Pages

Wednesday, December 30, 2009

പോക്കരാക്കയുടെ ന്യൂ ഇയര്‍ റസലൂഷന്‍

“പോക്കരാക്കാ...പുതുവര്‍ഷമാണല്ലോ വരുന്നത്...” ഞാന്‍ പറഞ്ഞു.


“ആ...എന്താ ജ്ജ് ഞമ്മളെക്കൊണ്ട് ബല്ല കുന്ത്രാണ്ടോം ഒപ്പിക്കാനുള്ള പരിപാടി ആയിരിക്കും”


“അല്ല...ങ്ങള് ഒര് സൂപ്പര്‍സ്റ്റാര്‍ ആണ് ബൂലോകത്ത്...” ഞാന്‍ പോക്കരാക്കയെ ഒന്നു പൊക്കി.


“സുബറ് സ്റ്റാര്‍ ആണെന്നോ, കള്ള സുബറേ...ഹമ്ക്കേ..പോ...”


“ഏയ് മതി മതി... ഞാന്‍ ഒന്നും പറഞ്ഞില്ല....“


“ആ അനക്ക് എത്താ ഇപ്പം അറ്യേണ്ട?”


“ആ... പറയാം.എല്ലാരും ഒരു പുതിയ വര്‍ഷം വരുമ്പം ചില തീരുമാനങ്ങള്‍ എടുക്കും...ഇംഗ്ലീഷില്‍ അതിന് ന്യൂ ഇയര്‍ റസലൂഷന്‍ എന്ന് പറയും...”


“ഞമ്മള് റഷ്യന്‍ റവലൂഷന്‍ ന്നൊക്കെ കേട്ട്ക്ക്ണ്...ജ്ജ് പ്പം പറഞ്ഞ സാധനം ആദ്യായിട്ടാ കേക്ക്‌ണത്...ന്നാലും നല്ല ചേല്‌ള്ള പേര്...ഏത് ബാപ്പാ ആ പേര്‌ട്ടത്?”


“അത് ആരെങ്കിലുമാകട്ടെ...അപ്പോ പോക്കരാക്കാക്കും അങ്ങനെ ഒരു തീരുമാനം ഉണ്ടായിരിക്കുമല്ലോ?”


“അത് പിന്നെ ഇല്ലാതെ..”


“അത് ശരിക്കും ഒരു വര്‍ഷം പാലിക്കാനുള്ള തീരുമാനം തന്നെയാണോ ?”


“ഒരു വര്‍ഷോ ? ഞമ്മളെ തീരുമാനം ഒരു ആയുസ്സ്ന്‌ള്ളതാ...”


“ങേ!!ഒരു ആയുസ്സ്ന്‌ള്ളതോ ?? അതേതാ അങ്ങനെ ഒരു ന്യൂ ഇയര്‍ റസലൂഷന്‍ ?”


“ഇമ്മാതിരി മാണ്ടാത്ത പണി ഒന്നും ഇട്‌ക്കൂലാന്ന് തന്നെ...”

പുതുവത്സര ചിന്തകള്‍

അങ്ങനെ ഒരു വര്‍ഷം കൂടി നമ്മില്‍ നിന്ന് പറന്നു പോവുകയായി.മുമ്പ് ഒരു പോസ്റ്റില്‍ സൂചിപ്പിച്ചപോലെ മരണത്തോട്‌ ഒരു വര്‍ഷം കൂടി അടുത്തു.അതില്‍ നാം ആനന്ദനൃത്തം ചവിട്ടുന്നു!!!അതു പോകട്ടെ.

പുതുവത്സരം പലര്‍ക്കും പല പുതിയ തീരുമാനങ്ങളും എടുക്കാനുള്ള അവസരം കൂടിയാണ്.ഞാനിനി കള്ള് കുടിക്കില്ല, പുകവലി അമ്പേ നിര്‍ത്തും തുടങ്ങീ സ്ഥിരം നമ്പറുകള്‍ ഇക്കൊല്ലവും പല മനസ്സിലും രൂപപ്പെട്ടിരിക്കും.ബൂലോകത്ത് നാല് ചൊറി വര്‍ത്ത്മാനം പറഞ്ഞ് ആളാകണം എന്ന പദ്ധതിയും ചില മനസ്സുകളില്‍ ഉണ്ടായേക്കാം.ഇക്കൊല്ലം ഒരു പുതുവത്സരം ഒരു സംഭവമാക്കണം എന്ന് തീരുമാനമെടുത്തവരും ഉണ്ടാകും.


ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ പി.എസ്.എം.ഒ. കോളേജിലെ ഇംഗ്ലീഷ് പ്രൊഫസര്‍ എസ്.എം.അലി സാര്‍ അന്നത്തെ പ്രോസില്‍ എടുത്ത ഒരു അദ്ധ്യായം - ന്യൂ ഇയര്‍ റസലൂഷന്‍സ് ,ഇപ്പോഴും എന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു.പുതുവര്‍ഷാരംഭത്തില്‍ നാം എടുക്കുന്ന പലതീരുമാനങ്ങളുടേയും ഗതിയെക്കുറിച്ചായിരുന്നു ആ അദ്ധ്യായത്തില്‍ പറഞ്ഞത് എന്നാണ് എന്റെ ഓര്‍മ്മ.

ന്യൂ ഇയര്‍ റസലൂഷന്‍സ് പലപ്പോഴും ജീവിതത്തിലെ ഏറ്റവും ആയുസ്സ് കുറഞ്ഞ ഒരു തീരുമാനമായിരിക്കും.മേല്‍ പറഞ്ഞ പോലെ ദുര്‍ഗുണങ്ങളോടുള്ള വിടപറയല്‍ തീരുമാനം ആഘോഷിക്കാന്‍ ബാറില്‍ പോകുന്നവര്‍ പലരുമുണ്ട്.ജനുവരി ഒന്നാം തീയതി തന്നെ, ഫൂ ഒരു ന്യൂ ഇയര്‍ റസലൂഷന്‍ - മണ്ണാങ്കട്ട എന്ന് പറഞ്ഞ് പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകുന്നവരും ധാരാളമുണ്ട്.നിങ്ങള്‍ ഏത് വിഭാഗത്തില്‍ പെടുന്നു എന്ന് നിങ്ങള്‍ തന്നെ ചിന്തിക്കുക.


ന്യൂ ഇയര്‍ റസലൂഷന്‍ എടുക്കുക എന്ന പതിവ് പണ്ടേ എനിക്കില്ലായിരുന്നു. ഒരു പക്ഷേ അതിന്റെ ക്ഷണികമായ ആയുസ്സ് കാരണമായിരിക്കും അതല്ലെങ്കില്‍ ഈ ബ്ലോഗിങ് അല്ലാതെ പ്രത്യേകിച്ച് ഒഴിവാക്കേണ്ട ഒരു ദുശ്ശീലവും ഇല്ലാത്തത് കൊണ്ടാകും (!!), ഇങ്ങനെ ഒരു സ്വഭാവമുണ്ടായത്.എപ്പോഴെങ്കിലും ഒരു ന്യൂ ഇയര്‍ റസലൂഷന്‍ എടുത്തവര്‍ക്ക് അറിയാം അത് നിലനിര്‍ത്തി കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടുകള്‍.

ഒരു ന്യൂ ഇയര്‍ റസലൂഷന്‍ എടുത്ത് അത് ആ വര്‍ഷം മുഴുവന്‍ തുടര്‍ന്നു കൊണ്ടുപോകുന്നവനെ അല്ലെങ്കില്‍ അക്ഷരം പ്രതി പാലിക്കുന്നവനെ സമ്മതിക്കുക തന്നെ വേണം.കാരണം ഇന്നത്തെ അവസ്ഥയില്‍ അതിന് തരണം ചെയ്യേണ്ട കടമ്പകള്‍ ഏറെയാണ്.എന്നാല്‍ പോക്കരാക്കയുടെ ന്യൂ ഇയര്‍ റസലൂഷന്‍ പോലെ ആകരുത് നിങ്ങളുടെ ന്യൂ ഇയര്‍ റസലൂഷന്‍.

ബൂലോകര്‍ക്കെല്ലാം നല്ല ഒരു പുതുവത്സരം ആശംസിക്കുന്നു.

Saturday, December 26, 2009

ഒരു എന്‍.എസ്.എസ് ക്യാമ്പ് അനുഭവങ്ങള്‍

ഇരുപത് വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് എന്നെ കൈപിടിച്ചു കൊണ്ടുപോയ ഒരു അനുഭവമായിരുന്നു കഴിഞ്ഞ ഒരാഴ്ച എന്റെ ജീവിതത്തില്‍ സംഭവിച്ചത്.ബൂലോകത്ത് നിന്നും മാറി നിന്നതും ഈ അനുഭവം കൊതി തീരെ ആസ്വദിക്കാനായിരുന്നു.മറ്റൊന്നുമല്ല, എന്റെ കോളേജിലെ നാഷണല്‍ സര്‍വീസ് സ്കീം (NSS) യൂണിറ്റിന്റെ  ഡിസംബര്‍ 18-ന് ആരംഭിക്കുന്ന സപ്തദിന ക്യാമ്പില്‍ പങ്കെടുക്കാനുള്ള ക്ഷണം കിട്ടിയപ്പോള്‍ ഞാന്‍ സന്തോഷപൂര്‍വ്വം അത് സ്വീകരിച്ചു.അടിച്ചുപൊളിക്കാനുള്ള കൃസ്തുമസ് അവധി, സേവനത്തിനായി നീക്കിവച്ച ഒരു കൂട്ടം വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ഞാനും എന്റെ അവധി തല്‍ക്കാലം മാറ്റി വച്ചു.


കോഴിക്കോട് ജില്ലയിലെ ബാലുശേരിക്കടുത്ത് കാക്കൂര്‍ പഞ്ചായത്തിലെ പാവണ്ടൂര്‍ എന്ന സ്ഥലത്തായിരുന്നു ക്യാമ്പ്. പതിവ് പോലെ ഒരു റോഡ് നിര്‍മ്മാണമായിരുന്നു പ്രധാന കര്‍മ്മം. പതിനഞ്ച് വര്‍ഷം മുമ്പ് ജനങ്ങള്‍ മനസ്സിലിട്ട ഒരു സ്വപ്നത്തിന്റെ സാക്ഷാല്‍ക്കരണത്തിന്റെ തുടക്കമായിരുന്നു ആ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനത്തിലൂടെ എന്റെ പ്രിയ ശിഷ്യര്‍ ആരംഭിച്ചത്.


മുക്കാല്‍ കിലോമീറ്ററോളം  വരുന്ന റോഡിനായി ജനങ്ങള്‍ വിട്ടുകൊടുത്ത സ്ഥലത്തെ പൊന്തക്കാടും അടിക്കാടൂം മരങ്ങളും വെട്ടിമാറ്റുക എന്ന ശ്രമകരമായ ജോലിയായിരുന്നു ഞങ്ങള്‍ക്ക് അവിടെ ചെയ്യാനുണ്ടായിരുന്നത്. കൈക്കോട്ടും പിക്കാസും കൊട്ടയും ഒന്നും തന്നെ പിടിച്ച് പരിചയമില്ലാത്ത എഞ്ചിനീയറിംഗ് കോളേജിലെ കുമാരീ-കുമാരന്മാര്‍ ആദ്യദിവസം തന്നെ പ്രതീക്ഷക്കപ്പുറം മുന്നേറി.തൊട്ടടുത്ത ദിവസം മുതല്‍ നാട്ടുകാരുടെ സഹകരണം കൂടി ലഭ്യമായതോടെ പ്രവര്‍ത്തനം വളരെ സജീവമായി.അഞ്ചു ദിവസത്തെ ശ്രമദാനത്തിലൂടെ ഉദ്ദേശിച്ചതിലും കൂടുതല്‍ ചെയ്തു തീര്‍ക്കാനായി എന്ന ചാരിതാര്‍ത്ഥ്യത്തോടെ ഞങ്ങള്‍ പണി പൂര്‍ത്തിയാക്കി.വെട്ടിയ പാതയിലൂടെ ഒരു വാഹനം കടന്നുപോകുന്നത് കാണാന്‍ കൊതിച്ചെങ്കിലും അത് പ്രാവര്‍ത്തകമായില്ല എന്ന ദു:ഖം മാത്രം ബാക്കി നില്‍ക്കുന്നു.



ക്യാമ്പിന്റെ ഭാഗമായി മറ്റുപല പ്രോഗ്രാമ്മുകളും അരങ്ങേറി.’മമ്മൂട്ടി-ദ സ്റ്റാര്‍’ എന്ന റിയാലിറ്റി ഷോ ഫൈനലിസ്റ്റ് ബിനു കുറുവങ്ങാടിന്റെ നാടക കളരിയായിരുന്നു അതില്‍ ഏറ്റവും ആകര്‍ഷകം.വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കാനുള്ള അദ്ദേഹത്തിന്റെ ചില പൊടിക്കൈ പ്രയോഗങ്ങള്‍ ക്യാമ്പ് അംഗങ്ങള്‍ ശരിക്കും ആസ്വദിച്ച്തന്നെ ഉപയോഗപ്പെടുത്തി.


രാത്രി നടക്കുന്ന കൂതറ കലാപരിപാടികള്‍ വിവിധ വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികളുടെ കലയുടെ ‘കൊലാപരത’ (അതിനെ വിളിക്കാന്‍ എന്റെ വായില്‍ വരുന്ന പദം അതാണ്) വ്യക്തമാക്കി.സര്‍ഗ്ഗം എന്ന ക്യാമ്പ് ദിനപത്രവും കുട്ടികളിലെ  പ്രതിഭകളുടെ മിന്നലാട്ടം വ്യക്തമാക്കി. എന്റെ ക്യാമ്പസ് ഇത്ര സമ്പുഷ്ടമാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞതും കാമ്പസില്‍ കമ്പ്യൂട്ടര്‍ ലാബിനകത്ത് ഒതുങ്ങിക്കൂടുന്ന എന്നെ വിദ്യാര്‍ത്ഥികള്‍ തിരിച്ചറിഞ്ഞതും ഈ ക്യാമ്പ് വഴിയാണ്.


സമാപനദിവസത്തെ കലാപരിപാടികളില്‍ പങ്കെടുക്കാനും ആസ്വദിക്കാനുമായി എന്റെ മൂത്തമകള്‍ ഐഷനൌറയേയും കൂട്ടിയായിരുന്നു ഞാന്‍ പോയത്.കലാപരിപാടികളുടെ ഹരത്തില്‍ കൂടുതല്‍ പരിപാടികള്‍ അവതരിപ്പിക്കാനായി അവള്‍ അവസരം ചോദിച്ചത് എനിക്ക് ഏറെ സംതൃപ്തി നല്‍കി.ക്യാമ്പ്ഫയര്‍ എന്ന അവസാന പരിപാടിയും ആസ്വദിച്ച് കഴിയുമ്പോള്‍ പുലര്‍ച്ചെ രണ്ടു മണി ആയിരുന്നെങ്കിലും, അവള്‍ക്ക് ഉറക്കത്തിന്റെ ലാഞ്ചന പോലും ഇല്ലായിരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുകയും ചെയ്തു.


നാഷണല്‍ സര്‍വീസ് സ്കീമിനെ പറ്റി ഇന്റെര്‍നെറ്റില്‍ ഒരു ലേഖനം വായിച്ച് ഇന്ത്യയില്‍ എവിടെയോ താമസിക്കുന്ന അതിന്റെ രചയിതാവുമായി ആശയവിനിമയം നടത്തി , ഇനിയും അതില്‍ പ്രവര്‍ത്തിക്കാനുള്ള എന്റെ ആഗ്രഹം പ്രകടിപ്പിച്ച ഉടനെയാണ് എനിക്ക് ഈ ക്യാമ്പില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചത്. ഇരുപത് വര്‍ഷം മുമ്പ് ഡിഗ്രിക്ക് ഫാറൂഖ് കോളേജില്‍ പഠിക്കുമ്പോഴും അതിന്  മുമ്പ് പ്രീഡിഗ്രിക്ക്  PSMO കോളേജില്‍ പഠിക്കുമ്പോഴും NSS ക്യാമ്പില്‍ പങ്കെടുത്തതിന്റെ മധുരസ്മരണകള്‍ എന്റെ മനസ്സിലേക്ക് വീണ്ടും കോരിയിട്ടുകൊണ്ടാണ് ക്യാമ്പ് ഇന്നലെ സമാപിച്ചത്.


ജീവിതത്തില്‍ വല്ലപ്പോഴും കിട്ടുന്ന ഇത്തരം അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ബൂലോക വാസികള്‍ ഇനിയെങ്കിലും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Wednesday, December 16, 2009

മക്കളെ വളര്‍ത്തുമ്പോള്‍...

“ഞാന്‍ ജീവിതത്തില്‍ ചെയ്ത ഒരേ ഒരു തെറ്റ് മക്കള്‍ക്ക് വേണ്ടി സമ്പാദിച്ചിട്ടു എന്നതാണ്”.
ഇന്നലെ എന്റെ ഒരു സഹപ്രവത്തകനില്‍ നിന്ന്, മറ്റൊരാള്‍ പറഞ്ഞതായി  ഞാന്‍ കേട്ടതാണിത്.


അവനവന്‍ അനുഭവിച്ച തീക്ഷ്ണമായ പരീക്ഷണങ്ങള്‍ , ഇന്ന് അത്യാവശ്യം നല്ല നിലയില്‍ ജീവിക്കുന്ന ഏതൊരാളുടേയും മനസ്സില്‍ പച്ചപിടിച്ചു തന്നെ നില്‍ക്കുന്നുണ്ടാവും.അതിനാല്‍ തന്നെ അതേ അനുഭവങ്ങള്‍ തന്റെ മക്കള്‍ക്ക് ഉണ്ടാകരുത് എന്നും അവര്‍ പണമില്ലാത്തതിന്റെ പേരില്‍ ദു:ഖിക്കരുത് എന്നും എല്ലാ രക്ഷിതാക്കളുടേയും ആഗ്രഹവുമായിരിക്കും.പക്ഷേ ആ നിഷ്കളങ്കമായ ചിന്തയുടെ അനന്തരഫലമായി  ഇന്ന് പല രക്ഷിതാക്കളും തീ തിന്നുന്നു എന്നറിയുമ്പോള്‍ നാം എല്ലാവരും ഒരു പുനരാലോചന നടത്തേണ്ടിയിരിക്കുന്നു.


മേലുദ്ധരിച്ച വാചകം വന്നത് ഒരു റിട്ടയേഡ് ഉദ്യൊഗസ്ഥനില്‍ നിന്നാണ്.ചെറുപ്പ കാലത്ത് പഠനത്തിനായി നന്നേ പ്രയാസപ്പെട്ട ആ വ്യക്തി ജോലി കിട്ടിയതിന്‌ ശേഷം ആദ്യം ചെയ്തത് മക്കളുടെ വിദ്യാഭ്യാസത്തിനായി പട്ടണത്തിനടുത്ത് തന്നെ താമസിക്കുക എന്നതായിരുന്നു. മത്സരങ്ങളുടെ ലോകത്ത് തന്റെ മക്കളെ പ്രാപ്തരാക്കാന്‍ അദ്ദേഹം അങ്ങനെ ചിന്തിച്ചതില്‍ തെറ്റില്ല.എല്ലാ സൌകര്യങ്ങളും വര്‍ദ്ധിച്ചു വരുന്ന വിവരം അദ്ദേഹം ചിന്തിച്ചതേ ഇല്ല. പക്ഷേ


മക്കള്‍ ഒന്നാംതരം ഇംഗ്ലീഷ് മീഡിയത്തില്‍ തന്നെ വളര്‍ന്നു വന്നു.ഭാര്യയും അദ്ദേഹവും സമ്പാദിച്ചു കൂട്ടുന്നതില്‍ നിന്നും ഒരു ഭാഗം മക്കളുടെ ഭാവിയോര്‍ത്ത് പലതരം നിക്ഷേപങ്ങളായി സൂക്ഷിച്ചു. മക്കളുടെ വിവിധ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു കൊടുക്കാനും അദ്ദേഹം മടികാട്ടിയില്ല.താന്‍ അനുഭവിക്കാത്തത് തന്റെ മക്കളെങ്കിലും അനുഭവിക്കട്ടെ എന്ന നിഷ്കളങ്ക ചിന്ത അദ്ദേഹത്തിന്റെ മറ്റുചിന്തകള്‍ക്ക് വേലി കെട്ടി.


തങ്ങള്‍ക്ക് വേണ്ടി മാതാപിതാക്കള്‍ സമ്പാദിച്ചു കൂട്ടുന്നത് അറിഞ്ഞ മക്കള്‍ ക്രമേണ പഠനത്തില്‍ പിന്നോക്കം പോകാന്‍ തുടങ്ങി.പഠിച്ചില്ലെങ്കിലും ജയിക്കും എന്ന ചിന്തയും ഇനി അഥവാ ജയിച്ചില്ലെങ്കില്‍ തന്നെ തങ്ങള്‍ക്ക് ജീവിക്കാനുള്ളത് അഛനമ്മമാര്‍ ഒരുക്കിയിട്ടുണ്ട് എന്ന ചിന്തയും മക്കളെ തീര്‍ത്തും അലസരാക്കി.ഫലമോ, മറ്റുള്ളവരുടെ മുഖത്ത് നോക്കി മക്കളെ പറ്റി ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയില്‍ ആ രക്ഷിതാക്കളുടെ തല കുനിപ്പിച്ചു.


അന്ന് സമ്പാദിച്ചിട്ടതില്‍ നിന്നും, ചെലവാക്കി മാത്രം ശീലിച്ച മക്കള്‍ ഇന്നും ചെലവാക്കി കൊണ്ടേ ഇരിക്കുന്നു.സ്വന്തം വീടും സ്ഥലവും നഷ്ടപ്പെടുന്നതിന് മുമ്പെങ്കിലും ഈ ലോകത്ത് നിന്നും രക്ഷപ്പെടണേ എന്നാണ് ഇന്ന് ആ മാതാപിതാക്കളുടെ പ്രാര്‍ത്ഥന.


മക്കളെ ലാളിച്ചുവളര്‍ത്തുന്നവര്‍ ശ്രദ്ധിക്കുക.അവരുടെ എല്ലാ ആവശ്യങ്ങളും പൂര്‍ത്തീകരിച്ചു കൊടുക്കുന്നതിന് മുമ്പ് അതിന്റെ ആവശ്യകതയെപറ്റി രണ്ടു വട്ടം ആലോചിക്കുക. പണത്തിന്റെ മൂല്യം മക്കളെ നന്നായി ബോദ്ധ്യപ്പെടുത്തുക.ഇല്ലെങ്കില്‍ മേല്‍ പറഞ്ഞ അവസ്ഥ നിങ്ങള്‍ക്കും വന്നേക്കാം - പ്രത്യേകിച്ച് പ്രവാസികള്‍ക്ക്.

Sunday, December 13, 2009

ഓടത്തെരുവ് വളവ്

അരീക്കോട് - മുക്കം റോഡിലെ ഒരു പ്രധാന വളവാണ് ഓടത്തെരുവ് വളവ്.ഒരു ദിവസം രാവിലെ ,അരീക്കോട് അങ്ങാടിയില്‍ നില്‍ക്കുകയായിരുന്ന പോക്കരാക്കയുടെ അടുത്ത് ഒരു കാര്‍ പെട്ടെന്ന് നിര്‍ത്തി ഡ്രൈവര്‍ ചോദിച്ചു:
“മുക്കത്തേക്ക് നേരെ പോയാല്‍ മതിയോ?”


“ഓടത്തെരുവ് വളവ് പിന്നെ നിന്റെ ബാപ്പ വളക്കുമോ  ?” പോക്കരാക്കയുടെ മറുപടി കേട്ട ഡ്രൈവര്‍ പിന്നെ ഒരു നിമിഷം അവിടെ നിന്നില്ല.

Friday, December 11, 2009

നമ്മുടെ മക്കള്‍ക്കായിരുന്നെങ്കില്‍ ...???

ഇന്നലെ ഞാന്‍ കോളേജില്‍ പോകുന്ന സമയം.ബസില്‍ എന്റെ തൊട്ടടുത്ത് എന്റെ നാട്ടുകരനും എനിക്ക് പരിചയക്കാരനുമായ ഒരു യുവാവ് വന്നിരുന്നു.ബസ് ആറോ ഏഴോ കിലോമീറ്റര്‍ ഓടിയ ശേഷമാണ് കക്ഷിക്ക്  സീറ്റ് കിട്ടിയത്.സീറ്റ് കിട്ടിയ ഉടന്‍ മുന്നിലിരുന്ന , അദ്ദേഹത്തിന്റെ ഭാര്യയില്‍ നിന്നും കുട്ടിയെ വാങ്ങി സ്വന്തം മടിയിലിരുത്തി.ബസ് മുന്നോട്ട് നീങ്ങുന്നതിനിടയില്‍ അയാള്‍ കുട്ടിയോട്‌ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.കുട്ടിയുടെ മുഖത്ത് മറുപടിയായി ഒരു പുഞ്ചിരി മാത്രവും.


അല്പം കഴിഞ് അയാള്‍ എന്നോട് കുശലാന്വേഷണങ്ങള്‍ നടത്തി.ഞാന്‍ അങ്ങോട്ട് അറിയുമെങ്കിലും ,എന്നെ ഇങ്ങോട്ട് അറിയില്ല എന്ന് ധരിച്ചാണ് ഞാന്‍ സംസാരം തുടങ്ങാതിരുന്നത്.എന്നെപറ്റി ഒരു മങ്ങിയ ഐഡിയയേ പുള്ളിക്കുള്ളൂ എന്ന് സംസാരത്തില്‍ നിന്നും എനിക്ക് മനസ്സിലായി.പലതും സംസാരിച്ച കൂട്ടത്തില്‍ ഞാന്‍ ചോദിച്ചു:
“എങ്ങോട്ടാ ഇവനേയും കൊണ്ട്?”


“ഇവന് ചെറിയ ഒരു പ്രശ്നം ഉണ്ട്...” 


“എന്ത് പ്രശ്നം..”


“മൂന്ന് വയസ്സായിട്ടും ഇവന്‍ വാക്കുകള്‍ കൂട്ടിപറയുന്നില്ല...”


“എങ്ങനെ...?”


“ ചായ എന്നവന്‍ പറയും.പക്ഷേ ചായ വേണം എന്ന് പറയാന്‍ അവനറിയില്ല.ഉപ്പ , ഉമ്മ എന്നൊക്കെ പറയും.പക്ഷേ എന്തിനോടെങ്കിലും കൂട്ടിപ്പറയാന്‍ അവനറിയില്ല...”


“ഓ...പാട്ട് പഠിപ്പിക്കാറുണ്ടോ ?”


“ങാ....അംഗനവാടിയില്‍ വിടണം എന്നാ അവര്‍ പറഞ്ഞത്..”


“ആര്‍?”


“നിംഹാന്‍സ്...ഇവനെ സ്പീച്ച്തെറാപ്പിക്കാണ് കൊണ്ടുപോകുന്നത്.ആഴ്ചയില്‍ മൂന്ന് ദിവസം ഒരു മണിക്കൂര്‍ മാത്രം.പുരോഗതി ഉള്ളതായി തോന്നുന്നുണ്ട്....”


“ഓ...” നല്ല ഭംഗിയുള്ള ആ മൂന്നുവയസ്സുകാരന്റെ മുഖത്തേക്ക് ഞാന്‍ നോക്കി.പേര് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ഞാന്‍ ചോദിച്ചില്ല.


“മൂന്ന് വയസ്സായിട്ടും സ്വന്തം പേര് പറയാന്‍ അവനറിയില്ല..” യുവാവിന്റെ ആ വാചകം എന്നെ നടുക്കി.തൊട്ടു മുമ്പ് പേര് ചോദിക്കാഞ്ഞത് നന്നായി എന്ന് എനിക്ക് തോന്നി.


“ഡിലയ്ഡ് എന്നാണ് അവന്റെ റിക്കാഡുകളില്‍ എഴുതിയിട്ടുള്ളത്.അവന്‍ നടക്കാന്‍ തുടങ്ങിയത് രണ്ടാം വയസ്സിലാണ്.”


ഞാന്‍ എല്ലാം മൂളികേട്ടു.വളരെ സുമുഖനായ ഒരു കുഞ്ഞ്.പുറമേക്ക് കാണാന്‍ ഒരു കുഴപ്പവുമില്ല.പക്ഷേ അവന്റെ മാതാപിതാക്കളും ബന്ധുക്കളും ഈ ഒരു പോരായ്മയുടെ പേരില്‍ എത്ര ദു:ഖാര്‍ത്ഥരായിരിക്കും?ഈ ദുസ്ഥിതി നമ്മുടെ മക്കള്‍ക്കായിരുന്നെങ്കില്‍ നാം എന്ത് ചെയ്യും?ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ വേണ്ടുവോളം അനുഭവിക്കുന്ന നാം ഓരോര്‍ത്തരും അവയെപറ്റി സദാ ബോധവാന്മാരായിരിക്കുക.ഈ അനുഗ്രഹങ്ങള്‍ക്ക് എന്നെന്നും കൃതജ്ഞത ഉള്ളവരായിരിക്കുക.

അവര്‍ ബസ്സിറങ്ങി പോയപ്പോഴും എന്റെ ചിന്ത ഇറങ്ങി പോയിട്ടില്ലായിരുന്നു.


Wednesday, December 09, 2009

പഴശ്ശിരാജയുണ്ടോ അവിടെ ?

വീരപഴശ്ശി ഇതിഹാസമായതിന് ശേഷമാണ് ഖസാക്കിന്റെ ഇതിഹാസവും നസീറിന്റെ ഇതിഹാസവുമെല്ലാം ഭൂമി മലയാളം ദര്‍ശിച്ചത്.മൈസൂരില്‍ കടുവയെങ്കില്‍ ഇവിടെ സിംഹം ഉണ്ടെന്ന് പറഞ്ഞല്ലാതെ സായിപ്പന്മാരോട് എന്തു പറഞ്ഞ് പേടിപ്പിക്കാനാ?പക്ഷേ നമ്മള്‍ പറഞ്ഞത് പച്ചമലയാളത്തിലും അവര്‍ പറഞ്ഞത് നീലകന്നഡയിലും ആയതിനാല്‍ സായിപ്പ് രാജധാനി കടന്നുപോകുന്ന പോലെ സുന്ദരമായി ഓടിയെത്തി.ആ സായിപ്പ് വന്നില്ലായിരുന്നുവെങ്കില്‍ , കേരളത്തിന് നഷ്ടമാകുന്നത് ഒരു സിംഹ(ഭാഗ)മായിരുന്നു , മൈസൂരിന് നഷ്ടമാകുന്നത് ഒരു കടുവയായിരുന്നു , ആന്ധ്രക്ക് നഷ്ടമാകുന്നത് ഒരു കസറിയോ കേസരിയോ ആയിരുന്നു.മാന്ദ്യം ജെസിബി കണക്കെ എല്ലാം കിളച്ചുമാന്തുമ്പോള്‍ ഒരു തൂമ്പ എടുത്ത് ചൊറിയാന്‍ ഞാന്‍ ഇപ്പോള്‍ മുതിരുന്നില്ല.


അങ്ങനെ പഴശ്ശിയെ സര്‍വ്വകോലാഹലങ്ങളോടും കൂടി നാട്ടിന്റെ എല്ലാ മുക്കിലും മൂലയിലുമുള്ള മൂട്ടകടി കേന്ദ്രങ്ങളില്‍ കുടി ഇരുത്തിയ ഒരു ദിവസമാണ് നാട്ടിലെ ഒരു പ്രധാന കൊലാ-സാംസ്കാരിക ക്ലബ്ബിന്റെ വിവാഹ വാര്‍ഷികം നടക്കുന്നത്!!!(ഒരു മനുഷ്യന്‍ മറ്റൊരാളില്‍ ലയിക്കുമ്പോള്‍ അതിനെ വിവാഹം എന്ന് പറയാമെങ്കില്‍ ഒരു ക്ലബ്ബ് മറ്റൊരു ക്ലബ്ബില്‍ ലയിക്കുമ്പോള്‍ അതിന് പിന്നെ അടിയന്തിരം എന്നാണോ പറയുക ? ).പരിപാടിയുടെ അലങ്കോലം ഏറ്റെടുത്തത് നാട്ടിലെ പ്രമുഖനും അന്തര്‍മുഖനും സുമുഖനും പിന്നേ എന്തൊക്കെയോ മുഖനുമായ അറമുഖന്‍ ആയിരുന്നു.


പിറ്റേന്ന് നടക്കേണ്ട പരിപാടിയുടെ ഒരുക്കങ്ങള്‍ തകൃതിയായി നടന്നുകൊണ്ടിരുന്നു.എന്തോ ഒരാവശ്യത്തിന് അറമുഖനെ ആവശ്യമായി വന്നത് രാത്രിയായിരുന്നു.ഭാര്യാ വീട്ടില്‍ പോയി വരേണ്ടതുണ്ട് എന്ന് ആരോടോ സ്വകാര്യം പറഞ്ഞതിനാല്‍ വിവരം നാട്ടുകാര്‍ മുഴുവന്‍ അറിഞ്ഞിരുന്നു.തൃശൂര്‍ പൂരത്തിനിടക്ക് സ്വകാര്യ വെടിക്കെട്ട് നടത്താന്‍ പോയതിനോട് അലങ്കോല കമ്മിറ്റിയിലെ മറ്റുള്ളവര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല.അതിനാല്‍ അവര്‍ നേരെ അറമുഖന്റെ ഭാര്യാവീട്ടിലേക്ക് വിളിച്ചു.


“ഹലോ...അറമുഖനെ എപ്പോഴാ കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കുക ?”


“ങേ!!!ഇത് പൊലീസ് സ്റ്റേഷന്‍ അല്ല...വീടാ...” ഭാര്യയുടെ മറുപടി.


“ങാ....അതു കൊണ്ട് തന്നെയാ ചോദിച്ചത്....”


“ഓ....അപ്പോള്‍ അതിയാന്‍ അങ്ങോട്ട് ഇതുവരെ എത്തിയില്ലല്ലേ ? ഇവിടെ നിന്ന് പുറപ്പെട്ടിട്ട് ഒരു മണിക്കൂര്‍ ആയല്ലോ ?” ഭാര്യയുടെ മറുപടി.

“ങേ.. കുടിയാനോ...ഒരു മണിക്കൂറോ ? അപ്പോള്‍ ഇവിടെ എത്തേണ്ട സമയം കഴിഞ്ഞല്ലോ? ഞങ്ങള്‍ വിളിച്ചു നോക്കട്ടെ ” 

“ഞാന്‍ കുറേ സമയമായി വിളിക്കുന്നു.പക്ഷേ ഔട്ട് ഓഫ് റേഞ്ച് ആ‍ണ്....എന്തു പറ്റി ഈശ്വരാ ...” ഫോണിന്റെ മറുതലയില്‍ നിന്ന് തുടികൊട്ടും ദഫ്മുട്ടും പഞ്ചവാദ്യവും എല്ലാം തുടങ്ങിയതിനാല്‍ ഫോണ്‍ പെട്ടെന്ന് കട്ട് ചെയ്തു.


ശേഷം ക്ലബ്ബ് സെക്രട്ടറി അറമുഖന്റെ മൊബെയിലിലേക്ക് വിളിച്ചു.മറുപടി പരിധിക്ക് പുറത്ത് തന്നെ.


“നമുക്ക് നാരായണനെ വിളിച്ചു നോക്കാം.അവന്റെ അടുത്ത് എന്തിനോ പോകണം എന്ന് പറഞ്ഞിരുന്നു..” ആരോ പറഞ്ഞു.


കലം പോയാല്‍ കുന്തത്തിലും നോക്കണം എന്നതിനാല്‍ ആരോ നാരായണനെ വിളിച്ചു .
“ഇല്ല , ഇങ്ങോട്ട് വന്നില്ലല്ലോ....ഇനിയിപ്പോ റസാക്കിന്റെ അടുത്ത് പോയിട്ടുണ്ടാകോ ആവോ ?”


“അതെന്താ അവിടെ ?”


“റസാക്കിന്റെ ഭാര്യ പ്രസവിച്ചിട്ടുണ്ട്...അവളുടെ നാട്ടില്‍ ആല്‍ത്തറയില്‍...”


‘ഈ ആല്‍ത്തറയില്‍ ആരെങ്കിലും പ്രസവിക്കുന്നിടത്ത് അറമുഖന് എന്തുകാര്യം‘ എന്ന് ചോദിക്കാന്‍ ആര്‍ക്കും ധൈര്യം തോന്നിയില്ല.കാരണം അലങ്കോലം കൂടുതല്‍ അലങ്കോലമാകരുതല്ലോ?


“ശരി ശരി....എന്നാല്‍ അവനെ ഒന്നു വിളിച്ചു നോക്കട്ടെ...”


അറമുഖന്‍ റസാക്കിന്റെ വീട്ടിലുണ്ടോ എന്നറിയാന്‍ അറമുഖനെ തന്നെ വിളിച്ചു നോക്കാം എന്ന സെക്രട്ടറിയുടെ അതിബുദ്ധി കാരണം അറമുഖന്റെ മൊബെയിലിലേക്ക് ഒന്നു കൂടി വിളിച്ചു നോക്കി.മറുപടി പരിധിക്ക് അകത്തില്ല എന്ന് തന്നെ.

സമയം ഇഴഞ്ഞോ നുഴഞ്ഞോ ഒഴിഞ്ഞോ അതിന് ഇഷ്ടപ്പെട്ട രീതിയില്‍ എല്ലാം നീങ്ങി.അറമുഖനെ കാണാതായ വിവരം നാടും നഗരവും കടലും പ്രകാശ വേഗതയില്‍ സൌജന്യമായി കടന്നു.രാത്രി ബൈക്കില്‍ പുറപ്പെട്ട് വഴിയില്‍ ആധാരവും മുദ്രപത്രവും  ഒന്നുമില്ലാതെ അറമുഖന്‍ കിടക്കുന്ന കാഴ്ചകള്‍ ചില ദുഷ്ടമനസ്സുകളിലൂടെ പാഞ്ഞു.ഊഹാപോഹങ്ങള്‍  ഓഹരി വിപണിയേയും കടത്തിയും ഇരുത്തിയും വെട്ടി,അല്ല തുരു തുരെ വെട്ടി.എസ്.എം.എസുകളും മൊബെയില്‍ വിളികളും ടവറിനെപ്പോലും അന്ധാളിപ്പിച്ചു.അലങ്കാര പണികള്‍ എന്റെ നാക്ക് പറഞ്ഞപോലെ അലങ്കോലമായി.എങ്ങും മൂകത താലി കെട്ടി തുടങ്ങി.


“നമുക്ക് ഒന്ന് തിരഞ്ഞ് പോയാലോ ?” അരുടെയോ തലയിലെ ചോറ് ദഹിക്കാന്‍ തുടങ്ങിയതിന്റെ ലക്ഷണം കണ്ടു.


“അതെ...പക്ഷേ എങ്ങോട്ട് പോകും?”


“ഭാര്യാ വീട്ടിലേക്ക് ,അല്ലാതെ അമ്മായി അപ്പന്റെ വീട്ടിലേക്ക് പോകാന്‍ പറ്റോ ?” മറ്റാരുടെയോ തലയില്‍ ഓളം വെട്ടുന്നതിന്റെ ലക്ഷണവും കേട്ടു.

“ഇപ്പോള്‍ സമയം എത്രയായി ? “


“അര്‍ധരാത്രി പന്ത്രണ്ടുമണി..”


“ഓ...അതാണ് ഈ സമയം അല്ലേ....” മറ്റാരോ കേട്ട സമയം ദര്‍ശിച്ചതിലുള്ള സന്തോഷവും രേഖപ്പെടുത്തി.


“ഒരല്പം കൂടി കഴിഞ്ഞ് പോകാം...” കൂട്ടത്തിലെ മഹാമടിയനും തടിയനുമായവന്‍ അഭിപ്രായപ്പെട്ടു.


“അതെന്താ....നിനക്ക്  തല്ലിപൊലീസുകളെ പേടിയുണ്ടോ ?”


“അതല്ല.....കേരളസിംഹം കൂട്ടില്‍ നിന്നിറങ്ങുന്നത് രാത്രി ഒരു മണിക്ക് ശേഷമാ....ഞാന്‍ ഇന്നലെ നേരില്‍ കണ്ടതാ....”


“ഓ പഴശ്ശിരാജാ....സെക്കന്റ് ഷോ....അത് ശരിയാ....എങ്കില്‍ ഒരൊന്നൊന്നരക്ക് നമുക്ക് പുറപ്പെടാം..” 


പറഞ്ഞപോലെ രാത്രി ഒന്നരക്ക് അറമുഖനെയും തിരഞ്ഞുള്ള ദൌത്യസംഘം സര്‍വ്വസന്നാഹങ്ങളുമായി പുറപ്പെടാന്‍ തയ്യാറായി നില്‍ക്കേ ദൂരെ ആ പരിചിതമായ ‘മുരളല്‍’ കേട്ടു.കൂട്ടം കൂടി നില്‍ക്കുന്ന നാട്ടുകാര്‍ക്കടുത്ത് വിവരമൊന്നുമറിയാതെ അറമുഖന്‍ ബൈക്ക് നിര്‍ത്തി.


“ഒരല്പം കൂടി കഴിഞ്ഞിരുന്നെങ്കില്‍ നീ നാട്ടുകാര്‍ക്ക് നല്ല പണി ഒപ്പിച്ചിരുന്നു മോനേ ദിനേശാ...” ആരോ പറഞ്ഞു.


“ങും ...എന്താ..?” അറമുഖന്‍ ചോദിച്ചു.


“നിന്നെ വൈകിട്ട് മുതല്‍ കാണാനില്ല എന്ന് പറഞ്ഞ് ഇന്റെര്‍നെറ്റില്‍ വരെ തപ്പി നോക്കി...”


“എന്നാ ഒന്ന് വിളിച്ചു കൂടായിരുന്നോ...ഞാന്‍ പഴശ്ശിരാജാ കാണാന്‍ പോയതായിരുന്നു....”


“വിളിച്ചു കൂടായിരുന്നോ എന്നോ...ഒബാമയെ വരെ വിളിച്ച് നിന്റെ സുഖ വിവരം അന്വേഷിക്കാന്‍ ശ്രമിച്ചതാ....പരിധിക്ക് പുറത്തായതിനാല്‍ കിട്ടിയില്ല....വേഗം ഭാര്യയെ വിളിച്ച് വിവരം പറഞ്ഞേക്ക്...ഇല്ലെങ്കില്‍ രാവിലെ ഇനി അവിടേക്ക് ഫയര്‍ഫോഴ്സിനെ വിളിക്കേണ്ടി വരും...”


വാല്‍: പിറ്റേന്ന് രാവിലെ അറമുഖന്റെ വീട്ടിലെ ഫോണിലേക്ക് ഒരു കാള്‍ 
“ഹലോ ഞാന്‍ ഗള്‍ഫില്‍ നിന്ന് ബാബു.പഴശ്ശിരാജയുണ്ടോ അവിടെ !!!!”

Monday, December 07, 2009

കേരള പൊല്ലിസ്...

“ഹ ഹ ഹാ....ഹ ഹ ഹാ....“ പത്രവും പൊക്കിപ്പിടിച്ച് പൊട്ടിച്ചിരിച്ചുകൊണ്ട് വരുന്ന മകളെ നോക്കി ഞാന്‍ അന്തം വിട്ട് നിന്നു.


“എന്താ , ഇന്ന് പത്രത്തില്‍ ഇത്ര ചിരിക്കാന്‍ ?” ഞാന്‍ ചോദിച്ചു.


“ഒരു ബെല്ല്യൊര് മന്സന്‍ .....”


“വലിയൊരു മനുഷ്യനോ?”


“ആ....ബെല്ല്യൊര് മന്സന്‍ പോലീസ് ന്ന് എയ്ത്യത് കണ്ടോ ?”


ഞാന്‍ പത്രം വാങ്ങി നോക്കി. അവള്‍ പറഞ്ഞ പോലെ പത്രത്തിന്റെ ഒന്നാം പേജില്‍ മന്ത്രി കൊടിയേരി KERALA POLLICE എന്നെഴുതി അണ്ടി പോയ അണ്ണാനെ പോലെ നില്‍ക്കുന്നു.


“അത് നമ്മുടെ ഒരു മന്ത്രിയാ മോളേ..” ഞാന്‍ പറഞ്ഞു.


“ആരായാലും അയാളെ ഒന്നാം ക്ലാസ്സ്ല്‍ കൊണ്ടേ ഇര്ത്തണം...പോലീസ്‌ന്റെ സ്പെല്ലിംഗും അറ്യാത്ത മന്സന്‍...”


എനിക്ക് പതിവ് പോലെ മറുപടി ഒന്നും ഇല്ലായിരുന്നു.മലയാളം ഭരണഭാഷ ആക്കാന്‍ സര്‍ക്കാര്‍ തന്നെ പലവിധ പ്രവര്‍ത്തനങ്ങളും നടത്തുന്നതിനിടയില്‍ ഇത്ര ബുദ്ധിമുട്ടി ഇദ്ദേഹം തന്റെ ഇംഗ്ലീഷ് ജ്ഞാനം വിളമ്പേണ്ട കാര്യമുണ്ടായിരുന്നില്ല.മലയാളത്തില്‍ എഴുതിയാലും ആ ഇന്റെറാക്ടീവ് ബോഡില്‍ അക്ഷരം തെളിയും എന്ന് ആരും അദ്ദേഹത്തിന് പറഞ്ഞു കൊടുത്തിട്ടുണ്ടാവില്ല.അതിനാല്‍ പ്രിയപ്പെട്ട മന്ത്രിമാരെ, ഉല്‍ഘാടനങ്ങള്‍ എല്ലാം നാട മുറിച്ചോ വിളക്ക് കത്തിച്ചോ മാത്രം മതി.എഴുതിയുള്ള പരിപാടി നിങ്ങളുടെ തൊലിക്കട്ടിക്ക് യോജിക്കുമെങ്കിലും സാക്ഷരകേരളത്തിന്റെ അന്തസ്സിന് നിരക്കില്ല.

 

Thursday, December 03, 2009

ആ റോഡിന് ഇനി എന്ന് ശാപമോക്ഷം കിട്ടും?

കോളേജില്‍ പഠിക്കുന്ന കാലത്തെ എന്‍.എസ്.എസ് (നാഷണല്‍ സര്‍വ്വീസ് സ്കീം ) പ്രവര്‍ത്തനങ്ങളെ പറ്റി ഇവിടെ കുത്തിക്കുറിച്ച് കൃത്യം ഒരാഴ്ച്ച കഴിഞ്ഞപ്പോഴാണ് ഞാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന കോളേജിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഒരു എളിയ ആവശ്യവുമായി എന്നെ സമീപിച്ചത്.കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ ഇക്കൊല്ലത്തെ ക്യാമ്പ് നടത്താനുദ്ദേശിക്കുന്ന മലപ്പുറം ജില്ലയിലെ ആമയൂര്‍ എന്ന കുഗ്രാമത്തില്‍ നടക്കുന്ന സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ നാലഞ്ച് കുട്ടികളോടൊപ്പം പങ്കെടുക്കാനായിരുന്നു നിര്‍ദ്ദേശം.ഞാന്‍ അത് വളരെ സന്തോഷപൂര്‍വ്വം സ്വീകരിച്ചു.


പിറ്റേ ദിവസം വൈകിട്ട് നാല് മണിക്കായിരുന്നു യോഗം.ഞങ്ങള്‍ അവിടെ എത്താന്‍ വൈകിയെങ്കിലും നല്ല പങ്കാളിത്തത്തോടെ യോഗം ആരംഭിച്ചു.എനിക്ക് അവിടെ ആരെയും മുന്‍പരിചയം ഇല്ലായിരുന്നു. സ്വാഗത സംഘ രൂപീകരണ യോഗം നടന്നത്  യുവജന എന്ന ക്ലബ്ബിന്റെ ഷെഡില്‍ ആയിരുന്നു.സ്വാഗത സംഘത്തിലേക്കുള്ള അംഗങ്ങളെ ചേര്‍ക്കുന്ന വേളയില്‍ , ഞങ്ങളെ ആദ്യം സ്വീകരിച്ച ആ മാന്യവ്യക്തിയോട്‌ ഞാന്‍ ചോദിച്ചു.

“ഇവിടെ മറ്റു ക്ലബ്ബുകള്‍ ഒന്നും ഇല്ലേ ?”


“ഉണ്ട്.യുവധാര എന്ന ക്ലബ്ബ്.അവരോട്‌ പറഞ്ഞിരുന്നു.ആരെയും കണ്ടില്ല...”  അദ്ദേഹം പറഞ്ഞു.


“ശരി...എന്നാല്‍ അവരേയും ഇതില്‍ ഉള്‍പ്പെടുത്തണം....”  ഞാന്‍ നിര്‍ദ്ദേശിച്ചു.

മേല്‍ വ്യക്തി സ്വാഗത സംഘത്തിലേക്ക് ധാരാളം പേരെ നിര്‍ദ്ദേശിക്കുകയും ചെയ്തു.ശേഷം ഞാന്‍ ക്യാമ്പിനെപറ്റിയും അതിന് ആവശ്യമായ പൊതുജന പിന്തുണയെപറ്റിയും ഒരു ഹ്രസ്വപ്രസംഗം നടത്തി.യോഗശേഷം പ്രവൃത്തി സ്ഥലം കാണാനായി ഞങ്ങള്‍ പുറത്തിറങ്ങി.പുറപ്പെടാന്‍ തുടങ്ങുമ്പോഴാണ് സമീപത്തെ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ഒരു യുവജനക്കൂട്ടം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്.ഞങ്ങളുടെ കൂടെ വന്ന ഒരു വിദ്യാര്‍ത്ഥി അവര്‍ക്കിടയില്‍ സംസാരിക്കുന്നുണ്ടായിരുന്നു.സംഗതി അറിയാന്‍ ഞാനും അങ്ങോട്ട് കയറി ചെന്നു.ഇങ്ങനെ ഒരു സ്വാഗത സംഘ രൂപീകരണ യോഗം നടക്കുന്ന വിവരം അവര്‍ അറിഞ്ഞില്ല എന്ന് എനിക്ക് അപ്പോള്‍ വിവരം ലഭിച്ചു.സ്വാഭാവികമായും ഇത്ര ദൂരെ നിന്ന് വരുന്ന ഞങ്ങളുടെ അറിവിന്റെ പരിമിതിയും അതില്‍ നിന്നു കൊണ്ട് ഞങ്ങള്‍ സ്വീകരിച്ച നിലപാടും അവരെ സംത്ര്‌പ്തരാക്കിയില്ല.


ക്യാമ്പിന് അവര്‍ സ്വാഗതം അറിയിച്ചെങ്കിലും ഒരു പാര്‍ട്ടി ഓഫീസ് കൂടി ആയി പ്രവര്‍ത്തിക്കുന്ന ആ ഷെഡില്‍ വച്ച് യോഗം കൂടിയതിനെ അവര്‍ വിമര്‍ശിച്ചു.അത് ഒരു പാര്‍ട്ടി ഓഫീസ് ആണെന്ന വിവരവും ഞങ്ങളുടെ ആതിഥേയര്‍ ഞങ്ങളില്‍ നിന്ന് സമര്‍ത്ഥമായി മൂടി വച്ചു.സ്കൂള്‍ ഒന്നും കിട്ടിയില്ല എന്ന കാരണവും പറഞ്ഞു.



യഥാര്‍ത്ഥത്തില്‍ രണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ കീഴിലുള്ള ക്ലബ്ബുകള്‍ ആയിരുന്നു ഇവ രണ്ടും.സംഭവിക്കേണ്ടത് സംഭവിച്ചതിനാല്‍ ഞാന്‍ അവരുടെ ഒരു പ്രതിനിധിയെക്കൂടി പ്രവൃത്തി സ്ഥലം കാണാനായി ക്ഷണിച്ചു.അപ്പോഴേക്കും ഞങ്ങളുടെ ആതിഥേയര്‍ വളരെ മുന്നോട്ട് പോയി കാത്തിരിക്കുകയായിരുന്നു.ക്യാമ്പ് അവിടെ വച്ച് നടത്താന്‍ പറ്റുന്ന കാലാവസ്ഥയല്ല എന്ന് എനിക്ക് വളരെ പെട്ടെന്ന് ബോദ്ധ്യപ്പെട്ടെങ്കിലും പ്രവൃത്തി സ്ഥലം കാണുക എന്ന അതിഥി മര്യാദ പാലിക്കാനായി ഞങ്ങള്‍ പുറപ്പെട്ടു.അതിനിടയില്‍ തന്നെ ഇത് മുന്നോട്ട് പോകില്ല എന്ന് എന്റെ വിദ്യാര്‍ത്ഥികളും അഭിപ്രായപ്പെട്ടു.


ഞങ്ങള്‍ പ്രവൃത്തി സ്ഥലത്ത് എത്തിയതും നേരത്തെ ഞങ്ങളോട്‌ തര്‍ക്കിച്ച യുവജനക്കൂട്ടവും അവിടെ എത്തി.കാണിച്ചുതന്ന പ്രവൃത്തിയെക്കാളും ഉചിതം മറ്റൊരു പ്രവൃത്തിയാണെന്ന് അവരില്‍ ഒരാള്‍ സമര്‍ത്ഥിച്ചു.അതില്‍  പഞ്ചായത്ത് പ്രവൃത്തി നടക്കുന്നതിനാല്‍ ഇത് തന്നെയാണ് ഉത്തമം എന്ന് മറു വിഭാഗവും വാദിച്ചു.ഇരുട്ട് മുറുകുന്നതിനിടയില്‍ വാഗ്വാദവും  മുറുകി.അവസാനം ക്യാമ്പ് അവിടെ നടക്കില്ല എന്ന് അവര്‍ക്കും ബോദ്ധ്യമായി.ഞാനും എന്റെ വിദ്യാര്‍ത്ഥികളും കൂടുതല്‍ ഒന്നും പറയാതെ തിരിച്ചു പോന്നു.


രാഷ്ട്രീയ തിമിരം ബാധിച്ചവരുടെ മുന്നില്‍ ഒരു സന്നദ്ധപ്രവര്‍ത്തനവും നടക്കില്ല എന്ന് എനിക്ക് ഒന്നു കൂടി ബോദ്ധ്യമായി.വികസന പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ,എല്ലാ പാര്‍ട്ടികളും  ഒരേ പോലെ സ്വന്തം അക്കൌണ്ടിലേക്ക് വരവ് വയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു നാടിനും നാട്ടുകാര്‍ക്കും  നഷ്ടമായ ഭാഗ്യം ഇവര്‍ ചിന്തിക്കുന്നില്ല.ആ റോഡിന് ഇനി എന്ന് ശാപമോക്ഷം കിട്ടുമോ ആവോ?

Thursday, November 26, 2009

ഈദാശംസകള്‍....

ബൂലോകര്‍ക്കെല്ലാവര്‍ക്കും ഞങ്ങളുടെ ഈദാശംസകള്‍.... 

Wednesday, November 25, 2009

കുറ്റബോധത്തില്‍ നിന്നുള്ള ഉള്‍വിളി

ബാപ്പയുടെ മരണ ശേഷം ബാപ്പയുടെ ജ്യേഷ്ഠനായ എന്റെ നിലവിലുള്ള ഒരേ ഒരു മൂത്താപ്പയെ പല പരിപാടികളിലും വച്ച് കണ്ടിരുന്നു എന്നല്ലാതെ അവരുടെ വീട്ടില്‍ പോയി സന്ദര്‍ശിച്ചിട്ടില്ലായിരുന്നു.സമയം ഒത്തുകിട്ടിയില്ല എന്ന ഒഴിവ്കഴിവ് പറയുന്നതിനേക്കാളും നല്ലത് സമയമുണ്ടാക്കിയില്ല എന്ന കുറ്റസമ്മതമാണ്.ബാപ്പ ജീവിച്ചിരുന്ന കാലത്ത് വര്‍ഷത്തില്‍ ഒരു പ്രാവശ്യമെങ്കിലും മൂത്താപ്പ താമസിക്കുന്ന ബാപ്പയുടെ സ്വന്തം ഗ്രാമമായ പേരാമ്പ്രക്കടുത്ത നൊച്ചാട് പോകുമായിരുന്നു.ബന്ധുക്കളില്‍ ഒട്ടു മിക്കവരെയും സന്ദര്‍ശിക്കുകയും ചെയ്യുമായിരുന്നു. മാസത്തില്‍ ഒരിക്കലെങ്കിലും അവരെ എല്ലാം ഫോണില്‍ വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യേണ്ട ബാധ്യത എന്റെ ഭാര്യക്കായിരുന്നു.ബാപ്പയുടെ മരണത്തോടെ അതെല്ലാം നിലച്ച മട്ടായി.


ആ കുറ്റബോധത്തില്‍ നിന്നുള്ള ഒരു ഉള്‍വിളിയാണ് കഴിഞ്ഞ ദിവസം നൊച്ചാട് സന്ദര്‍ശിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.പലതരം അസുഖങ്ങള്‍ കാരണം ബുദ്ധിമുട്ടുന്ന മൂത്താപ്പയേയും മൂത്തുമ്മയേയും നേരില്‍ കണ്ട് സുഖവിവരങ്ങള്‍ അന്വേഷിക്കാനായി ഞാന്‍ പുറപ്പെട്ടു.


വെള്ളിയൂരില്‍ ബസ്സിറങ്ങി ബേക്കറി സാധനങ്ങള്‍ വാങ്ങാനായി കടയിലേക്ക് നടന്നപ്പോള്‍ പെട്ടെന്ന് ബാപ്പ വീണ്ടും എന്റെ ചിന്തയില്‍ എത്തി.എന്റെ കുട്ടിക്കാലത്ത് വേനലവധിയില്‍ മൂന്ന് ദിവസം ഞങ്ങള്‍ കുടുംബ സമേതം നൊച്ചാട് പോയി താമസിക്കുന്ന പതിവുണ്ടായിരുന്നു.അതിരാവിലെ വീട്ടില്‍ നിന്നും പുറപ്പെടുന്നതിനാല്‍ ഭക്ഷണം കാര്യമായി കഴിച്ചുട്ടുണ്ടാവില്ല.കഴിച്ചവയെല്ലാം ബസ്സില്‍ ചര്‍ദ്ദിച്ച് കളഞ്ഞിരിക്കും.ഞങ്ങള്‍ വരുന്ന വിവരം വിളിച്ചറിയിക്കാന്‍ അന്ന് ഒരു ഫോണും ഇല്ല.അപ്പോള്‍ പ്രാതല്‍ കഴിക്കുന്നത് വെള്ളിയൂര്‍ ബസ് സ്റ്റോപ്പിനടുത്തുള്ള ഒരു ഹോട്ടലില്‍ വച്ചായിരുന്നു.ആ ഹോട്ടല്‍ നിന്നിടത്തെ കടയിലാണ് ഞാന്‍ ബേക്കറി സാധനങ്ങള്‍ വാങ്ങാനായി കയറിയത്.


സാധനങ്ങള്‍ വാങ്ങി ഞാന്‍ നൊച്ചാട് റോഡിലേക്ക് നടന്നു.കുട്ടിക്കാലത്ത്, വെള്ളിയൂര്‍ നിന്നും ബാപ്പയുടെ തറവാട് ലക്ഷ്യമാക്കി ഒന്നര കിലോമീറ്റര്‍ നടക്കലായിരുന്നു പതിവ്.ഇന്ന് ഓട്ടോറിക്ഷകള്‍ തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരിക്കുന്നു.പണ്ട് കാലത്തെ ആ നടത്തം അയവിറക്കി ഒന്ന് നടക്കാന്‍ മോഹിച്ചെങ്കിലും സമയം അനുവദിച്ചില്ല.ഓട്ടോയില്‍ കയറി പടിഞ്ഞാറേകണ്ടി താഴെ ഞാന്‍ ഇറങ്ങി.


ഒരു പറമ്പ് കടന്ന് ഞാന്‍ കനാലിന്റെ മുകളില്‍ എത്തി.ഞങ്ങള്‍ കനാല്‍ എന്ന പദം കേള്‍ക്കുന്നതും കാണുന്നതും നൊച്ചാട് വച്ചാണ്.കനാലിന്റെ മുകളിലെ ചെറിയ നടപ്പാലം കടന്ന് ഞാന്‍ ഇടവഴിയിലേക്ക് കയറി.പെട്ടെന്ന് എനിക്ക് മനസ്സില്‍ വല്ലാത്ത ഒരു നീറ്റല്‍ അനുഭവപ്പെട്ടു.കുട്ടിക്കാലത്ത് ബാപ്പയുടെ കൈ പിടിച്ച് വളരെ ശ്രദ്ധയോടെ ഞങ്ങളെ കൊണ്ടുപോയിരുന്ന ആ ഇടവഴിയിലെ മതിലുകള്‍ക്ക് നാവുണ്ടായിരുന്നെങ്കില്‍ അവ ചോദിക്കുമായിരുന്ന ആ ചോദ്യം - മോന്റെ ബാപ്പ എവിടെ ? എന്നെ മുന്നോട്ട് ഗമിക്കുന്നതില്‍ നിന്നും അല്പനേരം തടഞ്ഞു.(ഇത് ടൈപ്പുമ്പോഴും എന്റെ മനസ്സ് വിതുമ്പുന്നു).മനസ്സ് ശാന്തമായപ്പോള്‍ ഞാന്‍ മുന്നോട്ട് നടന്നു.


മൂത്താപ്പയുടെ വീട് സ്ഥിതി ചെയ്യുന്ന വിശാലമായ പറമ്പിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഒറ്റക്കല്‍ പടവിലൂടെ ഞാന്‍ കയറി.പറമ്പില്‍ പ്രവേശിച്ചതും വീണ്ടും എന്റെ ചിന്ത ബാപ്പയെക്കുറിച്ച് തന്നെയായി.ആ വീട്ടില്‍ എത്തിയാല്‍ പറമ്പ് മുഴുവന്‍ നടന്ന് നോക്കുന്ന എന്റെ പിതാവ് അവിടെയുള്ള മാവിന്‍ ചുവട്ടില്‍ ഒരു ബനിയനും ധരിച്ച് നില്‍ക്കുന്ന ചിത്രം എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നു.


ബാപ്പയുടെ സ്മരണകളില്‍ മുങ്ങി ഞാന്‍ വീടിന് മുമ്പില്‍ എത്തിയപ്പോള്‍ മൂത്താപ്പ പശുവിനെ മാറ്റി കെട്ടുകയായിരുന്നു.മൂത്തുമ്മ അടുക്കളയില്‍ ചായ ഉണ്ടാക്കുകയും.എന്റെ പ്രതീക്ഷകള്‍ക്ക് അപ്പുറം രണ്ട് പേരും സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ എനിക്ക് വളരെ സന്തോഷം തോന്നി.ഒരു മണിക്കൂറോളം അവരുമായി ചെലവഴിച്ച് ഞാന്‍ തിരിച്ച് പോന്നു.


എന്റെ മതവിശ്വാസ പ്രകാരം ,നിങ്ങള്‍ ഒരാളെ സന്ദര്‍ശിക്കാനുദ്ദേശിച്ച് വീട്ടില്‍ നിന്നും ഇറങ്ങി പുറപ്പെട്ടാല്‍ വഴിയിലുടനീളം എഴുപതിനായിരം മലക്കുകള്‍(മാലാഖമാര്‍) നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും.അതിനാല്‍ ബന്ധം നിലനിര്‍ത്തുക,പ്രത്യേകിച്ചും കണ്ണിമുറിയാന്‍ സാധ്യതയുള്ള ബന്ധങള്‍.

അതു തന്നെയാ ഞാന്‍ പത്രം വായിക്കാത്തത്...

ഒന്നും മനസ്സിലായില്ലെങ്കിലും പത്രം ദിവസവും വായിക്കണമെന്ന് ഞാന്‍ എന്റെ മക്കളോട്‌ ഉപദേശിക്കാറുണ്ടായിരുന്നു.എന്നാലും പലപ്പോഴും അവര്‍ക്ക് അതിന് മടിയാണ്.ഇന്നലെ പത്രത്തില്‍ ഒരു പകുതി പേജ് പരസ്യം വായിച്ചു കൊണ്ടിരുന്ന മകള്‍ എന്നോട്‌ ചോദിച്ചു.
“ഉപ്പച്ചീ,മുഖ്യമന്ത്രി എന്നാല്‍ എന്താ ?”


“ചീഫ് മിനിസ്റ്റെര്‍ എന്ന് നീ പഠിച്ചിട്ടില്ലേ....അത് തന്നെ..”


“ആ....വി.എസ്.അച്ചുതാനന്ദന്‍...”


“അതേ..അതെ...ചീഫ് എന്നാല്‍ മുഖ്യന്‍...മന്ത്രിമാര്‍ കുറേ ഉണ്ടാകും.പക്ഷേ മുഖ്യന്‍ ഒന്നേ ഉണ്ടാകൂ...” ഞാന്‍ ഒന്നു കൂടി വിശദീകരിച്ചു കൊടുത്തു.


“അങ്ങനെയെങ്കില്‍ മുഖ്യാഥിതിയോ ?”


“മുഖ്യാഥിതി എന്നാല്‍ ചീഫ്ഗസ്റ്റ്...ചീഫ് എന്നാല്‍ ഒരാളേ ഉണ്ടാകൂ....അല്ലെങ്കില്‍ പിന്നെ ചീഫ് എന്ന് പറയണോ?” ഞാന്‍ അവള്‍ക്ക് നന്നായി മനസ്സിലാകാന്‍ വേണ്ടി പറഞ്ഞു.


“അപ്പോള്‍ ഈ കൊടുത്തത് മുഴുവന്‍ പൊട്ടത്തരമല്ലേ.ഈ കാണുന്ന ആള്‍ക്കാരെല്ലാം മുഖ്യാഥിതി ആവുന്നതെങ്ങന്യാ ? അതു തന്നെയാ ഞാന്‍ പത്രം വായിക്കാത്തത്...” പത്രത്തിലെ ഒരു സര്‍ക്കാര്‍ വക പരസ്യം കണ്ട അവളുടെ ചോദ്യത്തിന് മുന്നില്‍ എനിക്ക് മറുപടി ഇല്ലായിരുന്നു.ആറോ ഏഴോ മന്ത്രിമാര്‍ മുഖ്യാഥിതികള്‍ ആയി നല്‍കിയ ഒരു പരസ്യം.

Wednesday, November 18, 2009

ഒരു റാലിയും ചില ചിന്താശകലങ്ങളും.

ഇന്നലെ എസ്.എഫ്.ഐ യുടെ സംസ്ഥാന സമ്മേളനത്തോട്‌ അനുബന്ധിച്ച് കോഴിക്കോട് പട്ടണത്തില്‍ വിദ്യാര്‍ത്ഥിറാലി നടക്കുന്നതിനാല്‍ ഞാന്‍ കോല്ലേജില്‍ നിന്നും നേരത്തെ ഇറങ്ങി.ഗതാഗത നിയന്ത്രണം മുന്‍‌കൂട്ടി കണ്ടാണ് ഞാന്‍ ഇറങ്ങിയത്.പ്രതീക്ഷിച്ച് പോലെ ഒരു കിലോമീറ്റര്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ തന്നെ അത് സംഭവിച്ചു.


പിന്നെ ഏതൊക്കെയോ വഴിയിലൂടെ ബസ് ചുറ്റി സഞ്ചരിക്കാന്‍ തുടങ്ങി.അതിനിടക്ക് സ്ഥലം പരിചയമില്ലാത്ത ഒരു സ്ത്രീ കണ്ടക്റ്ററോട്‌ എന്തോ ചോദിച്ചു.


“നിങ്ങള്‍ ഇവിടെ ഇറങ്ങിക്കോളൂ...” കണ്ടക്റ്റര്‍ പറഞ്ഞു.


“അതെന്താ നിങ്ങള്‍ നേരത്തേ പറയാഞ്ഞത് ? എനിക്ക് സ്ഥലം പരിചയമില്ല...”

“സ്ഥലം പരിചയമില്ല എന്ന് നിങ്ങള്‍ പറയേണ്ടേ...മനസ്സില്‍ വച്ചിരുന്നാല്‍ ഞാന്‍ അറിയോ?”

ആ സ്ത്രീ അവിടെ ഇറങ്ങി.സംസാരത്തില്‍ നിന്നും, ബസ് റൂട്ട് തിരിച്ചു വിട്ട അവിടെ നിന്നും അടുത്ത സ്റ്റോപ് ആണ് ആ സ്ത്രീക്ക് ഇറങ്ങേണ്ടത് എന്ന് മനസ്സിലായി.രണ്ട് മിനുട്ട് നടക്കാനുള്ള ദൂരം.പക്ഷേ ഇപ്പോള്‍ ആ സ്ത്രീയെ ഇറക്കിവിട്ടത് ഏതോ ഒരു വഴിയിലും.ബസ് ജീവനക്കാര്‍, ബസ് ആ ട്രിപ്പില്‍ പോകാത്ത രണ്ട് സ്റ്റോപുകള്‍ പറഞ്ഞിരുന്നെങ്കിലും ആ സ്ത്രീക്ക് ഇറങ്ങേണ്ട സ്റ്റോപ് പറഞ്ഞിരുന്നില്ല.


ആ സ്ത്രീയും , ഈ ഗതാഗതകുരുക്കില്‍ പെട്ട വൃദ്ധജനങ്ങളും , ആശുപത്രിയിലേക്ക് കുതിച്ചുപായുന്ന രോഗികളും മറ്റ് ജനങ്ങളും ഈ ഒരു റാലി കൊണ്ട് എത്രമാത്രം കഷ്ടപ്പെട്ടിരിക്കും എന്ന് ഇതിന് നേതൃത്വം കൊടുക്കുന്ന ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകുമോ?


മത-രാഷ്ട്രീയ-സാംസ്കാരിക സംഘടനകളുടെ പ്രകടനങ്ങള്‍ മെയിന്‍ റോഡു വഴി പോകുന്നത് നിര്‍ബന്ധമായും തടയേണ്ടിയിരിക്കുന്നു.ജനങ്ങള്‍ കാണാനാണ് പ്രകടനം.പക്ഷേ ജനങ്ങള്‍ക്ക് ഇതൊന്നും ശ്രദ്ധിക്കാന്‍ സമയമില്ലാതായിരിക്കുന്നു.പാര്‍ട്ടി അനുഭാവികള്‍ക്കും അല്ലാത്തവര്‍ക്കും ഒരു പോലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഈ പരിപാടികള്‍ വല്ല മൈതാനത്തോ ബീച്ചിലോ കൂട്ടം കൂടി നിന്ന് നടത്തിയാലും പോരേ ? കാണാനും കേള്‍ക്കാനും താല്പര്യമുള്ളവര്‍ വല്ല വിധേനയും അങ്ങോട്ട് എത്തിക്കോളും.പിന്നെ എന്തിന് എല്ലാവരേയും ബുദ്ധിമുട്ടിക്കുന്ന ഈ കോപ്രായങ്ങള്‍?


സംഘടനകള്‍ ഈ വിഷയം ഗൌരവതരമായി കാണേണ്ടിയിരിക്കുന്നു.പോലീസും ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.ജനങ്ങളും തങ്ങളുടെ പ്രതിഷേധം അറിയിക്കണം.സമീപഭാവിയിലെങ്കിലും നെടുനീളന്‍ റാലികള്‍ ഇല്ലാത്ത ഒരു കേരളം കാണാന്‍ സാധിക്കുമോ?ഇല്ലെങ്കില്‍ തെക്ക്-വടക്ക് പാത (എക്സ്പ്രെസ് പാത എന്ന് മറ്റവന്മാര്‍ വിളിച്ചതുകൊണ്ടും അതിനെ എതിര്‍ത്തത് കൊണ്ടും ഇനി ഇങ്ങനെയല്ലേ വിളിക്കാന്‍ പറ്റൂ) പോലെ ഒരു തെക്ക്-വടക്ക് പ്രകടന പാത കൂടി നിര്‍മ്മിക്കാനൊക്കുമോ ?




Friday, November 13, 2009

ആദ്യം മരുന്ന്....അസുഖം പിന്നാലെ

ഇന്നലെ രാത്രി ഞാന്‍ വീട്ടില്‍ എത്തിയ ഉടനെ എന്റെ മൂത്ത മകള്‍ ചോദിച്ചു .
“ഉപ്പച്ചീ ഞാന്‍ മന്ത് ഗുളിക വാങ്ങണോ?”

എനിക്ക് ഒന്നും പിടികിട്ടിയില്ല.അപ്പോള്‍ അവള്‍ ഒന്നു കൂടി വിശദീകരിച്ചു.
“സ്കൂളില്‍ നിന്ന് നാളെ മന്തുരോഗത്തിനുള്ള ഗുളിക വിതരണം ചെയ്യുന്നുണ്ട്.ഗുളിക വേണ്ടാത്തവര്‍ രക്ഷിതാവിന്റെ എഴുത്ത് നല്‍കണം....”


“ഹോമിയോ മരുന്നാണോ ?” ഞാന്‍ ചോദിച്ചു.


“അറിയില്ല...സുനുതാത്തക്ക്(എന്റെ സഹോദരിയുടെ മകള്‍) കിട്ടിയിട്ടുണ്ട്....”



“സുനൂ....എവിടെ ആ ഗുളിക ?”


അവള്‍ എനിക്ക് ഗുളിക കാണിച്ചു തന്നു.മൂന്ന് ഗുളികകള്‍ നന്നായി പാക്ക് ചെയ്തും ഒന്ന്  ഒരു മാസം പ്രായമായ കുട്ടിയെപ്പോലെ നഗ്നനായും...

“ഇത് എന്നൊക്കെ കഴിക്കാനാ ?”

“അത് എല്ലാം ഇന്ന് തന്നെ കഴിക്കാനാ പറഞ്ഞത്...ഞാന്‍ കഴിക്കുന്നില്ല...”


“എന്താ ഇപ്പോ ഒരു മന്തന്‍ ഗുളിക,അതും നാലെണ്ണം“ എന്ന് ഞാന്‍ ഉറക്കെ ആലോചിച്ചു.എന്റെ മോളോട്‌ അത് വാങ്ങേണ്ട എന്നും ഞാന്‍ പറഞ്ഞു.അവള്‍ ചെറുപ്പം മുതലേ ഹോമിയോമരുന്ന് കഴിക്കുന്നവളായിരുന്നു.


“എങ്കില്‍ ഒരു കത്ത് നിര്‍ബന്ധമായും തരണം...” അവളും ശാഠ്യം പിടിച്ചു.


“ശരി...നാളെ തരാം..”


“ഉമ്മാ....ഉപ്പയോട്‌ കത്ത് എഴുതി വക്കാന്‍ പറയണേ...” ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവള്‍ വീണ്ടും പറഞ്ഞു.


ഇന്ന് രാവിലെ എണീറ്റ് മോള്‍ എണീക്കുന്നതിന്റെ മുമ്പേ ഞാന്‍ കത്ത് എഴുതി വച്ചു.ശേഷം പത്രം എടുത്തു.ഒന്നാം പേജിലെ വാര്‍ത്ത “മന്തുരോഗ നിവാരണ ഗുളിക കഴിച്ചവര്‍ക്ക് ദേഹാസ്വസ്ഥ്യം”
ഞാന്‍ നന്നായി ഞെട്ടി.കാരണം  ഗുളിക എന്റെ മുന്നില്‍ അപ്പോഴും എന്നെ നോക്കി ഇളിക്കുന്നുണ്ടായിരുന്നു.


സര്‍ക്കാര്‍ നടപ്പാക്കുന്ന മരുന്ന് വിതരണ പദ്ധതികള്‍ പലതും താളം തെറ്റുന്നു.ജനങ്ങളില്‍ ആശങ്കയും ഭീതിയും പടര്‍ത്താനേ ഇവ ഉപകരിക്കുന്നുള്ളൂ.അല്ലെങ്കില്‍ ഈ അവസരത്തില്‍ ഇങ്ങനെ  ഒരു ഗുളിക സ്കൂളിലൂടെ വിതരണം ചെയ്യുന്നതിന്റെ പിന്നിലെ നീക്കം എന്ത് എന്ന് എല്ലാവര്‍ക്കും മനസ്സിലാവുന്ന ഭാഷയില്‍ വിശദീകരിക്കണം.ആദ്യം മരുന്നും  പിന്നാലെ അസുഖവും വരും എന്ന സ്ഥിതി വിശേഷം ആരോഗ്യരംഗത്തെ മലീമസമാക്കുന്നു.


വാല്‍:ഇന്നലെ ഇതെഴുതി ഡ്രാഫ്റ്റ് ആക്കി വച്ചു.അല്പം കഴിഞ്ഞപ്പോള്‍ കോളേജിലെ ഒരു അറ്റന്റര്‍ വന്നു.
“സാര്‍...ഇതാ മന്ത് ഗുളിക,വാങ്ങണം...കഴിക്കണോ വേണ്ടയോ എന്ന് സാറിന് തീരുമാനിക്കാം.പിന്നെ ഈ നാലാം ഗുളിക (നഗ്നന്‍) നിങ്ങള്‍ വിചാരിക്കുന്ന പോലെ അല്ല,വിരയിളക്കാനാ...”
അപ്പോള്‍ ഇത് എന്തിനൊക്കെയുള്ള പുറപ്പാടാണോ ആവോ?ഞാന്‍ ഗുളിക വാങ്ങി ,പക്ഷേ ഇതുവരെ കഴിച്ചില്ല.

Wednesday, November 11, 2009

BSNL കണക്റ്റിംഗ്‌ ഇന്ത്യ

“ഓരോ സെക്കണ്റ്റിനും അതിണ്റ്റേതായ മൂല്യമുണ്ട്‌...BSNL കേരള അവതരിപ്പിക്കുന്നു 1 സെക്കണ്റ്റ്‌ പള്‍സ്‌ താരിഫ്‌.“
ഈ അടുത്തൊരു ദിവസം പത്രത്തില്‍ കണ്ട ഒരു പരസ്യമാണിത്‌. 

ഇതുവരേ പിന്നെ സെക്കണ്റ്റിന്‌ മൂലമാണോ ഉണ്ടായിരുന്നത്‌എന്ന ചോദ്യമാണ്‌ എണ്റ്റെ മനസ്സില്‍ വന്നത്‌. സെക്കണ്റ്റിണ്റ്റെ മൂല്യം അറിയാന്‍ ടാറ്റയുടെ വായിക്കാന്‍ സാധിക്കാത്ത (ഞാന്‍ കുറേ കാലം ഇത്‌ ആരെങ്കിലും ഒന്ന്‌ വായിച്ച്‌ തന്നിരുന്നു എങ്കില്‍ എന്ന്‌ ആശിച്ചുപോയിട്ടുണ്ട്‌) ഒരു സെല്ലുലാര്‍ സര്‍വ്വ്വീസ്‌ വരേണ്ടി വന്നു. മറ്റ്‌ നെറ്റ്‌വര്‍ക്കുകളും ആ പാത പിന്തുടര്‍ന്നപ്പോള്‍ കസ്റ്റ്മേഴ്സിണ്റ്റെ കൂടുമാറ്റ ഭയം മൂലം (അല്ലാതെ സെക്കണ്റ്റിണ്റ്റെ മൂല്യം കൊണ്ടല്ല) ഞങ്ങളും ഈ പാതയിലേക്ക്‌ വരാന്‍ നിര്‍ബന്ധിതരായി എന്ന സത്യം ആരുടെ മുമ്പിലാ നിങ്ങള്‍ ഒളിച്ചു വയ്ക്കുന്നത്‌?ഓഫറുകളുടെ പിന്നാലെ നെട്ടോട്ടമോടുന്ന പ്രബുദ്ധ മലയാളിയുടെ മുന്നിലോ?ടാറ്റയും ബിര്‍ളയും വെട്ടുന്ന പാതയിലൂടെ 'ഇതാ ഞങ്ങളും' എന്ന്‌ വീമ്പിളക്കാതെ കണക്റ്റിംഗ്‌ ഇന്ത്യക്കാര്‍ക്ക്‌ തങ്ങളുടേതായ ഒരു കുന്തവും ("ഔട്ട്‌ ഓഫ്‌ റേഞ്ച്‌" സന്ദേശം അല്ലാത്ത) കസ്റ്റമേഴ്സിന്‌ കൊടുക്കാനില്ലേ?

കാജാ ബീഡിക്കുള്ള ലിങ്ക്

ഇംഗ്ളീഷില്‍ എന്നെപ്പോലെ നല്ല.. സോറി വല്ല വിവരവും ഉള്ളവര്‍ക്ക്‌ അറിവുകള്‍ പങ്കു വയ്ക്കാനുള്ള ഒരു സൈറ്റ്‌ .നിങ്ങളുടെ അറിവ്‌, നിങ്ങള്‍ക്ക്‌ അറിയുന്നതും മറ്റുള്ളവര്‍ക്ക്‌ തിരിയുന്നതുമായ ഇംഗ്ളീഷില്‍ എഴുതി പോസ്റ്റ്‌ ചെയ്താല്‍ ഒരു കാജാ ബീഡി വലിക്കാനുള്ള കാശെങ്കിലും കിട്ടും.പലര്‍ക്കും ഞാന്‍ ഇതിണ്റ്റെ ലിങ്ക്‌ അയച്ചിരുന്നു.പരീക്ഷിക്കാന്‍ താല്‍പര്യമുള്ളവര്‍  ഈ വഴി കടന്നു വരൂ.

Tuesday, November 10, 2009

ഒരു കാജാ ബീഡി സന്തോഷം

 അന്ന്‌ സെയിലണ്റ്റ്‌വാലിയില്‍ നിന്ന്‌ ഏറും കിട്ടി, പണ്ട്‌ പൂമ്പാറ്റയില്‍ പീലുവിണ്റ്റെ തലയില്‍ കഥാവസാനം കാണുന്ന പോലെയുള്ള ഒരു ഉണ്ടയുമായി വീട്ടില്‍ മടങ്ങി എത്തി. 

മണ്ടയിലെ ഉണ്ട കണ്ട ഉമ്മ ചോദിച്ചു  "എന്താടാ തലയില്‍ ഒരു ബോംബ്‌?"

"അത്‌ ഒരു കുരങ്ങന്‍ എറിഞ്ഞതാ... "

"നീ എന്തിനാ കുരങ്ങന്‍മാരുടെ കൂടെ ക്രിക്കറ്റ്‌ കളിക്കാന്‍ പോകുന്നത്‌ ?"

ഉത്തരം പറയാതെ ഞാന്‍ മെല്ലെ മുങ്ങി.അപ്പോഴാണ്‌ പെങ്ങളുടെ ഫോണ്‍ വന്നത്‌ 

"ഈ കുന്ത്രാണ്ടം ഒന്ന്‌ ഇവിടെ നിന്ന്‌ കൊണ്ടുപോക്വാ" അവള്‍ ചോദിച്ചു.അല്ലെങ്കിലും പതിനായിരം മുടക്കിയിട്ട്‌ എന്നും പണി കൂടി മുടക്കിയാല്‍ ഏത്‌ പെങ്ങളും ആങ്ങളയുടെ മുഖത്ത്‌ നോക്കി ആ ചോദ്യം ചോദിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.അങ്ങനെ ഇടിവെട്ടേറ്റവനെ സര്‍ക്കാര്‍ ആശുപത്രിയിലെ ഐ.സി.യു.വിലാക്കിയ പോലെയായി എണ്റ്റെ അവസ്ഥ. 

സംഗതികള്‍ നൂഡ്ത്സ്‌ കണക്കെ ആണെങ്കിലും ഞാന്‍ പിറ്റേന്നും ഓഫീസില്‍ പോയി.അല്ലാതെ വീട്ടില്‍ ഇരുന്ന്‌ സിന്ദാബാദ്‌ വിളിച്ചിട്ട്‌ എന്ത്‌ കാര്യം?ഏക ഔദ്യോഗിക കര്‍മ്മമായ ഒപ്പിടലിന്‌ ശേഷം ഞാന്‍ എണ്റ്റെ താവളം എന്ന അപമാനം പേറുന്ന ലാബില്‍ കയറി.പതിവ്‌ ക്രിയകള്‍(പറഞ്ഞാല്‍ അങ്ങാടിപ്പാട്ട്‌ അരമനരഹസ്യമായി മാറും)തുടങ്ങി.ശശിയണ്ണണ്റ്റെ പോസ്റ്റ്‌ ഇട്ട അന്നുമുതല്‍ ആ അസുഖം വിടാതെ പിന്തുടരുന്നതിനാല്‍(എങ്കിലും എന്താ,യു.എന്‍ എന്ന മഹാസംഭവത്തിണ്റ്റെ അണ്ടര്‍ സെക്രെട്ടറിയുടെ അസുഖമല്ലേ,ആപ്പ ഊപ്പ പന്നികളുടെ അസുഖമല്ലല്ലോ) കസേരയില്‍ അമര്‍ന്ന്‌ തന്നെ ഇരുന്നു.

ഏതോ ഒരു ദുര്‍ലഭ ദുര്‍ബ്ബല നിമിഷത്തില്‍ ഞാന്‍ ആ സൈറ്റ്‌ തുറന്നു!
"എണ്റ്റുമ്മ്മ്മോ !!" ഞാന്‍ ഞെട്ടി.
എന്നാലും ഒന്ന് കൂടി ഉള്ളിലേക്ക്‌ കയറി നോക്കാം - ഏതാ മനുഷ്യണ്റ്റെ മനസ്സ്‌ അല്ലേ? ഞാന്‍ ആ ലിങ്കില്‍ ക്ളിക്ക്ക്കി.
"യാ റബ്ബുല്‍ ആലമീന്‍..." എനിക്ക്‌ പടച്ചവനെ വിളിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.അവിടെ കണ്ടത്‌ ഇതായിരുന്നു 

Guys. Here is the end of this group discussion. Sorry for low participation. However we need to decide the winner.Here is the winner of the contest:Abid Areacode Congratulations.

(ഇംഗ്ളീഷില്‍ എന്നെപ്പോലെ നല്ല.. സോറി വല്ല വിവരവും ഉള്ളവര്‍ക്ക്‌ അറിവുകള്‍ പങ്കു വയ്ക്കാനുള്ള ഒരു സൈറ്റ്‌ ആണ്‍ {Boddunan.com}.നിങ്ങളുടെ അറിവ്‌, നിങ്ങള്‍ക്ക്‌ അറിയുന്നതും മറ്റുള്ളവര്‍ക്ക്‌ തിരിയുന്നതുമായ ഇംഗ്ളീഷില്‍ എഴുതി പോസ്റ്റ്‌ ചെയ്താല്‍ ഒരു കാജാ ബീഡി വലിക്കാനുള്ള കാശെങ്കിലും കിട്ടും.പലര്‍ക്കും ഞാന്‍ ഇതിണ്റ്റെ ലിങ്ക്‌ അയച്ചിരുന്നു.ഇനിയും താല്‍പര്യമുള്ളവര്‍ മറക്കാതെ അറക്കാതെ ഈ വഴി കടന്നു വരൂ. )

Friday, November 06, 2009

ദുരന്തത്തിന്റെ ശേഷപത്രം

നാടും വീടും മരവിച്ചു നിന്ന,ചാലിയാറിനെ കണ്ണീര്‍ ചാലിച്ച ആറ് ആക്കിയ ആ ദുരന്തദിനം കഴിഞ്ഞുപോയി.ഇന്നലെ  ആ കൌമാരങ്ങള്‍ക്ക് നാട്ടുകാരും അല്ലാത്തവരും  അന്ത്യപ്രണാമം അര്‍പ്പിച്ചു.വിവിധ സ്ഥലങളിലെ ആറടി മണ്ണില്‍ അവര്‍ അന്ത്യവിശ്രമം ആരംഭിച്ചു.അവരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി ലഭിക്കട്ടെ.


എന്റെ നാട് പൂര്‍ണ്ണഹര്‍ത്താലോടെയാണ് ഈ ദു:ഖത്തില്‍ പങ്കുചേര്‍ന്നത്.വാഹനങ്ങള്‍ ഓടിയെങ്കിലും എങ്ങും മൂകത തളം കെട്ടി നിന്നിരുന്നു.ശബ്ദമുഖരിതമാകാറുള്ള മത്സ്യമാര്‍ക്കറ്റില്‍ പോലും മത്സ്യഗന്ധവും മൂകതയും മാത്രം  തളംകെട്ടി.അന്തരീക്ഷവും ഇന്നലെ കറുത്തിരുണ്ട് മൂടികെട്ടിയ നിലയില്‍ ആയിരുന്നു.


ഇന്ന് ആ ഞെട്ടലില്‍ നിന്നും ഒരല്പം ശമനം ലഭിച്ചു.ഓഫീസിലേക്ക് പോകാനായി ഞാന്‍ ബസ്സില്‍ കയറിയപ്പോള്‍ രണ്ടു പേര്‍ സംസാരിക്കുന്നു.


“....ഏതായാലും നാട്ടുകാരെ മുഴുവന്‍ കണ്ണീരിലാഴ്ത്തി.സ്വന്തം കുട്ടികള്‍ മരിച്ചു പോയപോലെ എല്ലായിടത്തും ദു:ഖം...”


“അതേ....അതേ.....കുട്ടികള്‍ ആയതുകൊണ്ടാ....വയസ്സന്മാര്‍ ആയിരുന്നെങ്കില്‍ ഇത്ര ഞെട്ടല്‍ ഉണ്ടാകുമായിരുന്നില്ല...”


“ആ.....കുട്ടികള്‍ ആരുടേത് മരിച്ചാലും അത് സ്വന്തം കുട്ടികള്‍ മരിച്ച പോലെയാ....”


ആ അഭിപ്രായം എന്റെ മനസ്സില്‍ വീണ്ടും വീണ്ടും പതിഞ്ഞു.നാടിന്റെ മുക്കിലും മൂലയിലും ഉള്ളവര്‍ ഈ ദുരന്തത്തെ സമീപ്പിച്ച രീതി ആ മറുപടിയില്‍ നിന്നും വ്യക്തമായിരുന്നു.


തട്ടേക്കാട് ദുരന്തവും തേക്കടി ദുരന്തവും അധികൃതരുടെ തലയിലും മറ്റ്‌ നൂലാമാലകളിലും കെട്ടിയിടാന്‍ ശ്രമിക്കുമ്പോള്‍ എന്റെ നാട്ടിലെ ഈ ദുരന്തത്തില്‍ ഉത്തരവാദികള്‍ ആര് എന്ന ചോദ്യം ഉയര്‍ന്നു വരുന്നു.പറഞ്ഞത് അനുസരിക്കാത്ത കൌമാരമോ ? വിദ്യാര്‍ത്ഥികളെ, അതു വഴി സര്‍വ്വീസ് നടത്തുന്ന ബസ്സില്‍ കയറ്റാത്ത ബസ് ജീവനക്കാരോ? ഒരു സുരക്ഷാമാനദണ്ഠവും പാലിക്കാന്‍ സാധിക്കാത്ത കടത്തുകാരനോ?തൂക്കുപാലമെങ്കിലും വേണമെന്ന നാട്ടുകാരുടെ ആവശ്യങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാത്ത മാറി മാറി വന്ന സര്‍ക്കാരോ?


ഒരു കാര്യം വ്യക്തമാണ്.കായലുകളിലും നദികളിലും തടാകങ്ങളിലും സവാരി ഉള്ളിടത്തോളം കാലം ജലദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കും.അന്നും അതിന് പിറ്റേന്നും കുറേ പ്രസ്ഥാവനകള്‍ ഇറങ്ങും.ഒരുമാസം അതിന്റെ വിവിധ അന്വേഷണങ്ങളും നടക്കും.അതോടെ ആ ഫയല്‍ പൊടിപിടിക്കുകയും ചെയ്യും.പൊടിക്ക് പകരം കൊടി പിടിക്കാന്‍ ആ ഫയലുകള്‍ക്ക് സാധിച്ചിരുന്നെങ്കില്‍ എന്ന് വൃഥാ ആശിക്കുന്നു.

Wednesday, November 04, 2009

വഞ്ചി മറിഞ്ഞ് എട്ടു കുട്ടികള്‍ മരിച്ചു

എന്റെ നാടിനെ നടുക്കിയ വന്‍‌ദുരന്തത്തില്‍ ചാലിയാര്‍ പുഴയിലെ സ്കൂള്‍കടവില്‍ തോണി മറിഞ്ഞ് എട്ടു കുട്ടികള്‍ മരിച്ചു.ഏഴ് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്.അഞ്ച് കുട്ടികളെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.ഞാന്‍ പഠിച്ച മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍സെക്കണ്ടറി സ്കൂളിലെ കുട്ടികളാണ് മരിച്ചവര്‍ എല്ലാവരും.


ഇന്ന് വൈകിട്ട് 4.30-ന് ആണ് ഒരു ജലദുരന്തത്തിന് കൂടി കേരളം സാക്ഷിയായത്.മുപ്പതിലധികം കുട്ടികള്‍ തോണിയില്‍ കയറിയതായി പറയപ്പെടുന്നു.ഓവര്‍ലോഡ് ആണെന്ന മുന്നറിയിപ്പ് വക വയ്ക്കാതെ  തോണിയില്‍ തന്നെ ഇരുന്നവരാണ് ദുരന്തത്തിന് ഇരയായത്. സാധാരണ ഉണ്ടാകാറുള്ള കടത്തുകാരന്‍ തത്സമയത്ത് ഇല്ലാതായതും മറ്റൊരു കാരണമായി.മുന്നറിയിപ്പ് പരിഗണിച്ച് ഇറങ്ങിയ കുട്ടികള്‍ക്ക് ദുരന്തം കണ്ട് കരയില്‍ നിന്ന് വാവിട്ട് കരയാനേ സാധിച്ചുള്ളൂ.


അപകടം നടന്നയുടനെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതിനാലും കുറേ പേര്‍ നീന്തി രക്ഷപ്പെട്ടതിനാലും മരണസംഖ്യ ചുരുങ്ങി.ഫയര്‍ഫോഴ്സും പോലീസും തക്ക സമയത്ത് തന്നെ എത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ രാത്രിയും തുടരുന്നു.



+1 വിദ്യാര്‍ത്ഥികളായ കിഴിശ്ശേരി സ്വദേശി മുഷ്ഫിക്ക്,കൊഴക്കോട്ടൂര്‍ സ്വദേശി ഷാഹിദലി,പാലപറ്റ സ്വദേശി തൌഫീക്ക്, ,വെള്ളേരി സ്വദേശി ഷിഹാബ്,വി.കെ.പടി സ്വദേശി ഷമീം,കൊഴക്കോട്ടൂര്‍ സ്വദേശിനി ത്വയ്യിബ ,+2 വിദ്യാര്‍ത്ഥികളായ കുനിയില്‍ സ്വദേശി സിറാജ്,ഉഗ്രപുരം സ്വദേശി സുഹൈല്‍ എന്നിവരാണ് മരിച്ചത്.മൃതദേഹങ്ങളില്‍ മൂന്നെണ്ണം അരീക്കോട്‌ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും അഞ്ചെണ്ണം സ്ഥലത്തെ സ്വകാര്യ ആശുപത്രിയിലും ആണ് .ആശുപത്രി പരിസരത്തും ദുരന്തസ്ഥലത്തും വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.സഹപാഠികളുടെ അകാലവിയോഗത്തില്‍ ദു:ഖം പേറി നില്‍ക്കുന്ന വിദ്യാര്‍ത്ഥികളേയും പലയിടത്തും കാണുന്നുണ്ട്.



ഊര്‍ക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് ഉള്ളത് കാരണം ചാലിയാറില്‍ വെള്ളം ഉയര്‍ന്ന നിലയിലാണ് ഉള്ളത്.കൂടാതെ മണലെടുപ്പ് കാരണം അപകടം നടന്ന സ്ഥലത്ത് നല്ല ആഴവും ഉണ്ടായിരുന്നു.മറിഞ്ഞ തോണി ഉയര്‍ത്തിയപ്പോള്‍ അതിനകത്ത് കുടുങ്ങിയ നിലയിലായിരുന്നു ഒരു മൃതദേഹം.

മൂര്‍ക്കനാട് വഴി ബസ് സര്‍വ്വീസ് ഉണ്ടെങ്കിലും സ്വകാര്യ ബസ്സില്‍ കയറ്റപ്പെടുന്ന കുട്ടികള്‍ക്ക് പരിമിതി ഉള്ളതിനാലും അരീക്കോട്‌ ബസ്‌സ്റ്റാന്റില്‍ പെട്ടെന്ന് എത്തിച്ചേരാമെന്നതിനാലും കുട്ടികള്‍ ഈ കടവിലൂടെയാണ് കൂടുതലായും യാത്ര ചെയ്യുന്നത്.പുഴക്ക് കുറുകെ കെട്ടിയ കയറില്‍ പിടിച്ചുവലിച്ചാണ് തോണി സഞ്ചരിച്ചിരുന്നത്.ഏകദേശം മദ്ധ്യഭാഗത്ത് എത്തിയപ്പോള്‍ തോണിയില്‍ വെള്ളം കയറുന്നത് കണ്ട് പരിഭ്രാന്തരായി കുട്ടികള്‍ എണീറ്റതാണ് തോണി മറിയാനുള്ള കാരണമായി പറയപ്പെടുന്നത്.


ഞാന്‍ പഠിക്കുന്ന കാലത്ത് കുട്ടികളുടെ ഏക ആശ്രയമായിരുന്നു ഈ കടവ്.മഴക്കാലത്ത് കുത്തി ഒഴുകുന്ന ചാലിയാര്‍ അക്കരെ കടക്കുന്നത് ജീവന്‍ പണയം വച്ചുള്ള പരിപാടി ആയിരുന്നു.കുട്ടികള്‍ക്കും പ്രദേശ വാസികള്‍ക്കും ഉപകാരപ്പെടുന്ന രീതിയില്‍ സ്ഥലത്ത് തൂക്കുപാലം വേണമെന്ന ആവശ്യത്തിന് ഇനിയെങ്കിലും അധികൃതരുടെ അനുമതി ലഭിക്കുമോ ആവോ ?

Monday, November 02, 2009

സൈലന്റ്വാലിയില്‍ ഒരു രാത്രി !

മിനിഞ്ഞാന്ന് സൈലന്റ് വാലിയെ പറ്റിയുള്ള ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ ഹെഡ്ഫോണും മറ്റു സന്നാഹങ്ങളുമായി കമ്പ്യൂട്ടറിന്റെ മുമ്പില്‍ ഇരുന്നു.രണ്ട് ദിവസം മുമ്പേ പേര്‍ രെജിസ്റ്റര്‍ ചെയ്ത് പാസ്‌വേഡും യൂസര്‍നൈമും ഒക്കെ വാങ്ങി വച്ചിരുന്നു.മുമ്പ് ഒരുപാട് ക്വിസ് മത്സരത്തില്‍ മത്സരാര്‍ത്ഥികളേയും ക്വിസ് മാസ്റ്ററേയും ഓഡിയന്‍സിനേയും പിന്നെ എന്നെ തന്നെയും വണ്ടര്‍ അടിപ്പിച്ചിട്ടുള്ള പരിചയത്തിലാണ് സിംഹവാലന്‍ കുരങ്ങന്മാരുടെ ഇടയിലേക്ക് വാലില്ലാത്ത ഞാന്‍ കയറിചെല്ലാന്‍ തീരുമാനിച്ചത്.രാത്രി എന്നേയും കാത്ത് ഈ കുരങ്ങന്മാര്‍ നില്‍ക്കുമോ എന്ന സന്ദേഹം ഉണ്ടായിരുന്നെങ്കിലും ഞാന്‍ ഒറ്റക്ക് തന്നെ രാത്രി സൈലന്റ് വാലിയില്‍ കയറി.ഒരു ടോര്‍ച്ച് പോലും ഇല്ലാതെ!!!


ഗേറ്റിലെ പരിശോധന കഴിഞ്ഞതും എന്റെ സംശയം അസ്ഥാനത്താക്കി ഒരു കുരങ്ങന്‍ പ്ലക്കാര്‍ഡുമായി എന്റെ മുന്നില്‍ ചാടി എത്തി.”കളി തുടങ്ങാം” എന്നോ മറ്റോ ഇം‌ഗ്ലീഷില്‍ പ്ലക്കാര്‍ഡില്‍ എഴുതിവച്ചിരിക്കുന്നു.“കുരങ്ങന്മാര്‍ വരെ ഇം‌ഗ്ലീഷില്‍ സംവദിക്കാന്‍ തുടങ്ങി“ എന്ന് ഞാന്‍ ആത്മഗതം ചെയ്തു എന്ന് നിങ്ങള്‍ വിചാരിച്ചെങ്കില്‍ നിങ്ങള്‍ക്ക്  മാര്‍ക്ക് കൊട്ടപൂജ്യം മൈനസ് വട്ടപൂജ്യം.


ഞാന്‍ ഓ.കെ പറഞ്ഞു ,സോറി  ക്ലിക്കി.പെട്ടെന്ന് എവിടെ നിന്നോ ഒരു കുരങ്ങന്‍ ഒരു ചോദ്യം എടുത്ത് എന്റെ നേരെ ഒരേറ്‌.അത് എന്റെ മെഡുല മണ്ണാങ്കട്ടയില്‍ തന്നെ കൊണ്ടു.പെട്ടെന്നുള്ള അങ്കലാപ്പില്‍ ഞാന്‍ കൊടുത്ത ഉത്തരം തെറ്റി.ഉടന്‍ അടുത്ത കുരങ്ങന്‍ ഒരു പ്ലക്കാര്‍ഡുമായി വന്നു .
“മാഷേ എണീറ്റു പോ പുറത്ത് “ എന്ന് സ്നേഹപൂര്‍വ്വം അതില്‍ എഴുതിവച്ചിരുന്നു!(ഇംഗ്ലീഷില്‍ തന്നെ.)ഇന്നിങ്സിലെ ഒന്നാമത്തെ പന്തില്‍ തന്നെ ക്ലീന്‍ബൌള്‍ഡ് ആയി മടങ്ങുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറെപോലെ ഞാന്‍ ഹെഡ്ഫോണ്‍ ഊരി.


ഉത്തരം മുട്ടിയാല്‍ തലവേദനിക്കും കളിയില്‍ തുടരാം.എന്നാല്‍ ഉത്തരം തെറ്റിയാല്‍ അവിടെയുള്ള സിംഹവാലന്‍ കുരങ്ങന്മാര്‍ ഒരു കുരങ്ങത്വവുമില്ലാതെ പുറത്താക്കും .അത് ഏതോ ഒരു കുരങ്ങന്‍ അവിടെ എഴുതി വച്ചിരുന്നു.മത്സരത്തിനുള്ള ആവേശത്തിരയില്‍, ഭൂമി തിരിയുകയല്ലാതെ എനിക്കുണ്ടോ അത് തിരിയുന്നു.ഇനി , കെമിസ്ട്രി ബുക്ക് പോയ അസ്സങ്കുട്ടിയെപ്പോലെ ആകാതെ മത്സരിക്കാന്‍ ആര്‍ക്കെങ്കിലും താല്പര്യമുണ്ടെങ്കില്‍ ഇതു വഴി ധൈര്യമായി കയറിക്കോളൂ.പക്ഷേ സൂക്ഷിക്കണം. അവിടേയും ധാരാളം കുരങ്ങന്മാര്‍ ഉണ്ട്.നവംബര്‍ അഞ്ചുവരെ മാത്രമേ നാട്ടുകുരങ്ങന്മാര്‍ക്ക് പ്രവേശനം ഉള്ളൂ.

Thursday, October 29, 2009

ഞാന്‍ കണ്ട ആദ്യ ഐ ലീഗ്,വിവയുടെ ആദ്യ ജയവും

ഇന്ത്യന്‍ ഫുട്ബാളിന് ഷറഫലി,ജാബിര്‍ തുടങ്ങിയ പ്രഗല്‍ഭരേയും കേരള ഫുട്ബാളിന് സക്കീര്‍, ഹബീബ്‌റഹ്മാന്‍, ജസീര്‍ കാരണത്ത്,നൌഷാദ് പ്യാരി,കെ.ടി.നവാസ്,എം.പി.സക്കീര്‍ തുടങ്ങിയവരേയും (ഇത്രയും പേരേ എന്റെ പരിമിതമായ ഓര്‍മ്മയില്‍ വരുന്നുള്ളൂ) സംഭാവന ചെയ്ത നാടാ‍ണ് എന്റെ ഗ്രാമമായ അരീക്കോട്‌.സ്വാഭാവികമായും ഫുട്ബാള്‍ ഏതൊരു അരീക്കോടന്റേയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കും.ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഫുട്ബാള്‍ ലീഗില്‍ (ഐ ലീഗ്) കേരളത്തിന്റെ പ്രതിനിധിയായ വിവ കേരളയെ നയിക്കുന്നത് അരീക്കോട്ട്കാരനായ എം.പി.സക്കീര്‍ ആണ്.അതിനാല്‍ തന്നെ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന വിവയുടെ ഹോം മാച്ച് കാണാന്‍ ഞാനും പോയി.ഐ ലീഗില്‍ ഞാന്‍ ആദ്യമായി നേരിട്ട് കാണുന്ന കളിയായിരുന്നു ഇത്.


കഴിഞ്ഞ ഐ ലീഗില്‍ വളരെ നല്ല പ്രകടനം കാഴ്ച വച്ച സ്പോര്‍ട്ടിങ് ഗോവ ആയിരുന്നു ഇന്ന് വിവയുടെ എതിരാളികള്‍.പോയന്റ് നിലയില്‍ അവസാനത്തില്‍ നിന്നും എണ്ണിയാല്‍ ആദ്യം നില്‍ക്കുന്ന വിവയും രണ്ടാമത് നില്‍ക്കുന്ന സ്പോര്‍ട്ടിങും തമ്മിലുള്ള മത്സരം പൊടിപാറും എന്ന കണക്കുകൂട്ടലിലാണ് ഞാന്‍ സ്റ്റേഡിയത്തില്‍ പ്രവേശിച്ചത്.കാണികള്‍ പ്രവേശിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ നാലാം മിനുട്ടില്‍ തന്നെ വിവയുടെ വല കുലുങ്ങിയപ്പോള്‍ ഒന്നാമത്തെ ഹോം മാച്ചില്‍ കല്‍ക്കത്ത ചിരാഗ് യുണൈറ്റിനോട് തോല്‌വി ഏറ്റുവാങ്ങിയത് വീണ്ടും ആവര്‍ത്തിക്കുമോ എന്ന ഭയം എന്റെ ഉള്ളില്‍ മിന്നി.കാരണം അത്ര അനായാസകരമായിരുന്നു ഇന്നത്തെ ആ ആദ്യഗോള്‍.ഗോളിയുടെ തലക്ക് മുകളിലൂടെ എതിര്‍ ക്യാപ്റ്റന്റെ വക അനായാസകരമായ ഒരു പ്ലേസിങ്.

പക്ഷേ ഗോവക്കാരുടെ ആഹ്ലാദം അധികം നീണ്ടു നിന്നില്ല.മുന്നേറ്റ നിരയില്‍ അദ്ധ്വാനിച്ചു കളിച്ച ഘാന സ്ട്രൈക്കര്‍ റൂബന്‍സാന്യോ അതിമനോഹരമായ ഗോളിലൂടെ  പതിനേഴാം മിനുട്ടില്‍ വിവയ്ക്ക് സമനില നല്‍കി.ഇടവേളക്ക് പിരിയുന്നതിന് മുമ്പ് തന്നെ മറ്റൊരു മനോഹര നീക്കത്തിലൂടെ സിറാജും വിവക്ക് വേണ്ടി സ്കോര്‍ ചെയ്തു.വീണ്ടും പല സുവര്‍ണ്ണാവസരങ്ങളും ലഭിച്ചെങ്കിലും അവ ഗോളാക്കി മാറ്റാന്‍ വിവയ്ക്ക് സാധിച്ചില്ല.


ഇടവേളക്ക് ശേഷം ഗോവ ആഞ്ഞടിച്ചതോടെ വിവ പ്രതിരോധം ആടിയുലഞ്ഞു.പക്ഷേ അനീഷിലൂടെ വിവ ലീഡ് വര്‍ദ്ധിപ്പിച്ചു.ഗോളിന്റെ മുഴുവന്‍ ക്രെഡിറ്റും റൂബന്‍സാന്യോക്ക് കൂടി അവകാശപ്പെട്ടതായിരുന്നു. കാരണം സന്യോയുടെ തകര്‍പ്പന്‍ അടി റീബൌണ്ട് ചെയ്തത് നല്ലൊരു ഹെഡ്ഡറിലൂടെ അനീഷ് വലക്കകത്താക്കി.വിവയുടെ പ്രതിരോധഭടന്റേയും  പ്രതിരോധനിരയുടേയും പോരായ്മകള്‍ നന്നായി മനസ്സിലാക്കിയ ഗോവക്കാര്‍ ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടി.ഫലം വിവ ഗോളിയുടെ ഒരു സേവിങ് ,ഗോള്‍ വര കടന്നതിനാല്‍ ഗോളായി വിധിക്കപ്പെട്ടു.സ്കോര്‍ 3-2



അവസാന നിമിഷത്തില്‍ സമനിലക്കായി രണ്ടും കല്‍പ്പിച്ച് ഗോവയുടെ പതിനൊന്ന് പേരും വിവ ഗോള്‍മുഖത്തേക്ക് ഇരച്ചു കയറാന്‍ തുടങ്ങി.വളരെ മുന്നോട്ട് കയറി വന്ന ഗോവന്‍ ഗോളിയുടെ ഒരു ഷോട്ട് പിടിച്ചെടുത്ത് റൂബന്‍സാന്യോ ഗോളിയേയും കബളിപ്പിച്ച് വിവയുടെ നാലാമത്തെ ഗോളും നേടിയപ്പോള്‍ മുമ്പ് ഏതോ ലോകകപ്പില്‍ കൊളംബിയന്‍ ഗോളി ഹ്വിഗ്വിറ്റ ഇതേ പോലെ വഴങ്ങിയ ഗോള്‍ ഓര്‍മ്മയില്‍ മിന്നിത്തെളിഞ്ഞു(അന്നും ഗോളടിക്കാരന്‍ കാമറൂണ്‍കാരനായ ഒരാള്‍ ആയിരുന്നോ?).ഗോളിയുടെ നിരാശ അദ്ദേഹത്തിന്റെ ഭാവപ്രകടനങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.


കാണികളുടെ നിര്‍ലോഭ പിന്തുണയോടെ ഇന്നത്തെ മത്സരം 4-2ന് ജയിച്ചുകയറിയ വിവ പോയിന്റ് നിലയിലും സ്പോര്‍ട്ടിങിനെ പിന്തള്ളി.ഈ വര്‍ഷത്തെ ഐ ലീഗില്‍ വിവ സ്കോര്‍ ചെയ്യുന്നതും ആദ്യമായിട്ടായിരുന്നു.മൈതാനം നിറഞ്ഞു കളിച്ച റൂബന്‍സാന്യോ ആണ് ഇന്നത്തെ മാന്‍ ഓഫ് ദ മാച്ച്.വിവയുടെ അടുത്ത മത്സരം ഈസ്റ്റ്ബംഗാളുമായി ഈ തിങ്കളാഴ്ച വൈകിട്ട് 6.30ന് ആണ്.



വാല്‍:മത്സരം ഇന്ത്യന്‍ ഫുട്ബാള്‍ ലീഗ് ആണെങ്കിലും മൈതാനം നിറഞ്ഞു നിന്നത് രണ്ട് ടീമിലേയും ആഫ്രിക്കക്കാര്‍ ആയിരുന്നു.വിവ കേരള എന്ന ടീം പേര്  വിവ ആഫ്രിക്ക എന്നാക്കണോ എന്ന് പോലും ചിന്തിച്ചു പോയി.




ഞാനും എന്റെ ഒരു വിദ്യാര്‍ത്ഥിയും

രണ്ട് ദിവസം മുമ്പ് ,ലഞ്ച്ബ്രേക്ക് കഴിഞ്ഞ് ഞാന്‍ ഇന്റെര്‍നെറ്റ് ലാബ് തുറക്കാന്‍ വരുമ്പോള്‍ ധാരാളം കുട്ടികള്‍ ലാബില്‍ പ്രവേശിക്കാന്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.രണ്ട്മണി കൃത്യം (ലഞ്ച്ബ്രേക്ക് കഴിഞ്ഞ് ലാബ് തുറക്കുന്ന കൃത്യസമയം) ആയപ്പോഴാണ് ഞാന്‍ ലാബിന്റെ വാതിലില്‍ എത്തിയത്.അതേ സമയത്ത് ഓഫീസില്‍ നിന്നും ഫോണ്‍ വന്നതിനാല്‍ ലാബ് തുറന്ന്  വീണ്ടും അടച്ച് (!) പിള്ളേരെ കയറ്റാതെ ഞാന്‍ ഓഫീസിലേക്ക് പോയി.പതിനഞ്ച് മിനുട്ടിന് ശേഷം തിരിച്ചെത്തി ഞാന്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കി.


ഞാന്‍ ഈ കോളേജില്‍ വന്നതിന് ശേഷം ലാബില്‍ കയറാന്‍ കോളേജ് ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു.പഴയ കോളേജില്‍ പിന്തുടര്‍ന്നു പോന്ന നല്ല ഒരു പരിഷ്കാരം ഇവിടേയും നടപ്പിലാക്കിയതായിരുന്നു.ആദ്യമാദ്യം ഇതിന്റെ പേരില്‍ പലര്‍ക്കും ലാബില്‍ കയറാന്‍ പറ്റാതെ വന്നെങ്കിലും പിന്നീട് ഇതൊരു പെരുമാറ്റചട്ടമായി മാറി.



അന്ന് അകത്ത് കയറിയ ഒരു വിദ്യാര്‍ത്ഥി തന്റെ പേഴ്‌സ് കാണിച്ച് അതിനകത്ത് ഭദ്രമായി വച്ച ഐഡന്റിറ്റി കാര്‍ഡ്കാണിച്ചു.ഫോട്ടോ പതിക്കാത്ത ആ ഐഡന്റിറ്റി കാര്‍ഡ്(!) പുറത്തെടുക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു.അത് കീറിപ്പോയത് കാരണം എടുക്കാന്‍ പറ്റില്ല എന്നായിരുന്നു അവന്റെ മറുപടി.മുമ്പും ഇതേ നമ്പര്‍ എന്റെ അടുത്ത് ഇറക്കിയിട്ടുള്ളതിനാല്‍ ഞാന്‍ അവന് പ്രവേശനം അനുവദിച്ചില്ല.

“സാര്‍ ഇപ്പോള്‍ ലാബ് എത്ര മണിക്കാ തുറന്നത് ?” അവന്‍ എന്നെ ചോദ്യം ചെയ്തു.

“ലാബ് രണ്ട്മണി കൃത്യത്തിന് തന്നെ തുറന്നിട്ടുണ്ട്.“ ഞാന്‍ പറഞ്ഞു.

“സാര്‍ ഇപ്പോഴല്ലേ തുറന്നത് ?” അവന്‍ വിട്ടില്ല.

“അല്ല.ഞാന്‍ ലാബ് തുറന്നതിന് ശേഷം ഓഫീസില്‍ നിന്നും വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ അങ്ങോട്ട് പോയതാണ്.” ഞാന്‍ വിശദീകരിച്ച് തന്നെ പറഞ്ഞു.

“ഐഡന്റിറ്റി കാര്‍ഡ് ഉണ്ടായാല്‍ പോരേ.പുറത്ത് ഇംഗ്ലീഷിലിട്ട നിര്‍ദ്ദേശം അത്രയല്ലേ ഉള്ളൂ” അവന്‍ പിന്നേയും വാദിച്ചു.

“പോരാ...കാര്‍ഡ് ഇവിടെ വയ്ക്കുക തന്നെ വേണം.ഈ ലാബിലെ നിയമങ്ങള്‍ പാലിക്കാന്‍ പറ്റില്ലെങ്കില്‍ പുറത്ത് പൊയ്ക്കോളൂ...”

പിന്നേയും എന്തൊക്കെയോ പറഞ്ഞ് അവന്‍ പോയി.അല്പം കഴിഞ്ഞ് കീറിയ ആ ഐഡന്റിറ്റി കാര്‍ഡ് ഒട്ടിച്ച് വൃത്തിയാക്കി അവന്‍ തിരിച്ച് വന്ന് ലാബില്‍ കയറി.ആവശ്യമുള്ളത് ചെയ്ത് അവന്‍ പുറത്ത് പോകുകയും ചെയ്തു.

വൈകിട്ട് ഞാന്‍ ലാബ് അടച്ച് പോകാന്‍ ഒരുങ്ങുമ്പോള്‍അവന്‍ വീണ്ടും വന്നു.
“സാര്‍...നേരത്തെ ഞാന്‍ പെട്ടെന്നുള്ള കോപത്തില്‍ എന്തൊക്കെയോ പറഞ്ഞുപോയി.സോറി.അസൈന്മെന്റ് വയ്ക്കാത്തതിനാല്‍ ക്ലാസ്സില്‍ നിന്നും പുറത്താക്കി. ഇവിടെ വന്നപ്പോള്‍ ഇങ്ങിനേയും ആയിപ്പോയി.സാര്‍ കൃത്യസമയത്ത് ലാബ് തുറന്നതായി മറ്റുള്ളവര്‍ പറഞ്ഞു.ഇനി ആവര്‍ത്തിക്കില്ല....”


“ഓകെ.എനിക്ക് പ്രശ്നമൊന്നുമില്ല.” അവന്റെ മാനസികാവസ്ഥ മനസ്സിലാക്കി ,പുറത്ത് തട്ടിക്കൊണ്ട് ഞാന്‍ പറഞ്ഞു.ശേഷം ഒരു ഷേക്ക് ഹാന്റും നല്‍കി.പുഞ്ചിരിയോടെ അതിലേറെ സമാധാനത്തോടെ അവന്‍ ലാബില്‍ നിന്നും ഇറങ്ങിപ്പോകുന്നതും നോക്കി ഞാന്‍ നിന്നു.


മനോനിലയാണ് പലപ്പോഴും എല്ലാവരേയും കോപാന്ധരാക്കുന്നത്. ഒരിടത്തു നിന്നുള്ള ദുരനുഭവം മറ്റൊരിടത്ത് ദ്വേഷ്യത്തോടെ പെരുമാറാന്‍ നമ്മെ നിര്‍ബന്ധിതമാക്കുന്നു.മനസ്സിന്റെ ഈ അവസ്ഥയെ തരണം ചെയ്യാന്‍ സാധിക്കുന്നവനാണ് യഥാര്‍ത്ഥ വിജയി.പലപ്പോഴും ഇക്കാര്യത്തില്‍ ഞാന്‍ പൂര്‍ണ്ണ പരാജിതനാണ്.


Wednesday, October 28, 2009

ലിസി ടീച്ചറും പോക്കരാക്കയും

പച്ചക്കറി വാങ്ങാന്‍ കടയില്‍ വന്ന ലിസി ടീച്ചര്‍ പച്ചക്കറികള്‍ ചീഞ്ഞത് കണ്ട് പറഞ്ഞു: ”ഹൊ....ഇതൊന്നും തന്നെ കൊള്ളത്തില്ലല്ലോ ?”


ഉടന്‍ തൊട്ടടുത്ത് നിന്നിരുന്ന പോക്കരാക്ക: “അത്  ങ്ങനെ അങ്ങാടീന്റെ നടൂന്ന് ബിളിച്ച് പറ്യാന്‍ പാടുണ്ടോ ? ഒന്നുല്ലെങ്കി ങ്ങള് ഒര് ടീച്ചറല്ലേ?”

Thursday, October 22, 2009

ഒരു പരിസ്ഥിതി ചിന്ത

തിങ്കള്‍ മുതല്‍ വെള്ളി വരെ കോളേജില്‍ വരുന്ന ദിവസങ്ങളില്‍ എല്ലാം, കോഴിക്കോട് മിഠായി തെരുവിലൂടെയാണ് രാവിലെ എന്റെ നടപ്പ്.കോഴിക്കോട് പനി പിടിച്ചു വിറക്കുന്നു എന്ന് പത്രങ്ങളും മാധ്യമങ്ങളും വിളിച്ചു കൂവിയ ദിവസങ്ങളില്‍, ദിവസം ആയിരത്തിലധികം പേര്‍ കടന്നു പോകുന്ന മിഠായി തെരുവിലെ ഓടകളുടെ സ്ഥിതി കണ്ടിരുന്നെങ്കില്‍ അധികൃതരുടെ തിമിരം ശരിക്കും മനസ്സിലാകുമായിരുന്നു.ഇന്നും അതിലൂടെ നടക്കുമ്പോള്‍ കണ്ണും  മൂക്കും പൊത്തിയാല്‍ നിങ്ങള്‍ക്ക് പല രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാം.മൂക്കുപൊത്തിയല്ലാതെ ഞാന്‍ മിഠായി തെരുവിലൂടെ നടക്കാറില്ല.


പറഞ്ഞു വന്നത്  നാം നമ്മുടെ പരിസ്ഥിതിയെ മലീമസമാക്കുന്ന ഭീകര കാഴ്ചകളെക്കുറിച്ചാണ്.സ്വന്തം കടയിലെ വേസ്റ്റുകള്‍ ഒരു സഞ്ചിയിലാക്കി രാത്രി കടയടക്കുമ്പോള്‍ പുറത്തേക്ക് എടുത്ത് വച്ചാല്‍ രാവിലെ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ അത് വണ്ടിയില്‍ കയറ്റി കൊണ്ടുപോകും.ഇത്രയും ചെറിയ ഒരു പണി ചെയ്യുന്നതിന് പകരം അത് നേരെ റോഡില്‍ കൊണ്ടിടുന്നു.ഫലമോ കാറ്റടിക്കുമ്പോഴും വാഹനം പോകുമ്പോഴും ഇവയെല്ലാം പറന്ന് സ്ലാബിടാത്ത അഴുക്കുചാലില്‍ വീഴുന്നു.പിന്നെ അതുവഴിയുള്ള മലിനജലത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നു.അങ്ങിനെ കെട്ടി നില്‍ക്കുന്ന വെള്ളം ദിവസങ്ങളോളം ദുര്‍ഗന്ധം പരത്തുന്നു.സ്വന്തം കടയുടെ മുമ്പില്‍ നാറ്റം ഉണ്ടായാല്‍ പോലും അത് പുറത്തല്ലേ ഞാന്‍ അകത്തല്ലേ എന്ന് സമാധാനിക്കുന്ന കടക്കാരന്‍.പുറത്ത് ഇത് സഹിച്ചും ക്ഷമിച്ചും കടന്നുപോകുന്ന വഴിയാത്രക്കാരും.


ദിവസവും നഗരം വൃത്തിയാക്കുന്ന തൊഴിലാളികള്‍ രണ്ടു ദിവസം അവരുടെ ജോലി ഒന്ന് നിര്‍ത്തിവച്ചാല്‍ ഈ തെരുവിന്റെ സ്ഥിതി എന്തായിരിക്കും?ആലോചിക്കാന്‍ പോലും വയ്യ.റോഡിലെ മാലിന്യങ്ങള്‍ മാത്രമാണ് അവര്‍ നീക്കുന്നത്.ഓടയില്‍ വീണവ എന്നും അവിടെ തന്നെ കിടയ്ക്കും.


ഈ കാഴ്ചകള്‍ കണ്ട് എന്റെ കോളേജിന്റെ ഗേറ്റില്‍ എത്തിയപ്പോള്‍, ലാബ് യൂണിഫോം ധരിച്ച മൂന്ന് ആണ്‍കുട്ടികള്‍ മൂന്ന് സൈക്കിളുകളിലായി എന്റെ മുമ്പിലൂടെ കടന്നുപോയി.പാര്‍ക്കിങ് ഏരിയയില്‍ സൈക്കിള്‍ നിര്‍ത്തി അവര്‍ ക്ലാസ്സുകളിലേക്ക് നീങ്ങി.എനിക്ക് വളരെ സന്തോഷം തോന്നി.ബൈക്ക് മാത്രം സ്വപ്നം കാണുന്ന ഇന്നത്തെ യുവത്വത്തിന്റെ മുന്നിലൂടെ അന്തരീക്ഷത്തിന് ഒരു കോട്ടവും ഏല്‍പ്പിക്കാത്ത സൈക്കിള്‍ ചവിട്ടി വന്ന ആ വിദ്യാര്‍ത്ഥികളെ ഞാന്‍ മനസാ അഭിനന്ദിച്ചു. ആര്‍ഭാടത്തിന്റേയും കാട്ടിക്കൂട്ടലുകളുടേയും ലോകമായ എഞ്ചിനീയറിങ് കോളേജിലേക്ക് തന്നെ സൈക്കിളില്‍ നെഞ്ചുവിരിച്ചു വരുന്ന ഈ യുവത്വം എല്ലാവരും മാതൃകയാക്കേണ്ടവര്‍ തന്നെ.നമ്മുടെ പരിസ്ഥിതിയെ ആവും വിധം സംരക്ഷിക്കാന്‍ നമുക്കും ശ്രമിക്കാം.

Tuesday, October 20, 2009

ശശിയണ്ണന്‍ വിദേശത്ത് നിന്നും തൂറ്റി !!!

അമളി അമളി എന്ന് പറയുന്നത് മുസ്സോളിനിയുടെ (അതാരാന്ന് ബൂലോകത്തെ വേറെ ഏതെങ്കിലും മാഷമ്മാരോട്‌ ചോദിക്കുക) മാത്രം കുത്തകയല്ല എന്ന് എനിക്ക് എന്നും എന്നും ബോധ്യം വരാറുണ്ട്.ഇതുവരെ സംഭവിച്ചവ അക്കമിട്ട് നിരത്തിയിരുന്നെങ്കില്‍ ഗൂഗോളിന്റെ അയല്‍‌വാസി ആകുമായിരുന്ന അവയില്‍ ഒന്ന് കൂടി ഇതാ.
*                           *                                *

ബൂലോകത്ത് കറങ്ങലല്ലാതെ കോളേജില്‍ മറ്റു പണി ഒന്നും ഇല്ലാത്ത ഒരു ദിവസമാണ് ഞാന്‍ ട്വിറ്ററില്‍ ചെന്നുകയറിയത്.ചന്ദ്രനില്‍ പത്ത് സെന്റ് സ്ഥലവും വാങ്ങി പോന്ന പോലെ ,അവിടെ ഒരു അക്കൌണ്ടും ഉണ്ടാക്കി ഞാന്‍ സ്ഥലം വിട്ടു.


കാലന്റെ വായില്‍ കടന്ന് കാലചക്രം കറങ്ങി ,ഭൂമിയുടെ അച്ചുതണ്ടില്‍ ഭൂമിയും കറങ്ങി ,പനിപിടിച്ച് എന്റെ തലയും കറങ്ങി.ഈ കറക്കങളുടെ പ്രവാഹത്തിനിടക്കാണ് എന്റെ മെയില്‍ ബോക്സില്‍ ട്വിറ്ററില്‍ നിന്ന് ഓരോ മെസേജ് വരാന്‍ തുടങ്ങിയത്......

“ആ കോന്തന്‍ ഫോളോസ് യൂ, ഈ കോന്തന്‍ ഫോളോസ് യൂ,മറ്റേ കോന്തന്‍ ഫോളോസ് യൂ  !!!“ അതും ചെറിയ കോന്തന്മാരല്ല,ഇന്റര്‍നാഷണല്‍ പെണ്‍കോന്തന്‍സ് വരെ!!!

ഇവരെല്ലാവരും കൂടി എന്നെ ഫോളോ ചെയ്യുന്നത് എന്തിനാ ദൈവമേ, വല്ല പൊട്ടക്കിണറ്റിലും വലിച്ചെറിയാനാണോ എന്ന പേടി മനസ്സില്‍ തൂങിയപ്പോളാണ് നമ്മുടെ ശശിയണ്ണന്‍ (പഴയ അണ്ടര്‍വെയര്‍ സെക്രട്ടറി,ഇപ്പോ എന്നും വിദേശത്തുള്ള മന്ത്രി) വിദേശത്ത് നിന്നും തൂറ്റി എന്ന വാര്‍ത്ത ഞാന്‍ ഞെട്ടലോടെ ശ്രവിച്ചത്.ഇവിടെ കന്നാലി ക്ലാസ്സും വിശുദ്ധപശുക്കളും എല്ലാം എഴുന്നള്ളിച്ച്  വിദേശത്ത് പോയി പരസ്യമായി അവയുടെ സ്വഭാവവും കാണിച്ചു എന്ന് വിചാരിച്ചപ്പോഴേക്കും വാര്‍ത്ത തിരുത്തി.....തൂറ്റിയതല്ല, ട്വീറ്റി....

എങ്കില്‍ ഇനി എന്റെ പത്ത് സെന്റില്‍ ഒന്ന് തൂറ്റി നോക്കാം എന്നു കരുതി ഞാനും എന്റെ പഴയ അക്കൌണ്ടിന്റെ പൂട്ട് പൊളിച്ചു.പെരുച്ചാഴിയും കൂറയും പല്ലിയും എല്ലാം, ലോകാവസാനമായി എന്ന് കരുതി തലങ്ങും വിലങ്ങും പാഞ്ഞു.എന്റെ മുമ്പില്‍ തുറന്ന ട്വിറ്ററിന്റെ വാതായനത്തിന്റെ മുകളില്‍ ഒരു ഗമണ്ടന്‍ ചോദ്യം കിടക്കുന്നു.---What are you doing ?


ഏതൊരു മാഷെയും പോലെ ഞാനും എന്റെ പണി സത്യമായിട്ടങ്ങ് ടൈപി.പിന്നെ കുറച്ചുനേരം വേറെ വല്ലവരും തൂറ്റുന്നുണ്ടോ ,ച്ചെ,ട്വീറ്റുന്നുണ്ടോ എന്നൊക്കെ നോക്കി നടന്നെങ്കിലും മാമൈദര്‍മാന്‍ കൊണ്ടോട്ടി പോയപോലെ ഞാന്‍ തിരിച്ചുപോന്നു.

പിറ്റേ ദിവസവും ഞാന്‍ അവിടെ ഒന്ന് കൂടി കയറി നോക്കി.അതാ കിടക്കുന്നു ആ ഗമണ്ടന്‍ ചോദ്യം വീണ്ടും.---What are you doing ?പാവം ഇന്നലെ പറഞ്ഞുകൊടുത്തത് മറന്നുപോയിരിക്കും .അതുകൊണ്ട് ഞാന്‍ അത് ഒന്നു കൂടി ടൈപി.പിന്നെ  ശശിയണ്ണന്റെ വാര്‍ത്തയില്‍ കേട്ട സംഗതി ചെയ്യാനുള്ളത് കൊണ്ട് ഞാന്‍ വേഗം സ്ഥലം വിട്ടു.


അടുത്ത ദിവസവും ഞാന്‍ അതേ വാതിലിലൂടെ കയറി.അതാ കിടക്കുന്നു ആ ഗമഗമണ്ടന്‍ ചോദ്യം വീണ്ടും.---What are you doing ?

“ *@ %$^#@ %@ %^&$# ^%&$   @ %$^#@ %    @ %$^#@ % “  (ഹിബ്രു ഡിക്ഷണറിയോട്‌ കടപ്പാട്‌)    
ഇനി മേലാല്‍ എന്നോട് ഈ ചോദ്യം ആവര്‍ത്തിക്കരുത് എന്നതിനാല്‍ നല്ല പച്ചമലയാളത്തില്‍ ഉരുവിട്ട് ഹിബ്രുവില്‍ അങ്ങോട്ട് ടൈപി.(കീബോഡിന് ഹിബ്രു നല്ല വശമായതിനാല്‍ എനിക്ക് ഒരു ബുദ്ധിമുട്ടും വന്നില്ല.)



ശേഷം എന്റെ ഹിബ്രു അവര്‍ക്ക് മനസ്സിലാക്കാന്‍ അവരെ ഒന്ന് സഹായിക്കാം എന്ന് കരുതി ഞാന്‍ അവരുടെ ഹെല്പില്‍ പോയി.അപ്പോഴല്ലേ അറിയുന്നത് , തൂറ്റാനുള്ള അവരുടെ കോഡ് ആ‍ണത്രേ What are you doing ? എന്ന ചോദ്യം.എന്നാലത് ആദ്യം പറഞ്ഞു കൂടായിരുന്നോ  %^&$# ^%&$  %^&$# ^%&$  %^&$# ^%&$   ( വീണ്ടും ഹിബ്രു ഡിക്ഷണറിയോട്‌ കടപ്പാട്‌) എന്ന് ഒന്നുകൂടി ഉരുവിട്ട് ഞാന്‍ നന്നായൊന്ന് മുങ്ങിക്കുളിക്കാന്‍ നേരെ ചാലിയാറിലേക്ക് നടന്നു.

Tuesday, October 13, 2009

പത്താക്കാന്‍....

ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന മകളെ കണക്ക് പഠിപ്പിക്കുകയായിരുന്നു എന്റെ ഭാര്യ.
“......ഉമ്മച്ചിയുടെ കയ്യില്‍ ഒമ്പത് പെന്‍സിലുകള്‍ ഉണ്ട്.അത് പത്താക്കാന്‍ ഇനി എത്ര പെന്‍സില്‍ വേണം..?”


“ഹ്‌മ്....” മകള്‍ ഭാര്യയുടെ കയ്യിലേക്ക് നോക്കി.


“......ഉമ്മച്ചിയുടെ കയ്യില്‍ ഒമ്പത് പെന്‍സിലുകള്‍ ഉണ്ട്.അത് പത്താക്കാന്‍ ഇനി എത്ര പെന്‍സില്‍ വേണം ന്ന്..?” ഭാര്യ ചോദ്യം ആവര്‍ത്തിച്ചു.


“...ആര് പറഞ്ഞു.....നിങ്ങളുടെ കയ്യില്‍ പുസ്തകമല്ലേ ഉള്ളത്...?” ഉത്തരം കിട്ടാത്തതിനാല്‍ അവള്‍ തട്ടി.


“......ഓ.....എന്നാല്‍ ഉമ്മച്ചിയുടെ കയ്യില്‍ ഒമ്പത് പെന്‍സിലുകള്‍ ഉണ്ട് എന്ന് കരുതുക.അത് പത്താക്കാന്‍ ഇനി എന്ത് വേണം..?”


“വണ്‍ മിനുട്ട്....കയ്യിലുള്ളത് കടലാസ് പെന്‍സിലോ സ്ലേറ്റ് പെന്‍സിലോ ...”


“അത് ഏതെങ്കിലും ആവട്ടെ..നീ ഉത്തരം പറ...”


“അതെങ്ങന്യാ....സ്ലേറ്റ് പെന്‍സില്‍ ആണെങ്കില്‍ ഉള്ളതിലൊന്ന് പൊട്ടിച്ചാ മതി,കടലാസ് പെന്‍സില്‍ ആണെങ്കില്‍ ഈ രാത്രി നേരത്ത് മയമാക്കാന്റെ പീട്യേ പോയി നോക്കണ്ടേ....തോട്ട് ലെസ് ക്വസ്റ്റിയന്‍...”

Monday, October 12, 2009

അനുഗ്രഹമാകുന്ന സന്താനങ്ങള്‍

അന്ന് വയസ്സായ ഒരാള്‍ അടുത്തിരുന്നവര്‍ക്ക് സ്വയം പരിചയപ്പെടുത്തി.
“ഞാന്‍ ലുഖ്മാന്റെ ബാപ്പ.എന്റെ സ്വന്തം പേര് പറയുന്നതിനെക്കാളും നല്ലത് ഇങ്ങനെ പരിചയപ്പെടുത്തുന്നതായിരിക്കും...”


“അതേ അതേ....നമ്മള്‍ ആഗ്രഹിക്കേണ്ടതും അങ്ങനെ തന്നെ.നമ്മെക്കാളും നമ്മുടെ മക്കള്‍ പ്രശസ്തരാവണം....അപ്പോള്‍ നാം വീണ്ടും പ്രശസ്തി നേടും....”


*                    *                    *


മിനിഞ്ഞാന്ന് ഞാന്‍ എന്റെ മൂത്ത മകളേയും കൊണ്ട് ബാങ്കില്‍ പോയി.എന്നെ ഹൈസ്കൂളില്‍ പഠിപ്പിച്ച രമണി ടീച്ചര്‍ എന്തോ ആവശ്യത്തിന് അവിടെ ഉണ്ടായിരുന്നു.ടീച്ചര്‍ സ്വന്തം മകന് എന്നെ പരിചയപ്പെടുത്തി.
“സുമേച്ചിയുടെ ബാച്ചില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ആബിദ്...”


അന്ന് വരെ ആ സ്കൂളില്‍ എല്ലാ ക്ലാസ്സിലും ടോപ് മാര്‍ക്ക് ടീച്ചറുടെ ബന്ധുവായ സുമക്കായിരുന്നു.ആ ചരിത്രം തിരുത്താന്‍ യോഗമുണ്ടായത് സുമയുടെ അച്ഛന്റെ അടുത്ത സുഹൃത്തായ എന്റെ ബാപ്പയുടെ ഈ മകന്!!!


ശേഷം ടീച്ചര്‍ എന്റെ മോളുടെ നേരെ തിരിഞ്ഞ് ചോദിച്ചു :“മോള്‍ നല്ലവണ്ണം പഠിക്കുന്നില്ലേ?”


അവള്‍ ചിരിച്ചു.


“അച്ഛന്‍ മിടുക്കനായിരുന്നു.അച്ഛനെക്കാളും മിടു മിടുക്കി ആകണം...” ടീച്ചര്‍ അവളെ ഉപദേശിച്ചു.


*                    *                    *

ഉപ്പ എന്ന നിലക്ക് അഭിമാനിക്കാന്‍ എനിക്ക് ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിട്ടുണ്ട് എന്റെ മകള്‍ ഐശനൌറ.
കെ.ജി യില്‍ ചേര്‍ത്തിയ വര്‍ഷം തന്നെ കലാതിലകം,ഒന്നാം ക്ലാസ്സില്‍ എത്തിയപ്പോള്‍ നാലാം ക്ലാസ്സുകാരോട്‌ വരെ മത്സരിച്ച് നേടിയ കലാതിലകപ്പട്ടം , മാനന്തവാടിയില്‍ എത്തിയപ്പോള്‍ ആദ്യവര്‍ഷം തന്നെ സ്കൂളിനെ സബ്ജില്ലാ ചാമ്പ്യന്മാരാക്കിയ അവളുടെ പ്രകടനങ്ങള്‍ ,തുടര്‍ വര്‍ഷങ്ങളിലും അത് നിലനിര്‍ത്തിയ പ്രകടനങ്ങള്‍ ,ഇപ്പോള്‍ പഠിക്കുന്ന കൊടിയത്തൂര്‍  വാദിറഹ്മ സ്കൂളില്‍ പങ്കെടുത്ത ആദ്യ മത്സരമായ പോസ്റ്റര്‍ രചനയിലെ രണ്ടാം സ്ഥാനം,മറ്റു മത്സരങ്ങളിലെ ഒന്നും രണ്ടും സ്ഥാനങള്‍,ചെറായിയില്‍ എന്റെ പ്രിയ സുഹൃത്തുക്കളുടെ മുമ്പില്‍ ഒരു കവിതാആലാപനം , എല്ലാ സ്കൂളുകളിലും ക്ലാസ് ടോപ് തുടങ്ങീ പെട്ടെന്ന് ഓര്‍മ്മ വരുന്നതും ഓര്‍മ്മ വരാത്തതുമായ അനവധി അഭിമാന മുഹൂര്‍ത്തങള്‍.


ഇന്നത്തെ മാധ്യമം ദിനപത്രത്തിന്റെ ഇന്‍ഫോമാധ്യമം സപ്ലിമെന്റില്‍ എന്റെ മോള്‍ ഈയിടെ ആരംഭിച്ച ബ്ലോഗ് പരിചയപ്പെടുത്തുന്ന കുറിപ്പ്കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ കോരിത്തരിച്ചുപോയി.ഞാന്‍ സ്വയം ആര്‍ക്കും അത് പരിചയപ്പെടുത്തേണ്ട എന്ന നിലപാടില്‍ ആയിരുന്നു.പക്ഷേ ഈ സന്തോഷം എനിക്ക് പങ്കിടാതെ വയ്യ.


സന്താനങ്ങള്‍ മാതാപിതാക്കള്‍ക്ക് അനുഗ്രഹമാണ്.അവരുടെ പ്രശസ്തിയും കുപ്രസിദ്ധിയും മാതാപിതാക്കള്‍ക്കും ലഭിക്കുന്നു.അതിനാല്‍ നമ്മുടെ കുട്ടികളെ നാം നല്ല നിലയില്‍ തന്നെ വളര്‍ത്തുക.മണ്മറഞ്ഞു പോയാലും നമ്മെ മനുഷ്യമനസ്സുകളില്‍ നിലനിര്‍ത്തുന്നത് അവരുടെ പ്രവര്‍ത്തനങള്‍ ആയിരിക്കും.

Saturday, October 10, 2009

ഒരു ജീവിത പാഠം.

ഒരാഴ്ച മുമ്പ്‌ യാദൃശ്ചികമായി ഒരു ഡോക്ടറുടെ കുടുംബത്തെ ഞാന്‍ സന്ദര്‍ശിച്ചു.മനുഷ്യര്‍ക്ക്‌ എല്ലാവര്‍ക്കും പാഠമായ ആ ഡോക്ടറുടെ ഇന്നത്തെ അവസ്ഥ എന്റെ കരളലിയിപ്പിച്ചു.

വളരെ സമ്പന്നമായ ഒരു കുടുംബത്തില്‍ വടക്കന്‍ മലബാറില്‍ ആയിരുന്നു ഈ ഡോക്ടറുടെ ജനനം.ഡോക്ടര്‍ ആയതിന്‌ ശേഷം എപ്പോഴോ മലപ്പുറം ജില്ലയിലെ ഒരു പ്രമുഖ പട്ടണത്തില്‍ പ്രാക്ടീസ്‌ ആരംഭിച്ചു.പെട്ടെന്ന് തന്നെ അദ്ദേഹം വളരെ പ്രശസ്തനായി.ചികില്‍സയുടെ ഫലം കാരണം ഡോക്ടര്‍ക്ക്‌ തിരക്കൊഴിഞ്ഞ സമയമില്ലാതായി.ഇതിനിടക്ക്‌ അതേ നാട്ടിലെ ഒരു ഉന്നത കുടുംബത്തില്‍ നിന്നും കല്യാണവും കഴിച്ചു.നല്ല ഒരു പ്രാസംഗികന്‍ കൂടിയായതിനാല്‍ ചുരുങ്ങിയ കാലം കൊണ്ട്‌ തന്നെ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനില്‍ പേരെടുക്കാനും അദ്ദേഹത്തിന്‌ സാധിച്ചു.

പക്ഷേ കഥ മാറാന്‍ ദിവസങ്ങള്‍ മാത്രമേ വേണ്ടിവന്നുള്ളൂ.കേട്ടറിഞ്ഞ ഈ വിവരങ്ങള്‍ക്കൊപ്പം അതും ഞാന്‍ ഇവിടെ പങ്കുവയ്ക്കട്ടെ.

പ്രാക്ടീസ്‌ കൊടുമ്പിരി കൊണ്ടു നില്‍ക്കുന്ന സമയത്ത്‌ സ്വന്തമായി ഒരു ആശുപത്രി തുടങ്ങാന്‍ അദ്ദേഹം ഭാര്യാ വീട്ടുകാരോട്‌ പട്ടണമധ്യത്തില്‍ അല്‍പം സ്ഥലം ആവശ്യപ്പെട്ടു.എന്തുകൊണ്ടോ അവര്‍ അത്‌ നല്‍കാന്‍ തയ്യാറായില്ല.അധികം കഴിയുന്നതിന്‌ മുമ്പ്‌ തന്നെ അദ്ദേഹത്തിന്  ഭാര്യയെ ഉപേക്ഷിക്കേണ്ടി വന്നു.പിന്നീട് ,ഇപ്പോള്‍ അദ്ദേഹത്തിന് താങ്ങുംതണലുമായി മാറിയ, സ്ത്രീയെ വിവാഹം ചെയ്തു.അതോടെ അവരും സ്വന്തം കുടുംബത്തില്‍ നിന്ന് അകറ്റപ്പെട്ടു.

ഈ പ്രശ്നങ്ങള്‍ പുകഞ്ഞുകൊണ്ടിരിക്കേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും എന്തോ കാരണത്താല്‍ (അതോ അതേ പ്രശ്നത്താലോ ?) അദ്ദേഹത്തെ സംഘടനയില്‍ നിന്ന് പുറത്താക്കി.കുടുംബ പ്രശ്നവും സംഘടനാ പ്രശ്നവും കത്തിനില്‍ക്കേ അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ അസുഖബാധിതനായി.ദിവസങ്ങള്‍ക്കകം ജ്യേഷ്ഠ സഹോദരന്‍ ഈ ലോകത്തോട്‌ യാത്ര പറഞ്ഞു.തക്കസമയത്ത്‌ ജ്യേഷ്ഠനെ പരിചരിക്കാന്‍ ഡോക്ടറായ അനിയന്‍ എത്താത്തതിനാല്‍ ഉടപ്പിറപ്പുകളും അദ്ദേഹത്തെ ഉപേക്ഷിച്ചു.

സ്വന്തക്കാര്‍ എല്ലാവരും ഉപേക്ഷിച്ചെങ്കിലും സ്റ്റെതസ്കോപ്‌ കയ്യിലുള്ള ധൈര്യത്തില്‍ പ്രാക്ടീസ്‌ തുടരുന്നതിനിടക്ക്‌ ആറ്‌ വര്‍ഷം മുമ്പ്‌ ഡോക്ടര്‍ക്ക്‌ മസ്തിഷ്കാഘാതം സംഭവിച്ചു.തല്‍ഫലമായി വലതു കയ്യിന്റെ സ്വാധീനശേഷിയും സംസാര ശേഷിയും നഷ്ടപ്പെട്ടു.അതോടെ മറ്റൊരു ജോലിയും വശമില്ലാത്ത അദ്ദേഹത്തിന്റെ ഭാര്യയും പറക്കമുറ്റാത്ത കുട്ടികളും തീര്‍ത്തും നിരാലംബരായി.

രണ്ട്‌ വര്‍ഷം മുമ്പാണ്‌ ആ നാട്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹ്യ സന്നദ്ധ സേവന സംഘം ഡോക്ടറേയും കുടുംബത്തേയും ജീവിക്കാന്‍ വഴിയില്ലാത്ത അവസ്ഥയില്‍ കരിപുരണ്ട ഒരു മുറിയില്‍ ഒതുങ്ങിക്കഴിയുന്നതായി കണ്ടെത്തിയത്‌.ഇന്ന് ആ സംഘത്തിന്റെ തണലില്‍ അത്യാവശ്യം സൗകര്യങ്ങളുള്ള ഒരു വീട്ടില്‍ ഡോക്ടറും ഭാര്യയും എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന മൂത്തമകന്‍ മുതല്‍ യു.കെ.ജി.യില്‍ പഠിക്കുന്ന ഏറ്റവും ചെറിയവന്‍ വരെയുള്ള നാല്‌ ആണ്‍മക്കളും താമസിക്കുന്നു.ആ വീട്ടില്‍ അടുപ്പ്‌ പുകയണമെങ്കില്‍, രണ്ടാഴ്ച കൂടുമ്പോള്‍ ഈ സേവനസംഘത്തിന്റെ സഹായം എത്തണം.

എല്ലാ മനുഷ്യര്‍ക്കും ഈ അനുഭവത്തില്‍ പാഠമുണ്ട്‌.പണവും സമ്പാദ്യവും ഉണ്ടായിരുന്ന കാലത്തെ , ഡോക്ടറുടെ ജീവിതശൈലിയാകാം ഇന്ന് അദ്ദേഹത്തെ ഈ നിലയില്‍ തകര്‍ത്തത്‌.അതെന്തെങ്കിലുമാകട്ടെ.പക്ഷേ ,പണവും പ്രതാപവും എന്നും നിലനില്‍ക്കില്ല എന്ന സത്യം തിരിച്ചറിയണം എന്ന് ഈ ജീവിതം നമ്മോട്‌ വിളിച്ചു പറയുന്നു.

Wednesday, October 07, 2009

ജ്വാലകള്‍ ശലഭങ്ങള്‍ പ്രകാശനം ചെയ്തു.

കൈതമുള്ള്‌ എന്ന ബ്ലോഗിലൂടെ പ്രശസ്തനായ ശ്രീ.ശശി ചിറയലിന്റെ ജ്വാലകള്‍ ശലഭങ്ങള്‍ എന്ന പുസ്തകം ഡോ:സുകുമാര്‍ അഴീക്കോട്‌ പ്രകാശനം ചെയ്തു.ഇന്നലെ വൈകിട്ട്‌ ആറ്‌ മണിക്ക്‌ കോഴിക്കോട്‌ ടൗണ്‍ഹാളിലായിരുന്നു പ്രകാശനകര്‍മ്മം.സിസ്റ്റര്‍ ജെസ്മി ആദ്യപ്രതി ഏറ്റുവാങ്ങി.ചടങ്ങില്‍ പ്രമുഖ സാഹിത്യകാരന്‍ ശ്രീ.യു.എ.ഖാദര്‍ അധ്യക്ഷത വഹിച്ചു.ഡോ: അസീസ്‌ തരുവണ പുസ്തകത്തെ സദസ്സിന്‌ പരിചയപ്പെടുത്തി.കഥാകൃത്ത്‌ ശ്രീ.പി.കെ.പാറക്കടവ്‌ ആശംസകള്‍ അര്‍പ്പിച്ചു. ബ്ലോഗ്‌ എന്ന നവമാധ്യമത്തിലൂടെ മലയാള സാഹിത്യം പുതിയ ഉയരങ്ങള്‍ തേടുന്നതായി ശ്രീ.അഴീക്കോട്‌ സൂചിപ്പിച്ചു.ജ്വാലകള്‍ ശലഭങ്ങള്‍ എന്ന പുസ്തകത്തിലൂടെ സ്ത്രീയെ ഒരു ജ്വാലയായും അതിന്റെ ആകര്‍ഷണവലയത്തില്‍ പെട്ട്‌ എരിയുന്ന വിവിധ ശലഭങ്ങളേയും ഗ്രന്ഥകാരന്‍ സമര്‍ത്ഥമായി അവതരിപ്പിക്കുന്നതായി അഴീക്കോടന്‍ മാഷ്‌ പറഞ്ഞു. മലയാള സാഹിത്യത്തിന്റെ കാലാനുസൃതമായ മാറ്റമാണ്‌ ബ്ലോഗില്‍ നിന്നും അച്ചടി മഷി പുരളുന്ന പുസ്തകങ്ങള്‍ സൂചിപ്പിക്കുന്നത്‌ എന്ന് ശ്രീ.യു.എ.ഖാദര്‍ പറഞ്ഞു.പെന്‍സില്‍ ഉപയോഗിച്ച്‌ കുത്തിക്കുറിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നും ഇന്നത്‌ കീബോഡും മൗസും ഉപയോഗിച്ച്‌ രചന നടത്തുന്ന യുഗത്തില്‍ എത്തിനില്‍ക്കുന്നു. പുസ്തകത്തിന്റെ ദ്വിതീയ തലവാചകമായ പതിനഞ്ച്‌ പെണ്ണനുഭവങ്ങള്‍ എന്നത്‌ യഥാര്‍ത്ഥത്തില്‍ ആണനുഭവങ്ങള്‍ അല്ലേ എന്നായിരുന്നു സിസ്റ്റര്‍ ജെസ്മിയുടെ സംശയം.കാലം കാത്തുനില്‍ക്കുന്ന ഒരു "എംപവേഡ്‌ വുമണ്‍" ജ്വാലകള്‍ ശലഭങ്ങള്‍ എന്ന പുസ്തകത്തില്‍ പ്രത്യക്ഷപ്പെടുന്നതായി സിസ്റ്റര്‍ അഭിപ്രായപ്പെട്ടു. പതിനഞ്ച്‌ പെണ്ണനുഭവങ്ങള്‍ എന്ന് ലളിതമായി പറഞ്ഞു പോകുമ്പോഴും ഓരോ സ്ത്രീയും ഒരു ജ്വാലയായി അനാവരണം ചെയ്യപ്പെടുകയാണ്‌.ജ്വാല സര്‍വ്വസംഹാരിണിയും വെളിച്ചത്തിന്റെ കാഴ്ച തരുന്ന ദേവതയുമാണ്‌.പുസ്തകം പരിചയപ്പെടുത്തി ഡോ:അസീസ്‌ തരുവണ പറഞ്ഞു. ജീവിതവുമായി ബന്ധപ്പെട്ട കഥകള്‍ക്കേ നിലനില്‍പ്പുള്ളൂ എന്ന് ശ്രീ.പി.കെ.പാറക്കടവ്‌ അഭിപ്രായപ്പെട്ടു.ശ്രീ.കൈതമുള്ളിന്റെ പ്രവാസി ജീവിതത്തിലെ പതിനഞ്ച്‌ സ്ത്രീകളോടൊത്തുള്ള ജീവിതഗന്ധിയായ അനുഭവക്കുറിപ്പുകളാണ്‌ ഈ പുസ്തകമെന്നും അതിനാല്‍ തന്നെ കാലങ്ങളോളം അത്‌ ചര്‍ച്ച ചെയ്യപ്പെടും എന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. ചടങ്ങില്‍ പ്രമുഖ ബ്ലോഗര്‍മാരായ മലബാരി,നിരക്ഷരന്‍,ജി.മനു,മിന്നാമിനുങ്ങ്‌,കരീം മാഷ്‌,നിത്യന്‍,ആഗ്നേയ,കലേഷ്‌,ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്‌,കുറുമാന്‍,കോമരം,കുട്ടന്‍ മേനോന്‍,ദ്രൌപതി തുടങ്ങിയവരും പങ്കെടുത്തു.( പങ്കെടുത്ത ഏതെങ്കിലും ബ്ലോഗറുടെ പേര്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് എന്റെ മാത്രം വിവരക്കേടു കൊണ്ടാണ്.സദയം ക്ഷമിക്കാന്‍ അപേക്ഷ.)കുവൈത്തില്‍ കാറപകടത്തില്‍ നിര്യാതനായ ബ്ലോഗര്‍ ജ്യോനവന്റെ സ്മരണക്ക് മുന്നില്‍ ഒരു മിനുട്ട് മൌനം ആചരിച്ചാണ് പരിപാടി ആരംഭിച്ചത്. കോഴിക്കോട്ടെ ലിപി പബ്ലിക്കേഷന്‍സ്‌ ആണ്‌ പുസ്തകം പ്രസാധനം ചെയ്തത്‌.ചടങ്ങിനെത്തിയവര്‍ക്ക്‌ ശ്രീ.ഗണേഷ്‌ പന്നിയത്ത്‌ സ്വാഗതവും പുസ്തക രചയിതാവ്‌ ശ്രീ.കൈതമുള്ള്‌ നന്ദിയും അര്‍പ്പിച്ചു.പ്രകാശന കര്‍മ്മത്തിന്‌ ശേഷം ശ്രീ.ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ ബസ്തുകര എന്ന കഥയെ ആസ്പദമാക്കി നരിപ്പറ്റ രാജു സംവിധാനം ചെയ്ത ബസ്തുകര എന്ന നാടകവും അവതരിപ്പിച്ചു.

അഴീക്കോടന്‍ മാഷും അരീക്കോടന്‍ മാഷും

ഒരാഴ്ച മുമ്പ്‌ രാത്രി പതിനൊന്ന് മണി.ഞാന്‍ ഉറങ്ങാനായി കിടന്നു.ഉടന്‍ മൊബൈല്‍ ഫോണ്‍ റിംഗ്ചെയ്തു. "മാഷെ....ഞാന്‍ ശശി കൈതമുള്‍ " "ങാ..." എനിക്ക് ബ്ലോഗില്‍ മാത്രം പരിചയമുള്ള അയാളുടെ സമയത്തെ വിളിയുടെ പൊരുള്‍അറിയാതെ ഞാന്‍ മൂളി. "ഒക്ടോബര്‍ ആറിന്‍ വൈകുന്നേരം അഞ്ചുമണിക്ക് കോഴിക്കോട് ടൌണ്‍ ഹാളില്‍ , ജ്വാലകള്‍ശലഭങ്ങള്‍ എന്ന എന്റെ പുസ്തകം ഡോ: സുകുമാര്‍ അഴീക്കോട്ട് പ്രകാശനം ചെയ്യും.മാഷ്‌ ചടങ്ങില്‍എത്തണം." "....സന്തോഷം...ഇന്ഷാ അല്ലാ ഞാന്‍ വരും...." അസമയത്ത്‌ കൈതമുള്‍ തറച്ച 'സന്തോഷത്തോടെ' ഞാന്‍ ഫോണ്‍ വച്ചു. * * * * * ഒക്ടോബര്‍ ആറിന്റെ സായാഹ്നം. അല്പം വൈകി ഞാനും ടൌണ്‍ ഹാളില്‍ എത്തി.ബൂലോകത്ത്അന്നും ഇന്നും നിരക്ഷരനായ ജുബ്ബക്കാരന്‍ ,ദേ കണ്ണനെ പോലെ, ആകെ വന്ന നാരികല്‍ക്കിടയില്‍ഏറ്റവും മുന്നില്‍ ഇരിക്കുന്നു!ഒട്ടും സമയം കളയാതെ ഞാനും അങ്ങോട്ട് ഓടി . നിരക്ഷരന്‍ ലോകത്തില്‍ തന്നെയല്ലെ എന്നറിയാന്‍ ഒന്ന്‍ തോണ്ടി . "ഹലോ....മാഷ്‌ എപ്പോ എത്തി...?" "ദേ ഇപ്പൊ വന്നതെ ഉള്ളൂ..." "ഇത്...അരീക്കോടന്‍ മാഷ്‌..." നിരക്ഷരന്‍ എന്നെ ഒരു സ്ത്രീക്ക്‌ പരിചയപ്പെടുത്തി. "ങേ....!!!" അവരുടെ ഞെട്ടല്‍ ഞാന്‍ നേരിട്ട് കണ്ടു. "ബ്ലോഗിലെ എഴുത്ത്തുകാരനാ...." നിരക്ഷരന്‍ മുഴുവനാക്കിയപ്പോള്‍ അവരുടെ ഞെട്ടല്‍ അല്പം മാറി. ഡോ: സുകുമാര്‍ അഴീക്കൊടില്‍ നിന്ന്‍ പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിക്കേണ്ട സിസ്റര്‍ ജെസ്മിആയിരുന്നു സ്ത്രീ.നിരക്ഷരന്‍ അരീക്കോടന്‍ മാഷ്‌ എന്ന്‍ എന്നെ പരിചയപ്പെടുത്തിയപ്പോള്‍ അവര്‍കേട്ടത്‌ അഴീക്കോടന്‍ മാഷ്‌ എന്നായിരുന്നു!!! സിസ്റര്‍ പുതിയ അഴീക്കോടന്‍ മാഷേ കണ്ട്ട്ട് ബോധംകെട്ട് വീഴാഞ്ഞത് ഭാഗ്യം.

Thursday, October 01, 2009

ആസ്യാന്റെ കരാറ്‌

"ആസ്യാ....എടീ ആ......" പോക്കരാക്ക ഉച്ചത്തില്‍ വിളിച്ചു. "എത്താ മന്‍സാ.....പോത്ത്‌ കാറും പോലെ കാറ്ണേ.. " "എടീ....ആസ്യാന്റെ കരാറ്‌ ജ്ജ്‌ കേട്ട്ക്ക്ണോ.. ?" "ഇച്ച്‌ അങ്ങനൊര്‌ കരാറ്‌ ബീരം ല്ല ല്ലോ... " "ആ....ന്നാ...നാളെ മന്‍സച്ചെങ്ങല ണ്ടാക്ക്‌ണ്ട്‌. " "മന്‍സച്ചെങ്ങലേ?" "ആ ...ആസ്യാന്റെ കരാറ്‌ അര്‍ബിക്കടല്‌ ഇടാന്‍ റോട്ട്ക്കൂടെ മന്‍സച്ചെങ്ങല....ആ കരാറ്‌ എത്താന്ന്‌ ആസ്യ ന്ന അന്‍ക്കും പുടില്ല...അന്നെ കെട്ട്യ ഇച്ചും പുടീല്ല........ഞി മജ്ജത്തായ അണ്റ്റെ ബാപ്പ എത്തേലും കരാറ്‌ എയ്തീന്യോ ആവോ.. ?"

Wednesday, September 30, 2009

ഒരു കല്യാണാനുഭവം

ഇക്കഴിഞ്ഞ ഞായറാഴ്ച ഞാന്‍ ഒരു കല്യാണത്തിന് പോയി.വീട്ടില്‍ കല്യാണം കൂടുന്നത് ഔട്ട് ഓഫ്ഫാഷന്‍ ആയതിനാലും മാമാങ്ക കല്യാണമായതിനാലും കല്യാണമന്ഠപത്തില് വച്ചായിരുന്നുപരിപാടി.തലേ ദിവസം ഞങ്ങളുടെ നാട്ടിലെ തന്നെ ഒരു വന്‍ കല്യാണം ഭക്ഷണം തികയാതെഅലങ്കോലമായ അനുഭവം ഉള്ളതിനാല്‍ ക്ഷണിക്കപ്പെട്ടവര്‍ എല്ലാം നേരത്തെ തന്നെഹാജരായിരുന്നു.തലേ ദിവസത്തെ ദുരനുഭവം എനിക്ക് ഉണ്ടാകാത്തതിനാല്‍ ഞാന്‍ അല്പംവൈകിയാണ് പന്തലില്‍ എത്തിയത്‌. ആരൊക്കെ വരുന്നു പോകുന്നു എന്നൊന്നും നോക്കാന്‍ കല്യാണം നടത്തിപ്പുകാര്‍ക്ക് സമയമോസൌകര്യമോ ഇല്ല എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു .എന്റെ ഭാര്യയുടെ അമ്മാവന്റെ മകനാണ്ഞങ്ങളെ സ്വാഗതം ചെയ്തത്‌.അവന്‍ എങ്ങനെ അവിടെ എത്തി എന്ന് എനിക്കും എന്റെ ഭാര്യക്കും ഒരെത്തും പിടിയുംകിട്ടിയിട്ടില്ല. "ഭക്ഷണം കഴിച്ച്ചിട്ടില്ലെന്കില്‍ നേരെ അങ്ങോട്ട് നടന്നോളൂ" ഭക്ഷണത്തിനുള്ള ക്യൂ ചൂണ്ടിക്കാട്ടിഅവന്‍ പറഞ്ഞു.ആരും കൈ പിടിച്ച്ചുകുലുക്കാണോ കുശലം പറയാനോ ഓടി വരാഞ്ഞതിനാല്‍ ഞാന്‍അവന്‍ പറഞ്ഞ വഴിയെ നീങ്ങി. ക്യൂവില്‍ ചെന്ന നിന്നപ്പോള്‍ എന്റെ രണ്ടാള്‍ മുമ്പിലായി ,ബാപ്പയുടെ അടുത്ത ചങ്ങാതിയായ അബ്ദുള്ളമാസ്റര്‍ പ്രയാസപ്പെട്ട് നില്ക്കുന്നു.തലകറക്കം കാരണം നടക്കാന്‍ പോലും പറ്റാത്ത, നാട്ടില്‍അറിയപ്പെടുന്ന അബ്ദുള്ള മാസ്റ്ററെ അവിടെ കൂടിയവര്‍ ആരും മനസ്സിലാക്കത്തതില് ഞാന്‍അത്ഭുതപ്പെട്ടു. "മാഷ്‌ അവിടെ ഇരുന്നോളൂ......ഞാന്‍ കൊണ്ടുവരാം..." ഞാന്‍ പറഞ്ഞതും മറ്റുള്ളവര്‍ അതേറ്റുപാടി. "അതേ അതേ ....അവിടെ പോയി ഇരുന്നോളൂ...." കേള്‍ക്കേണ്ട താമസം എഴുപത്തഞ്ച്‌ കഴിഞ്ഞ അബ്ദുല്ല മാസ്റ്റര്‍ കസേരയില്‍ ചെന്നിരുന്നു. കുറേനേരം ക്യൂവില്‍ നിന്ന ശേഷമാണ്‌ എനിക്ക്‌ ഭക്ഷണം കിട്ടിയത്‌.അത്രയും നേരം വന്ദ്യവയോധികനുംക്യൂവില്‍ നിന്നിരുന്നു എങ്കില്‍ സംഭവിക്കുമായിരുന്ന ദുരന്തം എന്നെ ഞെട്ടിപ്പിച്ചു. മാഷ്‌ കസേരയില്‍ഇരുന്നതിന്‌ ശേഷം പലരും അദ്ദേഹത്തെ തിരിച്ചറിഞ്ഞു!!!അപ്പോഴേക്കും ഞാന്‍ അദ്ദേഹത്തിനുംഎനിക്കുമുള്ള ഭക്ഷണം വാങ്ങിക്കഴിഞ്ഞിരുന്നു. ആര്‍ഭാടകല്യാണങ്ങള്‍ നടത്തുന്നവര്‍ , ബഫറ്റ്‌ (എണ്റ്റെ ഭാഷയില്‍ “ബക്കറ്റ്‌ ലഞ്ച്‌,കാരണം കഴിക്കുന്നതിലേറെ വേസ്റ്റ്ബക്കറ്റില്‍ നിക്ഷേപ്പിക്കപ്പെടുന്നു) രീതിയില്‍ഭക്ഷണം നല്‍കുമ്പോള്‍ ആരും സഹായിക്കാനില്ലാത്ത വ്റ്‍ദ്ധരും രോഗികളും കുട്ടികളും സ്ത്രീകളുംഎല്ലാം ഉണ്ടാകുമെന്ന തിരിച്ചറിവ്‌ എങ്കിലും ഉണ്ടായിരിക്കണം.അല്ലാത്തപക്ഷം എത്രയോ പേര്‍പലതരത്തിലുള്ള കഷ്ടപ്പാടുകളും സഹിക്കേണ്ടി വരും എന്ന് മാത്രമല്ല എന്നെന്നും അവരുടെ മനസ്സില്‍ഒരു മുറിവായി അത്‌ നിലനില്‍ക്കുകയും ചെയ്യും. ഇവരെ ശ്രദ്ധിക്കാത്ത നമ്മുടെ സമൂഹത്തിണ്റ്റെപോക്ക്‌ ഒട്ടും ഗുണകരമല്ല. '

Friday, September 25, 2009

പോത്തായ പോക്കരാക്ക

മാര്‍ക്കറ്റില്‍ ചെന്ന പോക്കരാക്ക : പോത്തോ... എരുമേ ? ഇറച്ചികച്ചവടക്കാരന്‍ : എന്താ സംശയം....പോത്തന്ന്യാ... പോക്കരാക്ക : പോത്താണെന്ന് എന്താ ഉറപ്പ് ? ഇറച്ചികച്ചവടക്കാരന്‍ : പോത്താണെങ്കില്‍ വാങ്ങ്യാ മതി. പോക്കരാക്ക : എങ്കില്‍ താ ഒരു കിലോ !!!

Tuesday, September 22, 2009

എങനെ ഈ ഈദ് ഞാന്‍ മറക്കും?

ഇന്നലെ ഈദ് ദിവസം.ബൂലോകത്ത് വന്നതിന് ശേഷം ആറ് ഈദുകള്‍ കഴിഞെങ്കിലും ഈ വര്‍ഷത്തെ ഈദ് പല കാരണങളാലും എനിക്ക് എന്നും ഓര്‍മ്മിക്കത്തക്കതായിരുന്നു.സ്നേഹ-സാഹോദര്യ ബന്ധങള് ഊട്ടിയുറപ്പിക്കുക എന്ന ‍ഈദിന്റെ സന്ദേശം അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമായ ഒരു ഈദ് ആയി പടച്ചവന്‍ അതിനെ മാറ്റി.

ഈദിന്റെ തലേദിവസം രാത്രി തന്നെ ഞാന്‍ കണ്ണൂര്‍ക്കാരനായ ഹാറൂണ്‍‌ക്കയെ ഫോണില്‍ ബന്ധപ്പെട്ടു.ബൂലോകത്തിലൂടെ മാത്രം അറിഞ്ഞ ഞങള്‍ സംസാരത്തിലൂടെ ഒരു കുടുംബത്തിലെ അംങങളെപ്പോലെയായി മാറി.ബൂലോകത്ത് മാത്രം ലഭിക്കുന്ന സൌഹൃദത്തിന്റെ ആഴം ഞങള്‍ പരസ്പരം മനസ്സിലാക്കി.(ബൂലോകത്ത് എന്റെ അന്നത്തെ അതിഥിയും മറ്റൊരാളും തമ്മില്‍ പൊരിഞതല്ല്‌ നടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല)

ബന്ധുവീടുകളിലൂടെ കറങുമ്പോഴാണ് ഒരു അജ്ഞാതനമ്പറില്‍ നിന്ന് ഫോണ്‍ വന്നത്.അത് അറ്റന്റ്റ് ചെയ്ത എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളി - 1992ല്‍ ഡിഗ്രി പഠനത്തിന് ശേഷം ആദ്യമായി ആ സുഹൃത്തിന്റെ ശബ്ദം ഞാന്‍ കേട്ടു!ലക്ഷദീപിലെ ആന്ത്രൊത്തില്‍ നിന്നുള്ള ഷിഹാബുദ്ദീന്റെ ശബ്ദം.17വര്‍ഷത്തെ ഇടവേള പക്ഷേ ഒരു ഫോണ്‍ വിളിയിലൂടെ ഞങളുടെ ഹൃദയങളെ പതിറ്റാണ്ടുകള്‍ അടുപ്പിച്ചു.ഇപ്പോള്‍ ഷിഹാബ് സ്വസ്ഥമായി സ്വന്തം നാട്ടില്‍ ബിസിനസ് ചെയ്തു വരുന്നു .

ആ ഫോണ്‍ ചെയ്യുന്നതിനിടെ തന്നെ പല നമ്പറുകളില്‍ നിന്നായി വിളി വന്നുകൊണ്ടിരുന്നു.അവ എല്ലാം ഗള്‍ഫില്‍ നിന്നായിരുന്നു.ഭാര്യയുടെ ജ്യേഷ്ഠന്മാര്‍ ആയിരിക്കും എന്ന് കരുതി ഇരിക്കുമ്പോഴാണ് വീണ്ടും ഫോണടിച്ചത്.

“ജിദ്ദയില്‍ നിന്ന് ബഷീര്‍ ആണ്...”മറുതലക്കല്‍ നിന്ന് പറഞു

“ബഷീര്‍ വെള്ളറക്കാട്‌..??”ഞാന്‍ മനസ്സില്‍ കരുതി.പക്ഷേ അപ്പോഴേക്കും ബാക്കി കൂടി പറഞു...

“ഓ.എ.ബി....സോപ്-ചീപ്-കണ്ണാടി ബ്ലോഗ്...”

“ഓ...ഈദ് മുബാറക്..” പടച്ചവന് ഈ സുദിനത്തില്‍ എനിക്ക് തരുന്ന അനുഗ്രഹങളില്‍ ഞാന്‍ സ്തുതിയര്‍പ്പിക്കുന്നു-അല്‍ഹംദുലില്ലാഹ്.കമന്റുകളിലൂടെ മാത്രം പരിചയമുള്ള അദ്ദേഹവും ഫോണ്‍ വയ്ക്കുമ്പോഴേക്കും എന്റെ ഹൃദയത്തില്‍ കുടിയേറിയിരുന്നു.

ചെറായി മീറ്റിന് ദിവസങള്‍ക്ക് മുമ്പ് മാത്രം പരിചയപ്പെട്ട കൊട്ടോട്ടിക്കാരനും കുടുംബവുമായിരുന്നു ഈ വര്‍ഷത്തെ എന്റെ മുഖ്യാതിഥികള്‍ .ഹൃദയപൂര്‍വ്വം എന്റെ ക്ഷണം സ്വീകരിച്ച് ബുദ്ധിമുട്ടി (മൂന്ന് കുട്ടികളേയും കൊണ്ട് ഓട്ടോയില്‍ പൂക്കോട്ടൂരില്‍നിന്ന് അരീക്കോട്ടെത്തുക എന്നത് നല്ല ബുദ്ധിമുട്ട് തന്നെയാണ്) എന്റെയും കുടുംബത്തിന്റേയും ഈദ് ആഘോഷങളില്‍ പങ്ക് ചേര്‍ന്ന കൊട്ടോട്ടിക്കാരനോടുള്ള നന്ദി ഞാന്‍ വാക്കുകളില്‍ ഒതുക്കുന്നില്ല,ഹൃദയത്തില്‍ ചേര്‍ക്കുന്നു.ഒപ്പം എന്റെ മകളുടെ ബ്ലോഗിന്റെ മുഖച്ഛായ തന്നെ മാറ്റിയ സേവനം നന്ദിയോടെ സ്മരിക്കുന്നു.

കൊട്ടോട്ടിക്കാരന്റെ കൂടെ ഇരിക്കുന്ന സമയത്ത് വീണ്ടും ഒരു അജ്ഞാതഫോണ്‍ വന്നു.

“സുധീറ് ആണ്...”

“ങേ...ഡിഗ്രിക്ക് കൂടെ പഠിച്ച് ഒരാള്‍ കൂടിയോ “എന്ന് ആത്മഗതം ചെയ്യുമ്പോഴേക്കും അദ്ദേഹവും പറഞു...”ഒമാനില്‍ നിന്ന്...ഓര്‍മ്മയില്ലേ....അംജുവിന്റ്റെ സുഹൃത്ത്...”

“ഓ...ഓര്‍മ്മയുണ്ട്.....”

ഭാര്യയുടെ ജ്യേഷ്ഠത്തിയുടെ മകനും ജിദ്ദയില്‍ താമസിക്കുന്നവനുമായ പത്താം ക്ലാസ്കാരന്‍ അംജുവിന്റെ സുഹൃത്ത് ആ ബന്ധത്തിലൂടെ എന്നെ വിളിച്ച് കുശലാന്വേഷണം നടത്തുക!!

ഇനി എങനെ ഈ ഈദ് ഞാന്‍ മറക്കും?സുഹൃത്ത് ബന്ധങള്‍ വീണ്ടും വിളക്കിച്ചേര്‍ക്കപ്പെട്ട ഈ ഈദ് മരിക്കുവോളം മനസ്സില്‍ നിന്ന് മായില്ല

Saturday, September 19, 2009

പുണ്യമാസം വിടപറയുമ്പോള്‍

പുണ്യമാസമായ റമസാന്‍ വിടപറയുകയായി.വാനില്‍ ശവ്വാല്‍ പിറവി ദൃശ്യമാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. പകല്‍ മുഴുവന്‍ നോമ്പ്‌ നോറ്റ്‌ ,രാത്രി നമസ്കാരാദി ആരാധനാകര്‍മ്മങ്ങളില്‍ നിരതമായി ആത്മീയശുദ്ധി കൈവരിച്ച വിശ്വാസികള്‍ നിര്‍ബന്ധദാനമായ സകാത്തും മറ്റു ദാനധര്‍മ്മങ്ങളും അധികരിപ്പിച്ച്‌ സാമ്പത്തികശുദ്ധിയും കൈവരിച്ചു.ഇനി ആഘോഷത്തിന്റെ ദിനമായ ഈദ്‌.ഈദുല്‍ ഫിത്വ്‌ര്‍ എന്ന പെരുന്നാളാഘോഷം.(ചെറിയ പെരുന്നാള്‍ എന്ന് മലയാളികള്‍ പറയുന്നുണ്ടെങ്കിലും ആ പദപ്രയോഗത്തിന്റെ ഉത്‌ഭവം എവിടെ നിന്നാണെന്നറിയില്ല.ഈദുല്‍ ഫിത്വ്‌ര്‍ എന്നാല്‍ നോമ്പ്‌ മുറിക്കുന്ന ആഘോഷം എന്നാണ്‌ അര്‍ത്ഥം.അതായത്‌ ഒരു മാസത്തെ വ്രതം അവസാനിപ്പിച്ചുകൊണ്ടുള്ള ആഘോഷം) ഇന്ന് ആഘോഷങ്ങള്‍ എല്ലാം തന്നെ അതിരുകടക്കുന്ന പ്രകടനങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്‌.ഒരു മാസം പരിശീലിച്ച പല നിയന്ത്രണങ്ങളും കാറ്റില്‍ പറത്തുന്ന ദിനമായി നാം ഇന്നത്‌ ദര്‍ശിക്കുന്നു.ഇത്‌ എല്ലാ മതത്തിലും സംഭവിക്കുന്നുണ്ട്‌.റമസാന്‍ കഴിയുന്നതോട്‌ കൂടി മുസ്ലിംകളിലും ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച മണ്ഠലവ്രതത്തിന്‌ ശേഷം ഹിന്ദുക്കളിലും ഈസ്റ്ററോടനുബന്ധിച്ച വ്രതത്തിന്‌ ശേഷം കൃസ്ത്യാനികളിലും പഴയ ജീവിതത്തിലേക്കുള്ള ഈ തിരിച്ചുപോക്ക്‌ നാം കാണുന്നു. എന്റെ കുട്ടിക്കാലത്ത്‌ തൊട്ടടുത്ത തീയേറ്ററില്‍ പെരുന്നാള്‍ ദിവസം പുതിയ സിനിമ വരും.തലേ ദിവസം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച്‌ ഖുര്‍ആന്‍ പാരായണവുമായി പള്ളിയില്‍ ഇരുന്ന കുട്ടികളും യുവാക്കളുമായ മിക്കവരും അന്ന് തീയേറ്ററിന്റെ മുമ്പിലെ ക്യൂവിലുമുണ്ടാകും.എന്തൊരു വിരോധാഭാസമാണ്‌ താനീ ചെയ്തുകൂട്ടുന്നത്‌ എന്ന് അവന്‍ ചിന്തിക്കുന്നേ ഇല്ല.വീണ്ടും അടുത്ത റമളാന്‍ വരുന്നതോടെ ജീവിതം മാറും. എല്ലാ വര്‍ഷവും ശബരിമല തീര്‍ത്ഥാടനത്തിന്‌ പോകുന്ന ഒരാളെക്കുറിച്ച്‌ എന്റെ സുഹൃത്ത്‌ പറഞ്ഞത്‌ ഞാന്‍ ഓര്‍ക്കുന്നു.അത്യാവശ്യം സമ്പന്നനായ അയാള്‍ ഒരു മദ്യാസക്തന്‍ കൂടിയാണ്‌.എന്നാല്‍ മണ്ഠലവ്രതാരംഭത്തോടെ കുടി നിര്‍ത്തി ആത്മീയകാര്യങ്ങളില്‍ സജീവമാകുന്നു.തീര്‍ത്ഥാടനം കഴിഞ്ഞ്‌ പിറ്റേന്ന് മുതല്‍ പൂര്‍വ്വാധികം ശക്തിയോടെ കുടി പുനരാരംഭിക്കുന്നു.അയ്യപ്പനുമായി അങ്ങനെ ഒരു അഡ്‌ജസ്റ്റ്‌മെന്റിലാണെന്ന് അയാള്‍ അടക്കം പറയുന്നു. ചുരുക്കിപറഞ്ഞാല്‍ ഒരു മാസത്തെ റിയാലിറ്റി ഷോ ആയി എല്ലാ മതങ്ങളിലേയും വ്രതാനുഷ്ഠാനം തരം താണിരിക്കുന്നു.വ്രതം കൊണ്ട്‌ ഉദ്ദേശിക്കുന്ന ശാരീരിക-മാനസിക-ആത്മീയ പരിശുദ്ധി ലഭിക്കാന്‍ മനുഷ്യമനസ്സുകളില്‍ തന്നെ പരിവര്‍ത്തനം സൃഷ്ടിക്കേണ്ട ഘട്ടം വന്നിരിക്കുന്നു.ഈ പുണ്യമാസത്തിന്റെ വിടവാങ്ങല്‍ സമയത്തെങ്കിലും നാം ഒന്ന് ചിന്തിച്ചെങ്കില്‍ എന്ന് പ്രത്യാശിക്കുന്നു. എല്ലാവര്‍ക്കും എന്റെയും കുടുംബത്തിന്റേയും ഹൃദ്യമായ ഈദാശംസകള്‍.