Pages

Wednesday, December 30, 2009

പോക്കരാക്കയുടെ ന്യൂ ഇയര്‍ റസലൂഷന്‍

“പോക്കരാക്കാ...പുതുവര്‍ഷമാണല്ലോ വരുന്നത്...” ഞാന്‍ പറഞ്ഞു.


“ആ...എന്താ ജ്ജ് ഞമ്മളെക്കൊണ്ട് ബല്ല കുന്ത്രാണ്ടോം ഒപ്പിക്കാനുള്ള പരിപാടി ആയിരിക്കും”


“അല്ല...ങ്ങള് ഒര് സൂപ്പര്‍സ്റ്റാര്‍ ആണ് ബൂലോകത്ത്...” ഞാന്‍ പോക്കരാക്കയെ ഒന്നു പൊക്കി.


“സുബറ് സ്റ്റാര്‍ ആണെന്നോ, കള്ള സുബറേ...ഹമ്ക്കേ..പോ...”


“ഏയ് മതി മതി... ഞാന്‍ ഒന്നും പറഞ്ഞില്ല....“


“ആ അനക്ക് എത്താ ഇപ്പം അറ്യേണ്ട?”


“ആ... പറയാം.എല്ലാരും ഒരു പുതിയ വര്‍ഷം വരുമ്പം ചില തീരുമാനങ്ങള്‍ എടുക്കും...ഇംഗ്ലീഷില്‍ അതിന് ന്യൂ ഇയര്‍ റസലൂഷന്‍ എന്ന് പറയും...”


“ഞമ്മള് റഷ്യന്‍ റവലൂഷന്‍ ന്നൊക്കെ കേട്ട്ക്ക്ണ്...ജ്ജ് പ്പം പറഞ്ഞ സാധനം ആദ്യായിട്ടാ കേക്ക്‌ണത്...ന്നാലും നല്ല ചേല്‌ള്ള പേര്...ഏത് ബാപ്പാ ആ പേര്‌ട്ടത്?”


“അത് ആരെങ്കിലുമാകട്ടെ...അപ്പോ പോക്കരാക്കാക്കും അങ്ങനെ ഒരു തീരുമാനം ഉണ്ടായിരിക്കുമല്ലോ?”


“അത് പിന്നെ ഇല്ലാതെ..”


“അത് ശരിക്കും ഒരു വര്‍ഷം പാലിക്കാനുള്ള തീരുമാനം തന്നെയാണോ ?”


“ഒരു വര്‍ഷോ ? ഞമ്മളെ തീരുമാനം ഒരു ആയുസ്സ്ന്‌ള്ളതാ...”


“ങേ!!ഒരു ആയുസ്സ്ന്‌ള്ളതോ ?? അതേതാ അങ്ങനെ ഒരു ന്യൂ ഇയര്‍ റസലൂഷന്‍ ?”


“ഇമ്മാതിരി മാണ്ടാത്ത പണി ഒന്നും ഇട്‌ക്കൂലാന്ന് തന്നെ...”

പുതുവത്സര ചിന്തകള്‍

അങ്ങനെ ഒരു വര്‍ഷം കൂടി നമ്മില്‍ നിന്ന് പറന്നു പോവുകയായി.മുമ്പ് ഒരു പോസ്റ്റില്‍ സൂചിപ്പിച്ചപോലെ മരണത്തോട്‌ ഒരു വര്‍ഷം കൂടി അടുത്തു.അതില്‍ നാം ആനന്ദനൃത്തം ചവിട്ടുന്നു!!!അതു പോകട്ടെ.

പുതുവത്സരം പലര്‍ക്കും പല പുതിയ തീരുമാനങ്ങളും എടുക്കാനുള്ള അവസരം കൂടിയാണ്.ഞാനിനി കള്ള് കുടിക്കില്ല, പുകവലി അമ്പേ നിര്‍ത്തും തുടങ്ങീ സ്ഥിരം നമ്പറുകള്‍ ഇക്കൊല്ലവും പല മനസ്സിലും രൂപപ്പെട്ടിരിക്കും.ബൂലോകത്ത് നാല് ചൊറി വര്‍ത്ത്മാനം പറഞ്ഞ് ആളാകണം എന്ന പദ്ധതിയും ചില മനസ്സുകളില്‍ ഉണ്ടായേക്കാം.ഇക്കൊല്ലം ഒരു പുതുവത്സരം ഒരു സംഭവമാക്കണം എന്ന് തീരുമാനമെടുത്തവരും ഉണ്ടാകും.


ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ പി.എസ്.എം.ഒ. കോളേജിലെ ഇംഗ്ലീഷ് പ്രൊഫസര്‍ എസ്.എം.അലി സാര്‍ അന്നത്തെ പ്രോസില്‍ എടുത്ത ഒരു അദ്ധ്യായം - ന്യൂ ഇയര്‍ റസലൂഷന്‍സ് ,ഇപ്പോഴും എന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു.പുതുവര്‍ഷാരംഭത്തില്‍ നാം എടുക്കുന്ന പലതീരുമാനങ്ങളുടേയും ഗതിയെക്കുറിച്ചായിരുന്നു ആ അദ്ധ്യായത്തില്‍ പറഞ്ഞത് എന്നാണ് എന്റെ ഓര്‍മ്മ.

ന്യൂ ഇയര്‍ റസലൂഷന്‍സ് പലപ്പോഴും ജീവിതത്തിലെ ഏറ്റവും ആയുസ്സ് കുറഞ്ഞ ഒരു തീരുമാനമായിരിക്കും.മേല്‍ പറഞ്ഞ പോലെ ദുര്‍ഗുണങ്ങളോടുള്ള വിടപറയല്‍ തീരുമാനം ആഘോഷിക്കാന്‍ ബാറില്‍ പോകുന്നവര്‍ പലരുമുണ്ട്.ജനുവരി ഒന്നാം തീയതി തന്നെ, ഫൂ ഒരു ന്യൂ ഇയര്‍ റസലൂഷന്‍ - മണ്ണാങ്കട്ട എന്ന് പറഞ്ഞ് പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകുന്നവരും ധാരാളമുണ്ട്.നിങ്ങള്‍ ഏത് വിഭാഗത്തില്‍ പെടുന്നു എന്ന് നിങ്ങള്‍ തന്നെ ചിന്തിക്കുക.


ന്യൂ ഇയര്‍ റസലൂഷന്‍ എടുക്കുക എന്ന പതിവ് പണ്ടേ എനിക്കില്ലായിരുന്നു. ഒരു പക്ഷേ അതിന്റെ ക്ഷണികമായ ആയുസ്സ് കാരണമായിരിക്കും അതല്ലെങ്കില്‍ ഈ ബ്ലോഗിങ് അല്ലാതെ പ്രത്യേകിച്ച് ഒഴിവാക്കേണ്ട ഒരു ദുശ്ശീലവും ഇല്ലാത്തത് കൊണ്ടാകും (!!), ഇങ്ങനെ ഒരു സ്വഭാവമുണ്ടായത്.എപ്പോഴെങ്കിലും ഒരു ന്യൂ ഇയര്‍ റസലൂഷന്‍ എടുത്തവര്‍ക്ക് അറിയാം അത് നിലനിര്‍ത്തി കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടുകള്‍.

ഒരു ന്യൂ ഇയര്‍ റസലൂഷന്‍ എടുത്ത് അത് ആ വര്‍ഷം മുഴുവന്‍ തുടര്‍ന്നു കൊണ്ടുപോകുന്നവനെ അല്ലെങ്കില്‍ അക്ഷരം പ്രതി പാലിക്കുന്നവനെ സമ്മതിക്കുക തന്നെ വേണം.കാരണം ഇന്നത്തെ അവസ്ഥയില്‍ അതിന് തരണം ചെയ്യേണ്ട കടമ്പകള്‍ ഏറെയാണ്.എന്നാല്‍ പോക്കരാക്കയുടെ ന്യൂ ഇയര്‍ റസലൂഷന്‍ പോലെ ആകരുത് നിങ്ങളുടെ ന്യൂ ഇയര്‍ റസലൂഷന്‍.

ബൂലോകര്‍ക്കെല്ലാം നല്ല ഒരു പുതുവത്സരം ആശംസിക്കുന്നു.

Saturday, December 26, 2009

ഒരു എന്‍.എസ്.എസ് ക്യാമ്പ് അനുഭവങ്ങള്‍

ഇരുപത് വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് എന്നെ കൈപിടിച്ചു കൊണ്ടുപോയ ഒരു അനുഭവമായിരുന്നു കഴിഞ്ഞ ഒരാഴ്ച എന്റെ ജീവിതത്തില്‍ സംഭവിച്ചത്.ബൂലോകത്ത് നിന്നും മാറി നിന്നതും ഈ അനുഭവം കൊതി തീരെ ആസ്വദിക്കാനായിരുന്നു.മറ്റൊന്നുമല്ല, എന്റെ കോളേജിലെ നാഷണല്‍ സര്‍വീസ് സ്കീം (NSS) യൂണിറ്റിന്റെ  ഡിസംബര്‍ 18-ന് ആരംഭിക്കുന്ന സപ്തദിന ക്യാമ്പില്‍ പങ്കെടുക്കാനുള്ള ക്ഷണം കിട്ടിയപ്പോള്‍ ഞാന്‍ സന്തോഷപൂര്‍വ്വം അത് സ്വീകരിച്ചു.അടിച്ചുപൊളിക്കാനുള്ള കൃസ്തുമസ് അവധി, സേവനത്തിനായി നീക്കിവച്ച ഒരു കൂട്ടം വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ഞാനും എന്റെ അവധി തല്‍ക്കാലം മാറ്റി വച്ചു.


കോഴിക്കോട് ജില്ലയിലെ ബാലുശേരിക്കടുത്ത് കാക്കൂര്‍ പഞ്ചായത്തിലെ പാവണ്ടൂര്‍ എന്ന സ്ഥലത്തായിരുന്നു ക്യാമ്പ്. പതിവ് പോലെ ഒരു റോഡ് നിര്‍മ്മാണമായിരുന്നു പ്രധാന കര്‍മ്മം. പതിനഞ്ച് വര്‍ഷം മുമ്പ് ജനങ്ങള്‍ മനസ്സിലിട്ട ഒരു സ്വപ്നത്തിന്റെ സാക്ഷാല്‍ക്കരണത്തിന്റെ തുടക്കമായിരുന്നു ആ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനത്തിലൂടെ എന്റെ പ്രിയ ശിഷ്യര്‍ ആരംഭിച്ചത്.


മുക്കാല്‍ കിലോമീറ്ററോളം  വരുന്ന റോഡിനായി ജനങ്ങള്‍ വിട്ടുകൊടുത്ത സ്ഥലത്തെ പൊന്തക്കാടും അടിക്കാടൂം മരങ്ങളും വെട്ടിമാറ്റുക എന്ന ശ്രമകരമായ ജോലിയായിരുന്നു ഞങ്ങള്‍ക്ക് അവിടെ ചെയ്യാനുണ്ടായിരുന്നത്. കൈക്കോട്ടും പിക്കാസും കൊട്ടയും ഒന്നും തന്നെ പിടിച്ച് പരിചയമില്ലാത്ത എഞ്ചിനീയറിംഗ് കോളേജിലെ കുമാരീ-കുമാരന്മാര്‍ ആദ്യദിവസം തന്നെ പ്രതീക്ഷക്കപ്പുറം മുന്നേറി.തൊട്ടടുത്ത ദിവസം മുതല്‍ നാട്ടുകാരുടെ സഹകരണം കൂടി ലഭ്യമായതോടെ പ്രവര്‍ത്തനം വളരെ സജീവമായി.അഞ്ചു ദിവസത്തെ ശ്രമദാനത്തിലൂടെ ഉദ്ദേശിച്ചതിലും കൂടുതല്‍ ചെയ്തു തീര്‍ക്കാനായി എന്ന ചാരിതാര്‍ത്ഥ്യത്തോടെ ഞങ്ങള്‍ പണി പൂര്‍ത്തിയാക്കി.വെട്ടിയ പാതയിലൂടെ ഒരു വാഹനം കടന്നുപോകുന്നത് കാണാന്‍ കൊതിച്ചെങ്കിലും അത് പ്രാവര്‍ത്തകമായില്ല എന്ന ദു:ഖം മാത്രം ബാക്കി നില്‍ക്കുന്നു.



ക്യാമ്പിന്റെ ഭാഗമായി മറ്റുപല പ്രോഗ്രാമ്മുകളും അരങ്ങേറി.’മമ്മൂട്ടി-ദ സ്റ്റാര്‍’ എന്ന റിയാലിറ്റി ഷോ ഫൈനലിസ്റ്റ് ബിനു കുറുവങ്ങാടിന്റെ നാടക കളരിയായിരുന്നു അതില്‍ ഏറ്റവും ആകര്‍ഷകം.വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കാനുള്ള അദ്ദേഹത്തിന്റെ ചില പൊടിക്കൈ പ്രയോഗങ്ങള്‍ ക്യാമ്പ് അംഗങ്ങള്‍ ശരിക്കും ആസ്വദിച്ച്തന്നെ ഉപയോഗപ്പെടുത്തി.


രാത്രി നടക്കുന്ന കൂതറ കലാപരിപാടികള്‍ വിവിധ വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികളുടെ കലയുടെ ‘കൊലാപരത’ (അതിനെ വിളിക്കാന്‍ എന്റെ വായില്‍ വരുന്ന പദം അതാണ്) വ്യക്തമാക്കി.സര്‍ഗ്ഗം എന്ന ക്യാമ്പ് ദിനപത്രവും കുട്ടികളിലെ  പ്രതിഭകളുടെ മിന്നലാട്ടം വ്യക്തമാക്കി. എന്റെ ക്യാമ്പസ് ഇത്ര സമ്പുഷ്ടമാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞതും കാമ്പസില്‍ കമ്പ്യൂട്ടര്‍ ലാബിനകത്ത് ഒതുങ്ങിക്കൂടുന്ന എന്നെ വിദ്യാര്‍ത്ഥികള്‍ തിരിച്ചറിഞ്ഞതും ഈ ക്യാമ്പ് വഴിയാണ്.


സമാപനദിവസത്തെ കലാപരിപാടികളില്‍ പങ്കെടുക്കാനും ആസ്വദിക്കാനുമായി എന്റെ മൂത്തമകള്‍ ഐഷനൌറയേയും കൂട്ടിയായിരുന്നു ഞാന്‍ പോയത്.കലാപരിപാടികളുടെ ഹരത്തില്‍ കൂടുതല്‍ പരിപാടികള്‍ അവതരിപ്പിക്കാനായി അവള്‍ അവസരം ചോദിച്ചത് എനിക്ക് ഏറെ സംതൃപ്തി നല്‍കി.ക്യാമ്പ്ഫയര്‍ എന്ന അവസാന പരിപാടിയും ആസ്വദിച്ച് കഴിയുമ്പോള്‍ പുലര്‍ച്ചെ രണ്ടു മണി ആയിരുന്നെങ്കിലും, അവള്‍ക്ക് ഉറക്കത്തിന്റെ ലാഞ്ചന പോലും ഇല്ലായിരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുകയും ചെയ്തു.


നാഷണല്‍ സര്‍വീസ് സ്കീമിനെ പറ്റി ഇന്റെര്‍നെറ്റില്‍ ഒരു ലേഖനം വായിച്ച് ഇന്ത്യയില്‍ എവിടെയോ താമസിക്കുന്ന അതിന്റെ രചയിതാവുമായി ആശയവിനിമയം നടത്തി , ഇനിയും അതില്‍ പ്രവര്‍ത്തിക്കാനുള്ള എന്റെ ആഗ്രഹം പ്രകടിപ്പിച്ച ഉടനെയാണ് എനിക്ക് ഈ ക്യാമ്പില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചത്. ഇരുപത് വര്‍ഷം മുമ്പ് ഡിഗ്രിക്ക് ഫാറൂഖ് കോളേജില്‍ പഠിക്കുമ്പോഴും അതിന്  മുമ്പ് പ്രീഡിഗ്രിക്ക്  PSMO കോളേജില്‍ പഠിക്കുമ്പോഴും NSS ക്യാമ്പില്‍ പങ്കെടുത്തതിന്റെ മധുരസ്മരണകള്‍ എന്റെ മനസ്സിലേക്ക് വീണ്ടും കോരിയിട്ടുകൊണ്ടാണ് ക്യാമ്പ് ഇന്നലെ സമാപിച്ചത്.


ജീവിതത്തില്‍ വല്ലപ്പോഴും കിട്ടുന്ന ഇത്തരം അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ബൂലോക വാസികള്‍ ഇനിയെങ്കിലും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Wednesday, December 16, 2009

മക്കളെ വളര്‍ത്തുമ്പോള്‍...

“ഞാന്‍ ജീവിതത്തില്‍ ചെയ്ത ഒരേ ഒരു തെറ്റ് മക്കള്‍ക്ക് വേണ്ടി സമ്പാദിച്ചിട്ടു എന്നതാണ്”.
ഇന്നലെ എന്റെ ഒരു സഹപ്രവത്തകനില്‍ നിന്ന്, മറ്റൊരാള്‍ പറഞ്ഞതായി  ഞാന്‍ കേട്ടതാണിത്.


അവനവന്‍ അനുഭവിച്ച തീക്ഷ്ണമായ പരീക്ഷണങ്ങള്‍ , ഇന്ന് അത്യാവശ്യം നല്ല നിലയില്‍ ജീവിക്കുന്ന ഏതൊരാളുടേയും മനസ്സില്‍ പച്ചപിടിച്ചു തന്നെ നില്‍ക്കുന്നുണ്ടാവും.അതിനാല്‍ തന്നെ അതേ അനുഭവങ്ങള്‍ തന്റെ മക്കള്‍ക്ക് ഉണ്ടാകരുത് എന്നും അവര്‍ പണമില്ലാത്തതിന്റെ പേരില്‍ ദു:ഖിക്കരുത് എന്നും എല്ലാ രക്ഷിതാക്കളുടേയും ആഗ്രഹവുമായിരിക്കും.പക്ഷേ ആ നിഷ്കളങ്കമായ ചിന്തയുടെ അനന്തരഫലമായി  ഇന്ന് പല രക്ഷിതാക്കളും തീ തിന്നുന്നു എന്നറിയുമ്പോള്‍ നാം എല്ലാവരും ഒരു പുനരാലോചന നടത്തേണ്ടിയിരിക്കുന്നു.


മേലുദ്ധരിച്ച വാചകം വന്നത് ഒരു റിട്ടയേഡ് ഉദ്യൊഗസ്ഥനില്‍ നിന്നാണ്.ചെറുപ്പ കാലത്ത് പഠനത്തിനായി നന്നേ പ്രയാസപ്പെട്ട ആ വ്യക്തി ജോലി കിട്ടിയതിന്‌ ശേഷം ആദ്യം ചെയ്തത് മക്കളുടെ വിദ്യാഭ്യാസത്തിനായി പട്ടണത്തിനടുത്ത് തന്നെ താമസിക്കുക എന്നതായിരുന്നു. മത്സരങ്ങളുടെ ലോകത്ത് തന്റെ മക്കളെ പ്രാപ്തരാക്കാന്‍ അദ്ദേഹം അങ്ങനെ ചിന്തിച്ചതില്‍ തെറ്റില്ല.എല്ലാ സൌകര്യങ്ങളും വര്‍ദ്ധിച്ചു വരുന്ന വിവരം അദ്ദേഹം ചിന്തിച്ചതേ ഇല്ല. പക്ഷേ


മക്കള്‍ ഒന്നാംതരം ഇംഗ്ലീഷ് മീഡിയത്തില്‍ തന്നെ വളര്‍ന്നു വന്നു.ഭാര്യയും അദ്ദേഹവും സമ്പാദിച്ചു കൂട്ടുന്നതില്‍ നിന്നും ഒരു ഭാഗം മക്കളുടെ ഭാവിയോര്‍ത്ത് പലതരം നിക്ഷേപങ്ങളായി സൂക്ഷിച്ചു. മക്കളുടെ വിവിധ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു കൊടുക്കാനും അദ്ദേഹം മടികാട്ടിയില്ല.താന്‍ അനുഭവിക്കാത്തത് തന്റെ മക്കളെങ്കിലും അനുഭവിക്കട്ടെ എന്ന നിഷ്കളങ്ക ചിന്ത അദ്ദേഹത്തിന്റെ മറ്റുചിന്തകള്‍ക്ക് വേലി കെട്ടി.


തങ്ങള്‍ക്ക് വേണ്ടി മാതാപിതാക്കള്‍ സമ്പാദിച്ചു കൂട്ടുന്നത് അറിഞ്ഞ മക്കള്‍ ക്രമേണ പഠനത്തില്‍ പിന്നോക്കം പോകാന്‍ തുടങ്ങി.പഠിച്ചില്ലെങ്കിലും ജയിക്കും എന്ന ചിന്തയും ഇനി അഥവാ ജയിച്ചില്ലെങ്കില്‍ തന്നെ തങ്ങള്‍ക്ക് ജീവിക്കാനുള്ളത് അഛനമ്മമാര്‍ ഒരുക്കിയിട്ടുണ്ട് എന്ന ചിന്തയും മക്കളെ തീര്‍ത്തും അലസരാക്കി.ഫലമോ, മറ്റുള്ളവരുടെ മുഖത്ത് നോക്കി മക്കളെ പറ്റി ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയില്‍ ആ രക്ഷിതാക്കളുടെ തല കുനിപ്പിച്ചു.


അന്ന് സമ്പാദിച്ചിട്ടതില്‍ നിന്നും, ചെലവാക്കി മാത്രം ശീലിച്ച മക്കള്‍ ഇന്നും ചെലവാക്കി കൊണ്ടേ ഇരിക്കുന്നു.സ്വന്തം വീടും സ്ഥലവും നഷ്ടപ്പെടുന്നതിന് മുമ്പെങ്കിലും ഈ ലോകത്ത് നിന്നും രക്ഷപ്പെടണേ എന്നാണ് ഇന്ന് ആ മാതാപിതാക്കളുടെ പ്രാര്‍ത്ഥന.


മക്കളെ ലാളിച്ചുവളര്‍ത്തുന്നവര്‍ ശ്രദ്ധിക്കുക.അവരുടെ എല്ലാ ആവശ്യങ്ങളും പൂര്‍ത്തീകരിച്ചു കൊടുക്കുന്നതിന് മുമ്പ് അതിന്റെ ആവശ്യകതയെപറ്റി രണ്ടു വട്ടം ആലോചിക്കുക. പണത്തിന്റെ മൂല്യം മക്കളെ നന്നായി ബോദ്ധ്യപ്പെടുത്തുക.ഇല്ലെങ്കില്‍ മേല്‍ പറഞ്ഞ അവസ്ഥ നിങ്ങള്‍ക്കും വന്നേക്കാം - പ്രത്യേകിച്ച് പ്രവാസികള്‍ക്ക്.

Sunday, December 13, 2009

ഓടത്തെരുവ് വളവ്

അരീക്കോട് - മുക്കം റോഡിലെ ഒരു പ്രധാന വളവാണ് ഓടത്തെരുവ് വളവ്.ഒരു ദിവസം രാവിലെ ,അരീക്കോട് അങ്ങാടിയില്‍ നില്‍ക്കുകയായിരുന്ന പോക്കരാക്കയുടെ അടുത്ത് ഒരു കാര്‍ പെട്ടെന്ന് നിര്‍ത്തി ഡ്രൈവര്‍ ചോദിച്ചു:
“മുക്കത്തേക്ക് നേരെ പോയാല്‍ മതിയോ?”


“ഓടത്തെരുവ് വളവ് പിന്നെ നിന്റെ ബാപ്പ വളക്കുമോ  ?” പോക്കരാക്കയുടെ മറുപടി കേട്ട ഡ്രൈവര്‍ പിന്നെ ഒരു നിമിഷം അവിടെ നിന്നില്ല.

Friday, December 11, 2009

നമ്മുടെ മക്കള്‍ക്കായിരുന്നെങ്കില്‍ ...???

ഇന്നലെ ഞാന്‍ കോളേജില്‍ പോകുന്ന സമയം.ബസില്‍ എന്റെ തൊട്ടടുത്ത് എന്റെ നാട്ടുകരനും എനിക്ക് പരിചയക്കാരനുമായ ഒരു യുവാവ് വന്നിരുന്നു.ബസ് ആറോ ഏഴോ കിലോമീറ്റര്‍ ഓടിയ ശേഷമാണ് കക്ഷിക്ക്  സീറ്റ് കിട്ടിയത്.സീറ്റ് കിട്ടിയ ഉടന്‍ മുന്നിലിരുന്ന , അദ്ദേഹത്തിന്റെ ഭാര്യയില്‍ നിന്നും കുട്ടിയെ വാങ്ങി സ്വന്തം മടിയിലിരുത്തി.ബസ് മുന്നോട്ട് നീങ്ങുന്നതിനിടയില്‍ അയാള്‍ കുട്ടിയോട്‌ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.കുട്ടിയുടെ മുഖത്ത് മറുപടിയായി ഒരു പുഞ്ചിരി മാത്രവും.


അല്പം കഴിഞ് അയാള്‍ എന്നോട് കുശലാന്വേഷണങ്ങള്‍ നടത്തി.ഞാന്‍ അങ്ങോട്ട് അറിയുമെങ്കിലും ,എന്നെ ഇങ്ങോട്ട് അറിയില്ല എന്ന് ധരിച്ചാണ് ഞാന്‍ സംസാരം തുടങ്ങാതിരുന്നത്.എന്നെപറ്റി ഒരു മങ്ങിയ ഐഡിയയേ പുള്ളിക്കുള്ളൂ എന്ന് സംസാരത്തില്‍ നിന്നും എനിക്ക് മനസ്സിലായി.പലതും സംസാരിച്ച കൂട്ടത്തില്‍ ഞാന്‍ ചോദിച്ചു:
“എങ്ങോട്ടാ ഇവനേയും കൊണ്ട്?”


“ഇവന് ചെറിയ ഒരു പ്രശ്നം ഉണ്ട്...” 


“എന്ത് പ്രശ്നം..”


“മൂന്ന് വയസ്സായിട്ടും ഇവന്‍ വാക്കുകള്‍ കൂട്ടിപറയുന്നില്ല...”


“എങ്ങനെ...?”


“ ചായ എന്നവന്‍ പറയും.പക്ഷേ ചായ വേണം എന്ന് പറയാന്‍ അവനറിയില്ല.ഉപ്പ , ഉമ്മ എന്നൊക്കെ പറയും.പക്ഷേ എന്തിനോടെങ്കിലും കൂട്ടിപ്പറയാന്‍ അവനറിയില്ല...”


“ഓ...പാട്ട് പഠിപ്പിക്കാറുണ്ടോ ?”


“ങാ....അംഗനവാടിയില്‍ വിടണം എന്നാ അവര്‍ പറഞ്ഞത്..”


“ആര്‍?”


“നിംഹാന്‍സ്...ഇവനെ സ്പീച്ച്തെറാപ്പിക്കാണ് കൊണ്ടുപോകുന്നത്.ആഴ്ചയില്‍ മൂന്ന് ദിവസം ഒരു മണിക്കൂര്‍ മാത്രം.പുരോഗതി ഉള്ളതായി തോന്നുന്നുണ്ട്....”


“ഓ...” നല്ല ഭംഗിയുള്ള ആ മൂന്നുവയസ്സുകാരന്റെ മുഖത്തേക്ക് ഞാന്‍ നോക്കി.പേര് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ഞാന്‍ ചോദിച്ചില്ല.


“മൂന്ന് വയസ്സായിട്ടും സ്വന്തം പേര് പറയാന്‍ അവനറിയില്ല..” യുവാവിന്റെ ആ വാചകം എന്നെ നടുക്കി.തൊട്ടു മുമ്പ് പേര് ചോദിക്കാഞ്ഞത് നന്നായി എന്ന് എനിക്ക് തോന്നി.


“ഡിലയ്ഡ് എന്നാണ് അവന്റെ റിക്കാഡുകളില്‍ എഴുതിയിട്ടുള്ളത്.അവന്‍ നടക്കാന്‍ തുടങ്ങിയത് രണ്ടാം വയസ്സിലാണ്.”


ഞാന്‍ എല്ലാം മൂളികേട്ടു.വളരെ സുമുഖനായ ഒരു കുഞ്ഞ്.പുറമേക്ക് കാണാന്‍ ഒരു കുഴപ്പവുമില്ല.പക്ഷേ അവന്റെ മാതാപിതാക്കളും ബന്ധുക്കളും ഈ ഒരു പോരായ്മയുടെ പേരില്‍ എത്ര ദു:ഖാര്‍ത്ഥരായിരിക്കും?ഈ ദുസ്ഥിതി നമ്മുടെ മക്കള്‍ക്കായിരുന്നെങ്കില്‍ നാം എന്ത് ചെയ്യും?ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ വേണ്ടുവോളം അനുഭവിക്കുന്ന നാം ഓരോര്‍ത്തരും അവയെപറ്റി സദാ ബോധവാന്മാരായിരിക്കുക.ഈ അനുഗ്രഹങ്ങള്‍ക്ക് എന്നെന്നും കൃതജ്ഞത ഉള്ളവരായിരിക്കുക.

അവര്‍ ബസ്സിറങ്ങി പോയപ്പോഴും എന്റെ ചിന്ത ഇറങ്ങി പോയിട്ടില്ലായിരുന്നു.


Wednesday, December 09, 2009

പഴശ്ശിരാജയുണ്ടോ അവിടെ ?

വീരപഴശ്ശി ഇതിഹാസമായതിന് ശേഷമാണ് ഖസാക്കിന്റെ ഇതിഹാസവും നസീറിന്റെ ഇതിഹാസവുമെല്ലാം ഭൂമി മലയാളം ദര്‍ശിച്ചത്.മൈസൂരില്‍ കടുവയെങ്കില്‍ ഇവിടെ സിംഹം ഉണ്ടെന്ന് പറഞ്ഞല്ലാതെ സായിപ്പന്മാരോട് എന്തു പറഞ്ഞ് പേടിപ്പിക്കാനാ?പക്ഷേ നമ്മള്‍ പറഞ്ഞത് പച്ചമലയാളത്തിലും അവര്‍ പറഞ്ഞത് നീലകന്നഡയിലും ആയതിനാല്‍ സായിപ്പ് രാജധാനി കടന്നുപോകുന്ന പോലെ സുന്ദരമായി ഓടിയെത്തി.ആ സായിപ്പ് വന്നില്ലായിരുന്നുവെങ്കില്‍ , കേരളത്തിന് നഷ്ടമാകുന്നത് ഒരു സിംഹ(ഭാഗ)മായിരുന്നു , മൈസൂരിന് നഷ്ടമാകുന്നത് ഒരു കടുവയായിരുന്നു , ആന്ധ്രക്ക് നഷ്ടമാകുന്നത് ഒരു കസറിയോ കേസരിയോ ആയിരുന്നു.മാന്ദ്യം ജെസിബി കണക്കെ എല്ലാം കിളച്ചുമാന്തുമ്പോള്‍ ഒരു തൂമ്പ എടുത്ത് ചൊറിയാന്‍ ഞാന്‍ ഇപ്പോള്‍ മുതിരുന്നില്ല.


അങ്ങനെ പഴശ്ശിയെ സര്‍വ്വകോലാഹലങ്ങളോടും കൂടി നാട്ടിന്റെ എല്ലാ മുക്കിലും മൂലയിലുമുള്ള മൂട്ടകടി കേന്ദ്രങ്ങളില്‍ കുടി ഇരുത്തിയ ഒരു ദിവസമാണ് നാട്ടിലെ ഒരു പ്രധാന കൊലാ-സാംസ്കാരിക ക്ലബ്ബിന്റെ വിവാഹ വാര്‍ഷികം നടക്കുന്നത്!!!(ഒരു മനുഷ്യന്‍ മറ്റൊരാളില്‍ ലയിക്കുമ്പോള്‍ അതിനെ വിവാഹം എന്ന് പറയാമെങ്കില്‍ ഒരു ക്ലബ്ബ് മറ്റൊരു ക്ലബ്ബില്‍ ലയിക്കുമ്പോള്‍ അതിന് പിന്നെ അടിയന്തിരം എന്നാണോ പറയുക ? ).പരിപാടിയുടെ അലങ്കോലം ഏറ്റെടുത്തത് നാട്ടിലെ പ്രമുഖനും അന്തര്‍മുഖനും സുമുഖനും പിന്നേ എന്തൊക്കെയോ മുഖനുമായ അറമുഖന്‍ ആയിരുന്നു.


പിറ്റേന്ന് നടക്കേണ്ട പരിപാടിയുടെ ഒരുക്കങ്ങള്‍ തകൃതിയായി നടന്നുകൊണ്ടിരുന്നു.എന്തോ ഒരാവശ്യത്തിന് അറമുഖനെ ആവശ്യമായി വന്നത് രാത്രിയായിരുന്നു.ഭാര്യാ വീട്ടില്‍ പോയി വരേണ്ടതുണ്ട് എന്ന് ആരോടോ സ്വകാര്യം പറഞ്ഞതിനാല്‍ വിവരം നാട്ടുകാര്‍ മുഴുവന്‍ അറിഞ്ഞിരുന്നു.തൃശൂര്‍ പൂരത്തിനിടക്ക് സ്വകാര്യ വെടിക്കെട്ട് നടത്താന്‍ പോയതിനോട് അലങ്കോല കമ്മിറ്റിയിലെ മറ്റുള്ളവര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല.അതിനാല്‍ അവര്‍ നേരെ അറമുഖന്റെ ഭാര്യാവീട്ടിലേക്ക് വിളിച്ചു.


“ഹലോ...അറമുഖനെ എപ്പോഴാ കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കുക ?”


“ങേ!!!ഇത് പൊലീസ് സ്റ്റേഷന്‍ അല്ല...വീടാ...” ഭാര്യയുടെ മറുപടി.


“ങാ....അതു കൊണ്ട് തന്നെയാ ചോദിച്ചത്....”


“ഓ....അപ്പോള്‍ അതിയാന്‍ അങ്ങോട്ട് ഇതുവരെ എത്തിയില്ലല്ലേ ? ഇവിടെ നിന്ന് പുറപ്പെട്ടിട്ട് ഒരു മണിക്കൂര്‍ ആയല്ലോ ?” ഭാര്യയുടെ മറുപടി.

“ങേ.. കുടിയാനോ...ഒരു മണിക്കൂറോ ? അപ്പോള്‍ ഇവിടെ എത്തേണ്ട സമയം കഴിഞ്ഞല്ലോ? ഞങ്ങള്‍ വിളിച്ചു നോക്കട്ടെ ” 

“ഞാന്‍ കുറേ സമയമായി വിളിക്കുന്നു.പക്ഷേ ഔട്ട് ഓഫ് റേഞ്ച് ആ‍ണ്....എന്തു പറ്റി ഈശ്വരാ ...” ഫോണിന്റെ മറുതലയില്‍ നിന്ന് തുടികൊട്ടും ദഫ്മുട്ടും പഞ്ചവാദ്യവും എല്ലാം തുടങ്ങിയതിനാല്‍ ഫോണ്‍ പെട്ടെന്ന് കട്ട് ചെയ്തു.


ശേഷം ക്ലബ്ബ് സെക്രട്ടറി അറമുഖന്റെ മൊബെയിലിലേക്ക് വിളിച്ചു.മറുപടി പരിധിക്ക് പുറത്ത് തന്നെ.


“നമുക്ക് നാരായണനെ വിളിച്ചു നോക്കാം.അവന്റെ അടുത്ത് എന്തിനോ പോകണം എന്ന് പറഞ്ഞിരുന്നു..” ആരോ പറഞ്ഞു.


കലം പോയാല്‍ കുന്തത്തിലും നോക്കണം എന്നതിനാല്‍ ആരോ നാരായണനെ വിളിച്ചു .
“ഇല്ല , ഇങ്ങോട്ട് വന്നില്ലല്ലോ....ഇനിയിപ്പോ റസാക്കിന്റെ അടുത്ത് പോയിട്ടുണ്ടാകോ ആവോ ?”


“അതെന്താ അവിടെ ?”


“റസാക്കിന്റെ ഭാര്യ പ്രസവിച്ചിട്ടുണ്ട്...അവളുടെ നാട്ടില്‍ ആല്‍ത്തറയില്‍...”


‘ഈ ആല്‍ത്തറയില്‍ ആരെങ്കിലും പ്രസവിക്കുന്നിടത്ത് അറമുഖന് എന്തുകാര്യം‘ എന്ന് ചോദിക്കാന്‍ ആര്‍ക്കും ധൈര്യം തോന്നിയില്ല.കാരണം അലങ്കോലം കൂടുതല്‍ അലങ്കോലമാകരുതല്ലോ?


“ശരി ശരി....എന്നാല്‍ അവനെ ഒന്നു വിളിച്ചു നോക്കട്ടെ...”


അറമുഖന്‍ റസാക്കിന്റെ വീട്ടിലുണ്ടോ എന്നറിയാന്‍ അറമുഖനെ തന്നെ വിളിച്ചു നോക്കാം എന്ന സെക്രട്ടറിയുടെ അതിബുദ്ധി കാരണം അറമുഖന്റെ മൊബെയിലിലേക്ക് ഒന്നു കൂടി വിളിച്ചു നോക്കി.മറുപടി പരിധിക്ക് അകത്തില്ല എന്ന് തന്നെ.

സമയം ഇഴഞ്ഞോ നുഴഞ്ഞോ ഒഴിഞ്ഞോ അതിന് ഇഷ്ടപ്പെട്ട രീതിയില്‍ എല്ലാം നീങ്ങി.അറമുഖനെ കാണാതായ വിവരം നാടും നഗരവും കടലും പ്രകാശ വേഗതയില്‍ സൌജന്യമായി കടന്നു.രാത്രി ബൈക്കില്‍ പുറപ്പെട്ട് വഴിയില്‍ ആധാരവും മുദ്രപത്രവും  ഒന്നുമില്ലാതെ അറമുഖന്‍ കിടക്കുന്ന കാഴ്ചകള്‍ ചില ദുഷ്ടമനസ്സുകളിലൂടെ പാഞ്ഞു.ഊഹാപോഹങ്ങള്‍  ഓഹരി വിപണിയേയും കടത്തിയും ഇരുത്തിയും വെട്ടി,അല്ല തുരു തുരെ വെട്ടി.എസ്.എം.എസുകളും മൊബെയില്‍ വിളികളും ടവറിനെപ്പോലും അന്ധാളിപ്പിച്ചു.അലങ്കാര പണികള്‍ എന്റെ നാക്ക് പറഞ്ഞപോലെ അലങ്കോലമായി.എങ്ങും മൂകത താലി കെട്ടി തുടങ്ങി.


“നമുക്ക് ഒന്ന് തിരഞ്ഞ് പോയാലോ ?” അരുടെയോ തലയിലെ ചോറ് ദഹിക്കാന്‍ തുടങ്ങിയതിന്റെ ലക്ഷണം കണ്ടു.


“അതെ...പക്ഷേ എങ്ങോട്ട് പോകും?”


“ഭാര്യാ വീട്ടിലേക്ക് ,അല്ലാതെ അമ്മായി അപ്പന്റെ വീട്ടിലേക്ക് പോകാന്‍ പറ്റോ ?” മറ്റാരുടെയോ തലയില്‍ ഓളം വെട്ടുന്നതിന്റെ ലക്ഷണവും കേട്ടു.

“ഇപ്പോള്‍ സമയം എത്രയായി ? “


“അര്‍ധരാത്രി പന്ത്രണ്ടുമണി..”


“ഓ...അതാണ് ഈ സമയം അല്ലേ....” മറ്റാരോ കേട്ട സമയം ദര്‍ശിച്ചതിലുള്ള സന്തോഷവും രേഖപ്പെടുത്തി.


“ഒരല്പം കൂടി കഴിഞ്ഞ് പോകാം...” കൂട്ടത്തിലെ മഹാമടിയനും തടിയനുമായവന്‍ അഭിപ്രായപ്പെട്ടു.


“അതെന്താ....നിനക്ക്  തല്ലിപൊലീസുകളെ പേടിയുണ്ടോ ?”


“അതല്ല.....കേരളസിംഹം കൂട്ടില്‍ നിന്നിറങ്ങുന്നത് രാത്രി ഒരു മണിക്ക് ശേഷമാ....ഞാന്‍ ഇന്നലെ നേരില്‍ കണ്ടതാ....”


“ഓ പഴശ്ശിരാജാ....സെക്കന്റ് ഷോ....അത് ശരിയാ....എങ്കില്‍ ഒരൊന്നൊന്നരക്ക് നമുക്ക് പുറപ്പെടാം..” 


പറഞ്ഞപോലെ രാത്രി ഒന്നരക്ക് അറമുഖനെയും തിരഞ്ഞുള്ള ദൌത്യസംഘം സര്‍വ്വസന്നാഹങ്ങളുമായി പുറപ്പെടാന്‍ തയ്യാറായി നില്‍ക്കേ ദൂരെ ആ പരിചിതമായ ‘മുരളല്‍’ കേട്ടു.കൂട്ടം കൂടി നില്‍ക്കുന്ന നാട്ടുകാര്‍ക്കടുത്ത് വിവരമൊന്നുമറിയാതെ അറമുഖന്‍ ബൈക്ക് നിര്‍ത്തി.


“ഒരല്പം കൂടി കഴിഞ്ഞിരുന്നെങ്കില്‍ നീ നാട്ടുകാര്‍ക്ക് നല്ല പണി ഒപ്പിച്ചിരുന്നു മോനേ ദിനേശാ...” ആരോ പറഞ്ഞു.


“ങും ...എന്താ..?” അറമുഖന്‍ ചോദിച്ചു.


“നിന്നെ വൈകിട്ട് മുതല്‍ കാണാനില്ല എന്ന് പറഞ്ഞ് ഇന്റെര്‍നെറ്റില്‍ വരെ തപ്പി നോക്കി...”


“എന്നാ ഒന്ന് വിളിച്ചു കൂടായിരുന്നോ...ഞാന്‍ പഴശ്ശിരാജാ കാണാന്‍ പോയതായിരുന്നു....”


“വിളിച്ചു കൂടായിരുന്നോ എന്നോ...ഒബാമയെ വരെ വിളിച്ച് നിന്റെ സുഖ വിവരം അന്വേഷിക്കാന്‍ ശ്രമിച്ചതാ....പരിധിക്ക് പുറത്തായതിനാല്‍ കിട്ടിയില്ല....വേഗം ഭാര്യയെ വിളിച്ച് വിവരം പറഞ്ഞേക്ക്...ഇല്ലെങ്കില്‍ രാവിലെ ഇനി അവിടേക്ക് ഫയര്‍ഫോഴ്സിനെ വിളിക്കേണ്ടി വരും...”


വാല്‍: പിറ്റേന്ന് രാവിലെ അറമുഖന്റെ വീട്ടിലെ ഫോണിലേക്ക് ഒരു കാള്‍ 
“ഹലോ ഞാന്‍ ഗള്‍ഫില്‍ നിന്ന് ബാബു.പഴശ്ശിരാജയുണ്ടോ അവിടെ !!!!”

Monday, December 07, 2009

കേരള പൊല്ലിസ്...

“ഹ ഹ ഹാ....ഹ ഹ ഹാ....“ പത്രവും പൊക്കിപ്പിടിച്ച് പൊട്ടിച്ചിരിച്ചുകൊണ്ട് വരുന്ന മകളെ നോക്കി ഞാന്‍ അന്തം വിട്ട് നിന്നു.


“എന്താ , ഇന്ന് പത്രത്തില്‍ ഇത്ര ചിരിക്കാന്‍ ?” ഞാന്‍ ചോദിച്ചു.


“ഒരു ബെല്ല്യൊര് മന്സന്‍ .....”


“വലിയൊരു മനുഷ്യനോ?”


“ആ....ബെല്ല്യൊര് മന്സന്‍ പോലീസ് ന്ന് എയ്ത്യത് കണ്ടോ ?”


ഞാന്‍ പത്രം വാങ്ങി നോക്കി. അവള്‍ പറഞ്ഞ പോലെ പത്രത്തിന്റെ ഒന്നാം പേജില്‍ മന്ത്രി കൊടിയേരി KERALA POLLICE എന്നെഴുതി അണ്ടി പോയ അണ്ണാനെ പോലെ നില്‍ക്കുന്നു.


“അത് നമ്മുടെ ഒരു മന്ത്രിയാ മോളേ..” ഞാന്‍ പറഞ്ഞു.


“ആരായാലും അയാളെ ഒന്നാം ക്ലാസ്സ്ല്‍ കൊണ്ടേ ഇര്ത്തണം...പോലീസ്‌ന്റെ സ്പെല്ലിംഗും അറ്യാത്ത മന്സന്‍...”


എനിക്ക് പതിവ് പോലെ മറുപടി ഒന്നും ഇല്ലായിരുന്നു.മലയാളം ഭരണഭാഷ ആക്കാന്‍ സര്‍ക്കാര്‍ തന്നെ പലവിധ പ്രവര്‍ത്തനങ്ങളും നടത്തുന്നതിനിടയില്‍ ഇത്ര ബുദ്ധിമുട്ടി ഇദ്ദേഹം തന്റെ ഇംഗ്ലീഷ് ജ്ഞാനം വിളമ്പേണ്ട കാര്യമുണ്ടായിരുന്നില്ല.മലയാളത്തില്‍ എഴുതിയാലും ആ ഇന്റെറാക്ടീവ് ബോഡില്‍ അക്ഷരം തെളിയും എന്ന് ആരും അദ്ദേഹത്തിന് പറഞ്ഞു കൊടുത്തിട്ടുണ്ടാവില്ല.അതിനാല്‍ പ്രിയപ്പെട്ട മന്ത്രിമാരെ, ഉല്‍ഘാടനങ്ങള്‍ എല്ലാം നാട മുറിച്ചോ വിളക്ക് കത്തിച്ചോ മാത്രം മതി.എഴുതിയുള്ള പരിപാടി നിങ്ങളുടെ തൊലിക്കട്ടിക്ക് യോജിക്കുമെങ്കിലും സാക്ഷരകേരളത്തിന്റെ അന്തസ്സിന് നിരക്കില്ല.

 

Thursday, December 03, 2009

ആ റോഡിന് ഇനി എന്ന് ശാപമോക്ഷം കിട്ടും?

കോളേജില്‍ പഠിക്കുന്ന കാലത്തെ എന്‍.എസ്.എസ് (നാഷണല്‍ സര്‍വ്വീസ് സ്കീം ) പ്രവര്‍ത്തനങ്ങളെ പറ്റി ഇവിടെ കുത്തിക്കുറിച്ച് കൃത്യം ഒരാഴ്ച്ച കഴിഞ്ഞപ്പോഴാണ് ഞാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന കോളേജിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഒരു എളിയ ആവശ്യവുമായി എന്നെ സമീപിച്ചത്.കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ ഇക്കൊല്ലത്തെ ക്യാമ്പ് നടത്താനുദ്ദേശിക്കുന്ന മലപ്പുറം ജില്ലയിലെ ആമയൂര്‍ എന്ന കുഗ്രാമത്തില്‍ നടക്കുന്ന സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ നാലഞ്ച് കുട്ടികളോടൊപ്പം പങ്കെടുക്കാനായിരുന്നു നിര്‍ദ്ദേശം.ഞാന്‍ അത് വളരെ സന്തോഷപൂര്‍വ്വം സ്വീകരിച്ചു.


പിറ്റേ ദിവസം വൈകിട്ട് നാല് മണിക്കായിരുന്നു യോഗം.ഞങ്ങള്‍ അവിടെ എത്താന്‍ വൈകിയെങ്കിലും നല്ല പങ്കാളിത്തത്തോടെ യോഗം ആരംഭിച്ചു.എനിക്ക് അവിടെ ആരെയും മുന്‍പരിചയം ഇല്ലായിരുന്നു. സ്വാഗത സംഘ രൂപീകരണ യോഗം നടന്നത്  യുവജന എന്ന ക്ലബ്ബിന്റെ ഷെഡില്‍ ആയിരുന്നു.സ്വാഗത സംഘത്തിലേക്കുള്ള അംഗങ്ങളെ ചേര്‍ക്കുന്ന വേളയില്‍ , ഞങ്ങളെ ആദ്യം സ്വീകരിച്ച ആ മാന്യവ്യക്തിയോട്‌ ഞാന്‍ ചോദിച്ചു.

“ഇവിടെ മറ്റു ക്ലബ്ബുകള്‍ ഒന്നും ഇല്ലേ ?”


“ഉണ്ട്.യുവധാര എന്ന ക്ലബ്ബ്.അവരോട്‌ പറഞ്ഞിരുന്നു.ആരെയും കണ്ടില്ല...”  അദ്ദേഹം പറഞ്ഞു.


“ശരി...എന്നാല്‍ അവരേയും ഇതില്‍ ഉള്‍പ്പെടുത്തണം....”  ഞാന്‍ നിര്‍ദ്ദേശിച്ചു.

മേല്‍ വ്യക്തി സ്വാഗത സംഘത്തിലേക്ക് ധാരാളം പേരെ നിര്‍ദ്ദേശിക്കുകയും ചെയ്തു.ശേഷം ഞാന്‍ ക്യാമ്പിനെപറ്റിയും അതിന് ആവശ്യമായ പൊതുജന പിന്തുണയെപറ്റിയും ഒരു ഹ്രസ്വപ്രസംഗം നടത്തി.യോഗശേഷം പ്രവൃത്തി സ്ഥലം കാണാനായി ഞങ്ങള്‍ പുറത്തിറങ്ങി.പുറപ്പെടാന്‍ തുടങ്ങുമ്പോഴാണ് സമീപത്തെ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ഒരു യുവജനക്കൂട്ടം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്.ഞങ്ങളുടെ കൂടെ വന്ന ഒരു വിദ്യാര്‍ത്ഥി അവര്‍ക്കിടയില്‍ സംസാരിക്കുന്നുണ്ടായിരുന്നു.സംഗതി അറിയാന്‍ ഞാനും അങ്ങോട്ട് കയറി ചെന്നു.ഇങ്ങനെ ഒരു സ്വാഗത സംഘ രൂപീകരണ യോഗം നടക്കുന്ന വിവരം അവര്‍ അറിഞ്ഞില്ല എന്ന് എനിക്ക് അപ്പോള്‍ വിവരം ലഭിച്ചു.സ്വാഭാവികമായും ഇത്ര ദൂരെ നിന്ന് വരുന്ന ഞങ്ങളുടെ അറിവിന്റെ പരിമിതിയും അതില്‍ നിന്നു കൊണ്ട് ഞങ്ങള്‍ സ്വീകരിച്ച നിലപാടും അവരെ സംത്ര്‌പ്തരാക്കിയില്ല.


ക്യാമ്പിന് അവര്‍ സ്വാഗതം അറിയിച്ചെങ്കിലും ഒരു പാര്‍ട്ടി ഓഫീസ് കൂടി ആയി പ്രവര്‍ത്തിക്കുന്ന ആ ഷെഡില്‍ വച്ച് യോഗം കൂടിയതിനെ അവര്‍ വിമര്‍ശിച്ചു.അത് ഒരു പാര്‍ട്ടി ഓഫീസ് ആണെന്ന വിവരവും ഞങ്ങളുടെ ആതിഥേയര്‍ ഞങ്ങളില്‍ നിന്ന് സമര്‍ത്ഥമായി മൂടി വച്ചു.സ്കൂള്‍ ഒന്നും കിട്ടിയില്ല എന്ന കാരണവും പറഞ്ഞു.



യഥാര്‍ത്ഥത്തില്‍ രണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ കീഴിലുള്ള ക്ലബ്ബുകള്‍ ആയിരുന്നു ഇവ രണ്ടും.സംഭവിക്കേണ്ടത് സംഭവിച്ചതിനാല്‍ ഞാന്‍ അവരുടെ ഒരു പ്രതിനിധിയെക്കൂടി പ്രവൃത്തി സ്ഥലം കാണാനായി ക്ഷണിച്ചു.അപ്പോഴേക്കും ഞങ്ങളുടെ ആതിഥേയര്‍ വളരെ മുന്നോട്ട് പോയി കാത്തിരിക്കുകയായിരുന്നു.ക്യാമ്പ് അവിടെ വച്ച് നടത്താന്‍ പറ്റുന്ന കാലാവസ്ഥയല്ല എന്ന് എനിക്ക് വളരെ പെട്ടെന്ന് ബോദ്ധ്യപ്പെട്ടെങ്കിലും പ്രവൃത്തി സ്ഥലം കാണുക എന്ന അതിഥി മര്യാദ പാലിക്കാനായി ഞങ്ങള്‍ പുറപ്പെട്ടു.അതിനിടയില്‍ തന്നെ ഇത് മുന്നോട്ട് പോകില്ല എന്ന് എന്റെ വിദ്യാര്‍ത്ഥികളും അഭിപ്രായപ്പെട്ടു.


ഞങ്ങള്‍ പ്രവൃത്തി സ്ഥലത്ത് എത്തിയതും നേരത്തെ ഞങ്ങളോട്‌ തര്‍ക്കിച്ച യുവജനക്കൂട്ടവും അവിടെ എത്തി.കാണിച്ചുതന്ന പ്രവൃത്തിയെക്കാളും ഉചിതം മറ്റൊരു പ്രവൃത്തിയാണെന്ന് അവരില്‍ ഒരാള്‍ സമര്‍ത്ഥിച്ചു.അതില്‍  പഞ്ചായത്ത് പ്രവൃത്തി നടക്കുന്നതിനാല്‍ ഇത് തന്നെയാണ് ഉത്തമം എന്ന് മറു വിഭാഗവും വാദിച്ചു.ഇരുട്ട് മുറുകുന്നതിനിടയില്‍ വാഗ്വാദവും  മുറുകി.അവസാനം ക്യാമ്പ് അവിടെ നടക്കില്ല എന്ന് അവര്‍ക്കും ബോദ്ധ്യമായി.ഞാനും എന്റെ വിദ്യാര്‍ത്ഥികളും കൂടുതല്‍ ഒന്നും പറയാതെ തിരിച്ചു പോന്നു.


രാഷ്ട്രീയ തിമിരം ബാധിച്ചവരുടെ മുന്നില്‍ ഒരു സന്നദ്ധപ്രവര്‍ത്തനവും നടക്കില്ല എന്ന് എനിക്ക് ഒന്നു കൂടി ബോദ്ധ്യമായി.വികസന പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ,എല്ലാ പാര്‍ട്ടികളും  ഒരേ പോലെ സ്വന്തം അക്കൌണ്ടിലേക്ക് വരവ് വയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു നാടിനും നാട്ടുകാര്‍ക്കും  നഷ്ടമായ ഭാഗ്യം ഇവര്‍ ചിന്തിക്കുന്നില്ല.ആ റോഡിന് ഇനി എന്ന് ശാപമോക്ഷം കിട്ടുമോ ആവോ?