Pages

Wednesday, August 28, 2024

ഒരു വട്ടം കൂടി - . സീസൺ 2

പഴയ കാലത്തേക്ക് ഒന്ന് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നവരും ആഗ്രഹിക്കാത്തവരും ഉണ്ട്. അസാധ്യമായതിനാൽ അത് എന്നും ഒരാഗ്രഹമായി മാത്രം തുടരും എന്നതാണ് സത്യം. എങ്കിലും കുട്ടിക്കാലത്തേക്ക് മനസ്സു കൊണ്ട് എത്താൻ നമുക്ക് സാധിക്കും. നമ്മുടെ ബാല്യകാല അനുഭവങ്ങളോട് സമാനമായ അനുഭവ കഥകൾ വായിക്കുകയോ കേൾക്കുകയോ ചെയ്യുക, അന്നത്തെ സുഹൃത്തുക്കളുടെയും സഹപാഠികളുടെയും കൂടെ അൽപനേരം ചെലവഴിക്കുക, പൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾ സംഘടിപ്പിക്കുക തുടങ്ങീ മാർഗ്ഗങ്ങളിലൂടെയെല്ലാം ഇത് സാധ്യമാകും.

ഇക്കഴിഞ്ഞ ആഗസ്റ്റ് ഇരുപതിന് എൻ്റെ പത്താം ക്ലാസ് കൂട്ടായ്മയായ "ഒരു വട്ടം കൂടി " അതിൻ്റെ രണ്ടാം മെഗാ സംഗമം സംഘടിപ്പിച്ചു. ആദ്യ സംഗമത്തിൻ്റെ അഞ്ചാം വാർഷികം എന്ന നിലയിലാണ് രണ്ടാം സംഗമം സംഘടിപ്പിച്ചത്. കഴിഞ്ഞ തവണത്തെ പോലെ തന്നെ നിപയും പേമാരിയും പ്രളയവും എല്ലാം ആശങ്ക സൃഷ്ടിച്ചെങ്കിലും പ്രസ്തുത ദിവസം അവയെല്ലാം ഞങ്ങൾക്കായി മാറി നിന്നു.

കഴിഞ്ഞ തവണ സംഭവിച്ച പ്രധാന പോരായ്മകളിൽ ഒന്നായിരുന്നു സ്വയം പരിചയപ്പെടുത്തൽ. ഇത്തവണ അദ്ധ്യാപകരോ അതിഥികളോ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ വന്ന അറുപത് പേരും വിശദമായി തന്നെ സ്വയം പരിചയപ്പെടുത്തി.

പരിപാടിയുടെ പ്രധാന അജണ്ടകളിൽ  ഒന്നായിരുന്നു ഞങ്ങളുടെ ഈ കൂട്ടായ്മയുടെ വ്യത്യസ്തമായൊരു ആശയം കൂടിയായ പുസ്തക പ്രകാശനം. പതിനാല് സഹപാഠികളുടെ ഓർമ്മകൾക്ക് ഞാൻ കഥാഖ്യാനം നൽകി "പാഠം ഒന്ന് ഉപ്പാങ്ങ" എന്ന പേരിൽ എൻ്റെ മൂന്നാമത്തെ കൃതിയായി അത് പുറത്തിറങ്ങുമ്പോൾ അഞ്ച് വർഷത്തെ അദ്ധ്വാനത്തിന്റെ ലക്ഷ്യ സാക്ഷാൽക്കരണമായിരുന്നു പൂർത്തീകരിച്ചത്. അവതാരിക എഴുതിയ ഞങ്ങളുടെ സീനിയർ വിദ്യാർത്ഥി കൂടിയായ ശ്രീ. എം.എ സുഹൈൽ "ഉപ്പാങ്ങ ഭരണി" പൊട്ടിച്ചു. പുസ്തക പ്രസിദ്ധീകരണ ചെലവ് കഴിഞ്ഞ് കിട്ടുന്ന മുഴുവൻ സംഖ്യയും പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് നൽകാനാണ് തീരുമാനം. 

എല്ലാ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളും വിവിധ മേഖലകളിൽ  പ്രാവീണ്യം തെളിയിച്ച, അംഗങ്ങളുടെ മക്കളെ ആദരിക്കാറുണ്ട്. പത്താം ക്ലാസ്, പ്ലസ് ടു, സ്കോളർഷിപ്പ് പരീക്ഷകൾ പാസായ മക്കളെ ഞങ്ങളും ആദരിച്ചു. പ്ലാസ്റ്റിക് മെമെൻ്റോകൾക്ക് പകരം 'നീലിഷ , ജഹാംഗീർ തുടങ്ങിയ പുതിയ തരം മാവിൻ തൈകളാണ് നൽകിയത്. പരിപാടിയിൽ അവസാനം വരെ പങ്കെടുത്തവർക്കും ഓർമ്മ മരമായി മാവിൻ തൈ നൽകി. സംഗമ സ്മരണക്കായി ഒരു തൈ ഓഡിറ്റോറിയത്തിൻ്റെ പരിസരത്തും നട്ടു.

സംഗമത്തിലെ ഏറ്റവും കെങ്കേമമായ ഇനം ആസ്യ നുസൈബ നേതൃത്വം നൽകിയ പുരുഷൻമാരുടെ സാരി ചുറ്റൽ മത്സരമായിരുന്നു. തുടർന്ന് സ്ത്രീകളുടെ ഷർട്ടിടൽ മത്സരവും കളക്ഷൻ മത്സരവും പെനാൽട്ടി ഷൂട്ടൗട്ട് മത്സരവും അരങ്ങേറി. കുട്ടിക്കാല ഓർമ്മകൾ പുതുക്കുന്ന സ്പോട്ട് അഭിനയവും കലാപരിപാടികളും കൂടി ആയതോടെ വൈകുന്നേരമായത് അറിഞ്ഞതേ ഇല്ല. വർഷത്തിൽ ഒരിക്കൽ ഇത്തരം സംഗമങ്ങൾ നടത്തണം എന്നായിരുന്നു ഭൂരിപക്ഷം പേരുടെയും അഭിപ്രായം.

 കഴിഞ്ഞ അഞ്ച് വർഷം ഈ കൂട്ടായ്മ.നടത്തിയ വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും ആരോഗ്യ- പരിസ്ഥിതി - വിനോദ പരിപാടികളും ഈ കൂട്ടായ്മയുടെ ചെയർമാനെന്ന നിലയിൽ എനിക്ക് അഭിമാനം തോന്നുന്നു. എല്ലാവരുടെയും സഹകരണത്തോടെ വീണ്ടും ഒരു സംഗമം തന്നെ വിജയകരമായി സംഘടിപ്പിക്കാൻ കഴിഞ്ഞതിലും ഏറെ സന്തോഷം തോന്നുന്നു.   


പ്രശസ്ത സാഹിത്യകാരൻ ഓസ്കാർ വൈൽഡിൻ്റെ വരികളാണ് ഓർമ്മ വരുന്നത്.

“Memory is the diary that we all carry about with us". 

2 comments:

Areekkodan | അരീക്കോടന്‍ said...

ഒരു വട്ടം കൂടി പൂർവ്വ വിദ്യാർത്ഥി സംഗമം

Anonymous said...

നല്ല അവതരണം

Post a Comment

നന്ദി....വീണ്ടും വരിക