്‌ട്ടതാണല്ലേ..?"
"ആ..."
"ഹമ്‌ക്കേ...അന്റെ തന്ത അന്നെ തെരഞ്ഞ് നടക്ക്‌ണ്‌ണ്ടാവൂലെ?"
"ഇച്ച് തന്തല്ല..."
"ഓ...അപ്പം ജ്ജ് എത്ത്‌നാ നാട് ബ്‌ട്ടത്?"
"പണിട്‌ത്ത് കായി*ണ്ടാക്കാന്‍..."
"എത്ത്നാ അനക്ക് കായി?"
"മംഗലം കയ്ച്ചാന്‍.."
"ആ...ഹാ...അപ്പം ജ്ജ് എത്ത് പണ്യാ ഇട്‌ക്കാ?"
"കായി ക്‌ട്ട്‌ണ ഏത് പണിം.."
"ആ..സരി...സരി..അനക്ക് ബെസക്ക്‌ണ്‌ണ്ടോ*..?"
"ആ.."
"ന്നാ ബാ....ബടെ ഞമ്മളൊക്കെ പോണ ഒര് മക്കാനി*ണ്ട്...അനക്ക് ഔടെ പണിം ക്‌ട്ടും....പച്ചേ...ഒര് കണ്ടീസന്‍....ഞമ്മള് ഈ കോയ്ക്കോട്ട് ബെരുമ്പോളൊക്കെ ജ്ജ് ഔടെ ണ്ടാവണം...ഏറ്റോ...?"
"ആ...ഏറ്റു..."
"ന്നാ നടക്ക് മക്കാനീക്ക്..."
അവര്‍ മക്കാനി ലക്ഷ്യമാക്കി നടന്നു.അര്‍മാന്‍ മോല്യാര്‍ പറഞ്ഞ സംഗതികള്‍ വണ്ടിക്കാരന്‍ മറന്നുപോയിരുന്നതിനാല്‍ അബുവിനെ വണ്ടിക്കാരന് മനസ്സിലായില്ല.
(തുടരും...)
**************************
ചെക്കന്‍ = ആണ്‍കുട്ടി
ജ്ജ് = നീ
കായി = കാശ്
ബെസക്കുക = വിശക്കുക
മക്കാനി = ഹോട്ടല്‍
Monday, July 09, 2007
ആനകള്‍ ക്രോസ്സ് ചെയ്യുന്ന സ്ഥലം !!!
കാട്ടിനുള്ളിലെ ഗട്ടറുകള്‍ നിറഞ്ഞ റോഡിലൂടെ സഞ്ചരിക്കുകയായിരുന്നു നമ്പൂരി.അപ്പോഴാണ് മുമ്പില്‍ ഒരു ബോര്‍ഡ് കണ്ടത്...
" ആനകള്‍ ക്രോസ്സ് ചെയ്യുന്ന സ്ഥലം...വാഹനങ്ങള്‍ സൂക്ഷിച്ചു പോവുക.."
"ഹാവൂ,സമാധാനായി" നമ്പൂരി പറഞ്ഞു.
"ഉം..എന്താ?" ഡ്രൈവര്‍ ചോദിച്ചു.
"ഇതെങ്ങനാ ഇത്രേം പൊളിഞ്ഞ റോഡുണ്ടാക്കീത് എന്നായിരുന്നു നോം ഇതുവരെ ആലോചിച്ചത്....ഇപ്പോ ഈ ബോര്‍ഡ് കണ്ടപ്പോളല്ലേ ആനകള്‍ നടന്നതുകൊണ്ടാ ഇത് ഇങ്ങനെ ആയതെന്ന് നമുക്ക് മനസ്സിലായത്."
Tuesday, July 03, 2007
കാളവണ്ടിയില്‍ ഒരു രാത്രി
അര്‍മാന്‍ മോല്യാര്‍ നല്ല ഉറക്കത്തിലാണ്.ഇടക്കിടെ വണ്ടി കുഴിയില്‍ ചാടി കുലുങ്ങുമ്പോള്‍ മോല്യാരുടെ ഉറക്കത്തിന് ഭംഗം വരുന്നുണ്ട്.അപ്പോഴെല്ലാം അബുവിന്റെ നെഞ്ചില്‍ കൊള്ളിയാന്‍ മിന്നുന്നുണ്ട്.പക്ഷേ മോല്യാര്‍ , പെട്ടെന്ന് തന്നെ ഉറക്കത്തിലേക്ക് തിരിച്ച് വീഴുന്നുമുണ്ട്.
"'മോല്യാര്‍ ഉറക്കമുണര്‍ന്നാല്‍....?യാ മുഹുയുദ്ദീന്‍ ശൈഖ്......' അബുവിന് അത് ആലോചിക്കാന്‍ പോലും പേടിയായി.വണ്ടി നല്ല വേഗത്തിലായതിനാല്‍ ചാടി രക്ഷപ്പെടാനും വയ്യ.ശബ്ദം വച്ച് ഇറങ്ങാന്‍ ശ്രമിച്ചാല്‍ അര്‍മാന്‍ മോല്യാരും ഉണരും, വണ്ടിക്കാരന്റെ വക ശകാരവും കിട്ടും.എല്ലാം കൂടി അബുവിന് ഇരിക്കപ്പൊറുതി ഇല്ലാതായി.
വണ്ടിയുടെ പിന്നില്‍ ചാക്ക് തൂക്കിയിട്ടതിനാല്‍ റാന്തലിന്റെ അരണ്ട വെളിച്ചത്തില്‍ അബു അവിടെ ഇരിക്കുന്നത് മോല്യാര്‍ക്ക് കാണാമായിരുന്നില്ല.അപ്പോഴാണ് തൊട്ടടുത്ത് ഒരു ചാക്ക് കിടക്കുന്നത് അബു കണ്ടത്.അബു ഒന്നുകൂടി മൂലയിലേക്ക് ഒതുങ്ങിയിരുന്നു.ശേഷം ചാക്കുകൊണ്ട് ഒന്നാകെ മൂടി.ഇടക്കിടെ അര്‍മാന്‍ മോല്യാരെ ഇടങ്കണ്ണിട്ട് നോക്കി.
'ഇല്ല....മോല്യാര്‍ ഉറക്കം തന്നെയാണ്...മോല്യാര്‍ എവിടേക്കാണാവോ പോകുന്നത് ?' അബു ആലോചിച്ചു
'ഹൊ...എന്തൊരു നാറ്റം...ഇതെന്ത് പൊതിഞ്ഞ ചാക്കാണാവോ ?'അബു ആത്മഗതം ചെയ്തു.ഇടക്കെപ്പോഴോ അബു ഉറങ്ങി.വണ്ടി കുത്തിക്കുലുങ്ങി പാഞ്ഞുകൊണ്ടേ ഇരുന്നു.
"ആ......ച്ചി...." ഉറക്കത്തില്‍ പെട്ടെന്ന് അബു തുമ്മി.
"ഭാഗ്യം...മോല്യാര്‍ അറിഞ്ഞിട്ടില്ല....' ഇടങ്കണ്ണിട്ട് മോല്യാരെ നോക്കിയ അബുവിന് സമാധാനമായി.'പക്ഷേ......വണ്ടിക്കാരന്‍ പിന്നോട്ട് തന്നെയാണല്ലോ നോക്കുന്നത്...!? കുലുമാലായോ..?ബദ്‌രീങ്ങളേ കാക്ക്......ബീട് ബ്ട്ട് പോരണ്ടായിരുന്നു....പാവം ഇമ്മ ഒറ്റക്കായിരിക്കും...ഈ ബണ്ടി എങ്ങോട്ടാണാവോ പോകുന്നെ..?
'"ആ......ച്ചി....അല്‍ഹംദുലില്ലാഹ്..."അബു വീണ്ടും തുമ്മി.
"എര്‍ഹംകുമുള്ളാഹ്..." പ്രത്യുത്തരം കേട്ട് അബു ഞെട്ടി.ചാക്കിന്നുള്ളിലൂടെ ഓളികണ്ണിട്ട് അബു നോക്കി.
'ങേ!!അര്‍മാന്‍ മോല്യാര്‍ ഉണര്‍ന്നിരിക്കുന്നു!!!!!!അശ്ശൈഖ് മുഹ്യുദ്ദീന്‍ശൈഖ്...ബദ്‌രീങ്ങളേ...മംബറത്തെതങ്ങളേ...' അബു എല്ലാവരെയും മനസ്സില്‍ വിളിച്ചു.
"ഇതേതാ സ്ഥലം ?" മോല്യാര്‍ വണ്ടിക്കാരനോട് ചോദിച്ചു.
"ഇങ്ങക്ക് എറങ്ങാനായിട്ട്‌ല്ല...കല്ലായീക്ക് കൊറച്ചും കൂടി പോണം.."
"സമയം ഇപ്പം എത്തിര ആയിട്ട്‌ണ്ടാവും ?"
"സുബയി ആവാന്‍ അര മണിക്കൂറുമ്പാടെ ണ്ടാവും....സുബയിക്ക് ഞമ്മള് കോയിക്കോട്ടെത്തും...ഇന്‍ശഅള്ള.."ആകാശത്തേക്ക് നോക്കികൊണ്ട് വണ്ടിക്കാരന്‍ പറഞ്ഞു.
'അപ്പോ....ഞാന്‍ കൊയ്ക്കോട്ട്‌ക്കാ എത്താമ്പോണത്....പച്ചേ....അര്‍മാന്‍ മോല്യാര്‍ അയിന്റെ മുമ്പെറങ്ങും... മോല്യാര് ഇത്‌ക്കൂടി എറങ്ങ്യാ ഇന്നെ കാണും.....നല്ലോണങ്ങട്ട് ചുരുണ്ട് കൂടി അരൂക്ക് പറ്റിക്കടന്ന് ചാക്ക്‌ട്ടങ്ങട്ട് മൂടാം.....ബെള്‍ച്ചം ഇല്ലാത്തോണ്ട് മോല്യാര് ശെര്‍ദ്ദിക്കൂല...'അബു മനസ്സില്‍ കരുതി.
"ങക്ക് കല്ലായ്‌ലെത്താ ഏര്‍പ്പാട്?"
"ചില്ലറ മരക്കച്ചോടംണ്ട്....ഇന്ന് ബേറെ ആവശ്യത്ത്‌നാ..."
"ഉം??"
"ഒര് കല്ല്യാണക്കാര്യം.."
"ഇത്തറ ദൂരത്ത്ന്നോ?"
"ആ.....കല്ല്യാണം ഞമ്മളെ നാട്ട്‌ലന്ന്യാ...."
"പിന്നെ കല്ലായ്‌ല്?"
"അത്...ചെക്കന് തന്തല്ല.....തന്തന്റെ ബാക്കിള്ളോല്‌ണ്ട്....ഈ കല്ലായീല്..."
"ആ...അത്....സരി..."
"ചെക്കന്‍ ഞമ്മളെ ഓത്തള്ളീല് ബെര്‌ണ്‌ണ്ട്....ഔടെതന്നെള്ള ഒര്‌ത്തിനോട് ഓന് ഒര്...."
"ഒര്..?"
"മൊഹബത്ത്...ന്നാ പിന്നെ ഞമ്മളായ്ട്ട് മൊടക്കണ്ട..." സംസാരം ശ്രദ്ധിച്ചിരുന്ന അബു ഞെട്ടി.
"അപ്പം തന്തെന്റെ ബാക്കിള്ളോലോട് ഒര് ബാക്ക് പറ്യണല്ലോ ?"
"ആ...അത് പറ്യണം...എത്താ ചെക്കന്റെ പേര്...?ആ....കല്ലായി എത്തി..നല്ലോം പുട്‌ച്ചി എറങ്ങണംട്ടോ...."
"ആ....അംദുലില്ലാഹ്..അസ്സലാമലൈക്കും..."വണ്ടിയില്‍ നിന്നും ഇറങ്ങിയ അര്‍മാന്‍ മോല്യാര്‍ പറഞ്ഞു.
"വലൈകുമുസ്സലാം....ആ...ചെക്കന്റെ പേര് പറഞ്ഞ്‌ലാ...."
"അബു!!!" അര്‍മാന്‍ മോല്യാര്‍ വിളിച്ചു പറഞ്ഞു.ഉത്തരം കേട്ടതും അബു ഞെട്ടി എണീറ്റു.
'ഇന്റെ മംഗലം സരിയാക്കാനായി അര്‍മാന്‍ മോല്യാര്‍ ഇത്രേം ദൂരം ബരേ..?ഇമ്മ പറഞ്ഞെ എത്ര സരി ആയ്‌നി....പാവം...ആ മോല്യാരോട് ഞാനെത്തൊക്കെയാ പറഞ്ഞെ....'അബുവിന് സന്തോഷവും ദു:ഖവും തോന്നി.കാളവണ്ടി കോഴിക്കോട് ലക്ഷ്യമാക്കി കിതച്ചോടി.
അമ്പലപ്പുഴ ആലപ്പുഴ വരാപ്പുഴ വഴി മലമ്പുഴ...
കൊല്ലം ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്റിലെത്തിയ നമ്പൂരി കേട്ടത് ഇതായിരുന്നു....
"അമ്പലപ്പുഴ ആലപ്പുഴ വരാപ്പുഴ വഴി മലമ്പുഴയിലേക്ക് പോകുന്ന ടി - 419 ആം നമ്പര്‍ ബസ് പുറപ്പെടുന്നു "
'വെറുതെയല്ല കൊല്ലം കണ്ടവന് ഇല്ലം വേണ്ടാന്ന് പറയുന്നത്....ഇക്കണ്ട പുഴയിലൂടെയെല്ലാം ബസ് പോയാല്‍ പിന്നെ എങ്ങനെ ഇല്ലം കാണാനാ..?' നമ്പൂരി ആത്മഗതം ചെയ്തു.