Pages

Saturday, August 31, 2024

പ്രിയപ്പെട്ട അംബാനിക്ക്...

മൊബൈൽ കണക്ഷനിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ബി.എസ്.എൻ.എൽ തന്നെയാണ്. മൊബൈൽ യുഗം തുടങ്ങിയ അന്ന് മുതൽ ഒരു കാളവണ്ടിയുടെ വേഗതയേ അതിൻ്റെ പുരോഗതിക്ക് ഉള്ളൂവെങ്കിലും 9447 ൽ തുടങ്ങുന്ന ഒരു മൊബൈൽ നമ്പർ ഉണ്ടാകുന്നത് ഒരു അംബാസഡർ കാറിൻ്റെ മുതലാളിയാകുന്ന പ്രൗഡിയാണ് പ്രദാനം ചെയ്യുന്നത്. എന്നാലും ഒരു ബാക്കപ്പിന് വേണ്ടി ഒരു സ്റ്റെപ്പിനി കണക്ഷൻ എടുക്കുക എന്നത് സിം കാർഡ് ഫ്രീയായ അന്ന് മുതൽ പലർക്കും തുടങ്ങിയ ഒരു ദുശീലമാണ്. 

പക്ഷെ, ഞാൻ രണ്ടാമത്തെ കണക്ഷനായി അംബാനിയുടെ ജിയോ എടുത്തത് അഞ്ഞൂറ് രൂപക്ക് ഫോണും കണക്ഷനും എന്ന ഓഫർ കണ്ടിട്ടാണ്. പരസ്യത്തിൽ കാണുന്ന സ്ത്രീയെ കണ്ട് കുട്ടിക്കൂറ പൗഡർ വാങ്ങരുത് എന്ന് ആരോ പറഞ്ഞിരുന്നതിനാൽ ഞാൻ ഒരു പൗഡറും വാങ്ങിയിരുന്നില്ല. ബട്ട്, അംബാനിയുടെ പരസ്യത്തിലെ ഫോൺ കണ്ടപ്പോൾ അഞ്ഞൂറ് രൂപക്ക് അത് കരസ്ഥമാക്കുന്നത് ലാഭകരം ആണെന്ന് എനിക്ക് ഏതോ ദുർബല നിമിഷത്തിൽ തോന്നി. 

അംബാനിയുടെ കുട്ടിക്കുറയിൽ വഴുതി വീണ എനിക്ക് ഫോൺ കൈപ്പറ്റാനായി അരീക്കോട് നിന്നും ഇരുപത്തിയഞ്ച് കിലോമീറ്റർ അകലെയുള്ള വണ്ടൂർ വരെ പോകേണ്ടി വന്നു. വീട്ടിലെത്തി കയ്യിൽ കിട്ടിയ പെട്ടി തുറന്നു നോക്കിയപ്പോൾ പഴയ നോക്കിയ 3310 നെ ഓർമ്മിപ്പിക്കുന്ന വിധത്തിലുള്ള ഫോണാണ് കിട്ടിയത്. മാസാമാസം 50 രൂപക്ക് റീചാർജ് ചെയ്താൽ മതി എന്നും രണ്ട് വർഷം കഴിഞ്ഞ് കേടുപാടുകൾ കൂടാതെ ഫോൺ തിരികെ നൽകിയാൽ കൊടുത്ത സംഖ്യ തിരിച്ച് തരുമെന്നും മറ്റോ ആയിരുന്നു അംബാനി ഓഫർ. അതിനാൽ അലമാരയുടെ ഒരു മൂലയിൽ ഞാനതിനെ ഫിക്സഡ് ഡെപ്പോസിറ്റാക്കി വച്ചു.

ഒരാഴ്ച കഴിഞ്ഞ്, ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയ ഞാൻ മുറ്റത്തെ മാവിൻ ചുവട്ടിൽ ഒരു ജിയോ ഫോൺ അനാഥമായി കിടക്കുന്നത് കണ്ടു. ഫോൺ കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കിയിട്ടും എനിക്കതിനെ തിരിച്ചറിയാൻ കഴിഞ്ഞില്ല. വേഗം പോയി അലമാര തുറന്ന് നോക്കിയ ഞാൻ ഞെട്ടി. എൻ്റെ ഫിക്സഡ് ഡെപ്പോസിറ്റ് അവിടെയില്ല!!

"എടിയേ... ഇവിടെ വല്ല നായയും വന്നിരുന്നോ?"

"ങാ... ഒന്നല്ല .... ഒരു കൂട്ടം നായകൾ ..!!" 

"എന്നിട്ടോ?"

"അവ മുറ്റത്ത് നിന്ന് കുരക്കാൻ തുടങ്ങിയപ്പോ ഞാനൊറ്റ ഏറ്"

" ങ്ങും.. എന്തെടുത്താ എറിഞ്ഞത്?" കാര്യങ്ങൾ ഒന്ന് കൂടി വ്യക്തമാകാൻ വേണ്ടി ഞാൻ ചോദിച്ചു.

"അത് ... ആ പഴയ ഫോൺ കൊണ്ട്..." എൻ്റെ ഫിക്സഡ് ഡെപ്പോസിറ്റിൻ്റെ ഭാവി അതോടെ ഫിക്സ് ആയി. വെൻ്റിലേറ്ററിലായെങ്കിലും ഇടക്കൊക്കെ റീചാർജ്ജ് ചെയ്ത് ഞാൻ അവൻ്റെ ജീവൻ നിലനിർത്തിപ്പോന്നു.

വീട്ടിൽ വൈഫും വൈഫൈയും ഉള്ളതിനാൽ നമ്പർ നിലനിർത്താനുള്ള ഏറ്റവും ചുരുങ്ങിയ പ്ലാനുകളാണ് ഞാൻ റീചാർജ് ചെയ്യാറുള്ളത്. അത് കഴിഞ്ഞാലും മൂന്ന് മാസം ഇൻകമിംഗ് കിട്ടും എന്നതിനാൽ വർഷത്തിൽ നാല് റീചാർജ്ജ് കൊണ്ട് ഞാനും ഖുശി അംബാനിയും ഖുശി എന്ന മ്യൂച്ചൽ അഡ്ജസ്റ്റ്മെൻ്റിലായിരുന്നു ഞങ്ങളുടെ പ്രയാണം.

അതിനിടക്കാണ് അംബാനിയുടെ മകൻ്റെ കല്യാണം നടന്നത്.തിരക്ക്  കാരണം ഞാനതിന് പോയില്ല. പോയവർക്കൊക്കെ സ്പോട്ടിൽ തന്നെ നിരവധി സമ്മാനങ്ങൾ അംബാനി എല്ലാവർക്കും നൽകി. കല്യാണത്തിന് പങ്കെടുക്കാൻ സാധിക്കാത്തവർക്കും കനത്ത സമ്മാനം ഉണ്ട് എന്ന് അംബാനി പ്രഖ്യാപ്പിക്കുകയും ചെയ്തു. ആ പ്രഖ്യാപനം ഞാനടക്കമുള്ളവരെ ധൃതംഗപുളകിതരാക്കി.

അംബാനിയുടെ മകൻ്റെ കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞ് എനിക്ക് ഒരു ഫോൺ കാൾ വന്നു. 

"ഹലോ... ആബിദ് ?" ഒരു ഹിന്ദി ചുവയിലുള്ള മലയാളത്തിലെ കിളിനാദം കേട്ട് എൻ്റെ സകല ഞാഡീ നെരമ്പുകളും (സോറി നാഡീ ഞെരമ്പുകളും) എണീറ്റു. അംബാനിയുടെ സമ്മാനം വരുന്നതിൻ്റെ ലക്ഷണം തുടങ്ങിയപ്പോഴേക്കും ആ ഫോൺകാൾ കട്ടായി. അംബാനിയുടെ ഭാര്യയോ മരുമകളോ മറ്റോ ആയിരിക്കും ആ വിളിച്ചത്. കാരണം പിന്നീട് എനിക്ക് വിളി വന്നില്ല.സമ്മാനം വരുമ്പോൾ വരട്ടെ എന്ന് കരുതി ഞാൻ തിരിച്ച് വിളിച്ചതുമില്ല.

അടുത്ത ദിവസം, തലേ ദിവസം വിളി വന്ന നമ്പറിന് സമാനമായ ഒരു നമ്പറിൽ നിന്ന് വീണ്ടും കോൾ വന്നു.

"ഹലോ ഇത് 7907297631 എന്ന ജിയോ നമ്പർ അല്ലേ?.." വീണ്ടും ഒരു പെൺശബ്ദം.

"അതെനിക്കറിയില്ല ... നിങ്ങൾ വിളിച്ച നമ്പർ ദയവായി പരിശോധിക്കുക" എൻ്റെ നമ്പർ എനിക്ക് തന്നെ അറിയാത്തതിനാൽ ഞാൻ പറഞ്ഞു.

"ആ... ഇത് ജിയോ ഓഫീസിൽ നിന്നാണ്..." 

"ഓ... അങ്ങനെ എങ്കിൽ ആ പറഞ്ഞ നമ്പർ തന്നെ ഈ നമ്പർ ... എൻ്റെ സമ്മാനം എത്തിയോ?" ബഹുമാനം കാരണം തുണിയുടെ മടക്കിക്കുത്ത് അഴിച്ചിട്ട് ഞാൻ ചോദിച്ചു.

"ഇല്ല... അത് വരുന്നുണ്ട്...നിങ്ങളുടെ പ്ലാൻ കാലാവധി കഴിഞ്ഞിട്ട് രണ്ട് മാസമായി ..."

"ങാ... അതെനിക്കറിയാം.."

"എത്രയും പെട്ടെന്ന് റീ ചാർജജ് ചെയ്തില്ലെങ്കിൽ ഫോൺ കട്ടാവും... മാത്രമല്ല "

"അതെങ്ങിനെയാ...മൂന്ന് മാസം ഇൻകമിംഗ് ഉണ്ടല്ലോ..." അപ്പോഴേക്കും ഫോൺ കട്ടായി. 

പിറ്റേ ദിവസം രാവിലെ തന്നെ എനിക്ക് your plan expired , kindly recharge...... എന്ന ഒരു SMS വന്നു. ഉച്ചക്ക് അത് തന്നെ വീണ്ടും വന്നു. രാത്രി അത് തന്നെ കോപ്പി പേസ്റ്റ് അടിച്ച് വീണ്ടും അവർ വിട്ടു. കൊക്ക് എത്ര കുളം കണ്ടതാ എന്ന ഭാവത്തിൽ ഞാൻ അതൊക്കെ ഡിലീറ്റ് ആക്കി. പിന്നീട് ഹോമിയോ മരുന്നിൻ്റെ കുറിപ്പടി പോലെ ഒന്ന് വീതം രണ്ട് മണിക്കൂർ ഇടവിട്ട് എന്ന തോതിൽ പ്രസ്തുത മെസേജ് വന്നുകൊണ്ടിരുന്നു. 

ഒരാഴ്ച കഴിഞ്ഞ് വീണ്ടും ഒരു സ്ത്രീ ശബ്ദം എൻ്റെ ഫോണിൽ മുഴങ്ങി. 

"ആബിദ് അല്ലേ?"

"അതേ.."

"ജിയോ ഓഫീസിൽ നിന്നാണ്..."

"ങാ.... പറയൂ മേഡം .." കോളർ ശരിയാക്കി ഞാൻ പറഞ്ഞു.

"നിങ്ങൾക്ക് ജിയോ കണക്ഷനുമായി എന്തെങ്കിലും പ്രശ്നം ഉണ്ടോ?"

"ങാ... പുട്ടിൽ തേങ്ങ ഇടുന്ന പോലെ മെസേജ് വരുന്നത് പ്രശ്നമാണ്.."

"അതല്ല... കണക്ഷൻ ഇഷ്യൂസ് എന്തെങ്കിലും..?"

"അത് കഴിഞ്ഞ തവണ വിളിച്ച ഓളോട് ഞാൻ പറഞ്ഞുവല്ലോ.." 

"സാർ... ഫോൺ റീചാർജ്ജ് ചെയ്യാത്തത് എന്താണ്?"

"അത് എനിക്ക് സൗകര്യമുള്ളപ്പോൾ ഞാൻ ചെയ്യും.."

"ഇങ്ങനെയാണോ ഒരാളോട് സംസാരിക്കുക..."

"അല്ല പിന്നെ ... ഫോൺ നിറയെ മെസേജ് .. പിന്നെ നിന്നെപ്പോലുള്ളവരുടെ വിളി... ഇന്ന് വിളിച്ചവൾ അല്ല നാളെ വിളിക്കുന്നത്... എന്നിട്ട് ഞാൻ ഈ കഥ മുഴുവൻ വീണ്ടും പറയണം... ഭാര്യ അപ്പുറത്ത് ഈ സംസാരമൊക്കെ കണ്ട് നിൽക്കുന്നുണ്ട്..ഓള് കരുതുന്നത് എന്തോ ശൃംഗാരമാന്നാ.... നിങ്ങളെൻ്റെ കുടുംബം കലക്കരുത്."

"ങാ... അടുത്ത മാസം മുതൽ റീചാർജ്ജ് സംഖ്യ കൂടുന്നുണ്ട്. 149 രൂപയുടെത് ഇനി മുതൽ 209 രൂപയാകും. അതിന് മുമ്പ് റീചാർജ്ജ് ചെയ്യാൻ ഓർമ്മപ്പെടുത്താനാണ് ഞാൻ വിളിച്ചത്. " ഇതും പറഞ്ഞ് അവളും ഫോൺ കട്ട് ചെയ്തു. 

'അപ്പോ ഇതായിരുന്നു ആ കല്യാണ സമ്മാനം' ഞാൻ ആത്മഗതം ചെയ്തു.

അടുത്ത ദിവസം അംബാനി വിട്ടത് അല്പംകൂടി മാന്യമായ ഒരു മെസ്സേജ് ആയിരുന്നു. അപ്പോഴും ഒന്ന് നോക്കിയ ശേഷം ഞാനതിനെ ഡിലീറ്റാക്കിക്കൊണ്ടിരുന്നു. സ്ത്രീകളെക്കൊണ്ട് വിളിപ്പിച്ച് അംബാനി വീണ്ടും ശ്രമിച്ചെങ്കിലും കേളൻ കുലുങ്ങിയില്ല. പിന്നീട് വന്ന മെസേജ് കണ്ടപ്പോഴാണ് അംബാനി ഇത്രയും പാവമാണെന്ന് എനിക്ക് ബോധ്യമായത്. 

"ഇതൊരപേക്ഷയാണ്.. ജിയോയുമായുള്ള ബന്ധം ദയവായി നിങ്ങൾ ഉപേക്ഷിക്കരുത്. ചുരുങ്ങിയത് 209 രൂപ കൊണ്ടെങ്കിലും റീചാർജ്ജ് ചെയ്യണം" എന്നായിരുന്നു അതിൻ്റെ സാരം.

മകൻ്റെ കല്യാണം കഴിഞ്ഞ് എല്ലാവർക്കും സമ്മാനവും നൽകി ട്രൗസർ ഊരിപ്പോയ അംബാനിയാണ് അപ്പോൾ എൻ്റെ മനസ്സിൽ തെളിഞ്ഞു വന്നത്. ഏത് മുതലാളിയാണെങ്കിലും ഒരു ദിവസം ഇങ്ങനെ ഒക്കെ കൈ നീട്ടി ഇരക്കേണ്ടി വരും എന്ന് പാവം സ്വപ്നത്തിൽ പോലും നിനച്ചിട്ടുണ്ടാവില്ല. അതിനാൽ അടുത്ത മൂന്ന് മാസത്തെ ഇരക്കൽ ഒഴിവാക്കാനായി ഞാൻ 249 രൂപയ്ക്ക് തന്നെ റീചാർജ്ജ് ചെയ്തു.

പിറ്റേ ദിവസം എനിക്കു വീണ്ടും ഒരു കാൾ. സന്തോഷം അറിയിച്ച് സമ്മാനം അയക്കാനായി അംബാനി വിളിക്കുന്നതാവും എന്ന് കരുതി ഞാൻ ഓടിച്ചെന്ന് ഫോണെടുത്തു.

"ഹലോ... ജിയോ ഓഫീസിന്നാണ് ... " സന്തോഷത്തോടെയുള്ള കിളിനാദം കേട്ട് ഞാൻ രോമാഞ്ചം കൊണ്ടു.

"ആ... ഇത് ആ നമ്പർ തന്നെയാണ് ..." നമ്പർ ഇങ്ങോട്ട് പറഞ്ഞ് ബുദ്ധിമുട്ടേണ്ട എന്ന് കരുതി ഞാൻ അഡ്വാൻസായി അങ്ങോട്ട് പറഞ്ഞു.

"ങാ... നിങ്ങൾ എന്താ ജിയോ കണക്ഷൻ റീചാർജജ് ചെയ്യാത്തത് ...?"

"നിൻ്റെ ....'' ദ്വേഷ്യം കാരണം ഞാൻ ഫോൺ കട്ട് ചെയ്തു. ഇപ്പോഴും ആ അംബാനി മെസേജ് വിട്ടു കൊണ്ടേ ഇരിക്കുന്നു - പ്ലീസ് റീചാർജ്.

"പ്രിയപ്പെട്ട അംബാനി... എനിക്ക് നൂറ് മെസേജ് വിടുന്നതിനിടയിൽ ഒരൊറ്റ മെസേജ് എങ്കിലും താങ്കളുടെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുന്നവർക്ക് വിടണമെന്ന് വിനീതമായി അപേക്ഷിക്കുന്നു"


ആബിദ് അരീക്കോട്.


Thursday, August 29, 2024

പാഠം ഒന്ന് ഉപ്പാങ്ങ

കുട്ടിക്കാല സ്മരണകൾ അയവിറക്കുന്ന കഥകൾ എഴുതാനും വായിക്കാനും എനിക്ക് ഏറെ താൽപര്യമാണ്. ബ്ലോഗെഴുത്തിൻ്റെ ആദ്യ വർഷങ്ങളിൽ, മനസ്സിൽ മായാതെ സൂക്ഷിച്ച ഏതാനും സ്മരണകൾ ഞാൻ ഇവിടെ പോസ്റ്റ് ചെയ്തിരുന്നു. ആ പോസ്റ്റുകളിൽ നിന്നാണ് സ്കൂൾ ഓർമ്മകളെപ്പറ്റി എഴുതാനും വായിക്കാനും പ്രചോദനം കിട്ടിയത്. കേരളത്തിലെ, വിവിധ മേഖലകളിൽ പ്രഗത്ഭരായവരുടെ സ്കൂൾ കാലം അയവിറക്കുന്ന മാതൃഭൂമി ബുക്സിൻ്റെ സ്കൂൾ മുറ്റം എന്ന പുസ്തകം ഞാൻ വാങ്ങി വായിച്ചതും ഈ താല്പര്യം കാരണമായിരുന്നു.

പ്രമുഖർ അല്ലെങ്കിലും ഒരേ കാലഘട്ടത്തിൽ ഒരേ സ്കൂളിൽ പഠിച്ച പതിനാല് പേരുടെ സ്കൂൾ ഓർമ്മകൾ കഥാ രൂപത്തിൽ അവതരിപ്പിക്കുന്ന പുസ്തകമാണ് "പാഠം ഒന്ന് ഉപ്പാങ്ങ". പുസ്തകത്തിൻ്റെ തലക്കെട്ട് തന്നെ ആരെയും കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടു പോകും എന്ന് തീർച്ചയാണ്. മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സുബുലുസ്സലാം ഹൈസ്കൂളിലെ 1987 ബാച്ചിലെ ഞാനടക്കമുള്ള പതിനാല് പേരുടെ ഓർമ്മകളാണ് കഥാരൂപത്തിൽ ഈ പുസ്തകത്തിലൂടെ ഇതൾ വിരിയുന്നത്. 

ചരിത്രം നമ്മെ ഭൂതത്തിലേക്കും വർത്തമാനത്തിലേക്കും ഭാവിയിലേക്കും എല്ലാം എത്തിക്കുന്നു. ആ ചരിത്രം ഒരു കാലഘട്ടത്തെ നർമ്മത്തിലൂടെ അടയാളപ്പെടുത്തുന്നു എന്ന് വന്നാൽ അത് മനോഹരമായിരിക്കും അല്ലേ? ആ മനോഹാരിത ഈ പുസ്തകത്തിനുണ്ട്. ഞാൻ എവിടേയും ഇത് വരെ വായിച്ചിട്ടില്ലാത്ത പുത്തൻ കാര്യങ്ങളുടെ അകമാണീ ചരിത്ര പുത്തകം. നർമ്മമാണ് ജീവിതത്തിൻ്റെ ലാഭം എന്ന് പറഞ്ഞത് ഭഗവാൻ കൃഷ്ണനാണ്. ഇതിൻ്റെ ഓരോ താളുകളിലും ആ ലാഭം വേണ്ടുവോളമുണ്ട്. അതിൽ കൃഷ്ണൻ്റെ കുസൃതികളും വികൃതികളും കള്ളത്തരങ്ങളുമുണ്ട്. സാധാരണ അവനവൻ എഴുതുന്ന കഥകളിൽ അവൻ തന്നെയാണ് എപ്പോഴും നായകൻ. എന്നാൽ ഇതിലെ ഭൂരിഭാഗം കഥാപാത്രങ്ങളും വില്ലന്മാരോ , മടിയൻമ്മാരോ , പൊട്ടൻന്മാരോ കള്ളൻന്മാരോ ആണ് എന്നതും വായനാ രസം നൽകുന്നു. എഴുത്ത് കാരനായ ശ്രീ. എം.എ സുഹൈൽ പുസ്തകത്തിൻ്റെ അവതാരികയിൽ  പറയുന്നത് അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് ഓരോ കഥകളും വായിക്കുമ്പോൾ മനസ്സിലാകും.

ക്ലാസ് പരീക്ഷയിൽ നിന്നും രക്ഷപ്പെടാൻ ഉസ്മാൻ നടത്തിയ ഒളിച്ചോട്ടവും ലോകത്തിൽ ഇന്നേ വരെ ആരും എഴുതാത്ത ഇമ്പോസിഷൻ എഴുതിയ ജോമണിയും ആരോ എറിഞ്ഞുകൊന്ന  കോഴിക്ക് വേണ്ടി തല മൊട്ടയടിക്കേണ്ടി വന്ന മുനീറും കുരങ്ങനെ കാണാൻ പോയി കാണാതായ നൂർജഹാനും എല്ലാം ഇക്കാലത്തും ആരെയും കുടുകുടാ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. ഓർമ്മകൾ അയവിറക്കി സഹകരിച്ച എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി.

പുസ്തകം: പാഠം ഒന്ന് ഉപ്പാങ്ങ
എഡിറ്റർ: ആബിദ് തറവട്ടത്ത്
പ്രസാധനം: പെൻഡുലം ബുക്സ്
പേജ് : 60
വില : 160 രൂപ 


Wednesday, August 28, 2024

ഒരു വട്ടം കൂടി - . സീസൺ 2

പഴയ കാലത്തേക്ക് ഒന്ന് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നവരും ആഗ്രഹിക്കാത്തവരും ഉണ്ട്. അസാധ്യമായതിനാൽ അത് എന്നും ഒരാഗ്രഹമായി മാത്രം തുടരും എന്നതാണ് സത്യം. എങ്കിലും കുട്ടിക്കാലത്തേക്ക് മനസ്സു കൊണ്ട് എത്താൻ നമുക്ക് സാധിക്കും. നമ്മുടെ ബാല്യകാല അനുഭവങ്ങളോട് സമാനമായ അനുഭവ കഥകൾ വായിക്കുകയോ കേൾക്കുകയോ ചെയ്യുക, അന്നത്തെ സുഹൃത്തുക്കളുടെയും സഹപാഠികളുടെയും കൂടെ അൽപനേരം ചെലവഴിക്കുക, പൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾ സംഘടിപ്പിക്കുക തുടങ്ങീ മാർഗ്ഗങ്ങളിലൂടെയെല്ലാം ഇത് സാധ്യമാകും.

ഇക്കഴിഞ്ഞ ആഗസ്റ്റ് ഇരുപതിന് എൻ്റെ പത്താം ക്ലാസ് കൂട്ടായ്മയായ "ഒരു വട്ടം കൂടി " അതിൻ്റെ രണ്ടാം മെഗാ സംഗമം സംഘടിപ്പിച്ചു. ആദ്യ സംഗമത്തിൻ്റെ അഞ്ചാം വാർഷികം എന്ന നിലയിലാണ് രണ്ടാം സംഗമം സംഘടിപ്പിച്ചത്. കഴിഞ്ഞ തവണത്തെ പോലെ തന്നെ നിപയും പേമാരിയും പ്രളയവും എല്ലാം ആശങ്ക സൃഷ്ടിച്ചെങ്കിലും പ്രസ്തുത ദിവസം അവയെല്ലാം ഞങ്ങൾക്കായി മാറി നിന്നു.

കഴിഞ്ഞ തവണ സംഭവിച്ച പ്രധാന പോരായ്മകളിൽ ഒന്നായിരുന്നു സ്വയം പരിചയപ്പെടുത്തൽ. ഇത്തവണ അദ്ധ്യാപകരോ അതിഥികളോ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ വന്ന അറുപത് പേരും വിശദമായി തന്നെ സ്വയം പരിചയപ്പെടുത്തി.

പരിപാടിയുടെ പ്രധാന അജണ്ടകളിൽ  ഒന്നായിരുന്നു ഞങ്ങളുടെ ഈ കൂട്ടായ്മയുടെ വ്യത്യസ്തമായൊരു ആശയം കൂടിയായ പുസ്തക പ്രകാശനം. പതിനാല് സഹപാഠികളുടെ ഓർമ്മകൾക്ക് ഞാൻ കഥാഖ്യാനം നൽകി "പാഠം ഒന്ന് ഉപ്പാങ്ങ" എന്ന പേരിൽ എൻ്റെ മൂന്നാമത്തെ കൃതിയായി അത് പുറത്തിറങ്ങുമ്പോൾ അഞ്ച് വർഷത്തെ അദ്ധ്വാനത്തിന്റെ ലക്ഷ്യ സാക്ഷാൽക്കരണമായിരുന്നു പൂർത്തീകരിച്ചത്. അവതാരിക എഴുതിയ ഞങ്ങളുടെ സീനിയർ വിദ്യാർത്ഥി കൂടിയായ ശ്രീ. എം.എ സുഹൈൽ "ഉപ്പാങ്ങ ഭരണി" പൊട്ടിച്ചു. പുസ്തക പ്രസിദ്ധീകരണ ചെലവ് കഴിഞ്ഞ് കിട്ടുന്ന മുഴുവൻ സംഖ്യയും പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് നൽകാനാണ് തീരുമാനം. 

എല്ലാ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളും വിവിധ മേഖലകളിൽ  പ്രാവീണ്യം തെളിയിച്ച, അംഗങ്ങളുടെ മക്കളെ ആദരിക്കാറുണ്ട്. പത്താം ക്ലാസ്, പ്ലസ് ടു, സ്കോളർഷിപ്പ് പരീക്ഷകൾ പാസായ മക്കളെ ഞങ്ങളും ആദരിച്ചു. പ്ലാസ്റ്റിക് മെമെൻ്റോകൾക്ക് പകരം 'നീലിഷ , ജഹാംഗീർ തുടങ്ങിയ പുതിയ തരം മാവിൻ തൈകളാണ് നൽകിയത്. പരിപാടിയിൽ അവസാനം വരെ പങ്കെടുത്തവർക്കും ഓർമ്മ മരമായി മാവിൻ തൈ നൽകി. സംഗമ സ്മരണക്കായി ഒരു തൈ ഓഡിറ്റോറിയത്തിൻ്റെ പരിസരത്തും നട്ടു.

സംഗമത്തിലെ ഏറ്റവും കെങ്കേമമായ ഇനം ആസ്യ നുസൈബ നേതൃത്വം നൽകിയ പുരുഷൻമാരുടെ സാരി ചുറ്റൽ മത്സരമായിരുന്നു. തുടർന്ന് സ്ത്രീകളുടെ ഷർട്ടിടൽ മത്സരവും കളക്ഷൻ മത്സരവും പെനാൽട്ടി ഷൂട്ടൗട്ട് മത്സരവും അരങ്ങേറി. കുട്ടിക്കാല ഓർമ്മകൾ പുതുക്കുന്ന സ്പോട്ട് അഭിനയവും കലാപരിപാടികളും കൂടി ആയതോടെ വൈകുന്നേരമായത് അറിഞ്ഞതേ ഇല്ല. വർഷത്തിൽ ഒരിക്കൽ ഇത്തരം സംഗമങ്ങൾ നടത്തണം എന്നായിരുന്നു ഭൂരിപക്ഷം പേരുടെയും അഭിപ്രായം.

 കഴിഞ്ഞ അഞ്ച് വർഷം ഈ കൂട്ടായ്മ.നടത്തിയ വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും ആരോഗ്യ- പരിസ്ഥിതി - വിനോദ പരിപാടികളും ഈ കൂട്ടായ്മയുടെ ചെയർമാനെന്ന നിലയിൽ എനിക്ക് അഭിമാനം തോന്നുന്നു. എല്ലാവരുടെയും സഹകരണത്തോടെ വീണ്ടും ഒരു സംഗമം തന്നെ വിജയകരമായി സംഘടിപ്പിക്കാൻ കഴിഞ്ഞതിലും ഏറെ സന്തോഷം തോന്നുന്നു.   


പ്രശസ്ത സാഹിത്യകാരൻ ഓസ്കാർ വൈൽഡിൻ്റെ വരികളാണ് ഓർമ്മ വരുന്നത്.

“Memory is the diary that we all carry about with us". 

Monday, August 26, 2024

അമ്മുവിൻ്റെ അച്ചമ്മ

പേരക്കുട്ടി അമ്മുവിൻ്റെ കൈ പിടിച്ചു കൊണ്ട് സ്കൂൾ ഗേറ്റ് കടന്ന പാറുക്കുട്ടിയമ്മ അൽപനേരം ഒരു മരത്തണലിൽ നിന്നു. വഴിയുടെ ഇരു വശത്ത് നിന്നും പന്തല് വിരിച്ച് നിൽക്കുന്ന മരങ്ങളിലേക്ക് നോക്കി  പാറുക്കുട്ടിയമ്മ ഒരു ദീർഘശ്വാസം വിട്ടു.

"അച്ചമ്മ എന്താ നോക്കി നിൽക്കുന്നത് ?" അമ്മു ചോദിച്ചു.

"ഞാൻ ... ഞാൻ പഴയ ഒരു കഥ ഓർത്തെടുക്കുകയായിരുന്നു മോളേ..."

"കഥയോ ... എങ്കിൽ എനിക്കും കേൾക്കണം..."

"ങാ.. ഈ തണലിൽ ഇത്തിരി നേരം ഇരിക്ക് ... അച്ചമ്മ കഥ പറഞ്ഞ് തരാം...'' 

പാറുക്കുട്ടിയമ്മയും അമ്മുവും തൊട്ടടുത്ത  മരത്തിൻ്റെ തണലിലേക്ക് ഇരുന്നു. പാറുക്കുട്ടിയമ്മ ആ കഥ പറയാൻ തുടങ്ങി.

" പണ്ട് പണ്ട് പാറു എന്നും മീനു എന്നും പേരുള്ള രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. അവർ അയൽവാസികളും ഉറ്റ ചങ്ങാതിമാരുമായിരുന്നു. സമപ്രായക്കാരാണെങ്കിലും രണ്ടു പേരും വെവ്വേറെ സ്കൂളുകളിൽ ആണ് പഠിച്ചിരുന്നത്... പാറുവിൻ്റെ സ്കൂളിലേക്ക് പ്രധാന റോഡിൽ നിന്നും അൽപം കൂടി കുന്നിൻ മുകളിലേക്ക് പോകണം. മീനുവിൻ്റെ സ്കൂളിലേക്കും അതേ പോലെ തന്നെ. പക്ഷെ, മീനുവിൻ്റെ സ്കൂളിലേക്ക് പോകുന്ന വഴിക്കിരുവശത്തും ധാരാളം മരങ്ങൾ വളർന്ന് നിൽക്കുന്നതിനാൽ വഴി നീളെ തണലാണ്. തണൽ വിരിച്ച വഴിയിലൂടെ നടക്കാൻ കുട്ടികൾക്ക് ഇഷ്ടവുമാണ് "

"ഓ... അപ്പോ ആ മീനുവിൻ്റെ സ്കൂളാണ് ഇതല്ലേ ?"

"നിക്ക് ... നിക്ക് .. അച്ചമ്മ പറയട്ടെ.."

"തൻ്റെ സ്കൂളിലേക്കുള്ള വഴിയും മീനുവിൻ്റെ സ്കൂളിലേത് പോലെയാകാൻ പാറു ഏറെ കൊതിച്ചു. അതിനുള്ള വഴികൾ അവൾ ആലോചിച്ചു. അപ്പോഴാണ് പരിസ്ഥിതി ദിനത്തെപ്പറ്റിയും വിവിധ മരങ്ങൾ നടുന്നതിനെപ്പറ്റിയും പാറുവിന് ഓർമ്മ വന്നത്. "

"ങാ... നല്ല കാര്യം.."

"മറ്റൊരു കാര്യം കൂടി പാറുവിൻ്റെ ഓർമ്മയിൽ പറന്നെത്തി "

"അതെന്താ?"

"ആ വർഷത്തെ ജൂൺ അഞ്ചിന് പാറുവും  അവിടെ എവിടെയോ ഒരു തൈ വച്ചിരുന്നു. തൻ്റെ ക്ലാസിലെ രമയും ബിന്ദുവും ബാബുവും താൻ നട്ട തൈയിൽ നിന്നും ഏതാനും വാരകൾ അകലെ തൈ നട്ടതും പാറുവിൻ്റ ഓർമ്മയിലുണ്ടായിരുന്നു. അന്ന് തൈ വച്ച സ്ഥലം ഓർമ്മിച്ചെടുത്ത് പാറു അങ്ങോട്ട് നടന്നു. പക്ഷെ, താൻ തൈ നട്ടിടത്ത് ഒരു കുഴി മാത്രമേ അവൾക്ക് കാണാൻ കഴിഞ്ഞുള്ളൂ.മറ്റുള്ളവർ തൈ നട്ടയിടം മുഴുവൻ പുല്ല് മൂടിക്കഴിഞ്ഞിരുന്നു ."

"അയ്യോ...പാവം..."

"പാറു ആ കുഴിയിലേക്ക് നോക്കി അൽപ നേരം ചിന്താമഗ്നയായി നിന്നു.."

"ചിന്താവിഷ്ടയായ പാറു " അമ്മു ചിരിച്ചുകൊണ്ട് പറഞ്ഞു.

"യുറേക്കാ ... യുറേക്കാ...പെട്ടെന്ന്, ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് പാറു ഹെഡ്മാസ്റ്ററുടെ മുറിയിലേക്ക് ഓടിച്ചെന്നു "

"അപ്പോ നല്ല ധൈര്യശാലിയും കൂടിയാണല്ലോ പാറു..." അമ്മു പറഞ്ഞു.

"നമസ്കാരം സാർ... എൻ്റെ പേര് പാർവ്വതി... എല്ലാവരും പാറു എന്ന് വിളിക്കും... പാറു ഹെഡ്മാസ്റ്ററോട് പറഞ്ഞു."

"ങാ... പാറുമോൾ വന്ന കാര്യം പറയൂ ...".

"സാർ... ഈ സ്കൂളിലേക്ക് കയറി വരുന്ന വഴിയിൽ ഒരു മരം പോലും ഇല്ല .."

"അത് ശരിയാണ്... എല്ലാ വർഷവും പരിസ്ഥിതി ദിനത്തിൽ നമ്മൾ അവിടെ തൈ വയ്ക്കാറുണ്ട്. പക്ഷെ ഒന്ന് പോലും വളർന്ന് വരാറില്ല പാറൂ .." ഹെഡ്മാസ്റ്റർ പറഞ്ഞു.

"ങാ.. കഴിഞ്ഞ വർഷം ഞാനും ഒരു തൈ നട്ടിരുന്നു. അവയൊന്നും വളരാത്തത് എന്തുകൊണ്ടാണെന്ന്  മാഷക്കറിയോ?"

"നനയ്ക്കാത്തത് കൊണ്ട്.."

"അല്ല.. നട്ട തൈകളെ ശരിയായ രീതിയിൽ പരിപാലിക്കാത്തത് കൊണ്ട്.."

" ആ... ഈ അരിയുടെയും പയറിൻ്റെയും കണക്ക് നോക്കുന്നതിനിടക്ക് ഞാൻ എന്ത് ചെയ്യാനാ പാറൂ?" ഹെഡ് മാസ്റ്റർ തൻ്റെ നിസ്സഹായത അറിയിച്ചു.

"ജൂൺ അഞ്ചിന് വൃക്ഷത്തൈ നടുന്നത് നിർത്തുക .."

"ങേ!!"ഹെഡ്മാസ്റ്റർ ഞെട്ടി.

"ജൂൺ അഞ്ചിന് പകരം, സ്കൂളിലെ ഓരോ കുട്ടിയും അവരുടെ ജന്മദിനത്തിൽ സ്കൂളിലേക്കുള്ള വഴിയോരത്ത് ഒരു തൈ നടട്ടെ..സ്വന്തം ജന്മദിനത്തിൽ നട്ട തൈ ആയതിനാൽ ഓരോരുത്തരും അതിനെ പരിപാലിക്കും സേർ.."

"വാഹ്!! വളരെ നല്ല ആശയം.." ഹെഡ്മാസ്റ്റർ പാറുവിൻ്റെ പുറത്ത് തട്ടി അഭിനന്ദിച്ചു.

"അതെ...ഗംഭീര ആശയം....." അമ്മുവും സമ്മതിച്ചു.

"അങ്ങനെ ഓരോ കുട്ടിയുടെ ജന്മദിനത്തിലും അവർ ഈ വഴിയിൽ തൈകൾ നടാൻ തുടങ്ങി. താൻ നട്ട തൈകളിൽ പുതിയ ഇലകൾ പൊട്ടുന്നതും ചെടി വളരുന്നതും എല്ലാം ഓരോ ദിവസവും അവർ ശ്രദ്ധിച്ചു. അങ്ങനെ മൂന്ന് വർഷം കൊണ്ട് പാറുവിൻ്റെ സ്കൂളിലേക്കുള്ള വഴിയും ഹരിതഭംഗി നിറഞ്ഞതായി...."

"ഇത് ഒരു സൂപ്പർ ഐഡിയ തന്നെ ... ആ പാറുവും മീനുവും ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്നറിയുമോ അച്ചമ്മേ ?" അമ്മു ചോദിച്ചു.

ചോദ്യം കേട്ട് പാറുക്കുട്ടിയമ്മ ഒരു നിമിഷം മൗനത്തിലായി. അവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർത്തുള്ളികൾ പൊടിഞ്ഞു.

"മീനു ഇപ്പോൾ ഈ ലോകത്ത് ഇല്ല. അന്നത്തെ പാറുവാണ് അമ്മുവിൻ്റെ ഈ അച്ചമ്മ.."

"വാഹ് !! ഗ്രേയ്റ്റ് ... !" അമ്മു തൻ്റെ അച്ചമ്മയെ കെട്ടിപ്പിടിച്ച് തെരുതെരെ ചുംബിച്ചു.

- ശുഭം -


Saturday, August 24, 2024

ഡൽഹി ദർശൻ 3 - രാജ്ഘട്ട്

ഡൽഹി ദർശൻ  (Part - 2 )  

"സബ് വാപസ് ആയ...?" ടൂർ ഓപ്പറേറ്റർ ചോദിച്ചു.

"ഹാം ഹാം..."

"ജോ ന ആയ, അഗല സ്പോട്ട് മേം ആവോ..." വരാത്തവരോടായി അദ്ദേഹം പറഞ്ഞു.

"ദേഖോ..അബ് ഹം ജാതാ ഹേ ... ഭാരത് ക സബ്സെ പൂജ്യനീയ് ഹമാര രാഷ്ട്രപിതാ ഗാന്ധി ക സമാധിസ്ഥൽ ...."

"രാജ്ഘട്ട്..." കുട്ടികൾ വിളിച്ച് പറയുന്ന പോലെ ബസ്സിൽ നിന്ന് ഒരു ആരവം ഉയർന്നു.

2013 ൽ കുടുംബ സമേതം രാജ്ഘട്ടിൽ എത്തിയപ്പോൾ മൂന്നാമത്തെ മകൾ ചെറിയ കുട്ടിയായിരുന്നു.2022 ആഗസ്ത് മാസത്തിൽ കുടുംബ സമേതം തന്നെ ഞാൻ രാജ്ഘട്ടിൽ എത്തിയെങ്കിലും സ്വാതന്ത്ര്യ ദിനത്തിന്റെ ഒരുക്കങ്ങളോടനുബന്ധിച്ചുള്ള സുരക്ഷാക്രമീകരണങ്ങൾ കാരണം അന്ന് തിരിച്ചുപോരേണ്ടി വന്നിരുന്നു. ഞാൻ അതിന് മുമ്പും അവിടെ സന്ദർശനം നടത്തിയിരുന്നതിനാൽ നഷ്ടം തോന്നിയില്ലെങ്കിലും ചെറിയ മക്കൾ രണ്ടു പേർക്കും അന്ന് രാജ്ഘട്ട് കാണാൻ കഴിയാത്തത് സ്വകാര്യ ദുഃഖമായി അവശേഷിക്കുന്നു.

രാജ്ഘട്ടിൽ പ്രവേശന ഫീസ് ഒന്നും തന്നെയില്ല. തിങ്കളാഴ്ച ഒഴികെ  പ്രവേശനവുമുണ്ട്. മുമ്പ് ഗാന്ധി സമാധിയെ മാത്രമായിരുന്നു രാജ്ഘട്ട് എന്ന് വിളിച്ചിരുന്നത്.ഗാന്ധി സമാധിയിലേക്ക്  നടന്നു പോകുന്ന വഴിയിലാണ് ചരൺസിംഗിന്റെ സമാധിസ്ഥലമായ കിസാൻ ഘട്ട്. ഏതാനും മീറ്ററുകൾ കൂടി മുന്നോട്ട് പോയാൽ നെഹ്‌റു സമാധിയായ ശാന്തിവനം,ഇന്ദിരഗാന്ധി സമാധിയായ ശക്തിസ്ഥൽ,രാജീവ് ഗാന്ധി സമാധിയായ വീർഭൂമി എന്നിവ എല്ലാം കാണാം.അതിനാൽ ഇന്ന് ഇതിനെ മൊത്തം വിളിക്കുന്നത് രാജ്ഘട്ട് കോംപ്ലെക്സ് എന്നാണ്.ഗ്രൂപ്പായിട്ട് വരുമ്പോൾ ഗാന്ധി സമാധി മാത്രം കണ്ട് മടങ്ങിപ്പോകുന്നതാണ് പതിവ്. 

നമസ്കാരം നിർവ്വഹിക്കാനുള്ളതിനാൽ കൂട്ടുകാരെ വിട്ട് ഞാൻ വലതുഭാഗത്തെ പുൽത്തകിടിയിലേക്ക് നീങ്ങി.അവിടെക്കണ്ട ടാപ്പിൽ നിന്ന് വെള്ളമെടുത്ത് അംഗശുദ്ധി വരുത്തിയ ശേഷം സൗകര്യപ്രദമായ സ്ഥലത്ത് പോയി നമസ്കാരം നിർവ്വഹിച്ചു.ശേഷം, അതെ ഭാഗത്തുള്ള കവാടത്തിൽ കണ്ട റാക്കിൽ ഷൂ അഴിച്ചു വച്ച് സമാധി മണ്ഡപത്തിലേക്ക് പ്രവേശിച്ചു. എല്ലാവരും പ്രവേശിക്കുന്നതിന്റെ വിപരീത ദിശയിലായിരുന്നതിനാൽ പുറത്ത് ആരുടെയും ഷൂ കണ്ടിരുന്നില്ല.

അകത്തെത്തിയപ്പോൾ എന്റെ കൂടെയുള്ളവരെ തിരഞ്ഞെങ്കിലും ആരെയും കാണാനായില്ല.ഒരു ഫോട്ടോ എടുക്കാനായി ഫോൺ ആരുടെ കയ്യിലും കൊടുക്കാനും ധൈര്യം വന്നില്ല.അപ്പോഴാണ് ലോട്ടസ് ടെംപിളിൽ നിന്നും വാങ്ങിയ സെൽഫി സ്റ്റിക്ക് കീശയിൽ കിടക്കുന്നത് ഓർമ്മയിൽ വന്നത്. സത്യൻ മാഷ് പറഞ്ഞ 'എപ്പോഴെങ്കിലും ഉപയോഗപ്പെടും' എന്ന വാക്ക് മണിക്കൂറുകൾക്കകം തന്നെ പുലർന്നു.അങ്ങനെ സെൽഫി സ്റ്റിക്ക് ഉപയോഗിച്ച് എന്റെ ആദ്യ ഫോട്ടോ ഗാന്ധി സമാധിയിൽ നിന്നായി.

തിരിച്ച് ഷൂ കൗണ്ടറിൽ എത്തി അവിടെ ഇരുന്ന് ഷൂ ഇടുമ്പോഴാണ് ഒരു കൂട്ടം ആൾക്കാർ അത് വഴി വന്നത്.

"ദോ ജോഡി...കിത്ന?" രണ്ട് ജോഡി ഷൂ എൻറെ നേരെ നീട്ടി ഒരാൾ ചോദിച്ചു.ഷൂ കീപ്പറാണെന്ന് തെറ്റിദ്ധരിച്ചാണ് ചോദ്യം വന്നത് എന്ന് എനിക്ക് മനസ്സിലായി.

"ദോ , തീൻ യാ ചാർ ....സബ് ഫ്രീ ഹേ..." ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
അപ്പോഴാണ് ഫോട്ടോ എടുക്കാനായി തൊപ്പി സമാധിക്കടുത്ത് അഴിച്ചു വച്ചിരുന്നത് ഓർമ്മയിൽ വന്നത്.ഷൂ അഴിച്ച് കയ്യിൽ പിടിച്ച് വീണ്ടും അകത്തേക്ക് ഓടി തൊപ്പിയും എടുത്ത ശേഷം മറുഭാഗത്തെ കവാടത്തിലൂടെ ഞാൻ വേഗം പുറത്തിറങ്ങി.

രാജ്ഘട്ടിൽ നിന്നും ഞങ്ങൾ മടങ്ങുമ്പോൾ ഇരുട്ട് വ്യാപിക്കാൻ തുടങ്ങിയിരുന്നു. ദർശൻ ഇറ്റിനെററി പ്രകാരം റെഡ് ഫോർട്ടും ജുമാ മസ്ജിദും ബാക്കിയുണ്ട്. അടുത്തതായി ചെങ്കോട്ടയിലേക്കാണ് നീങ്ങുന്നതെന്നും ആവശ്യമുള്ളവർക്ക് അവിടെ ഇറങ്ങി ചെങ്കോട്ടയും ജുമാ മസ്ജിദും കാണാമെന്നും ടൂർ ഓപ്പറേറ്റർ പറഞ്ഞു. ഇറങ്ങുന്നവർ കാഴ്ചകൾ കണ്ട ശേഷം സ്വന്തം ചെലവിൽ തിരിച്ചു പോകണമെന്നും ബാക്കിയുള്ളവരെയും  കൊണ്ട് ബസ് സ്റ്റാർട്ടിംഗ് പോയിൻ്റിലേക്ക് നീങ്ങും എന്നും അറിയിപ്പ് ലഭിച്ചു. രാത്രി ആയതിനാൽ ആ കാഴ്ച വേണ്ടെന്ന് ഞാനും സത്യൻ മാഷും തീരുമാനിച്ചു.

ഞങ്ങൾ കയറിയത് സ്റ്റാർട്ടിംഗ് പോയിൻ്റിൽ നിന്നായിരുന്നില്ല. അതിനാൽ തന്നെ ഞങ്ങൾക്കത് നിശ്ചയവുമുണ്ടായിരുന്നില്ല. അങ്ങനെ ബസ്സിൻ്റെ ഹാൾട്ടിംഗ് പോയിൻ്റ് വരെ ഞങ്ങൾ ഇരുന്നു. ഞങ്ങളുടെ ടൂർ മാനേജറായ നിഖിലിനെ വിളിച്ചപ്പോൾ നടന്ന് വരാവുന്ന ദൂരത്താണെന്ന് അറിയിച്ചതിനാൽ ഞങ്ങൾ നടക്കാൻ തുടങ്ങി. ഡൽഹിയിലെ ഗല്ലികളുടെ രാത്രിയിലെ സ്വഭാവമാറ്റം അന്ന് ഞങ്ങൾ നേരിട്ടറിഞ്ഞു.

എത്ര നടന്നിട്ടും നിഖിൽ പറഞ്ഞ കെട്ടിടങ്ങളുടെ      ലക്ഷണങ്ങൾ ഒന്നും കണ്ടില്ല. വിശന്ന് പൊരിഞ്ഞ ഹഖ് ചൂടാകാൻ തുടങ്ങിയതോടെ "എ ഹംഗ്രി മാൻ ഈസ് ആൻ ആൻക്രി മാൻ" എന്ന തിരിച്ചറിവും ലഭിച്ചു. ഇനിയും നടത്തം ശരിയല്ല എന്നതിനാൽ ഞങ്ങൾ ഒരു ഓട്ടോ പിടിച്ചു. അവസാനം ഞങ്ങളുടെ ഗല്ലിയിൽ എത്തിയപ്പോഴാണ് ഞങ്ങൾ നടക്കാൻ തുനിഞ്ഞ ദൂരം തിരിച്ചറിഞ്ഞത്.

ആമാശയം നിറച്ചതോടെ ഹഖ് ശാന്തനായി റൂമിലേക്ക് മടങ്ങി. ഷോപ്പിംഗിനായി ഞങ്ങൾ പഹാട്ഗഞ്ച് മാർക്കറ്റിലേക്കും ഇറങ്ങി. അത്യാവശ്യം നല്ല ഒരു ഷോപ്പിംഗ് തന്നെ നടത്തി രാത്രി പന്ത്രണ്ട് മണിക്ക് ഞങ്ങൾ റൂമിൽ തിരിച്ചെത്തി.

പിറ്റേ ദിവസം പുലർച്ചെ തന്നെ നിഖിൽ ഞങ്ങളെ ഒരു ഓട്ടോയിൽ കയറ്റി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. ട്രെയിനിൻ്റെ ചൂളം വിളി മുഴങ്ങിയതോടെ ഞങ്ങളുടെ കാശ്മീർ യാത്രക്കും വിരാമമായി.


(അവസാനിച്ചു)

Wednesday, August 21, 2024

നിക്കാഹ്

ജീവിതത്തിൽ ഒരു മനുഷ്യൻ പല വളർച്ചാ ഘട്ടങ്ങളിലൂടെയും കടന്നു പോകാറുണ്ട്. ബാല്യം, കൗമാരം, യൗവനം , വാർദ്ധക്യം തുടങ്ങീ പ്രായം കൊണ്ട് കണക്കാക്കുന്നവയാണ് അത്. എന്നാൽ സാമൂഹ്യ ജീവിതത്തിൽ അതേ മനുഷ്യൻ വേറെ ധാരാളം ഘട്ടങ്ങളിലൂടെയും കടന്ന് പോകുന്നു. മകനായിരുന്ന അവൻ കല്യാണം കഴിക്കുന്നതോടെ ഒരു ഭർത്താവും കൂടി ആയി മാറുന്നു. ഏറെ താമസിയാതെ പലരും പിതാവും ആയി മാറും. പിന്നെയും ഇരുപതോ ഇരുപത്തഞ്ചോ വർഷങ്ങൾ പിന്നിടുന്നതോടെ അവൻ ഒരു അമ്മായിയപ്പൻ ആയി മാറും. കാലം അങ്ങനെ മുന്നോട്ട് ഗമിക്കുന്തോറും , ഈ പദവികൾ മാറിക്കൊണ്ടിരിക്കും.

ദിവസങൾക്ക് മുമ്പ് എനിക്കും ഇങ്ങിനെ ഒരു പദവിമാറ്റം കിട്ടി. ഇതുവരെ ഒരു പിതാവായിരുന്ന ഞാൻ , ആഗസ്ത് 15 ന്  ഒരു മരുമകനെ സ്വീകരിച്ച് അമ്മായിയപ്പൻ കൂടിയായി. അത്ഭുതകരമെന്ന് പറയട്ടെ, അതോടെ വീട്ടിൽ എല്ലാവരുടെയും പദവികളും മാറി. എന്റെ ഭാര്യ ഒരു അമ്മായിമ്മയായി, മൂത്ത മകൾ ഒരു ഭാര്യയും മരുമകളുമായി ഡബിൾ പ്രമോഷൻ അടിച്ചു 😊. അവളുടെ അനിയത്തിമാർ രണ്ടും ഇളയിച്ചികളായി മാറി. എൻ്റെ ഏറ്റവും ചെറിയ മോനാണ് നല്ലൊരു പദവി കിട്ടിയത്. അവൻ ഒരു അളിയനായി മാറി😀 

ഇന്ത്യ സ്വതന്ത്രയായ ആഗസ്റ്റ് 15 ന് ഞാൻ എന്റെ മോളെയും എൻ്റെ നിയന്ത്രണങ്ങളിൽ നിന്ന് സ്വതന്ത്രയാക്കി. അവൾ എത്തുന്നിടത്തുള്ള സ്വാതന്ത്ര്യം ഇനി അവർ അനുഭവിച്ച് പറയട്ടെ.

Monday, August 12, 2024

ഡൽഹി ദർശൻ 2 - കുത്തബ് മിനാർ & ലോട്ടസ് ടെമ്പിൾ

ഡൽഹി ദർശൻ  (Part - 1 ) 

എല്ലാവരും തിരിച്ചെത്തിയതോടെ ബസ് വീണ്ടും നീങ്ങിത്തുടങ്ങി. ആകെ ഇതുവരെ കണ്ടു എന്ന് പറയാൻ പറ്റുന്നത് ഇന്ത്യാഗേറ്റ് മാത്രമായിരുന്നു.ഡൽഹി ദർശന്റെ പകുതി സമയം കഴിയുകയും ചെയ്തു. കുത്തബ് മിനാർ മുഴുവൻ കാണാനാണെങ്കിൽ ഏറ്റവും ചുരുങ്ങിയത് ഒരു ഒന്നര മണിക്കൂർ എങ്കിലും വേണം താനും.ജയ്പൂർ യാത്രക്കായി 2021 ൽ ഡൽഹിയിൽ എത്തിയപ്പോൾ കുത്തബ് മിനാർ കണ്ട അനുഭവത്തിൽ നിന്ന്, ബസ്സിൽ വച്ചു തന്നെ ഓൺലൈനിൽ ഞാൻ ടിക്കറ്റു ബുക്ക് ചെയ്തു.

ഇത് നാലാം തവണയാണ് ഞാൻ കുത്തബ് മിനാർ കോംപ്ലെക്സിൽ എത്തുന്നത്.രണ്ടു വർഷം മുമ്പ് കുടുംബ സമേതം ആയിരുന്നു അവസാന സന്ദർശനം (Click & Read).അന്ന് വിട്ടുപോയ ഇടങ്ങൾ ഉണ്ടെങ്കിൽ അവ കാണാം എന്നും ഒപ്പമുള്ളവർക്ക് ഒരു ഗൈഡ് ആയി നിൽക്കാമെന്നും കരുതിയായിരുന്നു ഇത്തവണത്തെ സന്ദർശനം. പക്ഷേ, സമയ പരിമിതി മൂലം മുൻ വർഷത്തിൽ കണ്ട കാഴ്ചകൾ മാത്രമേ ഇത്തവണയും കാണാൻ സാധിച്ചുള്ളൂ. നമസ്‌കാരം നിർവ്വഹിക്കാനായി ഗേറ്റിനടുത്തുള്ള പള്ളിയിൽ എത്തിയെങ്കിലും അവിടെ ഇപ്പോൾ പ്രവേശനമില്ല എന്ന് സെക്യൂരിറ്റി അറിയിച്ചു.കണ്ടു മടുക്കാത്ത മിനാറും പരിസരത്തെ മറ്റു ചരിത്ര നിർമ്മിതികളും ഒരിക്കൽ കൂടി ക്യാമറയിൽ പകർത്തി ഞങ്ങൾ പുറത്തിറങ്ങി.

"നെക്സ്റ്റ് ഈസ് ലോട്ടസ് ടെമ്പിൾ" ബസ്സിൽ നിന്നും ടൂർ ഓപ്പറേറ്ററുടെ ശബ്ദം ഉയർന്നു.

'ഹാവൂ...അടുത്ത കാലത്തൊന്നും കാണാത്ത ഒന്നെങ്കിലും കാണാൻ സാധിച്ചല്ലോ' , ഞാൻ ആത്മഗതം ചെയ്തു.

ഡൽഹിയുടെ നഗരത്തിരക്കുകളിൽ നിന്ന് മാറി  ബഹാപൂർ എന്ന ഗ്രാമത്തിലാണ് ലോട്ടസ് ടെമ്പിൾ സ്ഥിതി ചെയ്യുന്നത്. ഗ്രീക്ക് വൈറ്റ് മാർബിളിൽ താമരയുടെ ആകൃതിയിൽ ഇറാൻകാരനായ കനേഡിയൻ വാസ്തുശില്പി ഫാരിബോസ് സഹ്ബ യാണ് ഇത് രൂപകല്പന ചെയ്തത്. ആഗോള വിനോദസഞ്ചാരികളെ ഡൽഹിയിലേക്ക് ആകർഷിക്കുന്ന മുഖ്യമായ ഒരു കേന്ദ്രം കൂടിയാണ് ലോട്ടസ് ടെമ്പിൾ.

ബഹായി മതവിശ്വാസികളുടെതാണ് ലോട്ടസ് ടെമ്പിൾ. എങ്കിലും ജാതിമതലിംഗദേശ ഭേദമന്യേ എല്ലാവർക്കും ക്ഷേത്രത്തിൽ പ്രവേശിക്കാം. പ്രവേശന ഫീസ് ഇല്ല. തിങ്കളാഴ്ച അവധിയാണ്. മെട്രോ വഴിയും ഇപ്പോൾ ലോട്ടസ് ടെമ്പിളിൽ എത്താം. 

ബസ് പാർക്ക് ചെയ്ത ഉടൻ തന്നെ പല തരത്തിലുള്ള കച്ചവടക്കാരും ഞങ്ങളെ പൊതിഞ്ഞു. നൂറ് രൂപക്ക് ഒരു സെൽഫി സ്റ്റിക്ക് കണ്ടപ്പോൾ എപ്പോഴെങ്കിലും ഉപകാരപ്പെടും എന്ന സത്യൻ മാഷുടെ ഉപദേശം കേട്ട് ഞാനത് വാങ്ങി.

ലോട്ടസ് ടെമ്പിളിൻ്റെ പ്രവേശന കവാടത്തിൽ നിന്നും ക്ഷേത്ര കവാടത്തിൽ എത്താൻ ഏറെ ദൂരം നടക്കണം. വഴി നീളെയുള്ള പച്ചപ്പുൽ പരവതാനിയും പ്രത്യേക ആകൃതിയിൽ വെട്ടിയെടുത്ത കുറ്റിച്ചെടികളും മനോഹരമായ കാഴ്ചയാണ്. ടെമ്പിളിനകത്തെ ധ്യാനാന്തരീക്ഷവും മറ്റും നേരത്തെ അനുഭവിച്ചതായതിനാൽ ഇത്തവണ ഞാൻ അകത്ത് കയറിയില്ല.


ഞങ്ങളെപ്പോലെത്തന്നെ ആ ബസ്സിലെ എല്ലാവരും ലോട്ടസ് ടെമ്പിൾ നേരത്തെ കണ്ടതാണോ എന്നറിയില്ല, അനുവദിച്ച അര മണിക്കൂറിനകം തന്നെ എല്ലാവരും ബസ്സിൽ തിരിച്ചെത്തി.

Tuesday, August 06, 2024

ഡൽഹി ദർശൻ 1 - ഇന്ത്യാ ഗേറ്റ്

കാശ്മീരിൽ നിന്നും ഞങ്ങൾ ഡൽഹിയിൽ തിരിച്ചെത്തുമ്പോൾ സമയം രാവിലെ ആറ് മണി ആകുന്നതേ ഉണ്ടായിരുന്നുള്ളൂ. ഒന്ന് ഫ്രഷായി പ്രഭാത ഭക്ഷണവും പെട്ടെന്ന് തീർത്താൽ അന്നത്തെ ഡൽഹി ദർശൻ യാത്രയ്ക്ക് പോകാം എന്ന് ടൂർ മാനേജർ നിഖിൽ അറിയിച്ചു. താമസിക്കുന്ന ഹോട്ടലിൻ്റെ തൊട്ടടുത്ത് നിന്ന് തന്നെയാണ് ദർശൻ ബസ് പുറപ്പെടുന്നത് എന്നും നിഖിൽ പറഞ്ഞു.

ഡൽഹിയിലെ പ്രധാനപ്പെട്ട എല്ലാ സ്മാരകങ്ങളും പല തവണ വന്നപ്പോഴായി പല കുറി സന്ദർശിച്ചതാണ്. എങ്കിലും ഒരു ദിവസം മുഴുവൻ റൂമിൽ ചുരുണ്ട് കൂടി കിടക്കുന്നതിലും  ഭേദം ഡൽഹി ദർശൻ ഒന്നനുഭവിച്ച് അറിയുകയാണെന്ന് തോന്നിയതിനാൽ ഞാനും സത്യൻ മാഷും യാത്രക്ക് 'യെസ് ' മൂളി. 

രാവിലെ 8 മണി മുതൽ രാത്രി 7 മണി വരെയുള്ള യാത്രയ്ക്ക് ഒരാൾക്ക് 300 രൂപയാണ് ബസ് ചാർജ്ജ്. മറ്റ് ടിക്കറ്റുകളും ഭക്ഷണവും എല്ലാം അപ്നാ അപ്ന. നാലോ അഞ്ചോ അംഗങ്ങളുള്ള ഒരു ഫാമിലിക്ക് ഇത് അനുയോജ്യമായിരിക്കില്ല, ബട്ട് സിംഗിൾ ആണെങ്കിൽ സൗകര്യപ്രദവുമായിരിക്കും.മെട്രോ ഉപയോഗപ്പെടുത്താൻ അറിയുന്നവർക്ക് അതാാണ് ഏറ്റവും ലാഭകരം.

റൂമിലെത്തി പ്രഭാത കർമ്മങ്ങളും കൃത്യങ്ങളും വിജയകരമായി പൂർത്തിയാക്കി ഞങ്ങൾ പ്രഭാത ഭക്ഷണത്തിനായി സമീപത്തുള്ള "അണ്ണാ ക ദൂകാനി"ൽ എത്തി. എല്ലാവർക്കും ദോശ കിട്ടി തിന്ന് തീരുമ്പോഴേക്കും ഞങ്ങളെ കയറ്റാനുദ്ദേശിച്ച ദർശൻ ബസ് സ്റ്റാൻ്റ് വിട്ടിരുന്നു.

ഒരു ഓട്ടോ പിടിച്ച് ആദ്യ സൈറ്റായ ബിർള മന്ദിറിൽ എത്താൻ നിഖിൽ പറഞ്ഞതനുസരിച്ച് ഞങ്ങൾ അവിടെ എത്തി. അപ്പോഴേക്കും പലരും മന്ദിർ കണ്ട് തിരിച്ച് ബസ്സിൽ കയറിത്തുടങ്ങിയിരുന്നു. ഇനി മന്ദിർ കാണാൻ പോയാൽ വീണ്ടും ഓട്ടോ പിടിക്കേണ്ടി വരും എന്നതിനാൽ മന്ദിർ സന്ദർശനം ഞങ്ങൾ റദ്ദാക്കി.

അടുത്തതായി പോകുന്നത് രാഷ്ട്രപതി ഭവൻ കാണാനാണെന്നും ഒരു ഫോട്ടോഗ്രാഫർ ബസ്സിൽ കയറുന്നുണ്ട് എന്നും ഗൈഡ് അറിയിച്ചു. രാഷ്ട്രപതി ഭവൻ പശ്ചാത്തലത്തിലുള്ള SLR ക്യാമറ വച്ചുള്ള ഫോട്ടോ അയാൾ എടുത്ത് തരുമെന്നും ഒരു കോപ്പിക്ക് വെറും അമ്പത് രൂപ നൽകിയാൽ മതി എന്നും ദർശൻ ഗൈഡ് പറഞ്ഞു. രാഷ്ട്രപതി ഭവനിൻ്റെ അകത്തും പുറത്തും വച്ചുള്ള നിരവധി ഫോട്ടോകൾ എൻ്റെ പക്കൽ ഉള്ളതിനാൽ എനിക്ക് ഫോട്ടോയ്ക്ക് താൽപര്യം തോന്നിയില്ല. രാഷ്ട്രപതി ഭവനിൻ്റെ ഏതോ ഭാഗത്ത് കൂടെ മുന്നോട്ട് നീങ്ങിയ ബസ് ഒരു ഉൾറോഡിലേക്ക് കയറി ഒഴിഞ്ഞ ഒരു സ്ഥലത്തെത്തി. എല്ലാവരോടും പെട്ടെന്ന് ഇറങ്ങി ഫോട്ടോ എടുത്ത് തിരിച്ച് കയറാൻ ഗൈഡ് തിടുക്കം കൂട്ടി.

പുറത്തിറങ്ങിയ ഞാൻ കണ്ടത് ഒരു മതിലിന് അപ്പുറം അൽപം ദൂരെയായി കാണുന്ന രാഷ്ട്രപതി ഭവൻ്റെ കുംഭ ഗോപുരങ്ങളിൽ ഒന്നാണ്. ക്യാമറ ക്രമീകരണത്തിലൂടെ ഫോട്ടോ എടുത്തത് രാഷ്ട്രപതി ഭവൻ്റെ തൊട്ടടുത്ത് നിന്നാണെന്ന് തോന്നിപ്പിക്കും. വന്ന സ്ഥിതിക്ക് ഓരോ ഫോട്ടോ വീതം എടുക്കാം എന്ന് ഞാനും സത്യൻ മാഷും തീരുമാനിച്ചു. ഒരു ക്ലിക്ക് കഴിഞ്ഞപ്പോൾ ആരോ ഒരു കൂളിംഗ് ഗ്ലാസ് നീട്ടി. അത് വയ്ക്കേണ്ട താമസം അടുത്ത ക്ലിക്ക് അടിച്ചു. അൽപം ചരിച്ച് നിർത്തി മൂന്നാമത്തെ ക്ലിക്ക്.പിന്നെ മറ്റേ ഭാഗത്തേക്ക് ചരിച്ച് നിർത്തി ഒന്ന് കൂടി (ആദ്യത്തേത് ശരിയാകാത്തത് കൊണ്ടാണ് ഇത് എന്നാണ് സത്യമായിട്ടും കരുതിയത്).വീണ്ടും ഞങ്ങളെ രണ്ട് പേരെയും ഒരുമിച്ച് നിർത്തി അടുത്ത ക്ലിക്ക് !! ഒരാളുടെ തന്നെ നാലും അഞ്ചും ഫോട്ടോ എടുത്താൽ ക്യാമറാമാന് നിമിഷ നേരം കൊണ്ട് കീശയിലെത്തുന്നത് മുവായിരം - നാലായിരം രൂവാ!! നാമറിയാതെ നമ്മുടെ കീശ കാലിയാക്കുന്ന ദർശൻ ട്രിക്ക് !! 

പെട്ടെന്ന് തന്നെ എല്ലാവരെയും ഗൈഡ് ബസ്സിൽ തിരിച്ച് കയറ്റി. അടുത്തത് ഇന്ത്യാ ഗേറ്റിലേക്കാണെന്നും അമർ ജവാൻ ജ്യോതി അടുത്ത് ചെന്ന് കാണാമെന്നും ഗൈഡ് അറിയിച്ചു. ഈ ഒരു സ്പോട്ടിൽ കൂടി ഫോട്ടോഗ്രാഫർ ഉണ്ടാകുമെന്നും ഇന്ത്യാ ഗേറ്റിൻ്റെ മുന്നിൽ അങ്ങനെ നിൽക്കുന്നതും ഇങ്ങനെ നിൽക്കുന്നതും മകുടത്തിൽ തൊട്ട് നിൽക്കുന്നതും കൂളിംഗ് ഗ്ലാസ് വച്ച് നിൽക്കുന്നതും ഗ്രൂപ്പായി നിൽക്കുന്നതും എല്ലാം ഫോട്ടോയാക്കി എന്നെന്നും ഓർമ്മിക്കാനുള്ളതാക്കി മാറ്റണമെന്നും ഗൈഡ് ഉപദേശിച്ചു. കാര്യം ഏകദേശം പിടി കിട്ടിയതിനാൽ നമ്മുടെ മൊബൈൽ ക്യാമറ കൊണ്ടുള്ള ഫോട്ടോ മതി എന്ന് ഞങ്ങളും തീരുമാനിച്ചു. ഇന്ത്യാ ഗേറ്റിൽ തട്ടി പലരുടെയും കീശയിൽ നിന്ന് അഞ്ഞൂറിൻ്റെ നോട്ടുകൾ അപ്രത്യക്ഷമാകുന്നത് ഞങ്ങൾ നിസ്സഹായരായി നോക്കി നിന്നു.

                                                         

ഇന്ത്യാ ഗേറ്റിന് മറുവശത്തുള്ള വിശാലമായ ഗാർഡനിൽ ആയിരുന്നു ഞങ്ങളെത്തിയത്. ഗേറ്റിനും ഗാർഡനും ഇടയിലൂടെ തിരക്കേറിയ റോഡായതിനാൽ ബാരിക്കേഡ് ഉയർത്തിയിരുന്നു. അത് കാരണം ഞങ്ങൾ അപ്പുറം പോയില്ല. എന്നാൽ ടീമിലെ ന്യൂജൻ അംഗങ്ങൾ ഒരു അണ്ടർ ഗ്രൗണ്ട് പാസേജ് കണ്ടെത്തി അത് വഴി അമർ ജവാൻ ജ്യോതിയുടെ അടുത്ത് വരെ എത്തി. എല്ലാവരും തിരിച്ചെത്താൻ അൽപം സമയം എടുത്തതിനാൽ ഗാർഡനിലെ വിവിധ ഭാഗങ്ങളിൽ വച്ച് ഞങ്ങളും നിരവധി ക്ലിക്കുകൾ എടുത്തു.

അപ്പോഴേക്കും സമയം ഉച്ചയായിരുന്നു. അടുത്തതായി കുത്തബ് മിനാറിലേക്കാണ് പോകുന്നതെന്നും വഴിയിൽ ഭക്ഷണത്തിന് നിർത്തുമെന്നും അറിയിപ്പ് ലഭിച്ചു. ഒരു മണിക്കൂറിനുള്ളിൽ ഞങ്ങൾ ഹോട്ടലിന് മുന്നിൽ എത്തി. എനിക്ക് ആ പരിസരം നല്ല പരിചയമുള്ള പോലെ തോന്നി.2021 ൽ കുടുംബ സമേതം ഡൽഹിയിൽ എത്തിയപ്പോൾ ദീപ് സിംഗ് ഞങ്ങളെ കൊണ്ടുപോയ അതേ സ്ഥലം! ഭക്ഷണ ശേഷം അൽപനേരം ITDC യിൽ ഷോപ്പിംഗിനായി സമയം ഉണ്ടെന്ന് അറിയിപ്പ് കിട്ടി. അതും അന്ന് സർദാർജി ഞങ്ങളെ കൊണ്ട് പോയ മറ്റൊരിടം.!!  വെറുതെ ഇരിക്കാൻ അൽപസമയം കിട്ടിയതിനാൽ ഞങ്ങൾ രണ്ട് പേരും ബസ്സിൽ തന്നെ ഇരുന്നു.

( ഡൽഹി ദർശൻ  2