എല്ലാവരും തിരിച്ചെത്തിയതോടെ ബസ് വീണ്ടും നീങ്ങിത്തുടങ്ങി. ആകെ ഇതുവരെ കണ്ടു എന്ന് പറയാൻ പറ്റുന്നത് ഇന്ത്യാഗേറ്റ് മാത്രമായിരുന്നു.ഡൽഹി ദർശന്റെ പകുതി സമയം കഴിയുകയും ചെയ്തു. കുത്തബ് മിനാർ മുഴുവൻ കാണാനാണെങ്കിൽ ഏറ്റവും ചുരുങ്ങിയത് ഒരു ഒന്നര മണിക്കൂർ എങ്കിലും വേണം താനും.ജയ്പൂർ യാത്രക്കായി 2021 ൽ ഡൽഹിയിൽ എത്തിയപ്പോൾ കുത്തബ് മിനാർ കണ്ട അനുഭവത്തിൽ നിന്ന്, ബസ്സിൽ വച്ചു തന്നെ ഓൺലൈനിൽ ഞാൻ ടിക്കറ്റു ബുക്ക് ചെയ്തു.
ഇത് നാലാം തവണയാണ് ഞാൻ കുത്തബ് മിനാർ കോംപ്ലെക്സിൽ എത്തുന്നത്.രണ്ടു വർഷം മുമ്പ് കുടുംബ സമേതം ആയിരുന്നു അവസാന സന്ദർശനം (Click & Read).അന്ന് വിട്ടുപോയ ഇടങ്ങൾ ഉണ്ടെങ്കിൽ അവ കാണാം എന്നും ഒപ്പമുള്ളവർക്ക് ഒരു ഗൈഡ് ആയി നിൽക്കാമെന്നും കരുതിയായിരുന്നു ഇത്തവണത്തെ സന്ദർശനം. പക്ഷേ, സമയ പരിമിതി മൂലം മുൻ വർഷത്തിൽ കണ്ട കാഴ്ചകൾ മാത്രമേ ഇത്തവണയും കാണാൻ സാധിച്ചുള്ളൂ. നമസ്‌കാരം നിർവ്വഹിക്കാനായി ഗേറ്റിനടുത്തുള്ള പള്ളിയിൽ എത്തിയെങ്കിലും അവിടെ ഇപ്പോൾ പ്രവേശനമില്ല എന്ന് സെക്യൂരിറ്റി അറിയിച്ചു.കണ്ടു മടുക്കാത്ത മിനാറും പരിസരത്തെ മറ്റു ചരിത്ര നിർമ്മിതികളും ഒരിക്കൽ കൂടി ക്യാമറയിൽ പകർത്തി ഞങ്ങൾ പുറത്തിറങ്ങി.
'ഹാവൂ...അടുത്ത കാലത്തൊന്നും കാണാത്ത ഒന്നെങ്കിലും കാണാൻ സാധിച്ചല്ലോ' , ഞാൻ ആത്മഗതം ചെയ്തു.
ഡൽഹിയുടെ നഗരത്തിരക്കുകളിൽ നിന്ന് മാറി ബഹാപൂർ എന്ന ഗ്രാമത്തിലാണ് ലോട്ടസ് ടെമ്പിൾ സ്ഥിതി ചെയ്യുന്നത്. ഗ്രീക്ക് വൈറ്റ് മാർബിളിൽ താമരയുടെ ആകൃതിയിൽ ഇറാൻകാരനായ കനേഡിയൻ വാസ്തുശില്പി ഫാരിബോസ് സഹ്ബ യാണ് ഇത് രൂപകല്പന ചെയ്തത്. ആഗോള വിനോദസഞ്ചാരികളെ ഡൽഹിയിലേക്ക് ആകർഷിക്കുന്ന മുഖ്യമായ ഒരു കേന്ദ്രം കൂടിയാണ് ലോട്ടസ് ടെമ്പിൾ.
ബഹായി മതവിശ്വാസികളുടെതാണ് ലോട്ടസ് ടെമ്പിൾ. എങ്കിലും ജാതിമതലിംഗദേശ ഭേദമന്യേ എല്ലാവർക്കും ക്ഷേത്രത്തിൽ പ്രവേശിക്കാം. പ്രവേശന ഫീസ് ഇല്ല. തിങ്കളാഴ്ച അവധിയാണ്. മെട്രോ വഴിയും ഇപ്പോൾ ലോട്ടസ് ടെമ്പിളിൽ എത്താം.
ബസ് പാർക്ക് ചെയ്ത ഉടൻ തന്നെ പല തരത്തിലുള്ള കച്ചവടക്കാരും ഞങ്ങളെ പൊതിഞ്ഞു. നൂറ് രൂപക്ക് ഒരു സെൽഫി സ്റ്റിക്ക് കണ്ടപ്പോൾ എപ്പോഴെങ്കിലും ഉപകാരപ്പെടും എന്ന സത്യൻ മാഷുടെ ഉപദേശം കേട്ട് ഞാനത് വാങ്ങി.
ലോട്ടസ് ടെമ്പിളിൻ്റെ പ്രവേശന കവാടത്തിൽ നിന്നും ക്ഷേത്ര കവാടത്തിൽ എത്താൻ ഏറെ ദൂരം നടക്കണം. വഴി നീളെയുള്ള പച്ചപ്പുൽ പരവതാനിയും പ്രത്യേക ആകൃതിയിൽ വെട്ടിയെടുത്ത കുറ്റിച്ചെടികളും മനോഹരമായ കാഴ്ചയാണ്. ടെമ്പിളിനകത്തെ ധ്യാനാന്തരീക്ഷവും മറ്റും നേരത്തെ അനുഭവിച്ചതായതിനാൽ ഇത്തവണ ഞാൻ അകത്ത് കയറിയില്ല.
1 comments:
ഡൽഹി കാഴ്ചകൾ ......
Post a Comment
നന്ദി....വീണ്ടും വരിക