ഡൽഹി ദർശൻ (Part - 2 )
"സബ് വാപസ് ആയ...?" ടൂർ ഓപ്പറേറ്റർ ചോദിച്ചു.
"ഹാം ഹാം..."
"ജോ ന ആയ, അഗല സ്പോട്ട് മേം ആവോ..." വരാത്തവരോടായി അദ്ദേഹം പറഞ്ഞു.
"ദേഖോ..അബ് ഹം ജാതാ ഹേ ... ഭാരത് ക സബ്സെ പൂജ്യനീയ് ഹമാര രാഷ്ട്രപിതാ ഗാന്ധി ക സമാധിസ്ഥൽ ...."
"രാജ്ഘട്ട്..." കുട്ടികൾ വിളിച്ച് പറയുന്ന പോലെ ബസ്സിൽ നിന്ന് ഒരു ആരവം ഉയർന്നു.
2013 ൽ കുടുംബ സമേതം രാജ്ഘട്ടിൽ എത്തിയപ്പോൾ മൂന്നാമത്തെ മകൾ ചെറിയ കുട്ടിയായിരുന്നു.2022 ആഗസ്ത് മാസത്തിൽ കുടുംബ സമേതം തന്നെ ഞാൻ രാജ്ഘട്ടിൽ എത്തിയെങ്കിലും സ്വാതന്ത്ര്യ ദിനത്തിന്റെ ഒരുക്കങ്ങളോടനുബന്ധിച്ചുള്ള സുരക്ഷാക്രമീകരണങ്ങൾ കാരണം അന്ന് തിരിച്ചുപോരേണ്ടി വന്നിരുന്നു. ഞാൻ അതിന് മുമ്പും അവിടെ സന്ദർശനം നടത്തിയിരുന്നതിനാൽ നഷ്ടം തോന്നിയില്ലെങ്കിലും ചെറിയ മക്കൾ രണ്ടു പേർക്കും അന്ന് രാജ്ഘട്ട് കാണാൻ കഴിയാത്തത് സ്വകാര്യ ദുഃഖമായി അവശേഷിക്കുന്നു.
രാജ്ഘട്ടിൽ പ്രവേശന ഫീസ് ഒന്നും തന്നെയില്ല. തിങ്കളാഴ്ച ഒഴികെ പ്രവേശനവുമുണ്ട്. മുമ്പ് ഗാന്ധി സമാധിയെ മാത്രമായിരുന്നു രാജ്ഘട്ട് എന്ന് വിളിച്ചിരുന്നത്.ഗാന്ധി സമാധിയിലേക്ക് നടന്നു പോകുന്ന വഴിയിലാണ് ചരൺസിംഗിന്റെ സമാധിസ്ഥലമായ കിസാൻ ഘട്ട്. ഏതാനും മീറ്ററുകൾ കൂടി മുന്നോട്ട് പോയാൽ നെഹ്റു സമാധിയായ ശാന്തിവനം,ഇന്ദിരഗാന്ധി സമാധിയായ ശക്തിസ്ഥൽ,രാജീവ് ഗാന്ധി സമാധിയായ വീർഭൂമി എന്നിവ എല്ലാം കാണാം.അതിനാൽ ഇന്ന് ഇതിനെ മൊത്തം വിളിക്കുന്നത് രാജ്ഘട്ട് കോംപ്ലെക്സ് എന്നാണ്.ഗ്രൂപ്പായിട്ട് വരുമ്പോൾ ഗാന്ധി സമാധി മാത്രം കണ്ട് മടങ്ങിപ്പോകുന്നതാണ് പതിവ്.
നമസ്കാരം നിർവ്വഹിക്കാനുള്ളതിനാൽ കൂട്ടുകാരെ വിട്ട് ഞാൻ വലതുഭാഗത്തെ പുൽത്തകിടിയിലേക്ക് നീങ്ങി.അവിടെക്കണ്ട ടാപ്പിൽ നിന്ന് വെള്ളമെടുത്ത് അംഗശുദ്ധി വരുത്തിയ ശേഷം സൗകര്യപ്രദമായ സ്ഥലത്ത് പോയി നമസ്കാരം നിർവ്വഹിച്ചു.ശേഷം, അതെ ഭാഗത്തുള്ള കവാടത്തിൽ കണ്ട റാക്കിൽ ഷൂ അഴിച്ചു വച്ച് സമാധി മണ്ഡപത്തിലേക്ക് പ്രവേശിച്ചു. എല്ലാവരും പ്രവേശിക്കുന്നതിന്റെ വിപരീത ദിശയിലായിരുന്നതിനാൽ പുറത്ത് ആരുടെയും ഷൂ കണ്ടിരുന്നില്ല.
അകത്തെത്തിയപ്പോൾ എന്റെ കൂടെയുള്ളവരെ തിരഞ്ഞെങ്കിലും ആരെയും കാണാനായില്ല.ഒരു ഫോട്ടോ എടുക്കാനായി ഫോൺ ആരുടെ കയ്യിലും കൊടുക്കാനും ധൈര്യം വന്നില്ല.അപ്പോഴാണ് ലോട്ടസ് ടെംപിളിൽ നിന്നും വാങ്ങിയ സെൽഫി സ്റ്റിക്ക് കീശയിൽ കിടക്കുന്നത് ഓർമ്മയിൽ വന്നത്. സത്യൻ മാഷ് പറഞ്ഞ 'എപ്പോഴെങ്കിലും ഉപയോഗപ്പെടും' എന്ന വാക്ക് മണിക്കൂറുകൾക്കകം തന്നെ പുലർന്നു.അങ്ങനെ സെൽഫി സ്റ്റിക്ക് ഉപയോഗിച്ച് എന്റെ ആദ്യ ഫോട്ടോ ഗാന്ധി സമാധിയിൽ നിന്നായി.
തിരിച്ച് ഷൂ കൗണ്ടറിൽ എത്തി അവിടെ ഇരുന്ന് ഷൂ ഇടുമ്പോഴാണ് ഒരു കൂട്ടം ആൾക്കാർ അത് വഴി വന്നത്.
"ദോ ജോഡി...കിത്ന?" രണ്ട് ജോഡി ഷൂ എൻറെ നേരെ നീട്ടി ഒരാൾ ചോദിച്ചു.ഷൂ കീപ്പറാണെന്ന് തെറ്റിദ്ധരിച്ചാണ് ചോദ്യം വന്നത് എന്ന് എനിക്ക് മനസ്സിലായി.
"ദോ , തീൻ യാ ചാർ ....സബ് ഫ്രീ ഹേ..." ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
അപ്പോഴാണ് ഫോട്ടോ എടുക്കാനായി തൊപ്പി സമാധിക്കടുത്ത് അഴിച്ചു വച്ചിരുന്നത് ഓർമ്മയിൽ വന്നത്.ഷൂ അഴിച്ച് കയ്യിൽ പിടിച്ച് വീണ്ടും അകത്തേക്ക് ഓടി തൊപ്പിയും എടുത്ത ശേഷം മറുഭാഗത്തെ കവാടത്തിലൂടെ ഞാൻ വേഗം പുറത്തിറങ്ങി.
രാജ്ഘട്ടിൽ നിന്നും ഞങ്ങൾ മടങ്ങുമ്പോൾ ഇരുട്ട് വ്യാപിക്കാൻ തുടങ്ങിയിരുന്നു. ദർശൻ ഇറ്റിനെററി പ്രകാരം റെഡ് ഫോർട്ടും ജുമാ മസ്ജിദും ബാക്കിയുണ്ട്. അടുത്തതായി ചെങ്കോട്ടയിലേക്കാണ് നീങ്ങുന്നതെന്നും ആവശ്യമുള്ളവർക്ക് അവിടെ ഇറങ്ങി ചെങ്കോട്ടയും ജുമാ മസ്ജിദും കാണാമെന്നും ടൂർ ഓപ്പറേറ്റർ പറഞ്ഞു. ഇറങ്ങുന്നവർ കാഴ്ചകൾ കണ്ട ശേഷം സ്വന്തം ചെലവിൽ തിരിച്ചു പോകണമെന്നും ബാക്കിയുള്ളവരെയും കൊണ്ട് ബസ് സ്റ്റാർട്ടിംഗ് പോയിൻ്റിലേക്ക് നീങ്ങും എന്നും അറിയിപ്പ് ലഭിച്ചു. രാത്രി ആയതിനാൽ ആ കാഴ്ച വേണ്ടെന്ന് ഞാനും സത്യൻ മാഷും തീരുമാനിച്ചു.
ഞങ്ങൾ കയറിയത് സ്റ്റാർട്ടിംഗ് പോയിൻ്റിൽ നിന്നായിരുന്നില്ല. അതിനാൽ തന്നെ ഞങ്ങൾക്കത് നിശ്ചയവുമുണ്ടായിരുന്നില്ല. അങ്ങനെ ബസ്സിൻ്റെ ഹാൾട്ടിംഗ് പോയിൻ്റ് വരെ ഞങ്ങൾ ഇരുന്നു. ഞങ്ങളുടെ ടൂർ മാനേജറായ നിഖിലിനെ വിളിച്ചപ്പോൾ നടന്ന് വരാവുന്ന ദൂരത്താണെന്ന് അറിയിച്ചതിനാൽ ഞങ്ങൾ നടക്കാൻ തുടങ്ങി. ഡൽഹിയിലെ ഗല്ലികളുടെ രാത്രിയിലെ സ്വഭാവമാറ്റം അന്ന് ഞങ്ങൾ നേരിട്ടറിഞ്ഞു.
എത്ര നടന്നിട്ടും നിഖിൽ പറഞ്ഞ കെട്ടിടങ്ങളുടെ ലക്ഷണങ്ങൾ ഒന്നും കണ്ടില്ല. വിശന്ന് പൊരിഞ്ഞ ഹഖ് ചൂടാകാൻ തുടങ്ങിയതോടെ "എ ഹംഗ്രി മാൻ ഈസ് ആൻ ആൻക്രി മാൻ" എന്ന തിരിച്ചറിവും ലഭിച്ചു. ഇനിയും നടത്തം ശരിയല്ല എന്നതിനാൽ ഞങ്ങൾ ഒരു ഓട്ടോ പിടിച്ചു. അവസാനം ഞങ്ങളുടെ ഗല്ലിയിൽ എത്തിയപ്പോഴാണ് ഞങ്ങൾ നടക്കാൻ തുനിഞ്ഞ ദൂരം തിരിച്ചറിഞ്ഞത്.
ആമാശയം നിറച്ചതോടെ ഹഖ് ശാന്തനായി റൂമിലേക്ക് മടങ്ങി. ഷോപ്പിംഗിനായി ഞങ്ങൾ പഹാട്ഗഞ്ച് മാർക്കറ്റിലേക്കും ഇറങ്ങി. അത്യാവശ്യം നല്ല ഒരു ഷോപ്പിംഗ് തന്നെ നടത്തി രാത്രി പന്ത്രണ്ട് മണിക്ക് ഞങ്ങൾ റൂമിൽ തിരിച്ചെത്തി.
പിറ്റേ ദിവസം പുലർച്ചെ തന്നെ നിഖിൽ ഞങ്ങളെ ഒരു ഓട്ടോയിൽ കയറ്റി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. ട്രെയിനിൻ്റെ ചൂളം വിളി മുഴങ്ങിയതോടെ ഞങ്ങളുടെ കാശ്മീർ യാത്രക്കും വിരാമമായി.
(അവസാനിച്ചു)
1 comments:
ട്രെയിനിൻ്റെ ചൂളം വിളി മുഴങ്ങിയതോടെ ഞങ്ങളുടെ കാശ്മീർ യാത്രക്കും വിരാമമായി.
Post a Comment
നന്ദി....വീണ്ടും വരിക