ജീവിതത്തിൽ ഇതുവരെ പരസ്പരം കാണാത്തവരാണെങ്കിലും ശ്രീജിത്തിന്റെ അമ്മ ഞങ്ങളെ ഹാർദ്ദമായി സ്വാഗതം ചെയ്തു. ഞങ്ങളുടെ അംഗസംഖ്യയും ലഗേജുകളും കണ്ട് ആദ്യം ഒന്ന് പകച്ചു പോയെങ്കിലും, പെട്ടെന്ന് തന്നെ അവർ സമനില വീണ്ടെടുത്തു. തണുത്ത വെള്ളമായിരുന്നു ഞങ്ങൾക്ക് അന്നേരം ഏറ്റവും ആവശ്യമായിരുന്നത്. ഫ്രിഡ്ജിൽ വച്ചിരുന്ന മുഴുവൻ കുപ്പികളും ഞങ്ങൾ കാലിയാക്കി. അമ്മയെ ഒപ്പമിരുത്തി കുറെ സമയം സംസാരിച്ച് ഇരുന്നു. അപ്പോഴെല്ലാം ആ മുഖത്ത് ഒരു ടെൻഷൻ മിന്നി മറഞ്ഞു. ശ്രീജിത്ത് അത് എന്നെ നേരത്തെ അറിയിച്ചിരുന്നു . വെള്ളം ഇല്ല എന്നതായിരുന്നു അമ്മയുടെ ടെൻഷൻ. എങ്കിലും അമ്മ പിടിച്ചു വച്ച മൂന്ന് ബക്കറ്റ് വെള്ളവും ഞങ്ങൾക്ക് ഉപയോഗിക്കാനായി തന്നു.
റഈസ് അപ്പോഴും അവിടെ തന്നെ ഇരുന്ന് വീട്ടിലേക്ക് നിർദ്ദേശങ്ങൾ നൽകുന്നുണ്ടായിരുന്നു. ശ്രീജിത്തിന്റെ ഫ്ലാറ്റിൽ വെള്ളം ഇല്ലാത്തതിനാൽ ഭക്ഷണം അങ്ങോട്ട് കൊണ്ടു വന്നാൽ വീണ്ടും ബുദ്ധിമുട്ടാകും എന്ന് ബോധ്യമായതിനാൽ ഞങ്ങൾ പെട്ടെന്ന് തീരുമാനം മാറ്റി. റഈസിന്റെ ഇന്നോവയിൽ അവന്റെ ഫ്ലാറ്റിൽ പോയി ഭക്ഷണം കഴിച്ച് തിരിച്ചു വരാം എന്ന തീരുമാനം എല്ലാവർക്കും ഇഷ്ടമായി. അതോടെ അമ്മയുടെ മുഖത്തെ ടെൻഷനും മാഞ്ഞുപോയി.
സഫ്ദർ ജംഗിലെ ഡീർ പാർക്കിനടുത്തായിരുന്നു റഈസിന്റെ ഫ്ലാറ്റ്. നാട്ടിലെ ഊണും കറിയും ഉപ്പേരിയും ചിക്കനും റഈസിന്റ ഭാര്യ ഞങ്ങൾക്കായി അവിടെ തയ്യാറാക്കി കെണ്ടിരിക്കുകയായിരുന്നു. അതിരാവിലെ ബ്രഡും ജാമും കൊണ്ട് പ്രാതൽ കഴിച്ചെന്ന് വരുത്തിയ ഞങ്ങൾക്ക് ആ കേരളീയ ഭക്ഷണം നൽകിയ ആശ്വാസം വളരെ വളരെ വലുതായിരുന്നു. ആവശ്യമുള്ളവർക്ക് ഫ്രഷാവാനും നമസ്കാരം നിർവ്വഹിക്കാനും ടോയ്ലറ്റിൽ പോകാനും എല്ലാം അവിടെ സൗകര്യമുണ്ടായിരുന്നു. ദൈവത്തിന് വീണ്ടും വീണ്ടും സ്തുതി.
അപ്രതീക്ഷിതമായ മിന്നൽ സന്ദർശനം പൂർത്തിയാക്കി , ഞങ്ങൾ റഈസിന്റെ കാറിൽ തന്നെ ശ്രീജിത്തിന്റെ ഫ്ലാറ്റിലേക്ക് മടങ്ങി. അപ്പോൾ സമയം ഏഴ് മണിയോടടുത്തിരുന്നു. അപ്പഴേക്കും ഫ്ലാറ്റിൽ വെള്ളം വന്നിരുന്നു. താൻ വന്നിട്ടേ പോകാവൂ എന്ന് ശ്രീജിത്ത് പറഞ്ഞിരുന്നതിനാൽ ഞാൻ ത്രിശങ്കു സ്വർഗ്ഗത്തിലായി. സാധാരണ വളരെ വൈകിയാണ് അവൻ വരാറുള്ളത് എന്ന് അമ്മ പറഞ്ഞു. ഫോണിൽ ബന്ധപ്പെട്ടെങ്കിലും കണക്ട് ആയതും ഇല്ല. ട്രെയിനിന്റെ സമയം അവനെ അറിയിച്ചിരുന്നതിനാലും ഡെൽഹിയിലെ ട്രാഫിക് ജാമിനെപ്പറ്റി ഞങ്ങളെക്കാൾ ധാരണ അവനുള്ളതിനാലും ഞാൻ ആശ്വാസം കൊണ്ടു.
ഞങ്ങളെത്തി അല്പം കഴിഞ്ഞ് കാളിംഗ് ബെൽ മുഴങ്ങി. ശ്രീജിത്തിന്റെ മകളായിരുന്നു അത്. അഞ്ച് മിനുട്ട് കഴിഞ്ഞ് വീണ്ടും ബെൽ മുഴങ്ങി.അത് ശ്രീജിത്തിന്റെ ഭാര്യയായിരുന്നു. അവർ അകത്ത് കയറിയതിന് പിന്നാലെ വീണ്ടും കാളിംഗ് ബെൽ മുഴങ്ങി. അമ്മയുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് ശ്രീജിത്ത് അന്ന് നേരത്തെ എത്തി !
ഏതാനും നിമിഷത്തെ കുശലാന്വേഷണങ്ങൾക്ക് മാത്രമേ പിന്നീട് സമയം ഉണ്ടായിരുന്നുള്ളൂ. ഇതിനിടക്ക് തന്നെ ശ്രീജിത്ത് അവന്റെ ഒരു സുഹൃത്തിനെ വിളിച്ച് ഒരു കാർ ഏർപ്പാടാക്കി. ഞാനും ഫാമിലിയും ശ്രീജിത്തിന്റെ കാറിലും കയറി. അമ്മയോട് യാത്ര പറഞ്ഞ് ഞങ്ങൾ ഡൽഹി കന്റോൺമെന്റ് സ്റ്റേഷൻ ലക്ഷ്യമാക്കി കുതിക്കുമ്പോൾ , എന്റെ മനസ്സിൽ സൗഹൃദത്തിന്റെ രണ്ട് തീവണ്ടികൾ സ്റ്റേഷൻ വിടാതെ നിൽക്കുന്നുണ്ടായിരുന്നു. കടുത്ത ചൂടിനൊരാശ്വാസമായി പുറത്ത് അപ്പോൾ മഴ പെയ്യാനാരംഭിച്ചു.