ഞങ്ങളുടെ സ്‌കൂളിൽ എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയാണുണ്ടായിരുന്നത്. ഏഴാം ക്ലാസ് വരെ മൂർക്കനാട്ടും എടവണ്ണയും അരീക്കോട്ടും തോട്ടുമുക്കത്തും എല്ലാം ഉള്ള വിവിധ സ്‌കൂളുകളിൽ പഠിച്ച് വരുന്നവരാണ് പലരും.അതിനാൽ എട്ടാം തരത്തിൽ എത്തുമ്പോൾ മിക്കവർക്കും എല്ലാവരും അപരിചിതരായിരിക്കും.എന്നാൽ മൂർക്കനാട് യു.പി യിൽ പഠിച്ച് വരുന്നവർ നേരത്തെ ഒരു സെറ്റ് ആയിട്ടും ഉണ്ടാകും.ക്രമേണ ക്രമേണ അപരിചിത്വം മാറി എല്ലാവരും കൂട്ടുകാരാകും.
ഞങ്ങളുടെ ക്ലാസ്സിലെ പുതിയ അപരിചിതരിൽ പ്രധാനിയായിരുന്നു അജ്മൽ. അജ്മലിന്റെ വാപ്പ മൂർക്കനാട് യു.പി സ്‌കൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്നതിനാൽ പലർക്കും അജ്മലിനെ നേരത്തെ അറിയാം. അദ്ധ്യാപകന്റെ മകൻ ആയതിനാൽ പഠനത്തിൽ അജ്മൽ മുന്നിലായിരുന്നു.ഞങ്ങളുടെ ക്ലാസ്സിലെ ടോപ് സ്കോററും അജ്മൽ തന്നെയായിരുന്നു.പരീക്ഷക്ക് അവന്റെ പേപ്പറിലേക്ക് നോക്കി ഉത്തരം എഴുതൽ ആയിരുന്നു അവന്റെ നാല് ഭാഗത്തും ഇരിക്കുന്നവരുടെ മെയിൻ പരിപാടി.അജ്മലിന്റെ അയലത്ത് സീറ്റ് കിട്ടാത്തവർക്ക് ഇത് അസൂയക്ക് കാരണമായി.
അജ്മലിന്റെ അടുത്ത് സീറ്റ് കിട്ടിയ ഒരു ഭാഗ്യവാനായിരുന്നു ഞാൻ.എന്റെ തൊട്ടപ്പുറത്താണ് അബു ഇരുന്നിരുന്നത്.അവൻ ആ ക്ലാസ്സിൽ രണ്ടാം തവണയായിരുന്നു.മുമ്പത്തെ ചില ക്ലാസ്സുകളിലും ഒന്നിലധികം വർഷം ഇരുന്ന പരിചയമുള്ളതിനാൽ അബുവിന് ഞങ്ങളെക്കാൾ വലിപ്പവും ശക്തിയും ധൈര്യവും എല്ലാം ഉണ്ടായിരുന്നു.അതിനാൽ തന്നെ അവൻ പറയുന്നത് അനുസരിക്കാൻ ഞങ്ങളിൽ പലരും നിർബന്ധിതരായിരുന്നു.
പരീക്ഷയുടെ ഉത്തരപേപ്പർ കാണിച്ച് കൊടുക്കുക,മാഷ് ചോദ്യം ചോദിക്കുമ്പോൾ പിന്നിൽ നിന്നും ഉത്തരം പറഞ്ഞ് കൊടുക്കുക,ഇരുപതിലധികം തവണ ഇമ്പോസിഷൻ കിട്ടിയാൽ എഴുതാൻ സഹായിക്കുക,ഹോം വർക്ക് കോപ്പി അടിക്കാൻ കൊടുക്കുക തുടങ്ങീ വളരെ ലളിതമായ ആവശ്യങ്ങളേ അബു ഉന്നയിക്കാറുള്ളൂ.ഇതിന് പ്രതിഫലമായി പലപ്പോഴും ഒരു ശർക്കര ആണിയുടെ കഷ്ണം തരികയും ചെയ്യും.അബുവിന്റെ മടിക്കുത്തിൽ എപ്പോഴും ഒരു ശർക്കരയാണിയെങ്കിലും ഉണ്ടാകും.വീട്ടിൽ നിന്ന് കൊണ്ടുവരുന്നതാണ് എന്നാണ് അവൻ പറയുന്നതെങ്കിലും സംഗതി ചെറിയൊരു മോഷണമാണ്.
അങ്ങനെയിരിക്കെ ഓണപ്പരീക്ഷക്ക് ഒരു ദിവസം അജ്മലിന്റെ പേപ്പറിൽ നോക്കി ഞാൻ ഉത്തരം എഴുതുന്നത് അബു കണ്ടു.
"ജാഫറെ..." അബു എന്നെ മെല്ലെ വിളിച്ചു.ഞാൻ അത് മൈൻഡ് ചെയ്തില്ല.
"ജാഫറെ... എടാ കള്ളക്കാഫിറെ..." അബുവിന്റെ ശബ്ദം അല്പം കൂടി ഉയർന്നു.അപ്പോഴും ഞാൻ മൈൻഡ് ചെയ്തില്ല.
"ജാഫറെ.. ആ പേപ്പറ് ഇച്ചും കൊണ്ടാ...ഇല്ലെങ്കി ഞാനിപ്പം മാഷോട് പറിം..."
അത് കേട്ടപ്പോൾ എന്റെ മനസ്സിൽ ഒരു മിന്നൽപ്പിണർ ഉണ്ടായി.അബു, മാഷോട് പറയും എന്ന് മാത്രമല്ല സ്‌കൂൾ വിട്ടു പോകുമ്പോൾ തലക്ക് നല്ല കുത്തും കിട്ടും.അങ്ങനെ അബുവിന് കാണാൻ പാകത്തിൽ ഞാൻ പേപ്പർ അഡ്ജസ്റ്റ് ചെയ്തു വച്ചു.ഞാനെഴുതിയത് മുഴുവൻ വള്ളി പുള്ളി വിടാതെ അവൻ നോക്കി എഴുതി. അത്യാവശ്യം നല്ലൊരു ഉപന്യാസത്തിന് ഉത്തരം കാണിച്ച് കൊടുത്തതിനാൽ അന്നെനിക്ക് രണ്ട് ശർക്കരയാണി സമ്മാനമായി കിട്ടി.
പരീക്ഷാ കാലം കഴിഞ്ഞു. ഓണം അവധി കഴിഞ്ഞ് ആദ്യത്ത ദിവസം തന്നെ പരീക്ഷാ പേപ്പറുകൾ കിട്ടിത്തുടങ്ങി. മലയാളം ബി ആയിരുന്നു അബു എന്റെ പേപ്പർ നോക്കി എഴുതിയ വിഷയം. വൽസമ്മ ടീച്ചർ എന്റെ പേര് വിളിച്ച് പേപ്പർ തന്നു. എനിക്ക് അമ്പതിൽ ഇരുപത് മാർക്ക് കിട്ടിയിരുന്നു. പക്ഷെ,എന്റെ പേപ്പർ അതേ പടി നോക്കി എഴുതിയ അബുവിന് കിട്ടിയത് നാല് മാർക്ക് !
"ജാഫറേ..." ടീച്ചർ പോയ ഉടനെ ബാക്ക് ബെഞ്ചിൽ നിന്നും അബുവിന്റെ വിളി വന്നു.
"ഉം.."
"അന്ക്കെത്ര്യാ മാർക്ക് ?''
"ഇരുവത്"
" അതെങ്ങന്യാ കള്ള @#* !...ഇച്ച് നാലാ കിട്ട്യത്.... "
അതു കേട്ട ഞാൻ ഞെട്ടി. ഇന്ന് എന്റെ മണ്ട അബുവിന്റെ ചെണ്ടയായിരിക്കും. പുറമേ, അന്ന് തിന്ന രണ്ട് ശർക്കരാണി തിരിച്ച് കൊടുക്കുകയും വേണ്ടി വരും.
"അന്ന് ഞാൻ തെന്ന രണ്ട് ശർക്കരാണിം കൊണ്ട് ബെന്നോ ണ്ടി നാളെ കള്ള @#* ! ..." അബുവിന്റെ ഓർഡർ ഇറങ്ങി.
എന്നാലും, എന്റെ പേപ്പർ അതേപടി കോപ്പിയടിച്ച അബുവിന്റെ മാർക്ക് കുറഞ്ഞത് എങ്ങനെ എന്നറിയാൻ എനിക്ക് അതിയായ ആഗ്രഹം തോന്നി. ഞാൻ അവന്റെ പേപ്പർ വാങ്ങി നോക്കി.അപ്പോഴാണ് ആ ഞെട്ടിപ്പിക്കുന്ന സത്യം ഞാൻ അറിഞ്ഞത്. ആദ്യ ചോദ്യമൊഴികെ ഒരു ചോദ്യത്തിന്റെ ഉത്തരത്തിനും അബു നമ്പർ ഇട്ടിരുന്നില്ല.കാള മൂത്രമൊഴിച്ച പോലെ വാരി വലിച്ച് എഴുതിയതിന് കിട്ടിയ നാല് മാർക്ക് തന്നെ ലാഭം. പക്ഷെ, അതവനോട് പറഞ്ഞാൽ നാലഞ്ച് കുത്തും കൂടി അധികം കിട്ടുമെന്നതിനാൽ, ഞാൻ പിറ്റേന്ന് രണ്ട് ശർക്കരാണി ഒപ്പിക്കാനുള്ള ചിന്തയിൽ മുഴുകി.
സ്കൂളിൽ നിന്നും വീട് വരെയുള്ള വഴിയിലുടനീളം ആലോചിച്ചിട്ടും എന്റെ ചോദ്യത്തിന് ഒരുത്തരം കിട്ടിയില്ല. അങ്ങനെ വീടിന്റെ കോലായിൽ ഇരിക്കുമ്പോഴാണ് വലിയൊരു പൊതിയുമായി ചിന്നപ്പേട്ടൻ നടന്നു പോകുന്നത് ഞാൻ കണ്ടത്. ആ പൊതിയിലുള്ളത് ശർക്കരയാണെന്ന് ഒരു മുൻ അനുഭവത്തിൽ നിന്ന് എനിക്കറിയാമായിരുന്നു.
ഞങ്ങളുടെ പറമ്പിന്റെ തൊട്ടപ്പുറത്തെ പറമ്പിൽ അനധികൃതമായി നടത്തുന്ന ചാരായ വാറ്റിനായിട്ടാണ് ഈ ശർക്കര കൊണ്ടു പോകുന്നത്. അബുവിന് എന്നും ശർക്കരാണി കിട്ടിയിരുന്നതും ഇവർ വാറ്റിനായി കുടത്തിൽ കുഴിച്ചിട്ട് പോയതിൽ നിന്നായിരുന്നു.
കരിയിലകൾ നീക്കി മണ്ണിൽ കുഴിച്ചിട്ട കുടത്തിൽ ചിന്നപ്പേട്ടൻ ശർക്കര ഇടുന്നത് ഞാൻ കണ്ടു. ഉടൻ ഞാൻ എന്റെ സന്തത സഹചാരിയായ അബ്ദുവിന്റെ അടുത്തേക്ക് ഓടി.
"അദ്ദ്വാ... അദ്ദ്വാ" ഞാൻ ഉറക്കെ വിളിച്ചു.
" എന്താടാ...?"
" ബേം .... ബാ.... ഒര് കാര്യണ്ട് ...."
അബ്ദുവിനെയും കൂട്ടി ഞാൻ ചിന്നപ്പേട്ടന്റെ ശർക്കര കുടം കുഴിച്ചിട്ടതിനടുത്തുള്ള ഞങ്ങളുടെ പറമ്പിലെത്തി.ചിന്നപ്പേട്ടനെ അവിടെയെങ്ങും കണ്ടില്ല.
" അദ്ദ്വാ ... ആ ചമ്മല് കൂട്ട്യത് കണ്ട് ലേ... അയിന്റ ടീല് ഒര് നിധി ണ്ട്..." സ്ഥലം ചൂണ്ടിക്കൊണ്ട് ഞാൻ പറഞ്ഞു.
"നിധി?"
"ആ... ഞമ്മള് അഞ്ചാം ക്ലാസ് ല് പഠിച്ചിട്ടില്ലേ... മണ്ണ്ന്റടീലെ കൊടത്ത് ന്ന് കിട്ട്ണ ത്..."
"ആ...മൻസ് ലായി..."
"ജ്ജ് പോയി അത് ട്ത്ത് ബാ.. ഒര് നാലഞ്ചെണ്ണം ഇട്ത്തോണ്ടി.... ആരേലും ബെര്ണ് ണ്ടോന്ന് ഞാം നോക്കാ ..."
ഞാൻ പറഞ്ഞതനുസരിച്ച് അബ്ദു കുടം കുഴിച്ചിട്ട സ്ഥലത്തെത്തി. മുകളിൽ കൂട്ടിയിട്ടിരുന്ന കരിയിലകൾ നീക്കിയപ്പോൾ കുടത്തിന്റെ വായ അടച്ച ചെറിയൊരു പലക കണ്ടു. അത് മെല്ലെ ഇളക്കി മാറ്റി അബ്ദു കുടത്തിലേക്ക് കയ്യിട്ടു തപ്പാൻ തുടങ്ങി.
"ഇമ്മേ...!!!" പെട്ടെന്ന് കൈ വലിച്ച് അബ്ദു അലറി. അപ്പോഴേക്കും ഞാൻ ഓടി രക്ഷപ്പെട്ടു. അബ്ദുവിന്റെ കയ്യിലൂടെ ചോണനുറുമ്പുകൾ ഓടിക്കയറി.. കയ്യിലൂടെയും കാലിലൂടെയും എല്ലാം ചോണനുറുമ്പുകൾ കയറിയതോടെ അബ്ദുവിന് നിൽക്കക്കള്ളിയില്ലാതായി. അവൻ ഓടാനായി തിരിഞ്ഞതും ഞെട്ടിത്തരിച്ച് അവിടെ തന്നെ നിന്നു.മുമ്പിൽ ചിന്നപ്പേട്ടൻ!!
" അപ്പോ... നീയാണാ കള്ളു കുടിയൻ മെരു "
ചിന്നപ്പേട്ടനെ വെട്ടിച്ച് അബ്ദു ഓടി രക്ഷപ്പെട്ടെങ്കിലും അന്ന് മുതൽ നാട്ടിൽ അവൻ "കള്ളുട്യൻ മെരു" എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.