Pages

Monday, August 31, 2020

നോൺ വെജിറ്റേറിയൻ സാമ്പാർ

ഏതൊരു NSS ക്യാമ്പിലെയും പ്രസ്റ്റീജ്യസ് കമ്മറ്റി എന്ന് പറയുന്നത് ഫുഡ് കമ്മിറ്റിയാണ്. നാളിതുവരെയായി അടുക്കളയിൽ കയറാത്ത ആൺകുട്ടികളും പെൺകുട്ടികളും ഒരുക്കുന്ന ക്യാമ്പ്ഫുഡിൽ ഒരു ദൈവീക സ്പർശം ഉണ്ടാകാറുണ്ട് എന്നാണ് എൻ്റെ അനുഭവം. ഇത് വരെ നടത്തിയ ഒരു ക്യാമ്പിലും ഞാൻ പുറത്ത് നിന്നുള്ള ഒരു പാചകക്കാരനെ അടുക്കള ഏല്പിച്ചിരുന്നില്ല. ഒരു ക്യാമ്പിലെയും ഭക്ഷണം മോശമായ ചരിത്രവും ഇല്ല.

ഓണത്തോടനുബന്ധിച്ച് നടന്ന ഒരു ത്രിദിന ക്യാമ്പിലെ ഫുഡ് കമ്മറ്റി ഹെഡ് ശരീഫ് ആയിരുന്നു. പാചക വിദ്യയെക്കാളും വാചകവിദ്യ ശരീഫിന് നന്നായി വഴങ്ങും. കമ്മറ്റി അംഗങ്ങളായി കൂടെയുള്ളത് റിയാസും അനീസും ജുംനയും റാഹിലയും ആയിരുന്നു.രാവിലെ ഉപ്പ് മാവ് ഉണ്ടാക്കിയതിൻ്റെ ക്ഷീണം മാറുന്നതിന് മുമ്പെ സദ്യ ഒരുക്കുന്നതിൻ്റെ തിരക്കിലേക്ക് കമ്മറ്റി അംഗങ്ങൾ ആഴ്ന്നിറങ്ങി.

"നീ ഈ വെണ്ട അരിയുന്നത് സാമ്പാറിൽ ഇടാനോ അതോ അച്ചാറിടാനോ? " ജുംന വെണ്ട കുഞ്ഞ് കുഞ്ഞ് കഷ്ണങ്ങളായി അരിയുന്നത് കണ്ട ശരീഫ് ചോദിച്ചു.

"എടീ ... സാമ്പാറിനുള്ള വെണ്ട ഹൊറിസോണ്ടലായി വച്ച് വെർട്ടിക്കലായി കട്ടണം" സിവിൽ ബ്രാഞ്ച് കാരനായ അനീസ് പറഞ്ഞു.

"എങ്ങനെ കട്ട് ചെയ്താലും വേണ്ടില്ല , കഷ്ണത്തിന് രണ്ടിഞ്ചെങ്കിലും നീളം വേണം...‌ " അടുപ്പിനടുത്ത് നിന്നും ഒരു കറുത്ത മുഖം മൊഴിഞ്ഞു.

"അല്ലടാ ... എന്താ അവിടെ കൊച്ചിൻ റിഫൈനറീസിൻ്റെ പുകക്കുഴലിലേക്ക് നോക്കിയ പോലെ ഫുൾ പൊഹ മാത്രം?"

" ഹെഡ് എന്നും പറഞ്ഞ് വെണ്ട അരിയുന്നിടത്ത് പഞ്ചാരക്ക് നിൽക്കാതെ ഇതൊന്ന് കത്തിക്കാൻ നോക്ക്... ഊതി ഊതി ശ്വാസകോശം കാലിയായി " റിയാസ് ശരീഫിനോട് പറഞ്ഞു.

"റാഹിലാ ... നീ ഫോണെടുത്ത് നിന്റെ ഉമ്മാനെ ഒന്ന് വിളിച്ച് നോക്ക്..." ശരീഫ് റാഹിലയോടായി പറഞ്ഞു.

"വെണ്ട മുറിക്കുന്നത് അനക്കറിയാം.. അതിന് ഉമ്മയെ ഒന്നും വിളിക്കണ്ട..."

"വെണ്ട മുറിക്കുന്നത് ചോദിക്കാനല്ല.. സാമ്പാറിൽ പുളി ഇടുന്നത് എപ്പഴാന്ന് ചോദിക്കാനാ..."

"അതും അനക്കറിയാം ... പതിനൊന്നര മണിയാകുമ്പളാ ഉമ്മ പുളി ഇടാറ്..."

"അൻ്റെ ഇമ്മാതിരി അറിവുകളാ രാവിലത്തെ ഉപ്പ് മാവ് വൈകുന്നേരത്തെ "ഗുൽഗുള " ആക്കാൻ കാരണം. - "

"അത് പിന്നെ ഒരു ചെമ്പ് വെള്ളത്തിലേക്ക് എത്ര ഉപ്പിടണം എന്ന് ചോദിക്കാൻ നീ പറഞ്ഞു... ഒന്നര പാക്കറ്റ് എന്നാ ഉമ്മ പറഞ്ഞത് ... ഞാനത് ഒന്നാക്കി കുറച്ചു ... എന്നിട്ടും.."

" ആ .... ഒന്നര പാക്കറ്റ് ഇട്ടിരുന്നെങ്കി എല്ലാര്ടിം മെഡുല്ല ഒബ്ലാങ്കട്ട ഇന്ന് കലങ്ങിനി..."

"അല്ലെങ്കിലും ചെമ്പിൻ്റെ വലിപ്പം പറയാതെ ഓൺലൈനിൽ പാചകം നടത്തിയാൽ ഇതൊക്കെ സാധാരണയാ.. " റാഹിലയും വിട്ടില്ല.

" അയ്യോ.. ഒര് കാര്യം മറന്നു ... " ബോധോദയം വന്ന പോലെ ജുംന പറഞ്ഞു.

"സാമ്പാറിൽ സാമ്പാർ പൊടി ഇടാനല്ലേ... അത് നീ മറക്കും എന്നത് കൊണ്ട് ഞാനാദ്യമേ വെള്ളത്തിൽ കലക്കി വച്ചിരുന്നു" ശരീഫ് പറഞ്ഞു.

"അല്ല ... ഉപ്പ് ... ഉപ്പ് ഇനി ഒട്ടും ഇല്ല .... "

"അയ്യോ... ആറ്റ് നോറ്റുണ്ടാക്കിയ സാമ്പാർ ഉപ്പില്ലാത്ത കഞ്ഞി പോലെ... " അനീസ് പരിതപിച്ചു.

"ഈ ഉപ്പ് മാവെടുത്ത് സാമ്പാറിൽ കലക്കിയാലോ?'' റിയാസ് ചോദിച്ചു.

"ഐഡിയ ഈസ് ഗുഡ്... നിൻ്റെ തല പുക കൊണ്ടത് മതി ... ഇങ്ങ് പോര്... അല്ലെങ്കി ഇനിയും പലതും ഞങ്ങൾ കേൾക്കണ്ടി വരും.. " ശരീഫ് റിയാസിനെ ഒന്ന് തോണ്ടി.

കമ്മറ്റി അംഗങ്ങൾ എല്ലാരും ഒത്തുകൂടി ഒരു പരിഹാരം തേടി. അവസാനം ശരീഫ് തന്നെ ഒരു പരിഹാരവുമായി എത്തി. അൽപസമയത്തിനകം തന്നെ സാമ്പാർ റെഡിയായി. ഊണും സാമ്പാറും, രാവിലത്തെ ഉപ്പ് കൂടിയ ഉപ്പ്മാവിൻ്റെ പേരുദോഷം മായ്ച്ചു കളഞ്ഞു.

രാത്രി ഡെയിലി  ഇവാല്വേഷൻ സമയത്ത്, സാമ്പാറിൽ ഉപ്പിട്ട കഥ ശരീഫ് അവതരിപ്പിച്ചു.

"പിറ്റേന്ന് ക്യാമ്പ് അവസാനിക്കുന്നതിനാൽ അടുക്കളയിൽ കണ്ട ഒരു പാക്കറ്റ് ഉണക്കചെമ്മീൻ പൊടി വേസ്റ്റാകും എന്ന് ഞാൻ മനസ്സിലാക്കി. ഒരു സാധനവും വേസ്റ്റാക്കരുത് എന്നാ നമ്മുടെ പ്രിയപ്പെട്ട പ്രോഗ്രാം ഓഫീസർ പഠിപ്പിച്ചത്. സാമ്പാറിലെ ഉപ്പിൻ്റെ കമ്മി നികത്താൻ ആ ഒരു പാക്കറ്റ് മതി താനും. പിന്നെ ഒന്നും ആലോചിച്ചില്ല... സാമ്പാറിലേക്ക് ചെമ്മീൻ പൊടിയങ്ങ് തട്ടി "

വെജിറ്റേറിയൻസും നോൺ വെജിറ്റേറിയൻസും ഒക്കെ ഉണ്ടായിരുന്ന ക്യാമ്പിലെ ആ സാമ്പാർ അങ്ങനെ ലോകത്തിലെ തന്നെ ആദ്യ നോൺ വെജിറ്റേറിയൻ സാമ്പാറായി.

Friday, August 28, 2020

സമയത്തെ വരുതിയിലാക്കാൻ

സമയം വളരെ അമൂല്യമാണ്. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഓരോ പീരീഡും ഏത് വിഷയം പഠിക്കണം എന്നതിന് ഒരു ടൈംടേബിൾ ഉണ്ടായിരുന്നു. എന്നാൽ പഠനകാലം കഴിഞ്ഞ് നാം ജീവിതത്തിലേക്ക് ഇറങ്ങിയതോടെ ഈ സമയക്രമം എല്ലാം നമുക്ക് നഷ്ടമായോ? കലാലയ ജീവിതത്തിന് ശേഷമുള്ള യഥാർത്ഥ ജീവിതത്തിൽ അല്ലേ സമയത്തിന് വില കൽപ്പിച്ച് കൊണ്ടുള്ള ക്രമീകൃത ജീവിതം നാം നയിക്കേണ്ടത്?

ദൈവം എല്ലാവർക്കും ഒരു ദിവസത്തിൽ 24 മണിക്കൂർ അനുവദിച്ച് തന്നിട്ടുണ്ട്. പലരും അത് പല വിധത്തിലും ഉപയോഗപ്പെടുത്തുന്നു. ഇപ്പോൾ എല്ലാവർക്കും സമയം ധാരാളമുണ്ട്. സമയം കിട്ടുന്നില്ല എന്ന് പരാതി പറഞ്ഞവർ പലരും സമയം എങ്ങനെ തള്ളി നീക്കും എന്ന ചിന്തയിലാണിപ്പോൾ !

നാലഞ്ച് മാസമായി നമ്മിൽ പലരും വീട്ടിൽ തന്നെ ഇരിപ്പാണ്. കഴിഞ്ഞ് പോയ ദിനങ്ങൾ നാം എങ്ങനെ വിനിയോഗിച്ചു എന്ന് ഇപ്പോൾ ഒന്ന് തിരിഞ്ഞ് നോക്കിയാൽ പലർക്കും ഖേദം തോന്നും. ഇനിയും എത്ര കാലം ഈ അവസ്ഥ തുടരേണ്ടി വരും എന്ന് അറിയാത്തതിനാൽ ഇപ്പഴെങ്കിലും ദൈനംദിന കാര്യങ്ങൾക്ക് നാം ഒരു ടൈം ടേബിൾ ഉണ്ടാക്കുകയാണെങ്കിൽ ഈ സമയം നമുക്ക് ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും.

രാവിലെ എണീറ്റത് മുതൽ രാത്രി കിടക്കുന്നത് വരെ ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളുടെ ഒരു രൂപരേഖ ഉണ്ടാക്കിയാൽ ജീവിതത്തിൽ പല ഫലങ്ങളും ഉണ്ടാക്കാൻ സാധിക്കും. ഒരു ഉദാഹരണം നോക്കൂ. രാവിലെ അഞ്ചരക്ക് ഉണരുന്ന എൻ്റെ ടൈംടേബിൾ ഇപ്രകാരമാണ്.

7.00 - 8.30    പച്ചക്കറി / ചെടി പരിചരണം
8.30 - 9.30    പ്രാതൽ
9.30 - 12.30  ഓൺലൈൻ പഠനം or പഠിപ്പിക്കൽ / സാമൂഹ്യ സേവനം / യൂടൂബ് വീഡിയോ റെക്കാഡിംഗ്
12.30 - 2.30  കുളി, ഉച്ചഭക്ഷണം
2.30 - 3.30   പത്രവായന
3.30 - 4.30   പുസ്തകവായന
4.30 - 5.30  ചായ, വിശ്രമം
5.30 - 7.00  ഷോപ്പിംഗ്, പച്ചക്കറി വിളവെടുപ്പ് , മുറി വൃത്തിയാക്കൽ, ഫോൺ മെമ്മറി ക്ലിയറാക്കൽ, കൃഷി ഒരുക്കം
7.00 - 9.00  വീട്ടുകാരുമൊത്ത്  സമയം പങ്കിടൽ, ക്ലാസ് പരിശീലനം, ഇൻ്റർനെറ്റ് ബ്രൗസിംഗ്, മെയിൽ / fb ചെക്കിംഗ്, ബ്ലോഗിങ്ങ്
9.00 - 9.30   ഭക്ഷണം
9.30 - 10.00  ദിനാവലോകനം

ഓരോ ദിവസവും ഈ ടൈംടേബിൾ പ്രകാരം ചെയ്ത കാര്യങ്ങളും ചെയ്യാൻ കഴിയാത്ത കാര്യങ്ങളും വിശകലനം ചെയ്യണം. ഇത് നാം നമുക്ക് വേണ്ടി ഉണ്ടാക്കിയ ടൈംടേബിൾ ആയതിനാൽ ഇതിൽ നിന്നും ചെറിയ വ്യത്യാസങ്ങൾ വന്നാൽ മറ്റാരോടും അതിൻ്റെ കാരണം ബോധിപ്പിക്കണ്ട. സ്വന്തം മന:സാക്ഷിയോട് ബോധിപ്പിച്ച് പരിഹരിച്ചാൽ മതി. ഒരു പ്രവൃത്തിക്ക് അൽപം സമയം കൂടുതൽ എടുത്താലും ടൈംടേബിൾ തെറ്റി എന്ന് ടെൻഷനടിക്കേണ്ടതില്ല. എന്നാൽ ടൈംടേബിൾ ഒരു ദിശയിലും പ്രവർത്തനം മറ്റൊരു ദിശയിലും ആകാൻ പാടില്ല.

മഹാനായ എബ്രഹാം ലിങ്കൺ പറഞ്ഞു " ഒരു മരം വെട്ടാൻ എനിക്ക് ആറ് മണിക്കൂർ അനുവദിച്ചാൽ അതിൽ നാല് മണിക്കൂറും ഞാൻ എൻ്റെ മഴു മൂർച്ച കൂട്ടാൻ ഉപയോഗപ്പെടുത്തും "' . അതായത് ഒരു കാര്യം പൂർത്തിയാക്കാൻ തന്ന മുഴുവൻ സമയത്തിൻ്റെ മൂന്നിൽ രണ്ട് ഭാഗവും അതിനുള്ള മുന്നൊരുക്കത്തിന് ഉപയോഗപ്പെടുത്തും എന്ന് സാരം. നാം ചെയ്യുന്ന പല കാര്യങ്ങൾക്കും എത്രത്തോളം മുന്നൊരുക്കങ്ങൾ നടത്താറുണ്ട് എന്നൊന്ന് വെറുതെ ആലോചിച്ച് നോക്കൂ.

ഈ ലോക്ക് ഡൗൺ കാലം തിരിഞ്ഞ് നോക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു. ഇങ്ങനെ ഒരു ടൈം ടേബിൾ പ്രകാരം ദിനചര്യകൾ ക്രമീകരിച്ചതിനാൽ നിരവധി കാര്യങ്ങൾ ചെയ്ത് തീർക്കാൻ സാധിച്ചു. വായനയും ഓൺലൈൻ പ0നവും പരിസര ശുചീകരണവും പച്ചക്കറി കൃഷിയും എല്ലാം നടത്താൻ കഴിഞ്ഞു.

എല്ലാവരും ഇങ്ങനെ ഒരു ചെറിയ ജീവിത ചിട്ട ഉണ്ടാക്കി പ്രവർത്തിച്ച് നോക്കു... നിങ്ങളുടെ കൺമുമ്പിൽ അത്ഭുതങ്ങൾ വിരിയും, തീർച്ച.


( വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക ) 77/375

Monday, August 24, 2020

എന്ന് നിൻ്റെ മൊയ്തീൻ

കത്തെഴുത്ത് ഒരു കാലത്ത് ഈ ബ്ലോഗെഴുത്ത് പോലെ ഒരു ഹോബിയായിരുന്നു. അതിൻ്റെ മധുര മനോഞ്ജ ഓർമ്മകൾ പുതുക്കലായിരുന്നു യഥാർത്ഥത്തിൽ "എൻ്റെ മാമാട്ടിക്കുട്ടിയമ്മക്ക് " എന്ന കത്ത്. മൊബൈൽ ഫോണിന് പിന്നാലെ വാട്സാപ്പും കൂടി വന്നതോടെ മഷി  എഴുത്ത് ഇ- എഴുത്തായി മാറി. കലാലയ പടിയിറങ്ങുമ്പോൾ പേടിച്ചും മടിച്ചും അഡ്രസ് ചോദിച്ചിരുന്ന കാലം മാറി. ആർക്കും കിട്ടാവുന്ന തരത്തിൽ വാട്സാപ്പ് നമ്പറും മറ്റും ഷെയർ ചെയ്യുന്ന കാലത്ത് എത്തി നിൽക്കുന്നു .

ശമ്പളമില്ലാത്ത കാലത്ത് ഒരു കത്തെഴുതാൻ ഇൻലൻറ് ഉപയോഗിക്കുന്നത് ദുർവ്യയമായിരുന്നു. എണ്ണിക്കുട്ടി വച്ച തുട്ടുകൾ കൺമുന്നിൽ ഇടിഞ്ഞ് പൊളിഞ്ഞ് വീഴുന്നത് കാണാമായിരുന്നു. 15 പൈസക്ക് ലഭിച്ചിരുന്ന പോസ്റ്റ് കാർഡ് ആയിരുന്നു അക്കാലത്തെ (ഇക്കാലത്തും) ഏക ആശ്വാസം. പക്ഷെ പെൺകുട്ടികൾക്ക് കത്തെഴുതുമ്പോൾ അഭിസംബോധനയിൽ "My Dear ..... " എന്ന് എഴുതണമെങ്കിലും അവസാനം " എന്ന് നിൻ്റെ മൊയ്തീൻ " എന്ന് എഴുതണമെങ്കിലും അൽപം ഒളിയും മറയും ഒക്കെ വേണമായിരുന്നു. മാത്രമല്ല ഈ കത്തുകൾ കിട്ടുന്നത് മിക്കവാറും മാതാപിതാക്കളുടെ കയ്യിലാവും എന്നതിനാൽ പ്രഥമദൃഷ്ട്യാ അവർ ഷോക്കേറ്റ് നിലം പതിക്കരുത് എന്ന മഹാമനസ്കതയും ഉണ്ടായിരുന്നു.

ആൺ കുട്ടികൾക്കാണ് കത്ത് എഴുതുന്നത് എങ്കിൽ പോസ്റ്റ് മാന് സൗകര്യമുണ്ടെങ്കിൽ കൊണ്ടു കൊടുത്താൽ മതി എന്ന രൂപത്തിൽ തന്നെയായിരുന്നു എഴുത്ത്. 15 പൈസ വിലയുള്ള വിസ്തൃതമായ മൈതാനത്ത് നിറക്കാൻ അക്ഷരങ്ങൾക്കൊപ്പം ചിത്രപ്പണികളും നിർബന്ധമായിരുന്നു. ഇന്ന് അതെല്ലാം വെറും ഓർമ്മയായി നിൽക്കുമ്പോഴാണ് കൊണ്ടോട്ടിയിലുള്ള സുഹൃത്ത് നൗഷാദ് അവൻ്റെ ഏതോ ബി നിലവറ തുറന്നത്. പിന്നെ പഴയ ആ ഓർമ്മകളിലേക്കുള്ള ഒരു ഊളിയിടമായിരുന്നു. അന്നത്തെ കൈപ്പടയും എഴുത്തും ഓർമ്മകളും തിരിച്ച് നൽകിയ നൗഷാദിന് ഹൃദയം നിറഞ്ഞ നന്ദി.

Friday, August 21, 2020

യുമ

ലോക്ക് ഡൗൺ തുടങ്ങി രണ്ട് മാസം കഴിഞ്ഞപ്പോഴാണ് ഒരു കെട്ട് പുസ്തകം അട്ടിമറിഞ്ഞ് എൻ്റെ കട്ടിലിൽ വീണത്. 2019 അവസാനത്തിൽ കോഴിക്കോട് നടന്ന ഒരു പുസ്തകമേളയിൽ നിന്ന് വാങ്ങിയവയായിരുന്നു അവ. മുഴുവൻ വായിച്ചിട്ടേ അലമാരിയിലേക്ക് കയറ്റൂ എന്ന തീരുമാനം കാരണം ബെഡ് റൂമിലെ ഷോക്കേസിൽ ലോക്ക്ഡ് ആയി പോയതായിരുന്നു ഈ പുസ്തകങ്ങൾ. എന്നാൽ കൂട്ടത്തിൽ പെടാത്ത ഒരു പുസ്തകം അൽപം മാറി  ക്വാറൻ്റയിനിൽ കിടക്കുന്നത് ശ്രദ്ധയിലേക്ക് പെട്ടെന്ന് ഇടിച്ച് കയറി. പുസ്തകത്തിൻ്റെ അപരിചിതമായ പേരും രചയിതാവിൻ്റെ സുന്ദരി ഫോട്ടോയും മാത്രമായിരുന്നില്ല അതിന് കാരണം. കഥാകൃത്ത് എൻ്റെ നാട്ടുകാരി തന്നെയാണെന്നതാണ്.

പതിനഞ്ച് കഥകളുടെ സമാഹാരമായ ഈ പുസ്തകത്തിലെ ആദ്യ കഥയാണ് യുമ.  " പപ്പാ ... പപ്പ ശരിക്കും ആനിനെ സ്നേഹിച്ചിരുന്നോ?" എന്ന ചോദ്യത്തോടെയുള്ള ആ തുടക്കം തന്നെ വായനക്കാരനെ കഥയിലേക്ക് പിടിച്ച് വലിക്കും. ലണ്ടനിൽ നിന്നും ഡാർജിലിംഗിൽ തിരിച്ചെത്തുന്ന ഒരു സായിപ്പിൻ്റെ കൗമാരക്കാലത്തേക്കുള്ള യാത്രയാണ് കഥയുടെ ഇതിവൃത്തം.

മൂന്നാമത്തെ കഥയായ 'അർവയെ തേടിയ ജനാലകൾ ' വായനക്കാരനിൽ വല്ലാത്തൊരു ആവേശമോ ആകാംക്ഷയോ എന്നറിയില്ല എന്തോ ഒരു അനുഭൂതി കോരി ഇടും. കോളേജിൽ ഒപ്പം പാടിയിരുന്ന വിദേശി സുഹൃത്തിനെ മിഡിൽ ഈസ്റ്റിലേക്കുള്ള യാത്രയിൽ കാണാൻ ആഗ്രഹിക്കുന്നതും നടക്കാതെ പോയ സ്വപ്നം അവസാന ദിവസത്തെ കപ്പൽ യാത്രയിൽ അപ്രതീക്ഷിതമായി പുലരുന്നതും കഥാകാരിയുടെ നെഞ്ചിടിപ്പായി വായനക്കാരന് അനുഭവപ്പെടും.

പതിനഞ്ച് കഥകളിലും സ്ത്രീ സാന്നിദ്ധ്യം ശ്രദ്ധേയമാണ് . മിക്ക കഥകളും സ്ത്രീയെപ്പറ്റി തന്നെയാണ്. അതിലേറെ ആകർഷണീയവും എടുത്ത് പറയേണ്ടതുമായ കാര്യം  കഥ ചുരുളഴിക്കുന്ന രചയിതാവിൻ്റെ കഴിവാണ്. യാത്ര പോകുന്ന സ്ഥലങ്ങളെ ബന്ധപ്പെടുത്തി അവിടത്തെ ഒരു പഴയ സംഭവം പൊടി തട്ടി കഥയാക്കി മാറ്റി എടുക്കുന്ന ആ രചനാശൈലി വളരെ ഹൃദ്യമായി തോന്നി. ഇതേ കഥാകാരിയുടെ "പ്രവാചകൻ്റെ കണ്ണുകൾ " എന്ന പുസ്തകവും സ്വന്താനുഭവങ്ങളുടെ ഒരു ഉള്ള് തുറക്കലായിരുന്നു. എല്ലാ കഥകളും ഇഷ്ടമായില്ലെങ്കിലും ഒരു പിടി നല്ല കഥകളുടെ സമാഹാരം തന്നെയാണ് യുമ.

പുസ്തകം : യുമ 
രചയിതാവ് : നിഗാർ ബീഗം 
പ്രസാധകർ : ഹരിതം  ബുക്‌സ് 
പേജ് : 98
വില : 100 രൂപ

Tuesday, August 18, 2020

കോവിഡ് കാല സന്തോഷങ്ങൾ - 2

ഇതേ തലക്കെട്ടിൽ ജൂലായ് അവസാനം ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു (ഇവിടെ ക്ലിക്കിയാൽ വായിക്കാം - 39). വീണ്ടും ഒരു സന്തോഷം പങ്ക് വയ്ക്കട്ടെ.

ലോക്ക് ഡൗൺ കാലത്തും വീട്ടിലിരിപ്പ് കാലത്തും ഔദ്യോഗിക കർത്തവ്യങ്ങൾ ചെയ്ത ശേഷമുള്ള സമയം ഞാൻ പല വിധത്തിലും വിനിയോഗിച്ചിരുന്നു. അതിൽ ഏറ്റവും പ്രധാനം ജൈവകൃഷിയും വിവിധ കൃഷി പരീക്ഷണങ്ങളുമായിരുന്നു.

 ജൈവകൃഷി നന്നായി വിളവ് തന്നതിനാൽ ഞാനും കുടുംബവും അത് വളരെയധികം ആസ്വദിച്ചു. ഇതോടൊപ്പം തന്നെ കൃഷി രംഗത്തെ വിവിധ മത്സരങ്ങളിലും ഞാൻ പങ്കെടുത്തു. പലതിൻ്റെയും ഫലപ്രഖ്യാപനം വരുമ്പോൾ എന്നെക്കാൾ കേമൻമാരായവർക്ക് സമ്മാനം കിട്ടി. എങ്കിലും അടുത്തതിൽ നേടി എടുക്കാം എന്ന ആത്മവിശ്വാസം എനിക്ക് വീണ്ടും വീണ്ടും പ്രചോദനം നൽകി.

അങ്ങനെ പരപ്പനാട് ഫാർമേഴ്സ് ക്ലബ് , പരപ്പനങ്ങാടി നടത്തിയ മത്സരത്തിൽ പ്രോത്സാഹന സമ്മാനം നേടിക്കൊണ്ട് എൻ്റെ ജൈവ അടുക്കള തോട്ടത്തിന് ആദ്യ അംഗീകാരം നേടി. മൂന്ന് വർഷം കൊണ്ട് കായ്ക്കുന്ന തേൻവരിക്ക പ്ലാവിൻ തൈ ആയിരുന്നു സമ്മാനം (കൃഷിക്ക് നൽകേണ്ട സമ്മാനങ്ങൾ ഇങ്ങനെ തന്നെയായിരിക്കണം). എനിക്ക് വേണ്ടി എൻ്റെ സുഹൃത്ത് ഗോവിന്ദൻ സമ്മാനം ഏറ്റുവാങ്ങി

നാട്ടിലെ യൂത്ത് കോൺഗ്രസ് കമ്മറ്റി മത്സരം തുടങ്ങിയത് വൈകി ആയിരുന്നു. ഒരു രാഷ്ട്രീയ കക്ഷിയുമായും ബന്ധം ഇല്ല എങ്കിലും ജൈവ കൃഷി ആര് നടത്തിയാലും പ്രോത്സാഹനം അർഹിക്കുന്നതിനാൽ ഈ മത്സരത്തിലും ഞാൻ പങ്കെടുത്തു. ഇതിനായി ഒരു കുഞ്ഞ് അടുക്കളതോട്ടം തന്നെ പുതുതായി വിത്തിട്ട് ഉണ്ടാക്കി. എനിക്കത് വരെ, അധികം വിളവ് ലഭിക്കാതിരുന്ന വെണ്ട നന്നായി ഉണ്ടായതിനാൽ ആ കൃഷി ഞങ്ങൾ ഏറെ ആസ്വദിച്ചു. ദിവസങ്ങൾക്ക് മുമ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ ഒന്നാം സ്ഥാനം തന്നെ ലഭിച്ചു.
ഇക്കൊല്ലം കോളേജിൽ NSS ൻ്റെ ചുമതല ഇല്ലാത്തതിനാൽ ആ വഴിയുള്ള അവാർഡ് ഉണ്ടാകില്ല എന്ന ധ്വനിയിൽ കുട്ടികൾ, കഴിഞ്ഞ ഏപ്രിൽ മാസം  ഒരു ട്രോൾ ഇറക്കിയിരുന്നു. അത് ഇപ്പോൾ ഏറെക്കുറെ സത്യമായി പുലർന്നു!

Monday, August 17, 2020

സൌഹൃദം പൂക്കുന്ന വഴികൾ - 8

1999 മുതൽ ആഗസ്ത് മാസം എൻ്റെ വീട്ടിൽ വിശേഷപ്പെട്ടതാണ്. ഞാൻ ജനിച്ചതും എൻ്റെ മൂത്ത മോൾ ജനിച്ചതും ഈ മാസത്തിലാണ് എന്നതാണതിന് കാരണം. ജന്മദിനം ആഘോഷമായി നടത്താറില്ല എന്നതിനാൽ ദിനങ്ങൾ പതിവ് പോലെ കടന്നു പോകും എന്ന് മാത്രം.

എൻ്റെ മുറ്റവും പറമ്പും ഒക്കെ നിറഞ്ഞെങ്കിലും , ജന്മദിനത്തിൽ തൈ വയ്ക്കുന്ന പരിപാടി നിർത്താൻ മനസ്സ് വന്നില്ല. ഉള്ള സ്ഥലത്ത് ഒരു തൈ വയ്ക്കണം എന്ന് പ്ലാൻ ചെയ്ത് നിൽക്കുമ്പോഴാണ് പഴയ പത്താം ക്ലാസ് സഹപാഠി അഷ്റഫ് ഒതായി അവൻ്റെ വീട്ടിൽ വയ്ക്കാൻ ഫലവൃക്ഷത്തൈകൾ ആവശ്യപ്പെട്ടത്. അങ്ങനെ എൻ്റെയും മോളുടെയും ജന്മദിന മരങ്ങളായി പനിനീർ ചാമ്പ, നാരങ്ങ, റെഡ് ചാമ്പ എന്നിവയുടെ തൈകൾ അഷ്റഫിന് കൈമാറി.
കൂടകൾ ഒരുക്കി വിവിധ തരം വിത്ത് പാകി തൈകൾ റെഡി ആക്കി വയ്ക്കുന്ന സ്വഭാവം ഉള്ളതിനാൽ മുള്ളാത്ത, പീനട്ട് ബട്ടർ, ലുബിക്ക എന്നിവയുടെ വിത്ത് ഞാൻ  നട്ടിരുന്നു. അവയിൽ പലതും മുളച്ച് വരുകയും ചെയ്തു. തൈ പരിപാലിച്ച് നട്ടുവളർത്തും എന്ന് ഉറപ്പ് പറയുന്നവർക്ക് നൽകാനും പിന്നെ എന്നെപ്പോലെ വിശേഷ ദിനങ്ങളിൽ തൈ വയ്ക്കുന്നവർക്കും വേണ്ടിയാണ് ഇത് ഒരുക്കുന്നത്.

ഇക്കഴിഞ്ഞ ദിവസം പഴയ PGDCA സഹപാഠി ശബീർ പെരിന്തൽമണ്ണ, വീട്ടിൽ വന്നു. യാദൃശ്ചികമായി അനിയൻ്റെ മുറ്റത്തെ പീനട്ട് ബട്ടറിലെ കായ അവൻ്റെ ശ്രദ്ധയിൽ പെട്ടു . ദിവസങ്ങൾക്ക് മുമ്പ് അവൻ ഇതിൻ്റെ തൈ വാങ്ങി നട്ടത് പങ്ക് വച്ചപ്പോൾ എൻ്റെ ഒരു കൂടയിലെ തൈയും ഉമ്മയുടെ വക മൂന്ന് തൈകളും അവന് നൽകി.
മോളുടെ ജന്മദിന സമ്മാന മരമായി ഒരു സ്റ്റാർ ഫ്രൂട്ട് തൈ ശബീർ തിരിച്ച് എനിക്കും തന്നു. മുമ്പെപ്പഴോ ഞാൻ ചോദിച്ച പ്രകാരം എനിക്ക് വേണ്ടി അവൻ പരിപാലിച്ച് ,എൻ്റെ വീട്ടിൽ വന്ന് എന്നെ അതേല്പിക്കമ്പോൾ സൗഹൃദത്തിൻ്റെ വലക്കണ്ണികളുടെ മുറുക്കം ഞാൻ തിരിച്ചറിയുന്നു. ഓഫ് ലൈൻ സൗഹൃദങ്ങളുടെ മാധുര്യം ഒരിക്കൽ കൂടി നൽകിയ ദൈവത്തിന് സ്തുതി.

മറ്റൊരു PGDCA സൗഹൃദം ഇവിടെ CLICK...

Sunday, August 09, 2020

ചെലോൽത് റെഡ്യാവും...ചെലോൽത് റെഡ്യാവൂല

ചെലോൽത് റെഡ്യാവും
ചെലോൽത് റെഡ്യാവൂല
ഇൻറത് റെഡ്യായിട്ടില്ല
അയ്‌നൊരു കൊയപ്പുല്യ ....

സോഷ്യൽ മീഡിയയും മലയാളി സമൂഹവും ആഘോഷിക്കുകയും ആശീർവദിക്കുകയും തലയിലേറ്റുകയും ചെയ്ത ,10 വയസ്സുകാരനായ ഒരു സാധാരണ പയ്യന്റെ , പരസ്യവാചകം പോലെയുള്ള വാക്കുകളാണിത്.
ഫായിസ് എന്ന കുട്ടിയുടെ ഈ വാക്കുകളിലേക്ക് എല്ലാവരുടെയും ശ്രദ്ധ
എത്തിയത് എങ്ങനെ എന്ന് ഒന്ന് ചിന്തിച്ചു നോക്കേണ്ടതുണ്ട്.

ഫായിസിന്റെ നിഷ്കളങ്കമായ ഗ്രാമീണ ഭാഷയാണ് ശ്രദ്ധ പിടിച്ച് പറ്റാനുള്ള ഒരു പ്രധാന കാരണം.നാട്യങ്ങളില്ലാതെ, അവനത് കൂളായി അവതരിപ്പിച്ചതാണ് ആ വീഡിയോയുടെ മുഖ്യ ആകർഷണം . അഭിനയമോ ജാടയോ ഇല്ലാതെ നാം നാമായി ഒരു കാര്യം അവതരിപ്പിക്കുമ്പോൾ അതിനെ അംഗീകരിക്കാനും ഏറ്റെടുക്കാനും സമൂഹം തയ്യാറാകും.

മറ്റൊരു കാരണം അവൻ മൂന്നാമത് പറഞ്ഞ വാചകമാണ് . 'ഇൻറത് റെഡ്യായിട്ടില്ല'  എന്ന് ഫായിസ് പറയുമ്പോൾ ലോകത്തിന് അത് വലിയൊരു സന്ദേശം നൽകുന്നു.തന്റേത് ശരിയായില്ല എന്ന് മനസ് തുറന്ന് സമ്മതിക്കാൻ അവൻ കാണിച്ച ആർജ്ജവം അഭിനന്ദനം അർഹിക്കുന്നു.ഫായിസ് സ്വയം തോൽവി അംഗീകരിക്കുന്നു എന്നത് ഇന്നത്തെ സമൂഹത്തിന് വലിയൊരു പാഠമാണ് .

'അയ്‌നൊരു കൊയപ്പുല്യ' എന്ന അവസാന വാചകവും ഏറെ ഏറെ ചിന്തനാർഹമാണ്. നാം ചെയ്യുന്ന ഒരു കാര്യം അതിന്റെ ഫലപ്രാപ്തിയിൽ എത്തിയില്ലെങ്കിലും ഒരു കുഴപ്പവുമില്ല. മറ്റൊരാളെ ബാധിക്കാതെ , ചെയ്യുന്ന ആൾക്ക് കുഴപ്പമില്ലെങ്കിൽ പിന്നെ ആർക്കാണ് കുഴപ്പം. എല്ലാവരും നോക്കി
നിൽക്കെ പരാജയപ്പെടുമ്പോഴും ഒരു കുഴപ്പവുമില്ല എന്ന പോസിറ്റീവ് ‌സമീപനം, അതാണ് ആ പയ്യൻ നൽകുന്ന മറ്റൊരു വലിയ പാഠം.

Child is the father of man എന്ന് പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരൻ വില്യം വേഡ്സ് വർത്ത് പറഞ്ഞിട്ടുണ്ട് - കുട്ടിയാണ് മനുഷ്യന്റെ പിതാവ് എന്ന് വാക്കർത്ഥം പറയുമെങ്കിലും കുട്ടികൾ മുതിർന്നവരെ നിരവധി കാര്യങ്ങൾ പഠിപ്പിക്കുന്നു എന്നാണിതിന്റെ സാരാംശം. കേരള സമൂഹത്തിന്  നിരവധി പാഠങ്ങൾ നൽകുന്നതാണ് ഫായിസിന്റെ ആ വീഡിയോ.

പോസിറ്റീവ് സമീപനത്തോടെ, നാം നമ്മളായി ഒരു കാര്യം ചെയ്യുമ്പോൾ
സമൂഹം നമ്മളെ അംഗീകരിക്കുകയും ഏറ്റെടുക്കുകയും ചെയ്യും എന്ന് തീർച്ചയാണ് . അങ്ങനെ മുന്നേറാൻ എല്ലാവർക്കും സാധിക്കട്ടെ എന്നാശംസിക്കുന്നു.

( വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക ) 118/316

Thursday, August 06, 2020

ഒരു ബർത്ഡേ അബദ്ധം

"ഇന്ന് എൻ്റെ ബർത്ഡേ ആണ് ട്ടോ.." ഞാൻ ഭാര്യയെ ഓർമ്മിപ്പിച്ചു.

"അതിനെന്താ? വൃക്ഷത്തൈ നട്ടില്ലേ?" ഭാര്യയുടെ മറു ചോദ്യം

" അത് നട്ടു ...ബട്ട് ..?."

"വേറെ എന്ത് വട്ടാ ഇനി ?" എല്ലാ ജന്മദിനത്തിലും ഒരു വൃക്ഷത്തൈ വയ്ക്കുന്ന എൻ്റെ പ്രത്യേകതരം പിരാന്തിനെ ഭാര്യ അവസരോചിതമായി ഒന്ന് താങ്ങി.

" ഇന്ന് ഉച്ചക്ക് നമുക്ക് ഫ്രൈഡ് റൈസ് ആക്കാം .. ഞാൻ നട്ട ഉളളിയിൽ നിന്നുള്ള തണ്ട് ഉപയോഗിച്ച് ഞാൻ നട്ട മല്ലിയുടെ ഇല കൊണ്ട് ചമ്മന്തി അരച്ച് ഞാൻ.... ''

" ഞാൻ തന്ന ഉള്ളിയും മല്ലിയും നട്ട്, ഞാൻ കത്തിച്ച വിറകിൻ്റെ ചാരവും ഇട്ട്..... " ഭാര്യ ഇടയിൽ കയറി പറയാൻ തുടങ്ങി.

" നിർത്ത് ... നിർത്ത് ... ഞാൻ ഒഴിച്ച വെള്ളം കൊണ്ട് വളർന്ന , ഞാൻ തലോടിയത് കൊണ്ട് പുഷ്ടിപ്പെട്ട..." മോളും രംഗ പ്രവേശനം ചെയ്തു.

" ആ ... ഓകെ... ഓകെ... നമ്മുടെ വീട്ടിലുണ്ടായ ഉള്ളിത്തണ്ടും മല്ലിയിലയും ഉപയോഗിച്ച് നാം ഉണ്ടാക്കുന്ന ഫ്രൈഡ് റൈസ്...'' ഞാൻ വേഗം കോമ്പ്രമൈസാക്കി.


* * * * *


"ഇത് എന്തിൻ്റെ ഇലയാ?" അടുക്കളയിൽ നിന്നുള്ള ചോദ്യം കേട്ട് ഞാൻ ഞെട്ടി. 'മുറ്റത്ത് നിന്ന് വെട്ടിയ ഉള്ളിത്തണ്ടും മല്ലി ഇലയും മാത്രമേ ഞാൻ അവിടെ കൊണ്ടു വച്ചിട്ടുള്ളൂ ... പിന്നെ എന്താ ഈ ചോദ്യം?'

"അത്.... ഒന്ന് ഉള്ളിത്തണ്ട്..."

"അത് മനസ്സിലായി.. "

" മറ്റേത്... മല്ലിച്ചെപ്പ് എന്ന് നീ വിളിക്കുന്ന മല്ലിയില ...."

"ഇത് കാരറ്റിൻ്റെ ഇലയാ മനുഷ്യാ... "

" ങേ ! മല്ലി നട്ടാൽ കാരറ്റ് മുളക്കുമോ? "

"മല്ലിയില അടുക്കളപ്പടി കടന്നാൽ അയൽവാസി വരെ അറിയും... ഇത് ഒരു വാസനയും ഇല്ലല്ലോ .. "

"ങേ ! ഇനി ഞാൻ പറിച്ച് വച്ചത് വെണ്ടയുടെ ഇലയെങ്ങാനുമാണോ?" ഞാൻ വേഗം അടുക്കളയിലേക്കോടി.

എന്നോ കൊണ്ടു വച്ച മല്ലിച്ചെപ്പിൻ്റെ അവശിഷ്ടം ഫ്രിഡ്ജിൽ നിന്നെടുത്ത് ഭാര്യ എൻ്റെ മൂക്കിനോടടുപ്പിച്ചു. അതിൻ്റെ വാസന എൻ്റെ ആന്തരികാവയവങ്ങളെ മുഴുവൻ ഉണർത്തി. ശേഷം ഞാൻ കൊണ്ടു വച്ച ഇല ഒന്ന് പിച്ചി കയ്യിലിട്ട് ഞെരിച്ച് അതും എൻ്റെ മൂക്കിൻ തുമ്പത്ത് കാണിച്ച് തന്നു. രൂക്ഷഗന്ധം കാരണം എനിക്ക് ഓക്കാനം വന്നു.

" എടീ ... അല്ലെങ്കിലും മല്ലിയില കൊണ്ടുള്ള ചമ്മന്തി ചെലോൽക്ക് ഇഷ്ടാവും ചെലോൽക്ക് ഇഷ്ടാവൂല... അയ്നൊരു കൊയപ്പുല്ല... ഞമ്മക്ക് തേങ്ങ ചമ്മന്തി ആക്കാം .. "

'മല്ലിയില ' യും എടുത്ത് ഞാൻ മുറ്റത്തേക്കിറങ്ങി.നാലഞ്ച് ചട്ടികളിൽ വളർന്ന് വരുന്ന സോ കാൾഡ് മല്ലിച്ചെടിയുടെയും ഇലയുടെയും ക്ലോസപ്പും കാൻറിഡും ഒക്കെ പകർത്തി നേരെ ഫേസ്ബുക്ക് തുറന്നു.

" Happy Birthday " സൂക്കറണ്ണൻ എൻ്റെ ബർത്ഡേ കൃത്യമായി ഓർമ്മിച്ച് വച്ചതിൽ അഭിമാനം തോന്നി.

എൻ്റെ പ്രശ്നം പരിഹരിക്കാൻ അണ്ണനെ തന്നെ ഏൽപിച്ചു. ഞാനംഗമായ എല്ലാ കൃഷി ഗ്രൂപ്പിലും പ്രതിയുടെ ഫോട്ടോ പതിച്ചു. അടുക്കളയിൽ തോറ്റതിന് ഫേസ് ബുക്കിൽ എന്നല്ലേ ? അവിടെ ഇപ്പോൾ ഗൾഫ് യുദ്ധത്തിൽ ഇറാഖ്‌ - കുവൈത്ത് അതിർത്തിയിൽ മിസൈൽ പാഞ്ഞിരുന്ന പോലെ അഭിപ്രായങ്ങൾ പായുകയാണ് ....

ബർത്ഡേക്ക് ഇനി ഒരു വെടിക്കെട്ട് വേറെ വേണ്ട.

                                                              ഇതാണ് ആ പ്രതി

Tuesday, August 04, 2020

കുട്ട്യേടത്തി

             കുട്ട്യേടത്തി എന്ന പുസ്തകത്തിന്റെ മുഖചിത്രം കണ്ട ഞാൻ അതൊരു പ്രിന്റിംഗ് മിസ്റ്റേക് ആണെന്നായിരുന്നു ധരിച്ചിരുന്നത്.പക്ഷെ കുട്ട്യേടത്തി എന്ന ദു:ഖ കഥാപാത്രത്തെ വരക്കേണ്ട രീതിയിൽ വരച്ചതാണത് എന്ന് കഥ വായിച്ച് കഴിഞ്ഞാൽ മനസ്സിലാകും. മനസ്സിൽ ഒരു നൊമ്പരം ഉണ്ടാക്കിയാണ് കുട്ട്യേടത്തി ഈ ലോകത്തെ വാസം അവസാനിപ്പിക്കുന്നത്.കുട്ട്യേടത്തി ,അന്തിവെളിച്ചം , കടലാസുതോണികൾ , കരിയിലകൾ മൂടിയ വഴിത്താരകൾ , സ്നേഹത്തിന്റെ മുഖങ്ങൾ എന്നീ അഞ്ചു കഥകളുടെ സമാഹാരമാണ് ഈ കൃതി.

              ആദ്യ കഥ പ്രതീക്ഷിച്ച പോലെ അവസാനിക്കുമ്പോൾ രണ്ടാമത്തെ കഥയാ അന്തി വെളിച്ചം ഒരു അപ്രതീക്ഷിത സംഭവത്തിലൂടെ വഴി മാറുന്നു. കടലാസു തോണികൾ എന്ന മൂന്നാമത്തെ കഥയാണ് ഞാൻ ആദ്യം വായിച്ചത്. കഥയുടെ പുരോഗമനം രസകരമായ ഒരു രീതിയായി അനുഭവപ്പെട്ടു. കരിയിലകൾ മൂടിയ വഴിത്താരകൾ എന്ന കഥ പഴയ കാലത്ത് സംഭവിച്ചിരിക്കാൻ സാധ്യതയുള്ള ഒന്ന് തന്നെയാണ്.ഇതിലെ അച്ഛനും മകനും തമ്മിൽ നടക്കുന്ന സംസാരത്തിനിടയിൽ വായനക്കാരന്റെ ഹൃദയം പെരുമ്പറ കൊട്ടും . സ്നേഹത്തിന്റെ മുഖങ്ങൾ എന്ന അവസാന കഥയും  നൊമ്പരം പടർത്തിയാണ് അവസാനിക്കുന്നത്.

               രണ്ട് കാലഘട്ടങ്ങളിൽ എഴുതിയതാണെങ്കിലും, ഞാൻ ഇതിന് തൊട്ടു മുമ്പ് വായിച്ച ടാഗോറിൻ്റെ കാബൂളിവാലയും എം.ടി യുടെ കുട്ട്യേടത്തിയും വായനക്കാരന് നൽകുന്നത് ഒരേ അനുഭവമാണോ എന്നൊരു സംശയം ഉദിക്കുന്നു. രണ്ടും വായിച്ചവർ അവരുടെ അനുഭവം പങ്ക് വയ്ക്കുമല്ലോ.
മനുഷ്യജീവിതമെന്ന മഹാനൊമ്പരത്തെക്കുറിച്ച് മലയാള ഭാവനയിൽ ഉണ്ടായ ഏറ്റവും നല്ല കഥകളിൽ ചിലത് എന്ന പുറം കുറിപ്പ് അർത്‌ഥപൂർണ്ണമാക്കിയ കൃതിയാണ് കുട്ട്യേടത്തി.

പുസ്തകം : കുട്ട്യേടത്തി
രചയിതാവ് : എം ടി വാസുദേവൻ നായർ
പ്രസാധകർ : കറന്റ് ബുക്‌സ് 
പേജ് : 69
വില : 70 രൂപ