Pages

Wednesday, August 29, 2012

എന്റെ ഉത്രാടപ്പാച്ചില്‍

          ഉത്രാടപ്പാച്ചില്‍ എന്ന് അനേകതവണ കേട്ടിട്ടുണ്ടായിരുന്നു.ഇന്നലെ എനിക്കും ആ പാച്ചിലില്‍ ഭാഗഭാക്കാകേണ്ടി വന്നു. കഴിഞ്ഞ ശനിയാഴ്ച മുതല്‍ കോഴിക്കോട് ക്യാമ്പ് ചെയ്യുന്നതും ചൊവ്വാഴ്ചയോടെ സ്ഥലം വിടുന്നതുമായ ബയോഡൈവേഴ്സിറ്റി സയന്‍സ് എക്സ്പ്രെസ്സ് കാണാനായിരുന്നു ഈ ഓട്ടം.ആ ‘റണ്ണിംഗ് ‘ കമന്ററി താഴെ...

           ബയോഡൈവേഴ്സിറ്റി  എക്സ്പ്രെസ്സ് കാണാന്‍ പോകാന്‍ മനസ്സില്‍ തീരുമാനം എപ്പോഴോ രൂപപ്പെടുന്നു.എന്റെ സുഹൃത്ത് ഗിരീഷ് മൂഴിപ്പാടം എന്ന നവബ്ലോഗര്‍ക്ക് ബ്ലോഗ് സംബന്ധമായ ചില സംഗതികള്‍ ചെയ്തു കൊടുക്കാനായി 12 മണി വരെ അദ്ദേഹത്തോടൊപ്പം ചെലവഴിക്കാന്‍ തീരുമാനിക്കുന്നു.പതിവ് പോലെ ആ തീരുമാനം സമയം ലംഘിച്ച് ഒരു മണിയിലേക്ക് മുന്നേറുന്നു. അവിടെ എന്റെ ഉത്രാടപ്പാച്ചില്‍ആരംഭിക്കുന്നു.

1:30 - പതിവിന് വിപരീതമായി വാഴയിലയില്‍  ഒരു ഉച്ചയൂണും അവാര്‍ഡ് കിട്ടിയ വകയില്‍ എന്റെ വക പായസ വിതരണവും (വീട്ടുകാര്‍ക്ക്)

1:45 - ഏമ്പക്കം വിട്ട് എണീക്കുമ്പോള്‍, അനിയനും ഭാര്യയും 2 മണിക്ക് കോഴിക്കോട്ടേക്ക് പോകുന്ന ശുഭവാര്‍ത്ത അനിയന്റെ ഭാര്യ അറിയിക്കുന്നു.(ഓസിന് കോഴിക്കോട്ടെത്താനുള്ള പാസ്)

2.00 - അനിയന്റെ പൊടിപോലും കാണാത്തതിനാല്‍ ഫോണ്‍ ചെയ്ത് അന്വേഷിക്കുന്നു(വാര്‍ത്ത സത്യമാണെന്ന് ബോധ്യപ്പെടുന്നു)

2.15 - പറഞ്ഞ മണി കഴിഞ്ഞതിനാല്‍ വീണ്ടും ഫോണ്‍ ചെയ്യുന്നു.2.30ന് എത്തുമെന്ന പൊളിവചനം കേള്‍ക്കുന്നു.

2.30 - വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ.വീണ്ടും ഫോണ്‍ ചെയ്യുന്നു , മൂന്ന് മണിക്കപ്പുറം പോകില്ല എന്ന് കുറുപ്പിന്റെ അല്ല അനിയന്റെ ഉറപ്പ്.

3.00 - അനിയന്റെ കാറും ബൈക്കും മുറ്റത്ത് ഹാജര്‍ രേഖപ്പെടുത്താത്തതിനാല്‍ ഞാന്‍ സലാം പറഞ്ഞ് ബസ്‌സ്റ്റാന്റിലേക്ക് ഉത്രാടപ്പാച്ചിലിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു (3.10ന്റെ ബസ് പിടിക്കാന്‍)

3.15 - സ്റ്റാര്‍ട്ട് ചെയ്ത ബസ്സിലേക്ക് അനിയന്റെ ഫോണ്‍ , അവന്‍ പുറപ്പെട്ടു കഴിഞ്ഞു , ബസ്സില്‍ നിന്നിറങ്ങുക (അതിസാഹസികമായി, ഓടാന്‍ തുടങ്ങിയ ബസ്സില്‍ നിന്ന് ഞാന്‍ മൂക്കു കുത്താതെ താഴേക്ക്..)

3.30 - വീണ്ടും പൊടി പോലുമില്ല കണ്ടുപിടിക്കാന്‍ !!പെട്ടെന്ന് പിന്നില്‍ ഒരശരീരി..കയറൂ !!!!ഉത്രാടപ്പാച്ചിലിന്റെ മൂന്നാം ഘട്ടം കാറ് ഏറ്റെടുക്കുന്നു (ഞാന്‍ ഉറക്കവും ഏറ്റെടുക്കുന്നു)

4.30 - ജനസാഗരങ്ങളുടെ ഉത്രാടപ്പാച്ചിലില്‍ കുടുങ്ങി കാറ്‌ കോഴിക്കോട് നഗരത്തില്‍ അരിച്ചരിച്ച് നീങ്ങുന്നു.

4.45 - മാനാഞ്ചിറക്ക് സമീപം അനിയന്‍ എന്നെ ഡൌണ്‍ലോഡ് ചെയ്യുന്നു.5 മണിക്ക് പ്രദര്‍ശനം അവസാനിക്കുന്ന ട്രെയിന്‍ ലക്ഷ്യമാക്കി മിഠായി തെരുവിലൂടെ ഉത്രാടപ്പാച്ചിലിന്റെ നാലാം ഘട്ടം ആരംഭിക്കുന്നു.

5.00 - ആയിരത്തിലധികം പേര്‍ അവസരം കാത്ത് നില്‍ക്കുന്ന ഒരു ക്യൂവിന്റെ അറ്റത്ത് എന്റെ ഉത്രാടപ്പാച്ചില്‍ അവസാനിക്കുന്നു. കിതച്ചും കുതിച്ചും പത്തഞ്ഞൂറ് പേരും കൂടെ എന്റെ പിന്നില്‍ അണിനിരന്നപ്പോള്‍ എന്റെ മനസ്സ് സമാധാനപ്പെട്ടു.

5.30 - അര മണിക്കൂര്‍ ക്യൂവില്‍ നിന്ന ശേഷം ഞാനും സയന്‍സ് എക്സ്പ്രെസ്സിനകത്ത് കയറുന്നു. ”ജല്‍ദി...ജല്‍ദി....ഖതം കര്‍ന സമയ് ഹുവ...” ട്രെയിനിനകത്തെ ഹിന്ദുസ്ഥാനി പെണ്‍കുട്ടികള്‍ പറഞ്ഞപ്പോള്‍ എന്റെ ഉത്രാടപ്പാച്ചിലിന്റെ അഞ്ചാം ഘട്ടം ആരംഭിക്കുന്നു.

6.00 - പതിനാറ് ബോഗികളില്‍ നിറഞ്ഞ ഇന്ത്യയുടെ ജൈവ വൈവിധ്യ വിവരങ്ങള്‍ അരമണിക്കൂര്‍ കൊണ്ട് കണ്ട് എന്റെ ഉത്രാടപ്പാച്ചില്‍ വിജയകരമായി സമാപിക്കുന്നു.

ഒരു ഓണം ഓര്‍മ്മ ...

               “കൂ........കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ............കൂയ്........കൂയ്.........”  ഒരാള്‍ തുടങ്ങിവച്ച കൂവല്‍ ഒരാള്‍ക്കൂട്ടം ഏറ്റെടുത്ത് ഒരു ഇരമ്പലായി ചെവിയില്‍ വന്നെത്തിയപ്പോള്‍ എന്റെ മെഡുല ഒബ്ലാങ്കേറ്റ പ്രവര്‍ത്തിച്ചു. വിജയ ടാക്കീ‍സില്‍ ടിക്കറ്റ് ബന്ദായി. വര്‍ഷത്തില്‍ മാക്സിമം പോയാല്‍ അഞ്ചു തവണ മാത്രമേ ഈ സംഭവം നടക്കുകയുള്ളൂ എന്നതിനാല്‍ ഇതൊരു മഹാസംഭവം തന്നെയാണ്. മാത്രമല്ല ഈ അഞ്ച് തവണകളില്‍ കളിക്കുന്ന പടങ്ങള്‍ രണ്ടാം വാരത്തിലേക്ക് കടക്കും എന്നുറപ്പാണ്.ആദ്യം കൂവല്‍ കേട്ട ദിവസത്തിന്റെ തൊട്ടടുത്ത രണ്ട് ദിവസങ്ങളിലും മിക്കവാറും ഈ കൂവല്‍ തുടരും.എന്ന് വച്ചാല്‍ അടുത്ത ദിവസങ്ങളിലും ടിക്കറ്റ് ബന്ദാകും.

             ടാക്കീസിന്റെ തൊട്ടടുത്താണ് വീട് എന്നതിനാല്‍ ടിക്കറ്റ് ബന്ദാകുക എന്ന പദമാണ് കോടതി നിരോധിച്ച ബന്ദ് എന്ന പദം കേള്‍ക്കുന്നതിന് മുമ്പേ ഞാന്‍ കേട്ട പദം. ഹൌസ്‌ഫുള്‍ ആയി എന്ന് പറയുന്നതിന്റെ ഗ്രാമീണ പദപ്രയോഗം ആണ്  ടിക്കറ്റ് ബന്ദാകുക എന്ന് പറയുന്നത്. മിക്കവാറും ഓണം , വിഷു, പെരുന്നാള്‍ തുടങ്ങിയവയോട് അനുബന്ധിച്ച് ടാക്കീസിലെത്തുന്ന സാമാന്യം ഭേദപ്പെട്ട സിനിമകള്‍ക്കാണ് ഈ അപൂര്‍വ്വ സൌഭാഗ്യം ലഭിക്കുന്നത്.

           തിരുവോണ ദിവസത്തില്‍ നേരത്തെ തന്നെ സദ്യ കഴിച്ച് 12 മണി ആകുമ്പോഴേക്കും ടാക്കീസിന് മുന്നില്‍ ക്യൂ നില്‍ക്കുന്ന ജനങ്ങളില്‍ അമ്മൂമ മുതല്‍ കൈക്കുഞ്ഞ് വരെയുള്ളവര്‍ ഉണ്ടാകാറുണ്ട്. കുറേ പേര്‍ ടാക്കീസിന്റെ പരുക്കനിട്ട വരാന്തയില്‍ ടിക്കറ്റ് കൌണ്ടര്‍ തുറക്കുന്നതും കാത്ത് ഇരിക്കുന്നതും കാണാം.അരീക്കോടിന്റെ പ്രാന്ത പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ഇതില്‍ മിക്കവരും. അവിട്ടത്തിലും ചതയത്തിലും ഈ നീണ്ട നിര കാണാറുണ്ടായിരുന്നു.

          സിനിമ കാണുന്നതിന് എനിക്ക് വിലക്കുണ്ടായിരുന്നതിനാല്‍ ഞാന്‍ ആ കോമ്പൌണ്ടിലേക്ക് കടക്കാറില്ല.പക്ഷേ ഓണത്തിന്റെ ഈ തിരക്കില്‍ ഹിന്ദു സഹോദരന്മാര്‍ക്കൊപ്പം എന്റെ പല മുസ്ലിം സുഹൃത്തുക്കളും ക്യൂവില്‍ ഉണ്ടാകാറുണ്ട് എന്ന് അവര്‍ സ്കൂളില്‍ വന്ന് സിനിമാ കഥ പറയുമ്പോള്‍ മനസ്സിലാക്കും.

             ഇന്ന് മറ്റൊരു തിരുവോണം. ഗൃഹാതുരത്വം ഉണര്‍ത്തുന്ന അ പഴയ ഓര്‍മ്മകള്‍ മനസ്സില്‍ തികട്ടി വരുന്നു.അന്നത്തെ കൂവല്‍ ഇന്ന് കേള്‍ക്കാനില്ല.കാരണം ടാക്കീസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊളിച്ചുപോയി.ടെലിവിഷന്‍ വ്യാപകമായതിനാല്‍ എല്ലാവരും സ്വന്തം വീടുകളില്‍ ഒതുങ്ങിക്കൊണ്ടിരിക്കുന്നു.ഒപ്പം മതപരമായ പലതരം വിവാദങ്ങളും പൊന്തിവരുന്നു.ഒരറിവും ഇല്ലാത്ത ബാല്യകാലം തന്നെ മതിയായിരുന്നു എന്ന് വെറുതേ ആശിച്ച് പോകുന്നു.

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

Monday, August 27, 2012

ഒരു ‘ലോകറിക്കാര്‍ഡ്‘ ‘ പ്രകടനം !!!

            സംസ്ഥാന അവാര്‍ഡ് നേടിയ അന്ന് തന്നെയായിരുന്നു കോളേജിലെ മിനിസ്റ്റീരിയല്‍ സ്റ്റാഫ് അംഗങ്ങളുടെ ഓണാഘോഷ പരിപാടി. ധാരാളം ഓണക്കളികള്‍ ഒരുക്കി ആഘോഷം കെങ്കേമമാക്കാന്‍ പ്രസാദേട്ടനും ബിനീഷും നന്നായി പ്രവത്തിക്കുന്നുണ്ടായിരുന്നു.എന്‍.എസ്.എസ് ഓണ്‍ലൈന്‍ സംബന്ധമായ ചില സംഗതികള്‍ ചെയ്യാനുണ്ടായിരുന്നതിനാല്‍ ഇടക്കിടക്ക് പരിപാടി കാണാന്‍ മാത്രം ഞാന്‍ ഉണ്ടായിരുന്നു.

             ഫയല്‍ പാസ്സിംഗ് എന്ന പാസിംഗ് ദ പാര്‍സലിന്റെ ഓഫീസ് രൂപത്തില്‍ റിക്കാര്‍ഡ് സമയത്തിനുള്ളീല്‍ പുറത്തായതിന് ശേഷം ഇന്നേവരെ ഞാന്‍ കണ്ടിട്ടു പോലുമില്ലാത്ത ഇഷ്ടികയില്‍ ഓട്ടം സെക്കന്റിന്റെ നൂറിലൊരംശം സമയത്തിന് നാലാമതായി ഫിനിഷ് ചെയ്തു കൊണ്ട് ഏവരേയും ഞെട്ടിപ്പിക്കാനും എനിക്ക് സാധിച്ചു.

            ശേഷം മറ്റൊരു ഇടവേളയില്‍ ആണ് അന്നേരം നടക്കുന്ന കുപ്പിയില്‍ വെള്ളം നിറക്കല്‍ മത്സരം കാണാന്‍ ഞാന്‍ എത്തിയത്. പങ്കെടുത്ത രണ്ട് മത്സരങ്ങളിലും അസാമാന്യമായ സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റ് കാണിച്ചതിനാല്‍ പ്രസാദേട്ടന്‍ എന്നെ സ്നേഹപൂര്‍വ്വം മത്സരത്തിലേക്ക് ക്ഷണിച്ചത് നിരസിച്ചെങ്കിലും പ്രിന്‍സിപ്പാളിന്റെ പ്രേരണയാല്‍ ഞാന്‍ ഒരു കൈ കൂടി നോക്കാന്‍ ഇറങ്ങി. ഓണക്കളികളില്‍  ഇതുവരെ ഞാന്‍ കാണാത്തതും പങ്കെടുത്തിട്ടില്ലാത്തതുമായ ഈ മത്സരം ഒരു ലോകറിക്കാര്‍ഡ് സൃഷ്ടിക്കും എന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

            ഹീറ്റ്സില്‍ ഒന്നാമതായി ഫിനിഷ് ചെയ്തപ്പോഴാണ് സെമിഫൈനല്‍ മത്സരത്തിനുള്ള അറിയിപ്പ് വന്നത്.ഒരു മിനുട്ട് പോലും വിശ്രമിക്കാതെ സെമിഫൈനല്‍ മത്സരത്തിലും ‘ദേശീയറിക്കാര്‍ഡോടെ‘ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ അത് എല്ലാവര്‍ക്കും ഒരു മുന്നറിയിപ്പായി.നിമിഷങ്ങള്‍ക്കകം ഫൈനല്‍ മത്സരത്തില്‍ ‘ലോകറിക്കാര്‍ഡോടെ‘ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ഞാന്‍ പോലും അന്തം വിട്ടു നിന്നു.

            അതെ ബൂലോക വാസികളേ....കുപ്പിയില്‍ വെള്ളം നിറക്കല്‍ മത്സരത്തില്‍ ഇന്നേ വരെ ഒരു ലോകറിക്കാര്‍ഡ് രേഖപ്പെടുത്താത്തതിനാല്‍ എന്റെ പ്രകടനം ലോകറിക്കാര്‍ഡ് ആയി ഞാന്‍ സ്വയം പ്രഖ്യാപിക്കുന്നു.ഈ ലോകറിക്കാര്‍ഡ് രേഖപ്പെടുത്തിയിരിക്കുന്നത് എന്റെ മനസ്സില്‍ മാത്രമായതിനാല്‍ ഒരിക്കലും തകര്‍ക്കാന്‍ സാധിക്കില്ല എന്ന വിവരവും അറിയിക്കുന്നു.

Sunday, August 26, 2012

സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടി !!!

സംസ്ഥാന സര്‍ക്കാര്‍ പല അവാര്‍ഡുകളും പ്രഖ്യാപിക്കാറുണ്ട്. മിക്കവാറും ജനങ്ങള്‍ അറിയുന്നത് സിനിമാ അവാര്‍ഡുകള്‍ മാത്രമാണ്. കാരണം അതിന്റെ പിന്നാലെ വിവാദങ്ങളും ഉയര്‍ന്നു വരും. പിന്നെ ആരോപണ പ്രത്യാരോപണങ്ങളും നാക്ക് പോരും വിഴുപ്പലക്കും നാടകങ്ങളും മറ്റും മറ്റും....

ഇന്നലെ, അധികം ആരും അറിയാത്ത ഒരു അവാര്‍ഡ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നാഷണല്‍ സര്‍വീസ് സ്കീം (എന്‍.എസ്.എസ്) അവാര്‍ഡ്.

ബൂലോകരേ....മാലോകരേ....എന്തുകൊണ്ടും നിങ്ങള്‍ക്കേവര്‍ക്കും അഭിമാനിക്കാം. അരീക്കോടന്‍ എന്ന് ബൂലോകത്ത് അറിയപ്പെടുന്ന ആബിദ് തറവട്ടത്ത് എന്ന എന്നെ സംസ്ഥാനത്തെ മികച്ച പ്രോഗ്രാം ഓഫീസര്‍ ആയി തെരഞ്ഞെടുത്തിരിക്കുന്നു.എന്റെ  കോളേജ് മികച്ച എന്‍.എസ്.എസ് യൂണിറ്റ് ആയും എന്റെ വളണ്ടിയര്‍ അപര്‍ണ്ണ മികച്ച വളണ്ടിയര്‍ ആയും ഞങ്ങളുടെ എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്‍ മികച്ച യൂണിവേഴ്സിറ്റി/ഡയരക്ടറേറ്റ് ആയും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

 എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിറഞ്ഞ പിന്തുണ നല്‍കുന്ന ബൂലോകത്തെ എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.

നട്ടുച്ചയിലെ നക്ഷത്രം

പോക്കരാക്ക: മോള്‍ ഒന്ന് കൂടി പെറ്റു

നമ്പൂരി: ആഹാ....ഭേഷായി...ആട്ടെ സമയം പറയൂ.....നോം നക്ഷത്രം പറഞ്ഞു തരാം....


പോക്കരാക്ക:അത് ഞമ്മക്ക് തന്നെ പുടിണ്ട്....

നമ്പൂരി: ങേ, അതെങ്ങനെ?

പോക്കരാക്ക: നട്ടുച്ചക്ക് പെറ്റു.അപ്പോ നക്ഷത്രം സൂര്യന്‍ തന്നെ !!!!

Sunday, August 19, 2012

പെരുന്നാള്‍ നല്‍കിയ പാഠം

അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍
ലാ ഇലാഹ ഇല്ലള്ളാഹു  അല്ലാഹു അക്ബര്‍
അല്ലാഹു അക്ബര്‍ വലില്ലാഹില്‍ഹംദ്

           ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുഴങ്ങിക്കേട്ട മന്ത്രം.സ്നേഹവും സാഹോദര്യവും പുതുക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിങ്ങള്‍ ഭക്ത്യാദരപൂര്‍വ്വം ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു.

             എന്റെ വിവിധ കാലഘട്ടങ്ങളീലുള്ള സ്നേഹിതന്മാരില്‍ എനിക്ക് ഫോണിലൂടെ ബന്ധപ്പെടാന്‍ സാധിക്കുന്ന മിക്കപേരെയും ഞാന്‍ ഇന്ന് നേരിട്ട് ഫോണ്‍വിളിച്ചു.സുഖക്ഷേമാന്വേഷണങ്ങള്‍ക്ക് ശേഷം ‘ഈദ് മുബാറക് ‘ (ഈദാശംസകള്‍) നേരാനും ഈ അവസരം ഞാന്‍ വിനിയോഗിച്ചു.പ്രീഡിഗ്രി,ഡിഗ്രി,പി.ജി,പി.ജി.ഡി.സി.എ തുടങ്ങീ പഠനകാലത്തെ സുഹൃത്തുക്കളും വിവിധ സമയങ്ങളില്‍ കൂടെ ജോലി ചെയ്തവരും ഇന്ന് വിളിച്ചവരില്‍ പെടുന്നു.അപ്പോഴാണ് മെസ്സേജ് ബ്ലോക്കായി എന്ന് ചിലരെങ്കിലും പറഞ്ഞതും അതുകാരണം  ഒരു എസ്.എം.എസ്  പോലും അയക്കാന്‍ സാധിച്ചില്ല എന്ന്‍ അറിയിച്ചതും. (ഞാന്‍ എസ്.എം.എസ് അയക്കാന്‍ മുതിരാത്തതിനാല്‍ ഈ ബ്ലോക്ക് അറിഞ്ഞതേയില്ല)

                       സാങ്കേതിക വിദ്യ പുരോഗമിച്ചപ്പോള്‍ നാം എത്രത്തോളം ചുരുങ്ങിപ്പോയി എന്നതിന്റെ ഒരു തെളിവാണ് ഈ മെസ്സേജ് ബ്ലോക്ക് . എസ്.എം.എസ് പോകുന്നില്ലെങ്കില്‍ ഒന്ന് വിളിച്ച് നേരിട്ട് സംസാരിച്ചാല്‍ ആ ബന്ധം ഒന്ന് കൂടി ദൃഢമാകും എന്ന് തീര്‍ച്ച. ഒരു സന്ദര്‍ശനം കൂടി നടത്തിയാല്‍ നാം അവരുടെ മനസ്സിലേക്ക് കുടിയേറും എന്നതുറപ്പ്. പക്ഷേ അങ്ങനെ ഒരു സന്ദര്‍ശനത്തിന് തോന്നണമെങ്കില്‍ നാം അവരുടേയോ അവര്‍ നമ്മുടേയോ മനസ്സില്‍ എന്തെങ്കിലും തരത്തില്‍ പ്രതിഷ്ഠ നേടിയവരായിരിക്കണം എന്നത് മറ്റൊരു വശം.(കുടുംബത്തിലെ സന്ദര്‍ശനമല്ല ഞാന്‍ ഇവിടെ ഉദ്ദേശിക്കുന്നത്.)

                    എന്റെ വിദ്യാര്‍ത്ഥിയും എന്റെ നാട്ടിലെ തന്നെ ഒരുള്‍ഗ്രാമത്തില്‍ താമസിക്കുന്നവനുമായ അബ്ദുല്‍ വാസിഹ് ഇന്ന് എന്റെ വീട്ടില്‍ വന്നു.പെരുന്നാള്‍ സുദിനത്തില്‍ ആര്‍ക്കും ഒരു മുസ്ലിം സഹോദരന്റെ വീട്ടില്‍ മാന്യമായി കയറിച്ചെല്ലാവുന്നതാണ്. തന്റെ സഹോദരിമാരുടെ വീട്ടിലേക്ക് പോകുന്ന വഴിയില്‍ എന്റെ വീട്ടിലും കൂടി ഒന്ന് കയറി ഈദിന്റെ സന്തോഷം അദ്ധ്യാപകനോടൊപ്പം പങ്കിടാനും വീട്ടിലെ ഒരംഗത്തെപ്പോലെ അല്പ സമയം ഞങ്ങളോടൊപ്പം പങ്കിടാനും പുതു തലമുറയുടെ പ്രതീകമായ അബ്ദുല്‍ വാസിഹ് കാണിച്ച മനസ്സ് എനിക്ക് ഏറെ സന്തോഷം തരുന്നു. നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം എന്ന് സ്കൂളില്‍ പഠിക്കുമ്പോള്‍ കേട്ടത് ഇന്ന് വാസിഹിലൂടെ വീണ്ടും അരക്കെട്ടുറപ്പിക്കപ്പെട്ടു. ഈ പെരുന്നാള്‍ എനിക്ക് നല്‍കിയ പാഠവും ഇത് തന്നെ.ഈ നന്മയുടെ കൈത്തിരി നാളെത്തെ എല്ലാ വിദ്യാര്‍ത്ഥികളിലും യുവജനങ്ങളിലും ഉണ്ടാകട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

Saturday, August 18, 2012

ആദ്യത്തെ പെരുന്നാള്‍ ഷോപ്പിംഗ്

             വീണ്ടും മാനത്ത് ശവ്വാലമ്പിളിക്കീറ് പ്രത്യക്ഷമായി.ഒരു മാസത്തെ വ്രതാനുഷ്ടാനത്തിന് വിരാമം കുറിച്ച് കൊണ്ട് മുസ്ലിംകള്‍ നാളെ ഈദുല്‍ ഫിത്വര്‍ ആഘോഷത്തിനായി ഒരുങ്ങുന്നു.ഓര്‍മ്മയിലെ പെരുന്നാളുകളെക്കുറിച്ച് മുമ്പ് പല പോസ്റ്റിലും സൂചിപ്പിച്ചിരുന്നു, പറഞ്ഞിരുന്നു.ഇപ്പോള്‍ മനസ്സില്‍ ഓടി വരുന്നത് കല്യാണത്തിന് ശേഷമുള്ള ആദ്യ ചെറിയ പെരുന്നാളാണ്.
                13 വര്‍ഷം മുമ്പത്തെ ഒരു റമളാന്‍ മാസം.എന്തോ കാരണത്താല്‍ ശമ്പളം കിട്ടാന്‍ വൈകി.കയ്യില്‍ കാശില്ലാതെ പെരുന്നാള്‍ അടുത്തടുത്ത് വന്നു.ഞാനും ഭാര്യയും മാത്രമടങ്ങുന്ന ‘നാം രണ്ട് നമുക്ക് പൂജ്യം’ എന്ന മുദ്രാവാക്യവുമായി മുന്നോട്ട് നീങ്ങുന്ന കാലം(അല്ലെങ്കിലും കല്യാണം കഴിച്ച് മിനിമം പത്ത്മാസത്തിന് ശേഷമാണല്ലോ ഈ മുദ്രാവാക്യത്തില്‍ മാറ്റം വരുത്തുന്നത്).പുതിയ ഡ്രെസ്സ് എടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ‘പൈസാചികം’ പിന്തിരിപ്പിച്ചു.എന്നാല്‍ ഭാര്യക്ക് ഉരുവിടാന്‍ ഒരേ ഒരു മന്ത്രം മാത്രം - കല്യാണം കഴിഞ്ഞ് ആദ്യത്തെ ചെറിയ പെരുന്നാളാണ്.ഡ്രെസ്സ് എടുക്കാതെ അവളുടെ വീട്ടിലേക്ക് കയറിയാല്‍ ആര്‍ട്ടിക്കിള്‍ 12(1) പ്രകാരം മാനഭംഗശ്രമത്തിന് കേസെടുക്കും പോലും.കെട്ടിയോനെതിരെ മാനഭംഗശ്രമത്തിന് കേസെടുക്കാന്‍ അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 12(1)നെ ഞാന്‍ മനസാ ശപിച്ചു.(ആ ആര്‍ട്ടിക്കിളില്‍ പറയുന്നത് ഇതുമായി ബന്ധപെട്ട ഒരു കുന്തവുമല്ലെന്ന് പിന്നീട് മനസ്സിലായി)
             ആര്‍ട്ടിക്കിളിനേയും വെന്‍‌ട്രിക്കിളിനേയും പറ്റി ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ പഠിച്ചത് ഓര്‍മ്മയുടെ ഗുഹാന്തരങ്ങളീലേക്ക് ചേക്കേറിയതിനാല്‍ അവള്‍ പറഞ്ഞ ആര്‍ട്ടിക്കിളില്‍ ഞാന്‍ വിശ്വാസമര്‍പ്പിച്ചു.മൌനം പോയാലും മാനം പോകരുത് എന്നതിനാല്‍ ഞാന്‍ എന്റെ ബാങ്ക് മാനേജറെ വിളിച്ചു.

“ഹലോ....ആ....ഒരു രണ്ടായിരം രൂപ ഉണ്ടാകോ?” 

ബാങ്കില്‍ രണ്ടായിരം രൂപ ഉണ്ടാകോ എന്ന് ചോദിക്കുന്ന വിവരം കെട്ട കസ്റ്റമര്‍ ആണ് ഞാന്‍ എന്ന് ആര്‍ക്കെങ്കിലും തോന്നി എങ്കില്‍ സോറി , ഈ ബാങ്ക് മാനേജര്‍ എന്റെ സ്വന്തം ജ്യേഷ്ടത്തി ആണ്.അവള്‍ക്ക് പ്രത്യേകിച്ച് ഒരു ചെലവും അന്ന് ഇല്ലാത്തതിനാല്‍ കയ്യില്‍ കാശ് ഉണ്ടാകും എന്ന് ഉറപ്പായിരുന്നു.എങ്കിലും മാനം കളയാതെ കാര്യം സാധിക്കണമല്ലോ.

“ഓ...അത് പ്രശ്നമില്ല...നീ എപ്പഴാ വര്വാ?”

              എന്റെ മനസ്സിനെ കുളിര്‍പ്പിക്കുന്ന മറുപടി തന്നെ കിട്ടി.അങ്ങനെ അവള്‍ തന്ന രണ്ടായിരം രൂപ ഉപയോഗിച്ച് എന്റെ ആദ്യത്തെ പെരുന്നാള്‍ ഷോപ്പിംഗ് നടത്തി.നോമ്പ് നോറ്റ് മൂന്ന് മണിക്കൂറോളം നീണ്ട തിരച്ചിലിന് ശേഷം കടം വാങ്ങിയ കാശും കൊടുത്ത് വാങ്ങിയ ആ ചുരിദാര്‍ പുത്തന്‍ മണം മാറുന്നതിന് മുമ്പേ, വിശാലഹൃദയയായ എന്റെ ഭാര്യ അവളുടെ അനിയത്തിക്ക് ദാനം ചെയ്ത് എന്റെ മാനത്തിന് കുറിമാനം നല്‍കി.
               ഇനി ഒരു ഭര്‍ത്താവിനും ഇങ്ങനെ ഒരു വിധി ഉണ്ടാകാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ എല്ലാവര്‍ക്കും ഈദാശംസകള്‍ നേരുന്നു.

Friday, August 17, 2012

ബാലന്‍ എന്ന പരോപകാരി

               കുട്ടിക്കാലത്തേ ബാലന്‍ എന്റെ മനസ്സിലെ ഹീറോ ആണ്. അന്ന് ‘മാലാന്‍’ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര് എന്ന് മാത്രം (ബാലന്‍ എന്ന് മറ്റുള്ളവര്‍ പറയുന്നത് ഞങ്ങള്‍ കേട്ടിരുന്നത് ‘മാലാന്‍’ എന്നായിരുന്നു).ബാലന്‍ ഹീറോ ആകാന്‍ കാരണം മറ്റൊന്നുമല്ല. മരിച്ചു പോയ എന്റെ ചെറിയ അമ്മാവന്‍ ഞങ്ങളുടെ പറമ്പില്‍ നിന്നും കെണിവച്ച് പിടിച്ച അണ്ണാനെ അറുക്കാന്‍ വേണ്ടി കൂട്ടില്‍ നിന്നും പിടിക്കണം.കൂര്‍ത്ത നഖമുള്ള അണ്ണാനെ നേരിട്ട് പിടിക്കാന്‍ സാധ്യമല്ല.കൂട് തുറന്നാല്‍ അത് ചാടി രക്ഷപ്പെടും. പിന്നെ ഇതിനെ പിടിക്കാനുള്ള ഏകമാര്‍ഗ്ഗം ഊരാംകുടുക്ക് എന്ന് ഞങ്ങള്‍ പറയുന്ന തൊള്ളിട്ട് പിടുത്തം ആണ്. അത് ഒരു ഫിഫ്റ്റി ഫിഫ്റ്റി ഗെയിം ആണ്. കൂട് തുറക്കുമ്പോള്‍ അണ്ണാന്‍ പുറത്തേക്ക് ചാടും.കൂടിന്റെ വായ് ഭാഗത്ത്  കയര്‍ കൊണ്ടുള്ള ഒരു വൃത്തം ഒരുക്കി വച്ചിരിക്കും.അതാണ് അടുത്ത കെണി.അണ്ണാന്‍ ചാടി വൃത്തത്തിലാകുമ്പോള്‍ കൃത്യസമയത്ത് കയറ്‌ വലിക്കണം.എന്നാല്‍ മാത്രമേ അണ്ണാന്‍ അതില്‍ കുരുങ്ങൂ.

             കുട്ടികളായ ഞങ്ങള്‍ക്കാര്‍ക്കും ഈ വിദ്യ വശമില്ലാത്തതിനാല്‍ അമ്മാവന്‍ ഒരാളെ കാത്ത് നില്‍ക്കുമ്പോഴാണ് ബാലന്‍ റോഡിലൂടെ വരുന്നത്. അമ്മാവന്‍ ബാലനോട് സംഗതി അവതരിപ്പിച്ചു.‘കിട്ട്യാല്‍ അണ്ണാന്‍ പോയാല്‍ പൊണ്ണന്‍ ‘ എന്ന മട്ടില്‍ ബാലന്‍ അത് സമ്മതിച്ചു.അമ്മാവന്‍ കൂട് തുറന്നു , ബാലന്‍ കയറ് വലിച്ചു ,അണ്ണാന്റെ ഊര കൃത്യം ബാലന്റെ കയ്യിലെ കയറിനുള്ളില്‍ കുരുങ്ങി.പിന്നെ രണ്ട് പേരും കൂടി അതിനെ കശാപ്പ് ചെയ്തു.

              അന്നത്തെ ബാലനെ പിന്നീട് ഞാന്‍ കാണുന്നത് പല ബസ്സുകളിലും ക്ലീനര്‍ ജോലിക്കാരനായിട്ടാണ്.പ്രായം അന്നും ഇന്നും ഒരേ പോലെ!!!എന്നെ ബാലന് നല്ല റെസ്പെക്ട് ആണ്.അതിനാല്‍ എനിക്ക് എങ്ങനെയെങ്കിലും ബാലന്‍ സീറ്റ് ഒപ്പിച്ചു തരികയും ചെയ്യും.

              ഇന്നലെ ബാലന്‍ ക്ലീനറായ ബസ്സില്‍ ഞാന്‍ കോഴിക്കോട് പോവുകയായിരുന്നു.ചെറുവാടി എത്തുന്നതിന് മുമ്പ് ‘തെനങ്ങാപറമ്പ്’ (ഈ സ്ഥലത്തിന്റെ കറക്ട് പേര് പറയാന്‍ ഇപ്പോഴും എനിക്ക് പ്രയാസമാണ്) എത്തിയപ്പോള്‍ ബസ്സ് അല്പം കൂടി അരിക് ചാരി നിര്‍ത്തി. ബസ്സിന്റെ ഉള്ളില്‍ സൂക്ഷിച്ചിരുന്ന ഒരു കൊടുവാള്‍ ബാലന്‍ എടുത്തു.ശേഷം റോഡിലേക്ക് തള്ളി നിന്ന് ബസ് യാത്രക്കാര്‍ക്ക് മുഴുവന്‍ ശല്യം ചെയ്തിരുന്ന ഒരു മരത്തിന്റെ എല്ലാ തലപ്പുകളും വെട്ടിമാറ്റി. അതു വഴി കടന്നു പോകുന്ന എല്ലാ വാഹനങ്ങള്‍ക്കും സുഗമമായ പ്രയാണം അതു വഴി ബാലന്‍ ഉറപ്പാക്കി.ഇത് വെട്ടി മാറ്റാന്‍ വേണ്ടി മാത്രമായി ആ കത്തി ബാലന്‍ സ്വന്തം വീട്ടില്‍ നിന്നും കൊണ്ടുവന്നതായിരുന്നു എന്നറിഞ്ഞപ്പോഴാണ് ബാലന്റെ മനസ്സിനെ ഞാന്‍ നമിച്ചത്. ഇത്തരം അനേകം ‘ബാലന്മാര്‍ ‘ നമ്മുടെ സമൂഹത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ?

ഷവര്‍മ


പോക്കരാക്ക :ഈച്ച ഇരിക്കാത്തതും ഉറുമ്പരിക്കാത്തതുമായ എന്താ കഴിക്കാനുള്ളത് ?
സപ്ലയര്‍ : ഷവര്‍മ
പോക്കരാക്ക : കഴിച്ചവന്‍ താമസിയാതെ പുഴുവരിക്കും എന്ന് മാത്രം അല്ലേ?

വെള്ളിയാഴ്ചയിലെ നോമ്പ്

               അപ്രതീക്ഷിതമായി പെയ്ത മഴയില്‍ ജുമു‌അ ഖുതുബക്ക് ശേഷം പള്ളിയില്‍ ദീര്‍ഘനേരം ഇരിക്കേണ്ടി വന്നു. ഓര്‍മ്മകള്‍ പിന്നിലേക്ക് ഓടിയ നല്ല നിമിഷങ്ങളായിരുന്നു അത്. നോമ്പ് നോറ്റ് കുട്ടികളും മുതിര്‍ന്നവരുമായ അനേകം പേര്‍ പള്ളിയില്‍ ഉണ്ടായിരുന്നു. ആ കാഴ്ച എന്നെ എന്റെ കുട്ടിക്കാലത്തേക്ക് നയിച്ചു.

               കുട്ടിക്കാലത്ത് വെള്ളിയാഴ്ചയിലെ നോമ്പ് പെട്ടെന്ന് തീരുന്ന നോമ്പാണ് ! കാരണം പലതാണ്.രാവിലെ പതിനൊന്നരയോടെ എല്ലാവരും കുളിച്ച് പള്ളിയിലേക്ക് നീങ്ങും. മേത്തലങ്ങാടി പള്ളിയായിരുന്നു അന്ന് ഞങ്ങള്‍ക്ക് പോകാനുള്ള ഏകപള്ളി. പള്ളിയില്‍ എത്തിയാല്‍ ഓരോരുത്തരായി ഓരോ മൂലയില്‍ പോയിരുന്ന് ഖു‌ര്‍‌ആന്‍ ഓതും (പാരായണം ചെയ്യും). അവരവരുടെ മദ്രസാ ക്ലാസ്സിനനുസരിച്ച് മേലെ പതിനഞ്ച് ,താഴേ പതിനഞ്ച് എന്നിങ്ങനെ ഏതെങ്കിലും ഒരു വിഭാഗത്തിലെ ഖു‌ര്‍‌ആന്‍ ആണ് എടുക്കാറ്‌ (വിശുദ്ധ ഖു‌ര്‍‌ആന്‍ ആകെ മുപ്പത് ഭാഗങ്ങള്‍ ആണുള്ളത്.പണ്ട് കാലത്ത് ഇത് രണ്ട് പതിപ്പുകളിലായിട്ടായിരുന്നു പ്രിന്റ് ചെയ്തിരുന്നത്.ആദ്യത്തെ പതിനഞ്ച് ഭാഗങ്ങള്‍ ഉള്‍കൊള്ളുന്നതിനെ മേലെ പതിനഞ്ച് എന്നും രണ്ടാമത്തെ പതിനഞ്ച് ഭാഗങ്ങള്‍ ഉള്‍കൊള്ളുന്നതിനെ താഴെ പതിനഞ്ച് എന്നും പറയുന്നു.മദ്രസയില്‍ ഒന്നിലും രണ്ടിലും പഠിക്കുന്നവര്‍ക്ക് താഴെ പതിനഞ്ചേ ഓതാന്‍ സാധിക്കൂ.മുതിര്‍ന്നവര്‍ക്ക് രണ്ടും ഓതാന്‍ സാധിക്കും).ജുമു‌അ പ്രസംഗം ആരംഭിക്കുന്നത് വരെ ഇത് തുടരും.

             ഒന്നരക്ക് ജുമു‌അ കഴിഞ്ഞാല്‍ പള്ളിയില്‍ തന്നെ ഒരു മൂലയിലേക്ക് നീങ്ങും.എന്നിട്ട് എല്ലാവരും നീണ്ട് നിവര്‍ന്ന് കിടക്കും.അല്പ നേരം എന്തെങ്കിലും ഒക്കെ സംസാരിക്കുമെങ്കിലും നോമ്പുള്ളത് കാരണം പെട്ടെന്ന് തന്നെ ഉറക്കിലേക്ക് വഴുതി വീഴും. മൂന്നരക്ക് മയമാക്കയുടെ ഗംഭീരശബ്ദത്തിലുള്ള അസര്‍ ബാങ്ക് വിളിക്ക് പോലും ഉണര്‍ത്താന്‍ കഴിയാത്ത ഗാഢനിദ്രയിലായിരിക്കും ഞങ്ങളില്‍ പലരും. നമസ്കാരത്തിനായി മറ്റുള്ളവര്‍ തട്ടിവിളിക്കുമ്പോഴാണ് സമയം ഇത്രയും കടന്നുപോയത് അറിയുന്നത്. നമസ്കാരവും കഴിഞ്ഞ് തിരിച്ച് വീട്ടില്‍ എത്തുമ്പോള്‍ സമയം അഞ്ചുമണി കഴിഞ്ഞിരിക്കും.പിന്നെ ആകെ ഒന്നര മണിക്കൂര്‍ മാത്രമേ അന്നത്തെ നോമ്പിന് ആയുസ്സുള്ളൂ.ഇത്രയും പെട്ടെന്ന് നോമ്പ് തീരുന്ന ദിവസം വേറെ ഏതാണുണ്ടാവുക?

           ഇന്ന് തിരക്ക് പിടിച്ച ഔദ്യോഗിക ജീവിതത്തിനിടയില്‍ ഇങ്ങനെ ഒന്ന് നീണ്ട് നിവര്‍ന്ന് സ്വസ്ഥമായി കിടക്കാന്‍ എനിക്ക് സമയം കിട്ടുന്നില്ല. നോമ്പിനും സ്കൂള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് ഇങ്ങനെ ഒരു അനുഭവം കിട്ടാനുള്ള സാധ്യത ഇല്ലാതെയും പോയി.മഴ ശമിച്ച് പള്ളിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ വീണ്ടും മധ്യവയസ്കനായി.

Sunday, August 12, 2012

പ്രകൃതിയെപറ്റി ഒരല്പം ചിന്ത

              ദിവസങ്ങള്‍ക്ക്  മുമ്പാണ് മേഘവിസ്ഫോടനം എന്ന പ്രതിഭാസം കാരണം ഒരു ഗ്രാമം മുഴുവന്‍ കണ്ണീരണിഞ്ഞ ശക്തമായ മഴയും തുടര്‍ന്നുള്ള ഉരുള്‍പൊട്ടലും പുല്ലൂരാമ്പാറയില്‍ ഉണ്ടായത്. ഇരിട്ടിയിലും ഉരുള്‍പൊട്ടിയെങ്കിലും അതും ഇതേ പ്രതിഭാസം തന്നെയാണോ എന്ന് വ്യക്തമല്ല. കഴിഞ്ഞവര്‍ഷം എന്റെ എന്‍.എസ്.എസ് വളണ്ടിയര്‍മാരുമായി ക്യാമ്പ് ചെയ്ത സ്ഥലങ്ങള്‍ ഇതിനടുത്ത് ആയതിനാല്‍ എന്റെ മനസ്സിലും അത് ഭീതിയുണര്‍ത്തി.ചാലിയാറും അതിന്റെ പോഷക നദിയായ ഇരുവഞ്ഞിപ്പുഴയും പെട്ടെന്ന് കരകവിഞ്ഞ് ഒഴുകിയത് അവിശ്വസനീയമായിരുന്നു. അപ്പോള്‍ ഈ ദുരന്തം അനുഭവിച്ച ആ നാട്ടിലെ ജനങ്ങളുടെ അങ്കലാപ്പ് പറയേണ്ടതില്ല.അന്ന് പൊങ്ങിയ വെള്ളത്തിന് അല്പം ശമനം ലഭിച്ചെങ്കിലും ഇന്നും കലങ്ങിമറിഞ്ഞാണ് ചാലിയാര്‍ ഒഴുകുന്നത്.

          ഇന്നലെ തൃശൂര്‍ ജില്ലയിലെ പാമ്പാടിയില്‍ നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു.കേരളത്തിലെ ഏറ്റവും നീളം കൂടിയ പുഴയായ ഭാരതപ്പുഴയാണ് പാമ്പാടിയെ തൃശൂര്‍ ജില്ലയില്‍ ആക്കിയത് എന്ന് പറയുന്നതായിരിക്കും നല്ലത്.കാരണം പുഴയുടെ മറുകര വരെ പാലക്കാട് ജില്ലയാണ്.പാലം കടന്നാല്‍ പാമ്പാടിയായി , തൃശൂര്‍ ജില്ലയായി. ഞാന്‍ കണ്ട ഭാരതപ്പുഴ കര്‍ക്കടക മാസത്തിലെ പുഴയാണ് എന്ന് എനിക്ക് വിശ്വസിക്കാനേ പറ്റുന്നില്ല.പുഴയുടേ പകുതിയിലേറേ ഇപ്പോഴും പുല്ല് നിറഞ്ഞ് മണല്‍ പൊങ്ങിയ നിലയില്‍ കിടക്കുന്നു !ഇടവവും മിഥുനവും കര്‍ക്കടകവും കഴിഞ്ഞ് ചിങ്ങവും ചീറ്റലും എന്ന നിലയിലേക്ക് മലയാളികള്‍ എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ഒരു നദിയുടെ ഈ അവസ്ഥ എങ്കില്‍ നാം നേരിടാന്‍ പോകുന്ന വെള്ളക്ഷാമം എത്രയായിരിക്കും എന്ന് ഊഹിക്കാനേ പറ്റുന്നില്ല.

                     രണ്ട് ജില്ല അപ്പുറത്ത് പേമാരി ദുരന്തം വിതക്കുമ്പോഴാണ് തൊട്ടടുത്ത് ഒരു നദി ഇത്രയും വരണ്ടും കിടക്കുന്നത് എന്നത് അതിശയകരം തന്നെയാണ്.പ്രകൃതിയെപറ്റി നാം ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു എന്നതിന് ഇതിലും വലിയ തെളിവ് വേറെ വേണോ?

Wednesday, August 08, 2012

വഴിമാറിപ്പോയ ഒരു ദുരന്തം.

           തറാവീഹ് നമസ്കാരത്തെപറ്റി പറയുമ്പോള്‍ മനസ്സില്‍ ഓര്‍മ്മ വരുന്നത് തല നാരിഴക്ക് എനിക്ക് പറ്റുമായിരുന്ന ഒരു വന്‍ ദുരന്തമാണ്. ഞാന്‍  ആറിലോ ഏഴിലോ പഠിക്കുന്ന കാലം.അന്ന് തറാവീഹ് നമസ്കാരത്തിനായി എന്നും ബാപ്പയുടെ കൂടെ , വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള മേത്തലങ്ങാടി പള്ളിയിലേക്കാണ് പോകാറ്‌.അടുത്ത് പള്ളി ഉണ്ടെങ്കിലും ബാപ്പാക്ക് അവിടെ പോകുന്നത് ഇഷ്ടമില്ലായിരുന്നു.കാരണം നാല് റക്‍‌അത്ത് കഴിഞ്ഞാല്‍ ഇമാമും കുറച്ച് സുഹൃത്തുക്കളും പള്ളിയുടെ വരാന്തയിലേക്ക് ഇരുന്ന് ഒന്ന് പുക വലിക്കും.അവരുടെ വലി കഴിയുന്നത് വരെ മറ്റുള്ളവര്‍ കാത്തിരിക്കണം എന്ന് സാരം.ജീവിതയാത്രയില്‍ ഒരിക്കല്‍ പുകവലിക്കാരനായിരുന്നു എന്ന് പറയപ്പെടുന്ന എന്റെ ബാപ്പ അതുപേക്ഷിച്ചതിന് ശേഷം പുകവലിക്കുന്നവരെ ഇഷ്ടമില്ലായിരുന്നു.

           ഒരു കിലോമീറ്റര്‍ ദൂരമുണ്ടെങ്കിലും ഞങ്ങള്‍ കുട്ടികള്‍ക്ക് മേത്തലങ്ങാടി പള്ളിയില്‍ പോകാനുണ്ടായിരുന്ന  ഉത്സാഹം മറ്റൊന്നായിരുന്നു. അതാണ് ഇവിടെ പറയുന്നത്.

                 എന്റെ  വലിയ മൂത്താപ്പാക്ക് ‘ചാലിയാര്‍ ക്രോസ്‌വെയ്സ്’‘ എന്നൊരു ബസ്സുണ്ടായിരുന്നു. അരീക്കോട് - കോഴിക്കോട് റൂട്ടിലായിരുന്നു അതിന്റെ ഓട്ടം.അതിന്റെ അവസാന ട്രിപ്പ് കഴിഞ്ഞ് അരീക്കോട്ടെത്തിയാല്‍ ബസ് ജീവനക്കാര്‍ അങ്ങാടിയുടെ ഒരറ്റത്തുണ്ടായിരുന്ന ബിന്ദു ഹോട്ടലില്‍ കയറി രാത്രി ഭക്ഷണം കഴിക്കും.എന്നിട്ടേ ബസ്സ് ഞങ്ങളുടെ കോളനിക്ക് മുന്നില്‍ ഹാള്‍ട്ടാക്കുകയുള്ളൂ. 

              മേത്തലങ്ങാടി പള്ളിയില്‍ നിന്നും തറാവീഹ് കഴിഞ്ഞ് അല്പം ധൃതിയില്‍ എത്തിയാല്‍, ബസ് ജീവനക്കാര്‍ ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോഴേക്കും ഞങ്ങള്‍ക്ക് ബസ്സിനടൂത്ത് എത്താം.പിന്നെ അടുത്ത ഇരുനൂറ് മീറ്റര്‍ ദൂരം യാത്ര ബസ്സിലാണ്.അത് മൂത്താപ്പ ഞങ്ങള്‍ക്ക് തന്ന ഒരു ആനുകൂല്യമായിരുന്നു. അക്കാലത്ത് ബസ് യാത്ര വര്‍ഷത്തില്‍ എപ്പോഴെങ്കിലും മാത്രം ഒത്ത് കിട്ടുന്ന ഒന്നായതിനാല്‍ എങ്ങനെയെങ്കിലും ബസ്സില്‍ കയറാന്‍ തറാവീഹ് കഴിഞ്ഞ് ഞങ്ങള്‍ ധൃതിപെട്ട് എത്തും.ഒരു തവണ മൂന്നോ നാലോ സ്റ്റെപ്പുകളുടെ വ്യത്യാസത്തില്‍ എനിക്ക് ഈ ‘സൌഭാഗ്യം’ നഷ്ടപ്പെട്ടിട്ടുണ്ട്.

               അങ്ങനെ  എനിക്കും ബസ് കിട്ടിയ ഒരു ദിവസം. ബാപ്പ എന്റെ കൂടെ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ബസ്സില്‍ കയറിയില്ല. പകരം അല്പം മുന്നോട്ട് നടന്നു.ബസ്സ് സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുത്തപ്പോഴാണ് റോഡരികിലൂടെ നടക്കുന്ന എന്റെ ബാപ്പയെ ഞാന്‍ ശ്രദ്ധിച്ചത്. ബാപ്പയോടുള്ള സ്നേഹം കാരണം ബാപ്പക്ക് കയറാനായി ഞാന്‍ ഓടിത്തുടങ്ങിയ ബസ്സിന്റെ വാതില്‍ തുറന്ന്കൊടുത്തു. റോഡരികിലൂടെ നടന്ന ബാപ്പയുടെ ദേഹത്ത് ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ വാതില്‍ തുറന്നടഞ്ഞു - അല്‍ഹംദുലില്ലാഹ്.അന്ന് അത് ബാപ്പയുടെ ശരീരത്തില്‍ ഒരു പോറല്‍ ഉണ്ടാക്കിയിരുന്നെങ്കില്‍ ജീവിതകാലം മുഴുവന്‍ തീരാത്ത ഒരു ദു:ഖമായി അത് മാറുമായിരുന്നു എന്ന് തീര്‍ച്ച.ഇന്നും ആ നിമിഷം ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ ഒരു കാളല്‍ അനുഭവപ്പെടുന്നു.

Tuesday, August 07, 2012

ഒരു ജന്മദിനാനുഭൂതി.

             ഒരു ആഗസ്ത് ആറ് കൂടി കലണ്ടറില്‍ കൂടി കടന്നുപോയി.ആയുസ്സിന്റെ കണക്ക് പുസ്തകത്തില്‍ എന്റെ വയസ്സിന്റെ നേരെ ഒരു വര കൂടി വീണു.ഇപ്പോള്‍ മൊത്തം 41 വരകള്‍ വീണു കഴിഞ്ഞു.ഇനി എത്ര വരകള്‍ കൂടി വീഴും എന്ന് ദൈവത്തിന് മാത്രം നിശ്ചയമുണ്ട്.സാങ്കേതികത എത്ര തന്നെ വികസിച്ചാലും മേല്പറഞ്ഞ വരകള്‍ ഒരാളുടെ ജീവിതത്തില്‍ എത്രയെണ്ണം വരക്കപ്പെടും എന്ന് മനുഷ്യന് ഒരിക്കലും പ്രവചിക്കാന്‍ സാധ്യമല്ല എന്നത് തന്നെയാണ് മനുഷ്യന്റെ നിസ്സഹായതയുടെ ഏറ്റവും വെലിയ തെളിവ്.

                   കോഴിക്കോടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിന്റെ തിരുമുറ്റത്ത്  മന്ദമാരുതന്റെ തലോടലേറ്റ് , മഴനൂലിന്റെ നനവേറ്റ് , മഞ്ഞുകണങ്ങളുടെ തണുപ്പേറ്റ് , നിലാവിന്റെ കുളിരേറ്റ്  ഒരു വേപ്പ് മരം മെല്ലെ മെല്ലെ തലയുയര്‍ത്തി വരികയായി. കഴിഞ്ഞ ആഗസ്ത് ആറിന് എന്റെ 41-ആം പിറന്നാളില്‍ ഞാനും സ്റ്റുഡന്റ്സ് ഇന്‍ പാലിയേറ്റീവ് കെയര്‍ സ്റ്റേറ്റ് പ്രോജക്ട് മാനേജര്‍ മുഹമ്മദ് സൈഫും കൂടി നട്ടുപിടിപ്പിച്ച ആ മരം കാണുമ്പോള്‍ എന്റെ മനസ്സില്‍ എന്തെന്നില്ലാത്ത സന്തോഷം ഒഴുകി എത്തുന്നു. എന്നെപ്പോലെ സ്വന്തം ജന്മ ദിനത്തില്‍ കാമ്പസില്‍ മരം നട്ട എന്റെ അനേകം എന്‍.എസ്.എസ്.വളണ്ടിയര്‍മാരുടെ മനസ്സിലും ‘അവരുടെ’ മരങ്ങള്‍ ഇതേ സന്തോഷം സൃഷ്ടിക്കുന്നുണ്ടാകും എന്നത് തീര്‍ച്ച.  ‘ജന്മ ദിനം ഒരു ഭൌമദിനം ‘ എന്ന ഞങ്ങള്‍ തുടങ്ങി വച്ച  പദ്ധതി പൊള്ളുന്ന ഭൂമിക്കും അതിലെ അനേകം ജീവജാലങ്ങള്‍ക്കും അല്പമെങ്കിലും കുളിരേകും. ഒരു മരം നട്ട് നിങ്ങളുടെ ജന്മ ദിനവും ഒരു അനുഭൂതിയാക്കി മാറ്റാന്‍ ഒന്ന് ശ്രമിച്ചു നോക്കൂ.

തറാവീഹ് നമസ്കാരം

             തറാവീഹ് എന്ന്‌ ഞാന്‍ കേട്ടു തുടങ്ങിയത് എന്ന് മുതലാണ് എന്ന് കൃത്യമായി ഓര്‍മ്മയില്ല.പക്ഷേ കുട്ടിക്കാലത്ത് പള്ളിയില്‍ പോയി തന്നെ തറാവീഹ് നമസ്കാരം നിര്‍വ്വഹിക്കണം എന്ന് ഒരു വാശിയായിരുന്നു.ചില നോമ്പ് തുറ സല്‍ക്കാരത്തിന് പോയാല്‍ തറാവീഹ് മിക്കവാറും നഷ്ടപ്പെടും.അത് എന്തോ ഒരു വലിയ നഷ്ടമായി തന്നെയായിരുന്നു അന്ന് അനുഭവപ്പെട്ടിരുന്നത്.

               റമളാന്‍ മാസത്തില്‍ രാത്രി ഇശാ നമസ്കാരത്തിന് ശേഷം നിര്‍വ്വഹിക്കപ്പെടുന്ന പ്രത്യേക നമസ്കാരമാണ് തറാവീഹ് എന്നറിയപ്പെടുന്നത്.ദീര്‍ഘനേരം നിന്ന് നിര്‍വ്വഹിക്കേണ്ട ഒരു ആരാധനയാണിത്.തറാവീഹ് നമസ്കാരത്തിന് ശേഷം നബി(സ)യുടെ കാലില്‍ നീര്‍ക്കെട്ട് വരെ ഉണ്ടാകാറുണ്ടായിരുന്നു എന്ന് മദ്രസയില്‍ നിന്നും മറ്റും പഠിച്ചിരുന്നു(അത്രയും ദൈര്‍ഘ്യമേറിയ നമസ്കാരമായതിനാല്‍).

                  തറാവീഹ് എന്ന പദത്തിന്റെ അര്‍ത്ഥം വിശ്രമം/വിശ്രമിക്കല്‍ എന്നാണ്. അതായത് ഇടക്കിടക്ക് വിശ്രമം കൂടി അനുവദിച്ചുകൊണ്ടുള്ള നമസ്കാരമാണിത്.അതായത് രണ്ടൊ നാലോ റക്‍‌അത്ത് കഴിഞ്ഞ് അല്പ നേരം വിശ്രമം.പിന്നെ വീണ്ടും നമസ്കാരം .ഇപ്രകാരം എട്ട് റക്‍‌അത്ത്നമസ്കരിക്കുന്നവരുണ്ട് , 21 റക്‍‌അത്ത് നമസ്കരിക്കുന്നവരുമുണ്ട്, ഒന്നും നമസ്കരിക്കാത്തവരുമുണ്ട്.

                പകല്‍ മുഴുവന്‍ നോമ്പും രാത്രിയില്‍ തറാവീഹ് നമസ്കാരവും നിര്‍വ്വഹിക്കുമ്പോഴേ ഒരു സത്യവിശ്വാസിക്ക് റമളാനിന്റെ പൂര്‍ണ്ണത ലഭിച്ചതായി അനുഭവപ്പെടൂ.പകല്‍ തന്റെ എല്ലാ ഇച്ഛകളേയും കീഴടക്കി രാത്രിയില്‍ ആരാധന കര്‍മ്മങ്ങളിലും ഏര്‍പ്പെടുന്നതോടെ നോമ്പിന്റെ മുഴുവന്‍ പുണ്യവും വിശ്വാസി നേടി എടുക്കുന്നു.

                  തറാവീഹ് പള്ളിയില്‍ വച്ച് ജമാ‌അത്തായി (കൂട്ടമായി ) നമസ്കരിക്കുന്നവരുണ്ട്.വീട്ടില്‍ നിന്ന് ജമാ‌അത്തായി നമസ്കരിക്കുന്നവരുമുണ്ട്.പരിശുദ്ധ ഖുര്‍‌ആന്‍ മന:പാഠമായവര്‍ മിക്കവരും ദീര്‍ഘനേരം നിന്ന് നമസ്കരിക്കുന്നതിനായി വീട്ടില്‍ വച്ചാണ് തറാവീഹ് നിര്‍വ്വഹിക്കുന്നത്. പള്ളിയില്‍ നിന്ന് നമസ്കരിച്ച് വീട്ടില്‍ വന്ന് കൂടുതല്‍ നമസ്കരിക്കുന്നവരും ഉണ്ട്.സുന്നത്ത് നമസ്കാരത്തിന്റെ ഗണത്തില്‍ പെടുന്നതായതിനാല്‍ തറാവീഹ് നമസ്കാരം ഉപേക്ഷിച്ചാല്‍ അതൊരു കുറ്റമല്ല.കാരണം എല്ലാവര്‍ക്കും അതിന്റെ ദൈര്‍ഘ്യം താങ്ങാന്‍ കഴിഞ്ഞോളണം എന്നില്ല.എന്നിരുന്നാലും പുണ്യങ്ങളുടെ പൂക്കാലമായ റമളാനില്‍ കഴിവിന്റെ പരമാവധി എല്ലാവരും തറാവീഹ് നിര്‍വ്വഹിക്കുന്നുണ്ടെന്ന് പള്ളികളിലെ ജനസാന്നിദ്ധ്യം തെളിയിക്കുന്നു.

Thursday, August 02, 2012

വാഴുന്നത് ദൈവമോ സാത്താനോ ?

                        ഇതോ ദൈവത്തിന്റെ സ്വന്തം നാട്? - 1  എന്ന പേരില്‍ ഒരു മാസം മുമ്പ് ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. കേരള ജനതയെ മുഴുവന്‍ വീട്ടുതടങ്കലിലാക്കി അതിന്റെ രണ്ടാം ഭാഗം കൂടുതല്‍ സംഹാരാത്മകമായി ഇന്ന് അരങ്ങേറിക്കൊണ്ടിരിക്കുന്നു. ഇവിടെ വാഴുന്നത് ദൈവമോ സാത്താനോ ?

ഇതെന്തൊരു കാലമാ?

ഇതെന്തൊരു കഷ്ടം...?
കോളേജില്‍ വച്ച് എനിക്ക് എന്റെ ബ്ലോഗ് കാണാം , പോസ്റ്റ് ചെയ്യാന്‍ സാധ്യമല്ല (ആ വിന്‍ഡൊ വരുന്നേ ഇല്ല) !!!
വീട്ടില്‍ വച്ച് പുതിയ പോസ്റ്റിടാം , ബ്ലോഗ് കാണാന്‍ ഒരു രക്ഷയുമില്ല!!!
ഇതെന്തൊരു കാലമാ?