Pages

Saturday, June 26, 2010

വീണ്ടും ഒരു ഹര്‍ത്താല്‍ വരുമ്പോള്‍...

ഇന്ന് വീണ്ടും ഒരു ഹര്‍ത്താല്‍ ദിനം. കേരള ജനതക്ക് തിമര്‍ത്തു പെയ്യുന്ന മഴയത്ത് വീട്ടില്‍ ഒതുങ്ങിയിരിക്കാന്‍ സര്‍ക്കാറിന്റെ വക ഒരു സമ്മാനം. ശനിയാഴ്ച എനിക്ക് അവധിയായതിനാല്‍ എന്നെ ആ വഴിക്കിത് അലോസരപ്പെടുത്തിയില്ലെങ്കിലും ഈ അവധി ദിനത്തില്‍ ഞാന്‍ മുന്‍‌കൂട്ടി തയാര്‍ ചെയ്തിരുന്ന പരിപാടി മുടങ്ങിയതില്‍ ദ്വേഷ്യം തോന്നി. എങ്കില്‍ അല്പ നേരം ബ്ലോഗില്‍ കയറാം എന്ന് വിചാരിച്ചപ്പോള്‍ വൈദ്യുതി അമ്മാവന്റെ ഒളിച്ചുകളിയും.

യഥാര്‍ത്ഥത്തില്‍ ഇന്നത്തെ ഹര്‍ത്താലിന് കാരണമായി പറയപ്പെടുന്ന ഇന്ധന വില വര്‍ദ്ധന കേരളത്തെ പോലെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളേയും ബാധിക്കുന്ന പ്രശ്നമാണ്.ഇന്ന് ഇതിന്റെ പേരില്‍ മറ്റേതെങ്കിലും സംസ്ഥാനത്ത് ഹര്‍ത്താല്‍ നടക്കുന്നുണ്ടോ എന്നെനിക്കറിയില്ല.ഇനി ഇത് കേരളത്തെയാണ് വളരെയധികം ബാധിക്കുക എന്നാണ് ന്യായവാദമെങ്കില്‍ , ആ അവസ്ഥ ഉണ്ടാക്കിയതാര് എന്ന് തിരിഞ്ഞൊരു ചോദ്യം ചോദിച്ചു നോക്കുക.

വയലുകളെല്ലാം മണ്ണിട്ടു നിരത്തി, കൃഷി അവസാനിപ്പിച്ച് മണിമാളികകള്‍ പണിത് , കൃഷി ചെയ്യാന്‍ ഇടമില്ല അല്ലെങ്കില്‍ കൃഷി നഷ്ടമാണ് തുടങ്ങിയ ന്യായങ്ങള്‍ നിരത്തുന്നതും അതിനുള്ള ഒത്താശകള്‍ ചെയ്യുന്നതും നാമും നമ്മെ ഭരിക്കുന്ന സര്‍ക്കാറും കൂടിയല്ലെ? നമ്മെ പൂര്‍ണ്ണമായും ഒരു ഉപഭോഗ സംസ്ഥാനമാക്കി മാറ്റുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് പല കാലങ്ങളില്‍ നമ്മെ ഭരിച്ച വിവിധ സര്‍ക്കാറുകള്‍ അല്ലേ? എന്നിട്ട് ഇപ്പോള്‍ ഉളുപ്പില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപ്പിക്കുന്നോ? ജനങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തേണ്ടത് ജനങ്ങളാണ്.സഞ്ചാര സ്വാതന്ത്ര്യവും മറ്റും ഹനിച്ചുകൊണ്ട് സര്‍ക്കാറിനെ നയിക്കുന്ന കൂട്ടുകക്ഷി അത്തരം ഒരു പ്രതിഷേധം നടത്തേണ്ട ആവശ്യമില്ല.

ഇന്ന് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ ഏതോ ഒരു പരീക്ഷ കോഴിക്കോട്ടെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നുണ്ട്. ഹര്‍ത്താല്‍ കേരളത്തില്‍ മാത്രമായതിനാല്‍ ഈ പരീക്ഷ നീട്ടി വക്കാന്‍ സാധ്യതയില്ല. അപ്പോള്‍ ഇത്രയും കാലം ഇതിനായി പ്രയത്നിച്ചിരുന്ന ഒരു ഉദ്യോഗാര്‍ത്ഥിയുടെ മനസ്സ് ഒന്ന് വായിച്ചു നോക്കൂ.പരീക്ഷക്ക് എത്താന്‍ സ്വന്തമായി വാഹനമില്ലാത്തവര്‍ എന്ത് ചെയ്യും എന്ന് കൂടി ആലോചിച്ചു നോക്കൂ.ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപ്പിച്ച പാര്‍ട്ടി നേതാക്കളുടെ മക്കളാരും ഈ വിഭാഗത്തിലൊന്നും വരില്ല എന്നതിനാല്‍ അവര്‍ക്ക് സ്വസ്ഥമായി ഹര്‍ത്താല്‍ വാര്‍ത്തകള്‍ ടിവിയില്‍ കണ്ടാസ്വദിക്കാം.ഇടതായാലും വലതായാലും പൊതുജനം എല്ലാം സഹിക്കുക തന്നെ വേണം.

Thursday, June 24, 2010

ഇന്ത്യയില്‍ ഇരുന്ന് നിങ്ങള്‍ക്കും ഡോളര്‍ വാങ്ങണോ ?

“അമേരിക്കയിലേക്ക് പോകണം “ എന്റെ സഹപ്രവര്‍ത്തകന്‍ മിനിഞാന്ന് വെറുതെ ഒരു മോഹം പറത്തി വിട്ടു.

“അതെന്തിനാ..?” ഞാന്‍ ചോദിച്ചു.

“ഡോളറിന്...ഡോളറില്‍ കാശ് കിട്ടിയാലേ വല്ലതുമാകൂ...”

“ഓ.”


ഒരു ദിവസം കഴിഞ്ഞ് ഇന്ന് അപ്രതീക്ഷിതമായി എന്റെ ഒരു സുഹ്ര്‌ത്ത് ഒരു സൈറ്റ് അഡ്രസ് തന്നു. ഇംഗ്ലീഷില്‍ എഴുതുന്നവര്‍ക്കായുള്ള ഇന്ത്യന്‍ സൈറ്റ്. കാശ് ഡോളറിലും!!!എന്താ ഇന്ത്യയില്‍ ഇരുന്ന് നിങ്ങള്‍ക്കും ഡോളര്‍ വാങ്ങണോ...ഇതാ ഇവിടെ തന്നെ ക്ലിക്കിക്കോളൂ...പിന്നെ ഒരു കാര്യം അക്കൌണ്ടില്‍ പത്ത് ഡോളര്‍ ആകുമ്പോള്‍ പണം ആവശ്യപ്പെടണം. സൈറ്റ് പൂട്ടി പോയിട്ട് എന്റെ കഷണ്ടിയില്‍ മദ്ദളം കൊട്ടാന്‍ വന്നേക്കരുത്..ങാ ഹാ!!

ജബുലാനി അരീക്കോട്ട് !!!!

ഫുട്ബാള്‍ ലോകകപ്പ് ,അത് നടക്കുന്ന സ്റ്റേഡിയത്തിലിരുന്ന് നേരിട്ട് കാണുക...വുവുസേലയുടെ കാതടപ്പിക്കുന്ന ശബ്ദം നേരിട്ട് കേള്‍ക്കുക...റോഡാ‍യ റോഡ് മുഴുവന്‍ ഫ്ലക്സില്‍ നിറഞ്ഞു നില്‍ക്കുന്ന മറഡോണയേയും മെസ്സിയേയും അല്പം ദൂരെ നിന്നാണെങ്കിലും നേരിട്ട് കാണുക...മുന്‍ ലോകകപ്പ് താരം സാക്ഷാല്‍ ബ്രസീലിന്റെ ബെബെറ്റോയുടെ കൂടെ ഫോട്ടോ എടുക്കുക...പിന്നെ ലോകം മുഴുവന്‍ ഒരു നോക്ക് കാണാന്‍ കൊതിക്കുന്ന “ജബുലാനി” സ്വന്തമാക്കുക...

രാത്രി രണ്ട് മണിക്ക് ലോകകപ്പ് മത്സരം ടിവിയില്‍ കണ്ട് വന്ന ഒരു പയ്യന്‍ കാണുന്ന സ്വപ്നമല്ല ഇത്.ഫുട്ബാള്‍ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന എന്റെ അരീക്കോട് എന്ന ഗ്രാമത്തിലെ ഒരു പയ്യന്റെ അനുഭവമാണിത്.അതേ ലോകകപ്പ് ദക്ഷിണാഫ്രിക്കയില്‍ പോയി നേരിട്ട് കാണാന്‍ സാധിച്ച ആ പയ്യനെപറ്റിയുള്ള വാര്‍ത്ത ഇതാ ഇവിടെ (വാര്‍ത്ത കാണാനില്ല , അതും സ്വപ്നമായിരുന്നോ?)

Friday, June 18, 2010

എന്റെ ശശിയേട്ടന്‍

എന്റെ വീടിന്റെ തേപ്പ് പണി നടക്കുമ്പോള്‍, തൊട്ടപ്പുറത്തെ പറമ്പില്‍ ഒരു ബന്ധുവിന്റെ വീടും പണി നടക്കുന്നുണ്ടായിരുന്നു. അതിന്റെ തേപ്പ് പണി ചെയ്തിരുന്നത് ശശിയേട്ടന്‍ എന്നൊരാളായിരുന്നു. പണി സാമഗ്രികള്‍ പലതും പങ്കു വച്ച് ഞങ്ങള്‍ തമ്മില്‍ അറിയാതെ ഒരു അടുപ്പം വളര്‍ന്നു വന്നു. എന്റെ വീടിന്റെ തേപ്പ് മുഴുവന്‍ കഴിഞ്ഞ്, എന്റെ പണിക്കാര്‍ അടുത്ത പണി സ്ഥലത്തേക്ക് പോയപ്പോഴും ശശിയേട്ടന്‍ പലവക പണികളുമായി തൊട്ടപ്പുറത്ത് ഉണ്ടായിരുന്നു. ടെറസിന്റെ മേലെ ഓട്‌ വിരിക്കാനുള്ള പട്ടിക കെട്ടാന്‍ എന്റെ പണിക്കാര്‍ക്ക് പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ തൊട്ടപ്പുറത്ത് മനോഹരമായി അത് ചെയ്തു കൊടുത്ത ശശിയേട്ടനെ ഞാന്‍ സമീപിച്ചു.

“ശരി മാഷെ , ഇവിടുത്തെ ഈ മതിലിന്റെ തേപ്പ് കൂടി ഒന്നു കഴിയട്ടെ...” ശശിയേട്ടന്‍ പറഞ്ഞു.

മതില്‍ പണി കഴിഞ്ഞ് പിന്നെ കുറേ കാലത്തിന് ശശിയേട്ടനേയും കാണാതായി. ഞാന്‍ വീണ്ടും പണിക്കാരെ അന്വേഷിച്ച് നടന്നെങ്കിലും ഒരു ഫലവും ഉണ്ടായില്ല.അതിനിടെ ആ പുരയുടെ ഉടമസ്ഥനില്‍ നിന്നും ഞാന്‍ ആ ഞെട്ടിപ്പിക്കുന്ന വിവരം അറിഞ്ഞു...”ശശിയേട്ടന് സുഖമില്ല, പനിയായിരുന്നു.ക്യാന്‍സറിന്റെ ബാക്കിയായുള്ള ചില അസുഖങ്ങളാണ്...”

അപ്പോഴാണ് , ഒരു ദിവസം പണിക്കാര്‍ മുഴുവന്‍ ഊണ് കഴിക്കാന്‍ പോയ സമയത്തും പണി എടുക്കുന്ന ശശിയേട്ടനെ കണ്ടത് ഞാന്‍ ഓര്‍മ്മിച്ചത്. അന്ന് ഞാന്‍ ചോദിച്ചു: “ഇന്ന് മറ്റുള്ളവര്‍ ഒന്നും ഇല്ലേ?”

“ഉണ്ട്..ഊണ് കഴിക്കാന്‍ പോയതാ...”

“അപ്പോള്‍ നിങ്ങള്‍ക്ക് ഊണ്‍ വേണ്ടേ?”

“ഇല്ല ...മുപ്പത്തഞ്ച് കൊല്ലമായി ഞാന്‍ ഒരു നേരമേ ഭക്ഷണം കഴിക്കാറുള്ളൂ..രാത്രി മാത്രം, അല്പം കഞ്ഞി....രാവിലേയും ഉച്ചക്കും എല്ലാം കട്ടന്‍ ചായ മാത്രം....”

ശശിയേട്ടന്‍ ഭക്ഷണം കഴിക്കാത്തത് അപ്പോള്‍ ഈ ക്യാന്‍സര്‍ ഉള്ളതു കാരണമായിരുന്നു എന്ന് ഞാന്‍ ഊഹിച്ചു.എന്നിട്ടും അദ്ദേഹം അത് എന്നില്‍ നിന്നും മറച്ചു വച്ചു.

മഴ കനക്കുന്നതിന് മുമ്പ് ടെറസിന്റെ മേലെയുള്ള പണി തീര്‍ക്കണം എന്ന വേവലാതിയുമായി ഞാന്‍ ഓടി നടക്കുന്നതിനിടയിലാണ് ഒരു ദിവസം അപ്രതീക്ഷിതമായി ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന വീടിന്റെ മുമ്പിലൂടെ ശശിയേട്ടന്‍ പണി സ്ഥലത്തേക്ക് പോകുന്നത് കണ്ടത്.

“ശശിയേട്ടാ...നമ്മളെ ടെറസിന്റെ പണി...” ഞാന്‍ പറഞപ്പോഴേക്കും ശശിയേട്ടന്‍ പറഞ്ഞു,

“ഓ...ഞാന്‍ സുഖമില്ലാതെ കിടപ്പിലായി...നാളെ കഴിഞ്ഞ് തുടങ്ങാം മാഷെ..”

“മഴ തുടങ്ങുന്നതിന് മുമ്പ്...”

“അതേ...പണിക്കാര്‍ നാളെ , ഇപ്പോള്‍ എടുത്തു കൊണ്ടിരിക്കുന്ന സൈറ്റ് മുഴുവനാക്കും. ഒരു സൈറ്റ് മുഴുവനാക്കാതെ പോരുന്നത് എല്ലാവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും.അതുകൊണ്ട് മറ്റന്നാള്‍ നമുക്ക് ഇവിടെ തുടങ്ങാം...”

പറഞ്ഞ ദിവസം പണിക്കാരേയും കൊണ്ട് ശശിയേട്ടന്‍ എത്തി.അഞ്ച് ദിവസം കൊണ്ട് പണി പൂര്‍ത്തിയാക്കുകയും ചെയ്തു.ശശിയേട്ടന്‍ എല്ലാ കാര്യങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചു.അതിനിടയില്‍ സംസാരത്തിലൂടെ ഞാന്‍ ആ സത്യം പൂര്‍ണ്ണമായും അറിഞ്ഞു...ശശിയേട്ടന്റെ ആമാശയം പൂര്‍ണ്ണ്മായും നീക്കം ചെയ്തിരിക്കുന്നു!കുടലുകളുടെ അറുപത് ശതമാനവും ഒഴിവാക്കി.അതിനിടയില്‍ രണ്ടാമത്തെ ഹാര്‍ട്ട് അറ്റാക്കും കഴിഞ്ഞു.രണ്ട് മാസത്തെ പൂര്‍ണ്ണ വിശ്രമം വിധിക്കപ്പെട്ട ആള്‍ രണ്ട് മൂന്ന് ദിവസമായി എന്റെ വീടിന്റെ ടെറസിന്റെ മുകളില്‍ വരെ എത്തുന്നു!!മുമ്പൊരിക്കല്‍ വീണ് ഡിസ്ക് പൊട്ടി പ്ലാസ്റ്റിക്ക് ഡിസ്കുമായിട്ടാണ് ഇപ്പോള്‍ നടത്തം.എല്ലാം കുടുംബം പുലര്‍ത്താന്‍!!!

ഇങ്ങനെ കുടുംബം പുലര്‍ത്താന് വേണ്ടി എത്ര എത്ര ശശിയേട്ടന്മാര്‍ നമുക്ക് ചുറ്റും കഷ്ടപ്പെടുന്നു. ഉള്ള പണം കുടിച്ച് കൂത്താടി പാഴാക്കുന്ന വേറെ കുറേ ജന്മങ്ങളും.

Thursday, June 10, 2010

‘ജുബുലാനി’ ഉരുണ്ടു തുടങ്ങുമ്പോള്‍....

ദക്ഷിണാഫ്രിക്കന്‍ ഗ്രൌണ്ടുകളില്‍ ‘ജുബുലാനി’ ഉരുണ്ടു തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.നമ്മുടേ നാട്ടിലെ ആവേശം കണ്ടാല്‍ ഇന്ത്യ എത്രയും പെട്ടെന്ന് ഒന്ന് യോഗ്യത നേടിയെങ്കില്‍ എന്ന് ആശിച്ചുപോകുന്നു.ഫ്ലക്സ് ബോഡുകള്‍ അത്രയും മലീമസമാക്കിയിരിക്കുന്നു നമ്മുടേ കവലകളെ.ഇന്ത്യ യോഗ്യത നേടിയാല്‍ ഇക്കണ്ട അണ്ടന്റേയും അടകോടന്റേയും പതാകകളും ഫ്ലക്സ് ബോഡുകളും നമ്മുടെ കവലകളില്‍ ഇടം പിടിക്കില്ലായിരുന്നു.ഫുട്ബാള്‍ കമ്പം മുറുകിയവരാണ് മലബാറിലെ ഭൂരിഭാഗവും.എന്റെ ഒരു ചെറിയ അനുഭവം ഞാനിവിടെ പങ്കു വയ്ക്കട്ടെ.

ഐ ലീഗില്‍ വിവാ കേരളയും സാല്‍ഗോക്കറും തമ്മിലുള്ള മത്സരം കാണാനായി കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ കോഴിക്കോട്‌ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെത്തി.ഒരു തിക്കും തിരക്കും കാണാത്തതിനാല്‍ അവിടെ നിന്ന സെക്യൂരിറ്റിക്കാരനോട് ഞാന്‍ കളിയപറ്റി അന്വേഷിച്ചു.
“കളി നാളെ, ഏതായാലും വന്നതല്ലേ, പ്രാക്ടീസ് കണ്ട് പൊയ്ക്കോളൂ...” അദ്ദേഹം പറഞ്ഞു.

അയാള്‍ പറഞ്ഞ പോലെ ഞാനും സ്റ്റേഡിയത്തില്‍ കയറി. പിന്നെ ഞാന്‍ ശ്രദ്ധയൂന്നിയത് കളിയിലല്ല, രണ്ടു പേര്‍ തമ്മിലുള്ള സംഭാഷണത്തിലാണ്.ഒരാള്‍ക്ക് ഏകദേശം എഴുപത് വയസ്സ് തോന്നിപ്പിക്കുന്നു.

ഒന്നാമന്‍‍: വിവായുടെ, ഇവരുമായുള്ള ഒന്നാം കളിയുടെ ഫലം എന്തായിരുന്നു?
70 കാരന്‍: ഒരു ഗോളിന് തോറ്റു.

ഒന്നാമന്‍‍: അപ്പോള്‍ ഇത് വിവയുടെ അവസാനത്തെ കളിയാണോ?”

70 കാരന്‍: ഏയ്...അവര്‍ക്കിനി സ്പോര്‍ട്ടിങ് ഗോവയുമായി ഗോവയില്‍ മുട്ടാനുണ്ട്. പൂനെ എഫ്.സി യും ലജോങ്ങും ഇവിടെ വന്ന് മുട്ടാനുമുണ്ട്.

ഒന്നാമന്‍‍:അവ്ര്ക്ക്, അവരുടെ നാട്ടില്‍ വിവയുമായുള്ള കളി കഴിഞോ?

70 കാരന്‍:കഴിഞോന്നോ??പൂനെയോട് 3 -0 ത്തിനാ തോറ്റത്.ലജോങ്ങിനോട്‌ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും.സ്പോര്‍ട്ടിങ്ങിനെ 4-2 ന് തുരത്തുകയും ചെയ്തു.

ഒന്നാമന്‍‍:ആ കളി എങ്ങനെ ഉണ്ടായിരുന്നു?

70 കാരന്‍:അന്ന് പത്താം നമ്പറ് , റൂബന്റെ ദിവസമായിരുന്നു.സ്റ്റോപ്പര്‍ ബാക്ക് ആയി ഇരുപത്തി ഒന്നാം നമ്പര്‍ ബെല്ലോ റസാക്കും..

ഒന്നാമന്‍‍: അപ്പോള്‍ ഇനി ,ബാക്കി കളിയൊക്കെ എന്നാ?

70 കാരന്‍: 28, 30....പിന്നെ ഏഴാം തീയതിയും.അത് കഴിഞാല്‍ പിന്നെ നീണ്ട ഒരിടവേള.

ഒന്നാമന്‍‍: അതെന്തിനാ ഒരിടവേള?

70 കാരന്‍: സന്തോഷ് ട്രോഫി ക്യാമ്പ് ഒമ്പതാം തീയതിമുതല്‍ ആരംഭിക്കുകയാണ്!!!

ഈ 70 കാരന്‍ കഴിഞ്ഞ കളികളിലെ സ്കോറ് വരെ പറഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി. തുടര്‍ന്ന് കളിയിലെ താരങ്ങളുടെ ജഴ്സി നമ്പറും പേരും, പിന്നെ ഇനി കളിക്കാനുള്ള മത്സരങ്ങളും‍ എണ്ണി എണ്ണി പറഞ്ഞപ്പോള്‍ ഞെട്ടല്‍ വീണ്ടും കൂടീ.അതും കഴിഞ്ഞ് സന്തോഷ് ട്രോഫിയുടെ ഡേറ്റും ഈ വയസ്സന്‍ കാക്ക ഓര്‍മ്മിച്ച് വച്ചിരിക്കുമ്പോള്‍ ചെറുപ്പക്കാരനായ എനിക്ക് എന്റെ അറിവിന്റേയും ഓര്‍മ്മയുടേയും പരിമിതിയില്‍ ലജ്ജ തോന്നി.

Saturday, June 05, 2010

ഒരു പരിസ്ഥിതി ദിനചിന്ത

ഇന്ന് ജൂണ്‍ 5 - ലോക പരിസ്ഥിതി ദിനം.സ്കൂളുകളില്‍ “എന്റെ മരം” പദ്ധതിയിലൂടെ എല്ലാവര്‍ക്കും ഒരു മരം കിട്ടുന്ന ദിനം.2007 -ല്‍ കേരള സര്‍ക്കാര്‍ ആരംഭിച്ച ഈ പ്ദ്ധതി കുട്ടികളില്‍ പരിസ്ഥിതി ബോധം എത്രത്തോളം വളര്‍ത്തി എന്ന് നാം ഒരു പുനര്‍വിചിന്തനം നടത്തേണ്ടിയിരിക്കുന്നു.

“എന്റെ മരം” പദ്ധതി വളരെ നല്ല ഒരു പരിപാടി ആയിരുന്നു.സര്‍ക്കാര്‍ അതിനെ മാര്‍ക്കുമായി കൂട്ടിക്കുഴച്ച് അതിന്റെ മഹത്വം ഇല്ലാതാക്കി. ശ്വന്തം വീട്ടില്‍ ഒരു മരം നട്ടുപിടിപ്പിച്ച് വളര്‍ത്തിയാല്‍ അതിന്റെ കായും തടിയും എല്ലാം തനിക്ക് ഉപയോഗിക്കാം എന്ന് മാത്രമല്ല അനേകം ജന്തുജാലങ്ങള്‍ക്ക് താങും തണലും അന്നവും കൂടി ലഭിക്കും എന്ന സന്ദേശം പിഞ്ചു മനസ്സിലേക്ക് നല്‍കുന്നതിന് പകരം നിനക്ക് ഗ്രേസ്മാര്‍ക്കായി ഈ മരം മാറും എന്ന തെറ്റായ സന്ദേശം സര്‍ക്കാര്‍ കൈമാറുന്നു. പരിസ്ഥിതി സംരക്ഷണത്തിന് സര്‍ക്കാര്‍ ഇത്തരം പരിപാടികള്‍ നടപ്പിലാക്കുന്ന അതേ സമയത്ത് തന്നെ മറ്റൊരു സ്ഥലത്ത് കായലുകളും വയലുകളും നികത്തി സര്‍ക്കാര്‍ മണിമന്ദിരങ്ങള്‍ ഉയര്‍ത്തുന്നതിന് മുങ്കൈ വഹിക്കുന്നതും ഇവര്‍ തന്നെ. അപ്പോള്‍ ചെയ്യുന്നതും പറയുന്നതും തമ്മിലുള്ള ഈ വൈരുദ്ധ്യം എങ്ങനെ ന്യായീകരിക്കും?

ഈ ദിനത്തില്‍ പല സംഘടനകളും പല വിധത്തിലുള്ള പരിപാടികളും നടത്തുന്നു.പണ്ട് പ്രസംഗങ്ങളും സെമിനാറുകളും നടത്തി പരിസ്ഥിതി ദിനത്തില്‍ അന്തരീക്ഷമലിനീകരണം കൂടി നടത്തിയിരുന്നെങ്കില്‍ ഇന്ന് അതിനൊരു മാറ്റം വന്നു. മരം നടുക എന്ന മിനിമം പരിപാടി നടപ്പിലാക്കി വരുന്നു.നട്ട മരം വീണ്ടും കാണാന്‍ അടുത്ത ജൂണ്‍ 15 വരേണ്ട ഗതികേട് ആണ് പലരും നേരിടുന്നത്.നമ്മുടെ കുഞ്ഞിനെ പരിപാലിക്കുന്ന പോലെ ഒരു മരത്തെ നട്ട് വളര്‍ത്തി അത് വളര്‍ന്ന് വലുതായി പക്ഷിലതാതികള്‍ക്കും മറ്റു മനുഷ്യര്‍ക്കും തണലും അഭയവും നല്‍കുമ്പോള്‍ നാമറിയാതെ നമ്മുടെ ഈ സുകൃതം വാഴ്ത്തപ്പെടുന്നു.അതിനുള്ള പ്രതിഫലം സര്‍വ്വ ശക്തനായ ദൈവം അവന് നല്‍കുകയും ചെയ്യും.

അതിനാല്‍ മരങ്ങള്‍ നടുക എന്നതിലുപരി നട്ടു വളര്‍ത്തി പരിപാലിക്കുക എന്നതിലേക്ക് മാറുക എന്നതാവട്ടെ ഈ പരിസ്ഥിതി ദിനത്തിലെ നമ്മുടെ തീരുമാനം.