Pages

Saturday, November 28, 2015

എന്റ് പോയിന്റ് (ഒരു മണിപ്പാല്‍ യാത്ര - 4)

 ആദ്യം ഇത് വായിക്കുക )       
     
              റൂമില്‍ വിശ്രമിക്കുന്നതിനിടയിലാണ് തൊട്ടടുത്തുള്ള “എന്റ് പോയിന്റി”നെപ്പറ്റി അംജദ് അറിയിച്ചത്. ആ പേരിന്റെ പിന്നിലുള്ള കാരണം തിരക്കിയെങ്കിലും അംജദിന് അതിനെപ്പറ്റി അറിയില്ലായിരുന്നു.അതിനാല്‍ തന്നെ ഭൂമി അവസാനിക്കുന്ന സ്ഥലമായ (?)എന്റ് പോയിന്റ് കാണാന്‍ ഞങ്ങള്‍ മൂന്ന് ഓട്ടോറിക്ഷകളിലായി പുറപ്പെട്ടു.
             എന്റ് പോയിന്റ് ഉദ്ദേശിച്ചപോലെ ഒരു ഒഴിഞ്ഞ സ്ഥലം ആയിരുന്നില്ല.മണിപ്പാല്‍ സിറ്റിയുടെ തന്നെ അധിപനായ ടി.എം.എ പൈയുടെ അധീനതയില്‍ തന്നെയുള്ളതും ഇന്ന് മണിപ്പാല്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളതുമായ വിശാലമായ ഒരു പ്രദേശം തന്നെയാണ് എന്റ് പോയിന്റ്.ഒരു ഫുട്ബാള്‍ ഗ്രൌണ്ടും ഒരു ക്രിക്കറ്റ് ഗ്രൌണ്ടും വിശാലമായ പാര്‍ക്കും പിന്നിട്ട് ഞങ്ങള്‍ എന്റ് പോയിന്റ്ന്റെ എന്റിലേക്ക് കുതിച്ച് നടന്നു – സൂര്യാസ്തമനം കാണാന്‍.
             സായാഹ്ന സവാരിക്കും നടത്തത്തിനും ഇറങ്ങിയ നിരവധി മധ്യവയസ്കര്‍ ഇരു ഭാഗങ്ങളിലേക്കും നീങ്ങുന്നുണ്ടായിരുന്നു. ജോഡികളായി നീങ്ങുന്ന നിരവധിപേരും ഉണ്ടായിരുന്നു.രാവിലെ 6 മണി മുതല്‍ 8 മണി വരേയും വൈകിട്ട് 4 മണിമുതല്‍ 6.30 വരെയും ആണ് സന്ദര്‍ശന സമയം.





              ടാറിട്ട റോഡ് അവസാനിക്കുന്നിടത്ത് മറ്റൊരു വഴി തുറക്കുന്നുണ്ടായിരുന്നു. കാട്ടിനുള്ളിലൂടെയുള്ള ആ വഴിയെ ഞങ്ങള്‍ വീണ്ടും മുന്നോട്ട് നീങ്ങി.അങ്ങനെ എന്റ് പോയിന്റ്ന്റെ എന്റിലെ വാച്ച് പോയിന്റിലെത്തി.അങ്ങകലെ സ്വര്‍ണ്ണ നദി ഒഴുക്ക് നിലച്ചുപോയ പോലെ കണ്ടു.



              സൂര്യാസ്തമനം പ്രതീക്ഷിച്ചപോലെ നയനാന്ദകരമായിരുന്നില്ല. അസ്തമയം കഴിഞ്ഞ് ഇരുട്ട് വ്യാപിക്കാന്‍ തുടങ്ങിയതോടെ സെക്യൂരിറ്റിക്കാരന്റെ വിസിലുകളും മുഴങ്ങാന്‍ തുടങ്ങി.അങ്ങനെ എന്റ് പോയിന്റ്ല്‍ നിന്നും ഞങ്ങള്‍ തിരിച്ച് പോന്നു.
              രാത്രി ഭക്ഷണം എന്ന വിടവാങ്ങല്‍ ഭക്ഷണത്തിനായി ഞങ്ങള്‍ വീണ്ടും Dollopsല്‍ എത്തി.അംജദിന്റെ സഹമുറിയന്മാരെയും കൂടി വിളിച്ച് വരുത്തി വിഭവസ‌മൃദ്ധമായ അത്താഴവും കഴിച്ച് ഞങ്ങള്‍ വീണ്ടും റൂമിലെത്തി.പിറ്റേന്ന് പുലര്‍ച്ചെ കോഴിക്കോട്ടേക്കുള്ള വണ്ടി പിടിക്കാനായി ഒരു ടാക്സിയും ഏല്പിച്ചു.അസമയത്ത് ആണെങ്കിലും ദൂരം കുറവായതിനാല്‍ ആ മാന്യന്‍ വെറും 400 രൂപയേ ഈടാക്കിയുള്ളൂ.ഉഡുപ്പി സ്റ്റേഷനില്‍ നിന്നും കോഴിക്കോട്ടേക്കുള്ള വണ്ടിയില്‍ കയറി തിരിച്ചതോടെ ഈ യാത്രക്കും വിരാമമായി.

Friday, November 27, 2015

മാല്പെ ബീച്ച് (ഒരു മണിപ്പാല്‍ യാത്ര - 3)

 ആദ്യം ഇത് വായിക്കുക )
               മാല്പെ ബീച്ച് കാഴ്ചയില്‍ ഒരു ശംഖുമുഖം ബീച്ച് തന്നെയാണ് – ആ മത്സ്യ്കന്യക ഇല്ല എന്ന് മാത്രം.കടലിലൂടെ ഒരഞ്ച് മിനുട്ട് റൈഡ് ചെയ്യാന്‍ ഒരാള്‍ക്ക് മാത്രം കയറാവുന്ന സ്പീഡ് ബോട്ട് പോലെയുള്ള ഒരു വാഹനം തിരകളെ മുറിച്ച് കുതിച്ച് പാഞ്ഞുകൊണ്ടിരിക്കുന്നുണ്ട് – അല്‍പം ധൈര്യം ഉണ്ടെങ്കില്‍ 100 രൂപ വെള്ളത്തിലാക്കാന്‍ എളുപ്പ മാര്‍ഗ്ഗം !ഞാന്‍ കപ്പല്‌യാത്ര ആസ്വദിച്ചതിനാലും എന്റെ കൂടെയുള്ളവര്‍ എല്ലാവരും “ധൈര്യം കവിഞ്ഞൊഴുകുന്നവരായതിനാലും” ഈ വെള്ളത്തിലാശാനില്‍ ഞങ്ങള്‍ ആരും കയറിയില്ല.ഞാനും കുട്ടികളും തിരമാലകളുമായി സല്ലപിക്കാന്‍ കടലിലേക്കിറങ്ങി.





               മാല്പെ ബീച്ചില്‍ നിന്നും നോക്കിയാല്‍ ദൂരെ ഒരു കൊച്ചുദ്വീപ് കാണാം.സെന്റ് മേരീസ് ദ്വീപ് എന്നാണതിന്റെ പേര്.മാല്പെയില്‍ നിന്നും മണ്‍സൂണ്‍ കാലത്തൊഴികെ ദ്വീപിലേക്ക് ബോട്ട് സര്‍വീസുണ്ട് പോലും.1498ല്‍ വാസ്കൊഡഗാമ കോഴിക്കോട്ട് എത്തുന്നതിന് മുമ്പ് ഇവിടെ എത്തിയിരുന്നതായി പറയപ്പെടുന്നു.



               നേരം ഇരുട്ടിത്തുടങ്ങിയതോടെ ഞങ്ങള്‍ കരയിലേക്ക് കയറി.അപ്പോഴേക്കും ഗണേശചതുര്ഥിയോടനുബന്ധ്ധിച്ചുള്ള ഒരു ഘോഷയാത്ര ഗണേശവിഗ്രഹ നിമജ്ജനത്തിനായി അവിടെ എത്തി.ഘോഷയാത്രയുടെ ഭാഗമായി നടത്തിയ വെടിക്കെട്ട് പ്രകടനം കൂടി ആസ്വദിച്ച ശേഷം ബീച്ചിലെത്തിയ അതേ വാഹനത്തില്‍ ഞങ്ങള്‍ റൂമിലേക്ക് തന്നെ തിരിച്ചു.



               അടുത്ത ദിവസം അംജദ് പഠിക്കുന്ന കോളേജ് കാണാനായി ഞങ്ങള്‍ പുറപ്പെട്ടു.വിശാലമായ ആ സാമ്രാജ്യത്തില്‍ ഇണക്കുരുവികളായി പലകോണുകളിലും ചേക്കേറി ഒഴിവ്ദിനം ആസ്വദിക്കുന്നവരായിരുന്നു വളരെയധികം പേരും.കാമ്പസിനകത്ത് തന്നെയുള്ള ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ മാത്രം എന്റെ കോളേജിന്റെ മെയിന്‍ ബ്ലോക്കിന്റെ അത്രയും വലിപ്പം ഉണ്ടായിരുന്നു.ഹോസ്റ്റല്‍ ബ്ലോക്കുകളിലെ “X” ബ്ലോക്കിന് രണ്ട് നില മാത്രമേയുള്ളൂ .കാഴ്ചയിലും പഴഞ്ചനാണ്.പക്ഷേ 1400ലധികം മുറികളുള്ള ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ ഹോസ്റ്റല്‍ ആണ് അതെന്നത് ഞങ്ങളിലത്ഭുതമുളവാക്കി.


ഹോസ്റ്റലും കോളേജും കണ്ട് കഴിഞ്ഞ ഉടനെ അംജദിന്റെ ലോക്കല്‍ഗാര്‍ഡിയനായ സാദിക് ഭായിയുടെ ഫോണ്‍കാള്‍ വന്നു - രാവിലെ പറഞ്ഞുറപ്പിച്ച പ്രകാരം അദ്ദേഹവും സുഹൃത്തും കാറുമായി കാമ്പസില്‍ എത്തിയിട്ടുണ്ട്, ഉച്ചഭക്ഷണത്തിനായി ഞങ്ങളെ കൊണ്ടുപോകാന്‍ !
              ഉഡുപ്പിയിലും പരിസരങ്ങളിലും റിയല്‍ എസ്റ്റേറ്റ് ബിസിനസും മറ്റുമായി കഴിയുന്ന സാദിക് ഭായ് ടൌണില്‍ നിന്നും അല്പം മാറി ഒരു ഫ്ലാറ്റിലായിരുന്നു കുടുംബസമേതം താമസിച്ചിരുന്നത്. വിഭവസ‌മൃദ്ധമായ ഒരു സല്‍ക്കാരമായിരുന്നു ഞങ്ങളുമായി മുന്‍ പരിചയം ഒന്നുമില്ലാത്ത ആ സുഹൃത്ത് ഞങ്ങള്‍ക്കായി ഒരുക്കി വച്ചിരുന്നത് – അദ്ദേഹവും കുടുംബവും അന്ന് നോമ്പിലായിരുന്നു ! മണിപ്പാലില്‍ എത്തിയതു മുതല്‍ അംജദിന്റെ ഈദാഘോഷങ്ങളെല്ലാം സാദിക് ഭായിയുടെ കുടുംബത്തോടൊപ്പമായിരുന്നു.ആ കുടുംബത്തോടൊപ്പം കുറേ നേരം ചെലവഴിച്ച ശേഷം ഞങ്ങള്‍ അതേ കാറുകളില്‍ അംജദിന്റെ റൂമില്‍ എത്തി. ബാചിലേഴ്സ് മാത്രം താമസിക്കുന്ന ആ റൂമിന്റെ “വൃത്തിയും വെടിപ്പും” കണ്ട് സ്ത്രീകള്‍ ആ വഴിയെ തിരിഞ്ഞു.

(എന്റ് പോയിന്റ് വിശേഷങ്ങൾ അടുത്ത അദ്ധ്യായത്തിൽ .....) 

            

Thursday, November 26, 2015

സിമ്പിളാണ് ബട്ട് ഹൌസ്ഫുളാണ് (ഒരു മണിപ്പാല്‍ യാത്ര - 2 )

 ( ആദ്യം ഇത് വായിക്കുക )      
               പുറത്ത് എവിടെയും ആ ഭോജനശാലക്ക് നെയിം ബോര്‍ഡുകളില്ല.പേര്‍ ഉള്ളത് മെനുകാര്‍ഡില്‍ മാത്രം! നേരെ കണ്ടാല്‍ ചെറിയ ഒരു കട.അകത്ത് കയറിയാല്‍ ചുരുങ്ങിയ സ്ഥലം വളരെ നന്നായി മാനേജ് ചെയ്ത ഹോട്ടല്‍.10ഉം 20ഉം പേരടങ്ങുന്ന സംഘങ്ങളായി വരുന്ന വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികള്‍ക്ക് കൂട്ടമായി ഇരുന്ന് ആസ്വദിച്ച് ഭക്ഷണം കഴിക്കാന്‍ ഞൊടിയിടയില്‍  സംവിധാനമൊരുക്കുന്നതില്‍ ജീവനക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.അതിനാല്‍ തന്നെ Dollops എപ്പോഴും ഹൌസ്ഫുള്‍ ആണ്.ഇന്നത്തെ ഡയലോഗില്‍ പറഞ്ഞാല്‍ Dollops സിമ്പിളാണ് ബട്ട് ഹൌസ്ഫുളാണ്.




               ഞങ്ങള്‍ക്കാവശ്യമായ 12 സീറ്റുകള്‍ നിമിഷങ്ങള്‍ക്കകം തന്നെ റെഡിയായി.സീറ്റിലിരുന്ന ഉടന്‍ തന്നെ മുമ്പില്‍ ഗ്ലാസ്സുകളും നിരന്നു.പിന്നാലെ എത്തിയത് ബ്രൌണ്‍ നിറത്തിലും പച്ചനിറത്തിലുമുള്ള കുപ്പികള്‍ ആയിരുന്നു.എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ തറവാട് വീടിന്റെ നേരെ എതിര്‍വശത്ത് ഉണ്ടായിരുന്ന കള്ളള്ഷാപ്പിന്റെ ഉള്ളിലായിരുന്നു ആദ്യമായി ഞാന്‍ അത്തരം കുപ്പി കണ്ടത്! ഇപ്പോള്‍ വിദേശമദ്യം ലഭിക്കുന്നത് അത്തരം കുപ്പികളില്‍ ആണ് പോലും !



               കര്‍ണ്ണാടകയിലാണ് ഇപ്പോള്‍ ഞങ്ങള്‍ ഇരിക്കുന്നത് എന്നതിനാലും Dollopsന്റെ മുഖ്യ ഉപഭോക്താക്കള്‍ വിദ്യാര്‍ത്ഥികള്‍ ആണ്  എന്നതിനാലും ഈ കുപ്പിക്കകത്തെ സാധനത്തെപ്പറ്റി ആദ്യമേ ഒരു സംശയം ഉയര്‍ന്നു.അതിനാല്‍ തന്നെ അതില്‍ നിന്നും അല്പമെടുത്ത് നാവില്‍ വച്ച് എന്‍റ്റെ അമ്മായിയമ്മ ടെസ്റ്റ് ചെയ്തു.പച്ചവെള്ളമാണ് കൊണ്ടുവന്നത് എന്ന് ബോധ്യമായപ്പോള്‍ എല്ലാ ഗ്ലാസ്സുകളിലും വെള്ളം നിറഞ്ഞു.അല്പ സമയത്തിനകം തന്നെ ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങളും മേശപ്പുറത്തെത്തി.വിശപ്പിന്റെ അസുഖം സുഖപ്പെടുത്താന്‍ എല്ലാവരും സ്വയം മത്സരിച്ചതിനാല്‍ പ്ലേറ്റുകള്‍ പെട്ടെന്ന് പെട്ടെന്ന് കാലിയായിക്കൊണ്ടിരുന്നു.
              Dollopsലെ ഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ നേരെ റൂമിലേക്ക് പുറപ്പെട്ടു.ടൌണില്‍ നിന്നും ഒരു കിലോമീറ്ററോളം മാറിയുള്ള “ജനനി” ലോഡ്ജില്‍ ആയിരുന്നു അംജു ഞങ്ങള്‍ക്കായി 5 ബെഡ്ഡുകളുള്ള ഫാമിലി റൂം എടുത്തിരുന്നത്.യഥാര്‍ത്ഥത്തില്‍ ഒരു വാതിലുള്ള രണ്ട് റൂം ആയിരുന്നു അത്.അതിനാല്‍ തന്നെ വിശാലമായ സൌകര്യങ്ങള്‍ ഉണ്ടായിരുന്നു.റൂം വാടകയും ഹൃദ്യമായിരുന്നു – ഒരു ദിവസത്തിന് 1000 രൂപ.
             അല്പ നേരത്തെ വിശ്രമത്തിന് ശേഷം വൈകിട്ട് നാലരയോടെ ഞങ്ങള്‍ നാടുകാണാനിറങ്ങി.മണിപ്പാല്‍ എന്നത് എഡുക്കേഷണല്‍ സിറ്റിയും തൊട്ടടുത്ത ഉഡുപ്പി എന്നത് ടെമ്പിള്‍ സിറ്റിയും ആണെന്നായിരുന്നു ഞങ്ങള്‍ക്ക് ലഭിച്ച പ്രഥമ വിവരം.പിന്നെ അല്പം അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിക്കഴിഞ്ഞാല്‍ ചില കാഴ്ചകള്‍ കാണാനുണ്ടായിരുന്നു.പക്ഷേ ഒന്നൊന്നര മണിക്കൂര്‍ യാത്ര ചെയ്യാനുണ്ട്.അതിനാല്‍ തന്നെ കൂടുതല്‍ ആലോചിച്ച് സമയം കളയാതെ ഏറ്റവും അടുത്തുള്ള ബീച്ചായ മാല്പെ ബീച്ച്  കാണാനായി ഞങ്ങള്‍ തൊട്ടടുത്ത സിറ്റിയായ ഉഡുപ്പിയിലേക്ക് ബസ് കയറി.
              ഇതിനിടയില്‍ ഭാര്യാ സഹോദരീഭര്‍ത്താവിന്റെ, ആ നാട്ടുകാരനായ ഒരു സുഹൃത്ത് ഞങ്ങളെ കാണാനായി കുടുംബ സമേതം ലോഡ്ജില്‍ എത്തിയിരുന്നു.ഈ വിവരമറിഞ്ഞ് ഞങ്ങള്‍ ഉഡുപ്പി സ്റ്റാന്റില്‍ കാത്ത് നിന്നു.അദ്ദേഹത്തിന്റെ നിര്‍ബന്ധപ്രകാരം പിന്നീട് ബീച്ച് യാത്ര അദ്ദേഹത്തിന്റെ വാഹനത്തിലായിരുന്നു.

(ബീച്ച്  കാഴ്ചകൾ അടുത്ത അദ്ധ്യായത്തിൽ .....) 


             

Tuesday, November 24, 2015

ഒരു മണിപ്പാല്‍ യാത്ര

                   മംഗലാപുരം പട്ടണത്തില്‍ നിന്നും ബസ്സില്‍ വെറും ഒന്നര മണിക്കൂര്‍ ദൂരം (ട്രെയിന്‍ ആണെങ്കില്‍ ഒരു മണിക്കൂറിലും താഴെ) അകലെയുള്ള പട്ടണമാണ്  ഉഡുപ്പി. ഉഡുപ്പി ബ്രാഹ്മണന്മാര്‍ എന്ന് പലതവണ കേട്ടിട്ടുണ്ടെങ്കിലും അവരുടെ പ്രത്യേകത എന്ത് എന്ന് ഇതുവരെ ഞാന്‍ അന്വേഷിച്ചിട്ടില്ല. എന്നാല്‍ രുചികരമായ ഇഡ്‌ലി ലഭിക്കുന്ന ഹോട്ടലുകളാണ് ഉഡുപ്പി ഹോട്ടല്‍ എന്ന് മാനന്തവാടി സര്‍വ്വീസിലെ കഴിഞ്ഞ ഏടിലെ അനുഭവത്തിലൂടെ ഞാന്‍ മനസ്സിലാക്കിയിരുന്നു.കൊല്ലൂര്‍ , ധര്‍മസ്ഥല , കുന്ദാപുര തുടങ്ങീ ക്ഷേത്ര നഗരങ്ങളിലേക്ക് പോകുന്നതും ഉഡുപ്പി വഴിയാണെന്ന ധാരണയും എനിക്കുണ്ടായിരുന്നു.
                 ഈ ഉഡുപ്പിയില്‍ നിന്നും ഏഴോ എട്ടോ കിലോമീറ്റര്‍ മാത്രം അകലെയുള്ള എഡുക്കേഷണല്‍ സിറ്റിയാണ് മണിപ്പാല്‍.ഭാര്യാസഹോദരീ മകന്‍ അംജദ് പഠിക്കുന്ന മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (MIT) സന്ദര്‍ശിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഞാന്‍ കുടുംബസമേതം ഒരു യാത്രക്ക് ഒരുങ്ങിയത്.
                മംഗലാപുരം റെയില്‍‌വേ സ്റ്റേഷനിലിറങ്ങിയപ്പോള്‍ തന്നെ ഉഡുപ്പി ബസ് അവിടെ കിടപ്പുണ്ടായിരുന്നു.”എക്സ്പ്രസ്” എന്ന വലിയ ബോറ്ഡ് ഉണ്ടെങ്കിലും കെട്ടിലും മട്ടിലും എന്റെ മലപ്പുറം ബസ്സിന്റെ നാലയലത്ത് പോലും എത്തുന്നവയായിരുന്നില്ല അവ.അതിനാല്‍ തന്നെ ഞാന്‍ അതില്‍ കയറാന്‍ മടിച്ചു.ലോ ഫ്ലോറ് എ.സി ബസ്സുകളും നോണ്‍ എ.സി ബസ്സുകളും കേരളത്തിലെ എല്ലാ ജില്ലകളില്‍ കൂടിയും ഒഴുകാന്‍ തുടങ്ങിയതോടെ , എറണാകുളത്ത് പോകുമ്പോള്‍ മാത്രം ആസ്വദിക്കാന്‍ കഴിഞ്ഞിരുന്ന ആ സുഖയാത്ര നാട്ടിലും ലഭ്യമായിരുന്നു. അതില്‍ കയറി ഒന്ന് കൂടി യാത്ര ചെയ്യണം ഭാര്യയും മക്കളും നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്ന സമയത്താണ് മംഗലാപുരത്ത് നിന്ന് മണിപ്പാലിലേക്ക് ലോ ഫ്ലോറ് എ.സി ബസ്സുകള്‍ ഉള്ള വിവരം അംജദ് അറിയിച്ചത്. കുടുംബത്തിന്റെ ആഗ്രഹം സാധിപ്പിക്കാന്‍ സ്റ്റേഷനില്‍ നിന്നും ഓട്ടോ പിടിച്ച് ഞങ്ങള്‍ മംഗലാപുരം ബസ്‌സ്റ്റാന്റില്‍ എത്തി.
                സ്റ്റാന്റിലെ ഏറ്റവും അവസാനത്തെ ടെര്‍മിനലില്‍ നിന്ന് അരമണിക്കൂര്‍ ഇടവിട്ടാണ് കര്‍ണ്ണാടക RTC യുടെ ചുവന്ന നിറത്തിലുള്ള ലോ ഫ്ലോറ് എ.സി ബസ്സുകള്‍ മണിപ്പാലിലേക്ക് പുറപ്പെടുന്നത്.നൂറ് രൂപയില്‍ താഴെയാണ് ബസ് ചാര്‍ജ്ജ്.പ്രൈവറ്റ് ബസ്സുകള്‍ ഇടതടവില്ലാതെ ഓടുന്നുണ്ട്.അവ എല്ലാം എക്സ്പ്രസ് സര്‍വീസുകള്‍ ആയതിനാല്‍ ചാര്‍ജ്ജില്‍ വലിയ വ്യത്യാസമില്ല.പതിനൊന്നര മണിക്ക് മംഗലാപുരം വിട്ട ഞങ്ങള്‍ കൃത്യം ഒരു മണിക്ക് മണിപ്പാല്‍ ലാസ്റ്റ് സ്റ്റോപ്പായ ടൈഗര്‍ സര്‍ക്കിളില്‍ ഇറങ്ങി.കേരളത്തില്‍ നിന്ന് കുടി‌ഇറങ്ങിയ മഴ ഞങ്ങളോടൊപ്പം ആ സമയത്ത് മണിപ്പാലില്‍ പെയ്തിറങ്ങി.
                യാത്രയിലാണെങ്കിലും ആമാശയവിപുലീകരണം മനുഷ്യന് അനിവാര്യമാണ്. മംഗലാപുരത്ത് നിന്ന് പ്രാതല്‍ കഴിച്ചിരുന്നെങ്കിലും എല്ലാവര്‍ക്കും വിശപ്പിന്റെ വിളി അനുഭവപ്പെട്ട് തുടങ്ങിയിരുന്നു.അങ്ങനെ അംജദ് നയിച്ച പ്രകാരം തൊട്ടടുത്ത് തന്നെയുള്ള ഡോളപ്സ്ല് (Dollops)ല്‍ ഞങ്ങളെത്തി.
(ആമാശയ വിപുലീകരണം അടുത്ത അദ്ധ്യായത്തിൽ .....) 

Sunday, November 15, 2015

ഡെല്‍ഹിയിലേക്ക് വീണ്ടും....

                 1992-ല്‍ ആദ്യമായി ഡെല്‍ഹി എന്ന മഹാനഗരത്തില്‍ എത്തുമ്പോള്‍ എന്തൊക്കെ കാണണം എവിടെയൊക്കെ പോകണം എന്നൊന്നും ഒരെത്തും പിടിയും ഉണ്ടായിരുന്നില്ല. അലീഗഡ് വരെ എത്തിയപ്പോള്‍ ആഗ്ര കണ്ടു.ഇനി ഡെല്‍ഹി കൂടി കണ്ടിട്ട് തിരിച്ച് പോകാം എന്നൊരു തോന്നലില്‍ ഡെല്‍ഹിയില്‍ എത്തി.കല്യാണം കഴിഞ്ഞിട്ട് പുതുപെണ്ണിനെയും കൂട്ടി ഡെല്‍ഹി ഒന്ന് കാണണമെന്ന് അന്ന് മനസ്സില്‍ വെറുതെ പറഞ്ഞിട്ടു.

                 കല്യാണവും സല്‍ക്കാരവും ഒക്കെ കഴിഞ്ഞ് ഒരു കുഞ്ഞും പിറന്ന് അവള്‍ എല്‍.കെ.ജിയില്‍ എത്തിയപ്പോഴാണ് 2003ല്‍ അനിയന്റെ ഇന്റര്‍വ്യൂ ആവശ്യാര്‍ത്ഥം യാദൃശ്ചികമായി അടുത്തയാത്ര തരപ്പെട്ടത്. രണ്ടാമത്തെ മോളെ ഗര്‍ഭം പേറിയായിരുന്നു അന്ന് ഭാര്യ എന്റെ കൂടെ ആഗ്രയിലും ഡെല്‍ഹിയിലും ആദ്യമായി എത്തിയത്.ഇനി മക്കളെ എല്ലാവരേയും കൂട്ടി ഡെല്‍ഹി കാണണം - അന്ന് ഭാര്യ മനസ്സില്‍ പറഞ്ഞിരുന്നുവോ ആവോ?

               2012ല്‍ ഞാന്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പദവിയില്‍ ഇരിക്കുന്ന കാലത്താണ് ഞങ്ങളുടെ ഡയരക്ടറേറ്റ് ആയ ടെക്നിക്കല്‍ സെല്‍ ആദ്യമായി ദേശീയശ്രദ്ധയില്‍ ഇടം നേടിയത്.എന്‍.എസ്.എസിന്റെ പ്രവര്‍ത്തന മേഖലയില്‍  പുതിയ തലങ്ങള്‍ക്ക് രൂപം കൊടുത്ത ഞങ്ങള്‍ക്ക് ആ വര്‍ഷം പ്രോത്സാഹനപുരസ്കാരം ലഭിച്ചപ്പോള്‍ അത് സ്വീകരിക്കാനുള്ള ടീമില്‍ ഞാന്‍ വീണ്ടും ഡെല്‍ഹിയില്‍ എത്തി.പതിവ് പോലെ അന്നും ആഗ്രയില്‍ കറങ്ങി.

             2013ല്‍ ഞാന്‍ തന്നെ ദേശീയ അവാര്‍ഡിന് അര്‍ഹനായപ്പോള്‍ പത്ത് വര്‍ഷം മുമ്പ് 2003ല്‍ ഭാര്യ ആത്മഗതം ചെയ്ത ആ മുഹൂര്‍ത്തം യാഥാര്‍ത്ഥ്യമായി.ഭാര്യക്കും മൂന്ന് മക്കള്‍ക്കും ഒപ്പം എന്റെ സ്വന്തം ഉമ്മയെയും ഭാര്യാ പിതാവിനെയും മാതാവിനെയും കൂടി ആ യാത്രയില്‍ ഞങ്ങള്‍ കൂടെ കൂട്ടി.അങ്ങനെ സീനിയര്‍ സിറ്റിസണ്‍സ് ആയ അവരും എന്റെ മക്കളും ആഗ്രയും ഡെല്‍ഹിയും വിസ്തരിച്ച് തന്നെ കണ്ടു.

             ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം 2015 നവമ്പര്‍ 17ന് ഞാന്‍ അഞ്ചാമത്തെ തവണ ഡെല്‍ഹിയിലേക്ക് തിരിക്കുകയാണ്.മറക്കാനാവാത്ത ആ ദിനത്തില്‍ വന്ന ഫോണ്‍കാള്‍, ടെക്നിക്കല്‍ സെല്ലിന് ഈ വര്‍ഷം ലഭിച്ച മികച്ച യൂണിവേഴ്സിറ്റിക്കുള്ള ഇന്ദിരാഗാന്ധി എന്‍.എസ്.എസ്. ദേശീയപുരസ്കാരം സ്വീകരിക്കാനുള്ള ഡെല്‍ഹിയിലേക്കുള്ള സംഘത്തിലേക്ക് എന്നെയും തെരഞ്ഞെടുത്തു എന്ന അറിയിപ്പായിരുന്നു.കോയമ്പത്തൂരില്‍ നിന്നും വിമാനമാര്‍ഗ്ഗം ഡെല്‍ഹിയില്‍ എത്തുമ്പോള്‍ അത് എന്റെ മൂന്നാം വിമാനയാത്ര കൂടി ആവും.

            യാത്രകള്‍ എന്നും പുതിയ അനുഭവങ്ങള്‍ നല്‍കുന്നതിനാല്‍ പുതിയ ടീമിനോടൊപ്പമുള്ള ഈ യാത്രയിലും ഞാനത് പ്രതീക്ഷിക്കുന്നു. പോയി വന്നതിന് ശേഷം അവ എഴുതാമെന്ന പ്രതീക്ഷയോടെ....

മുറ്റത്ത് ഒരു തൈ കൂടി...

എന്റെ ഭാര്യക്ക് ഇന്നലെ 38 വയസ്സ് തികഞ്ഞു.
ഞാന്‍ ഭാര്യയുടെ ഭര്‍ത്താവായിട്ട് ഇന്ന് 17 വര്‍ഷവും തികഞ്ഞു !
16-ആം വിവാഹ വാര്‍ഷികത്തില്‍ ഞങ്ങള്‍ മുറ്റത്ത് ഒരു പ്ലാവിന്‍ തൈ നട്ടിരുന്നു. അതിപ്പോള്‍ ഇത്രയും ആയി.




17ആം വാര്‍ഷികത്തിന് മക്കള്‍ക്ക് എന്തെങ്കിലും വേണം എന്ന് ഡിമാന്റ്.അങ്ങനെ ഒരു കേക്ക് നല്‍കി അവരെ സമാധാനിപ്പിച്ചു.



ശേഷം കുടുംബ സമേതം മുറ്റത്ത് ഒരു തൈ കൂടി നട്ടു.ഞാന്‍ തന്നെ മുളപ്പിച്ചെടുത്ത ഉറുമാമ്പഴത്തിന്റെ തൈ.


അങ്ങനെ  വീട്ടുമുറ്റത്തെ ഫലവൃക്ഷസംഖ്യ വീണ്ടും കൂടി 17ല്‍ എത്തി.
(Photos by Lulu )

Friday, November 13, 2015

ഹാവൂ.... , ഭാഗ്യം!!

ഇന്നലെ മക്കളോടൊത്ത് സംസാരിച്ചിരിക്കുകയായിരുന്നു.
മോള്‍ : ഉപ്പച്ചി കഴിഞ്ഞാഴ്ച എങ്ങോട്ടോ പോയിരുന്നല്ലോ..?
ഞാന്‍ : അതേ, മലപ്പുറത്തേക്ക്
മോള്‍ : ങാ....ഇന്നലെ ?
ഞാന്‍ : തിരുവനന്തപുരത്തായിരുന്നു.
മോള്‍ : ഓ....ഇനി അടുത്താഴ്ച ?
ഞാന്‍ :  എന്‍.എസ്.എസ് ദേശീയ അവാര്‍ഡ് ദാന പരിപാടിയില്‍ പങ്കെടുക്കാന്‍ ന്യൂ ഡല്‍ഹിയില്‍ പോകണം....
മോള്‍ : ഹാവൂ.... , ഭാഗ്യം!!
ഞാന്‍ : ങേ...എന്താ ഭാഗ്യം?
മോള്‍ : അല്ല ജില്ലയുടെയും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റേയും തലസ്ഥാനങ്ങളായി...
ഞാന്‍ : ഓ അത് ശരിയാ....പക്ഷേ എന്താ ഭാഗ്യം എന്ന് പറഞ്ഞത്?
മോള്‍: ലോകത്തിന് ഒരു തലസ്ഥാനം ഇല്ലാത്തതിനാല്‍ അടുത്താഴ്ച കഴിഞ്ഞാല്‍ ഉപ്പച്ചി ഇവിടെത്തന്നെയുണ്ടാകുമല്ലോ ....!!!

Tuesday, November 10, 2015

അടുത്ത തെരഞ്ഞെടുപ്പിനെങ്കിലും....

           തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടതു മുതല്‍ കുറെ പേരെങ്കിലും അത് ഒഴിവാക്കാന്‍ വിയര്‍പ്പൊഴുക്കുന്നവരാണ്.സ്വാധീനം ഉപയോഗിച്ചും മറ്റും പലരും അവ ഒഴിവാക്കി എടുക്കുകയും ചെയ്യും.എന്നാല്‍ സര്‍വീസില്‍ ഒരു നിശ്ചിത എണ്ണം  തെരഞ്ഞെടുപ്പ് ജോലി നിര്‍വ്വഹിച്ചാല്‍ പ്രത്യേക സേവന/സാമ്പത്തിക ആനുകൂല്യങ്ങള്‍ (പേഴ്സണല്‍ പേ, ഗ്രേഡ് പേ,ഇന്‍സന്റീവ് , ഗുഡ് സര്‍വീസ് എന്‍‌ട്രി തുടങ്ങിയവ ) അനുവദിച്ചാല്‍ തെരഞ്ഞെടുപ്പ് ജോലി ചോദിച്ച് വാങ്ങുന്ന ഒരവസ്ഥയിലേക്ക് എത്താന്‍ സാധ്യതയുണ്ട്.അതല്ല എങ്കില്‍ ശമ്പളം പറ്റുന്ന സംസ്ഥാനത്തെ എല്ലാ ഉദ്യോഗസ്ഥരും (കേന്ദ്ര-സംസ്ഥാന-സ്വകാര്യ-പൊതുമേഖല ഉള്‍പ്പെടെ) സര്‍വീസ് കാലയളവില്‍ രണ്ട് തവണ വീതം എങ്കിലും പഞ്ചായത്ത്-നിയമസഭ-പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ നിര്‍ബന്ധമായും ചെയ്തിരിക്കണം എന്ന് ബന്ധപ്പെട്ട സര്‍വീസ് നിയമങ്ങളില്‍ നിഷ്കര്‍ഷിക്കാവുന്നതാണ്.
           1996ല്‍ സര്‍ക്കാര്‍ സേവനത്തിന് കയറിയതുമുതല്‍ ഞാന്‍ തെരഞ്ഞെടുപ്പ് ജോലിയും നിര്‍വ്വഹിച്ചു വരുന്നുണ്ട്.ഒരേ തെരഞ്ഞെടുപ്പിന് ബൂത്തിലും എണ്ണലിനും ഡ്യൂട്ടി ലഭിച്ച അവസരങ്ങളും ഉണ്ടായിട്ടുണ്ട്.ഒരു തെരഞ്ഞെടുപ്പിന് ഡ്യൂട്ടി ലഭിക്കാത്തവരെയും ഡ്യൂട്ടിയില്‍ നിന്ന് ഒഴിവായവരെയും നിര്‍ബന്ധമായും അടുത്ത തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചാല്‍ തുടര്‍ച്ചയായി ഒരാള്‍ക്ക് തന്നെ ഡ്യൂട്ടി വരുന്ന അവസ്ഥ ഒഴിവാക്കാന്‍ സാധിക്കും.മാത്രമല്ല സ്ത്രീ സംവരണ വാര്‍ഡില്‍ പോളിംഗ് ഉദ്യോഗസ്ഥരായും പോളിംഗ് ഏജന്റുമാരായും സ്ത്രീകളെത്തന്നെ നിയോഗിക്കാവുന്നതാണ്.സ്ത്രീ സമത്വവും സംവരണവും ആവശ്യപ്പെടുന്ന കാലത്ത് ഈ ഡ്യൂട്ടിയില്‍ നിന്ന് അവരെ മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ല.
             ഡ്യൂട്ടിയില്‍ ഞാന്‍ അനുഭവിച്ച ഒരു പ്രശ്നം ഓപണ്‍ വോട്ട് സംബന്ധിച്ചാണ്.എഴുത്തും ചിഹ്നവും കാണിച്ച് കൊടുത്ത് കാഴ്ച പരിശോധിക്കാനേ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് നിര്‍വ്വാഹമുള്ളൂ. എന്നാല്‍ ആദിവാസി മേഖലയില്‍ വായിപ്പിക്കല്‍ പ്രായോഗികമല്ല എന്നതിനാല്‍ അവര്‍ പറയുന്നത് വിശ്വസിക്കുകയേ നിര്‍വ്വാഹമുള്ളൂ.ഇതിന് ഒരു പരിഹാരം എന്ന നിലയില്‍ ഇത്തരം വോട്ടര്‍മാര്‍ ഒരു മാസത്തിനിടക്ക് ഒരു സിവില്‍ സര്‍ജ്ജനില്‍ നിന്നും വാങ്ങിയ കാഴ്ച/അവശത സംബന്ധമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിഷ്കര്‍ഷിക്കാവുന്നതാണ്.അല്ലെങ്കില്‍ ഇത്തരം വോട്ടര്‍മാര്‍ക്ക് പ്രത്യേകം ബാലറ്റില്‍ വോട്ട് രേഖപ്പെടുത്താന്‍ സൌകര്യം നല്‍കാവുന്നതാണ്.ഓപണ്‍ വോട്ടുകള്‍ക്ക് യഥാര്‍ത്ഥ വോട്ടിന്റെ മൂല്യം നല്‍കുന്നതും ഒഴിവാക്കാവുന്നതാണ്(ടെന്‍‌ണ്ടേഡ് വോട്ടിനെപ്പോലെ).
            കണ്ണൂരില്‍ ചില ബൂത്തുകളില്‍ 100 ഓപണ്‍ വോട്ടുകള്‍ വരെ രേഖപ്പെടുത്തിയതായി വായിച്ചു.17 ഓപണ്‍ വോട്ടുകള്‍  രേഖപ്പെടുത്തപ്പെട്ടപ്പോള്‍ തന്നെ അതിന്റെ നിജസ്ഥിതി അറിയാനും അവരെക്കൊണ്ട് സത്യപ്രസ്താവന തയ്യാറാക്കിക്കാനും പ്രത്യേക ഫോറത്തില്‍ ഒപ്പ് വയ്പ്പിക്കാനും ഞാന്‍ ചെലവാക്കിയ സമയവും പ്രയത്നവും എനിക്കേ അറിയൂ.അപ്പോള്‍ 100 ഓപണ്‍ വോട്ടുകള്‍ വന്ന ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസര്‍ അനുഭവിച്ച ക്ലേശങ്ങള്‍ ഊഹിക്കാവുന്നതാണ്.അവരവരുടെ ശക്തികേന്ദ്രങ്ങളില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഈ ഹീനതന്ത്രം പയറ്റും എന്നതിനാല്‍ സ്വതന്ത്രവും സുതാര്യവും നീതിപൂര്‍വ്വകവുമായ തെരഞ്ഞെടുപ്പ് ജോലി നിര്‍വ്വഹിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ടത് അനിവാര്യമാണ്.
             കോടികള്‍ ചെലവാക്കുന്ന ഒരു പ്രക്രിയയാണ് തെരഞ്ഞെടുപ്പ് .എന്നാല്‍ അതിന് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന ഹോണറേറിയം വളരെ തുച്ഛമാണ്. 8 മണിക്കൂര്‍ ജോലിക്ക് മറുനാടന്‍ തൊഴിലാളികള്‍ക്ക് പോലും 800 രൂപ വരെ ലഭിക്കുമ്പോള്‍ ഗസറ്റഡ് ഉദ്യോഗസ്ഥരായ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് 48 മണിക്കൂര്‍ ടെന്‍ഷന്‍ നിറഞ്ഞ ജോലിക്ക് ലഭിക്കുന്നത് വെറും 1000 രൂപയും മറ്റ് പോളിം
ഗ് ഉദ്യോഗസ്ഥര്‍ക്ക് 800 രൂപയുമാണ് എന്നത് പുറത്ത് പറയാന്‍ മടിയുണ്ട്.തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യവും അടിയന്തിരമായി പുന:പരിശോധിക്കേണ്ടതുണ്ട്. 

(5/11/2015ന് ഈ കുറിപ്പ് മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ചത് താഴെ)


 (11/11/2015ന് തേജസ് ദിനപത്രത്തിലും...)




Thursday, November 05, 2015

ഫൈനല്‍ കണ്‍ക്ലൂഷന്‍

ഒരു വോട്ടറും അമ്മയും ബൂത്തിലേക്ക് കയറി വന്നു.
വോട്ടര്‍ : സാര്‍ , ഒരു ഓപ്പണ്‍ വോട്ട് ഫോം
പ്രിസൈഡിംഗ് ഓഫീസര്‍: എന്ത് ?
വോട്ടര്‍ :  ഒരു ഓപ്പണ്‍ വോട്ട് ഫോം വേണം
പ്രിസൈഡിംഗ് ഓഫീസര്‍: ആര്‍ക്ക് വേണ്ടിയാ ?
വോട്ടര്‍ : അമ്മക്ക് വേണ്ടി
പ്രിസൈഡിംഗ് ഓഫീസര്‍: ആര്‍ക്ക് ?
വോട്ടര്‍ : അമ്മക്ക് ....
പ്രിസൈഡിംഗ് ഓഫീസര്‍: ഓ...അമ്മക്ക് എന്താ പ്രശ്നം?
വോട്ടര്‍ : അമ്മക്ക് ചെവി കേള്‍ക്കില്ല
പ്രിസൈഡിംഗ് ഓഫീസര്‍: എന്ത് ?
വോട്ടര്‍ : അമ്മക്ക് ചെവി കേള്‍ക്കില്ല എന്ന്
പ്രിസൈഡിംഗ് ഓഫീസര്‍:അതൊരു പ്രശ്നമല്ല
വോട്ടര്‍ : ങേ.....എങ്കില്‍ പിന്നെ..... പ്രഷറും ഷുഗറും ഉണ്ട്
പ്രിസൈഡിംഗ് ഓഫീസര്‍: എന്ത് ?
വോട്ടര്‍ :  പ്രഷറും ഷുഗറും ഉണ്ട് എന്ന്
പ്രിസൈഡിംഗ് ഓഫീസര്‍: അതും ഒരു പ്രശ്നമല്ല
വോട്ടര്‍ : ങേ..!! പിന്നെ എന്താ നിങ്ങള്‍ക്ക് പ്രശ്നം
പ്രിസൈഡിംഗ് ഓഫീസര്‍: എന്ത് ?
വോട്ടര്‍ : പിന്നെ എന്താ നിങ്ങള്‍ക്ക് പ്രശ്നം ന്ന് ?
പ്രിസൈഡിംഗ് ഓഫീസര്‍: ഇപ്പറഞ്ഞതൊക്കെ എനിക്കുമുണ്ട്.എന്നിട്ടും ഞാന്‍ ഒരു പ്രിസൈഡിംഗ് ഓഫീസര്‍ ആയി.
വോട്ടര്‍ :ഓ....അപ്പോ ഏത് അണ്ടനും ഒരു പ്രിസൈഡിംഗ് ഓഫീസര്‍ ആകാം എന്ന് അല്ലേ ?

പ്രിസൈഡിംഗ് ഓഫീസര്‍: ങേ...!!!

Tuesday, November 03, 2015

പാണ്ടിക്കടവിലെ തെരഞ്ഞെടുപ്പ് അനുഭവങ്ങള്‍

                 അങ്ങനെ അതും ഭംഗിയായി പര്യവസാനിച്ചു. തുടര്‍ച്ചയായി നാലാമത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും (മറ്റുള്ളവ വേറെ) ഉദ്യോഗസ്ഥനാ്യി സേവനമനുഷ്ടിക്കാനുള്ള അവസരം ഇത്തവണയും ഞാന്‍ കളഞ്ഞുകുളിച്ചില്ല. വയനാട് ജില്ലയിലെ എടവക പഞ്ചായത്തിലെ നാലാം വാര്‍ഡായ പാണ്ടിക്കടവിലെ പഴശ്ശിരാജ മെമ്മോറിയല്‍ എല്‍.പി സ്കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലായിരുന്നു ഇത്തവണ എനിക്ക് പ്രിസൈഡിംഗ് ഓഫീസര്‍ ഡ്യൂട്ടി.

                 ആദ്യമായി തെരഞ്ഞെടുപ്പ് ഡ്യൂട്ടി കിട്ടിയിരുന്ന കാലത്ത് സര്‍ക്കാര്‍ സ്കൂളില്‍ ആകരുതേ എന്നായിരുന്നു പ്രാര്‍ത്ഥന എങ്കില്‍ ഇപ്പോള്‍ തിരിച്ചാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടക്ക് തെരഞ്ഞെടുപ്പ്  ഡ്യൂട്ടി നിര്‍വ്വഹിച്ചവയില്‍, സ്വകാര്യ എല്‍.പി സ്കൂളുകളില്‍ മിക്കവയും ഒട്ടും സൌകര്യമില്ലാത്തവയായിരുന്നു. പഴശ്ശിരാജ മെമ്മോറിയല്‍ എല്‍.പി സ്കൂളിലും രണ്ട് ബൂത്തുകളിലെ പത്ത് ഉദ്യോഗസ്ഥര്‍ക്ക് പ്രഭാതകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഉണ്ടായിരുന്നത് രണ്ട് ടോയ്ലെറ്റുകള്‍ മാത്രമായിരുന്നു - അതും ടാപുകള്‍ ഇല്ലാത്തത്.  ഇവയൊക്കെ ഫിറ്റ്നസ് നേടി എടുക്കുന്നത് എങ്ങനെ എന്ന് സ്വാഭാവികമായും ഞങ്ങള്‍ പത്ത് പേരിലും സംശയമുണര്‍ത്തി.

                   . തെരഞ്ഞെടുപ്പ്  ഡ്യൂട്ടിയില്‍ നാട്ടുകാരുടെ സഹകരണമാണ് ഏറ്റവും പ്രധാനം. സാധാരണഗതിയില്‍ സ്ത്രീ ഉദ്യോഗസ്ഥര്‍ക്ക് ബൂത്തിനടുത്ത വീടുകളില്‍ എല്ലാ സൌകര്യങ്ങളും ചെയ്ത് കൊടുക്കാറുണ്ട്.പിന്നെ പോളിംഗ് ബൂത്തിനുള്ളിലെ ഏജന്റുമാര്‍ ആ നാട്ടില്‍ തന്നെ എന്നും പരസ്പരം കാണുന്നവര്‍ ആയതിനാല്‍ വിവിധ ചേരികളില്‍ ആണെങ്കിലും പലപ്പോഴും തീവ്രമായ എതിര്‍പ്പുകള്‍ ഉണ്ടാകാറില്ല. ഇന്നലത്തെ ഡ്യൂട്ടിയിലും ഞാനത് നേരിട്ട് അനുഭവിച്ചു.തന്റെ രാഷ്ട്രീയ നിലപാടിനോട് ഒട്ടും യോജിക്കാത്ത സംഗതി ആണെങ്കില്‍ പോലും അത് അവര്‍ പരസ്പരം നയത്തില്‍ കൈകാര്യം ചെയ്തു.

                     ഭക്ഷണം ആണ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് പലപ്പോഴും തലവേദന സൃഷ്ടിക്കുന്നത്. എന്നാല്‍ രാവിലെ ബെഡ്കോഫി മുതല്‍ വൈകിട്ട് ചായ വരെയുള്ള ഭക്ഷണം മുഴുവന്‍ ഇടത് -വലത് മുന്നണികള്‍ മാറി മാറി വിതരണം ചെയ്ത് എന്റെ ഇതുവരെയുള്ള എല്ലാ അനുഭവങ്ങളെയും ഈ നാട്ടുകാര്‍ മാറ്റിമറിച്ചു.മാത്രമല്ല വൈകിട്ട് യു.ഡി.എഫ് കാര്‍ കൊണ്ട് വന്ന ചായ എല്‍.ഡി.എഫ് കാര്‍ക്ക് കൂടി നല്‍കി അതു വരെയുള്ള രാഷ്ട്രീയവൈരം തീര്‍ന്നതായി അവര്‍ കര്‍മ്മത്തിലൂടെ തെളിയിച്ചു.

                      ഡ്യൂട്ടി കഴിഞ്ഞ് സ്ഥലം വിടുമ്പോള്‍ പോളിംഗ്  ഏജന്റ് ആയി പ്രവര്‍ത്തിച്ച അല്പം പ്രായം കൂടിയ ഒരു വ്യക്തി എന്നെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്താണ് പറഞ്ഞയച്ചത്. തെരഞ്ഞെടുപ്പിനിടക്ക് എന്റെ തീരുമാനങ്ങളില്‍ എന്നോട് അല്പമെങ്കിലും നീരസം പ്രകടിപ്പിച്ചതും ഈ വ്യക്തി മാത്രമായിരുന്നു.അവ എല്ലാം ആ ആലിംഗനത്തോടെ തൊട്ടടുത്ത് കൂടി ഒഴുകുന്ന കബനി നദിയില്‍ ലയിച്ചു പോയതായി എനിക്കനുഭവപ്പെട്ടു. അങ്ങനെ, ത്രിതല പഞ്ചായത്തിലേക്ക് മൂന്ന് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് ചരിത്രത്തിലേക്ക്  നടന്ന് കയറിയ ഈ  തെരഞ്ഞെടുപ്പ് എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കപ്പെടുന്നതായി മാറി.


Monday, November 02, 2015

ആ സുന്ദര നിമിഷത്തിന്റെ ഓര്‍മ്മയില്‍....

                 2013 നവമ്പര്‍ 1.കേരളപ്പിറവി ദിനത്തില്‍, ഞാന്‍ ഹൈദരാബാദിലെ എഞ്ചിനീയറിംഗ് സ്റ്റാഫ് കോളേജിലെ ക്ലാസിലിരുന്ന് മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളില്‍ ആ ഓണം വെക്കേഷനില്‍ നടത്തിയ ഷിമോഗ യാത്രയെപ്പറ്റി പുതിയ അദ്ധ്യായങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടിരിക്കുകയായിരുന്നു. കോളേജില്‍ എന്റെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ അന്ന് ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ഞാന്‍ നേരത്തെ ഫോണ്‍ ചെയ്ത് പറഞ്ഞ്കൊടുത്തിരുന്നു. അങ്ങനെ ആ ദിവസവും കടന്നുപോയി.

       പിറ്റേ ദിവസവും പ്രാതലിന് കിട്ടിയ സാധനങ്ങള്‍ ‘അണ്‍ലിമിറ്റെഡ്’ ആയി തട്ടി ഞാന്‍ ക്ലാസിലെത്തി എന്റെ തോന്ന്യാക്ഷരങ്ങളില്‍ കയറി.സ്വതവേ അധികം റിംഗ് ചെയ്യാത്ത എന്റെ ഫോണ്‍ അന്ന് ഒന്ന് വൈബ്രേറ്റ് ചെയ്തു. ആള്‍ക്ക് ചെവി കൊടുക്കും മുമ്പ് അത് കട്ടായി.ഞാന്‍ വീണ്ടും ബൂലോകത്തേക്കും സ്കൂട്ടായി.

      അല്പം കഴിഞ്ഞ് വീണ്ടും ഫോണ്‍ കീശയില്‍ കിടന്ന് വിറക്കാന്‍ തുടങ്ങി.അറിയാത്ത നമ്പര്‍ ആയതിനാലും ഞാന്‍ ക്ലാസ്സില്‍ “ശ്രദ്ധിച്ച്” ഇരുന്നതിനാലും സര്‍വ്വോപരി റോമിംഗ് ആയതിനാലും ഞാന്‍ അത് മൈന്റ് ചെയ്തില്ല ! പക്ഷേ പിന്നാലെ വന്നത് ഞങ്ങളുടെ സ്റ്റേറ്റ് പ്രോഗ്രാം കോര്‍ഡിനേറ്ററായ ജബ്ബാര്‍ സാറിന്റെ ഒരു മെസേജ് ആയിരുന്നു.



       പിന്നെ എന്റെ ഫോണിന്, എലിപ്പനി പിടിച്ചപോലെ വിറഞ്ഞ് തുള്ളാനേ സമയമുണ്ടായിരുന്നുള്ളൂ.തലങ്ങും വിലങ്ങും വിളിയോട് വിളി.അങ്ങനെ കേരളത്തിലെ ഒരു എഞ്ചിനീയറിംഗ് കോളേജ് ആദ്യമായി ഇന്ദിരാഗാന്ധി എന്‍.എസ്.എസ്ദേശീയ അവാര്‍ഡിന് അര്‍ഹരായി (മുന്‍ ജേതാക്കളുടെ ലിസ്റ്റ് കിട്ടാത്തതിനാല്‍ ഇന്ത്യയില്‍ തന്നെ ആദ്യത്തെതാണോ എന്ന് അറിയില്ല).ഇന്ന് അതിന്റെ മൂന്നാം വാര്‍ഷിക ദിനത്തില്‍ ഞങ്ങളുടെ സ്വന്തം ടെക്നിക്കല്‍ സെല്ലിന് ഏറ്റവും മികച്ച യൂനിവേഴ്സിറ്റിക്കും മൂവാറ്റുപുഴ ഹോളികിംഗ്സ് എഞ്ചിനീയറിംഗ് കോളേജിന് ഏറ്റവും മികച്ച യൂണിറ്റിനും ഉള്ള ഇന്ദിരാഗാന്ധി എന്‍.എസ്.എസ് ദേശീയ അവാര്‍ഡ് ലഭിച്ചിരിക്കുന്നു !


(സോറി....ഇന്ന് (2/11/2015ന്) ആരും എന്നെ വിളിക്കരുത്.ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാവലാളായി വയനാട് ജില്ലയിലെ എടവക പഞ്ചായത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍ ഡ്യൂട്ടിയിലാണ് ഞാന്‍)