Wednesday, April 30, 2008
നഷ്ടപ്പെട്ട വല്ല്യമ്മായിമാര്‍.
Friday, April 25, 2008
ഉപദേശത്തിന്റെ ഗതി
ബി എഡ് കഴിഞ്ഞ് ഒരു പണിയും ഇല്ലാത്തതിനാല്‍ (എടുക്കാത്തതിനാല്‍) PSC പരീക്ഷകള്‍ക്കായി നാട് തെണ്ടുക എന്നതാണ് എന്റെ ഭാര്യയുടെ ഇപ്പോഴത്തെ പ്രധാന ഹോബി.അതിനുള്ള കാശ് കണ്ടെത്താനായി അയല്‍പക്കത്തെ കുട്ടികള്‍ക്ക് അവള്‍ ട്യൂഷന്‍ തുടങ്ങി.
മഹാരാഷ്ട്രക്കാരായ സ്നേഹല്‍,സ്വപ്നില്‍,ആര്‍ത്തി,തേജസ് എന്നിവരും മലയാളികളായ ഉണ്ണി,അല്‍താഫ് എന്നിവരുമായിരുന്നു വിദ്യാര്‍ത്ഥികള്‍.
"പഠിപ്പിച്ച കാര്യങ്ങള്‍ വീട്ടില്‍ പോയി വീണ്ടും വായിച്ചു നോക്കണം.മനസ്സിലായില്ലെങ്കില്‍ വീണ്ടും ചോദിക്കണം.ഉത്തരം കിട്ടുന്നില്ലെങ്കില്‍ ഏകദേശം സാമ്യമുള്ള ഉത്തരം പറയണം" ഭാര്യ കുട്ടികളെ ഉപദേശിച്ചു.
ഒരു ദിവസം അവള്‍ ഒന്നാം ക്ലാസുകാരിയായ ആര്‍ത്തിക്ക് കമ്പ്യൂട്ടര്‍ ക്ലാസ്സ് എടുത്ത് കൊണ്ടിരിക്കുകയാണ്.തലേ ദിവസം മൗസിനെപ്പറ്റി പറഞ്ഞിരുന്നതിനാല്‍ മൗസിന്റെ ചിത്രം കാണിച്ച് ഭാര്യ ആര്‍ത്തിയോടെ ആര്‍ത്തിയോട് ചോദിച്ചു : "ഇതിനെന്താ പറയുക?"
ഉത്തരം കിട്ടാതെ ആര്‍ത്തി വിഷമിച്ചു.പെട്ടെന്ന് അവള്‍ക്ക് ആ ഉപദേശം ഓര്‍മ്മ വന്നു '.....ഉത്തരം കിട്ടുന്നില്ലെങ്കില്‍ ഏകദേശം സാമ്യമുള്ള ഉത്തരം പറയണം' .
ഉടന്‍ അവള്‍ വിളിച്ചു പറഞ്ഞു:" Rat "
കുട്ടിക്കൂട്ടം മൊത്തം പൊട്ടിച്ചിരിക്കുമ്പോള്‍ ആര്‍ത്തി കഥയറിയാതെ അവരുടെ കൂടെ ചിരിയില്‍ പങ്കെടുത്തു.
Thursday, April 24, 2008
വാച്ച് നിന്ന സമയം
അച്ഛന്റെ വാച്ചില്‍ നോക്കിക്കൊണ്ട് ഉണ്ണിനമ്പൂരി: "അച്ഛാ...അച്ഛന്റെ വാച്ച് ഓട്ടം നിര്‍ത്തി"
അച്ഛന്‍ നമ്പൂരി: "ഉവ്വോ ? എത്ര മണിക്കാ നിന്നത്?"
ഉണ്ണിനമ്പൂരി: "അത്..??അത് എനിക്കെങ്ങനെ അറിയാന്വാ?"
അച്ഛന്‍ നമ്പൂരി: "ഫൂ...വിഡ്ഢി....അതിലെ സമയം അങ്ങട്ട് നോക്ക്യോ പോരേ..."
ഉണ്ണിനമ്പൂരി: "എന്നാ അച്ഛന്‍ തന്നെ പറഞ്ഞേ....നേരം പ്പോ 11 മണി....അച്ഛന്റെ വാച്ചില് 10 മണിം....അത് ഇന്നത്തെ 10 മണ്യോ, ഇന്നലത്തെ 10 മണ്യോന്ന് അച്ഛന്‍ തന്നങ്ങട്ട് പറഞ്ഞേ...."
Wednesday, April 23, 2008
അന്തസ്സിന്റെ അടയാളങ്ങള്‍
മൂത്താപ്പയുടെ മരണവിവരം അറിഞ്ഞ് അതിരാവിലെ ഞാനും കുടുംബവും നാട്ടിലേക്ക് വരികയായിരുന്നു.ബസില്‍ ഞങ്ങളുടെ സീറ്റിന് തൊട്ടുമുന്നിലെ സീറ്റില്‍ മധ്യവയസ്കയായ ഒരു സ്ത്രീയും 18-ഓ 20-ഓ വയസ്സ് പ്രായമുള്ള അവരുടെ മകളും വന്നിരുന്നു.വളരെ നന്നായി ഡ്രസ്സ് ചെയ്ത് നല്ല മെയ്ക്കപ്പോടെ തന്നെ വന്ന അവര്‍ സംസാരിക്കുന്നത് ഇംഗ്ലീഷിലായിരുന്നു.ഒരു പക്ഷേ തങ്ങള്‍ വലിയവരാണെന്ന് കാണിക്കാനുള്ള പരിപാടിയായിരിക്കും ഈ ഇംഗ്ലീഷ് സംസാരം എന്നതിനാല്‍ ഞാന്‍ അങ്ങോട്ട് ശ്രദ്ധിച്ചതേ ഇല്ല.
മാനന്തവാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട പ്രസ്തുത ബസിന്റെ യാത്രയിലുടനീളം അമ്മയും മകളും പലതും പറഞ്ഞ് ചിരിച്ചുകൊണ്ടിരുന്നു.കല്‍പറ്റ കഴിഞ്ഞതും മകള്‍ ചര്‍ദ്ദിക്കാന്‍ തുടങ്ങി.തല പുറത്തേക്കിട്ടുള്ള ഭയങ്കരമായ ചര്‍ദ്ദിയില്‍ ചര്‍ദ്ദി അവശിഷ്ടങ്ങള്‍ സ്വന്തം ഡ്രസ്സിലാവാതിരിക്കാന്‍ അവര്‍ രണ്ട് പേരും നന്നായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.അവര്‍ക്കും ഞങ്ങള്‍ക്കും കോമണ്‍ ഷട്ടര്‍ ആയതിനാല്‍ ഷട്ടര്‍ താഴ്ത്താന്‍ പറ്റിയില്ല.ചര്‍ദ്ദില്‍ എന്റെയും മക്കളുടെയും ഭാര്യയുടെയും ദേഹത്ത് വന്ന് വീണുകൊണ്ടിരുന്നു.ഇത് കണ്ടിട്ടും ഒന്ന് സോറി പറയാന്‍ പോലും പരിഷ്കൃതവേഷധാരികളായ ആ അമ്മയും മകളും മുതിര്‍ന്നില്ല!(മക്കള്‍ ഉറക്കമായതിനാല്‍ സീറ്റ് ഒഴിയാനും ഞങ്ങള്‍ക്ക് സാധിച്ചില്ല)താമരശ്ശേരിയില്‍ ഇറങ്ങുമ്പോള്‍ ഞാന്‍ ആ സ്ത്രീയോട് പറഞ്ഞു.
"You should keep a cover with you during journey,all people will not be like me".
നിസ്സാരമായ ഒരു ചര്‍ദ്ദിയിലൂടെ പൊങ്ങച്ചത്തിന്റെ മുഖംമൂടി വീണുടഞ്ഞ അമ്മയും മകളും 'യെസ്'എന്നര്‍ത്ഥത്തില്‍ ദയനീയമായി തലയാട്ടി.
നാം കാരണം മറ്റുള്ളവര്‍ക്ക് വളരെ ചെറിയ ഒരസൗകര്യമോ ബുദ്ധിമുട്ടോ വന്നാല്‍ പോലും അവരോട് ക്ഷമാപണം നടത്തുക.തന്നെക്കാള്‍ താഴെ നിലയിലുള്ളവനോട് ക്ഷമാപണം നടത്തിയാല്‍ അന്തസ്സ് കുറയും എന്ന ചിന്ത അഹംഭാവത്തിന്റെയും അഹങ്കാരത്തിന്റെയും സൂചകമാണ്.അഹംഭാവവും അഹങ്കാരവും ഉപേക്ഷിക്കുക.ജീവിതത്തില്‍ ലാളിത്യവും മിതത്വവും പാലിച്ച് പരിശീലിക്കുക.അവയാണ് അന്തസ്സിന്റെ യഥാര്‍ത്ഥ അടയാളങ്ങള്‍.
Tuesday, April 22, 2008
ഭൂമിയുടെ അന്ത്യം എന്ന് ???
Thursday, April 17, 2008
ക്വരങ്ങന്‍...ക്വരങ്ങന്‍....!!
"ഉമ്മാ....ക്വരങ്ങന്‍...ക്വരങ്ങന്‍...."
ഞാന്‍ വീട്ടില്‍ എത്തിയ ഉടനെ ചെറിയ മോള്‍ വിളിച്ചു പറഞ്ഞു.
ആരെങ്കിലും അത് കേട്ടോ എന്ന് ഞാന്‍ ചുറ്റും ഒന്ന് വീക്ഷിച്ചു.ഇല്ല, ആരും കേള്‍ക്കാത്തത് ഭാഗ്യം എന്ന ആത്മഗതത്തോടെ ഞാന്‍ വേഗം വാതില്‍ തുറന്ന് അകത്ത് കയറി.
രണ്ടെണ്ണം ചന്തിക്ക് പൊട്ടിച്ചു കൊടുക്കാന്‍ മോളെ നോക്കിയപ്പോളാണ്, വീട്ടിനു പിന്നില്‍ എന്നും വരാറുള്ള കുരങ്ങന്മാരെ നോക്കി അവള്‍ നില്‍ക്കുന്നത് കണ്ടത്.ആ കുരങ്ങന്മാര്‍ വന്ന കാര്യമായിരുന്നു അവള്‍ വിളിച്ചു പറഞ്ഞത് !!!
Wednesday, April 16, 2008
മരണത്തെ തേടുന്നവരോട്.....
ഇക്കഴിഞ്ഞ പുണ്യ റമളാന്‍ മാസത്തിലെ ഒരു ദിവസം.എന്തോ ആവശ്യത്തിന് അങ്ങാടിയില്‍ പോയപ്പോഴാണ് എന്റെ പഴയ ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു സഹപ്രവര്‍ത്തകനെ കണ്ടത്.മെലിഞ്ഞുണങ്ങി നിന്നിരുന്ന അദ്ദേഹം ഇപ്പോള്‍ തടിച്ചുരുണ്ടിരിക്കുന്നു.!!!
"സാര്‍...ഓര്‍ക്കുന്നുണ്ടോ...? മുഹമ്മദാണ് സാര്‍ ഞാന്‍..."
"ഓര്‍ക്കുന്നുണ്ട്....നിങ്ങളെന്താ ഇങ്ങനെ തടി കൂടിയത്?"
"അ...ത്....ഒരു മരുന്നിന്റെ സൈഡ് എഫക്ടാണ് സാര്‍...ഡിപ്രഷന്‍ എന്ന രോഗ ബാധിതനാണ് ഞാന്‍...ഇന്ന് ഡോക്ടറെ കാണാന്‍ പോകണം...അല്‍പം കാശിന്റെ കുറവുണ്ട്.."
മുഹമ്മദ് പറഞ്ഞ കാശ് കൊടുത്തുകൊണ്ട് ഞാന്‍ ചോദിച്ചു "ഇപ്പോള്‍ സര്‍വീസില്‍ ഉണ്ടോ?"
"ഉണ്ട് സാര്‍..രണ്ട് വര്‍ഷം കൂടി ബാക്കിയുണ്ട്....അതിനിടക്ക് മരിച്ചാല്‍ മതിയായിരുന്നു....എന്നാല്‍ എന്റെ മക്കളില്‍ ഒരാള്‍ക്ക് ജോലി കിട്ടുമല്ലോ...?"
മുഹമ്മദിന്റെ ആ മറുപടി എനിക്ക് അരോചകമായി തോന്നി.പാന്റിന്റെ കീശയില്‍ നിന്നും ഒരു വെള്ള പേപ്പര്‍ എടുത്ത് ഞാന്‍ മുഹമ്മദിനെ കാണിച്ചുകൊണ്ട് പറഞ്ഞു. "ഇത് നോക്കൂ....ഞാന്‍ പത്രത്തില്‍ നിന്നും എഴുതി എടുത്ത മേല്‍വിലാസങ്ങളാ...പലതരം പ്രയാസങ്ങള്‍ കാരണം ദുരിതം പേറുന്നവര്‍...മിക്കവരും മാറാരോഗത്തിനടിമയായി തീര്‍ത്തും കിടപ്പിലായവര്‍....വൃദ്ധരും അശരണരുമായവര്‍....എന്നിട്ടും അവര്‍ മരണത്തെ ആഗ്രഹിക്കുന്നില്ല...നിങ്ങള്‍ക്ക് ഈ നാട്ടിലൂടെ നടക്കാന്‍ ദൈവാനുഗ്രഹത്താല്‍ ഇപ്പോഴും സാധിക്കുന്നു.ആരെയും നേരില്‍ കണ്ട് സഹായം അഭ്യര്‍ത്ഥിക്കാനും സാധിക്കുന്നു.സര്‍ക്കാര്‍ ജോലിയുമുണ്ട്.ഇത്രയും അനുഗ്രഹീതനായ നിങ്ങള്‍ ഒരിക്കലും മരണത്തെ തേടരുത്.സമീപ ഭാവിയില്‍ നിങ്ങളുടെ അസുഖം മാറിയേക്കാം.നിങ്ങളോട് സംസാരിക്കുന്ന ഞാന്‍ പെട്ടെന്ന് രോഗിയാവുകയോ മരിക്കുകയോ ചെയ്തേക്കാം.അതിനാല്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ച് ജീവിതത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ദൈവം തന്ന ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കുക.മരണത്തെ പ്രതീക്ഷിക്കുക,പക്ഷേ തേടരുത്."
"ഇല്ല സാര്‍...ഇനി ഞാന്‍ മരണത്തെ തേടില്ല. .ദൈവം തന്ന അസുഖം ദൈവം തന്നെ എടുക്കുമായിരിക്കും.സാറും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം... അസ്സലാമലൈക്കും"
"വലൈക്കുമുസ്സലാം.."
ജീവിതത്തിന്റെ പ്രതീക്ഷാമുനമ്പിലേക്ക് വീണ്ടും നടന്നകലുന്ന മുഹമ്മദിനെ നോക്കി ഞാന്‍ അല്‍പ നേരം അവിടെ തന്നെ നിന്നു.
Tuesday, April 15, 2008
വിഷു പിറ്റേന്നത്തെ മാങ്ങാപൊള്ളല്‍ !!!
വൈകുന്നേരങ്ങളും അവധി ദിനങ്ങളും വേനലവധികാലവും പലതരം കളികളിലൂടെ കടന്നുപോയ് കൊണ്ടിരുന്നു.ടിവി പ്രചാരത്തിലാകാത്ത കാലമായതിനാല്‍ ഒഴിവ് സമയം മുഴുവന്‍ കളികളിലും കുസൃതികളിലും തന്നെ ചെലവഴിച്ചു.
അങ്ങനെ ഇരിക്കെ ഒരു വേനലവധികാലം കൂടി വന്നെത്തി.എളാമയുടെ പറമ്പില്‍ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന പഞ്ചാരമാവില്‍ നിറയെ മാങ്ങകളുണ്ടായി.ചെറിയൊരു കാറ്റടിച്ചാല്‍ മാങ്ങകള്‍ ചടപട വീഴും.മാങ്ങക്കായി കാത്തുനില്‍ക്കുന്ന കുട്ടികളായ ഞങ്ങള്‍ ശബ്ദം കേട്ട ദിശയിലേക്കോടും..മാങ്ങ കിട്ടിയവന്‍ വിജയശ്രീ ഭാവത്തില്‍ എല്ലാവരെയും മാങ്ങ ഒന്ന് മണപ്പിക്കും.
പഞ്ചാരമാങ്ങയുടെ ഞെട്ടില്‍ നിന്നൊലിക്കുന്ന നീരിനെ ഞങ്ങള്‍ 'ചൊണ' എന്ന് വിളിക്കും.മാങ്ങ ഞെട്ടോടെ അറുക്കുമ്പോള്‍ ചൊണ കണ്ണില്‍ വീണാല്‍ കണ്ണ് പൊട്ടും എന്ന് അന്ന് കേട്ടിരുന്നു.ശരിയോ തെറ്റോ എന്നറിയില്ല.ചൊണ ശരീരത്തിലായാല്‍ ഒരു തരം പൊള്ളലും നീറ്റലും ഉണ്ടാകും.അന്ന് ഞങ്ങളില്‍ മിക്കവരുടെയും മൂക്കിലോ ചുണ്ടിനടുത്തോ ഇത്തരം പൊള്ളലുകള്‍ സര്‍വ്വസാധാരണമായിരുന്നു.
പഞ്ചാരമാവ് നില്‍ക്കുന്ന പറമ്പിന്റെ തൊട്ടപ്പുറത്തായിരുന്നു രാമന്‍ കുട്ട്യേട്ടന്റെ വീട്.ഒരു മതിലായിരുന്നു രണ്ട് പറമ്പുകളേയും വേര്‍തിരിച്ച് നിര്‍ത്തിയിരുന്നത്.(കുട്ടികളായ ഞങ്ങള്‍ക്ക് ഈ മതിലിനപ്പുറം പോകാന്‍ ഇന്ത്യാ രാജ്യത്ത് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല!!!!)
വിഷുവായാല്‍ രാമന്‍ കുട്ട്യേട്ടന്റെ വീട്ടില്‍ പടക്കങ്ങള്‍ പൊട്ടാന്‍ തുടങ്ങും.സാധാരണ പടക്കങ്ങളും മാലപടക്കങ്ങളും ഒന്നോ രണ്ടോ ഓലപടക്കങ്ങളും എന്നതായിരുന്നു പടക്കം പൊട്ടിക്കലിലെ പതിവുചര്യ.ഗുണ്ടും ബോംബും ബാണവും ഒന്നും പ്രചാരത്തിലില്ലായിരുന്നു.പൂത്തിരിയും മത്താപ്പും കണ്ടതായി ഓര്‍ക്കുന്നുമില്ല.
പൊട്ടിയ പടക്കത്തിനുള്ളില്‍ ബാക്കി നില്‍ക്കുന്ന തരികള്‍ ശേഖരിച്ച് കത്തിച്ചാല്‍ ഒരു പൂത്തിരി എഫക്ട് കിട്ടും എന്ന് കോരുവേട്ടന്റെ മകന്‍ സജി ഞങ്ങള്‍ക്ക് ഡെമോണ്‍സ്റ്റ്രേറ്റ് ചെയ്ത് കാണിച്ചുതന്നു.പടക്കം വാങ്ങി പൊട്ടിച്ചാല്‍ മാതാപിതാക്കളില്‍ നിന്നും ചീത്തകേള്‍ക്കും എന്നതിനാല്‍ പൊട്ടിയ പടക്കങ്ങള്‍ ശേഖരിച്ച് കത്തിക്കലായിരുന്നു വിഷുക്കാലത്തെ ഞങ്ങളുടെ പ്രധാന കലാപരിപാടി.
പതിവുപോലെ ആ വര്‍ഷത്തെ വിഷുദിനത്തിലും രാമന്‍ കുട്ട്യേട്ടന്റെ വീട്ടില്‍ ധാരാളം പടക്കങ്ങള്‍ പൊട്ടി.പൊട്ടിച്ച പടക്കങ്ങളുടെ അവശിഷ്ടങ്ങള്‍ പിറ്റേ ദിവസം അടിച്ചുവാരി മതിലിനടുത്തുള്ള തെങ്ങിന്‍കുഴിയില്‍ നിക്ഷേപിച്ചിരുന്നു.അന്ന് മാങ്ങ പെറുക്കാന്‍ പോയ മൂത്തുമ്മയുടെ മകന്‍ സല്‍മാനും അമ്മാവന്റെ മകന്‍ ഫിറോസും നേരെ മാവിനപ്പുറമുള്ള മതിലില്‍ കയറി രാമന്‍ കുട്ട്യേട്ടന്റെ തൊടിയിലേക്ക് എത്തി നോക്കി.
"ഹായ്.....നിറയെ പടക്കങ്ങള്‍" - അവരുടെ മുഖത്ത് സന്തോഷപൂത്തിരി കത്തി.
രാമന്‍ കുട്ട്യേട്ടന്റെ വീട്ടുകാരും കോളനിയിലെ വീട്ടുകാരും കാണുന്നില്ല എന്ന് ഉറപ്പ്‌വരുത്തി അവര്‍ മതില്‍ ചാടി തെങ്ങിന്‍കുഴിയിലെത്തി.വളരെ പെട്ടെന്ന് തന്നെ പടക്കാവശിഷ്ടങ്ങള്‍ ശേഖരിച്ച് ട്രൗസറിന്റെ പോക്കറ്റില്‍ താഴ്ത്തി തിരിച്ചുകയറി.ശേഷം സല്‍മാന്‍ ഫിറോസിനോട് പറഞ്ഞു.
"ഞാനിത് തൊലിച്ച് മരുന്നെടുക്കാം...നീ പോയി തീപ്പെട്ടി കൊണ്ടുവാ..."
മനസ്സില്ലാമനസ്സോടെ ഫിറോസ് വീട്ടില്‍ പോയി , വല്ല്യുമ്മ കാണാതെ തീപ്പെട്ടി കൈക്കലാക്കി തിരിച്ചെത്തി.സല്‍മാന്‍ പടക്കങ്ങള്‍ പൊളിച്ച് മണല്‍തരി പോലുള്ള മരുന്ന് ഒരു കടലാസിലേക്ക് തട്ടിക്കൊണ്ടിരുന്നു.മുഴുവന്‍ പടക്കങ്ങളും പൊളിച്ചുകഴിഞ്ഞ് സല്‍മാന്‍ പറഞ്ഞു.
"ഇനി കത്തിക്കാം....തീപ്പെട്ടി ഉരക്ക്...."
ഫിറോസ് തീപ്പെട്ടി ഉരച്ചതും ഒരു കാറ്റ് വന്ന് അത് അണച്ചതും ഒപ്പമായിരുന്നു.
"കാറ്റിനെതിരെ കുനിഞ്ഞിരുന്ന് കത്തിക്ക്....കടലാസ് ഞാന്‍ പിടിക്കാം...." സല്‍മാന്‍ നിര്‍ദ്ദേശം കൊടുത്തു.
ഫിറോസ് കടലാസിനടുത്ത് കുനിഞ്ഞിരുന്നു.സല്‍മാന്‍ കടലാസ് കാറ്റില്‍ പറക്കാതെ അമര്‍ത്തിപ്പിടിച്ചു.തീപ്പെട്ടി ഉരസിയതും അത് കത്തി.ഫിറോസ് ഒന്ന് കൂടി കുനിഞ്ഞ് കടലാസിനടിയിലേക്ക് കത്തുന്ന തീപ്പെട്ടിക്കൊള്ളി വച്ചു. "ഫൂ....." മരുന്നിന് പിടിച്ച തീ ശീല്‍ക്കാര ശബ്ദത്തോടേ ഉയര്‍ന്നു.ഫിറോസിന്റെയും സല്‍മാന്റെയും മുഖത്ത് ചൂട് ശക്തിയായടിച്ചു.സംഭവിച്ചതെന്തന്നറിയാതെ കരുവാളിച്ച മുഖവുമായി രണ്ടുപേരും എണീറ്റോടി ആരും കാണാതെ അമ്മാവന്റെ വീടിന്റെ മാളികപ്പുറത്ത് കയറിയിരുന്നു.
അല്‍പം കഴിഞ്ഞ് ചായകുടിക്കാന്‍ അമ്മായി രണ്ടുപേരെയും വിളിച്ചു.മുഖത്തിന്റെ സ്ഥിതി അറിയാതെ നീറുന്ന മുഖവുമായി രണ്ടുപേരും ഇറങ്ങിവന്നു.ഫിറോസിന്റെ മുഖം കണ്ടപാടെ അമ്മായി ചോദിച്ചു.
"എന്താടാ മൊഖത്ത് പറ്റ്യേത് ?"
"അതോ...അത്....ഞങ്ങള്‍ രണ്ടാളും മാങ്ങ ബ്‌ക്‌ണ്ടോന്ന്* മോള്‌ക്ക്* നോക്ക്യങ്ങനെ ന്‌ക്കുമ്പം ഒര് കോമ്പല* മാങ്ങ പടോന്ന് ന്റെ മോത്ത്*ക്കങ്ങട്ട് ബീണ് ഓന്റെ മോത്ത്‌ക്കങ്ങട്ട് തെറ്‌ച്ചി.അയിന്റെ ചൊണ പൊള്ള്യേതാ മോത്ത്.അല്ലാതെ പടക്കത്തിന്റെ മര്‌ന്ന് കത്തിച്ചതൊന്നും അല്ല....ലേ സലൂ..."
സല്‍മാനെ നോക്കി ഫിറോസ് പറഞ്ഞപ്പോള്‍ അമ്മായി വാവിട്ട് ചിരിച്ചുപോയി.
****************************
ബ്‌ക്‌ണ്ടോന്ന് = വീഴുന്നോന്ന്
മോള്‌ക്ക് = മുകളിലേക്ക്
കോമ്പല = കുല
മോത്ത് = മുഖത്ത്
Wednesday, April 09, 2008
പൊട്ടന്‍ കരീമിന്റെ പൊട്ടിച്ചിരി
അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് എന്നാണെന്റെ ഓര്‍മ്മ.എനിക്കാദ്യമായി ഒരു പാന്റ് തുന്നിച്ചു.ട്രൗസര്‍ പ്രായം കഴിഞ്ഞതിനാല്‍ എല്ലാവരും തുണി ഉടുക്കാന്‍ തുടങ്ങുന്ന കാലമായിരുന്നു അത്.തുണി ഉടുക്കാന്‍ അറിയാത്തതിനാലാണോ അതോ തുണിക്കടിയില്‍ കോണകം കൂടി കെട്ടണം എന്നതാണോ അതുമല്ല ധരിക്കാന്‍ എളുപ്പമാണ് എന്നതാണോ അതൊന്നുമല്ല ലേറ്റസ്റ്റ് സ്റ്റൈല്‍ ആയതിനാലാണോ ഈ 'കാല്‍സറായി' എന്ന പാന്റിനുള്ളില്‍ ഞാന്‍ ഇറക്കപ്പെട്ടത് എന്ന് എനിക്കറിയില്ല.ഏതായാലും ട്രൗസറും തുണിയും മാത്രം ധരിച്ചെത്തിയിരുന്ന എന്റെ സഹപാഠികള്‍ക്കിടയില്‍ കാല്‍സറായി ഇട്ട ഞാന്‍ താരമായി.പലരും ചാക്ക് പോലെ കട്ടിയുള്ള എന്റെ പാന്റില്‍ തൊട്ട് നോക്കി നിര്‍വൃതിയടഞ്ഞു.(അത് യഥാര്‍ത്ഥ പാന്റ് തുണി ആയിരുന്നില്ല എന്ന് എനിക്കിപ്പോള്‍ തോന്നുന്നു !!)
അന്ന് ഞങ്ങളുടെ പ്രധാന വിനോദങ്ങള്‍ രണ്ടെണ്ണമായിരുന്നു.ഒന്ന് കാല്‍പന്ത് കളി - അരീക്കോട്ടുകാരന്റെ രക്തത്തിലലിഞ്ഞ് ചേര്‍ന്ന കളി.രണ്ട് മണ്ണില്‍ ചെറിയ കുഴി കുഴിച്ച് ഗോലി ഉപയോഗിച്ചുള്ള ഒരു കളി - കുഴിക്കോട്ടിക്കളി (ഗോലിക്ക് ഞങ്ങള്‍ കോട്ടി എന്നാണ് പറയാറ്)
കാല്‍പന്ത് കളിക്ക് തടിമിടുക്കും തിണ്ണമിടുക്കും കൂടി ആവശ്യമുള്ളതിനാല്‍ പലപ്പോഴും എന്നെപ്പോലുള്ള എലുമ്പന്മാര്‍ ടീമില്‍ എണ്ണം തികക്കാനുള്ള സ്റ്റെപ്പിനികളായിരുന്നു.എന്നാല്‍ കുഴിക്കോട്ടിക്കളിക്ക് രണ്ടോ മൂന്നോ പേര്‍ മാത്രം മതി എന്നതിനാല്‍ കാല്‍പന്ത് കളി ടീമില്‍നിന്നും തഴയപ്പെട്ടവരുടെ ദേശീയവിനോദമായി അത് വളര്‍ന്നു.
ഉന്നം പിടിക്കുന്നതിലും മണ്ട പ്രയോഗിക്കുന്നതിലും പണ്ടേ കേമനായതിനാല്‍ കുഴിക്കോട്ടിക്കളിയില്‍ എന്നും ഞാന്‍ വിജയിച്ചു.ഉന്നമില്ലാത്ത പൊട്ടന്‍ കരീമും മണ്ടയില്ലാത്ത ഉണ്ട ജാബിറും എന്നും തോല്‍ക്കുകയും ചെയ്തു.തോല്‍വിക്കുള്ള ശിക്ഷ ഗോലികൊണ്ട് ഗോലിക്ക് അടിയോ ഗോലികൊണ്ട് കൈക്ക് അടിയോ ആണ്.കളി എത്ര വേഗത്തില്‍ ജയിക്കുന്നു എന്നതിനനുസരിച്ച് തോല്‍ക്കുന്നവര്‍ക്കുള്ള ശിക്ഷയുടെ ഗ്രേഡ് കൂടും - 4 അടി, 2 അടി , 1 അടി എന്നിങ്ങനെ.അങ്ങനെ കരീമിന്റെയും ജാബിറിന്റെയും ഗോലികള്‍ പലതും എന്റെ കളിമിടുക്കില്‍ കാലപുരി കണ്ടു.
പതിവ് പോലെ ഞാന്‍ പാന്റിട്ട് സ്കൂളില്‍ പോയ ഒരു ദിവസം.(പാന്റ് ധരിച്ചാല്‍ അതിന്റെ അടിയില്‍ ഷഡി ധരിക്കണം എന്ന നിയമം അന്ന് ഗവണ്‍മന്റ് പാസാക്കിയിരുന്നില്ല !!)അന്നും കുഴിക്കോട്ടിക്കളിയില്‍ ഞാന്‍ വിജയത്തിന്റെ വക്കിലെത്തി നില്‍ക്കുന്നു.കരീം തോല്‍വിയുടെ വക്കിലും.കരീമിന്റെ ഗോലിക്ക് നേരെ വിന്നിംഗ്ഷോട്ട് പായിക്കാനായി ഞാന്‍ നട വിരിച്ച് കാലില്‍ കുത്തി ഇരുന്നു.ഒരു നിമിഷം!കരീം പൊട്ടിച്ചിരിച്ചു!!പൊട്ടന്‍ കരീമിന്റെ പൊട്ടിച്ചിരിയില്‍ പന്തികേട് തോന്നുമ്പോഴേക്കും എന്റെ കാല്‍സറായിക്കകത്തേക്ക് കാറ്റ് കയറുന്നത് ഞാനറിഞ്ഞു.ഗോലി താഴെ വച്ച് ഞാന്‍ കൈ കൊണ്ട് പാന്റിന്റെ മൂട് തപ്പിനോക്കി.ദൈവമേ!!! മിസൈല്‍ വീണ ബാഗ്ദാദ് പോലെ പാന്റിന്റെ നടയില്‍ ഒന്നാന്തരമൊരു ദ്വാരം!!ആമ തലനീട്ടുന്നതു പോലെ ദ്വാരത്തിലൂടെ ഒരാള്‍ ഇങ്ക്വിലാബ് സിന്ദാബാദും വിളിക്കുന്നു !!!!!
Friday, April 04, 2008
പുത്തന്‍ചെരുപ്പ്
Tuesday, April 01, 2008
ഏപ്രില്‍ ഫൂള്‍ വൈറസ്
പതിനഞ്ച് വര്‍ഷം മുമ്പ്, PGDCA കഴിഞ്ഞ് ഞാന്‍ എന്റെ ബന്ധുവിന്റെ ഡാറ്റാപോയിന്റ് എന്ന കമ്പ്യൂട്ടര്‍ സെന്ററില്‍ ട്രെയ്നി ആയി പോയിരുന്ന കാലം.ഇന്‍സ്ട്രക്ടര്‍മാരായി വേറെ രണ്ട് പേരും കൂടിയുണ്ടായിരുന്നു സെന്ററില്‍.എന്റെ മൂത്തുമ്മയുടെ പേരക്കുട്ടിയായ റയീസും (ഇപ്പോള്‍ അമേരിക്കയില്‍ IT ഫീല്‍ഡില്‍ ജോലി ചെയ്യുന്നു)കമ്പ്യൂട്ടര്‍ പഠനം കഴിഞ്ഞ് നേരം പോക്കിനായി ഈ സെന്ററില്‍ വന്നിരുന്നു.
IT പഠനരംഗം ഇന്നത്തെപോലെ വികസിച്ചിരുന്നില്ല അന്ന്.ഫ്ലോപ്പിഡിസ്ക് ഉപയോഗിച്ചായിരുന്നു കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്തിരുന്നത്.മൗസും CD യും പ്രചാരത്തിലായിരുന്നില്ല. വൈറസ് എന്നൊരു ജന്തു (അത് ഒരു പ്രോഗ്രാമാണെന്ന് പിന്നീടാണ് മനസ്സിലായത്) കമ്പ്യൂട്ടറിനെ ആക്രമിച്ച് നാശനഷ്ടങ്ങള്‍ വരുത്തും എന്ന് കേട്ടിരുന്നു.
പതിവുപോലെ ആ ഏപ്രില്‍ ഒന്നിനും കമ്പ്യൂട്ടര്‍ സെന്റര്‍ തുറക്കപ്പെട്ടു.വിദ്യാര്‍ത്ഥികള്‍ ലാബില്‍ കയറിയതോടെ ആകെയുള്ള മൂന്ന് കമ്പ്യൂട്ടറുകളും ഓണാക്കി.ബൂട്ടിംഗ് എന്ന പ്രക്രിയ നടന്നു കഴിഞ്ഞ ഉടനെ എല്ലാവരെയും സ്തബ്ധരാക്കി കൊണ്ട് കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ഒരു സന്ദേസം മിന്നിമറയാന്‍ തുടങ്ങി - " V I R U S ! V I R U S !! Don't touch !!!"
ഇന്‍സ്ട്രക്ടര്‍മാര്‍ ഉടന്‍ മാനേജിംഗ് ഡയരക്ടറെ വിവരം ധരിപ്പിച്ചു.PGDCA കഴിഞ്ഞ് ജസ്റ്റ് ഇറങ്ങിയ സമയമായതിനാല്‍ ആ അടിയന്തരഘട്ടം നേരിടാന്‍ എംഡി എന്നെ തന്നെ നിയോഗിച്ചു.വൈറസിനെപ്പറ്റി ഒന്നും അറിയില്ലെങ്കിലും അതിനെ കാണാമല്ലോ എന്ന ധാരണയില്‍ ഞാന്‍ ലാബില്‍ കയറി.എന്റെ പിന്നാലെ എംഡിയും ലാബില്‍ എത്തി.ഒരു ഭീകരജീവിയെ കണ്ടപോലെ വിദ്യാര്‍ത്ഥികളും ഇന്‍സ്ട്രക്ടര്‍മാരും കമ്പ്യൂട്ടറില്‍ നിന്നും അകന്ന് മാറി നില്‍ക്കുകയാണ്.Don't touch എന്ന നിര്‍ദ്ദേശം കണ്ടതിനാല്‍ ഞാനും എന്ത് ചെയ്യണമെന്നറിയാതെ നിന്നു.
"ഈ വൈറസിനെപ്പറ്റി എനിക്കറിയില്ല" ഒരു വൈറസിനെപ്പറ്റിയും അറിയാത്ത ഞാന്‍ തടിയൂരാന്‍ വേണ്ടി എംഡിയോട് പറഞ്ഞു.
"എന്തെങ്കിലും ചെയ്തില്ലെങ്കില്‍ അവന്‍ ആകെയുള്ള മൂന്ന് സിസ്റ്റവും കുളമാക്കും...റയീസിനെയാണെങ്കില്‍......................ഹ..ഹ..ഹാ" സിസ്റ്റത്തിലേക്ക് തന്നെ നോക്കി പറഞ്ഞുകൊണ്ടിരുന്ന എംഡി പെട്ടെന്ന് നിര്‍ത്തി പൊട്ടിച്ചിരിച്ചു.ഞങ്ങള്‍ എല്ലാവരും മോണിറ്ററിലേക്ക് നോക്കി.അതില്‍ ഇപ്രകാരം തെളിഞ്ഞിരുന്നു.
"K..O..O...Y..!K..O..O...Y..!! A P R I L F O O L !!!"
By Rayees