Pages

Wednesday, June 30, 2021

ക്ളാസുകളിലെ വൈവർണ്യം

നാഷണൽ സർവ്വീസ് സ്‌കീം പ്രോഗ്രാം ഓഫീസർ സ്ഥാനത്ത് നിന്നും മാറിയിട്ട് മൂന്ന് വർഷങ്ങൾ കഴിഞ്ഞു. എൻ.എസ് .എസുമായി ചേർന്ന് നിന്ന എട്ട് വർഷക്കാലം ക്ലാസ്സുകളും ക്യാമ്പുകളും കൊണ്ട് തിരക്കേറിയതായിരുന്നു എങ്കിൽ കഴിഞ്ഞ മൂന്ന് വർഷങ്ങൾ അതിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു.എന്റെ കോളേജിലെ യൂണിറ്റിനുള്ള സെഷനുകൾ ഒഴിവാക്കിയാൽ എപ്പോഴെങ്കിലും ചില ഓറിയെന്റേഷൻ ക്ളാസുകൾ മാത്രമായി എൻ.എസ് .എസുമായുള്ള ബന്ധം ചുരുങ്ങി.മറ്റു ചില ഗ്രൂപ്പുകളുമായി ചേർന്നുള്ള  സാമൂഹ്യ പ്രവർത്തനങ്ങളിലും എന്റേതായ ചില വർക്കുകളിലും വ്യാപൃതനായിരുന്നതിനാൽ എനിക്ക് വെറുതെ ഇരിക്കേണ്ടി വന്നില്ല.

ബട്ട്, 2021 ജൂൺ മാസം വളരെ വ്യത്യസ്തമായിരുന്നു. മീറ്റിങ്ങുകൾ എല്ലാം ഓൺലൈൻ ആയപ്പോൾ ആരെയും എവിടെയും പ്രോഗ്രാമിന് ക്ഷണിക്കാം എന്ന സൗകര്യം വളരെയധികം പേര് പ്രയോജനപ്പെടുത്തി. സൗജന്യമായിട്ടാണെങ്കിലും, വീട്ടിലിരുന്ന് വ്യത്യസ്ത തരം കുട്ടികൾക്ക് ക്ലാസ് എടുക്കാനുള്ള അവസരം ട്രെയിനർമാർക്കും ലഭിച്ചു. എട്ട് സെഷനുകൾ കൈകാര്യം ചെയ്യാൻ അവസരം ലഭിച്ച ഞാൻ ഇതിൽ വളരെ സന്തുഷ്ടനാണ്. കാരണം എട്ടിൽ ഏഴിലും എനിക്ക് ചെയ്യേണ്ടിയിരുന്നത് വ്യത്യസ്ത വിഷയങ്ങളായിരുന്നു.

ജൂൺ 5 ന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ചായിരുന്നു ആദ്യ ക്ലാസ് . കോഴിക്കോട് ഗവ.പോളിടെക്‌നിക്ക് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ പരിസ്ഥിതി ദിനാഘോഷത്തിൽ, എല്ലാവർക്കും ചെയ്യാവുന്ന  എന്റെ ചില പ്രവർത്തനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.

അതേ ദിവസം തന്നെ കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് & ടെക്നൊളജിക്ക് കീഴിൽ  "Everything You Need to Know about KEAM 2021" എന്ന വിഷയത്തിൽ മെഡിക്കൽ/ എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷ എഴുതുന്ന കുട്ടികൾക്കായി ഈ വിഷയത്തിലെ എന്റെ ആദ്യത്തെ സെഷൻ നടത്തി.കൃത്യം ഒരാഴ്ച കഴിഞ്ഞ് ജൂൺ 12 ന് അതേ കോളേജിന്റെ കീഴിൽ തന്നെ KEAM 2021 Application & Allotment Process" എന്ന ശീർഷകത്തിൽ ലൈവ് സംശയനിവാരണ സെഷനും കൈകാര്യം ചെയ്തു.


ജൂൺ 13 ന് ലഭിച്ച അവസരം തികച്ചും അപ്രതീക്ഷിതമായിരുന്നു. FR Life Skills Pvt Ltd ആഴ്ച തോറും നടത്തുന്ന Sunday Boost എന്ന പ്രോഗ്രാമിലെ Explore the Experienced സെഷൻ ആയിരുന്നു അന്ന് . എന്റെ മുൻ എൻ.എസ്.എസ് വളണ്ടിയർ നാദിർ ഹോസ്റ്റ് ചെയ്ത ആ പരിപാടിയിലൂടെ എനിക്ക് തികച്ചും അപരിചിതമായ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള  ഒരു ബഹുസ്വര സംഘത്തോട് എന്റെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കാനായി. ഒരു മുൻധാരണയും ഇല്ലാതെ ചെയ്ത ഈ സെഷൻ എനിക്കും വളരെയധികം പോസിറ്റീവ് എനർജി നൽകി .


കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ എന്റെ രണ്ടാം ഊഴത്തിൽ എൻ.എസ്.എസ് ന്റെ ചാർജ്ജ് ലഭിച്ചില്ലെങ്കിലും ഈ മൂന്ന് വർഷങ്ങളിൽ നടന്ന സപ്തദിന ക്യാമ്പുകളിലും ത്രിദിന ക്യാമ്പുകളിലും ഒരു സെഷൻ സ്ഥിരം ലഭിക്കാറുണ്ട്. നിലവിലുള്ള സെക്രട്ടറിമാരുടെ കീഴിലെ അവസാന ത്രിദിന ക്യാമ്പായ "വൈവർണ്ണ്യ"ത്തിലും അത് തുടർന്നു.എന്റെ ആദ്യ പുസ്തകത്തിന്റെ പേരായ "അമ്മാവന്റെ കൂളിംഗ് എഫക്ട്" എന്നായിരുന്നു സെക്ഷന്റെ പേര്. ജൂൺ 19 ന് നടന്ന പ്രസ്തുത സെഷൻ എൻ.എസ്.എസ് അനുഭവങ്ങളിലൂടെയുള്ള ഒരു നോൺ സ്റ്റോപ്പ് യാത്രയായിരുന്നു.

എൻ.എസ്.എസ് ലെ മുൻകാല വളണ്ടിയർമാരും പ്രോഗ്രാം ഓഫീസർമാരും അടങ്ങുന്ന NSS Passion Followers എന്ന സംഘടനയുടെ തിരുവനന്തപുരം ജില്ലാ ഘടകം സംഘടിപ്പിച്ച രക്തദാന ബോധവൽക്കരണ വാരാചരണത്തിന്റെ സമാപന പരിപാടിയിലായിരുന്നു അടുത്ത അവസരം. ജൂൺ 21 ന് നടന്ന പ്രസ്തുത സെഷനിൽ സ്ത്രീകളിലെ രക്തദാന ബോധവൽക്കരണത്തിന്റെ ആവശ്യകതയായിരുന്നു എന്റെ സംസാര വിഷയം.

എൻ.എസ്.എസ് ന്റെ ചാർജ്ജ് ലഭിച്ചില്ലെങ്കിലും AICTE നിർദ്ദേശ പ്രകാരം ഏക് ഭാരത് ശ്രെഷ്ട് ഭാരത് എന്ന EBSB Club കോളേജിൽ രൂപീകരിച്ചപ്പോൾ അതിന്റെ പ്രഥമ നോഡൽ ഓഫീസറായി ഞാൻ നിയമിതനായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ സംസ്കാരം-ഭാഷ-വേഷം തുടങ്ങിയവ അടുത്തറിഞ്ഞ് ദേശീയോദ്ഗ്രഥനം സാധ്യമാക്കുക എന്നതാണ് ക്ലബ്ബിന്റെ മുഖ്യ ലക്‌ഷ്യം. ക്ലബ്ബിലെ പുതിയ അംഗങ്ങൾക്ക് ക്ലബ്ബിനെ പരിചയപ്പെടുത്താനും വിവിധ പ്രവർത്തനങ്ങൾ വിശദീകരിക്കാനും വേണ്ടി ഒരു ഓറിയെന്റേഷൻ സെഷൻ ജൂൺ 22 ന് നടത്തി. 
ഈ മാസത്തെ ക്ലാസ്സുകൾ തീർന്നു എന്ന് കരുതിയപ്പോഴാണ് എന്റെ പരിചയക്കാരനായ കോഴിക്കോട് ജെ.ഡി.ടി ഇസ്‌ലാം പോളിടെക്‌നിക്ക് കോളേജിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കുട്ടികൾക്ക് വേണ്ടി ഒരു ഓറിയെന്റേഷൻ ക്ലാസ് ആവശ്യപ്പെട്ടത്. എന്റെ ഇഷ്ടപ്പെട്ട വിഷയമായതിനാൽ ഞാനത് ഉടനടി സമ്മതിച്ചു. പിന്നീടാണ് ജൂൺ 26 അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള ബോധവൽക്കരണ സെഷനായി അത് നടത്താൻ അദ്ദേഹം ആവശ്യപ്പെട്ടത്. ഈ രംഗത്ത് വർഷങ്ങൾക്ക് മുമ്പ് ഒരു ത്രിദിന പരിശീലന ക്യാംപിൽ പങ്കെടുത്ത അനുഭവം ഉള്ളതിനാൽ ലഹരി വിരുദ്ധ ബോധവൽക്കരണവും എൻ.എസ്.എസ് വളണ്ടിയർമാർക്ക് അതിലുള്ള പങ്കും വിശദീകരിക്കുന്ന ക്ലാസ് ആക്കി അത് മാറ്റി. 
"നോ" എന്ന പദം എന്റെ നിഘണ്ടുവിൽ പലപ്പോഴും കാണാറില്ല. വിഷയം ഏത് തന്നെ ആയാലും അത് സുഗമമായി കൈകാര്യം ചെയ്യാൻ എന്നെ പ്രാപ്തനാക്കുന്ന ദൈവത്തിന് സ്തുതി. എന്നിൽ വിശ്വാസമർപ്പിച്ച് എനിക്കവസരം നൽകുന്ന പ്രിയ സുഹൃത്തുക്കൾക്ക് ഹൃദയം നിറഞ്ഞ നന്ദിയും.

Monday, June 28, 2021

ഇതളുകളേറെയുള്ള ഒരു പൂവ്

കടങ്കഥകളുടെ കളിവീട് വായിച്ചു കഴിഞ്ഞപ്പോഴാണ് അടുത്ത വായനയും ഒരു കവിതാ സമാഹാരം ആക്കാം എന്ന ചിന്ത വന്നത്.അങ്ങനെയാണ്  പേരക്ക ബുക്ക് ക്ലബ്ബിൽ നിറ സാന്നിദ്ധ്യമായ ആരിഫ അബ്ദുൽ ഗഫൂറിന്റെ രണ്ടാമത്തെ കവിതാ സമാഹാരമായ 'ഇതളുകളേറെയുള്ള ഒരു പൂവ്' ന്റെ തേൻ നുകരാൻ ഞാൻ എത്തിയത്.

കവിതകളുടെ തലക്കെട്ടിലൂടെ കയറി ഓടുമ്പോൾ ഒരു കാര്യം എനിക്ക് പെട്ടെന്ന് മനസ്സിലായി. ഈ കവയിത്രിക്ക് കവിത എഴുതാൻ ഒരു പ്രത്യേക വിഷയം ആവശ്യമില്ല. എന്തിനെപ്പറ്റിയും കവിത എഴുതും ! അത് പ്രശംസയർഹിക്കുന്ന ഒരു ധീരകർമ്മമാണ്. കാരണം വായനക്കാരന് മനസ്സിലാകുന്ന രീതിയിൽ ആ വിഷയത്തെ ഏതാനും വരികളിൽ നിരത്തി വയ്ക്കുക എന്ന പ്രവൃത്തി അത്ര എളുപ്പമല്ല .

നാല്പത്തിയെട്ടു കവിതകൾ അടങ്ങിയ ഈ സമാഹാരത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് "ഉമ്മ എന്ന യൂണിവേഴ്‌സിറ്റി " ആണ്. ജീവിതാഗ്നിയിൽ ചുട്ടു പഴുത്ത 'അമ്മ അല്ലെങ്കിൽ ഉമ്മ എന്ന പ്രയോഗം വളരെ മനോഹരവും ചിന്തനീയവുമാണ്. 

സ്നേഹവും പ്രതിഷേധവും ആശങ്കയും പ്രതീക്ഷയും എല്ലാം വിവിധ കവിതകളിലൂടെ കവയിത്രി പങ്കു വയ്ക്കുന്നു. ചില കവിതകൾ നാല്പതിലധികം വരികൾ കടന്നുപോകുമ്പോൾ ആറു വരിയിൽ അവസാനിച്ച കവിതകളും ഈ സമാഹാരത്തിൽ കാണാം. നീളം കൂടിയ ചില കവിതകൾ ഒന്ന് കൂടി ആറ്റിക്കുറുക്കി എഴുതാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. എങ്കിലും  'ഇതളുകളേറെയുള്ള ഒരു പൂവ്' ൽ ഇരിക്കാൻ വായനാ വണ്ടുകൾ ധാരാളം എത്തിച്ചേരും എന്ന് തീർച്ചയാണ്.

പുസ്തകം : ഇതളുകളേറെയുള്ള ഒരു പൂവ് 
രചയിതാവ് : ആരിഫ അബ്ദുൽ ഗഫൂർ  
പേജ് : 88 
പ്രസാധകർ : പേരക്ക ബുക്സ്
വില : 120 രൂപ

Sunday, June 27, 2021

ഒരു കാൻസർ അനുഭവം

വിരലടയാളം പതിപ്പിച്ച് റേഷൻ സാധനങ്ങൾ വാങ്ങേണ്ട കാലം വന്നതിന് ശേഷം പലതവണ എനിക്ക്  റേഷൻ പീടികയിൽ പോകേണ്ടി വന്നിട്ടുണ്ട്. ഇന്നും അത്തരം ഒരു സന്ദർശനവും റേഷൻ വാങ്ങലും ആയിരുന്നു എന്റെ അജണ്ട. ഉമ്മക്ക് വേറെ കാർഡ് ആയതിനാൽ ഉമ്മയെയും കൂടെ കൂട്ടി ഞാൻ റേഷൻ പീടികയിൽ എത്തി. സാധനങ്ങൾ വാങ്ങി കാറിലേക്ക് വയ്ക്കുമ്പോൾ, മുമ്പേ എനിക്ക് പരിചയമുള്ള ഒരാൾ എന്നോട് കുശലാന്വേഷണത്തിന് വന്നു. റേഷൻ പീടികക്ക് തൊട്ടടുത്ത പള്ളിയിലെ ചെടികൾ നനച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് അദ്ദേഹം എന്നോട് കുശലാന്വേഷണം നടത്തിയത്.

കുട്ടി ആയിരുന്നപ്പോഴേ മറ്റൊരു നാട്ടിൽ നിന്നും മാതാവിനോടൊപ്പം ഞങ്ങളുടെ നാട്ടിലെത്തി ഈ നാട്ടുകാരനായി മാറിയ ഒരാളായിരുന്നു അദ്ദേഹം. എന്റെ ഉമ്മാക്ക് അദ്ദേഹത്തെ കുട്ടിക്കാലം മുതലേ പരിചയവുമുണ്ട്. ഉമ്മ തന്നെയാണ് എനിക്ക് അദ്ദേഹത്തിന്റെ ഇന്നാട്ടിലെ ഇരട്ട പേരിന്റെ പിന്നിലെ രഹസ്യം പറഞ്ഞ് തന്നതും. പുള്ളിയുടെ ഇപ്പോഴത്തെ വീട് ഉമ്മയുടെ എളാമയുടെ കുടുംബ വീടിന് തൊട്ടടുത്തായതിനാൽ ഞങ്ങളുടെ ബന്ധു ആണെന്നായിരുന്നു ഞാൻ ഇന്നലെ വരെ ധരിച്ചിരുന്നത് .അത് തിരുത്തിയതും ഉമ്മ തന്നെയാണ് 

കാറിൽ തിരിച്ച് കയറിയ ഞങ്ങളെ അദ്ദേഹം കൂപ്പുകൈയോടെ നോക്കി നിന്നത് എന്റെ മനസ്സിൽ ചെറിയൊരു സംശയം ജനിപ്പിച്ചു. അഭിമാനത്തോടെ ജീവിച്ചിരുന്ന പലരുടെയും ജീവിതം കൊറോണ കാരണം പാളം തെറ്റിയിട്ടുണ്ട്. മാന്യമായി വസ്ത്രം ധരിച്ച ഇദ്ദേഹത്തിനും അങ്ങനെ സംഭവിച്ചിരിക്കുമോ? ചട്ടിയിൽ വെള്ളം ഒഴിച്ച് പിന്നെയും അദ്ദേഹം ഞങ്ങളുടെ നേരെ ഒന്ന് നോക്കി.

"ഉമ്മാ... പൈസ കൊടുത്താൽ അയാൾ സ്വീകരിക്കുമോ ?" പേഴ്‌സ് കയ്യിലില്ലെങ്കിലും ഞാൻ ഉമ്മയോട് വെറുതെ ചോദിച്ചു.

"അറിയില്ല, കൊടുക്കണോ ?" ഉമ്മ തിരിച്ച് ചോദിച്ചു.

"ങാ...ഒന്ന് വിളിച്ച് നോക്കാം ...." കാറിന്റെ ഇടത് ഭാഗത്ത് നിന്ന അദ്ദേഹത്തോട് ഞാൻ ഡ്രൈവിംഗ് സീറ്റിനടുത്തേക്ക് വരാൻ ആംഗ്യം കാട്ടി. അത് കാണേണ്ട താമസം അയാൾ ഓടി വന്നു. ഉമ്മ നീട്ടിയ കാശ് ഞാൻ അയാൾക്ക് നൽകിയപ്പോൾ വിറയ്ക്കുന്ന കൈകളോടെ അദ്ദേഹം അത് വാങ്ങി. അദ്ദേഹത്തിന്റെ കണ്ണിൽ വെള്ളം നിറയുന്നതും എന്റെ ശ്രദ്ധയിൽ പെട്ടു. വിതുമ്പിക്കൊണ്ട് അയാൾ പറഞ്ഞു.

"രണ്ട് മാസം കൂടുമ്പോൾ തൃശൂർ അമല ഹോസ്പിറ്റലിൽ പോകണം ... ഏഴു വർഷമായി തുടങ്ങിയിട്ട് .... ചെറുകുടലിനാണ് ..."

അത് കേട്ടതും ഞാനും ഉമ്മയും ഞെട്ടിപ്പോയി. ഇത്രയും കാലം അദ്ദേഹമോ മറ്റാരെങ്കിലുമോ ഈ രോഗവിവരം പറയാത്തതിൽ ഞങ്ങൾ ആശ്ചര്യപ്പെട്ടു.

"ഇതുവരെ 15000 രൂപയായിരുന്നു ഫീസ്...ഇപ്പോൾ അത് 20000 രൂപയാക്കിയിട്ടുണ്ട്....ആരെങ്കിലും ഒക്കെ സഹായിച്ച് ഇതുവരെ മുടക്കം ഒന്നും വന്നില്ല ..." 

"ഈ വിവരം ഞങ്ങൾ ഇതുവരെ അറിഞ്ഞിരുന്നില്ല ..." കയ്യിലുണ്ടായിരുന്ന നോട്ടുകൾ മുഴുവൻ അദ്ദേഹത്തിന് നൽകിക്കൊണ്ട് ഉമ്മ പറഞ്ഞു.

നമ്മുടെ ചുറ്റും ഇതുപോലെ നിരവധി പേർ ജീവിതം തള്ളി നീക്കുന്നുണ്ട്. അവരുടെ പൂർവ്വാവസ്ഥയും അഭിമാനവും മറ്റുള്ളവരുടെ മുമ്പിൽ കൈ നീട്ടുന്നതിന് അവരെ വിലക്കുന്നു. ഈ കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നതും ഇത്തരക്കാരാണ്. അതിനാൽ മാന്യമായി വസ്ത്രം ധരിച്ചവരാണെങ്കിലും അവരുടെ മുഖത്ത് വിഷാദത്തിന്റെ ഒരു നിഴൽ നിങ്ങൾ കാണുന്നുവെങ്കിൽ ഒന്ന് ചേർത്ത് പിടിച്ച് അന്വേഷിക്കുക . ദു:ഖത്തിന്റെ ഒരു പങ്ക് വയ്ക്കൽ തന്നെ അവരിൽ പലർക്കും വലിയൊരു ആശ്വാസം നൽകും.

Tuesday, June 15, 2021

മാങ്ങാ സെഞ്ച്വറി

 "ആ മാങ്ങ മുയ്മനും കാക്കച്ചിം അണ്ണാച്ചിം തിന്നിട്ണത് കണ്ട് ലേ മന്സാ.... " 

മാനം അൽപം തെളിഞ്ഞപ്പോൾ അടുക്കളയിൽ നിന്നുള്ള കാർമേഘം എൻ്റെ നേരെ നീങ്ങാൻ തുടങ്ങി.

" ഒരു കൊട്ട മാങ്ങ പറിച്ച് തന്ന് അത് പൗത്തപ്പോള് ഈ ജ്ജന്താ പറഞ്ഞീ ന്യ?"

"മാങ്ങ മുയ്മനും പൗത്ത്ക്കണ് ന്ന്... അല്ലാതപ്പം ... "

" മാങ്ങാക്കൊല ... ഇതില് മുയ്മനും പുജ്ജാ... പുജ്ജ്... ന്നല്ലേ ഇജ്ജ് പറഞ്ഞെ?"

"ആ... ന്നാലും ഇങ്ങനെ മയിം ബെയിലും കൊണ്ട് കേടര്ത്തണ്ടല്ലൊ.. ബാക്കി ള്ളത് പറച്ചാളി .. അയലക്കത്തെ എല്ലാർക്കും അങ്ങട് കൊട്ക്കാ... ബാക്കിള്ളത് പൗത്താ തിന്നാ , ചീഞ്ഞാ എറ്യാ..."

"ങാ..  നോക്കട്ടെ .. "

അങ്ങനെ ഞാൻ തന്നെ വികസിപ്പിച്ചെടുത്ത മാംഗോ പ്ലക്കറുമായി (നീണ്ട ഒരു തോട്ടി. അതിൻ്റെ അറ്റത്ത് ത്രികോണാകൃതിയിൽ കമ്പ് കൂട്ടിക്കെട്ടി, മൂടില്ലാത്ത ഒരു വലക്കഷ്ണം ഈ ത്രികോണത്തിൽ വലിച്ച് കെട്ടി. ശേഷം വലയുടെ അടി ഭാഗം കൂട്ടിക്കെട്ടി) രണ്ടാം നിലയിലെ സിറ്റൗട്ടിൽ എത്തി. മാവ് നിലത്ത് നിന്നങ്ങ് ഉയർന്ന് വീടിൻ്റെ ഉയരത്തിൽ എത്തി ഗമയിൽ നില്ക്കാണ്. സിറ്റൗട്ടിലൂടെ ഞാൻ വരും എന്ന് പാവം ശ്രദ്ധിച്ചതേ ഇല്ല. 

തോട്ടി, സോറി മാംഗോ പ്ലക്കർ നീട്ടി ആദ്യത്തെ മാങ്ങ പറി ടെസ്റ്റ് ചെയ്തു. മാങ്ങ കറക്ട് വലയിൽ തന്നെ വീണു. മിഷൻ സക്സസ് ഫുൾ ആയതോടെ ആവേശമായി. പിന്നെ രണ്ട് മാങ്ങ ഒരുമിച്ച് പ്ലക്കറിൽ കുടുക്കി. മൂന്ന് മാങ്ങ പരീക്ഷിക്കാൻ മനസ്സ് പറഞ്ഞെങ്കിലും പ്ലക്കറിൻ്റെ നട്ടെല്ല് ബലം അറിയാവുന്നതിനാൽ തല്ക്കാലം ഒഴിവാക്കി. 

കുട്ട ഒരു പ്രാവശ്യം നിറഞ്ഞു. രണ്ടാം തവണയും നിറഞ്ഞു. മൂന്നാം തവണ നിറഞ്ഞപ്പഴേക്കും ഞാൻ ഒരു വഴിക്കായി. മാങ്ങ എണ്ണി നോക്കിയപ്പോൾ സർവ്വകാല റെക്കോഡുകളും ഭേദിച്ചിരുന്നു. ഈ ഒറ്റ പറിക്കലിന് കിട്ടിയത് 140 മാങ്ങ; തൂക്കം 25 കിലോഗ്രാം !! മുൻ വർഷങ്ങളിൽ ഒരു വർഷം ആകെ കിട്ടിയിരുന്നത് നൂറ്റി ഇരുപതിൽ താഴെ മാങ്ങകളായിരുന്നു. ഇത്തവണ നാലഞ്ച് തവണ പറിച്ചതും പക്ഷികൾ തിന്നതും ഒക്കെയായി ഒരു സെഞ്ച്വറി ആദ്യം അടിച്ചു  കഴിഞ്ഞിരുന്നു . എല്ലാം കഴിഞ്ഞ് മാവിലേക്ക് നോക്കിയപ്പോ ഒരു സെഞ്ച്വറി കൂടി അടിക്കാനുള്ളത് ഇനിയും തൂങ്ങിയാടുന്നു !

മൂവാണ്ടൻ എന്ന് ഞങ്ങൾ വിളിക്കുന്ന നാടൻ മാവാണ് ഇത്. 15 വർഷം മുമ്പ് ബാപ്പ നട്ടതായിരുന്നു. കഴിഞ്ഞ പത്ത് വർഷത്തോളമായി എനിക്ക് മാങ്ങ കിട്ടിക്കൊണ്ടിരിക്കുന്നു. കൊമ്പ് കോതി നിർത്തിയാൽ അധികം ഉയരം പോകില്ല. മാങ്ങ സൂപ്പർ മധുരമാണ്. കഴിഞ്ഞ വർഷം വരെ പുഴുക്കൾ കാണാത്ത മാങ്ങയായിരുന്നു. ഈ വർഷം കായീച്ച ആക്രമണം രൂക്ഷമായതിനാൽ പുഴുശല്യം ഉണ്ട് ( പുഴുക്കളെ അകറ്റാനുള്ള മാർഗ്ഗം Salt & Camphor എന്ന എൻ്റെ യൂടൂബ് ചാനലിൽ വീഡിയോ ഉണ്ട്. യൂ ടുബിൽ 'മാങ്ങയിലെ പുഴുശല്യം എങ്ങനെ ഇല്ലാതാക്കാം' എന്ന് സെർച്ച് ചെയ്യുക) .

മുറ്റത്ത് ഇത്തരം ഒരു മാവ് മതി, ആയുസ് മുഴുവൻ മാമ്പഴമധുരം നാവിൽ നിലനിൽക്കാൻ.

Monday, June 14, 2021

രക്തദാനം - വേറിട്ട ഒരനുഭവം

കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ  നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ 2012 ലെ സപ്തദിന ക്യാമ്പ് എലത്തുരിനടുത്ത് നടുത്തുരുത്തിയിൽ ആയിരുന്നു. സാധാരണ ക്യാമ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിഭിന്നമായി ഒരു രക്തദാന ക്യാമ്പ് കൂടി ഞങ്ങൾ പ്രധാന പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്തായിരുന്നു അതിന്റെ പിന്നിലെ പ്രചോദനം എന്ന് ഇന്ന് ഓർമ്മയില്ല.

കോളേജിൽ നടക്കുന്ന രക്തദാന ക്യാമ്പ് പോലെ പെൺകുട്ടികളടക്കം നിരവധി പേർ രക്തം ദാനം ചെയ്തു. കോളേജിൽ എല്ലാ കുട്ടികളും ഉണ്ടാകുമ്പോൾ ഇവിടെ എൻ.എസ്.എസ് വളണ്ടിയർമാരും ആ നാട്ടിലെ ഏതാനും ആൾക്കാരും മാത്രമായി എന്ന് മാത്രം. രക്തം ദാനം ചെയ്യുന്നവരുടെ അടുത്ത് ചെന്ന് കുശലം ചോദിക്കുന്നത് ക്യാമ്പുകളിൽ ഞാൻ ചെയ്തിരുന്ന ഒരു വേറിട്ട വഴിയായിരുന്നു. ആദ്യമായിട്ട് രക്തം ദാനം ചെയ്യുന്നവർക്ക് ഒരു മനോബലം അതിലൂടെ ലഭിക്കും. ഞാൻ അല്ലെങ്കിൽ അതിന് വേണ്ടി നിയോഗിക്കപ്പെട്ട മറ്റു വളണ്ടിയർമാർ അത് ഭംഗിയായി നിർവ്വഹിക്കും.ഇത് കാരണം ബെഡിൽ കിടക്കുന്ന സമയത്തിന്റെ ദൈർഘ്യം ദാതാവ് പലപ്പോഴും അറിയാറേ ഇല്ല.

പഠനത്തിലും സാമൂഹ്യ സേവനത്തിലും ഒരുപോലെ മികവ് പുലർത്തിയിരുന്ന നോർത്ത് പറവൂർ സ്വദേശി  ലക്ഷ്മിയും ആ ക്യാമ്പിൽ വളണ്ടിയർ ആയി പങ്കെടുത്തിരുന്നു .അങ്ങനെ അന്ന് ഞാൻ രക്തം ദാനം ചെയ്തു കൊണ്ടിരുന്ന ലക്ഷ്മിയുടെ അടുത്തെത്തി വെറുതെ ചോദിച്ചു.

"എത്ര തവണ രക്തം ദാനം ചെയ്തിട്ടുണ്ട് ?"

"ആദ്യമായിട്ടാ സാർ " അഭിമാനത്തോടെയുള്ള മറുപടി.

"വീട്ടിൽ വിവരം അറിയിച്ചിരുന്നോ ?"

"ഇല്ല സാർ ..."

"ങേ... ഇത്രയും വലിയൊരു സുകൃതം ജീവിതത്തിൽ ആദ്യമായി ചെയ്യുമ്പോൾ വീട്ടുകാരോട് അല്ലേ ആദ്യം പറയേണ്ടത് ?"

"അതെ സാർ ...പക്ഷെ വീട്ടിൽ അറിയിച്ചാൽ സമ്മതം കിട്ടില്ല ... ദാനം ചെയ്ത ശേഷം അറിയിച്ചാൽ മുടക്കം പറയില്ലല്ലോ..."

മിക്ക പെൺകുട്ടികളുടെയും അവസ്ഥ ഇതാണ്. രക്തം ദാനം ചെയ്യാൻ താല്പര്യമുണ്ടെങ്കിലും വീട്ടുകാർ സമ്മതം നൽകാത്തതിനാൽ ദാനം ചെയ്യാൻ സാധിക്കുന്നില്ല. അതിനാൽ സ്ത്രീകളിലെ രക്തദാനം പ്രോത്സാഹിപ്പിക്കാൻ വീട്ടുകാരെ ബോധവൽക്കരണം നടത്തുന്ന പരിപാടി കൂടി ഉണ്ടാകണം. ഏറ്റവും കൂടുതൽ രക്തത്തിന്റെ ആവശ്യം വരുന്നതും സ്ത്രീകൾക്ക് തന്നെ ആയതിനാൽ ഇത് ഏറെ ഗുണം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു .

Sunday, June 13, 2021

കടങ്കഥകളുടെ കളിവീട്

കവിത കാണുന്നത് തന്നെ അലർജിയായിരുന്ന ഒരു കാലം എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു. കുഞ്ഞുണ്ണി മാഷ് എന്ന അപൂർവ്വ പ്രതിഭയാണ് ആ അലർജി മാറ്റിയിരുന്നത്. പിന്നീട് ആ അലർജി കവിതാ വായനയിൽ മാത്രമായി ഒതുങ്ങി. കവിതകൾ കേൾക്കുക എന്നത് ഒരു രസമായി തോന്നി. മക്കൾ കവിതാ പാരായണ മത്സരത്തിൽ പങ്കെടുക്കാൻ തുടങ്ങിയപ്പോഴാണ് ഈ മാറ്റം വന്നത് എന്നാണ് എനിക്ക് തോന്നുന്നത്. മക്കൾ അതിൽ നിന്നും വിരമിച്ചതോടെ എന്റെ അലർജി വീണ്ടും തുടങ്ങി. കവിതാ സമാഹാരങ്ങൾ വാങ്ങുന്നത് പണ്ടേ ഇല്ലെങ്കിലും ഒറ്റയും തെറ്റയുമായി അവയും എന്റെ പുസ്തക ശേഖരത്തിൽ ഇപ്പോൾ എത്തിത്തുടങ്ങി.

പേരക്ക ബുക്ക് ക്ലബ്ബിൽ അംഗമായതോടെ നിരവധി കവിതാ സമാഹാരങ്ങളുമായി പരിചിതമായെങ്കിലും വായിച്ചാൽ വല്ലതും തലയിൽ കയറുമോ എന്ന സന്ദേഹം കാരണം ഒന്നും വാങ്ങിയില്ല. അപ്പോഴാണ് ബുക്ക് ക്ലബ്ബ്  അംഗങ്ങൾക്കുള്ള സൗജന്യ പുസ്തകക്കിറ്റിൽ ഉൾപ്പെട്ടുകൊണ്ട് ശ്രീ. പി കെ ഗോപിയുടെ കടങ്കഥകളുടെ കളിവീട് എന്നെത്തേടി എത്തിയത്. ഒറ്റ ഇരുപ്പിന് തന്നെ ഞാൻ അത് വായിച്ചു തീർത്തു. കാരണം  കവിതകളെപ്പറ്റിയുള്ള എന്റെ മുൻധാരണകൾ എല്ലാം തൂത്തെറിയുന്നതായിരുന്നു ആ പുസ്തകം. 

കുട്ടികൾക്കുള്ള കവിതകളായതു കൊണ്ടാകണം ചെറുതും വളരെ ലളിതവുമായ കവിതകൾ ആണ് ഈ പുസ്തകത്തിൽ ഉള്ളത്. മിക്ക കവിതകളും ചോദ്യങ്ങൾ നിറഞ്ഞതാണ്. കുഞ്ഞുമനസ്സ് എപ്പോഴും ചോദ്യങ്ങളുടെ ഒരു സാഗരമായിരിക്കും എന്ന പ്രപഞ്ച സത്യം ഈ പുസ്തകത്തിലൂടെ അടിവര ഇടുന്നു. മുപ്പതിലധികം കവിതകളുള്ള ഈ സമാഹാരത്തിൽ എനിക്ക് മനസ്സിലാക്കാൻ അല്പമെങ്കിലും സാധിക്കാത്തത് അവസാന കവിതയായ കടങ്കഥകളുടെ കളിവീട് മാത്രമാണ്. കവിതകളുടെ കൂടെയുള്ള വര കവിതയോട് നീതി പുലർത്തുന്നുണ്ടാകാം , പക്ഷെ വായിക്കുന്ന കുട്ടികളോട് അതെത്ര കണ്ട് സംവദിക്കും എന്ന് നിശ്ചയമില്ല.

പുസ്തകം : കടങ്കഥകളുടെ കളിവീട് 
രചയിതാവ് : പി കെ ഗോപി 
പേജ് : 72 
പ്രസാധകർ : പേരക്ക ബുക്സ് 
വില : 100 രൂപ

Sunday, June 06, 2021

പരിസ്ഥിതി ദിനം

 2009 ലെ പരിസ്ഥിതി ദിനം മുതലാണ് ഞാൻ ഈ ദിവസത്തെ എന്റെ ജീവിതത്തിലെ ഒരു പ്രധാന ദിനമായി പരിഗണിക്കാൻ തുടങ്ങിയത് എന്നാണ് എന്റെ ഓർമ്മ. 1974 മുതൽ ലോക പരിസ്ഥിതി ദിനം ആചരിച്ച് വരുന്നുണ്ടെങ്കിലും 35 വർഷം ഞാൻ അത് ശ്രദ്ധിക്കാതെ പോയതിന് കാരണം എനിക്ക് അതിൽ പ്രത്യേകിച്ച് ഒരു റോളും ഉള്ളതായി തോന്നാത്തത് കൊണ്ടായിരിക്കാം. അതല്ലെങ്കിൽ അത് ഇന്ന് കാണുന്ന വിധത്തിൽ ജനകീയമാകാത്തത് കൊണ്ടുമായിരിക്കാം. 

 2010 മുതൽ നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായി ഞാൻ പ്രവർത്തിക്കാൻ തുടങ്ങി. അന്ന് മുതൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നാട്ടിലും കാട്ടിലുമായി എത്ര മരം നട്ടു എന്നത് എനിക്ക് തന്നെ ഒരു ഊഹവും ഇല്ല.2016 ജൂണിൽ ബേഗൂർ കാടുകളിൽ ആയിരത്തോളം മുളം തൈകൾ വച്ച് പിടിപ്പിച്ചതാണ് അതിൽ പ്രധാനപ്പെട്ടത്. 

അഞ്ച് വർഷത്തിന് ശേഷം 2021 ലെ പരിസ്ഥിതി ദിനവും എനിക്ക് ഓർമ്മയിൽ സൂക്ഷിക്കാൻ പറ്റുന്നതായി. കുടുംബ സമേതം വീട്ടുമുറ്റത്ത് ആത്ത ചക്കയുടെ തൈ നട്ടുകൊണ്ടാണ് ഇത്തവണത്തെ മുദ്രാവാക്യമായ Ecosystem Restoration നോട് ഞങ്ങൾ പ്രതികരിച്ചത്. നമ്മുടെ നാട്ടിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ആത്ത ചക്ക തന്നെ ഇതിന് തെരഞ്ഞെടുക്കപ്പെട്ടത് യാദൃശ്ചികമായി.

എന്നാൽ അതിലേറെ ഹൃദ്യമായത് ഞാൻ നട്ടുവളർത്തിയ ഫലവൃക്ഷത്തൈകൾ ആവശ്യക്കാർക്ക് സൗജന്യമായി  വിതരണം ചെയ്യാൻ സാധിച്ചു എന്നതാണ് . മാസങ്ങളായി, ആർക്കെങ്കിലും നൽകാം എന്ന ഉദ്ദേശത്തിൽ വളർത്തിയ പനിനീർ ചാമ്പ തൈക്ക് തന്നെയായിരുന്നു കൂടുതൽ ഡിമാന്റ്.ഇതടക്കം ഇരുപത്തിയഞ്ചോളം തൈകളാണ്  നാട്ടിലെ കൃഷിഭവൻ ഗ്രൂപ്പിലും ഞങ്ങളുടെ കോളനി ഗ്രൂപ്പിലും ഇട്ട പോസ്റ്റിന് പ്രതികരണമായി വിതരണം ചെയ്തത്.

കൂടാതെ ഞാൻ ചെയർമാനായ എന്റെ പത്താം ക്ലാസ് ഗ്രൂപ്പിന്റെ Youth For Earth എന്ന പരിപാടിയിലൂടെ സഹപാഠികളും കുടുംബ സമേതം വൃക്ഷത്തൈ നട്ടുകൊണ്ട് ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷത്തിൽ പങ്കാളികളായി.