പയ്യന്‍സായിരുന്ന ഞാനും അനിയനും ഇത്തിരി മുതിര്‍ന്ന കാലം.പാത്രം കഴുകുക,വെള്ളം കോരുക,തെങ്ങ്-കമുക് തൈകള്‍ നനക്കുക തുടങ്ങീ പിള്ളേര്‍ പണികള്‍ക്ക് പുറമേ പറമ്പില്‍ പോകുക,അങ്ങാടിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവരിക,റേഷന്‍ പീടികയില്‍ പോകുക തുടങ്ങീ ജോലികള്‍ കൂടി ചെയ്യേണ്ട പോസ്റ്റിലേക്ക് ഞങ്ങള്‍ക്ക് രണ്ട് പേർക്കും ഒരുമിച്ച് പ്രമോഷന്‍ കിട്ടി.
ഒരു ദിവസം ഉമ്മ ഞങ്ങളെ രണ്ട് പേരെയും വിളിച്ച് കൊണ്ട് പറഞ്ഞു.
"ആബോ.....അരി കയ്‌ഞ്ഞ്....ജ്ജും അഫിം (അനിയന്റെ പേര് - അഫീഫ്) കൂടി ബീരാന്‍ക്കാന്റെ പീട്യേ പോയ് അരി മാങ്ങി ബാ..."
"ഏതര്യാ...?"
"കുറുവ"
"ങേ..!" ഞങ്ങള്‍ രണ്ട് പേരും ഞെട്ടി.ലോകത്ത് അന്നേ വരെ ഞങ്ങള്‍ കേട്ടിട്ടുള്ള അരികള്‍ ചാക്കിലിട്ട് വയ്ക്കുന്ന ചാക്കരിയും വേറെ എവിടെയോ ഇട്ട് വയ്ക്കുന്ന പച്ചരിയും മാത്രമായിരുന്നു...ഇപ്പോ ഇതാ കുറുമാന്‍ ന്നോ മറ്റോ പേരുള്ള പുതിയൊരു അരി !!!പതിനൊന്ന് മക്കളുള്ള മൂത്തുമ്മാക്ക് ഇനി ഒരു ആൺകുട്ടി ഉണ്ടാകാണെങ്കിൽ പറഞ്ഞ് കൊടുക്കാൻ പറ്റിയ പേര്.
"ആ....എത്ര മാണം?"
"ഒരഞ്ച് കിലോ മാങ്ങിക്കോ...രണ്ടാള്‌ം കൂടി ഏറ്റി കൊണ്ടന്നാ മതി..."
ഇന്നത്തെപ്പോലെ ഓട്ടോറിക്ഷകള്‍ വഴിമുടക്കാത്ത കാലമായിരുന്നതിനാല്‍ ഉമ്മ പറഞ്ഞപോലെ , സഞ്ചിയുമായി ഞങ്ങള്‍ അങ്ങാടിയിലേക്ക് നടന്നു.
പോകുന്ന വഴിയില്‍, വീട്ടില്‍ നിന്നും അല്‍പം ദൂരം മാത്രം അകലെയാണ് വിജയ ടാക്കീസ് (സെക്കന്റ് ഷോക്ക് ഡയലോഗുകള്‍ കേട്ട് സുഖമായി ഉറങ്ങാം).അതിന്റെ നേരെ എതിര്‍ഭാഗത്തുള്ള ഹോട്ടലില്‍, ടാക്കീസില്‍ ഓടിക്കൊണ്ടിരിക്കുന്ന സിനിമയിലെ രംഗങ്ങള്‍ അടങ്ങുന്ന ഫോട്ടോകള്‍ തൂക്കിയിട്ടുണ്ടാകും.സിനിമ കാണാന്‍ അനുവാദമില്ലാത്തതിനാല്‍ ഞാനും അനിയനും ഫോട്ടോയില്‍ നോക്കി അതിന്റെ തൊട്ടു പിന്നില്‍ ഇട്ട ചില്ലലമാരിയിലെ പഴം പൊരിയും നോക്കും(വെറുതെ ഒരു കാഴ്ച സുഖത്തിന് !)
ടാക്കീസ് കഴിഞ്ഞ് വാഴയില്‍ പള്ളിയുടെ മുന്നിലൂടെ നടന്ന് YMB എന്ന വായനശാലക്ക് അടുത്തുള്ള ബേക്കറിയിലെ കുപ്പി ഭരണികള്‍ക്കുള്ളില്‍ മനോഹരമായി അടുക്കി വച്ച മസാലബിസ്കറ്റുകളിലേക്ക് ഒരു നോട്ടമെറിഞ്ഞ് വായിലൂറിയ വെള്ളമിറക്കി ഞങ്ങള്‍ രണ്ട് പേരും, ന്യൂബസാറില്‍ സ്ഥിതിചെയ്യുന്ന ബീരാന്‍ക്കയുടെ കടയിലെത്തി.
കടയിലേക്ക് കയറിയ ഞങ്ങള്‍ പരസ്പരം ചോദ്യ ഭാവേന ഒന്ന് നോക്കി.ഉമ്മ പറഞ്ഞ അരിയുടെ പേര് ഞങ്ങള്‍ രണ്ട് പേരും സുന്ദരമായി മറന്നിരുന്നു. വീട്ടിലേക്ക് തിരിച്ചുപോയി , പേര് ചോദിച്ചു വരാന്‍ ഒത്തിരി ദൂരം നടക്കേണ്ടതിനാല്‍ അതിന് മുതിര്‍ന്നില്ല.അപ്പോള്‍, കുഞ്ചുക്കുറുപ്പ് പത്രം വായിച്ച പോലെ അനിയന്‍ പറഞ്ഞു.
"കൊ....കൊ..."
"ങാ....കിട്ടിപ്പോയ്...കോര്‍മ..." ഞാന്‍ വിജയീഭാവത്തില്‍ നെഞ്ച്‌വിരിച്ച് വിളിച്ചു പറഞ്ഞു ( "എന്റെ അപാരമായ ഓര്‍മ്മശക്തി കാരണം നിനക്ക് വീട്ടില്‍ പോയി വീണ്ടും വരേണ്ട ഗതികേട് വന്നില്ല " എന്ന് അന്ന് ഞാന്‍ അനിയനോട് പറഞ്ഞിരുന്നോ ഇല്ലയോ എന്ന് ജുഡീഷ്യല്‍ അന്വേഷണത്തിന് വിട്ടിരിക്കുന്നു)
"കോര്‍മ ണ്ടോ?" ഞാന്‍ കടക്കാരനോട് ചോദിച്ചു (എന്നെ നന്നായറിയുന്ന ബീരാന്‍ക്ക ചോദ്യം കേട്ട് എന്നെ ഒന്നുഴിഞ്ഞ് നോക്കിയോ?).
"ആ ഇണ്ട്.....എത്ര മാണം?"
"അഞ്ച് കിലോ"
സാധനങ്ങൾ തൂക്കിത്തരുന്ന ആൾ തൂക്കിയ സാധനം ഞങ്ങള്‍ കാണിച്ച സഞ്ചിയിലേക്ക് ചെരിഞ്ഞു.സാധനത്തിന്റെ കാശും കൊടുത്ത് സഞ്ചി കെട്ടി അനിയന്റെ തലയില്‍ വച്ച് കൊടുത്ത് ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങി (പേര് ഞാന്‍ ഓര്‍മ്മിച്ചതിന് അവന് ഫൈന്‍ !!).
വീട്ടിനടുത്തെത്തിയപ്പോള്‍ ഞാന്‍ സഞ്ചി വാങ്ങി എന്റെ തലയില്‍ വച്ചു.വീട്ടിലെത്തിയ ഉടനെ ഉമ്മയെ വിളിച്ച് ഞാന്‍ ഉറക്കെ പറഞ്ഞു.
"ഇമ്മ പറ്‌ഞ്ഞെ അരിന്റെ പേര് ഞങ്ങള് മറന്ന്.....പിന്നെ ഞാനല്ലേ പോയത്....അതോണ്ട് സാധനം കിട്ടി....ഇതാ...." ഉമ്മ സഞ്ചി വാങ്ങി കെട്ടഴിക്കാന്‍ തുടങ്ങി.
"ആ...ജ്ജ് അല്ലെങ്ക്‌ലും.....ങേ!!!" ഉമ്മ ഞെട്ടിത്തെറിച്ചു.
"എത്താ മ്മ...?" ഞാനും അനിയനും സഞ്ചിയിലേക്ക് എത്തി നോക്കി ചോദിച്ചു.
"ഇതെത്താ ങള് മാങ്ങി കൊണ്ടന്നത് ?"
"അത്....ഓന്‍ പറഞ്ഞി 'കോര്‍മ' ന്ന്..." കിട്ടിയ അവസരം മുതലെടുത്ത് അനിയന്‍ എന്റെ നേരെ കയറി.
"ആ.....ഓന്‍ കോയി കൊക്ക്‌ണ മാതിരി കൊ... കൊ...ന്ന് പറഞ്ഞപ്പം ഇച്ച് കോര്‍മ ന്ന് ഓര്‍മ ബെന്ന്..."
"എടാ ......,, കോര്‍മ ന്ന് പറഞ്ഞാ പയ്ക്കളും പോത്തേളും ക്കെ തിന്ന്‌ണ സാധനാ.....ഞാമ്പറഞ്ഞെ കുറുവ ന്നാ.....ബേം പോയി മാറ്റി കൊണ്ടരി രണ്ടാളും....."
അപ്പോഴാണ് ഞാന്‍ സഞ്ചിയിലേക്ക് സൂക്ഷ്മമായി നോക്കിയത്.അരിയുമായി യാതൊരു ബന്ധവുമില്ലാത്ത കറുത്ത തവിട് പോലെ എന്തോ ഒരു സാധനം - കോര്‍മ എന്റെ ഓര്‍മ്മയെ വെല്ലുവിളിച്ച് പല്ലിളിക്കുമ്പോള്‍ അനിയന്‍ അടുത്ത് തന്നെ നിന്ന് ചിരിക്കുന്നുണ്ടായിരുന്നു.