എന്റെ കുട്ടിക്കാലത്ത് ഞാൻ കേട്ട ഒരു സിനിമാ പേര് ആയിരുന്നു
വിട പറയും മുമ്പേ. 2014 വിട പറയും മുമ്പേ ചില കാര്യങ്ങൾ ഇവിടെ കുറിക്കാതിരിക്കാൻ നിർവ്വാഹമില്ല.
പുതുവർഷം പിറക്കുമ്പോൾ എടുക്കുന്ന ചില തീരുമാനങ്ങളുടെ
അവസ്ഥ ഞാൻ മുമ്പ് ഇവിടെ സൂചിപ്പിച്ചിരുന്നു. പുതുവർഷം എന്നത് പ്രത്യേകിച്ച് ഒരു ചലനവും
എന്നിൽ ഉണ്ടാക്കാത്തതിനാൽ അങ്ങനെ ഒരു തീരുമാനവും ഞാൻ എടുക്കാറില്ല എന്നും അന്ന് സൂചിപ്പിച്ചിരുന്നു.
ഇപ്രാവശ്യവും അങ്ങനെത്തന്നെ.
2014 വിടപറയുമ്പോൾ എനിക്ക് സന്തോഷം തരുന്ന ഒരു സംഗതി
എന്റെ പുസ്തക വായനാശീലം തിരിച്ചുപിടിക്കാൻ സാധിച്ചു എന്നതാണ്. ബൂലോകത്തെ പലരും പല പുസ്തകങ്ങളും
വായിച്ച് അഭിപ്രായം രേഖപ്പെടുത്തുമ്പോൾ ഈ വർഷം പത്ത് പുസ്തകങ്ങൾ എങ്കിലും വായിക്കണം
എന്ന് ഞാനും മനസ്സിൽ കരുതിയിരുന്നു.ഒരു കാലത്ത് പുസ്തകങ്ങൾ തേടി ഞാൻ സ്ഥിരം എത്താറുണ്ടായിരുന്ന
നാട്ടിലെ വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഒരു വായനക്കൂട്ടായ്മ രൂപീകരിക്കാനും അതിൽ
സജീവമായി പങ്കെടുക്കാനും സാധിച്ചതും ഈ വർഷം തന്നെ.
അന്തരിച്ച എന്റെ പിതാവിന്റെ ജ്യേഷ്ടസഹോദരൻ പ്രൊഫ.ടി.അബ്ദുള്ള
സാഹിബിന്റെ സ്മരണികയായ ‘സ്നേഹതീരത്തൊരു പ്രൊഫസർ’ വായിച്ചായിരുന്നു പുസ്തക വായനാശീലം
തിരിച്ചുപിടിക്കലിന്റെ തുടക്കം.കരിയർ ട്രെയിനർ ആയ മജീദ് മൂത്തേടത്തിന്റെ പോസിറ്റീവ്
ഇമേജ് , വി.പി.മരക്കാരുടെ ശൈലികൾക്ക് പിന്നിലെ കഥകൾ, സിസ്റ്റർ ജസ്മിയുടെ ആമേൻ , വിശാലമനസ്കന്റെ
രണ്ടാം കൊടകരപുരാണം, ജി.ആർ.ഇന്ദുഗോപന്റെ ഐസ് -196 ഡിഗ്രി സെത്ഷ്യസ്, ഡോ.അലക്സാണ്ടർ
ജേക്കബിന്റെ വ്യത്യസ്തരാകാൻ , ഡോ.എ.പി.ജെ.അബ്ദുൽകലാമിന്റെ വിടരേണ്ട മൊട്ടുകൾ, എന്റെ
നാട്ടുകാരൻ എം.പി.ഷൌക്കത്തലിയുടെ ഒരു ദേശാടനപക്ഷിയുടെ അനുഭവക്കുറിപ്പുകൾ, ബിൻസ് എം
മാത്യുവിന്റെ ഹൃദയപൂർവ്വം ആൻ, പ്രൊഫ.സ്റ്റീഫൻ
ഹോക്കിംഗിന്റെ കാലത്തിന്റെ സംക്ഷിപ്ത ചരിത്രം (മുഴുവനാക്കിയില്ല) തുടങ്ങി വിവിധ വിഭാഗങ്ങളിൽ
പെട്ട പുസ്തകങ്ങളാണ് ഞാൻ വായിച്ചതായി എന്റെ ഓർമ്മയിലുള്ളവ.ശൈഖ് സൈനുദ്ദീനുൽ മഖ്ദൂമിന്റെ
തുഹഫത്തുൽ മുജാഹിദീനിന്റെ സ്വതന്ത്ര പരിഭാഷയാണ് ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്നത്.
വൈകിയാണെങ്കിലും പല ബ്ലോഗിലൂടെയും കയറി അവ വായിച്ച്
അതിൽ അഭിപ്രായവും രേഖപ്പെടുത്താനും പലപ്പോഴും സമയം കണ്ടെത്തി.
ഒരു ബ്ലോഗർ എന്ന നിലക്ക് 2014 എനിക്ക് തരുന്ന ഏറ്റവും
വലിയ സന്തോഷം ഞാൻ ഇവിടെ പങ്കു വയ്ക്കട്ടെ.ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ബ്ലോഗുകൾ
ഞാൻ എഴുതിയത് ഈ വർഷമായിരുന്നു. 2009 ലും 2013 ലും 111 വീതം പോസ്റ്റുകൾ എഴുതിയതായിരുന്നു
ഇത് വരെ എന്റെ സ്വന്തം റിക്കാർഡ്. ഈ പോസ്റ്റോടെ 2014-ൽ എന്റെ പോസ്റ്റുകളുടെ എണ്ണം
113ൽ എത്തി.ബൂലോകത്ത് ഒരു പക്ഷേ ഒരു കലണ്ടർ വർഷത്തിൽ ഇതിലും കൂടുതൽ പോസ്റ്റ് ഇട്ടവർ
ഉണ്ടായേക്കാം.വിവിധതരം തിരക്കുകൾക്കിടയിൽ വ്യത്യസ്ത വിഭാഗങ്ങളിലായി 113 പോസ്റ്റുകൾ
ഇടാൻ സാധിച്ചതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു.കമന്റുകൾ കുറവാണെങ്കിലും ഓരോ പോസ്റ്റും ശരാശരി
150 ലധികം പേർ സന്ദർശിക്കുന്നതായി മനസ്സിലാക്കുന്നു (16999 visitors till 11.30AM today).ബൂലോകത്ത് എട്ട് വർഷം പൂർത്തിയാക്കി
837 പോസ്റ്റുകൾ ഇതുവരെ ‘മനോരാജ്യത്തെ തോന്ന്യാക്ഷരങ്ങളി‘ലൂടെ വെളിച്ചം കണ്ടു.
ബൂലോകത്തെ പലരും ഫേസ്ബുക്കിൽ ചേക്കേറി അവിടെ സ്ഥിരമായപ്പോൾ
ബ്ലോഗുകൾ ശുഷ്കമായി എന്നത് നാം കണ്ടു.അതിനെപറ്റിയുള്ള ചർച്ച ഫേസ്ബുക്കിലെ ബ്ലോഗർമാരുടെ
കൂട്ടായ്മയിൽ നടന്നു വരുന്നു.ആ ചർച്ച ബൂലോകത്തെ പഴയ പ്രതാപത്തിലേക്ക് എത്രത്തോളം തിരിച്ച്
കൊണ്ട് വരും എന്ന് നിശ്ചയമില്ല. ഫേസ്ബുക്കിൽ ഒരു ലൈക്ക് അടിച്ച് സിംഗ്‌ൾ ക്ലിക്കിൽ
സംഗതി കഴിയും എന്നതിനാൽ ബൂലോകത്തെ നീളൻ പോസ്റ്റുകൾ വായിച്ച് സമയം കളയാനോ കമന്റ് ചെയ്യാനോ
പലരും തയ്യാറാകുന്നില്ല എന്നതാണ് ബൂലോകം വരണ്ട് തുടങ്ങാൻ കാരണം. ആഴ്ചയിൽ ഒരു പോസ്റ്റ്
എങ്കിലും ഇട്ട് സ്വന്തം ബ്ലോഗുകൾ സജീവമാക്കാൻ ഓരോരുത്തരും ശ്രദ്ധിച്ചാൽ ബൂലോകം വീണ്ടും
സജീവമാകും എന്നാണ് എന്റെ അഭിപ്രായം.ബൂലോകം സജീവമാക്കാൻ ഫൈസൽ ബാബുവും മറ്റും ചെയ്യുന്ന
കഠിനപ്രയത്നങ്ങളെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു.
2014-ൽ മറ്റനേകം സംഭവങ്ങൾ സ്മരിക്കേണ്ടതുണ്ടെങ്കിലും
ബൂലോകവുമായി അവയ്ക്ക് ബന്ധം ഇല്ലാത്തതിനാൽ ഇവിടെ പരാമർശിക്കുന്നില്ല.ബൂലോകർക്കെല്ലാം
സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു.