ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിന്റെ
അഭിമാനസ്തംഭമായി വര്‍ഷം തോറും നടന്ന് വരുന്ന (പല സംസ്ഥാനങ്ങളിലാണെന്ന് മാത്രം) തെരഞ്ഞെടുപ്പ്
മാമാങ്കങ്ങളില്‍, ആദ്യകാലത്ത് വോട്ടറായും പിന്നീട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായും ഭാഗബാക്കാവാന്‍
സര്‍ക്കാര്‍ സര്‍വീസിനിടയില്‍ നിരവധി അവസരങ്ങള്‍
എനിക്ക് ലഭിച്ചിരുന്നു.ശ്രീമാന്‍ ടി.എന്‍ ശേഷന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായതിന്
ശേഷമാണ് എന്ന് തോന്നുന്നു വോട്ട് ചെയ്യണമെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്ന ഒരു
പുതിയ കാര്‍ഡ് കയ്യില്‍ ഉണ്ടാകണം എന്ന നിബന്ധന നിലവില്‍ വന്നു.അങ്ങനെ എങ്ങനെയോ എനിക്കുപോലും എന്നെ തിരിച്ചറിയാന്‍ പറ്റാത്ത ഒരു
കാര്‍ഡ് എന്റെ കയ്യിലും എത്തി.
കാര്‍ഡ് കണ്ട എന്റെ മനസ്സില്‍
ഒരു ബള്‍ബ് മിന്നി.ഈ കാര്‍ഡും കൊണ്ട് വോട്ട്
ചെയ്യാന്‍ പോകുന്ന എന്നെ ഏതോ നാട്ടില്‍ നിന്നും വരുന്ന പോളിംഗ് ഉദ്യോഗസ്ഥന്‍ തിരിച്ചറിയാന്‍
പോകുന്ന രംഗം.പക്ഷേ ആ ബള്‍ബ് അപ്പോള്‍ തന്നെ ഫ്യൂസായി. ഉടന്‍ അടുത്ത ബള്‍ബ് മിന്നി
- ഈ കാര്‍ഡ് എടുക്കാനുള്ള അറിയിപ്പ് ലഭിച്ച നാട്ടിന്‍പുറത്ത്കാരനായ എറമുള്ളാന്‍ എന്ന
പാവത്തിന്റെ അനുഭവങ്ങള്‍.മനോരാജ്യത്തിലൂടെ
മിന്നിമറഞ്ഞ ആ കഥ കടലാസില്‍ പകര്‍ത്തി പത്രമോഫീസിലേക്ക് അയച്ചു - അത്ഭുതം, മാധ്യമം
ദിനപത്രം ‘എറമുള്ളാന്റെ
തിരിച്(എ)റിയല്‍ കാര്‍ഡ്’ ഒരു മിഡ്‌ല്പീസ് ആയി പ്രസിദ്ധീകരിച്ചു.
പ്രസിദ്ധീകരണത്തിലൂടെ
പത്രം നല്‍കിയ ഊര്‍ജ്ജം കൂടുതല്‍ മിഡ്ല്പീസുകള്‍ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചു.പത്രക്കാരന്റെ
ചവറ്റുകൊട്ട അതോടെ കവിഞ്ഞൊഴുകാന്‍ തുടങ്ങി(തൊഴില്‍രഹിതനായിരുന്ന എന്റെ കീശ കാലിയാകാനും).
അങ്ങനെയിരിക്കുമ്പോള്‍ മാധ്യമം ദിനപത്രത്തിലൂടെ തന്നെ 2006 ആഗസ്തില്‍ ബ്ലോഗ് എന്ന നവമാധ്യമത്തെ
പരിചയപ്പെട്ടു.അന്നുവരെ സകലകലാവല്ലഭന്‍ ആയി എന്റെ മനസ്സില്‍ ഉണ്ടായിരുന്നത് സിനിമാസംവിധായകന്‍ സാക്ഷാല്‍
ബാലചന്ദ്രമേനോന്‍ മാത്രമായിരുന്നു.എന്റെ ബ്ലോഗില്‍ എഴുത്തുകാരനും
പ്രസാധകനും വായനക്കാരനും ആസ്വാദകനും നിരൂപകനും ഒക്കെ ഞാന്‍ തന്നെ ആയതിനാല്‍ ഞാനും ഒരു
ബാലചന്ദ്രമേനോനായി ( ആ പദവിയില്‍ പത്താം വര്‍ഷത്തിലേക്ക് കാല്‍ കുത്തുന്നു).
അങ്ങനെ സകലകലാവല്ലഭനായി
ബൂലോകത്ത് അരങ്ങ് തകര്‍ക്കുമ്പോഴാണ് മോബ്‌ചാനല്‍.കോം എന്ന ഒരു സാധനം (ചാനലാണോ ബ്ലോഗ്
ആണോ സൈറ്റ് ആണോ എന്നൊന്നും അറിയില്ല) അഖിലകേരള ബ്ലോഗ് മത്സരം സംഘടിപ്പിക്കുന്നതായി
അറിയിച്ചത്. അങ്ങനെ എന്റെ ‘എറമുള്ളാന്റെ തിരിച്ചെറിയല്‍ കാര്‍ഡ് ‘ ആ മത്സരത്തിലേക്ക്
സമര്‍പ്പിക്കപ്പെട്ടു.അത്ഭുതം അവിടെയും സംഭവിച്ചു - നര്‍മ്മ വിഭാഗത്തിലെ ഏറ്റവും മികച്ച
ബ്ലോഗ് എന്റെ എറമുള്ളാന്‍ നേടി !അതെ, 2007ലെ ബെസ്റ്റ് മലയാളം ബ്ലോഗര്‍ ഇന്‍ നര്‍മ്മ
വിഭാഗം !(ഈ മത്സരം അന്നത്തോടെ തന്നെ നിര്‍ത്തി എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ)
സമ്മാനമായി ലഭിച്ച ‘സക്കറിയയുടെ കഥകളും ‘, ‘മരുഭൂമികള്‍ ഉണ്ടാകുന്നതും’ പലരും വായിച്ചിട്ടും ഞാനാല്‍ ഇന്നും വായിക്കപ്പെടാതെ എന്റെ ഷോക്കേസില്‍ വിശ്രമിക്കുന്നു.അടുത്ത അവാര്‍ഡ്
തരാന്‍ ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കില്‍ പുസ്തകം കുടുംബ സമേതം വായിക്കും എന്ന്
ദൈവനാമത്തില്‍ പ്രതിജ്ഞ ചെയ്യുന്നു (കണ്ടീഷന്‍സ് അപ്പ്ലൈഡ്).
ഈ അത്ഭുതങ്ങളെല്ലാം സൃഷ്ടിച്ച
ആ തിരിച്ചെറിയല്‍ കാര്‍ഡ് ഇന്നലെ എനിക്ക് നഷ്ടമായി. ഞാന്‍ നല്‍കിയ ഫോട്ടോ പതിച്ച, പുതിയരൂപത്തിലും
ഭാവത്തിലും ഉള്ള തിരിച്ചറിയല്‍ കാര്‍ഡ് തന്ന് എന്റെ ബൂത്ത് ലെവല്‍ ഓഫീസര്‍ ആ പഴയ കാര്‍ഡ്
തിരിച്ചു വാങ്ങി.
ഇനി ഇവന്‍ സൃഷ്ടിക്കുന്ന
അത്ഭുതങ്ങള്‍ക്കായി ഞാന്‍ മിഴി നട്ടിരിക്കുന്നു.