Pages

Tuesday, April 28, 2009

അങ്ങനെയുള്ള 'വിഡ്ഢി' ചോദ്യങ്ങളൊന്നും ചോദിച്ചേക്കരുത്‌!!

കയ്യില്‍ ഘടകമോതിരങ്ങളും 'പേറി' ജയറാം പറയുന്നു - "അക്ഷയതൃതീയ ഐശ്വര്യം പൂര്‍ണ്ണമാവണമെങ്കില്‍ സ്വര്‍ണ്ണം പരിശുദ്ധമായിരിക്കണം". ഇന്നലെ ഒരു ജ്വല്ലറിയുടെ പരസ്യം പത്രത്തില്‍ വന്നത്‌ ഇങ്ങിനെയായിരുന്നു. "വര്‍ഷത്തിലുടനീളം ജീവിതത്തില്‍ ഐശ്വര്യ സൌഭാഗ്യങ്ങള്‍ നിറയ്ക്കുവാന്‍ പരിശുദ്ധിയും മനോഹാരിതയും സമന്വയിക്കുന്ന ആഭരണങ്ങളുമായി ------ജ്വല്ലറിയില്‍ ഇന്ന്‌ അക്ഷയതൃതീയ" മറ്റൊരു ജ്വല്ലറി പരസ്യം. "നിങ്ങളുടെ നല്ലെ നാളെക്കായി വരൂ...ഒറിജിനല്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങൂ.....അനശ്വരമായ ഐശ്വര്യത്തെ വരവേല്‍ക്കൂ.സ്പെഷല്‍ ഓഫര്‍ പണിക്കൂലിയില്‍ 50% ഇളവ്‌, പണിക്കുറവ്‌ ഇല്ല: ഇതും ഒരു ജ്വല്ലറി പരസ്യം. അക്ഷയതൃതീയ പ്രമാണിച്ച്‌ ഒന്നാമത്‌ പറഞ്ഞ ജ്വല്ലറി രാവിലെ എട്ടു മണിക്കും രണ്ടാമത്തേത്‌ എട്ടരക്കും മൂന്നാമത്തേത്‌ ഏഴരക്കും തുറന്ന്‌ പ്രവര്‍ത്തിക്കുന്നതാണ്‌ എന്നും പരസ്യം പറയുന്നു.തലേന്ന്‌ കട പൂട്ടുന്നില്ല എന്ന്‌ ആരും പറഞ്ഞില്ല(മണ്ടന്‍മാരെ..... അതിരാവിലെ തന്നെ ഞങ്ങള്‍ വിരിച്ച ഈ മഹാവലയിലേക്ക്‌ വലതുകാല്‍ വച്ച്‌ ഐശ്വര്യമായി മൂക്കും കുത്തി വീണ്‌ അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഐശ്വര്യം മുഴുവന്‍ മൂക്കിലൂടെ ആവാഹിക്കൂ എന്ന്‌ സാരം) തൊട്ടു തലേ ദിവസം ഒരു ജ്വല്ലറിയുടെ പരസ്യത്തില്‍ ഒരു പ്രത്യേക ക്ഷേത്രത്തില്‍ പൂജിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ ലഭ്യമാണ്‌ എന്നും കണ്ടു. "ഈ ഐശ്വര്യ നാള്‍ ഇന്‍ഡസിനൊപ്പം!INDUS അക്ഷയതൃതീയ ആശംസകള്‍....ഐശ്വര്യം നീണാള്‍ വാഴട്ടെ പുതുമാരുതിക്കൊപ്പം!" മുസ്ളീം ലീഗിണ്റ്റെ M P യായ പി. വി അബ്ദുല്‍വഹാബിണ്റ്റെ പീവീസ്‌ ഗ്രൂപ്പ്‌ കമ്പനിയില്‍ പെട്ട ഇന്‍ഡസ്‌ മോട്ടോഴ്സിണ്റ്റെ പരസ്യം!!! "Drive home prosperity this Akshayatritiya" എന്ന PVS ഫോര്‍ഡ് ണ്റ്റെ പരസ്യം തൊട്ടപ്പുറത്ത്‌ കസ്റ്റമറെ മാടിവിളിക്കുമ്പോള്‍ ബിസിനസ്‌ കാര്യത്തില്‍ തണ്റ്റെ മതവിശ്വാസവും നോക്കി നിന്നാല്‍ ഐശ്വര്യം കാക്കകൊത്തി കൊണ്ടുപോകും എന്ന 'തിരിച്ചറിവ്‌' ആയിരിക്കാം ഇന്‍ഡസിണ്റ്റെ ഈ പരസ്യത്തിണ്റ്റെ പിന്നില്‍. മനുഷ്യണ്റ്റെ ഓരോ ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും ചൂഷണം ചെയ്ത്‌ എങ്ങനെ തങ്ങളുടെ ബിസിനസ്‌ വര്‍ദ്ധിപ്പിക്കാം എന്ന്‌ മാര്‍ക്കറ്റ്‌ റിസര്‍ച്ച്‌ നടത്തി അതിനനുസരിച്ച്‌ പരസ്യം തയ്യാറാക്കി നല്‍കുന്ന വമ്പന്‍ റാക്കറ്റുകള്‍ ഇന്ന്‌ സജീവമാണ്‌.അതിണ്റ്റെ ഫലമായാണ്‌ മലയാളികള്‍ക്കിടയിലേക്ക്‌ വാലണ്റ്റൈന്‍ ദിനവും അക്ഷയതൃതീയയുമെല്ലാം പുത്തന്‍ ആഘോഷങ്ങളായി കടന്നുവന്നത്‌.ഏഴോ എട്ടോ വര്‍ഷം മുമ്പ്‌ വരെ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന ഇത്തരം ആഘോഷങ്ങളിലൂടെ തങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നു എന്ന്‌ പൊതുജനം എന്ന കഴുത മനസ്സിലാക്കുന്നില്ല. നടൂക്കഷ്ണം: അക്ഷയതൃതീയ പ്രമാണിച്ച്‌ എണ്റ്റെ അയല്‍വാസികളായ മറാത്ത കുടുംബത്തിന്‌ എന്തെങ്കിലും വാങ്ങിയില്ലെങ്കില്‍ നില്‍ക്കപ്പൊറുതിയും ഇരിക്കപ്പൊറുതിയും ഇല്ല എന്ന അവസ്ഥയിലായി.അങ്ങിനെ ഷോപ്പിങ്ങിനായി വൈകിട്ട്‌ അവര്‍ ടൌണിലേക്കിറങ്ങി.ഏറ്റവും ചെറിയ മോള്‍ക്ക്‌ മൂന്നര ഗ്രാമോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങി - വില അയ്യായിരത്തി എത്രയോ... ടൌണില്‍ നിന്നും തിരിച്ചുവന്ന അവരെ കണ്ട എണ്റ്റെ ഭാര്യ ചോദിച്ചു. "സര്‍ക്കീറ്റ്‌ കഴിഞ്ഞ്‌ എവിടുന്നാ?" "അക്ഷയതൃതീയ അല്ലേ...സ്വര്‍ണ്ണം വാങ്ങാന്‍ പോയിരുന്നു... " "ഈ വിലക്കയറ്റത്തിലും സ്വര്‍ണ്ണം വാങ്ങിയോ?" ഭാര്യക്ക്‌ അത്ഭുതം. "ആ...കൊറച്ച്‌ വാങ്ങി...മൂന്നര ഗ്രാമോളം...അയ്യായിരത്തി എത്രയോ ആയി...പൈസ കൊടുത്തിട്ടില്ല...നമ്മളറിയുന്ന ജ്വല്ലറിക്കാരാ....പൈസ സാവധാനം കൊടുത്താ മതി. " അക്ഷയതൃതീയ നാളില്‍ ഐശ്വര്യമാണ്‌ വരുന്നതെങ്കില്‍ കടം വാങ്ങേണ്ട ഗതികേട്‌ ഉണ്ടാകുമായിരുന്നോ?വിശ്വാസപ്രകാരം ഇനി ഒരു വര്‍ഷത്തേക്ക്‌ ഐശ്വര്യവും കടമായി തന്നെ നില്‍ക്കില്ലേ?ഈ അക്ഷയതൃതീയയില്‍ കടം വാങ്ങേണ്ടി വന്നു എന്ന്‌ വച്ചാല്‍ കഴിഞ്ഞ അക്ഷയതൃതീയയില്‍ വാങ്ങിയ 'ഐശ്വര്യം' വര്‍ഷം തികയുന്നതിന്‌ മുമ്പ്‌ അലസിപ്പോയി എന്നല്ലേ? അങ്ങനെയുള്ള 'വിഡ്ഢി' ചോദ്യങ്ങളൊന്നും ചോദിച്ചേക്കരുത്‌!! വാല്‍കഷ്ണം: അക്ഷയതൃതീയ നാളില്‍ പവനിന്‌ 250രൂപ വില വര്‍ദ്ധനവ്‌ വന്നു!തലേന്ന് വിപണി പ്രവര്‍ത്തിക്കാത്തതിനാല്‍ പാവം പൊതുജനത്തിന്‌ ഈ സൂത്രവും മനസ്സിലായില്ല.

Wednesday, April 22, 2009

അമ്മയുടെ സ്നേഹം

അച്ഛനും മകനും നല്ല 'ലോഡില്‍'ആയതിനാലായിരുന്നു അന്ന്‌ആ വീട്ടില്‍ അങ്ങിനെയൊക്കെ സംഭവിച്ചത്‌. മകനെ പൊതിരെ തല്ലുന്ന അച്ഛണ്റ്റെ കൈ പിടിക്കാന്‍ ഞാന്‍ ആവത്‌ ശ്രമിച്ചുനോക്കി. തല്ലു കിട്ടിയിട്ടും വായ അടക്കിവയ്ക്കാതെ മകന്‍അച്ഛനെ പ്രകോപിച്ചുകൊണ്ടേ ഇരുന്നു. മകണ്റ്റെ തെറിവിളികേട്ട്‌ അമ്മ പറഞ്ഞു. "നീ ഒന്ന്‌ മിണ്ടാതിരിക്ക്‌ അനീ... " "ഹും.... ഈ കൊയഞ്ഞട്ടയുടെ തെറി മിണ്ടാണ്ടിരുന്ന്‌ കേള്‍ക്കാനോ?" "ഫ...മിണ്ടല്ലടാ -----ണ്റ്റെ മൊനേ..... മുനിസിപാലിറ്റി വെള്ളോം കുടിച്ച്‌ വന്ന്‌ ചെലക്കുന്നോ?" കയ്യില്‍ കിട്ടിയ ദണ്ഡൂമായിമകനെ അടിക്കാന്‍ വരുന്ന അച്ഛണ്റ്റെ കൈക്ക്‌ കയറി അമ്മ പിടിച്ചു. വാതമോ മറ്റോ കാരണം കാലങ്ങളായി കൈവേദന സഹിക്കുന്നഅമ്മക്ക്‌ ആ പിടുത്തം അധിക നേരം തുടരാനായില്ല. അച്ഛണ്റ്റെ ശക്തിക്ക്‌ മുന്നില്‍ അമ്മ കീഴടങ്ങി. "ആ കെളവന്‍ ഒന്നും ചെയ്യില്ല വിട്‌ അവനെ..."മകന്‍ പറഞ്ഞു. "നീ പൊയ്ക്കോ അനീ.... ഇല്ലെങ്കില്‍ തല്ല്‌ കിട്ടി നീ ചത്തുപോകും"അമ്മ കരഞ്ഞു പറഞ്ഞു. "ഈ ചെറ്റയെ പേടിച്ച്‌ പോകാനോ?"മകന്‍ 'വെള്ള'ത്തിണ്റ്റെ ബലത്തില്‍ ധൈര്യം പ്രകടിപ്പിച്ചു "എന്താടാ നീ വിളിച്ചത്‌?" അച്ഛണ്റ്റെ കൈ മകണ്റ്റെ മുഖത്ത്‌വീണ്ടും ആഞ്ഞു പതിച്ചു. "ഒന്ന്‌ പോ അനീ.....വേറെ എവിടെങ്കിലും പോയി ജീവിച്ചോ.. എന്തിനാ ഈ തെറിയും കേട്ട്‌ തല്ലും കൊണ്ട്‌ ഇവിടെ കഴിയുന്നത്‌?" മകണ്റ്റെ വസ്ത്രങ്ങള്‍ എടുത്ത്‌കൊടുത്തുകൊണ്ട്‌ അമ്മ വീണ്ടും കരഞ്ഞു പറഞ്ഞു. അവസാനം ഞാന്‍ മകനെ പിടിച്ച്‌ മെല്ലെ പുറത്താക്കി. ജനലിനടുത്ത്‌ അകത്തേക്ക്‌ നോക്കി നിന്ന മകണ്റ്റെ കീശയില്‍അമ്മ ഒരു നോട്ട്‌ നിക്ഷേപിച്ചു. അത്രയു നേരം താന്‍ താണ്‌ കേണ്‌ പറഞ്ഞിട്ടും കേള്‍ക്കാതിരുന്ന മകനെ ആ രാത്രി ഇറക്കിവിടുമ്പോള്‍ അമ്മയുടെ മനസ്സില്‍ അപ്പോഴും അവനെ പറ്റിയുള്ള ആകാംക്ഷയും അവനോടുള്ള സ്നേഹവും ഞാന്‍ ദര്‍ശിച്ചു. മകന്‍ എത്ര മോശപ്പെട്ടവനായാലും , തന്നെ ഒട്ടും അനുസരിക്കാത്തവനായാലും , കയര്‍ത്ത്ചാടുന്നവനായാലുംപെറ്റമ്മയുടെ സ്നേഹവായ്പ്‌ നിലനില്‍ക്കുക തന്നെ ചെയ്യും. കാക്കക്ക്‌ തന്‍കുഞ്ഞ്‌ പൊന്‍കുഞ്ഞ്‌ എന്ന ചൊല്ല്‌ എത്ര അര്‍ത്ഥവത്തം.

Monday, April 20, 2009

കുറുക്കന്റെ വോട്ട്‌

'ഒ...ഒടി.....ഒടിഞ്ഞ കാ....കാലു....കാലുമായി വന്ന് കു...കുറു....കുറുക്കനും വോട്ട്‌ ചെയ്തു!!!ആച്ചുമ്മാത്ത വാര്‍ത്ത വായിച്ച്‌ ഞെട്ടി. 'ന്റെ റബ്ബേ...ഞാനെത്താ ഈ ബായ്ച്ചെത്‌?'താന്‍ വായിച്ചത്‌ തെറ്റി പോയതാണെന്ന ധാരണയില്‍ ആച്ചുമ്മാത്ത മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന പേരക്കുട്ടി അബൂബക്കറിനെ വിളിച്ചു. "പോക്കരേ.....പോ..." "ബ്ര്‌ം ബ്ര്‌ം....എത്താ ....ബെല്ലിമ്മാ..." വണ്ടി സഡണ്‍ ബ്രേക്ക്‌ ഇടുന്ന പോലെ ഓടി വന്ന് അബൂബക്കര്‍ ചോദിച്ചു. "ഇതൊന്ന് ബായ്ചാ....ഇച്ച്‌ കണ്ണങ്ങട്ട്‌ സരിക്ക്‌ പുട്‌ച്ചാഞ്ഞ്‌ട്ട്‌ ബേറെ എത്തോന്നാ തോന്ന്‌ണേ..." "അതാ പറഞ്ഞെ....അസ്സരം സരിക്കും പട്‌ച്ചണം ന്ന്...രാക്ഷസതാ ക്ലാസ്സ്‌ന്‌ പോയ്‌ട്ട്‌ കദീസാത്താന്റെ മോളെ പ്രസവത്ത്‌നെ പറ്റിം കോയ്‌മെരുാക്കാന്റെ മോന്‍ ഗള്‍ഫ്ക്ക്‌ പോയേനെ പറ്റിം ള്ള കിസ്സിം പറഞ്ഞ്‌ ഇര്‌ന്ന അങ്ങനന്യാ...ഇങ്ങട്ട്‌ തെരി ആ പേപ്പറ്‌.." "ന്നാ...ഇജ്ജൊന്ന് ബായ്ച്ചാ ന്നാല്‌..."ആച്ചുമ്മാത്ത പേപ്പര്‍ പോക്കര്‌ന്റെ നേരെ നീട്ടി. പോക്കര്‌ തപ്പിത്തടഞ്ഞ്‌ പത്രം വായിക്കാന്‍ തുടങ്ങി. 'ഒ...ഒടി.....ഒടിഞ്ഞ കാ....കാലു....കാലുമായി വന്ന് കു...കുറു....കുറുക്കനും വോട്ട്‌ ചെയ്തു..." "ങേ!!!" പോക്കരും ഞെട്ടി. "ആര്‌ ബോട്ട്‌ ചെയ്ത്‌ന്നാ ജ്ജ്‌ ബായ്ച്ചേ...കുര്‍ക്കന്‍ ന്നന്യാ?" "ആ കുര്‍ക്കന്‍ ന്നന്നെ.." അപ്പോഴാണ്‌ ഞാന്‍ ഇലക്ഷന്‍ ഡ്യൂട്ടിയുടെ ക്ഷീണവും തീര്‍ത്ത്‌ അവിടെ എത്തിയത്‌. "എന്താ ആച്ചുമ്മാത്താ പത്രത്ത്‌ല്‌ തെരഞ്ഞ്‌ നോക്ക്‌ണേ....വോട്ട്‌ ചെയ്യാന്‍ പോയി കൊഴഞ്ഞ്‌ വീണ്‌ മരിച്ചവര്‍ ഇത്തവണയും ഭൂരിപക്ഷം നേടിയിട്ടുണ്ടാവും.." "അതൊന്നുമല്ല മാഷേ കത....ങള്‌ ഇതൊന്ന് ബായ്ച്ചോക്കി...കുര്‍ക്കനും ബോട്ടു ചെയ്തൂന്ന്`..." "ങേ...കുറുക്കന്‍ വോട്ടു ചെയ്യേ...?" ഞാനും ഞെട്ടി.ഞാന്‍ പോക്കരിന്റെ കയ്യില്‍ നിന്നും പത്രം വാങ്ങി വായിച്ചു. "ചെട്ട്യാലത്തൂര്‍....ചെട്ട്യാലത്തൂര്‍ ആദിവാസി കോളനിയിലെ നാല്‍പത്തി ഏഴാം നമ്പര്‍ ബൂത്തിലെ വോട്ടറായ കുറുക്കന്‍ ഒടിഞ്ഞ കാലുമായി വന്ന് വോട്ട്‌ ചെയ്തു.വോട്ടെടുപ്പിന്റെ തലേ ദിവസം മരത്തില്‍ നിന്ന് വീണാണ്‌ കുറുക്കന്റെ കാലൊടിഞ്ഞത്‌..." ഞാന്‍ വാര്‍ത്ത വായിച്ചു. "ഹ...ഹ...ഹാ...ആച്ചുമ്മാത്താ അതാണല്ലേ പ്രശ്‌നം..." "ആ....ഈ കുര്‍ക്കന്‍ ആ കുന്ത്രാണ്ടത്ത്‌ല്‌ ബോട്ട്‌ ചെയ്തത്‌ എങ്ങന്യാന്ന്` ച്ച്‌ ഒര്‌ പുടിം ക്‌ട്ട്‌ണ്‌ല്ല..." "ആച്ചുമ്മാത്താ..ഇത്‌ മനുഷ്യക്കുറുക്കനാ...." "ങേ!!മനുഷ്യക്കുറുക്കനോ?" "ആ...കുറുക്കന്‍ എന്ന് പേരായ മനുഷ്യന്‍....എന്റെ ബൂത്തിലും ഉണ്ടായിരുന്നു ഇതുപോലെ കുറേ പേരുകള്‍...പാറ്റ,അണലി,കുപ്പി അങ്ങനെ അങ്ങനെ..ആദിവാസികളുടെ പേര്‌ അങ്ങനെയാ...." "പോക്കരേ...പ്പം കേട്ടോ ജ്ജ്‌....സാച്ചരതാ ക്ലാസ്സ്‌ന്‌ പോയ്‌ട്ട്‌ കദീസാത്താന്റെ മോളെ പ്രസവത്ത്ന്റിം കോയ്മെരുക്കാന്റെ മോന്റെ ഗള്‍ഫ്‌ കിസ്സിം പറഞ്ഞ്‌ ഇര്‌ന്നാലും കൊയപ്പംല്ലാന്ന്‌ മന്‍സ്‌ലായ്‌ലേ....കുര്‍ക്കന്‍ ന്ന്‌ പറഞ്ഞാ മന്‌സനാന്ന് ബേറെ ന്നെ പട്‌ച്ചണം...മാഷേ ങക്ക്‌ നൂറ്‌ക്ക്‌ നൂറ്റൊന്നാ മാര്‍ക്ക്‌..."

Saturday, April 18, 2009

ആത്മാക്കള്‍ വോട്ട്‌ ചെയ്യുന്ന സ്ഥലം..!!!

"ചാണകക്കുണ്ട്‌ പഞ്ചായത്തിലെ ബൂത്ത്‌ നംബര്‍ 13-ലെ പ്രിസൈഡിംഗ്‌ ഓഫീസര്‍ ലംബോധരന്‍ ഇത്‌ വരെ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല...പരിസരത്ത്‌ എവിടെ എങ്കിലും അലഞ്ഞ്‌ തിരിഞ്ഞ്‌ നടക്കുന്നുണ്ടെങ്കില്‍ ഉടന്‍ കൗണ്ടറില്‍ എത്തി സാധനങ്ങള്‍ ഏറ്റുവാങ്ങേണ്ടതാണ്‌...."
മൈക്കില്‍ നിന്നുള്ള കര്‍ണ്ണകഠോര ശബ്ദം കേട്ടുകൊണ്ടാണ്‌ ലംബോധരന്‍ മാസ്റ്റര്‍ പോളിങ്ങ്‌സാമഗ്രി വിതരണ കേന്ദ്രത്തില്‍ എത്തിയത്‌.സഹ പോളിംഗ്‌ ആപ്പീസര്‍മാരെല്ലാം നേരത്തെ ഹാജരായിരുന്നതിനാല്‍ ലംബോധരന്‍ മാഷും പരിവാരങ്ങളും സാമഗ്രികളെല്ലാം മൊത്തമായി ഏറ്റുവാങ്ങി.തടസ്സമില്ലാത്ത സൂര്യധാര കഷണ്ടിത്തലയില്‍ ഏറ്റുവാങ്ങിക്കൊണ്ട്‌ സാമഗ്രികളെല്ലാം പറഞ്ഞതിലും കുറവാണെന്ന് ഒന്ന് കൂടി ഉറപ്പ്‌ വരുത്തിയ ശേഷം വണ്ടിക്കടുത്തേക്ക്‌ നീങ്ങി.

* * * * * * * * * * * *

"ഇതാണ്‌ നിങ്ങള്‍ക്കനുവദിച്ച ബൂത്ത്‌.ആവശ്യമായ അസൗകര്യങ്ങളെല്ലാം ചെയ്യാന്‍ കഴിയുന്നത്‌ പോലെ ശ്രദ്ധിച്ചിട്ടുണ്ട്‌....ഇനി താങ്കളും പരിവാരങ്ങളും രണ്ട്‌ ദിവസത്തെ നരകയാതന അനുഭവിച്ച്‌കൊള്ളുക" എന്ന് റൂട്ട്‌ ഓഫീസര്‍ പറഞ്ഞില്ലെങ്കിലും പറഞ്ഞതായി തോന്നി.
കടവാവലുകളും പ്രാവുകളും നരിച്ചീറുകളും കൂട്‌കൂട്ടിയ ഇടിഞ്ഞ്‌വീഴാറായ ഒരു ലൈബ്രറി കെട്ടിടം....ആള്‍പെരുമാറ്റം ഇല്ലാത്തതിനാല്‍ മനുഷ്യജന്യ വൃത്തികേടുകള്‍ മാത്രം ഇല്ല...ഭാര്‍ഗവീനിലയത്തിന്റെ മറ്റൊരു പതിപ്പ്‌ തന്നെ.

പിറ്റെ ദിവസം പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനാവശ്യമായ ഇടം തേടി നടക്കുമ്പോളാണ്‌ ഒരശരീരി കേട്ടത്‌..."സമൃദ്ധമായ ഈ കാട്ടില്‍ പ്രകൃതിയുടെ വിളിക്ക്‌ ഉത്തരം നല്‍കാന്‍ സ്വാഗതം...!!!"

* * * * * * * * * * * * *

സമയം രാത്രി.ലംബോധരന്‍ മാഷും പരിവാരങ്ങളും പോളിംഗ്‌ ബൂത്ത്‌ ഒരുക്കുന്ന തിരക്കിലാണ്‌.അപ്പോഴാണ്‌ മൂന്ന് പേര്‍ ബൂത്തിലേക്ക്‌ കയറിവന്നത്‌.
"ഞങ്ങള്‍ .....സ്ഥാനാര്‍തിയുടെ പോളിങ്ങ്‌ഏജന്റ്‌മാരാണ്‌....ഒട്ടേറെ പരേതവോട്ടര്‍മാര്‍ ഉള്ള ബൂത്താണിത്‌...സ്വര്‍ഗ്ഗം പൂകിയ വോട്ടര്‍മാരുടെ ലിസ്റ്റ്‌ ഇതാ....സാറിന്‌ ഒരു റഫറന്‍സിന്‌...!!!!"

"ങേ...!!!ആത്മാക്കളും വോട്ട്‌ ചെയ്യാന്‍ വരികയോ...??"ലംബോധരന്‍ മാസ്റ്ററുടെ നെഞ്ചില്‍ ഒരു കൊള്ളിയാന്‍ മിന്നി.

"ങാ..അത്‌ നിങ്ങള്‍ തന്നെ വച്ചോളൂ....പരേതന്മാര്‍ വരുമ്പോള്‍ ഒന്നറിയിച്ചേക്കണം..."

അല്‍പം കഴിഞ്ഞ്‌ മറ്റൊരു സംഘം വന്നു.അവരില്‍ നേതാവ്‌ എന്ന് തോന്നിക്കുന്ന ആള്‍ പറഞ്ഞു.
"ഞാന്‍ ഈ വാര്‍ഡിലെ സ്ഥാനാര്‍ഥി - C.K കശ്മലന്‍...ഇതെന്റെ സഹായികള്‍..സാറന്മാരെയെല്ലാം ഒന്ന് വെറുതെ കാണാന്‍ വന്നതാ...വിശദമായി നാളെ സംസാരിക്കാം...വരട്ടെ.."

"ശ്ശൊ..പേര്‌ പോലെ തന്നെ ഒരു കശ്മലന്‍. "ശ്വാസം നേരെവിട്ടുകൊണ്ട്‌ മാഷ്‌ മന്ത്രിച്ചു.

കുറച്ച്‌ കഴിഞ്ഞ്‌ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ വന്നു."സാര്‍...വാതിലും ജനലുമെല്ലാം ഭദ്രമായി കുറ്റിയിട്ട്‌ കിടക്കണം..ബൂത്ത്‌ ആക്രമണം ഉണ്ടായേക്കുമെന്ന് രഹസ്യറിപ്പോര്‍ട്ടുണ്ട്‌..രാത്രി എന്ത്‌ സംഭവിച്ചാലും ഞങ്ങളെ ശല്ല്യം ചെയ്തേക്കരുത്‌...ഗുഡ്‌ നൈറ്റ്‌..."

* * * * * * * * * * *

പോളിംഗ്‌ ദിനം...വോട്ടര്‍മാര്‍ ബൂത്തിന്‌ മുന്നില്‍ അണിനിരന്നു.ലംബോധരന്‍ മാഷ്‌ വെറുതേ ഒന്ന് പുറത്തേക്ക്‌ നോക്കി..
"കശ്മലനും സംഘവും പുറത്തുണ്ട്‌...പരേതരുടെ ലിസ്റ്റുമായി ഒരു സംഘം അകത്തും....ബൂത്ത്‌ പിടുത്തക്കാര്‍ വല്ലതും...." മാസ്റ്ററുടെ ചിന്ത കാടുകയറാന്‍ തുടങ്ങി.

"24. പാറ്റ..." ഒന്നാം പോളിംഗ്‌ ഓഫീസര്‍ ഉച്ചത്തില്‍ വിളിച്ചു.

"ങേ...!!" ലംബോധരന്‍ മാസ്റ്റര്‍ ആദ്യത്തെ ഞെട്ടല്‍ രേഖപ്പെടുത്തി.പിന്നാലെ പരേതരുടെ ലിസ്റ്റുമായി ഒരുവന്‍ എണീറ്റ്‌ നിന്നു.

"സാര്‍...ഈ പാറ്റ മരിച്ച്‌പോയിരിക്കുന്നു!!!"

"ങേ...!!" ലംബോധരന്‍ മാസ്റ്റര്‍ വീണ്ടും ഞെട്ടി.'ആത്മാക്കള്‍ വോട്ട്‌ ചെയ്യാന്‍ വന്ന് തുടങ്ങി"ലംബോധരന്‍ മാസ്റ്റര്‍ ആത്മഗതം ചെയ്തു.

"സാര്‍...ഇവരെ വോട്ട്‌ ചെയ്യാന്‍ അനുവദിക്കരുത്‌...ഈ പാറ്റയല്ല ആ പാറ്റ..."

"അവരെ വോട്ട്‌ ചെയ്യാന്‍ അനുവദിക്കണം...അവരുടെ പേര്‍ പാറ്റ തന്നെയാണ്‌..."

"പറ്റില്ല...ഇവര്‍ കള്ളവോട്ട്‌ ചെയ്യാന്‍ വന്നതാണ്‌....ഇവരെ അറസ്റ്റ്‌ ചെയ്യണം..."

ബൂത്ത്‌ ശബ്ദമുഖരിതമാകാന്‍ തുടങ്ങിയതോടെ ലംബോധരന്‍ മാസ്റ്റര്‍ പാറ്റയെ അടുത്തേക്ക്‌ വിളിച്ചു.
"ഭര്‍ത്താവിന്റെ പേരെന്താ?"
"മുതല"
"ങേ....!!!"ലംബോധരന്‍ മാസ്റ്റര്‍ ഞെട്ടി.
"ശരി ശരി.....അച്ചന്റെ പേരെന്താ?"
"കരിമൂര്‍ഖന്‍.."
"ദൈവമേ....!! കാക്കണേ...!!!!.വെള്ളം...വെള്ളം...."
'പ്ധിം..'ലംബോധരന്‍ മാസ്റ്റര്‍ മറിഞ്ഞ്‌ വീണു.ബോധം തിരിച്ച്‌ കിട്ടുമ്പോള്‍ ലംബോധരന്‍ മാസ്റ്റര്‍ ചാണകക്കുണ്ടില്‍ നിന്നും തിരിച്ച്‌ കയറിയിരുന്നു.

* * * * * * * * * *

Monday, April 13, 2009

ഇന്ത്യ എത്ര സുന്ദരമാകുമായിരുന്നു

ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യ ഒരു പൊതുതിരഞ്ഞെടുപ്പിണ്റ്റെ ആദ്യ ഘട്ടത്തിണ്റ്റെ അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്‌.മുന്നണികള്‍ പലതും രൂപീകരിച്ചും മുന്നണിക്കുള്ളില്‍ മുന്നണി ഉണ്ടാക്കിയുമുള്ള രാഷ്ട്രീയ നാടകങ്ങള്‍ എല്ലാ തിരഞ്ഞെടുപ്പിലേയും പോലെ ഇത്തവണയും ഉണ്ട്‌.സ്വന്തം പാര്‍ട്ടി സീറ്റ്‌ നല്‍കാതിരുന്നപ്പോള്‍ മറുകണ്ടം ചാടി ഭാഗ്യപരീക്ഷണം നടത്തുന്നവരും ഇത്തവണ കുറവല്ല.ഒരേ മുന്നണിയില്‍ തന്നെ രണ്ടാഴ്ച മുമ്പ്‌ വരെ നേതാക്കള്‍ പരസ്പരം പോരടിച്ചതും ഇപ്പോള്‍ പരസ്പരം ഒന്നുമുരിയാടാതെ ഇരിക്കുന്നതും പ്രബുദ്ധരായ കേരളത്തിലെ വോട്ടര്‍മാര്‍ക്ക്‌ മുമ്പിലാണ്‌.മാസങ്ങള്‍ക്ക്‌ മുമ്പ്‌ വരെ സ്വന്തം മുന്നണിയിലെ ഒരു പാര്‍ട്ടി വര്‍ഗ്ഗീയകക്ഷിയാണെന്ന്‌ വിളിച്ചു കൂവിക്കൊണ്ട്‌ നടന്ന ഒരു നേതാവ്‌ അതേ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന്‌ നാട്‌ തെണ്ടുന്ന കാഴ്ചയും മലയാളികള്‍ കാണുന്നു.വര്‍ഗ്ഗീയ-ഫാഷിസ്റ്റ്‌ കക്ഷികളുടെ സ്ഥാനാര്‍ഥികളായി മുമ്പ്‌ മത്സരിച്ചിരുന്ന ചിലര്‍ക്ക്‌ 'മനം മാറ്റം' വന്നതും ഈ തെരഞ്ഞെടുപ്പോട്‌ കൂടി തന്നെയാണ്‌.ഒരു മുന്നണിയിലും എടുക്കാതെ ഗതികിട്ടാതായപ്പോള്‍ ഇരുപത്‌ സീറ്റിലും മത്സരിക്കും എന്ന്‌ വീമ്പിളക്കി നാലിലൊന്ന്‌ സീറ്റില്‍ മാത്രം സ്ഥാനാര്‍ഥികളെ നിര്‍ത്തി ഒരു പാര്‍ട്ടിക്ക്‌ സ്വയം ഒതുങ്ങേണ്ടി വന്നതും നമ്മുടെ കണ്‍മുമ്പിലാണ്‌. ഒരു സീറ്റിന്‌ വേണ്ടി അഥവാ അധികാരത്തിണ്റ്റെ അപ്പക്കഷ്ണത്തിന്‌ വേണ്ടി, താന്‍ ഇതുവരെ പിന്തുടര്‍ന്ന്‌ വന്നിരുന്ന ആദര്‍ശവും നയവും വലിച്ചെറിഞ്ഞ്‌ നേരെ എതിര്‍പാളയത്തില്‍ അഭയം പ്രാപിക്കുന്ന ഈ കപടമുഖങ്ങളെ നാം ഇനിയും എന്ത്‌ കൊണ്ട്‌ തിരിച്ചറിയുന്നില്ല?ഇത്തരം കപടനേതാക്കളെ ജനങ്ങള്‍ക്ക്‌ മുമ്പില്‍ വീര നേതാവായി എഴുന്നള്ളിപ്പിക്കുന്ന മുന്നണികളെ(അവരെ ഏത്‌ പേരില്‍ വിളിച്ചാലും)യും നാം എന്തുകൊണ്ട്‌ വിമര്‍ശിക്കുന്നില്ല?തെരഞ്ഞെടുപ്പിന്‌ ശേഷം തൂക്കുമന്ത്രിസഭ വന്നാല്‍ സ്വന്തം ലാഭത്തിന്‌ വേണ്ടി കളം മാറുന്ന, സ്വന്തം തന്ത്രങ്ങളുള്ള 'സ്വതന്ത്രന്‍മാര്‍'ക്ക്‌ മൂക്കുകയറിടാന്‍ നാം എന്തുകൊണ്ട്‌ ശ്രമിക്കുന്നില്ല? നാം തിരഞ്ഞെടുത്ത്‌ വിട്ട നേതാവിണ്റ്റെ പ്രവര്‍ത്തനം ഒന്നോ രണ്ടോ വര്‍ഷത്തിലൊരിക്കല്‍ വിലയിരുത്തി അവരെ തിരിച്ചുവിളിക്കാനുള്ള അധികാരം കൂടി ജനങ്ങള്‍ക്ക്‌ ഉണ്ടായിരുന്നുവെങ്കില്‍ ഇന്ത്യ എത്ര സുന്ദരമാകുമായിരുന്നു?

Saturday, April 11, 2009

പണാധിപത്യത്തിന്റെ കൊട്ടുകുരവ

എന്റെ വീട്‌ റോഡിന്റെ വക്കില്‍ തന്നെയല്ല,എന്നാല്‍ റോട്ടിലെ എല്ലാ ശബ്ദകോലാഹലങ്ങളും കേള്‍ക്കാവുന്ന ദൂരത്തിലാണ്‌.ഇലക്ഷന്‍കാലമായതിനാല്‍ റോട്ടില്‍ അനൗണ്‍സ്‌മന്റ്‌ ഒഴിഞ്ഞ സമയം ഇല്ല എന്ന് തന്നെ പറയാം. തട്ടുപൊളിപ്പന്‍ പാരഡികളുടെഈണം ഒരു നിമിഷം ശ്രദ്ധിക്കാതിരിക്കാന്‍ഒരു വോട്ടര്‍ക്കും സാധിക്കുകയുമില്ല.

പക്ഷേ എന്റെ കണ്ണ്‌ തള്ളിപ്പോയത്‌ഈ സ്ഥാനാര്‍ഥികളുടെയെല്ലാം സ്വത്ത്‌വിവരം പുറത്ത്‌ വിട്ടപ്പോളാണ്‌.പൊതുപ്രവര്‍ത്തകരായ ഇവര്‍ (ഏത്‌ പാര്‍ട്ടിക്കാരനായാലും) എങ്ങനെ ഇത്രയുംസമ്പാദിച്ചു എന്ന വിവരം കൂടി തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ ഇവരോട്‌ അന്വേഷിക്കാമായിരുന്നു.അത്‌ അന്വേഷിച്ചിട്ടുണ്ടെങ്കില്‍ പൊതുജനതാല്‍പര്യം മാനിച്ച്‌ ആ വിവരം കൂടി പുറത്ത്‌ വിടുകയും ചെയ്യാമായിരുന്നു.പുറത്ത്‌ വിടുന്നസ്വത്ത്‌ വിവരങ്ങളില്‍ അധികം പുറത്ത്‌ വിടാത്ത വിവരമായി ഒളിഞ്ഞിരിപ്പുണ്ട്‌ എന്നാണ്‌ പൊതുവെപറയാറ്‌.മുമ്പ്‌ ഒരു പരിധിവരെ അത്‌ശരിയായിരുന്നിരിക്കാം.പക്ഷേ ഇക്കാലത്ത്‌സ്വന്തം പേരിലുള്ളത്‌ മുഴുവന്‍ വെളിപ്പെടുത്തേണ്ടത്‌നിര്‍ബന്ധമായതിനാല്‍ ഈ വിവരങ്ങള്‍തൊണ്ണൂറ്‌ ശതമാനമെങ്കിലും ശരിയായിരിക്കുംഎന്ന് തന്നെ കരുതുന്നു.

എന്ന് വച്ചാല്‍ ഇന്ത്യന്‍ പാര്‍ലിമെന്റിലേക്ക്‌ മത്‌സരിക്കുന്നതില്‍ എഴുപത്‌ ശതമാനത്തിലേറെയും കോടീശ്വരന്മാരാണ്‌!!സാധാരണ മനുഷ്യനായി ജനിച്ച്‌ ജനപ്രതിനിധിയായിതന്നെ പിന്തുണക്കുന്ന ജനങ്ങളുടെ അത്രയും എണ്ണത്തിന്റെ പത്തിരട്ടിക്ക്‌ സമാനമായ സ്വത്ത്‌അഞ്ചുവര്‍ഷം കൊണ്ട്‌ 'സേവനതിലൂടെ'കൈക്കലാക്കിയ ഇവര്‍ക്ക്‌ അടുത്ത തെരഞ്ഞെടുപ്പിലുംമത്‌സരിക്കാന്‍ താല്‍പര്യം ഇല്ലെങ്കിലല്ലേഅത്‌ഭുതമുള്ളൂ.

ജനാധിപത്യം പണാധിപത്യമായി മാറുന്ന വിവിധ കാഴ്‌ചകളാണ്‌ നാം നമ്മുടെകണ്മുമ്പില്‍ കണ്ടുകൊണ്ടിരിക്കുന്നത്‌.ലക്ഷങ്ങള്‍ പൊടിപൊടിക്കുന്ന ഇലക്ഷന്‍ മഹാമഹങ്ങള്‍ അരങ്ങേറുമ്പോള്‍സ്വാഭാവികമായും എന്റെ ഉള്ളില്‍ ഉയരുന്നചോദ്യം ഇതാണ്‌.ജയിച്ചാല്‍ ഈ ചെലവ്‌പലിശ സഹിതം തിരിച്ചുപിടിക്കാനുള്ള എല്ലാ അവസരവും അവന്‍ വിനിയോഗിക്കില്ലേ?കാത്തിരുന്ന് കാണാം അല്ലേ?

Thursday, April 02, 2009

ബാലേട്ടനും മക്കളും -5

എണ്റ്റെ ഈ പോസ്റ്റിന്‌ ശേഷം ഞാന്‍ അതീവ സന്തോഷവാനായിരുന്നു. കാരണം ബാലേട്ടണ്റ്റെ വീട്ടില്‍ നിന്ന്‌ പിന്നീട്‌ അപസ്വരങ്ങള്‍ ഒന്നും കേള്‍ക്കാതെയായി. പക്ഷേ എണ്റ്റെ പ്രതീക്ഷകള്‍ തെറ്റിച്ചുക്കൊണ്ട്‌, ഇക്കഴിഞ്ഞ ശനിയാഴ്ച ആ വീട്ടില്‍ നിന്നും ഉയര്‍ന്ന ശബ്ദങ്ങള്‍ ഇനി ഒരിക്കലും ആരും കേള്‍ക്കാന്‍ കൊതിക്കാത്തവയായിരുന്നു. എല്ലാ പ്രാവശ്യത്തേയും പോലെ അന്നും എണ്റ്റെ ഭാര്യയാണ്‌ ആദ്യം ശബ്ദം കേട്ടത്‌. സംശയം തോന്നി അവള്‍ പുറത്തിറങ്ങി നോക്കി.അയല്‍വാസികള്‍ ഒന്നടങ്കം പുറത്ത്‌ നില്‍ക്കുന്നതാണ്‌ അവള്‍ കണ്ടത്‌. "ഓടി വരീ...." ഭാര്യ എന്നെ വിളിച്ചു. "എന്താ പ്രശ്നം ?" മുമ്പത്തെ പ്രശ്നത്തില്‍ തന്നെ മധ്യസ്ഥത വഹിക്കാന്‍അനുഭവിച്ച കഷ്ടപാട്‌ ഓര്‍ത്ത്‌ ഞാന്‍ ചോദിച്ചു. "അവിടെ അകത്ത്‌ ഭയങ്കര അടി....അയാള്‍ മാത്രമേ അകത്തുള്ളൂ... "തൊട്ടടുത്ത അയല്‍വാസിയായ മറാത്തക്കാരനെ ചൂണ്ടി ഭാര്യ പറഞ്ഞു. ഉടന്‍ ഞാനും ഇറങ്ങി പുറപ്പെട്ടു. "എടാ...----------ണ്റ്റെ മോനെ.... മുനിസിപ്പാലിറ്റി വെള്ളം കുടിച്ച്‌ വന്ന്‌ ചെലക്കുന്നോ?" വെള്ളമടിച്ച്‌ വന്ന മകനെ നോക്കി അതേ അവസ്ഥയിലുള്ള അച്ഛന്‍ പറയുന്നു!! "ഫൂ...ചെറ്റേ...മുനിസിപ്പാലിറ്റി വെള്ളം കുടിച്ചത്‌ നീ തന്നെയാ.. "അച്ഛണ്റ്റെമുഖത്ത്‌ നോക്കി മകണ്റ്റെ ഉത്തരം. "എന്തെടാ നീ വിളിച്ചെ?" ഒരാക്രോശത്തോടെ അച്ഛണ്റ്റെ കൈ പ്രയോഗം മകണ്റ്റെ കരണത്ത്‌. തടുക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും അത്‌ കൊള്ളാനായിരുന്നുമകണ്റ്റെ വിധി. "നീ എന്നെ അടിക്കുന്നോ പ------......ഒറ്റ ചവിട്ടിന്‌ നിന്നെ ഞാന്‍..... " ചാടി എണീറ്റ്‌ മകന്‍ അച്ഛനെ ചവിട്ടാനാഞ്ഞു. അച്ഛന്‍ അല്‍പം ദൂരെ ആയതിനാല്‍ ചവിട്ട്‌ വായുവില്‍ അലിഞ്ഞു. "എടാ...നീ മാഷെയാണ്‌ ചവിട്ടിയത്‌.. " ബഹളത്തിനിടയില്‍ എനിക്കാണ്‌ ചവിട്ട്‌ കിട്ടിയത്‌ എന്ന ധാരണയില്‍ അമ്മ മകനെ ഓര്‍മ്മപ്പെടുത്തി. "അനീ....ഒന്ന്‌ മിണ്ടാതിരി..." ഞാന്‍ മകനോടായി പറഞ്ഞു. "ഉം...മിണ്ടാതിരിക്കാനോ...കുത്തി കുടലെടുക്കും ഞാന്‍ കെളവണ്റ്റെ... " പ്രയോഗങ്ങള്‍ എന്നെ ഭയപ്പെടുത്തുന്നതിനിടയില്‍ അച്ഛന്‍ തിരിഞ്ഞുംമറിഞ്ഞും നോക്കി അടുക്കളയിലേക്ക്‌ പോയത്‌ എന്നെ കൂടുതല്‍ പരിഭ്രാന്തനാക്കി. കയ്യില്‍ ഒരു മുട്ടന്‍ വടിയുമായി അടിക്കാന്‍ ഓങ്ങി വരുന്ന അച്ഛണ്റ്റെ കൈ ഞാനും അമ്മയും കൂടി പിടിച്ചുവച്ചു. അച്ഛനും മകനും നിര്‍ത്താന്‍ തയ്യാറില്ലാത്തതിനാല്‍ എന്ത്‌ ചെയ്യണമെന്നറിയാതെ ഞാന്‍ പരുങ്ങി. അവസാനം ഒരുവിധത്തില്‍ ഞാന്‍ മകനെ എഴുന്നേല്‍പ്പിച്ച്‌ അമ്മയെക്കൊണ്ട്‌പിടിപ്പിച്ച്‌ വീടിന്‌ പുറത്താക്കി. ഒരാളെ അയാള്‍ താമസിക്കുന്ന വീട്ടില്‍ നിന്നും പുറത്താക്കേണ്ട ഗതികേട്‌വന്നതില്‍ എനിക്ക്‌ ദു:ഖം തോന്നി. പക്ഷേ അന്ന്‌ ഞാന്‍ അത്‌ ചെയ്തില്ലായിരുന്നുവെങ്കില്‍ ആ വീട്ടില്‍ നിന്നും പുറത്തുപോകുന്നത്‌ ജീവനില്ലാത്ത ഒരു ശരീരമായേക്കാം. മദ്യത്തിണ്റ്റെ വിളയാട്ടം ഒരു കുടുംബം തകര്‍ക്കുന്നത്‌ കാണാന്‍ അന്ന്‌ എണ്റ്റെ രണ്ട്‌ മക്കളും അയല്‍പക്കത്തെ പിഞ്ചുമക്കളും ഉണ്ടായിരുന്നു. LKG -ക്കാരിയായ എണ്റ്റെ ചെറിയമകള്‍ അന്ന്‌ ഉറങ്ങാന്‍ കിടക്കുമ്പോള്‍, രാത്രി ഈ ഭീകരദൃശ്യങ്ങള്‍ അവളുടേ മുമ്പില്‍ ഇനിയും പ്രത്യക്ഷപ്പെടുമോ എന്ന ഭീതിയായിരുന്നു എണ്റ്റെഭാര്യക്ക്‌. മദ്യവും മയക്കുമരുന്നും തീണ്ടാത്ത കുടുംബങ്ങള്‍ എത്ര ഭാഗ്യവാന്‍മാര്‍.