Pages

Friday, November 16, 2012

ഇന്ദിരാഗാന്ധി എന്‍.എസ്.എസ് അപ്രീസിയേഷന്‍ പുരസ്കാരം

            എന്റെ മാതൃവകുപ്പായ (Department) സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ എന്‍.എസ്.എസ് വിംഗിന് (NSS Technical Cell) ചരിത്രത്തില്‍ ആദ്യമായി ഇന്ത്യാ ഗവര്‍മെന്റിന്റെ ഇന്ദിരാഗാന്ധി എന്‍.എസ്.എസ് അപ്രീസിയേഷന്‍ പുരസ്കാരം ലഭിച്ച വിവരം സന്തോഷ പൂര്‍വ്വം അറിയിക്കുന്നു. ഈ വരുന്ന തിങ്കളാഴ്ച (19/11/2012) വൈകിട്ട് 5.30ന് ഡല്‍ഹി രാഷ്ട്രപതി ഭവനില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ വച്ച് ഇന്ത്യയുടെ പ്രഥമപൌരന്‍ ശ്രീ.പ്രണബ് മുഖര്‍ജിയില്‍ നിന്ന് എന്‍.എസ്.എസ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ശ്രീ.അബ്ദുല്‍ ജബ്ബാര്‍ അഹമ്മദ് അവാര്‍ഡ് സ്വീകരിക്കും.

              അവാര്‍ഡ് സ്വീകരിക്കാന്‍ 18/11/2012ന് നെടുമ്പാശ്ശേരിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വിമാനം കയറുന്ന സംഘത്തില്‍ ഞാനും എന്റെ കോളേജിലെ മുന്‍ എന്‍.എസ്.എസ് വളണ്ടിയറായ ഹഫ്നാസും ഉള്‍പ്പെടുന്നു എന്ന ഒരു സന്തോഷം കൂടി ഇവിടെ പങ്കു വയ്ക്കട്ടെ.

സംസ്ഥാന അവാര്‍ഡ് വിവരം അറിഞ്ഞ ഒരു സുഹൃത്ത് പറഞ്ഞു -

 “ സംസ്ഥാന അവാര്‍ഡുകള്‍ നിന്റെ കാര്യത്തില്‍ പുതുമ ഇല്ലാതായിരിക്കുന്നു.ഒരു ദേശീയ അവാര്‍ഡ് കിട്ടുമ്പോള്‍ അറിയിക്കുക.“

ഇപ്പോള്‍ ഭൂരിഭാഗവും ഞങ്ങളുടെ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഇതാ എനിക്ക് കിട്ടുന്നതിന് തുല്യമായി ദേശീയ അവാര്‍ഡ് എന്റെ വകുപ്പിന് ലഭിച്ചിരിക്കുന്നു.

ദൈവത്തിന് സ്തുതി , എല്ലാവര്‍ക്കും നന്ദി.

Thursday, November 15, 2012

വിവാഹ വാര്‍ഷികം

ഇന്നലെ രാത്രി ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ എന്റെ ഭാര്യ മക്കളോടായി പറഞ്ഞു -

“ ഇന്ന് എന്റെ ജന്മവാര്‍ഷിക ദിനമാണ് ....നാളെ വിവാഹ വാര്‍ഷികദിനവും...”

ഇത് കേട്ട ഉടനെ രണ്ടാമത്തെ മകളുടെ സംശയം -

“അപ്പോ ഉമ്മച്ചിയെ പ്രസവിച്ച പിറ്റേന്ന് തന്നെ ഉപ്പച്ചി കല്യാണം കഴിച്ചോ? !!!!”

(ഇന്ന് എന്റെ വിവാഹത്തിന്റെ  പതിനഞ്ചാം വാര്‍ഷിക ദിനം ....പതിനാല് വര്‍ഷമായി അവളും ഞാനും തമ്മില്‍.......)


പവര്‍പോയിന്റിന്റെ പവറും എന്റെ ഹരിശ്രീയും

സംസ്ഥാന ഗവണ്മെന്റ് അവാര്‍ഡ് നേടിയതിലൂടെ സ്വന്തം ഗ്രേഡ് അല്പം കൂടിയതായി പുതിയ അനുഭവങ്ങള്‍ തെളിയിക്കുന്നു.അതില്‍ ഒന്നായിരുന്നു കഴിഞ്ഞ ആഴ്ച ലഭിച്ച ഒരു ക്ഷണം. കോഴിക്കോട് സര്‍വ്വകലാശാലക്ക്  കീഴിലെ മലപ്പുറം , കോഴിക്കോട് , വയനാട് ജില്ലകളിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരുടെ ഓറിയന്റേഷന്‍ പരിപാടിയില്‍ ഒരു സെഷന്‍ അവതരിപ്പിക്കാനായിരുന്നു എനിക്ക് ലഭിച്ച ക്ഷണം.

 യൂണിവേഴ്സിറ്റി വിഭാഗം എന്‍.എസ്.എസ് കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്ററും സാമൂതിരി ഗുരുവായുരപ്പന്‍ കോളേജിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസറുമായ രാജന്‍ മലയില്‍ സാര്‍ ആയിരുന്നു എന്നെ ക്ഷണിച്ചത്.സാര്‍ അറിയിച്ച പ്രോഗ്രാമുകള്‍ക്കെല്ലാം ഞാന്‍ പങ്കെടുക്കാറുള്ളതു കൊണ്ട് ഇതും ഞാന്‍ ‘യെസ് ‘ മൂളി.അപ്പോഴാണറിഞ്ഞത് മറ്റൊരു സെഷന്‍ കൈകാര്യം ചെയ്യുന്നത് എല്ലാ‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും ട്രെയ്നിംഗ് നല്‍കുന്ന സംസ്ഥാന എന്‍.എസ്.എസ് സെല്ലിന്റെ കോര്‍ഡിനേറ്റര്‍ ഐ.വി.സോമന്‍ സാര്‍ ആണെന്ന്.എന്റെയും ഗുരുനാഥനായ സാറിന്റെ കൂടെ ഒരു ക്യാമ്പില്‍ ഒരു സെഷന്‍ ചെയ്യാന്‍ ലഭിച്ചതില്‍ ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു.

 മറ്റുള്ളവര്‍ പവര്‍പോയിന്റ്  ഉപയോഗിച്ച് ആശയങ്ങള്‍ വിശദീകരിക്കുന്നത് ഒരു പാട് തവണ സദസ്സിലിരുന്ന് ദര്‍ശിച്ചിട്ടുണ്ട്. ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ആയിട്ടും ഇന്നലെ വരെ ഒരു ക്ലാസ്സിന് വേണ്ടിയും ഞാന്‍ ഈ ‘കുന്ത്രാണ്ടം’ ഉപയോഗിച്ചിരുന്നില്ല. ഒന്നാമത് അത് പഠിച്ചിരുന്നില്ല.രണ്ടാമത് ഇതിന് സ്വന്തമായി ഒരു പെന്‍ഡ്രൈവും അതിടാന്‍ ഒരു ഓസി ലാപ്‌ടോപ്പും വേണം എന്നത് തന്നെ.പെന്‍ഡ്രൈവ് ഇന്ന് ഏത് അരീകോടനും കിട്ടും എങ്കിലും രണ്ടാമത്തേത് ഇന്നും ഒരു സ്വപ്നം തന്നെയാണ്. എന്നാല്‍ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ കോമണ്‍ കമ്പ്യൂട്ടിംഗ് ഫെസിലിറ്റിയെന്ന മഹാ സാമ്രാജ്യത്തിന്റെ (ഈ ലാബിലെ 25 കെല്‍ട്രോന്‍ സെലിറോണ്‍ കമ്പ്യൂട്ടറുകള്‍ കാണുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത് പണ്ട് എന്റെ സ്കൂളില്‍ ഉപ്പ്മാവിനുള്ള ഗോതമ്പ് കൊണ്ട് വന്നിരുന്ന ഫാര്‍ഗ്ഗൊ ലോറിയാണ്) ഛത്രപതി എന്ന നിലയില്‍ ചാര്‍ജ്ജ് എടുത്ത് രണ്ടാം ദിവസം തന്നെ , അലമാരയില്‍ കിടന്നിരുന്ന ലാപ്‌ടോപ് പകല്‍ വെളിച്ചം കൂടി കാണാന്‍ തുടങ്ങി.

അങ്ങനെ പവര്‍പോയിന്റില്‍ അറിയാവുന്ന ലൊട്ടുലൊടുക്ക് വിദ്യകള്‍ ഒപ്പിച്ച് ഞാനും ഒരു പ്രെസന്റേഷന്‍ തയ്യാറാക്കി.സദസ്സിന് മുമ്പില്‍ വല്യകാര്യത്തില്‍ സ്ലൈഡ്‌ഷോ തുടങ്ങി.അടുത്ത സ്ലൈഡ് കിട്ടാന്‍ അമര്‍ത്തേണ്ടത് എന്റര്‍ കീയോ അതോ സ്പേസ് ബാറോ അതുമല്ല ഡൌണ്‍ ആരോ എന്ന സംശയം പറന്നെത്തിയത് ആ സ്ലൈഡ് കാണിക്കാനുള്ള സമയമായപ്പോഴാണ്. അപ്പോഴാണ് ഈ ‘കുന്ത്രാണ്ടം’ ഉപയോഗിക്കുന്നവര്‍ എല്ലാം ഒരു അസിസ്റ്റന്റിനെയും ഉപയോഗിക്കുന്ന കാര്യം ഞാന്‍ ഓര്‍ത്തത്,അവര്‍ നെക്സ്റ്റ് നെക്സ്റ്റ് എന്നേ പറയാറുള്ളൂ.അസിസ്റ്റന്റ് സ്ലൈഡ് മാറ്റിക്കൊണ്ടേ ഇരിക്കും!

ഏതായാലും ഇനി അസിസ്റ്റന്റിനെ വിളിക്കുന്നത് എന്റെ ട്രൌസര്‍ അവിടെ വച്ച് വലിച്ചൂരുന്നതിന് സമമാണ് എന്നതിനാല്‍ രണ്ടും കല്പിച്ച് ഞാന്‍ സ്പേസ് ബാര്‍ അമര്‍ത്തി.‘ഹാവൂ’’  ഞാന്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു - സ്ലൈഡ് മാറി. അങ്ങനെ ഒരു നിമിഷം പകച്ചെങ്കിലും ഇന്നലെ ഞാനും പവര്‍പോയിന്റ്  ഉപയോഗിച്ച് ക്ലാസ്സ് എടുക്കുന്നതില്‍ ഹരിശ്രീകുറിച്ചു.

വാല്‍: വീട്ടിലെത്തി എന്റര്‍ കീ അടിച്ചു നോക്കിയപ്പോളാണ് അപ്പോഴും സ്ലൈഡ് മാറുന്നത് അറിഞ്ഞത്.എങ്കില്‍  ഡൌണ്‍ ആരോകൂടി പരീക്ഷിക്കാം എന്ന് കരുതി.അപ്പോഴും സ്ലൈഡ് മാറുന്നു !! ഇതൊന്നുമല്ലാത്ത ഒരു കീ അമര്‍ത്തിയപ്പോഴും സ്ലൈഡ് മാറുന്നു !!ഫൂ , അപ്പോ ഈ പവര്‍പോയിന്റിന്റെ പവര്‍ പിന്നെ എന്താ ?