Pages

Saturday, September 30, 2017

വയോജനദിന ചിന്തകള്‍

ഒക്റ്റോബര്‍ 1   ലോക വയോജനദിനമായി ആചരിക്കാന്‍ തുടങ്ങിയത് 1991 മുതലാണ് എന്ന് പറയപ്പെടുന്നു. പക്ഷെ ഞാന്‍ ഈ ദിനത്തെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് എട്ടോ ഒമ്പതോ വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ഇത് വായിക്കുന്ന പലരുടെയും അനുഭവവും ഇത് തന്നെയായിരിക്കും.

വയോജനങ്ങള്‍ ഇന്ന് നേരിടുന്ന പ്രയാസങ്ങളില്‍ ഏറ്റവും പ്രധാനം എന്ത് എന്ന് വൃദ്ധസദനങ്ങള്‍ പെരുകുന്ന ഇക്കാലത്ത് ആരെയും പറഞ്ഞ് അറിയിക്കേണ്ടതില്ല. തണല്‍ നല്‍കിയവര്‍ക്ക് തണല്‍ നല്‍കാന്‍ “തണല്‍” എന്ന പരസ്യം കേരളത്തെ സംബന്ധിച്ചിടത്തോളം അതിശയോക്തിയല്ല. അതെ, വാര്‍ദ്ധക്യം ബാധിച്ചു എന്നതിനെക്കാളും പലരെയും സങ്കടപ്പെടുത്തുന്നത് വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടലാണ്. അമ്പത് - അറുപത് വയസ്സ് വരെ, എന്റെ മകന്‍ യു.എസ്‌ലും മകള്‍ യു.കെയിലുമാണ് എന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന മാതാപിതാക്കള്‍ എഴുപതില്‍ എത്തുമ്പോള്‍ വൃദ്ധസദനത്തില്‍ മറ്റുള്ളവരുടെ കാരുണ്യത്തില്‍ ജീവിക്കുമ്പോള്‍ മക്കളെപ്പറ്റി ഒരക്ഷരം പറയാന്‍ പോലും മടിക്കുന്നു.

ഇക്കഴിഞ്ഞ ആഴ്ച പെരിന്തല്‍മണ്ണ IHRD ടെക്നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കായി ഒരു ഓറിയെന്റേഷന്‍ ക്ലാസ് എടുത്തു. ക്ലാസിനിടയില്‍ അഞ്ച് തുണ്ട് പേപ്പറുകളില്‍ ഞാന്‍ അഞ്ച് കാര്യങ്ങള്‍ എഴുതാന്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിങ്ങളുടെ കുടുംബത്തിലെ ആള്‍ , നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വസ്തു, നിങ്ങളുടെ ഒരു കഴിവ് , നിങ്ങളുടെ സ്വപ്നം , എന്നും നിങ്ങളുടെ കൂടെ ഉണ്ടാകണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന ആള്‍ അല്ലെങ്കില്‍ വസ്തു ഇത്രയും ആയിരുന്നു ചോദ്യങ്ങള്‍. പിന്നെ അതില്‍ നിന്നും അവര്‍ ഏറ്റവും പിന്‍‌ഗണന കൊടുക്കുന്നവ ഓരോന്നായി  ഒരു ‘കാലന്‍’ പിടിച്ചു വാങ്ങി അവസാനം എല്ലാവരുടെയും കയ്യില്‍ ഒരു പേപ്പര്‍ മാത്രം ബാക്കിയായി.

കൂട്ടത്തില്‍ നിന്നും 3 ആണ്‍‌കുട്ടികളെയും 3 പെണ്‍കുട്ടികളെയും വിളിച്ച് അവരുടെ കയ്യില്‍ ബാക്കി വന്ന കടലാസില്‍ ഉള്ളത് ഞാന്‍ വായിപ്പിച്ചു. ആറില്‍ അഞ്ചും മാതാവ്/പിതാവ് എന്നായിരുന്നു. എന്ന് മാത്രമല്ല ഈ അവസാനത്തെ തുണ്ട് പേപ്പറും ‘കാലന്‍’ തട്ടി എടുക്കുമോ എന്ന ഭയം കാരണം പലരും അത് മുറുക്കി പിടിക്കുന്നതും കണ്ടു.ഇതോടൊപ്പം ചേര്‍ത്തു വായിക്കാന്‍ ഒരു വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ നിന്നും അമ്മയെ കാണാന്‍  മുംബയിലെ ഫ്ലാറ്റില്‍ എത്തിയ മകന്‍ കണ്ട അസ്ഥിപഞ്ജരത്തിന്റെ വാര്‍ത്ത കൂടി ഞാന്‍ പറഞ്ഞു. ഈ കൂട്ടത്തില്‍ 95% പേരും തങ്ങളുടെ മാതാപിതാക്കളെ ഇനി വൃദ്ധസദനത്തിലേക്ക് തള്ളില്ല എന്ന് എനിക്കുറപ്പുണ്ട്.

ഇന്നത്തെ തലമുറ ജീവിക്കുന്നത് മൂല്യങ്ങള്‍ ഇല്ലാത്തവരായിക്കൊണ്ടാണ്. എങ്കിലും ചില മൂല്യങ്ങള്‍ ഓര്‍മ്മപ്പെടുത്തിക്കൊടുത്താല്‍ അത് പാലിക്കാന്‍ അവര്‍ തയ്യാറാകുന്നുണ്ട്. അത്തരത്തില്‍ പെട്ട ഒന്നാണ് മാതാപിതാക്കളെ പരിചരിക്കുക എന്നത്. ജീവിതത്തിലെ അല്പ സമയമെങ്കിലും, വാര്‍ദ്ധക്യത്തില്‍ എത്തിനില്‍ക്കുന്ന സ്വന്തം മാതാപിതാക്കള്‍ക്കായി ചെലവഴിക്കാന്‍ എല്ലാ മക്കള്‍ക്കും സാധിക്കട്ടെ.ഇല്ലെങ്കില്‍ നമ്മുടെയും ഗതി ഇതു തന്നെയാകും എന്ന് ഇപ്പോഴേ മനസ്സിലാക്കുന്നത് നന്ന്.

Thursday, September 28, 2017

ഒരു സൂപ്പർഫാസ്റ്റ് ചേസിംഗ്

 ഒരു ബസ്സിൽ ഇരുന്ന് മനസുകൊണ്ട് മറ്റൊരു ബസ്സിനെ ചേസ് ചെയ്താൽ എങ്ങനെയിരിക്കും ? ഇക്കഴിഞ്ഞ ദിവസം ഞാനത് അനുഭവിച്ചു.

മാനന്തവാടിയിൽ നിന്നും വൈകിട്ട് നാട്ടിലേക്ക് തിരിച്ചതായിരുന്നു ഞാൻ. താമരശ്ശേരിയിൽ എത്തിയാൽ മൈസൂരിൽ നിന്നും വരുന്ന മലപ്പുറം സൂപ്പർഫാസ്റ്റ് പിടിക്കാം എന്നായിരുന്നു എന്റെ കണക്കു കൂട്ടൽ. കോഴിക്കോട് എന്ന് ബോർഡ് വച്ച ടൌൺ റ്റു ടൌണിൽ ഞാൻ കയറി. ബസ് പുറപ്പെട്ടപ്പോൾ പിന്നിലെ സീറ്റിൽ ഇരുന്നിരുന്ന സഹപ്രവർത്തകൻ പറഞ്ഞു -
“സാറെ , ഇത് പടിഞ്ഞാറത്തറ വഴിയാണ് ട്ടോ...”

“ചെറിയ വ്യത്യാസമല്ലേ ഉണ്ടാകൂ ?”

“ങാ...പക്ഷേ റോഡ് മോശമാണ്...”

ബസ് സ്റ്റാന്റിൽ നിന്നും നീങ്ങിയ ബസ്സിൽ നിന്ന് ഇറങ്ങണോ വേണ്ടേ എന്നൊരു സംശയം ഉദിച്ചെങ്കിലും 15 മിനുട്ട് നഷ്ടം സഹിച്ചാലും താമരശ്ശേരിയിൽ നിന്നും  ഉദ്ദേശിച്ച ബസ് കിട്ടും എന്ന് ഞാൻ കണക്ക് കൂട്ടി. പക്ഷേ എന്റെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റിച്ച്, 4:30ന് മാനന്തവാടിയിൽ നിന്നും പുറപ്പെട്ട  ബസ് കല്പറ്റയിൽ എത്തിയത് 6 മണിക്ക് !ഏത് ബസ്സും ഒരു മണിക്കൂർ കൊണ്ട് പിന്നിടുന്ന ദൂരം ടൌൺ റ്റു ടൌൺ പിന്നിട്ടത് ഒന്നര മണിക്കൂർ കൊണ്ട്!!

കല്പറ്റ പഴയ സ്റ്റാന്റിൽ കയറിയ ബസ്സിന്റെ തൊട്ടു പിന്നിൽ ഒരു സൂപ്പർ ഫാസ്റ്റ് വന്ന് നിന്നു. ബോഡിലേക്ക് നോക്കിയ എന്റെ മനസ്സ് ഒന്ന് പിടഞ്ഞു - മലപ്പുറം !
താമരശ്ശേരിയിലേക്ക് ടിക്കറ്റെടുത്ത ഞാൻ അവിടെ ഇറങ്ങണോ വേണ്ടേ എന്ന് വീണ്ടും കൺഫ്യൂഷൻ. ഞാൻ  എന്റെ ബസ്സിൽ തന്നെ കുത്തി ഇരുന്നു.അത് കല്പറ്റ പുതിയ സ്റ്റാന്റിലും കൂടി കയറിയതോടെ സൂപ്പർ ഫാസ്റ്റ് അതിന്റെ പാട്ടിന് പോയതായി എന്റെ മനസ്സ് തീരുമാനിച്ചു.

അടുത്ത സ്റ്റോപ്പായ ചുണ്ടയിൽ എത്തിയപ്പോൾ അതാ സൂപ്പർഫാസ്റ്റ് വീണ്ടും പിന്നിൽ ! എങ്കിൽ ഇനി അടുത്ത സ്റ്റോപ്പായ വൈത്തിരി നിന്നും മാറിക്കയറാം എന്ന് ഞാൻ കരുതി.ഇതിനിടയിൽ ഒരു യാത്രക്കാരൻ ഡ്രൈവറുടെ അടുത്ത് എന്തൊക്കെയോ പറയുന്നതും ഡ്രൈവർ സൂപ്പർ ഫാസ്റ്റിനെ സൂചിപ്പിക്കുന്നതും ഞാൻ കേട്ടു. വൈത്തിരി സ്റ്റാന്റിലേക്ക് എന്റെ ബസ്സ് കയറിയതും, സ്റ്റാന്റിന് പുറത്ത് സൂപ്പർഫാസ്റ്റ്  നിർത്തി ആളെ കയറ്റി മറികടന്ന് പോകുന്നതും ഞാൻ കൺ കുളിർക്കെ കണ്ടു!!

താമരശ്ശേരിയിൽ നിന്ന് ഇനി ഈ രാത്രിയിൽ ഏത് ബസ് കിട്ടും എന്ന് കണക്ക് കൂട്ടുന്നതിനിടയിൽ ഞാൻ ചുരം ഇറങ്ങിത്തുടങ്ങി.ഏതോ ഒരു വളവിൽ മുമ്പിൽ ഒരു സൂപ്പർഫാസ്റ്റ് വീണ്ടും ! ഞാൻ കണ്ണ് തുറന്ന് നോക്കി - അതേ മലപ്പുറം സൂപ്പർ ഫാസ്റ്റ് തന്നെ. എന്റെ ഡ്രൈവറുടെ അടുത്ത് ചെന്ന് ഒന്ന് സ്പീഡ് കൂട്ടാൻ പറഞ്ഞാലോ എന്ന് തോന്നി. അടിവാരത്ത് വച്ചെങ്കിലും അത് കിട്ടിയാലോ? പക്ഷെ വീണ്ടും ആരോ തടഞ്ഞു. ദൈവഹിതം ഉണ്ടെങ്കിൽ കിട്ടും എന്ന് ഉള്ളിൽ നിന്നും പറഞ്ഞു.

അടിവാരവും ഈങ്ങാപുഴയും കഴിഞ്ഞ് ബസ് താമരശ്ശേരി എത്താനായപ്പോൾ അതാ എന്നെ പ്രലോഭിപ്പിക്കാൻ ആ സൂപ്പർഫാസ്റ്റ് വീണ്ടും മുന്നിൽ ! ചുങ്കത്ത് ഇറങ്ങി ഓട്ടോ പിടിച്ച് ക്രോസ്സ് ചെയ്താൽ ടൌൺ ചുറ്റിവരുന്ന ബസിനെ പിടിക്കാൻ സാധിക്കും എന്ന് ഞാൻ വീണ്ടും കണക്ക് കൂട്ടി.ഞാൻ പ്രതീക്ഷിച്ച ട്രാഫിക് ബ്ലോക്ക് ചുങ്കത്ത് ഉണ്ടാകാത്തതിനാൽ ബസ് അവിടെ നിർത്തിയതുമില്ല! സൂപ്പർ ഫാസ്റ്റിനും എന്റെ ബസ്സിനും ഇടക്കുണ്ടായിരുന്ന ഒരു ലോറി ഇടത്തോട്ട് തിരിഞ്ഞ് പോയതോടെ ഇനി ഒരു ബ്ലോക്ക് ഇല്ലെങ്കിൽ താമരശ്ശേരി ടൌണിൽ ബസ്സ് നിർത്തുമ്പോൾ എനിക്ക് അത് കിട്ടും എന്നുറപ്പായി. കിട്ടിയില്ലെങ്കിൽ ഗോപി വരക്കും എന്നും തീരുമാനമായി.

ബസ് സ്റ്റോപ്പിൽ എത്തുന്നതിന് മുമ്പെ ഞാൻ വാതിലിനടുത്തേക്ക് നീങ്ങി. സൂപ്പർഫാസ്റ്റ് അല്പം മുന്നിലായും എന്റെ ബസ്സ് തൊട്ടു പിറകിലായും നിർത്തി. പെട്ടെന്ന് ഇറങ്ങി ഓടി ഒറ്റ ചാട്ടത്തിന് ഞാനതാ മലപ്പുറം സൂപ്പർ ഫാസ്റ്റിനകത്ത്!!

(പിന്നെ എന്റെ ചിന്ത പോയത് മറ്റൊരു ആങ്കിളിലാണ്. ഇത്രയും വേഗം കുറച്ച് പോരുന്ന ടൌൺ റ്റു ടൌൺ ബസ്സും സൂപ്പർഫാസ്റ്റ് ബസ്സും കല്പറ്റ നിന്നും താമരശ്ശേരി വരെയുള്ള ദൂരം ഒരേ സമയം കൊണ്ട് എത്തുന്നുവെങ്കിൽ ബസ്സിന്റെ നിറത്തിന്റെയും തരത്തിന്റെയും വ്യത്യാസം യാത്രക്കാരുടെ പക്കൽ നിന്ന് കൂടുതൽ കാശ് ഈടാക്കാൻ മാത്രമല്ലേ ഉപകരിക്കൂ?)


Thursday, September 21, 2017

ഇരുട്ടുമുറിയിലെ വാറ്റ്

അധ്യാപകന്‍ : പഞ്ചസാര വെള്ളം ഇരുട്ടുമുറിയില്‍ വച്ചാല്‍ പിറ്റേ ദിവസത്തേക്ക് അതിന് പുളി രസം ഉണ്ടാകും. കാരണം കണ്ണന്‍ പറയൂ...

കണ്ണന്‍: ഇരുട്ട്മുറിയില്‍ വച്ചാലും ഉറുമ്പുകള്‍ അത് കണ്ടെത്തി അതില്‍ വീഴും...അങ്ങനെ ഉറുമ്പുകള്‍ വീണ് വീണ് പഞ്ചസാര വെള്ളം പുളിക്കും.

അധ്യാപകന്‍ : ഉത്തരം കരക്ട് ആണെങ്കിലും മറ്റൊരു കരക്ട് ഉത്തരം ഫെര്‍മെന്റേഷന്‍ നടക്കും എന്നതാണ്.

കണ്ണന്‍ : അപ്പോള്‍ ഇരുട്ടുമുറിയില്‍ വയ്ക്കുന്നതെന്തിനാ?

അധ്യാപകന്‍ : ഫെര്‍മെന്റേഷന്‍ നടന്നാല്‍ ആല്‍ക്കഹോള്‍ ഉണ്ടാകും.നമ്മള്‍ വാറ്റ് എന്ന് പറയുന്ന സാധനം.

കണ്ണന്‍ : ഓ , അത് ശരി.അപ്പോള്‍ പോലീസ് പിടിക്കാതിരിക്കാനാകും ഇരുട്ടുമുറിയില്‍ വയ്ക്കുന്നത്.

Monday, September 18, 2017

ജൈവ അച്ചാര്‍

“ഉപ്പച്ചീ....ജൈവ പച്ചക്കറി എന്നാലെന്താണ്?” കല്യാണ സദ്യയിലെ സാമ്പാറില്‍ നിന്നും വെണ്ട കടിക്കുന്നതിനിടയില്‍ കുഞ്ഞുമോള്‍ എന്നോട് ചോദിച്ചു.

“അത്...പശുവിന്റെ ചാണകവും മണ്ണിര കമ്പോസ്റ്റും പോലെയുള്ള, ജീവനുള്ള വസ്തുക്കളില്‍ നിന്നും ഉണ്ടാക്കുന്ന വളം മാത്രം ഉപയോഗിച്ചുണ്ടാക്കുന്ന പച്ചക്കറികള്‍...” മോളുടെ ജിജ്ഞാസയെ മനസാ പ്രശംസിച്ച് ഞാന്‍  പറഞ്ഞു.

“ജൈവ അച്ചാറും ഉണ്ടോ?” മോളുടെ അടുത്ത ചോദ്യം

“ ജൈവ അച്ചാറോ ? ഹ ഹ ഹാ.... അതില്ല...” എനിക്ക് ചിരി വന്നു.

“ ഈ അച്ചാറില്‍ നിന്നും എനിക്ക് ജീവനുള്ള ഒരു പുഴുവിനെ കിട്ടി...അതോണ്ട് ചോദിച്ചതാ.....”

“ങേ!!”  വായിലേക്ക് വച്ച അച്ചാര്‍ എന്തു ചെയ്യണം എന്നറിയാതെ ഞാന്‍ പ്ലിങ്ങി.

Sunday, September 17, 2017

വീണ്ടും നല്ലവാര്‍ത്തയില്‍....

                     2017.ന്റെ തുടക്കം തന്നെ എന്റെ കോളേജിലെ എന്‍.എസ്.എസ് യൂണിറ്റിനെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായിരുന്നു. മറ്റു പലതുകൊണ്ടും കുപ്രസിദ്ധിയാര്‍ജ്ജിച്ച കോളേജിലെ സേവന തല്പരരായ ഒരു സംഘം കുട്ടികള്‍ വയനാട് ജില്ലാ ആശുപത്രിയില്‍ നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ മാതൃഭൂമി ന്യൂസിലെ നല്ല വാര്‍ത്തയില്‍ കൂടി ലോകം മുഴുവന്‍ അന്നറിഞ്ഞു. മാതൃഭൂമി ന്യൂസിന്റെ കല്പറ്റ ഓഫീസില്‍ പോയിട്ടോ മറ്റോ ആണ് അന്ന് ഇത് സംഘടിപ്പിച്ചത് എന്ന് തോന്നുന്നു (ശരിക്കോര്‍മ്മയില്ല)
                     ഈ വര്‍ഷവും ഇതേ പ്രവര്‍ത്തനം ഈ ഓണാവധിക്കാലത്ത് ആരംഭിക്കുമ്പോള്‍ എല്ലാ അച്ചടി-ദൃശ്യ മാധ്യമങ്ങളിലും ഞങ്ങള്‍ അറിയിച്ചിരുന്നു. വയനാട്ടുകാര്‍ക്ക് മാത്രം കാണാനാവുന്ന വയനാട് വിഷനും മലനാട് വിഷനും ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വളരെ നന്നായി തന്നെ കവര്‍ ചെയ്തു.
                     വയനാട്ടിലെ ജനങ്ങള്‍ക്കിടയില്‍ കോളേജിന്റെ മേല്‍‌വിലാസം മാറ്റി എഴുതാന്‍ ഈ വര്‍ഷത്തെ ക്യാമ്പിലൂടെ ഞങ്ങള്‍ക്ക് സാധിച്ചു. 66 ലക്ഷം രൂപയില്‍ പരം വസ്തുക്കള്‍ നന്നാക്കി കൊടുത്തത് മാത്രമല്ല ഈ മാറ്റത്തിന് കാരണം. മറിച്ച് ക്യാമ്പിനിടയില്‍ തന്നെ പല വളണ്ടിയര്‍മാരും രോഗികളെ  പരിചരിച്ചതും രക്തം ആവശ്യം വന്നപ്പോള്‍ പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ അത് ദാനം ചെയ്തതും ഒ.പി യിലെയും ഫാര്‍മസിയിലെയും ക്യൂവില്‍ പലര്‍ക്കും താങ്ങായതും എല്ലാം “പുനര്‍ജ്ജനി” ക്യാമ്പിനെ വയനാട്ടിലെ ജനങ്ങളുടെ മനസ്സില്‍ ഇടം നേടാന്‍ സഹായിച്ചു.
                     കഴിഞ്ഞ വര്‍ഷത്തെപ്പോലെ, പ്രധാനപ്പെട്ട ചാനലുകളില്‍ നിന്ന്  മാത്രുഭൂമി ന്യൂസ് മാത്രമാണ് ഞങ്ങളെ തിരിഞ്ഞു നോക്കിയത്. ക്യാമ്പ് സമാപിച്ച് റൂമിലെത്തി വിശ്രമിക്കുമ്പോള്‍, വൈകുന്നേരത്തെ ന്യൂസ് അവര്‍ ഇറ്റെര്‍നെറ്റിലൂടെ ഞാനും കണ്ടു. നല്ല വാര്‍ത്തയില്‍ ഒരിക്കല്‍ കൂടി ഇടം നേടിക്കൊണ്ട് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ലോകം മുഴുവന്‍ അറിയിച്ച മാതൃഭൂമി വാര്‍ത്താ ചാനലിന് ഹൃദയം നിറഞ്ഞ നന്ദി.


Saturday, September 16, 2017

വയനാട്ടിലൊരു ഹാട്രിക്

               റെക്കോഡുകള്‍ തകര്‍ക്കാനുള്ളതാണ് എന്ന് അത് സ്ഥാപിക്കുന്നവര്‍ക്ക് നന്നായറിയാം. പക്ഷെ അടുത്ത കാലത്തൊന്നും ആരും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത ചില കലാലയ ജീവിത റെക്കോഡുകള്‍ ഇക്കഴിഞ്ഞ ആഴ്ച ഞാന്‍ സ്ഥാപിച്ചു !അവ ഇങ്ങനെ.

1. കേരളത്തിലെ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഏറ്റവും കൂടുതല്‍ സപ്തദിന ക്യാമ്പ് നടത്തുന്ന പ്രോഗ്രാം ഓഫീസര്‍ - ഏഴ് എണ്ണത്തിന് നേരിട്ട് നേതൃത്വവും രണ്ട് എണ്ണത്തിന് സഹനേതൃത്വവും.

2. വയനാട് എഞ്ചിനീയറിംഗ് കോളേജില്‍ ഹാട്രിക് സപ്തദിന ക്യാമ്പ് നടത്തുന്ന ആദ്യത്തെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍.

               കോളേജിലെ 99 ശതമാനം ജീവനക്കാരും ഓണം അവധി സാധാരണ പോലെ ആഘോഷിച്ചപ്പോള്‍,  ഞാനും അഞ്ചാറ് സഹപ്രവര്‍ത്തകരും പിന്നെ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള സേവനസന്നദ്ധരായ 86 വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികളും ചേര്‍ന്ന് അത് മറ്റൊരു രൂപത്തില്‍ ആഘോഷിച്ചു.  ഈ വര്‍ഷത്തെ എന്‍.എസ്.എസ് സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു കൊണ്ടായിരുന്നു ഞങ്ങളുടെ ആഘോഷം. അതും കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ ആശ്രയിക്കുന്ന മാനന്തവാടിയിലെ വയനാട് ജില്ലാ ആശുപത്രിയിലെ അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടുള്ള ആഘോഷം. കഴിഞ്ഞ വര്‍ഷം ക്രിസ്തുമസ് അവധിക്കാലമാണ് ഞങ്ങള്‍ ഇത്തരത്തില്‍ ആഘോഷിച്ചത്.

                   20 ലക്ഷത്തോളം രൂപ വിലയുള്ള മൊബൈല്‍ ഡെന്റല്‍ കെയര്‍ യൂണിറ്റ് കഴിഞ്ഞ രണ്ട് മാസമായി പ്രവര്‍ത്തന രഹിതമായിരുന്നു. അധ്യാപകരും വിദ്യാര്‍ത്ഥികളും മനസ്സ് വച്ചപ്പോള്‍ മണിക്കൂറുകളുടെ പ്രയത്നം കൊണ്ട് അത് നിരത്തിലിറങ്ങി. ആദ്യമായി ഞാനും ഒരു ആശുപത്രി വണ്ടിയുടെ ഡ്രൈവര്‍ സീറ്റില്‍ ഇരുന്ന് ആ വണ്ടി പാര്‍ക്ക് ചെയ്തു. ലക്ഷങ്ങളുടെ തന്നെ മറ്റു വിവിധ ഉപകരണങ്ങളും ഈ ഏഴ് ദിവസത്തെ ക്യാമ്പിലൂടെ ഞങ്ങള്‍ക്ക് റിപ്പയര്‍ ചെയ്യാന്‍ സാധിച്ചു. നന്നാക്കിയ സാധനങ്ങളുടെ ഇന്നത്തെ മാര്‍ക്കറ്റ് വില വച്ച് കണക്കാക്കുമ്പോള്‍ അറുപത്തി ആറ് ലക്ഷത്തി അറുപത്തി ആറായിരം രൂപയിലധികം വരും എന്നത് ഞങ്ങളെത്തന്നെ അത്ഭുതപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 32  ലക്ഷത്തി 23 ആയിരം രൂപയുടെ അറ്റകുറ്റപ്പണികള്‍ ആയിരുന്നു ഞങ്ങള്‍ നടത്തിയിരുന്നത്.
                                       കല്പറ്റ എം.എല്‍.എ ശ്രീ.സി.കെ ശശീന്ദ്രന്‍



              വയനാട് ജില്ലാ പഞ്ചായത്ത് പ്രെസിഡെണ്ട് ശ്രീമതി ടി.ഉഷാകുമാരി
                                   മാനന്തവാടി എം.എല്‍.എ ശ്രീ.ഓ.ആര്‍ കേളു

                     ഈ ഓണം അവധി നിരവധി സാധാരണ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചതില്‍ ഞങ്ങള്‍ എല്ലാവരും ഏറെ സന്തോഷിക്കുന്നു , അതിലേറെ അഭിമാനിക്കുന്നു.