Pages

Friday, October 31, 2008

ഗ്ലോബും ബ്ലോഗും

"G for G L O B E...." ഞാന്‍ ചെറിയ മകളെ പഠിപ്പിക്കുകയായിരുന്നു.

"എന്താ ഗ്ലോബ്‌ എന്ന് പറഞ്ഞാല്‍...?"

അലമാരക്ക്‌ മുകളില്‍ സ്ഥിതി ചെയ്യുന്നഗ്ലോബ്‌ അവള്‍ക്ക്‌ പരിചയം ഉണ്ടാകും എന്ന ധാരണയില്‍ ഞാന്‍ ചോദിച്ചു.

"അതോ...അത്‌...ഒരു ഒരു.....സ്തെലം...."

"ആ....എന്ത്‌ സ്ഥലം?"

"ഉപ്പച്ചിന്റെ കത എയ്‌ത്‌ണ സ്തെലം.."

ഞാന്‍ ഭാര്യയുമായി നടത്തുന്നബ്ലോഗ്‌ ചര്‍ച്ചകളില്‍ നിന്നും അവള്‍ക്ക്‌ മനസ്സിലായ കാര്യം അവള്‍പ്രകടിപ്പിച്ചപ്പോള്‍ എനിക്ക്‌ ചിരി വന്നു.

Thursday, October 30, 2008

ഞങ്ങളുടെ ദീപാവലി ആഘോഷം.

തിങ്കളാഴ്ച കുടുംബസമേതം ഞാന്‍ നാട്ടില്‍ നിന്നും ക്വാര്‍ട്ടേഴ്സില്‍ തിരിച്ചെത്തുമ്പോള്‍രാത്രിയായിരുന്നു.കാറ്‌ ക്വാര്‍ട്ടേഴ്സ്‌ മുറ്റത്തേക്കിറക്കുമ്പോള്‍ എന്റെ അയല്‍താമസക്കാരെല്ലാം പുറത്ത്‌ ഇരിപ്പായിരുന്നു - ലോഡ്‌ഷെഡിംഗ്‌ കാരണം.

എന്റെ തൊട്ടടുത്ത അയല്‍വാസികളായ മറാത്ത കുടുംബത്തിലെ കുട്ടികള്‍ മുറ്റത്ത്‌ ഓടിക്കളിക്കുന്നുണ്ടായിരുന്നു.അവരുടെ ക്വാര്‍ട്ടേഴ്സിന്റെ ചുറ്റിലും സ്റ്റെപ്പുകളിലും മണ്‍ചിരാതുകള്‍ വെളിച്ചം വിതറുന്നുണ്ടായിരുന്നു.അവര്‍ ദീപാവലി ആഘോഷംആരംഭിക്കുമ്പോളാണ്‌ ഞങ്ങള്‍ എത്തിയത്‌.

യാത്രാക്ഷീണം തീര്‍ത്തതിന്‌ ശേഷം ഞങ്ങളും ദീപവലിക്കാഴ്ചകള്‍കാണാനായി പുറത്തേക്കിറങ്ങി.മറാത്ത കുട്ടികള്‍ പൂത്തിരിക്ക്‌ തീകൊളുത്തി.ഞങ്ങള്‍ ഞങ്ങളുടെ വാതിലില്‍ തന്നെ നിന്ന് ആസ്വദിച്ചു.ഇടക്ക്‌ ആരോഒരു പൂത്തിരി എന്റെ മൂത്തമോള്‍ക്ക്‌ നേരെ നീട്ടി.അവള്‍ അത്‌ വാങ്ങി ചിരാതില്‍നിന്നും തീ പകര്‍ന്ന് മറ്റുള്ള കുട്ടികളുടെ കൂടെ ചേര്‍ന്നു.ഇടക്ക്‌ മുതിര്‍ന്നവര്‍മത്താപ്പൂവിനും ചക്രത്തിനും തീ കൊളുത്തി തീ മഴയും സൃഷ്ടിച്ചുകൊണ്ടിരുന്നു.

കുട്ടികള്‍ പൂത്തിരി കത്തിക്കല്‍ തുടര്‍ന്നു.എന്റെ മോളും അവരുടെ ആഘോഷത്തില്‍ താല്‍പര്യത്തോടെ പങ്കെടുത്തു.ഉത്തരേന്ത്യന്‍ ആഘോഷമായ ദീപാവലിഎങ്ങനെ ആഘോഷിക്കുന്നു എന്ന് എന്റെ മക്കള്‍ക്ക്‌ നേരിട്ട്‌ മനസ്സിലാക്കാനും സാധിച്ചു.

വളരെ ആവേശത്തോടെ കുട്ടികള്‍ തിമര്‍ക്കുമ്പോള്‍ ആ തീക്കളി എന്നില്‍ അല്‍പംആശങ്ക ഉയര്‍ത്താതിരുന്നില്ല.എങ്കിലും മോളെ ഞാന്‍ തിരിച്ചുവിളിച്ചില്ല.തിന്മയുടെ മേല്‍ നന്മയുടെ വിജയം ആഘോഷിക്കുന്നതാണ്‌ ദീപാവലി എന്ന്കേട്ടിട്ടുണ്ട്‌.മോളെ തിരിച്ചുവിളിച്ച്‌ ആഘോഷത്തിന്റെ രസച്ചരടും സൗഹാര്‍ദ്ദത്തിന്റെ കാണാച്ചരടും ഒരുമിച്ച്‌ പൊട്ടിക്കേണ്ട എന്ന് ഞാന്‍ തീരുമാനിച്ചു.പിന്നീട്‌ ദീപാവലിയുടെ മധുരപലഹാരങ്ങളും മറാത്തകുടുംബത്തില്‍ നിന്നും ഞങ്ങളെ തേടി എത്തി.

യഥാര്‍ത്ഥത്തില്‍ ബഹുമതസമൂഹത്തില്‍ ജീവിച്ചുള്ള ശീലം മറാത്തക്കാര്‍ക്കില്ല.സ്വന്തം നാട്ടില്‍ അവര്‍ക്ക്‌ അയല്‍വാസികള്‍ തന്നേ നന്നേ കുറവാണ്‌.ഉള്ളവര്‍സ്വന്തം മതത്തില്‍പെട്ടവരും.അതിനാല്‍ അന്യമതസ്ഥരുടെ ആചാരാനുഷ്ഠാനങ്ങളെപ്പറ്റിയും അവരോടുള്ള പെരുമാറ്റ രീതിയെപറ്റിയും അവര്‍ തികച്ചും അജ്ഞരായിരുന്നു.എന്നാല്‍ ഞങ്ങളുടെ ക്വാര്‍ട്ടേഴ്സില്‍ ഹിന്ദു-കൃസ്ത്യ-ഇസ്ലാം മതക്കാര്‍ ഒരുമിച്ച്‌ താമസിക്കുന്നതിനാല്‍ വിവിധ മതാചാരങ്ങള്‍എല്ലാവര്‍ക്കും ഹൃദിസ്ഥമായിരുന്നു.മുസ്ലിംകളായ ഞങ്ങളും കൃസ്തുമത വിശ്വാസികളായ തൊട്ടടുത്ത റൂമിലെ കുടുംബവും പങ്ക്‌ ചേര്‍ന്നതോടെ മറാത്തക്കാരുടെ ഇക്കൊല്ലത്തെ ദീപാവലി ആഘോഷം മതസൗഹാര്‍ദ്ദത്തിന്റെകൂടി ഉത്സവമായി.

Wednesday, October 29, 2008

വയനാട്‌ ബ്ലോഗ്ശില്‍പശാല നവ:2 -ന്‌

പ്രിയ സുഹൃത്തുക്കളേ....

കേരള ബ്ലോഗ്‌ അക്കാദമിയുടേയും വയനാട്‌ ഗവ:എഞ്ചിനീയറിംഗ്‌ കോളേജ്‌ IT Club - ന്റേയും സംയുകതാഭിമുഖ്യത്തില്‍ വയനാട്‌ ജില്ലാ ബ്ലോഗ്ശില്‍പശാല നവ:2 -ന്‌ എഞ്ചിനീയറിംഗ്‌ കോളേജില്‍ (തലപ്പുഴ) വച്ച്‌ നടത്തുന്നു.

പ്രമുഖ ബ്ലോഗര്‍മാരായ ഡി.പ്രദീപ്‌കുമാര്‍,കണ്ണൂരാന്‍,സുനില്‍ ഫൈസല്‍,ശിവ,ചാണക്യന്‍,ചിത്രകാരന്‍,മൈന ഉമൈബാന്‍ ,അബ്ദുണ്ണി,gireesh a s ,ibrahimppl തുടങ്ങിയവര്‍ ബ്ലോഗ്‌മീറ്റില്‍ പങ്കെടുക്കും എന്ന് അറിയിച്ചിട്ടുണ്ട്‌.

കൂടാതെ ജില്ലയുടെ പലഭാഗത്തു നിന്നും ബ്ലോഗ്മീറ്റില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ട്‌ ഫോണ്‍വിളികള്‍ വന്നു കൊണ്ടിരിക്കുന്നു.

മീറ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പത്ര സമ്മേളനം നാളെ(30/10/2008) 4 മണിക്ക്‌ മാനന്തവാടി പ്രസ്‌ക്ലബ്ബില്‍ വച്ച്‌ നടക്കും.

ബൂലോകരെ മുഴുവന്‍ വീണ്ടും വീണ്ടും വയനാട്ടിലേക്ക്‌ സ്വാഗതം ചെയ്യുന്നു.

Sunday, October 26, 2008

ഒരു സ്വപ്നത്തിന്റെ സാക്ഷാല്‍കാരം...

ദൈവത്തിന്‌ സ്തുതി.

ഇന്ന് എന്റെ സ്വന്തം വീടിന്റെ മെയിന്‍ സ്ലാബ്‌ വാര്‍ക്കല്‍ കഴിഞ്ഞു.വീടെന്ന സ്വപ്ന സാക്ഷാല്‍ക്കാരത്തിലേക്ക്‌ ഒരു പടി കയറിയ ഈ അപൂര്‍വ്വ ധന്യനിമിഷത്തിന്‌ സാക്ഷിയാവാന്‍ പ്രിയപ്പെട്ട ബാപ്പ ജീവിച്ചിരിപ്പുണ്ടായില്ല എന്ന ദു:ഖം ബാക്കി നില്‍ക്കുന്നു.

ഇത്രയും വരെ എത്തിക്കാന്‍ സഹായിച്ച എന്റെ രണ്ട്‌ സുഹൃത്തുക്കളോടുള്ള കടപ്പാട്‌ ഞാന്‍ മറച്ചു വക്കുന്നില്ല.ഒപ്പം ബന്ധുക്കളുടെ സഹായവും കൂടിയായപ്പോള്‍ താല്‍കാലിക സാമ്പത്തിക ഞെരുക്കത്തില്‍ നിന്നും രക്ഷ കിട്ടി.

വീട്‌ പണി നടന്നുക്കൊണ്ടിരിക്കുന്ന ബൂലോക സുഹൃത്തുക്കള്‍ക്ക്‌ അത്‌ വേഗം തീര്‍ക്കാനുള്ള ശേഷി ഉണ്ടാവട്ടെ എന്നാശംസിച്ചുകൊണ്ട്‌.....

Wednesday, October 22, 2008

ഉപദേശിക്കുന്നത്‌ പ്രവര്‍ത്തിക്കുക

ഇക്കഴിഞ്ഞ ഞായറാഴ്ച ഞാന്‍ എന്റെ ഒരു സുഹൃത്തിന്റെ അനിയത്തിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി അവന്റെ വീട്ടില്‍ ചെന്നു.ചെന്നുകയറിയ ഉടനേ, ആചാരപ്രകാരമുള്ള നാരങ്ങാവെള്ളം ലഭിച്ചു.പ്ലാസ്റ്റിക്‌ കപ്പില്‍ആയിരുന്നു വെള്ളം നല്‍കിയിരുന്നത്‌.അതുണ്ടാക്കിയേക്കാവുന്ന പരിസ്ഥിതിപ്രശ്നങ്ങള്‍ ആലോചിച്ചപ്പോള്‍ എനിക്കല്‍പം നീരസം തോന്നി.വിവാഹസദ്യക്കൊപ്പം ചൂടുവെള്ളവും അതേ തരം കപ്പില്‍ തന്നപ്പോള്‍ എനിക്ക്‌ സുഹൃത്തിനോട്‌ ദ്വേഷ്യം തോന്നി.ആസിഡ്‌ ആയ നാരങ്ങവെള്ളവും രാസവസ്തുവായ പ്ലാസ്റ്റിക്കും തമ്മിലുംചൂടുവെള്ളവും പ്ലാസ്റ്റിക്കും തമ്മിലും പ്രവര്‍ത്തിച്ച്‌ ഉണ്ടാക്കുന്ന ഉല്‍പന്നങ്ങള്‍സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്ത്‌ എന്ന് ഒരു പക്ഷേ അവര്‍ ചിന്തിച്ചുകാണില്ല.അതവിടെ ഇരിക്കട്ടെ. ഭക്ഷണം കഴിഞ്ഞ്‌ സുഹൃത്തിനോട്‌ യാത്ര പറഞ്ഞ്‌ ഞാന്‍ ഇറങ്ങിയപ്പോള്‍ ,അവിടെ നിന്നും പരിചയപ്പെട്ട റൗഫ്‌ മാസ്റ്ററും എന്റെ കൂടെ ഇറങ്ങി.പോരുന്നവഴിക്ക്‌ ശാന്തമായി ഒഴുകുന്ന ഒരു തോടും അതിന്റെ കരയിലെ സമൃദ്ധമായ കണ്ടല്‍കാടും ക്യാമറ പുറത്തെടുക്കാന്‍ എന്നെ നിര്‍ബന്ധിപ്പിച്ചു(ആ ഫൊട്ടോ ഇതാഇവിടെ. ).ഞാന്‍ പടങ്ങള്‍ പകര്‍ത്തിയപ്പോള്‍ റൗഫ്‌ മാസ്റ്റര്‍ ചോദിച്ചു. "ഫൊട്ടോഗ്രാഫിയില്‍ താല്‍പര്യമുണ്ടോ?" "താല്‍പര്യമുണ്ട്‌.....പിന്നെ ഞാന്‍ കുറേ കാലമായി അന്വേഷിച്ച്‌ നടന്നിരുന്ന ഒരു സംഗതിയാണ്‌ ഈ കണ്ടല്‍ കാടുകള്‍..." "ഓഹോ...അപ്പോള്‍ ഇതുവഴി വന്നത്‌ നന്നായി അല്ലേ?" "അതേ..." കല്യാണ വീട്ടില്‍ മറ്റൊരു വഴിയേ എത്തിയ ഞാന്‍ സമ്മതിച്ചു. "എന്താ ഇതിനോട്‌ പ്രത്യേക ഇഷ്ടം തോന്നാന്‍ കാരണം?" "ഞാന്‍ പ്രകൃതിയെ സ്നേഹിക്കുന്നു.പ്രകൃതിയുമായി ബന്ധപ്പെട്ട ചിലകാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ എഴുതാറുണ്ട്‌.അതിന്‌ വേണ്ടി കണ്ടല്‍ അന്വേഷിച്ച്‌നടക്കുകയായിരുന്നു...." "ക്ലാസ്സ്‌ എടുക്കാന്‍ പോകാറുണ്ടോ..?" "ഇല്ല...ഇപ്പോള്‍ കല്യാണ വീട്ടില്‍ നിന്നും ആ പ്ലാസ്റ്റിക്‌ കപ്പില്‍ വെള്ളം തന്നത്‌എനിക്ക്‌ ഒട്ടും ഇഷ്ടപ്പെട്ടില്ല..."എന്റെ സുഹൃത്തിന്റെ ചിരകാലസുഹൃത്തായറൗഫ്‌ മാസ്റ്ററുടെ അടുത്ത്‌ എന്റെ നീരസം ഞാന്‍ അറിയിച്ചു. "ങാ...അവരുടെ കുടുംബം ഒന്ന് നോക്കൂ...വലിയ ജ്യേഷ്ഠന്‍ ഡോക്ടര്‍,മറ്റൊരു ജ്യേഷ്ഠന്‍ അധ്യാപകന്‍,നിങ്ങളുടെ സുഹൃത്തും അധ്യാപകന്‍.ഡോക്ടര്‍ ചികുന്‍ഗുനിയ,ഡെങ്കിപ്പനി തുടങ്ങിയവ പടര്‍ന്നുപിടിക്കാതിരിക്കാന്‍ കൊതുക്‌ വളര്‍ച്ചതടയണമെന്ന് ക്ലാസ്സായ ക്ലാസുകളിലെല്ലാം പ്രസംഗിക്കുന്നയാള്‍.അധ്യാപകരായമറ്റ്‌ രണ്ടു പേരും ഉല്‍ബോധനം നടത്തുന്നതില്‍ മുമ്പന്മാര്‍.എന്നിട്ടും സ്വന്തംവീട്ടിലെ പരിപാടിക്ക്‌ പ്ലാസ്റ്റിക്‌ കപ്പും..." "അതെ...അതാണ്‌ നമ്മുടെ സ്വഭാവം..." ഞാന്‍ റൗഫ്‌ മാസ്റ്ററെ പിന്താങ്ങി. "ഞാന്‍ അഞ്ച്‌ വര്‍ഷത്തോളം സ്കൂളിലെ NSS Program Officer ആയിരുന്നു.എന്റെ വീട്ടിലെ ഒരു പരിപാടിക്ക്‌ പ്ലാസ്റ്റിക്‌ കപ്പിന്‌ പകരം പേപര്‍ കപ്പ്‌ ഉപയോഗിക്കാന്‍ ഞാന്‍ തീരുമാനിച്ചു.പക്ഷേ സാമ്പത്തികമായി നഷ്ടമാണ്‌എന്ന കാരണത്താല്‍ പിതാവ്‌ അതിന്‌ സമ്മതിച്ചില്ല.അവസാനം പ്ലാസ്റ്റിക്‌ കപ്പ്‌ഒഴിവാക്കിയേ പറ്റൂ എന്ന എന്റെ നിശ്ചയപ്രകാരം ഗ്ലാസ്‌ വാടകക്ക്‌ എടുക്കാന്‍ തീരുമാനിച്ചു." ആ വാക്കുകള്‍ എനിക്ക്‌ വളരെ ഇഷ്ടപ്പെട്ടു.തങ്ങള്‍ ഉപദേശിക്കുന്നത്‌ സ്വന്തംകാര്യത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തവര്‍ മിണ്ടാതിരിക്കുന്നതാണ്‌ഭേദം.(നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത്‌ നിങ്ങള്‍ എന്തിന്‌ ഉപദേശിക്കുന്നു എന്നവിശുദ്ധ ഖുര്‍ആന്‍ വചനം ഇവിടെ അനുസ്മരിക്കുന്നു) മറ്റുള്ളവരെ ഉപദേശിക്കുകയും സ്വന്തം കാര്യം വരുമ്പോള്‍ അതിന്റെ നേരെ വിപരീതം പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്‌ കാപട്യമാണ്‌.

Sunday, October 19, 2008

നഷ്ടപ്പെട്ട ലോകറിക്കാര്‍ഡ്‌ ('മേടിക്കല്‍ എഞ്ചിനീയര്‍' രണ്ടാം ഭാഗം)

പിറ്റേ ദിവസം മുതല്‍ ഞങ്ങള്‍ നാല്‍വര്‍ സംഘം ഉച്ചക്ക്‌ ശേഷവും പാര്‍ടൈം ആയി കോളേജില്‍ പോകാന്‍ തുടങ്ങി.ലോക ചരിത്രത്തില്‍ ആദ്യമായി (ഒരു പക്ഷേ അവസാനവും) രണ്ട്‌ ഗ്രൂപ്പുകള്‍ക്ക്‌ ഒരേ കോളേജില്‍ പഠിക്കുന്ന റിക്കാര്‍ഡ്‌ ഞങ്ങള്‍ക്ക്‌ സ്വന്തമായി.(അന്ന് SSLC ബുക്ക്‌ മാത്രമേ അറിയാമായിരുന്നുള്ളൂ,ഗിന്നസ്‌ ബുക്ക്‌ കേട്ടിട്ടില്ലാത്തതിനാല്‍ ഞങ്ങളുടെ ലോകറിക്കാര്‍ഡ്‌ നഷ്ടമായി)

മാത്‌സ്‌ ക്ലാസ്സിലെ ആദ്യ ദിനം.ആണ്‍കുട്ടികള്‍ മാത്രം തിങ്ങിനിറഞ്ഞിരിക്കുന്ന ക്ലാസ്സില്‍ ഞങ്ങള്‍ക്ക്‌ ഇടം ലഭിക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടായി.ഹോസ്റ്റലിലെ സഹമുറിയന്മാര്‍ ക്ലാസ്സില്‍ ഉണ്ടായിരുന്നതിനാല്‍, നിന്ന് ക്ലാസിലിരിക്കേണ്ട അപൂര്‍വ്വ ഗതികേട്‌ ഉണ്ടായില്ല.

അന്ന് അസീസ്‌ സാറായിരുന്നു മാത്‌സ്‌ ക്ലാസ്സിന്‌ വന്നത്‌.മെലിഞ്ഞുണങ്ങിയ ശരീരമുള്ള ഒരു സാറ്‌.ക്ലാസ്സ്‌ തുടങ്ങി മാസങ്ങള്‍ പിന്നിട്ട ശേഷമാണ്‌ ഞങ്ങള്‍ ഈ ക്ലാസ്സില്‍ വന്നിരിക്കുന്നത്‌ എന്ന് അദ്ദേഹത്തിനും ഞങ്ങള്‍ക്കും ബോധ്യമുണ്ടായിരുന്നില്ല.നേര്‍രേഖകളെ(straight line)ക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ക്ലാസ്സ്‌ എനിക്ക്‌ ഒരു കുന്തവും മനസ്സിലായില്ല(മറ്റുള്ളവര്‍ക്കും തഥൈവ എന്ന് അവരുടെ പൊളിച്ച വായ സൂചിപ്പിച്ചു)

ഒന്നും മനസ്സിലായില്ലെങ്കിലും അടുത്ത ദിവസങ്ങളിലും ഉച്ചയുറക്കം ഉപേക്ഷിച്ച്‌ ഞങ്ങള്‍ ക്ലാസ്സില്‍ പോയി.അന്നും അസീസ്‌ സാര്‍ തന്നെയായിരുന്നു വന്നത്‌.ക്ലാസ്‌ തുടങ്ങുന്നതിന്‌ മുമ്പ്‌ തലേ ദിവസം എടുത്ത ഭാഗത്ത്‌ നിന്നും അദ്ദേഹം ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി.

"വാട്ടിസ്‌ എ സ്ട്രൈറ്റ്‌ ലൈന്‍?"

എല്ലാവരുടേയും തല താഴാന്‍ തുടങ്ങി.സീറ്റില്ലാത്തതിനാല്‍ ഇടുങ്ങി പൊട്ടി ഇരുന്ന ഞാന്‍ അല്‍പം ഉയര്‍ന്നിരുന്നതിനാല്‍ സാര്‍ എന്റെ നേരെ ചോദ്യമെറിഞ്ഞു.

"ങാ...നീ തന്നെ...ചന്തിപൊന്തിച്ചിരിക്കുന്നവന്‍.."

ഞാന്‍ മെല്ലെ എഴുന്നേറ്റ്‌ നിന്ന്‌ പറയാന്‍ തുടങ്ങി.

"സ്ട്രൈറ്റ്‌ ലൈന്‍ ഈസ്‌ എ ലൈന്‍ വിതൗട്ട്‌ കര്‍വ്‌ ഓര്‍ ബെന്‍ഡ്‌!!" ഞാന്‍ പഠിച്ച സ്ട്രൈറ്റ്‌ ലൈന്‍ അതായിരുന്നു.(അസീസ്‌ സാറിന്റെ സ്ട്രൈറ്റ്‌ ലൈന്‍ അതായിരുന്നില്ല).ക്ലാസ്സിലിരിക്കുന്നവരെല്ലാം തനി പൊട്ടന്മാര്‍ ആയതിനാലോ അതല്ല അസീസ്‌ സാറിന്റെ ക്ലാസ്സ്‌ അവര്‍ക്കും മനസ്സിലാവാത്തതിനാലോ എന്നറിയില്ല എന്റെ പരിശുദ്ധ മണ്ടന്‍ ഉത്തരം കേട്ട്‌ ആരും ചിരിച്ചില്ല.ഞാന്‍ പറഞ്ഞത്‌ സാറും കേട്ടില്ല എന്ന് തോന്നുന്നു, അദ്ദേഹം ചോദ്യം ഇങ്ങനെ ആവര്‍ത്തിച്ചു.

"ദെന്‍ വാട്ടിസ്‌ എ സ്ട്രൈറ്റ്‌ ലൈന്‍?"

ഞാന്‍ പിന്നെ ഒന്നും പറയാതെ കുന്തം വിഴുങ്ങിയ പോലെ നിന്നു.മറ്റൊരുത്തനും തല പൊക്കാത്തതിനാല്‍ ചോദ്യം ചോദിച്ച്‌ സാറും കുഴഞ്ഞു.അവസാനം സാറ്‌ തന്നെ ഉത്തരം പറഞ്ഞു.

" സ്ട്രൈറ്റ്‌ ലൈന്‍ ഈസ്‌ അ ലൈന്‍ ദാറ്റ്‌ കാന്‍ ബീ എക്സ്പ്രെസ്സ്‌ഡ്‌ ഇന്‍ ദ ഫോം y = mX + C"

"എന്റമ്മോ...".ഞാന്‍ ഞെട്ടി.ആദ്യാമായിട്ടായിരുന്നു ഞാന്‍ ആ നിര്‍വ്വചനം കേള്‍ക്കുന്നത്‌.

വളയാതെ വരക്കുന്ന എല്ലാ വരകളേയും ഇങ്ങനെ സൂത്രവാക്യത്തില്‍ തളക്കുന്ന ഈ പരിപാടി എനിക്ക്‌ യോജിച്ചതല്ല എന്ന ബോധോദയത്തില്‍ അന്ന് ഞാന്‍ അസീസ്‌ സാറിന്റെ ക്ലാസ്സില്‍ നിന്നിറങ്ങി.പിന്നെ പ്രീഡിഗ്രിയുടെ മാത്‌സ്‌ ക്ലാസ്സില്‍ ഞാന്‍ കയറിയിട്ടില്ല.

(തുടരും..)

Wednesday, October 15, 2008

ഈ സ്വഭാവം ശരിയോ തെറ്റോ?

വീട്ടില്‍ നിന്നും ഊണ്‌ തയ്യാറാക്കി കൊണ്ടുപോകലാണ്‌ എന്റെ പതിവ്‌.കോളേജിലെവിവിധ തിരക്കുകള്‍ക്കിടയില്‍ മിക്ക ദിവസങ്ങളിലും ഒന്നരക്ക്‌ ശേഷമേ ഊണ്‍കഴിക്കാന്‍ സാധിക്കാറുള്ളൂ.സഹപ്രവര്‍ത്തകരായ സുജിത്തും(പേരാമ്പ്ര)രാജനും(കാസര്‍ഗോഡ്‌) മിക്ക ദിവസങ്ങളിലും ഊണ്‍ കഴിക്കാന്‍ എന്റെ കൂടെയുണ്ടാകും. പൊതുവെ മധുരം കൂടിയ ഭക്ഷണ പദാര്‍ത്ഥങ്ങളോട്‌ എനിക്ക്‌ ഇഷ്ടമില്ല.എരിവുള്ള ഭക്ഷണമാണ്‌ കൂടുതല്‍ പ്രിയം.അതിനാല്‍ തന്നെ എന്റെ കറികളിലുംഉപ്പേരികളിലും എരിവ്‌ കൂടുതലായിരുന്നു.പോരാത്തതിന്‌ അച്ചാറും കൂട്ടും. സഹപ്രവര്‍ത്തകരില്‍ സുജിത്തിന്‌ മിതമായ എരിവ്‌ മതി.മിക്ക ദിവസങ്ങളിലുംതേങ്ങ അരച്ച കറിയാണ്‌ സുജിത്ത്‌ കൊണ്ടുവരാറ്‌.കോഴിക്കോട്ടുകാര്‍ പൊതുവെതേങ്ങ ഉപയോഗത്തില്‍ മുമ്പന്മാരുമാണ്‌.എന്നാല്‍ രാജന്‌ അല്‍പം പോലും എരിവ്‌ഇഷ്ടമില്ല.അല്ല,കൂട്ടാന്‍ പറ്റില്ല.അള്‍സര്‍ എന്ന രോഗം രാജനെ അലട്ടിക്കൊണ്ടിരിക്കുന്നു. ഇക്കഴിഞ്ഞ ദിവസം സാധാരണപോലെ ഞങ്ങള്‍ വൈകി ഊണ്‌ കഴിക്കാനിരുന്നു.പതിവ്‌ പോലെ രാജന്‍ ഭക്ഷണം ആദ്യം തിന്നു തീര്‍ത്തു.പിന്നാലെ ഞാനുംമുഴുവനാക്കി.ഭക്ഷണത്തിന്റെ അളവ്‌ കൂടുതലുള്ളതു കൊണ്ടോ സാവധാനംതിന്നുന്നതുകൊണ്ടോ എന്നറിയില്ല സുജിത്ത്‌ എന്നും അവസാനമാണ്‌ ഭക്ഷണം പൂര്‍ത്തിയാക്കാറ്‌. എന്റെ ഊണ്‌ കഴിഞ്ഞപ്പോള്‍ അല്‍പം മുമ്പേ തീറ്റ നിര്‍ത്തിയ രാജന്റെ പ്ലേറ്റിലേക്ക്‌ഞാന്‍ വെറുതേ ഒന്ന് നോക്കി.രാജന്റെ പാത്രത്തില്‍ ഭക്ഷണം ബാക്കി കിടക്കുന്നുണ്ടായിരുന്നു. "എന്താ രാജാ....ഭക്ഷണം മതിയാക്കിയത്‌?"ഞാന്‍ ചോദിച്ചു. "കറി അല്‍പം അധികമാണ്‌ സാര്‍....അതു കൊണ്ടാ...." "എന്നാലും ഒന്ന് കൂടി ശ്രമിക്കാമായിരുന്നില്ലേ?"ഞാന്‍ വീണ്ടും ചോദിച്ചു. "മതിയായി സാര്‍..." "ഇക്കഴിഞ്ഞ ദിവസം എനിക്ക്‌ വന്ന ഒരു ഇ-മെയില്‍ സന്ദേശം ഇതിനെപറ്റിയായിരുന്നു.നമുക്ക്‌ തിരഞ്ഞെടുക്കാന്‍ ഇഷ്ടമുള്ള ഭക്ഷണങ്ങള്‍....തിന്നാന്‍ ഇഷ്ടം പോലെ വിഭവങ്ങള്‍...കൂടുതല്‍ ഇഷ്ടപ്പെട്ടത്‌ തിരയാനും വാങ്ങാനുമുള്ള സൗകര്യങ്ങള്‍....എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, ലോക ജനസംഖ്യയുടെഎഴുപത്‌ ശതമാനത്തിലേറെ പേര്‍ ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതെവിശന്നു വലയുന്നു.ഭക്ഷണം പാഴാക്കുമ്പോളൊരു നിമിഷം അവരെക്കുറിച്ച്‌ആലോചിക്കുക." ഞാന്‍ രാജനെ ഓര്‍മ്മപ്പെടുത്തി(ഇത്‌ കേട്ട്‌ നിന്ന സുജിത്ത്‌പറഞ്ഞ വാക്കുകള്‍ ഞാനിവിടെ കുറിച്ചാല്‍ അത്‌ സ്വയം പൊക്കലാകും എന്നതിനാല്‍പറയാന്‍ ആഗ്രഹിക്കുന്നില്ല) പലരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ്‌ ഭക്ഷണം പാഴാക്കുന്ന ഈസ്വഭാവം.പാത്രത്തിനകത്തും പുറത്തും അല്‍പം ബാക്കിയില്ലെങ്കില്‍ അഭിമാനത്തിന്‌ ക്ഷതമാണ്‌ എന്ന് കരുതുന്നവരുണ്ട്‌.ഭക്ഷണം ഒട്ടും അവശേഷിപ്പിക്കാതെ പാത്രം വടിച്ച്‌ വൃത്തിയാക്കി തിന്നുന്നത്‌ ഒരിക്കലുംഅന്തസ്സിന്‌ കളങ്കം ചാര്‍ത്തില്ല.ചായയും മറ്റും കുടിക്കുമ്പോളും മുഴുവനായുംകുടിക്കുക.ഗ്ലാസ്സിന്റെ കാല്‍ ഭാഗത്തോളം ബാക്കി വയ്ക്കുന്നത്‌ പലരിലും കണ്ടു വരുന്ന ഒരു ദു:സ്വഭാവമാണ്‌.ഭക്ഷണ പാനീയങ്ങള്‍ ഇങ്ങനെ വേസ്റ്റാക്കുമ്പോള്‍ ,ഒരു പിടി അന്നത്തിനായി തെരുവ്‌പട്ടികളോട്‌ പോരാടുന്ന മനുഷ്യമക്കളെപ്പറ്റിഒരു നിമിഷം ആലോചിക്കുക.ശേഷം സ്വയം തീരുമാനിക്കുക - ഈ സ്വഭാവംശരിയോ തെറ്റോ എന്ന്.

Monday, October 13, 2008

'മേടിക്കല്‍ എഞ്ചിനീയര്‍'

പ്രീഡിഗ്രിക്ക്‌ ഞാന്‍ സെക്കന്റ്‌ ഗ്രൂപ്പായിരുന്നു എടുത്തിരുന്നത്‌.(പ്രീഡിഗ്രി എന്തെന്നറിയാത്തവര്‍ നാടോടിക്കാറ്റ്‌ പോയി കാണുക). "പഠിച്ച്‌ പഠിച്ച്‌ നീ ഒരു ഡോക്ടറാകുമ്പോള്‍ കുരച്ച്‌ കുരച്ച്‌ ഞാന്‍ വരുമ്പോള്‍.....(ബാക്കി ഓര്‍മ്മയില്ല)" എന്ന് ഏതോ ഒരുത്തി എന്റെ ഓട്ടോഗ്രാഫില്‍ എഴുതിയതു കൊണ്ട്‌ ഡോക്ടറാകാമെന്ന് കരുതിയല്ല ഞാന്‍ സെക്കന്റ്‌ ഗ്രൂപ്പ്‌ എടുത്തത്‌,മറിച്ച്‌ സെക്കന്റ്‌ ഗ്രൂപ്പ്‌ എടുത്താല്‍ ഫസ്റ്റ്‌ ഗ്രൂപ്പിലെ മാത്‌സ്‌ മാത്രം അഡീഷണലായി പഠിച്ച്‌ മെഡിക്കല്‍ എന്‍ട്രന്‍സും എഞ്ചിനീയറിംഗ്‌ എന്‍ട്രന്‍സും എഴുതി ഒരു 'മേടിക്കല്‍ എഞ്ചിനീയര്‍' ആവാം എന്ന ഏതോ ഒരു തുലയന്റെ വിദഗ്ദ ഉപദേശപ്രകാരമായിരുന്നു അത്‌. അങ്ങനെ തിരൂരങ്ങാടി PSMO കോളേജില്‍ ഞാന്‍ പ്രീഡിഗ്രി സെക്കന്റ്‌ ഗ്രൂപ്പിന്‌ ചേര്‍ന്നു.എല്ലില്ലാത്ത SSC ബുക്കില്‍ (ആ വര്‍ഷം മാത്രം SSLC ക്ക്‌ പകരം SSC ആയിരുന്നു.SSLC ബുക്ക്‌ ഒടിഞ്ഞു തൂങ്ങിയ ഒരു നീളന്‍ ബുക്കും) വാണ്ടറേര്‍സ്‌ സ്റ്റേഡിയത്തില്‍ ഇന്ത്യയെ വണ്ടറടിപ്പിച്ച ലോകകപ്പ്‌ ക്രിക്കറ്റ്‌ ഫൈനലിലെ ആസ്ത്രേലിയന്‍ ബാറ്റ്‌സ്‌മാന്മാരുടെ സ്കോര്‍ പോലെയായിരുന്നു SSLC ബുക്കില്‍ എന്റെ മാര്‍ക്ക്‌.അതിനാല്‍ തരുണീമണികള്‍ക്കും പഠിപ്പിസ്റ്റുകള്‍ക്കും മാത്രം ലഭിച്ചിരുന്ന മോര്‍ണിംഗ്‌ ബാച്ചില്‍ ഇരിക്കാന്‍ എനിക്ക്‌ ഭാഗ്യമുണ്ടായി. രാവിലെ എട്ടര മുതല്‍ ഉച്ചക്ക്‌ ഒരു മണി വരെയായിരുന്നു ഞങ്ങളുടെ ക്ലാസ്‌ സമയം.ഉച്ചയൂണും കഴിഞ്ഞ്‌ ഹോസ്റ്റല്‍ മുറിയില്‍ സുന്ദരമായി കൂര്‍ക്കം വലിച്ചുറങ്ങാന്‍ കിട്ടിയ അവസരം ഞാനൊരിക്കലും പാഴാക്കിയില്ല.ഉച്ചക്ക്‌ ശേഷം , നാരികളില്ലാത്ത ,നരികള്‍ മാത്രമുള്ള കാമ്പസില്‍ പോയി 'കൊട്ടാവി' (കോട്ടുവാ) ഇടുന്ന ഹോസ്റ്റലിലെ മറ്റ്‌ അന്തേവാസികളോട്‌ മോര്‍ണിംഗ്‌ ബാച്ചിലുണ്ടായിരുന്ന ഞങ്ങള്‍ക്ക്‌(ഞാന്‍,നൗഫല്‍,സുനില്‍,യാസിര്‍) സഹതാപം തോന്നി. അങ്ങനെ കാലം നീങ്ങുന്നതിനിടയിലാണ്‌ മാത്‌സ്‌ പഠിക്കുന്നതിനെപറ്റി ആര്‍ക്കോ വെള്ളിടി വന്നത്‌.ഒറ്റക്ക്‌ പഠിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ പഠിക്കാനുള്ള പോംവഴി ആലോചിച്ചു.ട്യൂഷന്‍ പണച്ചിലവുള്ള ഏര്‍പ്പാടായതിനാല്‍ ആരുടെ ചിന്തയും ആ വഴിക്ക്‌ പോയില്ല.അപ്പോഴാണ്‌ യാസിറിന്റെ തലയില്‍ ആ ഐഡിയ ഉദിച്ചത്‌ - ഉച്ചക്ക്‌ ശേഷം പ്രീഡിഗ്രി ഫസ്റ്റ്‌ ഗ്രൂപ്പിന്റെ മാത്‌സ്‌ ക്ലാസ്സില്‍ പോയിരിക്കുക!(An idea can change your life എന്നത്‌ എത്ര വാസ്തവം) അത്‌ നല്ലൊരു പദ്ധതിയായി ഞങ്ങള്‍ എല്ലാവരും ഐക്യകണ്ഠേന അംഗീകരിച്ചു.റഗുലറായി നടന്നുകൊണ്ടിരിക്കുന്ന ഒരു ക്ലാസ്സില്‍ ചെന്നിരിക്കുന്നതിനാല്‍ കാശിന്റെ മുടാക്കും ഇല്ല.പക്ഷേ അങ്ങിനെയങ്ങ്‌ കയറിച്ചെന്ന് ഇരിക്കാന്‍ ഇതെന്താ കേരള നിയമസഭയോ എന്ന സന്ദേഹം ഞങ്ങള്‍ക്ക്‌ ഉണ്ടായി. അന്നത്തെ കോളേജ്‌ പ്രിന്‍സിപ്പല്‍ യാസിറിന്റെ അമ്മാവന്‍ ആയിരുന്നതിനാല്‍ ആ വഴി ഒരു ശ്രമം നടത്താന്‍ ഞങ്ങള്‍ പ്രമേയം പാസ്സാക്കി.അതുപ്രകാരം യാസിറിന്റെ നേതൃത്വത്തില്‍ തന്നെ ഞങ്ങള്‍ പ്രിന്‍സിപ്പാളിന്റെ റൂമിലേക്ക്‌ ഒരു 'തെണ്ടി മാര്‍ച്ച്‌' നടത്തി.പഠിക്കാന്‍ ഇത്ര ഉത്സാഹം കാണിക്കുന്ന അനന്തിരവന്‍ അടക്കമുള്ള ഈ വിദ്യാര്‍ത്ഥികളെ എങ്ങനെ തിരിച്ചയക്കും എന്ന ധര്‍മ്മസങ്കടത്തില്‍ നിന്നൊലിച്ച കണ്ണീരില്‍ പ്രിന്‍സിപ്പല്‍ മൂക്കും കുത്തി വീണു. (തുടരും)

Wednesday, October 08, 2008

തെറ്റില്ലാത്ത തെറ്റ്‌!

ഞാന്‍ പണിതുകൊണ്ടിരിക്കുന്ന എന്റെ പുതിയ വീടിന്റെ സൈറ്റിന്‌ മുന്നിലൂടെ ഒരു പൊതുറോഡ്‌ കടന്നുപോകുന്നുണ്ട്‌.സ്ത്രീകളും കുട്ടികളും വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികളും തുടങ്ങീ എല്ലാവരും ടൗണിലേക്കുള്ള എളുപ്പ വഴിയായി ഈ റോഡ്‌ ഉപയോഗപ്പെടുത്തുന്നു.

മുമ്പ്‌ എന്റെ സൈറ്റിനും ഈ വഴിക്കും ഇടയില്‍ ഉയര്‍ന്ന ഒരു സൈറ്റ്‌ കൂടി ഉണ്ടായിരുന്നതിനാല്‍ എന്റെ സൈറ്റില്‍ നിന്നും റോഡിലേക്ക്‌ നേരിട്ട്‌ കാണുമായിരുന്നില്ല.അന്ന് ആ സൈറ്റ്‌ കാട്‌ മൂടി കിടന്നിരുന്നതിനാല്‍ എല്ലാ തരം വേസ്റ്റുകളുടേയും നിക്ഷേപസ്ഥാനം കൂടിയായിരുന്നു അത്‌.ഇന്ന് ആ സ്ഥലം അതിന്റെ ഉടമ ഇടിച്ചു നിരപ്പാക്കി മറ്റൊരു വീടിനുള്ള സൈറ്റാക്കി മാറ്റി.അതിനാല്‍ തന്നെ ഇപ്പോള്‍ എന്റെ വീടിന്റെ മുകളില്‍ കയറിയാല്‍ ആ റോഡില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും എനിക്ക്‌ നേരില്‍ കാണാം.

ഇന്ന് രാവിലെ ഞാന്‍ വീടിന്റെ പണിയുടെ പുരോഗതി നിരീക്ഷിക്കാന്‍ അതിന്‌ മുകളില്‍ കയറി.ഒരു പറമ്പിനപ്പുറം കടന്നുപോകുന്ന റോഡിലേക്ക്‌ വെറുതെ ഒന്ന് കണ്ണയച്ചു.

എന്റെ വീടിന്റെ അല്‍പം മാത്രം അകലെയുള്ള അനില്‍ റോഡിലൂടെ നടന്നു വരുന്നുണ്ടായിരുന്നു.അവന്‍ എന്നെ ശ്രദ്ധിച്ചിട്ടില്ല.വഴിയെ പോകുന്നവനെ വെറുതേ മാടിവിളിച്ച്‌ എന്റെ വീടാണിത്‌ എന്ന് തെളിയിക്കേണ്ട എന്നതിനാല്‍ ഞാന്‍ അവനെ വിളിച്ചില്ല.ഞാന്‍ എന്റേതായ സംഗതികള്‍ ചെയ്യാന്‍ തിരിഞ്ഞു.

അല്‍പം കഴിഞ്ഞ്‌ ഞാന്‍ വീണ്ടും റോഡിലേക്ക്‌ നോക്കിയപ്പോള്‍ അനില്‍ റോഡ്‌ സൈഡില്‍ മൂത്രമൊഴിച്ച്‌ എണീറ്റ്‌ പോകുന്ന കാഴ്ചയാണ്‌ ഞാന്‍ കണ്ടത്‌!

മൂത്രമൊഴിക്കുന്നത്‌ തെറ്റല്ല.പക്ഷേ അത്‌ പൊതുവഴിയില്‍ ഒഴിക്കുന്നത്‌ തെറ്റ്‌ തന്നെയാണ്‌. പൊതുവഴിയില്‍ രോഗാണുക്കള്‍ പെരുകാനും ദുര്‍ഗന്ധം വമിക്കാനും ഈ മലമൂത്ര വിസര്‍ജ്ജനം ഇടയാക്കുന്നു.പൊതുജനം ഉപയോഗിക്കുന്ന വഴി മലിനപ്പെടുത്താന്‍ പാടില്ല.നാം പലരും നിസ്സാരമായി കാണുന്ന ഇത്തരം സംഗതികള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്‌.

നമ്മുടെ സമൂഹത്തിന്റെ ഒരു പ്രതിനിധി മാത്രമാണ്‌ ഇവിടെ അനില്‍.അവന്‍ വീട്ടില്‍ നിന്നും പുറപ്പെട്ടിട്ട്‌ കൂടിയാല്‍ അഞ്ച്‌ മിനുട്ടേ ആയിട്ടുണ്ടാകൂ.അപ്പോള്‍ ഈ കാര്യം വീട്ടില്‍ തന്നെ സാധിച്ച്‌ ഇറങ്ങാമായിരുന്നു.എന്നിട്ടും....???

ദുര്‍ഗന്ധം വമിക്കുന്ന ഒരു വഴിയിലൂടെ കടന്നുപോകുന്നയാള്‍ ആ ദുര്‍ഗന്ധത്തിന്‌ കാരണമായവരെ പഴിക്കാതെ കടന്നുപോകില്ല.വെറുതേ പഴി കേള്‍ക്കണോ?അടുത്ത പ്രാവശ്യം മൂത്രമൊഴിക്കാനായി വാല്‌ പൊക്കുമ്പോളെങ്കിലും (സോറി,സിബ്‌ താഴ്ത്തുമ്പോളെങ്കിലും) ഒന്നാലോചിക്കുക.

Wednesday, October 01, 2008

സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും ഈദ്‌

ഞാന്‍ MSc രണ്ടാം വര്‍ഷത്തിന്‌ പൊന്നാനിയില്‍ പഠിക്കുന്ന സമയം.ഹോസ്റ്റലില്‍ കൂടുതലും മുസ്ലിം സുഹൃത്തുക്കളായിരുന്നു.ഹിന്ദു സഹോദരങ്ങളും ഇല്ലാതില്ല.

പെരുന്നാള്‍ തലേന്ന് യൂനിവേഴ്‌സിറ്റി പരീക്ഷ ആയതിനാല്‍ നോമ്പും നോറ്റ്‌ അത്‌ അറ്റെന്റ്‌ ചെയ്യേണ്ടി വന്നു.PG ക്ക്‌ മാത്രമല്ല Degree ക്കാര്‍ക്കും അന്ന് പരീക്ഷ ഉണ്ടായിരുന്നു.അതിനാല്‍ ഹോസ്റ്റലിലെ എല്ലാവരും പെരുന്നാള്‍ തലേന്ന് കോളേജില്‍ ഒത്തു കൂടി.

പരീക്ഷ കഴിഞ്ഞ്‌ എല്ലാവരും വേഗം വീടണയാനുള്ള തിരക്കിലായിരുന്നു.പരീക്ഷ ഉച്ചക്ക്‌ ശേഷമായിരുന്നതിനാല്‍ ആര്‍ക്കും വീട്ടിലെത്തി നോമ്പ്‌ തുറക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.

പൊന്നാനിയില്‍ നിന്നും മൂന്ന് മണിക്കൂര്‍ യാത്ര ചെയ്താലേ എനിക്ക്‌ വീട്ടിലെത്താന്‍ പറ്റൂ.അതിനാല്‍ നോമ്പ്‌ തുറക്കാനുള്ള ഈത്തപഴവും കരുതിയാണ്‌ പരീക്ഷക്ക്‌ ശേഷം ഞാന്‍ അന്ന് ബസ്സ്‌ കയറിയത്‌.

ഹോസ്റ്റലില്‍ എന്റെ അടുത്ത റൂമില്‍ താമസിക്കുന്ന കോമുവും എന്റെ അതേ റൂട്ടില്‍ കുറ്റിപ്പുറം വരെ ഞാന്‍ കയറിയ ബസ്സില്‍ കയറി.ആശയപരമായി ഞാനും കോമുവും രണ്ട്‌ തട്ടിലായിരുന്നു.അതിനാല്‍ തന്നെ പല കാര്യത്തിലും ഞങ്ങള്‍ക്കിടയില്‍ ഭിന്നത പതിവായിരുന്നു.

അന്ന് ബസ്സില്‍ വച്ചുണ്ടായ സംസാരത്തില്‍ നിന്ന് ഞാന്‍ നോമ്പ്‌ നോറ്റതായും ബസ്സില്‍ വച്ച്‌ തന്നെ നോമ്പ്‌ തുറക്കേണ്ടി വരും എന്നും കോമു മനസ്സിലാക്കി.അതുപ്രകാരം അവന്‍ എന്നോട്‌ ചോദിച്ചു.

"എന്നിട്ട്‌ നോമ്പ്‌ തുറക്കാന്‍ നീ ഒന്നും കരുതിയില്ലേ?"

"ങാ....എന്റെ കയ്യില്‍ ഈത്തപഴം ഉണ്ട്‌.."

"ഈത്തപഴം മാത്രമോ?"

"അതേ..."

ബസ്സ്‌ കുറ്റിപ്പുറം എത്തിയതും കോമു ധൃതിയില്‍ ചാടിയിറങ്ങി(കോമുവിന്‌ ഇറങ്ങേണ്ടത്‌ അവിടെ തന്നെയായിരുന്നു).അടുത്ത്‌ കണ്ട കടയിലേക്ക്‌ അവന്‍ ഓടി .ഒരു ഫ്രൂട്ടി ജൂസ്‌ പാക്കുമായി അവന്‍ തിരിച്ചു വന്ന്‌ എന്റെ നേരെ നീട്ടിക്കൊണ്ട്‌ പറഞ്ഞു.

"ഇതാ ഇതു വച്ചോ.....നോമ്പ്‌ നോറ്റവനെ നോമ്പ്‌ തുറപ്പിക്കുന്നതും നോമ്പ്‌ പോലെ പുണ്യം ലഭിക്കുന്ന കര്‍മ്മമാണ്‌"

ആശയപരമായി രണ്ട്‌ ധ്രുവങ്ങളിലായിട്ടും നോമ്പ്‌ നോറ്റവനെ ആദരിച്ച കോമുവിന്റെ ആ മനസ്സ്‌ എന്നെ ആകര്‍ഷിച്ചു.

ആശയങ്ങളും അഭിപ്രായങ്ങളും ഭിന്നമായിരിക്കാം.എങ്കിലും മുസ്ലിം സമുദായം ഒന്നിച്ച്‌ ഒരു ഈദുല്‍ഫിത്വര്‍ ആഘോഷിക്കുന്ന ഈ വേള വളരെ സന്തോഷകരമാണ്‌.ഈ ഐക്യം എന്നെന്നും കാത്തു സൂക്ഷിക്കാനും സഹോദരസമുദായങ്ങളിലേക്കും ഈ സാഹോദര്യത്തിന്റെ സന്ദേശം പകര്‍ന്നു നല്‍കാനും നമുക്ക്‌ സാധിക്കട്ടെ.ഇങ്ങനെ സ്നേഹവും ഐക്യവും ഊട്ടിയുറപ്പിക്കുന്നതാവട്ടെ നമ്മുടെ ഈ വര്‍ഷത്തെ ഈദ്‌ ആഘോഷം.

ബൂലോകര്‍ക്ക്‌ മുഴുവന്‍ ഈദാശംസകള്‍ നേരുന്നു.