അസ്സലാമു അലൈക്കും,
എത്രയും
പ്രിയത്തിൽ എന്റെ
സുബൈർക്ക വായിച്ചറിയാൻ ആയിശു
എഴുത്ത്.
എന്തെന്നാൽ എനിക്കും കുഞ്ഞുമോനും ഉമ്മക്കും ഇവിടെ
സുഖം തന്നെ. നിങ്ങൾക്കും അതുപോലെ തന്നെയെന്ന് കരുതുന്നു. വിശേഷങ്ങൾ ഒരു പാട്ണ്ട് പറയാൻ.
ഉമ്മയെ
പിന്നിം
ലാക്കട്ടറെ കാണിച്ച്.പഞ്ചാര
ഇപ്പളും
കൂടുതല്
തന്നെയാന്നാ മൂപ്പര്
പറഞ്ഞത്.
കൊറെയൊക്കെ ഞാൻ ശർദ്ദിക്കും. പിന്നെ എത്ര കാലാന്ന് വിചാരിച്ചിട്ടാ പഞ്ചാര ഇട്ട ചായന്റെ വെള്ളും ഉമ്മാന്റെ ജീവന്റെ ജീവനായ കുത്തരി കഞ്ഞിയും ഒക്കെ ഇങ്ങനെ കൊടുക്കാതിരിക്കാ സുബൈർക്ക?ഇമ്മാക്കും ണ്ടാവൂല ഈ ബയസ് കാലത്ത് അതൊക്കെ കുടിച്ചാൻ പൂതി.അതോണ്ട് എല്ലാം തവക്കൽത്തു അലല്ലാഹ്.
പിന്നെ
ഞമ്മളെ
പൊന്നാര
കുഞ്ഞോൻ.ഓനിപ്പം മൂന്നാം ബയസ്സിന്റെ മൂച്ചിപ്പിരാന്താ... എന്തൊക്കെ വിക്രസുകളാ ഓൻ കാട്ട്ണത് ന്നോ... നോക്കി അങ്ങനെ നിക്കാൻ നല്ല രസാ... ഇങ്ങളൊന്ന് കാണണം. ഇമ്മ പറയിം ,ഇങ്ങളും കുഞ്ഞി കുട്ട്യായപ്പം ഇങ്ങനെ തന്നെ യ് നീ ന്ന്. പിന്നെ ങ്ങളെ ചേല് തെന്യാണല്ലോ മോനും കിട്ട്യത്.അപ്പം പിന്നെ അങ്ങനെത്തെന്നെ ആക്വല്ലോ...
ബല്യതാത്തക്ക് ഇങ്ങള്
കൊട്ത്തയച്ച പൈസ ഞാൻ ഓലെ കുടീല് കൊണ്ടെ കൊട്ത്ത്ട്ട്ണ്ട്. താത്ത ഇങ്ങക്ക് സലാം പറഞ്ഞിട്ട്ണ്ട്. താത്താന്റെ കാല്മെലെ മുറി അത്ര പെട്ടെന്ന് ചേതാവും ന്ന് ച്ച് തോന്ന്ണ് ല്ല.റബ്ബറുൽ ആലമീനായ തമ്പുരാൻ കാക്കട്ടെ... ഓളെ ങ്ങള് ഇഞ്ഞും നല്ലോം നോക്കണം ട്ടോ.. ഇങ്ങളല്ലാതെ ബേറെ ആരാ ഓൾക്ക് ള്ളത് സുബൈർക്കാ?
പിന്നെ
ഒരു സ്വകാര്യം. ങ്ങളെ കത്ത് കിട്ടുമ്പം, ഓലാരും കാണാതെ ഞാന് അയ്മല് കൊറെ ഉമ്മ കൊട്ക്കും. ഇപ്പം കിട്ട്യ കത്ത്മ്മല് ഉമ്മ കൊട്ത്തപ്പം അയിന് ഒരാടിന്റെ ചൂര് മണക്കാ.ശരിക്കും സുബൈർക്കാ, ഒരാടിന്റെ മണം തെന്നെ.ഞമ്മളെ കുഞ്ഞോനെ പെറ്റ അന്ന്, ഇങ്ങളെ മസ്റയില്ണ്ടായ ആടും കുട്ടി ഇപ്പം ബല്തായിലേ? അസ്കർ ന്നല്ലേ അയിന് ഇങ്ങള് പേര് ഇട്ടീന്യേത്? ഇങ്ങള് ഇപ്പം കടക്ക്ണതും അയിന്റെപ്പം തെന്യാ?ഇച്ച് ആ മണം നല്ല ഇഷ്ട്ടായി ട്ടോ.
ഇപ്പോഴും തന്റെ
പെട്ടിയിൽ ഒരു നിധി പോലെ സൂക്ഷിച്ച് വച്ച, പ്രവാസത്തിന്റെ മൂന്നാം വർഷത്തിൽ ഭാര്യ ആയിഷു തനിക്കെഴുതിയ കത്ത്, ഫാത്തിമ കാണാതെ സുബൈർ ഒരിക്കൽ കൂടി വായിച്ചു.ആയിഷു അവസാനമായി എഴുതിയ ആ കത്ത് മുഴുവൻ വായിക്കാൻ, കണ്ണിൽ പൊടിഞ്ഞ് വന്ന ജലകണങ്ങൾ സമ്മതിച്ചില്ല. കത്തിലേക്ക് കണ്ണീര് ഉറ്റി വീഴാതിരിക്കാൻ വേണ്ടി സുബൈർ പെട്ടെന്ന് തന്നെ കണ്ണ് തുടച്ചു.
കല്യാണം
കഴിഞ്ഞ്
കഷ്ടിച്ച് ഒരു മാസം മാത്രമേ ആയിഷുവിന്റെ കൂടെ താമസിക്കാൻ വിധി ഉണ്ടായിരുന്നുള്ളു. അപ്പഴേക്കും കാലങ്ങളായി ആഗ്രഹിച്ചിരുന്ന ഗൾഫിലേക്കുള്ള വിസ ശരിയായി. പ്രായമായ ഉമ്മയും രോഗിയായ മൂത്ത പെങ്ങളും പിന്നെ ആയിഷുവും അടങ്ങിയ കുടുംബത്തെ പോറ്റാൻ ഗൾഫ് മാത്രമായിരുന്നു ഏക ആശ്രയം. മരുഭൂമിയിലെ കത്തുന്ന വെയിലിൽ മസ്റയിലെ ആടുകളെ മേച്ച് നടക്കുമ്പോഴും, മനസ്സ് നാട്ടിലെ കൂരയിൽ തന്നെ മേയുകയായിരുന്നു. പെങ്ങളുടെ അസുഖം ഭേദമാകില്ല എന്ന സത്യം തനിക്ക് മാത്രമറിയാം. ആവുന്നിടത്തോളം ചികിത്സ നൽകുക എന്നത് മാത്രമേ വഴിയുള്ളു.തുച്ഛമായ ശമ്പളത്തിൽ നിന്നും പിന്നെ ആടിനെ വാങ്ങാൻ വരുന്ന ഏതെങ്കിലും അറബികൾ സന്തോഷ സൂചകമായി നൽകുന്നതിൽ നിന്നും കിട്ടുന്നത് കൊണ്ട് വേണം നാല് വയറുകൾ നിറയാനും ജീവിതം മുന്നോട്ട് പോകാനും. സുബൈറിന്റെ മനസ്സിലൂടെ കഴിഞ്ഞ കാല കഥകൾ മിന്നി മറഞ്ഞു.
സൂപ്പർ
മാർക്കറ്റിൽ സെയിൽസ്മാൻ ജോലി എന്നായിരുന്നു വിസ തന്ന ഏജൻറ് പറഞ്ഞിരുന്നത്.പെട്ടിയും തൂക്കി റിയാദ് വിമാനത്താവളത്തിൽ നിന്ന് പുറത്ത് കടന്നപ്പോൾ സ്വീകരിക്കാനെത്തിയ കറുത്ത് തടിച്ച ശരീരപ്രകൃതിയുള്ള ആ മനുഷ്യനെ കണ്ടപ്പോൾ മനസ് വളരെയധികം സന്തോഷിക്കുകയും ചെയ്തു. പക്ഷേ, അറബിയുടെ വണ്ടി കണ്ടതോടെ ആ സന്തോഷം പെട്ടെന്ന് തന്നെ ഇല്ലാതായി.
അറബിയുടെ വണ്ടിയിൽ കയറിയതും ജീവിതത്തിൽ ഇതുവരെ
ഉണ്ടായിട്ടില്ലാത്ത വിധത്തിൽ വല്ലാത്തൊരു ഓക്കാനം
വന്നു.മൃഗങ്ങളുടെ മൂത്രത്തിന്റെയും മലത്തിന്റെയും ചീഞ്ഞ പുല്ലിന്റെയും ഗന്ധം കൂടിക്കുഴഞ്ഞ് എന്തോ ഒരു വാട വണ്ടിക്കകത്ത് കെട്ടി നിന്നു.അടുത്തിരിക്കുന്ന അറബിയുടെ വസ്ത്രത്തിൽ നിന്നാണോ അതല്ല വണ്ടിക്കകത്ത് നിന്നാണോ ഈ വാട ഉയരുന്നത് എന്ന് തിരിച്ചറിയാൻ പറ്റുന്നതിന് മുമ്പ് ആദ്യത്തെ കവിൾ ചർദ്ദിൽ വണ്ടിക്കകത്ത് വീണു.മുതലാളി മുഖം കറുപ്പിച്ച് അറബിയിൽ എന്തൊക്കെയോ പറഞ്ഞെങ്കിലും മൂക്ക് പൊത്തിപ്പിടിച്ച് കേട്ടിരിക്കാനേ അപ്പോൾ സാധിച്ചുള്ളൂ. ഒന്നും ഉരിയാടാത്തത് കാരണം മുഖത്ത് ഒരടി കൂടി കിട്ടിയതോടെ വായിൽ കെട്ടിവച്ചിരുന്ന അടുത്ത കവിൾ ചർദ്ദിലും കൂടി വണ്ടിക്കകത്ത് തെറിച്ച് വീണു.
ലക്ഷ്യസ്ഥാനത്തെത്തി വണ്ടി
മുഴുവൻ
കഴുകി
വൃത്തിയാക്കിച്ച ശേഷമാണ്
അറബി തനിക്കുള്ള പണിസ്ഥലം പോലും കാണിച്ച് തന്നത്.കുറെ ആടുകളെ സംരക്ഷിച്ച് നിർത്തിയിരുന്ന ഇടുങ്ങിയ ഒരു കെട്ടിടത്തിനകത്തേക്കാണ് അന്ന് എത്തിയത്. "നജീബിൻ്റെ ആടു ജീവിതം'' വായിച്ചറിഞ്ഞപ്പോഴുണ്ടായ നടുക്കം ഇനി ജീവിതത്തിൽ നേരിട്ട് അനുഭവിച്ചറിയാൻ പോകുകയാണെന്ന് ഒരുൾക്കിടിലത്തോടെ അന്ന് മനസ്സിലാക്കി.
" അപ്പാ..." കുഞ്ഞുമോന്റെ, ഉറക്കത്തിലെ വിളി കേട്ടാണ് സുബൈർ ചിന്തയിൽ നിന്നുണർന്നത്.
അഞ്ച്
വർഷത്തെ
പ്രവാസ
ജീവിതത്തിന് ശേഷം ആദ്യമായി കിട്ടിയ ലീവിൽ നാട്ടിലേക്ക് തിരിച്ചു വന്നതായിരുന്നു. മകനെ നേരിട്ട് കാണുന്നത് ആദ്യമായിട്ടായിരുന്നു. പ്രവാസത്തിനിടെ ഉമ്മയും പ്രിയപ്പെട്ട ഭാര്യ ആയിഷുവും ഈ ലോകത്തോട് വിട പറഞ്ഞു. കുഞ്ഞുമോന് ഒരുമ്മയുണ്ടാകട്ടെ എന്ന് കരുതിയാണ്, നാട്ടിൽ വന്ന് ഏതാനും ദിവസങ്ങൾക്കകം തന്നെ ഫാത്തിമയെ വിവാഹം കഴിച്ച് കൊണ്ടു വന്നത്. പെറ്റമ്മയുടെ നാലയലത്ത് പോലും പോറ്റമ്മ എത്തില്ല എന്ന യാഥാർത്ഥ്യം ഈ ഒരു മാസം കൊണ്ട് തന്നെ നേരിട്ട് ബോധ്യമായി. ഇനി താൻ ഗൾഫിലേക്ക് തിരിച്ചു പോയാൽ എന്റെ കുഞ്ഞുമോനെ ആരാ നോക്കുക? സുബൈറിന് അതാലോചിക്കാൻ പോലും പേടിയായി.
സുഖമായി
ഉറങ്ങുന്ന കുഞ്ഞുമോന്റെ മുഖത്തേക്ക് സുബൈർ
ഒരിക്കൽ
കൂടി നോക്കി. ഫാത്തിമ കാണാതെ അവന്റെ കവിളിലും നെറ്റിയിലും തെരുതെരെ ഉമ്മ വച്ചു. ഇന്ന് അവന്റെ ജന്മദിനം ആയിരുന്നു എന്നത് തനിക്ക് മാത്രമറിയാവുന്ന സത്യമായിരുന്നു. സാഹചര്യങ്ങളുടെ സമ്മർദ്ദം കാരണം ഒരു കളിപ്പാട്ടം വാങ്ങി നൽകാൻ പോലും സാധിക്കാത്തതിൽ സുബൈറിന്റെ പിതൃമനം നൊന്തു.
"നാളെ പോകേണ്ട ആള് ഇവിടെ ഇങ്ങനെ കുത്തിരിക്കാ... ലൈറ്റ് അണച്ച് വേഗം വാ..."
ഫാത്തിമയുടെ ശബ്ദം
ചിന്തകൾക്ക് വീണ്ടും
കടിഞ്ഞാണിട്ടു.ആ രാത്രിയിലെ അവളുടെ ക്ഷണം സുബൈറിന് തള്ളിക്കളയാനായില്ല. കുഞ്ഞുമോനെ തനിച്ച് കിടത്തി ഫാത്തിമയുടെ പിന്നാലെ സുബൈർ തൊട്ടടുത്ത മുറിയിലേക്ക് നീങ്ങി. പൊന്നുമകനെ മതിയാവോളം കെട്ടിപ്പിടിച്ചുറങ്ങേണ്ട അവസാന രാത്രിയും ഫാത്തിമ തട്ടി എടുത്തു.
പിറ്റേന്ന് കാലത്ത്
തന്നെ
സുബൈർ
എണീറ്റു.പ്രാഥമിക കർമ്മങ്ങളും കുളിയും കഴിഞ്ഞ് പോകാനുള്ള വസ്ത്രങ്ങൾ മാറി. ഫ്ലൈറ്റ് ടിക്കറ്റ് കുപ്പായത്തിന്റെ കീശയിൽ തന്നെ കരുതി വച്ചു. കുഞ്ഞുമോൻ ഉറക്കമുണരാൻ ഇനിയും വൈകും.പുതുവസ്ത്രം ധരിച്ച തന്നെ കണ്ടാൽ അവന് സങ്കടവും വരും.എങ്കിലും ആ കവിളിൽ ഒരു ചുംബനം കൂടി നൽകാൻ കുഞ്ഞുമോൻ കിടന്നുറങ്ങുന്ന മുറിയിലേക്ക് സുബൈർ മെല്ലെ നടന്നു.
"ങേ!! മോൻ ഇന്ന് നേരത്തെ എണീറ്റോ ?" ഇന്നത്തെ യാത്രക്കായി, തലേ ദിവസം കയറിട്ട് വരിഞ്ഞ് മുറുക്കി കെട്ടി വച്ച പെട്ടിക്ക് മുകളിൽ കയറി ഇരിക്കുന്ന മകനെ നോക്കി സുബൈർ ചോദിച്ചു.
"ഉം " അവനൊന്ന് മൂളുക മാത്രം ചെയ്തു.
"അപ്പാ ഇനി വരുമ്പം, മോന് എന്താ കൊണ്ടുവരേണ്ടത് ?" മോനെ ആശ്വസിപ്പിക്കാനായി സുബൈർ ചോദിച്ചു.
" ഒന്നും മാണ്ട "
"ഒന്നും വേണ്ടാന്നോ ??" മോന്റെ മറുപടി കേട്ട് സുബൈർ ഞെട്ടി.
"എനിക്ക് എന്റെ അപ്പയെ മാത്രം മതി"
കുഞ്ഞുമോന്റെ നിഷ്കളങ്കമായ മറുപടിയിൽ സുബൈറിന്റെ മനസ്സ്
പിടഞ്ഞു.
ഓടിച്ചെന്ന് കുഞ്ഞുമോനെ വാരി എടുത്ത് കവിളിൽ തെരുതെരെ ഉമ്മ വച്ചു.
"ദേ ....നേരം വൈകും ട്ടോ....അവനെ താലോലിച്ചിരുന്നാൽ വിമാനം അതിന്റെ വഴിക്ക് പോകും..." ഫാത്തിമ നീരസത്തോടെ പറഞ്ഞു.
സുബൈർ
ഫാത്തിമയെ ദ്വേഷ്യത്തോടെ ഒന്ന്
നോക്കി;ശേഷം കുഞ്ഞുമോന്റെ മുഖത്തേക്കും.ഒരു നിമിഷം ആലോചിച്ച ശേഷം, തലേ ദിവസം മേശപ്പുറത്ത് നിന്ന് മാറ്റാതെ വച്ചിരുന്ന കത്തി എടുത്ത്, കുഞ്ഞുമോനിരുന്ന പെട്ടിയുടെ കെട്ടുകൾ അറുത്തു മാറ്റി. കീശയിൽ കിടന്ന ടിക്കറ്റ് എടുത്ത് തലങ്ങും വിലങ്ങും കീറി ആകാശത്തേക്കെറിഞ്ഞു. മനസ്സിൽ നിന്നുയർന്ന അരൂപിയായ ഒരു പക്ഷി അനന്തവിഹായസ്സിൽ പറന്നു പറന്ന് ഒരു മരുപ്പച്ചയിൽ മറയുന്നത് അശ്രുകണങ്ങളോടെ സുബൈർ നോക്കി നിന്നു. നിലത്ത് ചിതറി വീണ നിറമുള്ള ടിക്കറ്റ് കഷ്ണങ്ങൾ പെറുക്കി കൂട്ടുന്ന തിരക്കിലായിരുന്നു കുഞ്ഞുമോൻ അപ്പോൾ.