Pages

Tuesday, April 30, 2019

പുസ്തകലോകത്തേക്ക്... (അവധിക്കാലം-6)

              ഒരു വർഷത്തെ പാഠ്യപുസ്തക ലോകത്തിൽ നിന്നും കര കയറുന്ന സമയമാണ് പലർക്കും വേനലവധിക്കാലം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം വായനയുടെ പുതിയൊരു ലോകത്തിലേക്കുള്ള കാൽ‌വയ്പ്പായിരുന്നു വേനലവധിക്കാലങ്ങൾ. വീട്ടിൽ ബാപ്പ ഒരുക്കിയ പുസ്തകങ്ങളുടെ ലോകത്തേക്ക് സ്വസ്ഥമായി ഇറങ്ങിത്തിരിക്കാൻ പറ്റുന്ന കാലം. മതവും ശാസ്ത്രവും കഥയും കുഞ്ഞ് കുഞ്ഞ് നോവലുകളും അടങ്ങിയ വായനയുടെ ഈ വസന്തത്തിലേക്ക് ചേക്കേറാൻ ഞങ്ങൾക്ക് ഏറെ ഇഷ്ടമായിരുന്നു. കാരണം, വായിച്ച കാര്യങ്ങളിൽ നിന്ന് ചോദ്യമില്ല , മുഷിപ്പ് തോന്നുമ്പോൾ നിർത്താം , ആ ഭാഗം ഉപേക്ഷിച്ച് മറ്റു ഭാഗത്തേക്ക് നീങ്ങാം തുടങ്ങീ നിരവധി ആനുകൂല്യങ്ങൾ ഉള്ള വായനയായിരുന്നു അത്.

             വീട്ടിലെ ലൈബ്രറി ഞങ്ങളുടെ വായനക്ക് തികയില്ല എന്നതു കൊണ്ടോ അതല്ല ഞങ്ങളുടെ പ്രായത്തിനും ഇഷ്ടത്തിനും അനുസരിച്ചുള്ള പുസ്തകങ്ങൾ കുറവായതിനാ‍ലാണോ എന്നറിയില്ല അവധിക്കാലം തുടങ്ങി രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം തന്നെ ബാപ്പ ഞങ്ങളെ അദ്ദേഹം പഠിപ്പിച്ചിരുന്ന അരീക്കോട് ഗവ. ഹൈസ്കൂളിലേക്ക് പറഞ്ഞയക്കും. അവിടെ ലൈബ്രറിയിൽ നിന്നും ആവശ്യമായ പുസ്തകങ്ങൾ എടുക്കാനാണ് രണ്ട് രണ്ടര കിലോമീറ്റർ നടന്നുള്ള പൊരിവെയിലത്തെ ഈ യാത്ര. അങ്ങനെയുള്ള ഒരു യാത്രയിലെ കശുവണ്ടിക്കാലത്താണ് ബാര്‍ട്ടര്‍ സമ്പ്രദായം നടപ്പിലാക്കുന്നത് ഞാന്‍ ആദ്യമായി  കണ്ടത്.

          ഒരിക്കല്‍ വെയിലേറ്റ് തളര്‍ന്ന് ഒരു മരത്തിന്റെ തണലില്‍ ഞാനും അനിയനും അല്പനേരം ഇരുന്നു. മണ്ണില്‍ ചമ്രം പടിഞ്ഞ് മരത്തില്‍ ചാരി ഇരിക്കാന്‍ വല്ലാത്തൊരു സുഖം തന്നെയായിരുന്നു. ഏറ്റവും പുതിയ കുപ്പായമായിരുന്നു അന്ന് ധരിച്ചിരുന്നത്. തിരിച്ച് വീട്ടില്‍ എത്തിയപ്പോള്‍ കുപ്പായത്തിന്റെ പുറത്ത് ഒത്ത നടുവിലായി നല്ലൊരു വട്ടത്തില്‍ കറ പിടിച്ചിരുന്നു. അന്ന് ഞാന്‍ ചാരിയിരുന്നത് ഒരു റബ്ബര്‍ മരത്തിലായിരുന്നു. വളരെക്കാലം കറ പിടിച്ച ആ കുപ്പായം ധരിച്ച് തന്നെ ഞാന്‍ സ്കൂളില്‍ പോയി.

               വേനലവധിക്കാലം കുട്ടികളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചക്കും വികാസത്തിനും ഉപകരിക്കുന്ന വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ എന്റെ പ്രിയ പിതാവ് എന്തൊക്കെ ചെയ്തിരുന്നോ അതൊക്കെ എന്റെ മക്കള്‍ക്കും നല്‍കാന്‍ ഞാന്‍ ഏറെ ശ്രദ്ധിക്കുന്നുണ്ട്. അന്നത്തെപ്പോലെ മറ്റു സ്കൂള്‍ ലൈബ്രറി ഉപയോഗിക്കാന്‍ സാധിക്കില്ല എന്നതിനാലും കുട്ടികള്‍ റിസ്ക് എടുക്കാന്‍ തയ്യാറാകാത്തതിനാലും ഞാന്‍ ഒരു ഹോം ലൈബ്രറി തന്നെ സ്ഥാപിച്ചു. ഈ വേനലവധിയുടെ തുടക്കത്തില്‍ തന്നെ കുടുംബ സമേതം ഡി.സി.ബുക്സില്‍ പോയി കുട്ടികളുടെ ഇഷ്ടപ്രകാരമുള്ള കുറെ പുസ്തകങ്ങളും വാങ്ങി. അതും മുമ്പ് വാങ്ങിയ പുസ്തകങ്ങളും വായിച്ച് മൂത്തവര്‍ രണ്ടു പേരും അവധി ഉപയോഗപ്പെടുത്തുമ്പോള്‍ ഇളയവര്‍ രണ്ട് പേരും അത് കണ്ട് വളര്‍ന്ന് വരുന്നു. സന്ദര്‍ശകരായി വരുന്ന പലര്‍ക്കും വീട്ടിലെ ഈ ലൈബ്രറി ഒരു പ്രചോദനവും ആയിക്കൊണ്ടിരിക്കുന്നു.

(തുടരും...)

Monday, April 29, 2019

കശുവണ്ടിക്കാലം (അവധിക്കാലം - 5)

                 കടലക്കച്ചോടം  പൂട്ടിയതോടെ പുതിയ വരുമാന മാർഗ്ഗം തേടേണ്ടത് അത്യാവശ്യമായി മാറി. ഇല്ലെങ്കിൽ പഴയ പോലെ നാണക്കേട് ഏൽക്കേണ്ടി വരും. അപ്പോഴാണ് ബാപ്പ എന്നെയും അനിയനെയും ഒരു വൻ ‘കർത്തവ്യം‘ ഏൽപ്പിച്ചത്.

                 ഞങ്ങൾ താമസിക്കുന്ന പറമ്പിന് പുറമെ അരീക്കോട് എം.എസ്.പി ക്യാമ്പിന്റെ ഇരു വശങ്ങളിലുമായി ഒരു ഏക്കറോളം സ്ഥലം കൂടി
 ഉണ്ടായിരുന്നു. തെങ്ങും വാഴയും മാവും കശുമാവും ഒക്കെ ആയിരുന്നു രണ്ട് പറമ്പിലെയും മുഖ്യതാരങ്ങൾ. തെങ്ങിനെയും വാഴയെയും പരിപാലിക്കാൻ ബാപ്പ ആളെ ഏർപ്പാടാക്കും. മാവും കശുമാവും പടച്ചോന്റെ കാരുണ്യത്താൽ വളർന്ന് വലുതായി.

                 കശുമാവ് പൂക്കുമ്പോള്‍ തന്നെ പലരും വീട്ടില്‍ വരാന്‍ തുടങ്ങും. കശുമാവ് പാട്ടത്തിന് എടുക്കാനാണ് അവര്‍ വരുന്നത് എന്ന് അന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അതായത് മുഴുവന്‍ മരത്തിലും ഉണ്ടാകാന്‍ പോകുന്ന കശുവണ്ടിക്ക് ഒരു മതിപ്പ് വില കണക്കാക്കി അത് ബാപ്പയെ ഏല്‍പ്പിക്കും. പിന്നെ ആ വര്‍ഷത്തെ കശുവണ്ടി മുഴുവന്‍ അവര്‍ക്കുള്ളതാണ്. 500 രൂപയോ അതിലും അല്പം കൂടുതലോ ആണ് എല്ലാ വര്‍ഷവും നല്‍കിയിരുന്നത്. ബാപ്പാക്കും ഞങ്ങള്‍ക്കും ഈ വില കണക്കാക്കാന്‍ അറിയാത്തതിനാല്‍ പാട്ടത്തിനെടുക്കുന്നവര്‍ക്ക് വന്‍‌ലാഭമുള്ള പരിപാടിയായിരുന്നു ഇത്.കിട്ടുന്നത് ലാഭം എന്നതു കൊണ്ട് ബാപ്പ തൃപ്തിയടഞ്ഞു.  പക്ഷേ ആ വര്‍ഷം കശുവണ്ടി പെറുക്കി വില്‍ക്കല്‍ ഞങ്ങളുടെ ജോലിയായി ബാപ്പ നിശ്ചയിച്ചു. വിറ്റു കിട്ടുന്ന പണം മുഴുവന്‍ ഞങ്ങള്‍ക്ക് എടുക്കാം എന്നു കൂടി കേട്ടപ്പോള്‍ ഞങ്ങള്‍ക്ക് കൂടുതല്‍ ഉത്സാഹമായി.

                    അങ്ങനെ ചെറിയൊരു തോട്ടിയും വലിയൊരു സഞ്ചിയും കൊണ്ട് ഒന്നിടവിട്ട ദിവസങ്ങളില്‍ ഞങ്ങള്‍ രണ്ട് പറമ്പിലും പോകും.ആദ്യം കശുമാവിന്റെ താഴെ വീണുകിടക്കുന്ന മാങ്ങയില്‍ നിന്നും കശുവണ്ടി പിഴുത് എടുക്കും.പിന്നെ അനിയന്‍ മരത്തില്‍ കയറി കിട്ടാവുന്നതെല്ലാം പറിക്കും (എനിക്ക് മരത്തില്‍ കയറാന്‍ പേടിയായിരുന്നു). അവന്‍ പറിച്ചിടുന്നതെല്ലാം പെറുക്കിയെടുക്കലായിരുന്നു എന്റെ ജോലി. താഴെ വീണ മുഴുവന്‍ കശുവണ്ടിയും തെരഞ്ഞ് പിടിച്ച് ഞങ്ങള്‍ പെറുക്കും .കരിയിലകള്‍ നീക്കിയും വള്ളിപ്പടര്‍പ്പുകള്‍ കുലുക്കിയും മുഴുവന്‍ ശേഖരിച്ചു എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് പലപ്പോഴും തിരിച്ചു പോരാറ്‌. അത്യാവശ്യം കാണാന്‍ മൊഞ്ചുള്ള കശുമാങ്ങ കുറെ അവിടെ നിന്ന് തന്നെ തിന്നും, കുറച്ച് വീട്ടില്‍ നിന്ന് തിന്നാന്‍ സഞ്ചിയിലാക്കും.

                  വവ്വാല്‍ കടിച്ചതോ ചീഞ്ഞതോ ആയ കശുമാങ്ങയില്‍ നിന്നും അടര്‍ത്തുന്ന കശുവണ്ടിയുടെ മൂട്ടില്‍ മാങ്ങയുടെ അംശം അല്പം ഉണ്ടാകും. കൂടാതെ പറിക്കലിനിടയില്‍ എട്ടോ പത്തോ പച്ച അണ്ടിയും വീണിട്ടുണ്ടാകും. ഇവയെല്ലാം വെയിലത്തിട്ട് ഉണക്കിയ ശേഷമേ കടയില്‍ വില്‍ക്കാന്‍ പറ്റൂ.അങ്ങനെ രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍, വാഴയില്‍ പള്ളിയുടെ സമീപത്തുണ്ടായിരുന്ന മലഞ്ചരക്ക് ശേഖരണ പീടികയില്‍ കൊണ്ടു പോയി കൊടുക്കും. അത്യാവശ്യം നല്ലൊരു സംഖ്യ കശുവണ്ടി വില്പനയിലൂടെ ഞങ്ങള്‍ സ്വരൂപിച്ചു. ഇത്രയും കാലം പാട്ടത്തിന് നല്‍കിയതിലൂടെയുണ്ടായ നഷ്ടം അതോടെ ഞങ്ങള്‍ക്ക് മനസ്സിലായി.

                ചില ദിവസങ്ങളില്‍ എനിക്ക് മടി പിടിക്കും. പറമ്പില്‍ ഒറ്റക്ക് പോകാന്‍ എനിക്ക് പേടിയായിരുന്നു. പക്ഷേ അനിയന്‍ ഒറ്റക്ക് പോകും. അങ്ങനെയുള്ള ദിവസങ്ങളില്‍ ശേഖരിക്കുന്ന കശുവണ്ടിയുടെ കാല്‍ ഭാഗത്തിന്, പണിക്ക് പോകാത്ത എനിക്ക് അര്‍ഹത ഉണ്ടാക്കുന്ന ഒരു നിയമം ഞാന്‍ തന്ത്രത്തില്‍ പാസാക്കി എടുത്തിരുന്നു!  പത്താം ക്ലാസ് കഴിയുന്നത് വരെ എല്ലാ വര്‍ഷവും ഞാനും അനിയനും തന്നെ കശുവണ്ടി ഏറ്റെടുത്തു. അതിലൂടെ നല്ല വരുമാനവും നേടി.

                 കശുവണ്ടിക്ക് പുറമെ പലതരം മാങ്ങകളും പറമ്പില്‍ ഉണ്ടായിരുന്നു. കോഴിക്കോടന്‍ മാങ്ങ എന്നറിയപ്പെടുന്ന മാങ്ങ ഏതോ ഒരു വര്‍ഷം മൂന്ന് ചാക്കില്‍ നിറച്ച് കൊണ്ടുവന്നത് എന്റെ ഓര്‍മ്മയിലുണ്ട്. ഞാനും അനിയനും കൂടി പോയി ഒരു ചക്ക കൊണ്ടു വന്നത് ഇപ്പോള്‍ ഓര്‍മ്മിക്കുമ്പോള്‍ ചിരി പൊട്ടും (അത് വായിക്കാന്‍ ഇവിടെ ക്ലിക്കുക)  128

                 കുട്ടിക്കാലത്തെ ഒരു വേനലവധിയിൽ കശുവണ്ടി കൊടുത്ത് മോരും വെള്ളം വാങ്ങിയ ഒരു കഥ ഇതാ ഇവിടെയുണ്ട്.

(തുടരും...)

Tuesday, April 23, 2019

ലുലു മോളുടെ കന്നി വോട്ട്

              പതിനേഴാം ലോക സഭയിലേക്കുള്ള വോട്ടെടുപ്പ് സമയം പൂര്‍ത്തിയായി. വോട്ടെടുപ്പ് എല്ലായിടത്തും കഴിഞ്ഞോ എന്ന് കൃത്യമായി അറിയില്ല. 2014 ലെ ലോക സഭാ തെരെഞ്ഞെടുപ്പിനും അതിന്റെ വോട്ടെണ്ണലിനും 2015ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനും പിന്നെ അതിനും മുമ്പ് നടന്ന മിക്ക തെരഞ്ഞെടുപ്പുകള്‍ക്കും സ്തുത്യര്‍ഹമായ സേവനം അര്‍പ്പിച്ചിരുന്നതിനാല്‍ ഇത്തവണയും ഡ്യൂട്ടി ഞാന്‍ ഉറപ്പിച്ചിരുന്നു. ആദ്യ ലിസ്റ്റില്‍ പേരില്ല എന്ന സത്യം അറിഞ്ഞ് ശ്വാസം വിടുന്നതിന് മുമ്പെ അടുത്ത ലിസ്റ്റ് വന്നു.അതിലും പേരില്ല എന്നറിഞ്ഞ് ഒന്നു കൂടി തെരഞ്ഞ് നോക്കി. ഇത്തവണ കമ്പ്യൂട്ടര്‍ ആണ് ഡ്യൂട്ടിക്കുള്ളവരെ തെരഞ്ഞെടുക്കുന്നത് എന്നതിനാല്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ആയ എന്നെ ഒഴിവാക്കിയതായിരിക്കും എന്ന് സമാധാനിച്ചു.

             കോളെജിലെ ലെക്ചര്‍ തസ്തികയിലെ എല്ലാവരും ഒഴിവാക്കപ്പെട്ടതിനാല്‍ ഒരു ലിസ്റ്റ് അപ്പാടെ എവിടെയോ വീണുപോയോ എന്ന് പലരും സംശയിച്ചു. ഉദ്യോഗസ്ഥര്‍ക്കുള്ള ഒന്നാം ഘട്ട ക്ലാസ് കഴിഞ്ഞപ്പോള്‍ ലിസ്റ്റ് വീണ്ടും തയ്യാറാകുന്നതായി വിവരം കിട്ടി. രണ്ടാമത്തെ ക്ലാസിനുള്ള കത്ത് ലഭിച്ചതിന്റെ കൂടെ വന്ന ലിസ്റ്റിലും ഞാന്‍ പെട്ടില്ല. തൊട്ടടുത്ത ദിവസം മൈക്രോ ഒബ്സെര്‍വര്‍മാരായി നിയമിച്ചു കൊണ്ടുള്ള ഒരു നെടു നീളന്‍ ലിസ്റ്റ് കൂടി വന്നു.നേരത്തെ രക്ഷപ്പെട്ട എല്ലാ പുരുഷ പ്രജകളും അതില്‍ ഉള്‍പ്പെട്ടപ്പോള്‍ എന്റെ പേര് അതിലും കണ്ടില്ല !

              അങ്ങനെ,  എന്റെ പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അരീക്കോട് ജി.എം.യു.പി സ്കൂളിലെ ബൂത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ വോട്ട് രേഖപ്പെടുത്തി.
              കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് ലോകസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വവും പ്രിയങ്കാ ഗാന്ധിയുടെ അരീക്കോട് സന്ദര്‍ശനവും കൊണ്ട് എന്നും ഓര്‍മ്മിക്കപ്പെടുന്ന ഈ തെരഞ്ഞെടുപ്പിലൂടെ എന്റെ മൂത്ത മകള്‍ ലുലു കന്നി വോട്ടും രേഖപ്പെടുത്തി.


Monday, April 22, 2019

മുട്ടായി കച്ചോടം(അവധിക്കാലം - 4)

                  പലരും ബിസിനസിന്റെ ബാലപാഠങ്ങള്‍ പഠിക്കുന്നത് വേനലവധിക്കാലത്ത്  നടത്തുന്ന ചെറിയ കച്ചവടങ്ങളിലൂടെയാണ്.“മുട്ടായി കച്ചോടം“ ആണ് ഇതില്‍ പ്രധാനം. നാരങ്ങാ മിഠായിയും കടിച്ചാ പറിച്ചിയും തേന്‍ മിഠായിയും ഒക്കെ ആയിരുന്നു അക്കാലത്തെ പ്രധാന മിഠായികള്‍. അഞ്ചോ  പത്തോ പൈസ ആണ് മിഠായിയുടെ വില. സ്വന്തം സമ്പാദിക്കുന്നതിനായതിനാല്‍ ആ പൈസക്ക് നല്ല ‘വില’ ഉണ്ടായിരിക്കും. റോഡ് വയ്ക്കില്‍ പൂര്‍ത്തിയാകാത്ത കുറ്റിപ്പുരയും അതില്‍ ഒരു തക്കാളിപ്പെട്ടിയും വച്ചായിരുന്നു അക്കാലത്തെ ‘പീടിക’ ഉണ്ടാക്കിയിരുന്നത്.

               വേനലവധിയിലെ കച്ചവടത്തിന്റെ പൊരുള്‍ എനിക്ക് ആദ്യം പിടി കിട്ടിയിരുന്നില്ല. ചുമ്മാ സമയം കളയാനുള്ള ഒരു ഏര്‍പ്പാട് എന്നായിരുന്നു എന്റെ ധാരണ. എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളായിരുന്നു പലപ്പോഴും ഈ കച്ചവടം നടത്തിയിരുന്നത് എന്ന് പിന്നീട് മനസ്സിലായി. അവര്‍ക്ക് അടുത്ത അധ്യയന വര്‍ഷത്തെ പുസ്തകവും നോട്ടുപുസ്തകവും സ്ലേറ്റും മറ്റും വാങ്ങാനുള്ള സമ്പാദ്യമായിരുന്നു അത്. ബാപ്പയും ഉമ്മയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നതിനാല്‍ ഈ ബുദ്ധിമുട്ട് ഞാന്‍ അറിഞ്ഞിരുന്നില്ല.

              അവധിക്കാലത്ത് നിരവധി നാടന്‍ കളികളും അരങ്ങേറും. പ്രത്യേകിച്ച് പണച്ചെലവൊന്നും ഇല്ലാത്തവയായിരുന്നു ആ കളികള്‍ എല്ലാം. എന്നാല്‍ പന്തുകളിക്ക് പന്തും ഷട്ടില്‍ കളിക്ക് ഷട്ടില്‍ കോക്കും കാശ് കൊടുത്ത് വാങ്ങണം. അതിന് കളിക്കാര്‍ക്കിടയില്‍ പണപ്പിരിവ് നടത്തും. എനിക്കും അനിയനും ഇത്തരം ആവശ്യങ്ങള്‍ക്ക് വീട്ടില്‍ നിന്ന് പണം അനുവദിച്ചു തരാത്തതിനാല്‍ കൂട്ടുകാര്‍ക്കിടയില്‍ നാണം കെടാറുണ്ടായിരുന്നു. കളി തുടങ്ങിയാല്‍ പണം കൊടുത്തവര്‍ക്ക് കൂടുതല്‍ നേരം കളിക്കാന്‍ അവസരം കിട്ടുന്നതിനാല്‍ ഞങ്ങള്‍ രണ്ടാം നമ്പറ് ആകും. ഈ നാണക്കേടില്‍ നിന്നും രക്ഷപ്പെടാന്‍ ഞങ്ങളും അങ്ങനെ വേനലവധിയില്‍ കച്ചവടം തുടങ്ങി.

              കടല വറുത്ത് വില്‍ക്കലായിരുന്നു ഞങ്ങള്‍ ആരംഭിച്ച കച്ചവടം. പറമ്പില്‍ മൂന്നാല് കല്ല് അടുക്കി വച്ച് കടലാസും ഓലക്കൊടിയും വച്ച് കത്തിച്ച് അതിന് മുകളില്‍ ചട്ടിയില്‍ മണലിട്ട്  ചൂടാക്കി കടല വറുക്കുന്നത് ആര് പഠിപ്പിച്ചതാണെന്നോര്‍മ്മയില്ല. വറുത്ത രണ്ടര കടല വീതം പൊളിക്കാതെ ഒരു കൂട്ടമാക്കി ചാക്കില്‍ നിരത്തി വച്ച് റോഡ് സൈഡില്‍ ഇരിക്കും. ഒരു കൂട്ടത്തിന് അഞ്ചു പൈസ ആയിരുന്നു വില. ചിലര്‍ മൂന്നും നാലും കൂട്ടം ഒന്നിച്ച് വാങ്ങും.

               സ്കൂളിലെയോ മദ്രസയിലെയോ അധ്യാപകരോ സഹപാഠികളോ റോഡ് വയ്ക്കത്തിരുന്നുള്ള ഈ കച്ചവടം കാണുന്നത് ഒരു കുറച്ചിലായാണ് എനിക്ക് തോന്നിയിരുന്നത്. അതിനാല്‍ തന്നെ അവരാരെങ്കിലും വരുന്നത് കണ്ടാല്‍ ഞാന്‍ മെല്ലെ തിരിഞ്ഞിരിന്ന് കച്ചവടം അനിയനെ ഏല്‍പ്പിക്കും ! പരിചയം കടം പറച്ചിലിനും കാരണമായേക്കും എന്നതിനാല്‍ ഇത് ഒരു രക്ഷാ മാര്‍ഗ്ഗം കൂടിയായിരുന്നു.

              ഒരു ദിവസം കച്ചവടം പെട്ടെന്ന് തീര്‍ന്നു. അന്ന് അങ്ങാടിയില്‍ പോയി കൂടുതല്‍ കടല വാങ്ങിക്കൊണ്ട് വന്ന് വേഗം വറുത്തു. വറുത്ത കടല ചൂടായിരുന്നതിനാല്‍ കച്ചവടത്തിന് നിരത്താന്‍ സമയം പിടിക്കും എന്ന് തോന്നി. കടല വെള്ളത്തിലിട്ട് തണുപ്പിക്കുക എന്ന ആശയം എന്റെ തലയിലാണോ അതോ അനിയന്റെ തലയിലാണോ ഉദിച്ചത് എന്നോര്‍മ്മയില്ല. ആ കടല മുഴുവന്‍ ‘വെള്ളത്തിലായി’ കച്ചവടം പൂട്ടി !പക്ഷേ അത് പുതിയൊരു വരുമാന മാര്‍ഗ്ഗം തുറന്ന് തന്നു.

(തുടരും....)

Wednesday, April 17, 2019

കുറ്റിപ്പുര പുരാണം (അവധിക്കാലം-3)

                  ഞങ്ങളുടെ കുട്ടിക്കാല വിനോദങ്ങളില്‍ ഒന്നായിരുന്നു ‘കുറ്റിപ്പുര’ കെട്ടല്‍. വേനലവധിക്കാലത്ത് കളിക്കാനായി നിര്‍മ്മിക്കുന്ന താൽകാലിക പുരകളാണിത്. 

                  കുറ്റിപ്പുര കെട്ടുന്നത് സംഘടിത ശക്തിയുടെ പിൻ‌ബലത്തിലാണ്. പുര കെട്ടാൻ അതിന്റെ ‘സ്ട്രക്ചർ’ ആദ്യം ഉണ്ടാക്കണം. അതിന് ബലമുള്ള തൂണുകൾ വേണം. അത്യാവശ്യം ബലമുള്ള ശീമക്കൊന്നയുടെ കമ്പുകളാണ് നാലു മൂലയിലും തൂണായി നാട്ടുന്നത്. നടുവിൽ ബലം കുറഞ്ഞ മൂന്ന് കമ്പുകളും നാട്ടും. രണ്ട് മുറികളായി തിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിൽ ഒന്ന് ‘ബെഡ് റൂമും’ മറ്റേത് അടുക്കളയും ആയിരിക്കും. തൂണുകൾ തമ്മിൽ ചെറിയ കമ്പുകൾ വച്ച് ചാക്കുനൂലു കൊണ്ട് ബന്ധിപ്പിക്കും. പിന്നെ പുര മേയും . മേല്‍ക്കൂര മേയാനും റൂമുകള്‍ തിരിക്കാനും ഉപയോഗിച്ചിരുന്നത് ഈന്ത് എന്ന മരത്തിന്റെ ഇലകളായ ഈന്തും പട്ടകള്‍ ആയിരുന്നു.ദിവസങ്ങളോളം  നിലനില്‍ക്കും എന്നതാണ് ഈന്തും പട്ടയുടെ പ്രത്യേകത. ഇങ്ങനെ ഈന്തും പട്ട കൊണ്ട് ഭംഗിയായി കെട്ടിയുണ്ടാക്കിയ കുറ്റിപ്പുര കണ്ട് ‘പർണ്ണശാല’ പോലെയുണ്ട് എന്ന് അമ്മാവൻ പറഞ്ഞത് ഇന്നും ഓർമ്മിക്കുന്നു.

                   കൂട്ടത്തിൽ അല്പം കൂടുതൽ ശക്തിയുള്ളവരാണ് തൂൺ നാട്ടാനുള്ള കുഴികൾ കുത്തുന്നത്. കുഴി കുത്തുന്നിടം നനച്ച് പാകമാക്കാൻ വെള്ളം കൊണ്ടു വരുന്നത് പ്രായം കുറഞ്ഞ ചിന്ന പിള്ളേർ ആയിരിക്കും. ഈന്ത് പട്ടയും ശീമക്കൊന്ന കമ്പും വെട്ടുന്നത് മരത്തിൽ കയറാനും മറ്റും കെല്പുള്ള മുതിർന്നവർ ആയിരിക്കും. വീട്ടിലേക്കുള്ള ‘സാധന സാമഗ്രികൾ’ ഒരുക്കുന്നത് പെൺകുട്ടികൾ ആണ്. ചിരട്ടയും പൊട്ടിയ മൺ കലവും മറ്റുമാണ് പാത്രങ്ങളായി ഇവർ ശേഖരിക്കുന്നത്. ഫ്യൂസായി ഒഴിവാക്കിയ ബൾബുകൾ കെട്ടിത്തൂക്കി കുറ്റിപ്പുര ‘വൈദ്യുതീകരണവും‘ നടത്തിയിരുന്നു. അങ്ങനെ എല്ലാം കൊണ്ടും ഒരു സംഘമായി പ്രവർത്തിക്കാനുള്ള പരിശീലനമായിരുന്നു കുറ്റിപ്പുര കെട്ടൽ എന്നത്, കാലങ്ങൾ കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോഴാണ് തിരിച്ചറിയുന്നത്.

                വെളിച്ചെണ്ണ ആട്ടിയെടുക്കാനായി വെട്ടിയ  തേങ്ങക്ക് കാവൽ നിൽക്കാനും ചെറിയ കുറ്റിപ്പുരകൾ കെട്ടിയിരുന്നു. അക്കാലത്ത് ഉമ്മ അടുക്കളയിൽ നിന്നും ഒഴിവാക്കുന്നതും എന്റെ കളിക്കൂട്ടുകാർക്ക് പ്രിയങ്കരമായതുമായ അച്ചാറുകൾ ഭദ്രമായി വയ്ക്കുന്നതും നുണഞ്ഞാസ്വദിക്കുന്നതും കുറ്റിപ്പുരയിലെ അടുക്കളയിലാണ്. തൊട്ടടുത്ത മുറിയിൽ കളിയിലെ മുതിർന്ന അംഗം ‘ബാപ്പ’യായി കിടക്കുകയോ ഇരിക്കുകയോ ചെയ്യുന്നുണ്ടാവും. ബാപ്പയുടെ മക്കളായി നിരവധി ചിന്ന പിള്ളേരും ഉണ്ടാകും. ‘ബാപ്പയും ഉമ്മയും മക്കളും‘ കൂടി ഉച്ചയാകുമ്പോഴേക്കും ഒരു കുപ്പി അച്ചാർ കാലിയാക്കും. 

                ഈയിടെ അനിയന്റെ മക്കളും കൂട്ടുകാരും കൂടി ഒരു കുറ്റിപ്പുര കെട്ടിയത് ഞാൻ ശ്രദ്ധിച്ചു.അടുത്തടുത്തുള്ള മരങ്ങളാണ് തൂണുകളായി അവർ തെരഞ്ഞെടുത്തത്. മേൽക്കൂര മേയാൻ പഴയ ഫ്ലക്സും ചുറ്റും മറക്കാൻ പഴയ ഷാളുകളും ആണ് അവർ ഉപയോഗിച്ചത്. അതിനാൽ തന്നെ ഞങ്ങൾ കെട്ടിയിരുന്ന കുറ്റിപ്പുരയുടെ ചന്തം അവക്ക് തോന്നിയില്ല.

            അവധിക്കാലത്ത് ചില്ലറ സമ്പാദിക്കാനായി ചെറുകച്ചവടങ്ങൾ നടത്തുന്നതും അന്ന് ഒരു പതിവായിരുന്നു.

(തുടരും)

Wednesday, April 10, 2019

തേങ്ങ വെട്ട് (അവധിക്കാലം - 2)

                 വേനലവധി തുടങ്ങുന്നതോടെ മനസ്സിലേക്ക് ഓടി എത്തുന്ന ഒരു സംഭവമാണ് തേങ്ങ വെട്ട്. ഉമ്മയും ഉപ്പയും അദ്ധ്യാപകന്മാരായിരുന്നതിനാല്‍ തേങ്ങ വെട്ടാനും കൊപ്രയാക്കാനും ആട്ടാനും എല്ലാം സമയം കിട്ടുന്നത് വേനലവധിയിലായിരുന്നതു കൊണ്ടാണ് ഈ വാര്‍ഷിക പരിപാടി എല്ലാ വര്‍ഷവും ഏപ്രില്‍ -മെയ് മാസങ്ങളില്‍ നടന്നിരുന്നത് എന്ന് മുതിര്‍ന്നപ്പോള്‍ മനസ്സിലായി. പിന്നെ തേങ്ങക്ക് വെയിലില്‍ കാവല്‍ നില്‍ക്കാന്‍ ഞങ്ങളെ കിട്ടുന്നതും അവധിക്കാലത്തായിരിക്കുമല്ലോ.

              അക്കാലത്ത് ഒരു വര്‍ഷത്തെ തേങ്ങ വെട്ടിയാല്‍ അയല്‍‌വാസി അലവി കാക്കയുടെ മുറ്റം പകുതി വരെ ഇടാന്‍ മാത്രം ഉണ്ടാകും. അറുനൂറോ എഴുനൂറോ ഒക്കെ തേങ്ങ ആയിരിക്കും ഉണ്ടാകുക. അത് മുഴുവന്‍ പൊളിക്കാന്‍ ഉമ്മയുടെ ബന്ധുവായ ഉസ്മാന്‍ കാക്കയെ ഏല്പിക്കും. കുത്തി നാട്ടിയ കമ്പിപ്പാരയില്‍ തേങ്ങ എടുത്ത് കുത്തി രണ്ട് വലി വലിക്കുന്നതോടെ ചകിരി വേറെയും തേങ്ങ വേറെയും ആകുന്ന കാഴ്ച കണ്ട് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. ഉസ്മാന്‍ കാക്കയുടെ അടുത്തേക്ക് തേങ്ങ എത്തിക്കുന്ന അപ്രന്റീസ് പണിയും എടുത്തിരുന്നു.
                 തേങ്ങ പൊളിച്ചു കഴിഞ്ഞാല്‍ പിന്നെ അതു വെട്ടാന്‍ ഏല്‍പ്പിക്കുന്നത് ഗോപാലേട്ടനെയാണ്.ഉള്ളം കയ്യില്‍ തേങ്ങ വച്ച് കത്തി കൊണ്ട് ഒറ്റ വെട്ടിന് അത് രണ്ട് മുറിയായി, താഴെ വച്ചിരിക്കുന്ന ബക്കറ്റിലേക്ക് വെള്ളം വീഴുന്നത് കാണുമ്പോള്‍ സമാധാനമാകുമെങ്കിലും ഉള്ളിലൂടെ ഒരാന്തല്‍ കടന്നു പോകും. ആ വെട്ട് തേങ്ങയും കഴിഞ്ഞ് താഴേക്ക് വന്നാല്‍ ??? തേങ്ങ വെട്ടുമ്പോള്‍ കുട്ടികള്‍ നിറയെ ചുറ്റും കൂടും. വെട്ടുമ്പോള്‍ ചിതറുന്ന ചിന്ന കഷ്ണങ്ങള്‍ തിന്നാനും തേങ്ങാവെള്ളം കുടിക്കാനും ആണ് അത്. അപൂര്‍വ്വമായി തേങ്ങക്കകത്ത് നിന്ന് ‘പൊങ്ങ്’ എന്ന പഞ്ഞി പോലെ ഒരു സാധനവും കിട്ടും. നല്ല ടേസ്റ്റ് ആണ്. മുളച്ച് വരുന്ന തേങ്ങക്കകത്താണ് ഇത് കാണുന്നത് എന്ന് വളരെ മുതിര്‍ന്നപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത്.

             തേങ്ങ വെട്ടുമ്പോള്‍ തന്നെ ബാപ്പയോ ഉമ്മയോ തേങ്ങയെപ്പറ്റി ഒന്ന് പരിചയപ്പെടുത്തി തരും. ചില തേങ്ങകള്‍ നിറയെ വെള്ളമുള്ളതും വലുതും ആയിരിക്കും. ‘കുംഭത്തുടയന്‍’ (കുംഭക്കുടം) എന്നാണ് അതിനെ വിളിക്കുന്നത്. അത് കുംഭത്തില്‍ ഉണ്ടായ തേങ്ങയാണ്. മറ്റു ചിലവ വളരെ ചെറുതായിരിക്കും. അതിനെ ‘കന്ന്യാറ്റിക്കുറി’ (കര്‍ക്കിടക‌ക്കൂരി) എന്നാണ് പറയുന്നത്. അത് കന്നി മാസത്തില്‍ ഉണ്ടായതായതിനാല്‍ വെള്ളം അധികം ലഭിക്കാത്തത് കാരണമാണ് അങ്ങനെയായത്. പക്ഷെ അതിനകത്തെ വെള്ളം നല്ല മധുരമുള്ളതായിരിക്കും. ചൂടുകുരു വല്ലാതെ പൊങ്ങിയവര്‍ തേങ്ങ വെള്ളം കൊണ്ട് കുളിച്ചാല്‍ അത് കരിയും എന്നും പറഞ്ഞ് കേട്ടിരുന്നു.
കുംഭത്തുടയന്‍ (കുംഭക്കുടം)
              വെട്ടിയ തേങ്ങ ആദ്യ ദിവസം മലര്‍ത്തി ചിക്കണം. എരി വെയിലില്‍ ഇത്രയും തേങ്ങ ചിക്കുക എന്ന് പറഞ്ഞാല്‍ നല്ല പണി തന്നെയാണ്. അത് മിക്കവാറും ഗോപാലേട്ടനും ബാപ്പയും കൂടി നിര്‍വ്വഹിക്കും. വെട്ടിയ തേങ്ങ കാക്കക്കും പൂച്ചക്കും നായക്കും എല്ലാം കടിച്ചു കൊണ്ടു പോകാന്‍ എളുപ്പമാണ്. അതിനാല്‍ തേങ്ങക്ക് സദാ സമയവും കാവല്‍ വേണം. ഇന്നത്തെപ്പോലെ വല ഇടാന്‍, അത്രയും വലുപ്പമുള്ള വല കിട്ടാനില്ലായിരുന്നു.

                കാവല്‍ നില്‍ക്കുന്ന പണി ഒരു ഇന്‍സെന്റീവോടു കൂടിയാണ് ഉമ്മ ഏല്‍പ്പിക്കുന്നത്. വീട്ടിലും പരിസരത്തും ഉണ്ടാകുന്ന കണ്ണിമാങ്ങയും ഇരുമ്പന്‍ പുളിയും നെല്ലിക്കയും നാരങ്ങയും ഒക്കെ ഉമ്മ ഉപ്പിലിട്ട് വയ്ക്കും. അത് മുഴുവന്‍ തിന്ന് തീര്‍ക്കാന്‍ ഞങ്ങള്‍ക്ക് പറ്റാത്തതിനാല്‍, തേങ്ങ വെട്ടുന്ന സമയത്ത് നല്ല അച്ചാറാക്കി തരും. ഈ അച്ചാര്‍ തിന്നാന്‍ കൂട്ട് കൂടുന്ന മൂത്തുമ്മയുടെയും അമ്മായിയുടെയും മക്കളെ തേങ്ങാ കാവലിന് കൂടി കൂട്ടും . അങ്ങനെ അച്ചാറും കാലി , തേങ്ങ നോക്കലും ശുഭം - ഒരു തരം ടോം സ്വയര്‍ ട്രിക്ക്!!

അച്ചാര്‍ സൂക്ഷിച്ച് വയ്ക്കാനും  കാവല്‍ നില്‍ക്കാനും ചെറിയ പുരകള്‍ ഉണ്ടാക്കും. ‘കുറ്റിപ്പുര’ എന്നാണ് അതിനെ വിളിക്കുന്നത്.

കുറ്റിപ്പുര പുരാണം’ അടുത്ത പോസ്റ്റില്‍.

Saturday, April 06, 2019

ഉങ്ങുകള്‍ പൂക്കുന്ന കാലം ( അവധിക്കാലം-1)

                 കഴിഞ്ഞ നൂറ്റാണ്ട് വരെ, പതിനാറ് വയസ്സിന് താഴെയുള്ളവര്‍ക്ക് വേനലവധിക്കാലം എന്നത് ഒരാവേശത്തിന്റെ കാലമായിരുന്നു. സ്കൂള്‍ അടച്ച് പാടത്തും പറമ്പിലും നാട്ടിലും തോട്ടിലും എല്ലാം കുത്തിമറിഞ്ഞ് കളിച്ച് നടക്കാനുള്ള കാലമായിരുന്നു അത്. ടെലിവിഷനും കമ്പ്യൂട്ടറും മൊബൈലും എ പ്ലസും ഗ്രേസ്മാര്‍ക്കും ഒന്നും ഇല്ലാത്തതിനാല്‍ അവധിക്കാലത്ത് കുട്ടികളുടെ കളികള്‍ എല്ലാം തന്നെ ഔട്ട്‌ഡോര്‍ ആയിരുന്നു. കളിക്കിടയില്‍ പരിക്ക് പറ്റുന്നതും സര്‍വ്വ സാധാരണമായിരുന്നു. ഓരോ ഗ്രാമവും നിരവധി നാടന്‍ കളികള്‍ കൊണ്ട് സമ്പന്നമായിരുന്നു. കുറെ കളികള്‍ ഇവിടെ ക്ലിക്കിയാല്‍ വായിക്കാം.

                    സ്കൂളിലെ വാര്‍ഷിക പരീക്ഷ കഴിഞ്ഞാണ് വേനലവധി വരുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ആ പരീക്ഷ ഏത് മാസത്തിലാണ് വരുന്നത് എന്ന് എന്റെ കുട്ടിക്കാലത്തൊന്നും നിശ്ചയം ഇല്ലായിരുന്നു. പക്ഷെ അതിന് മുന്നോടിയായി സംഭവിക്കുന്ന ഒരു സംഗതി എന്റെ മനസ്സില്‍ ഇന്നും പച്ച പിടിച്ച് നില്‍ക്കുന്നു. ഉങ്ങ് എന്ന മരം പൂവിടുന്നതാണ് അത്. ഉങ്ങിന്റെ പഴയ ഇലകളെല്ലാം പൊഴിഞ്ഞ് പുത്തന്‍ ഇലകളോടെ തണല്‍ വിരിച്ച് കഴിഞ്ഞ് ദിവസങ്ങള്‍ക്കകം അതില്‍ പൂവുണ്ടാകാന്‍ തുടങ്ങും. വെളുത്ത പൂക്കള്‍ കാണാന്‍ അത്ര ഭംഗി ഇല്ല.പക്ഷെ പൂക്കുലകള്‍ നല്ല ഭംഗിയുണ്ടാകും. ഓരോന്നായി വാസനിച്ചാല്‍ അതും അത്ര പിടിക്കില്ല.പക്ഷേ പൂത്ത ഉങ്ങ് മരത്തിന്റെ താഴെയുള്ള സുഗന്ധം വല്ലാത്തൊരു അനുഭവം തന്നെയാണ് (ഇന്നും ഉങ്ങ് പൂത്ത് നില്‍ക്കുന്നത് കണ്ടാല്‍ അല്പ സമയം അതിന്റെ ചുവട്ടില്‍ പോയി ഞാന്‍ നില്‍ക്കും). ഉങ്ങ് പൂത്ത് കഴിയുന്നതോടെ വേനലവധിയും തുടങ്ങും എന്നാണ് അന്ന് കൊച്ചുമനസ്സില്‍ കൊത്തിവച്ചിരുന്നത്.
                     ഞങ്ങളുടെ കളിസ്ഥലമായിരുന്ന വലിയ അമ്മാവന്റെ വീട്ടുമുറ്റത്ത് രണ്ട് ഉങ്ങുകള്‍ ഉണ്ടായിരുന്നു. അതിന്റെ തൊട്ടു താഴെത്തന്നെ ഒരു പാറയും ഉണ്ടായിരുന്നു. ആ പാറയില്‍ കയറി നിന്ന്, താഴ്ന്ന് നില്‍ക്കുന്ന ഉങ്ങിന്റെ കൊമ്പിലേക്ക് ചാടിപ്പിടിച്ച് കുരങ്ങന്‍ ആടുന്ന പോലെ ഊഞ്ഞാലാടി താഴേക്ക് ഒരു ചാട്ടമുണ്ട്. അമ്മാവനോ മൂത്താപ്പയോ കണ്ടാല്‍ ചെവിക്ക് പിടുത്തം കിട്ടുമെങ്കിലും പാറയും ഉങ്ങും മനസ്സും ഒരുമിച്ചാല്‍ ഈ കര്‍മ്മം ചെയ്തേ സമാധാനമാവൂ. സ്കൂളിലും ഉങ്ങ് ഉണ്ടായിരുന്നു. പക്ഷെ അധ്യാപകരെ ഭയമായിരുന്നതിനാല്‍ ഇത്തരം വിക്രിയകള്‍ ഒന്നും അവിടെ കാണിക്കാറില്ല.
               ഉങ്ങില്‍ ഒരു കായ ഉണ്ടാകും. നല്ല കട്ടിയുള്ള പുറംതോടോട് കൂടിയ കായക്കകത്ത് ഒന്നോ രണ്ടോ കുരുവും ഉണ്ടാകും. പച്ച നിറത്തില്‍ ഉള്ള കായ പൊട്ടിച്ചാല്‍ രൂക്ഷ ഗന്ധമുള്ള കുരു കിട്ടും. നല്ല കയ്പ്പ് ആണ് രുചി. തിന്നാല്‍ മരിച്ച് പോകും എന്നൊക്കെ അന്ന് പറഞ്ഞിരുന്നെങ്കിലും ഞാനും അനിയനും ഇന്നും ജീവിച്ചിരിപ്പുണ്ട്‌ ! കായ ഉണങ്ങിയാല്‍ അതിനകത്തെ കുരുവും ഉണങ്ങിയിരിക്കും. കാശ് കൊടുത്ത് ഗോലി വാങ്ങാന്‍ പറ്റാത്തതിനാല്‍  ഇത് ഉപയോഗിച്ച് ഏറ് കോ‍ട്ടിക്കളി പതിവായിരുന്നു. ഈ കായ തന്നെയാണ് ഉങ്ങിന്റെ വിത്തും എന്ന് ജൂണ്‍ പകുതിയാകുമ്പോള്‍ മനസ്സിലാകും. മിക്ക കായയും ജൂണിലെ മഴയില്‍ മുളച്ച് വന്നിരിക്കും.
               പള്ളിമുറ്റത്ത് പൂത്ത് നില്‍ക്കുന്ന ഉങ്ങ് മരം എന്റെ ചിന്തകളെ ബാല്യകാലത്തെ വേനലവധി കാലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. നിങ്ങളും പോരൂ കൂടെ....

(തുടരും...)

Tuesday, April 02, 2019

ഐനക് കഹാം ഹെ?

               സ്ഥലത്തെ പ്രധാന ഹിന്ദി അധ്യാപകനാണ് ഗോവിന്ദന്‍ കുട്ടി മാഷ്. അഞ്ചാം ക്ലാസ്സിലെ ഹിന്ദി പുസ്തകത്തില്‍ ‘ഐനക് കഹാം ഹെ?‘ എന്ന പാഠം മാസ്റ്റർ പഠിപ്പിച്ചത് ഞങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നു. കണ്ണട വച്ച് കൊണ്ട് കണ്ണട തപ്പി നടക്കുന്ന ഒരു കഥാപാത്രത്തെ ആ പാഠം പഠിപ്പിച്ചപ്പോള്‍ മാഷ് നന്നായി അവതരിപ്പിച്ച് തന്നിരുന്നു.ഞങ്ങളത് കണ്ട് പൊട്ടിച്ചിരിക്കുകയും ചെയ്തിരുന്നു. മാസങ്ങള്‍ക്ക് ശേഷം അതേ കഥാപാത്രത്തെപ്പോലെ, കണ്ണട മൂക്കിന് മുകളില്‍ ഫിറ്റ് ചെയ്ത മാഷ് ശ്രീദേവി ടീച്ചറോട് ‘എന്റെ കണ്ണട എവിടെയെങ്കിലും കണ്ടോ‘ എന്ന് ചോദിച്ചതിന് ഞങ്ങളില്‍ പലരും ദൃസാക്ഷികളാണ്. സര്‍വീസില്‍  നിന്നും പിരിഞ്ഞ് സ്വസ്ഥമായി ഇരിക്കുമ്പോഴാണ് ‘ഐനക്’ മാഷിന്റെ ജീവിതത്തില്‍ വീണ്ടും ഒരു വില്ലനായത്.

               എന്തോ ആവശ്യാര്‍ത്ഥം ഒരു യാത്ര പോയതായിരുന്നു ഗോവിന്ദന്‍ കുട്ടി മാഷ്. ബസ് സ്റ്റാന്റിലെത്തുന്നത് വരെ ആ കട്ടിക്കണ്ണട മാഷെ മൂക്കിന് മുകളില്‍ തന്നെ ഉണ്ടായിരുന്നു. കണ്ണട വച്ച് ബസ്സില്‍ നിന്നിറങ്ങുന്നത് പ്രയാസമായതിനാല്‍ അതെടുത്ത് കീശയില്‍ നിക്ഷേപിച്ച ശേഷം മാഷ് മുന്‍‌വാതിലിനടുത്തേക്ക് നീങ്ങി.  രണ്ട് സ്ത്രീകളും മാഷെ തൊട്ടു മുമ്പിലായി ബസ്സില്‍ നിന്നിറങ്ങാന്‍ തയ്യാറെടുത്ത് നിന്നിരുന്നു. ബസ് നിന്ന ഉടനെ മാഷെ തൊട്ടു മുമ്പിലെ സ്ത്രീ, തൊട്ടടുത്ത സീറ്റിലിരുന്ന സ്ത്രീയുടെ നേരെ കുനിഞ്ഞ് എന്തോ ചെയ്തുകൊണ്ട് ബസ്സില്‍ നിന്നിറങ്ങി.

             പെട്ടെന്നാണ് ഗോവിന്ദന്‍ കുട്ടി മാസ്റ്റര്‍ക്ക് കണ്ണടയെപ്പറ്റി ഓര്‍മ്മ വന്ന് കീശയിലേക്ക് നോക്കിയത്. കീശയില്‍ കാണാത്തതിനാല്‍ മാഷ് മുഖത്തും ഒന്ന് തപ്പി നോക്കി. അവിടെയും ഇല്ല എന്നറിഞ്ഞപ്പോള്‍ ബസ്സിനുള്ളില്‍ നിന്ന സ്ഥലത്ത് വെറുതെ ഒന്ന് കണ്ണോടിച്ചു.അതുവരെ തന്റെ കൂടെയുണ്ടായിരുന്ന കണ്ണടയുടെ പെട്ടെന്നുള്ള ദുരൂഹമായ തിരോധാനം മനസ്സിലാകാതെ ആ സ്ത്രീയുടെ പിന്നാലെ മാഷും ബസ്സില്‍ നിന്നിറങ്ങി. പെട്ടെന്നാണ് കണ്ണട കണ്മുന്നില്‍ ഒന്ന് മിന്നി മറയുന്നത് പോലെ മാസ്റ്റര്‍ക്ക് അനുഭവപ്പെട്ടത്.

            ഗോവിന്ദന്‍ കുട്ടി മാസ്റ്റര്‍ കണ്ണ് ഒന്നു കൂടി തിരുമ്മി സൂക്ഷിച്ച് നോക്കി. അതാ മുന്നില്‍ ധൃതിയില്‍ നടന്ന് നീങ്ങുന്ന സ്ത്രീയുടെ കാര്‍കൂന്തളില്‍ തന്റെ കണ്ണട ഊഞ്ഞാലാടുന്നു ! അടുത്ത നിമിഷം അത് അപ്രത്യക്ഷമാകുകയും ചെയ്യുന്നു ! കാര്യമറിയാതെ ആ സ്ത്രീ അപ്പോഴും ധൃതി വച്ച് നടന്നു.

“ങേ!!നിൽക്കെടീ അവിടെ...!” ഗോവിന്ദന്‍ കുട്ടി മാസ്റ്ററുടെ അലർച്ച കേട്ട് , അതുവഴി പോവുകയായിരുന്ന മറ്റൊരു സ്ത്രീ പെട്ടെന്ന് നിന്നു.

“എന്താ വിളിച്ചെ ? എടീന്നോ...?” ദ്വേഷ്യത്തോടെ അവർ മാസ്റ്ററുടെ നേരെ തിരിഞ്ഞു.

“സോറി...” ക്ഷമാപണം നടത്തിയ മാസ്റ്റർ, തന്റെ കണ്ണടയുമായി നീങ്ങുന്ന സ്ത്രീയുടെ പിന്നാലെ ഓടി. അടുത്തെത്തിയതും ചാടി മുടിക്ക് ഒരു പിടുത്തം ! ഞെട്ടിത്തിരിഞ്ഞ് നോക്കിയ സ്ത്രീ, കൈകൂപ്പി നിൽക്കുന്ന മാസ്റ്ററെ കണ്ടു.
“നാണമില്ലെടോ നിനക്ക് ?” പ്രായം വക വയ്ക്കാതെ ആ സ്ത്രീ ദ്വേഷ്യപ്പെട്ടു.

“മേര ഐനക് ആപ്കി ബാൽ മേം...” മലയാളത്തിൽ പറഞ്ഞ് ഇനിയും ചീത്ത കേൾക്കേണ്ട എന്ന് കരുതി മാസ്റ്റർ പറഞ്ഞു.

“കടന്ന് പിടിച്ചതും പോര...എനിക്ക് വാലുണ്ടെന്ന് പരിഹസിക്കുകയും ചെയ്യുന്നോ...നിന്നെ ഞാൻ....”
ചെരിപ്പൂരാൻ കുനിഞ്ഞതും അവരുടെ മുടിയിൽ നിന്നും വേർപ്പെട്ട കണ്ണട താഴെ വീണതും ഒരുമിച്ചായിരുന്നു.

“ഹൊ...എന്നാ പിന്നെ അതങ്ങ് പറഞ്ഞാ പോയിരുന്നോ കാർണോരേ...” കണ്ണട കണ്ടപ്പോൾ കാര്യം മനസ്സിലായ സ്ത്രീ പറഞ്ഞു.

“കുതിര പായുമ്പോലെ പാഞ്ഞാൽ ഈ വയസ്സുകാലത്ത് ഞാൻ എന്ത് ചെയ്യാനാ മോളെ?”  ആള് കൂടുന്നതിന് മുമ്പേ കണ്ണട എടുത്ത് വൃത്തിയാക്കി ഗോവിന്ദന്‍ കുട്ടി മാസ്റ്റർ വേഗം സ്ഥലം കാലിയാക്കി.