Pages

Wednesday, December 31, 2025

ഡിസംബറും ഞാനും

ഡിസംബർ എന്നാൽ കുളിരിൻ്റെ മാസം എന്നായിരുന്നു കുട്ടിക്കാലത്ത് മനസ്സിൽ കയറ്റി വച്ചത്. കലാലയ ജീവിത കാലത്ത് അത് ആശംസാ കാർഡുകൾ അയക്കുന്നതിൻ്റെയും കൈപറ്റുന്നതിൻ്റെയും മാസമായി മാറി. ജോലി ലഭിച്ചു നാഷനൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസറായതോടെ അത് NSS ക്യാമ്പുകളുടെ കാലമായി.

ഞാൻ ആദ്യമായി ഒരു NSS ദശദിന ക്യാമ്പിൽ പങ്കെടുക്കുന്നത് 1988 ഡിസംബറിലാണ്. തിരൂരങ്ങാടി പി.എസ്.എം. ഒ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് വളണ്ടിയർ ആയിട്ടായിരുന്നു അന്ന് പങ്കെടുത്തത്. കോട്ടക്കലിനടുത്ത് സ്വാഗതമാട് എന്ന സ്ഥലത്തായിരുന്നു എൻ്റെ ആ പ്രഥമ ക്യാമ്പ്. പിന്നീട് ഡിഗ്രിക്ക് ഫാറൂഖ് കോളേജിൽ പഠിക്കുമ്പോൾ 1991 ൽ ഒരു ദശദിന ക്യാമ്പിൽ കൂടി പങ്കെടുത്തു. കോഴിക്കോട് എം.എം. ഹൈസ്കൂളിൽ ആയിരുന്നു പ്രസ്തുത ക്യാമ്പ്.   ക്രിസ്മസ് അവധിക്കാലം മുഴുവൻ നീളുന്ന പത്ത് ദിവസത്തെ ക്യാമ്പുകൾ ആയിരുന്നു ഇവ രണ്ടും.

കാലം കടന്നു പോയി. എൻ.എസ്.എസുമായി എൻ്റെ ബന്ധം ഏറെക്കുറെ അറ്റു പോയി. കോളേജിൽ ജോലി കിട്ടിയതോടെ എൻ്റെ ഉള്ളിലെ പഴയ വളണ്ടിയർ വീണ്ടും ഉണർന്നെണീറ്റു. അങ്ങനെ 2009 ൽ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൻ്റെ പാവണ്ടൂർ ക്യാമ്പിലെ ഒരു സന്ദർശകനായി വീണ്ടും ഞാൻ ക്യാമ്പിൻ്റെ രസം അറിഞ്ഞു.  അടുത്ത വർഷം പ്രോഗ്രാം ഓഫീസറായി നിയമനം ലഭിക്കാനും അത് കാരണമായി.അപ്പോഴേക്കും ക്യാമ്പ് സപ്തദിനത്തിലേക്ക് ചുരുങ്ങിയിരുന്നു. 

2010 തലയാട് എ.എൽ.പി സ്കൂളിൽ നടന്ന കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൻ്റെ സപ്തദിന ക്യാമ്പാണ് പ്രോഗാം ഓഫീസറായുള്ള എൻ്റെ പ്രഥമ ക്യാമ്പ്. ഹൃദയം പറിച്ചെടുത്തായിരുന്നു അന്ന് എല്ലാവരും ആ നാട്ടിൽ നിന്നും തിരിച്ചു പോന്നത്. 2011-ൽ കൂമ്പാറ എൽ.പി സ്കൂളിലും 2012 ൽ തലക്കുളത്തൂർ ഹൈസ്കൂളിലും 2013 ൽ കുതിരവട്ടം എൽ.പി സ്കൂളിലും എൻ്റെ നേതൃത്വത്തിൽ എൻ.എസ്. എസ് സപ്തദിന ക്യാമ്പുകൾ നടന്നു. ശേഷം ഞാൻ പ്രോഗാം ഓഫീസർ സ്ഥാനം ഒഴിഞ്ഞു.

2015 ൽ വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിലേക്ക് സ്ഥലം മാറ്റം കിട്ടി എത്തിയപ്പോഴും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായി എനിക്ക് നിയമനം കിട്ടി. ആ വർഷം ഡിസംബറിൽ കോളേജിൽ വെച്ചും 2016 ലും 2017 ലും മാനന്തവാടി ഗവ. യു.പി സ്കൂളിൽ വെച്ചും സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു.

ഏഴ് ക്യാമ്പുകൾക്ക് നേതൃത്വം നൽകിയ ശേഷം ഞാൻ പ്രോഗ്രാം ഓഫീസർ പദവിയിൽ നിന്നും എന്നന്നേക്കുമായി പടിയിറങ്ങി. എങ്കിലും പിന്നീടുള്ള വർഷങ്ങളിൽ എല്ലാം എൻ്റെ ക്രിസ്മസ് അവധികൾ പല ക്യാമ്പുകളിലുമായി വിഭജിക്കപ്പെട്ടു. ഡിസംബർ സമാഗതമാകുന്നത് തന്നെ മനസ്സിന് സന്തോഷം പകരുന്ന ഒരു സംഗതിയായി മാറി. 

ഈ വർഷവും എൻ്റെ കോളേജിൻ്റെ ക്യാമ്പിൽ എത്തിച്ചേരാൻ എനിക്ക് അവസരം കിട്ടി.ഞാൻ അറിയാത്തതും എന്നെ അറിയാത്തതുമായ ഒരു ക്യാമ്പിൽ ഒരു സർപ്രൈസ് വിസിറ്റ് നടത്തണം എന്നാണ് അടുത്ത ആഗ്രഹം.

Saturday, December 27, 2025

ശാസ്ത്ര പഠനം എളുപ്പമാക്കാൻ ...

സ്കൂളിൽ പഠിക്കുന്ന കാലത്ത് ശാസ്ത്രം എനിക്ക് അത്ര പ്രിയപ്പെട്ടതായി തോന്നിയിരുന്നില്ല. ഒരു പക്ഷേ അത് പഠിപ്പിക്കപ്പെട്ട രീതി ആയിരിക്കാം അതിന് കാരണം. എങ്കിലും പത്താം ക്ലാസ് നല്ല മാർക്കോടെ പാസ്സായപ്പോൾ എല്ലാവരെയും പോലെ ഞാനും സെക്കൻ്റ് ഗ്രൂപ്പ് എടുത്തു. ഗണിതശാസ്ത്രം അത്ര തന്നെ വഴങ്ങാത്തതിനാലായിരുന്നു ഫിസിക്സും കെമിസ്ട്രിയും ബയോളജിയും അടങ്ങുന്ന സെക്കൻ്റ് ഗ്രൂപ്പ് എടുത്തത്. പ്രീഡിഗ്രി കഴിഞ്ഞ് ഡിഗ്രിക്ക് എൻ്റെ ഇഷ്ടപ്രകാരം ഫിസിക്സിനാണ് ചേർന്നത്. ശേഷം ഫിസിക്കൽ സയൻസിൽ ബി.എഡും ഫിസിക്സിൽ ബിരുദാനന്തര ബിരുദവും നേടി.

പഠനത്തിനിടയിൽ തന്നെ ഞാൻ ട്യൂഷൻ ക്ലാസ് എടുക്കാൻ തുടങ്ങിയിരുന്നു. കണക്ക് കഴിഞ്ഞാൽ പിന്നെ മിക്ക കുട്ടികളും ഭയപ്പെടുന്ന ഫിസിക്സ് തന്നെയായിരുന്നു ഞാൻ കൈകാര്യം ചെയ്തിരുന്നത്. പഠനകാലത്ത് ഞാൻ നേരിട്ട ബുദ്ധിമുട്ടുകൾ മനസ്സിലാക്കി, ഫിസിക്സിനെ ദൈനംദിന ജീവിതവുമായി ബന്ധിപ്പിച്ചായിരുന്നു ഞാൻ പഠിപ്പിച്ചിരുന്നത്. അതിനാൽ തന്നെ കുട്ടികളിൽ പലർക്കും ഫിസിക്സ് രസകരമായി അനുഭവപ്പെടാൻ തുടങ്ങി. സ്കൂൾ ക്ലാസുകളിൽ നിന്ന് മാറി പ്ലസ്ടു കുട്ടികൾക്ക് ക്ലാസെടുക്കാൻ തുടങ്ങിയപ്പോഴും മിക്ക വിദ്യാർത്ഥികളും പേടിക്കുന്ന ഫിസിക്സിലെ കണക്കുകൾ ലളിതമാക്കാനുള്ള വഴികൾ പറഞ്ഞു കൊടുത്തുകൊണ്ട് ആ പേടി നീക്കിക്കൊടുത്തു (ഇപ്പോൾ ഞാൻ ഫിസിക്സ് ക്ലാസ് എടുക്കാറില്ല).

യഥാർത്ഥത്തിൽ സയൻസ് പഠനം ആസ്വാദ്യകരമാകുന്നത് പഠിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ പ്രയോഗിക്കുമ്പോഴാണ്. അതുമല്ലെങ്കിൽ അതിന് ദൈനംദിന ജീവിതത്തിലുള്ള റോൾ മനസ്സിലാക്കുമ്പോഴാണ്. ഒരുദാഹരണം പറയാം.നിങ്ങളിൽ പലരും നടക്കുന്നതിനിടയിൽ വീണിട്ടുണ്ടാകും. മിക്കവാറും മുറിവോ ചതവോ ഒടിവോ പറ്റിയിട്ടുണ്ടാകും. എന്നാൽ പാതയോരത്ത് വീണു കിടക്കുന്ന മിക്ക മദ്യപാനികളുടെയും ദേഹത്ത് നാം ഇതൊന്നും കാണാറില്ല. ഞാൻ മനസ്സിലാക്കിയത് ന്യൂട്ടൻ്റെ മൂന്നാം ചലന നിയമം ആണ് ഇതിന് കാരണം എന്നാണ്.

'എല്ലാ പ്രവർത്തനങ്ങൾക്കും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും' എന്നാണ് മൂന്നാം ചലന നിയമം  പറയുന്നത്. ബോധമുള്ള ഒരാൾ വീഴുമ്പോൾ അതിൽ നിന്നും രക്ഷപ്പെടാൻ ഒന്ന് ശ്രമിക്കും. അതായത് അയാൾ ഒരു ബലം പ്രയോഗിച്ച് നോക്കും. അയാൾ എത്ര ബലം പ്രയോഗിക്കുന്നുവോ അത്രയും പ്രതിപ്രവർത്തന ബലം ഭൂമി അയാളുടെ മേൽ തിരിച്ചു പ്രയോഗിക്കും. അതിനനുസരിച്ചുള്ള ഒരു പരിക്കും പറ്റും. ഇനി ഒരു മദ്യപാനി വീഴുമ്പോൾ സ്വബോധത്തോടെയല്ല വീഴുന്നത് എന്നതിനാൽ മേൽ പറഞ്ഞ രക്ഷപ്പെടാനുള്ള ബലപ്രയോഗവും പ്രതിപ്രവർത്തന ബലവും ഉണ്ടാകില്ല. അതിനാൽ അയാൾക്ക് പരിക്കും ഉണ്ടാകാൻ സാധ്യതയില്ല.

മേൽ പറഞ്ഞ നിയമം നൂറാവർത്തി പറഞ്ഞ് പഠിപ്പിക്കുന്നതിന് പകരം നിത്യജീവിതവുമായി ബന്ധപ്പെടുത്തി പറയുന്നതിലൂടെ വിദ്യാർത്ഥികൾ അവരുടെ നിത്യജീവിതത്തിലെ പലതിനെയും ശാസ്ത്രവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കും. അതുവഴി സയൻസ് അവരുടെ പേടി സ്വപ്നങ്ങളിൽ നിന്നും അകലും. പകരം അവർ കിനാവുകൾ കാണാൻ തുടങ്ങും. അത് അവരുടെ പഠന പുരോഗതിയിൽ പ്രതിഫലിക്കുകയും ചെയ്യും എന്നാണ് എൻ്റെ വിശ്വാസം.

ഉയരത്തിൽ നിന്ന് വീഴുന്ന പൂച്ചക്ക് മുറിവ് പറ്റാത്തത് എന്തുകൊണ്ട് ? നീന്തൽ താരങ്ങൾ കൈ നീട്ടിപ്പിടിച്ച് കൂപ്പിക്കൊണ്ട് ചാടുന്നത് എന്തിന്? ഇരുമ്പാണി വെള്ളത്തിലിട്ടാൽ മുങ്ങുമ്പോൾ അതേ ഇരുമ്പ് നിർമ്മിത കപ്പലുകൾ മുങ്ങാത്തത് എന്തുകൊണ്ട് തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് ഇങ്ങനെ നിത്യ ജീവിത ഗന്ധിയായ കാരണങ്ങൾ കണ്ടെത്താൻ സാധിക്കും. നിയമങ്ങൾ ഉരുവിട്ട് പഠിക്കുന്നതിലുപരി ജീവിതവുമായി ബന്ധപ്പെടുത്തി അവ വിശദീകരിച്ചാൽ ഏത് വിദ്യാർത്ഥിയും ശാസ്ത്രകുതുകിയാകും.

കുട്ടികൾക്ക് ശാസ്ത്രം ലളിതമായി മനസ്സിലാക്കാൻ വേണ്ടി നിർമ്മിച്ച സ്ഥാപനങ്ങളാണ് മേഖലാ ശാസ്ത്ര കേന്ദ്രങ്ങൾ. മലബാറിലെ മേഖലാ ശാസ്ത്ര കേന്ദ്രം സ്ഥിതി ചെയ്യുന്നത് കോഴിക്കോടാണ്. അവിടത്തെ വിശേഷങ്ങൾ മറ്റൊരു പോസ്റ്റിൽ പറയാം.

Wednesday, December 24, 2025

When Breath Becomes Air

വർഷത്തിൽ അറുപത് പുസ്തകങ്ങൾ എങ്കിലും വായിക്കുക; അതിൽ പത്ത് ശതമാനം ഇംഗ്ലീഷ് പുസ്തകമായിരിക്കുക എന്ന ഒരു തീരുമാനം എൻ്റെ ഒരു ഗമണ്ടൻ തീരുമാനം തന്നെയായിരുന്നു. അത് നടപ്പിലാക്കാൻ പറ്റും എന്ന് ഞാൻ കഴിഞ്ഞ വർഷം തെളിയിച്ചു. ഈ വർഷവും ലക്ഷ്യത്തിലേക്ക് എത്താൻ ഇനി രണ്ട് പുസ്തകദൂരം മാത്രം.

എൻ്റെ സ്വന്തം ഹോം ലൈബ്രറിയിലുള്ള ഇംഗ്ലീഷ് പുസ്തകങ്ങൾ തൊണ്ണൂറ്റി ഒൻപതു ശതമാനവും മക്കൾ വാങ്ങിയതാണ്. എങ്ങനെയാണ് അതിൻ്റെ തെരഞ്ഞെടുപ്പ് എന്ന് അറിയില്ല എങ്കിലും വായിച്ചാൽ ഒരു ഒന്നൊന്നര ഫീലിംഗ് കിട്ടുന്നവയാണ് ഈ പുസ്തകങ്ങൾ എന്ന് ഞാൻ അനുഭവിച്ചറിയുന്നു. പ്രസ്തുത വായനയിൽ വന്ന ഒരു പുസ്തകമാണ് ഡോ. പോൾ കലാനിധിയുടെ “When Breath Becomes Air” (പ്രാണൻ വായുവിലലിയുമ്പോൾ എന്ന പേരിൽ ഇതിൻ്റെ മലയാള പരിഭാഷ ലഭ്യമാണ്).

ചില മരണങ്ങൾ ഒരു തരം ശൂന്യതാ ബോധം സൃഷ്ടിക്കുമ്പോൾ മറ്റു ചില മരണങ്ങൾ സമാധാനം കൊണ്ടുവന്ന് നിറക്കും. അച്ഛനോ, അമ്മയോ, സഹോദരങ്ങളോ, ഭർത്താവോ, മകനോ, ബന്ധുക്കളോ, സുഹൃത്തോ ആരുമാകട്ടെ മരണ സമയത്ത് ചേർന്ന് നിന്ന് യാത്രയാക്കാന്‍ അരികിലൊരാൾ ഉണ്ടായിരിക്കുക എന്നതാണ് ഈ ജീവിതം കൊണ്ട് നാം നേടിയെടുക്കേണ്ട ഏറ്റവും മികച്ച സമ്പാദ്യം.
"മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരം ഇരിക്കണേ" എന്ന ഗാനം മലയാളിക്ക് അത്രമേൽ പ്രിയപ്പെട്ടത് ആയതും അതു കൊണ്ടായിരിക്കാം. 

മേൽ സൂചിപ്പിച്ച പോലെയുള്ള ഒരു ജീവിതം കൈമുതലായുണ്ടായിരുന്ന,  സ്വന്തം പ്രൊഫഷനിൽ വിജയങ്ങൾ കൊയ്ത് ഉന്നതിയിലേക്ക് അതിവേഗം മുന്നേറിക്കൊണ്ടിരുന്ന ഒരു ന്യൂറോ സർജനായിരുന്നു പോൾ കലാനിധി. നിനച്ചിരിക്കാതെ അർബുദമെന്ന ഭീകര രോഗത്തിന് ഡോക്ടറും അടിമപ്പെട്ടു.
മരണം മുന്നിൽ കണ്ടു കൊണ്ട് ഡോക്ടറായ പോൾ കലാനിധി എഴുതിയതാണ്  When Breath Becomes Air എന്ന പുസ്തകം. ഒരു കാലത്ത് സാഹിത്യത്തെ പ്രണയിച്ച ഡോക്ടർ ജീവിതത്തെയും, മരണത്തിനുള്ള കാത്തിരിപ്പിനേയും വളരെ മനോഹരമായി കടലാസിലേക്ക് പകർത്തിയപ്പോൾ അത് ലോകമെമ്പാടുമുള്ള വായനക്കാർ ഹൃദയത്തിൽ സ്വീകരിച്ചു.

ഒരേ സമയം ഡോക്ടറും രോഗിയും ആവുന്നത് എത്ര തീവ്രമായ പരീക്ഷണമാണെന്ന് ഈ പുസ്തകത്തിൽ അദ്ദേഹം വിവരിക്കുന്നു. മരണം വിളിപ്പുറത്ത് എത്തി നിൽക്കുമ്പോഴും ഐ.വി.എഫ് ലൂടെ ഒരു കുഞ്ഞിന് ജന്മം നൽകാനും എട്ട് മാസത്തോളം കുഞ്ഞിനൊപ്പം ജീവിക്കാനും അദ്ദേഹത്തിന്റെ മനസ്ഥൈര്യം ഒന്ന് കൊണ്ട് മാത്രം സാധിച്ച നേട്ടമാണ്. മറ്റ് അവയവങ്ങളിലേക്ക് കൂടി പടർന്ന് പിടിച്ച ശ്വാസകോശാർബുദം ( Metastatic Lung Cancer) ആണ് തൻ്റേതെന്ന് പോൾ തിരിച്ചറിയുന്നതും  മരണം വരെയുള്ള സംഭവ വികാസങ്ങൾ പ്രതിപാദിക്കുന്നതും ഒരു കാര്യം വ്യക്തമാക്കുന്നു - രോഗങ്ങൾ ആർക്കും വരാം; നമ്മൾ അതിനെ എങ്ങനെ പോസിറ്റീവായി സ്വീകരിക്കുന്നു എന്നതാണ് പ്രധാനം. ഭാര്യ ലൂസി കലാനിധിയുടെ കുറിപ്പോടെയാണ് പുസ്തകം അവസാനിക്കുന്നത്. 

മെഡിക്കൽ‍ പദങ്ങളും പ്രക്രിയകളും വിശദീകരണമില്ലാതെ പ്രതിപാദിക്കുന്നത് വായനയുടെ ഒഴുക്കിനെ ബാധിക്കും എന്നതൊഴിച്ചാൽ  When Breath Becomes Air മികച്ച ഒരു വായനാനുഭവമാണ്.

പുസ്തകം: When Breath Becomes Air
രചയിതാവ്: Paul Kalanidhi
പബ്ലിഷർ: Penguin Random House
പേജ് : 228
വില: Rs 599

Monday, December 22, 2025

ചക്കപ്പഴം

എൻ്റെ വല്യുമ്മ താമസിച്ചിരുന്ന വീട് വല്ല്യുമ്മയുടെ മരണ ശേഷം പൊളിച്ചു കളഞ്ഞു. പക്ഷേ, ആ വീടിൻ്റെ ഓരം ചേർന്ന് നിന്നിരുന്ന വലിയൊരു പ്ലാവ് മരവും കുറെ ചക്കപ്പഴ മരങ്ങളും എൻ്റെ മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു.

ആത്തച്ചക്ക, ആന മുന്തിരി, സൈനാമ്പഴം എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്ന ഒരു പഴത്തെയാണ് ഞങ്ങൾ ചക്കപ്പഴം എന്ന് വിളിക്കുന്നത്. പ്ലാവിൽ ഉണ്ടാകുന്നത് ചക്കയാണ്, ഇവിടെ പ്രതിപാദിക്കുന്നത് ചക്കപ്പഴമാണ് എന്ന് ഒരിക്കൽ കൂടി ഉണർത്തുന്നു.

വല്യുമ്മയുടെ മുറ്റത്തെ എല്ലാ ചക്കപ്പഴ മരങ്ങളിലും കായ പിടിക്കാറുണ്ട്. മൂപ്പെത്തിയാൽ അത് ചുവന്ന് തുടിക്കും. ഒറ്റ നോട്ടത്തിൽ പഴുത്തു എന്ന് തോന്നുമെങ്കിലും രണ്ടോ മൂന്നോ ദിവസം വെണ്ണീറിൽ പൂഴ്ത്തി വച്ചാലേ ചുവന്ന ചക്കപ്പഴം പഴുത്ത് പാകമാകൂ. ഇപ്പോൾ പല വീടുകളിലും വെണ്ണീർ ഇല്ല. അങ്ങനെയാണ് അരിയിൽ പൂഴ്ത്തി വെച്ചാലും ചക്കപ്പഴം പഴുക്കും എന്ന് ആരോ കണ്ടെത്തിയത്. കടലാസിൽ പൊതിഞ്ഞ് വച്ചാലും ആത്തച്ചക്ക പഴുക്കും.


വീട്ടിലെ അംഗസംഖ്യക്കനുസരിച്ച് പഴുത്ത ചക്കപ്പഴം ഓരോ മക്കൾക്കും വല്യുമ്മ നൽകും. തറവാട്ട് മുറ്റത്ത് കളിക്കാൻ ഒത്ത് കൂടുമ്പോഴാണ് മിക്കവാറും വല്ല്യുമ്മ ഇത് തരിക. എൻ്റെ വീട്ടിലേക്ക് ഒരു ചക്കപ്പഴമായിരുന്നു വല്യുമ്മ തന്നിരുന്നത്. അത് പൊളിച്ച് ഉള്ളിലെ മാംസളമായ ഭാഗം തിന്നുമ്പോഴുള്ള ടേസ്റ്റ് ഇന്നും നാവിലൂറുന്നു. പ്രസ്തുത രുചി കാരണം, കുരുവിനെ പൊതിഞ്ഞ് കൊണ്ടുള്ള നേർത്ത പാട അടയ്ക്കം ഞങ്ങൾ ഭക്ഷിച്ചിരുന്നു.

വല്യുമ്മയുടെ കാലശേഷം പുരയിടം മക്കൾക്കിടയിൽ വീതം വെച്ചു. ഒരു സെൻ്റ് വീതം ആയിരുന്നു പലർക്കും കിട്ടിയത്. അതിനാൽ തന്നെ മിക്കവരും അത് കച്ചവടം നടത്തി. പുതിയ ഉടമകൾ സ്ഥലം വൃത്തിയാക്കുന്നതിനിടയിൽ അവിടെ ഉണ്ടായിരുന്ന മരങ്ങളെല്ലാം വെട്ടിമാറ്റി. അങ്ങനെ ചക്കപ്പഴ മരങ്ങളും ഇല്ലാതായി.

വർഷങ്ങൾ കടന്നു പോയി. ഞാൻ പുതിയ വീട് വെച്ച് താമസം തുടങ്ങി. ജീവിത ചരിത്രത്തിലെ വിശേഷ ദിവസങ്ങളിൽ ഒരു വൃക്ഷത്തൈ വെച്ചുകൊണ്ട് എൻ്റെ പുരയിടം ഞാൻ ഹരിതാഭമാക്കിക്കൊണ്ടിരുന്നു. ഇതിനിടയിലാണ്, വീട്ടുമുറ്റത്ത് വെച്ചിരിക്കുന്ന പാത്രത്തിൽ നിന്ന് വെള്ളം കുടിക്കാൻ വരുന്ന പക്ഷികളിൽ ഏതോ ഒന്ന് ചില വിത്തുകൾ എൻ്റെ പുരയിടത്തിൽ നിക്ഷേപിച്ചത്. അവ മുളച്ച് വന്നപ്പോഴാണ്  അക്ഷരാർത്ഥത്തിൽ പ്രകൃതി എന്നെയും സ്നേഹിക്കുന്നത് ഞാൻ തിരിച്ചറിഞ്ഞത്. അങ്ങനെ മുളച്ച് വന്ന തൈകളിൽ ഒന്ന് ചക്കപ്പഴത്തിൻ്റെത് ആയിരുന്നു. ഏതോ വർഷത്തെ വിവാഹ വാർഷിക മരമായി ഞങ്ങൾ അതിനെ മാറ്റി നട്ടു.

ബട്ട്, മതിൽ പണി കഴിഞ്ഞപ്പോൾ പ്രസ്തുത മരം അവിടെ നല്ലതല്ല എന്ന് അഭിപ്രായം വന്നു. അപ്പോഴാണ് അനിയൻ്റെ പുരയിടത്തിൻ്റെ അതിരിനോട് ചേർന്ന് ഒരു ചക്കപ്പഴത്തൈ മുളച്ച് വന്നത് ഞാൻ കണ്ടത്. ഞാനും ഭാര്യയും കൂടി നട്ട തൈ വെട്ടിമാറ്റിയ ശേഷം ഈ തൈ വിവാഹ വാർഷിക മരമായി ഞങ്ങൾ ദത്തെടുത്തു. ഈ വർഷം ആദ്യമായി അതിൽ കായ പിടിച്ചു. നല്ല വലിപ്പമുള്ള ചക്കപ്പഴങ്ങൾ കണ്ട് ഞങ്ങളുടെ മനം നിറഞ്ഞു. അങ്ങനെ, വല്യുമ്മ പണ്ട് തന്നിരുന്ന ചക്കപ്പഴത്തിൻ്റെ രുചി വീണ്ടും എൻ്റെ നാവിലൂറിത്തുടങ്ങി.



Wednesday, December 17, 2025

ഒരു അട്ടപ്പാടി യാത്രയുടെ ഓർമ്മയ്ക്ക് ...

ജൈവ കർഷക കുടുംബ സംഗമം (Click & Read) കഴിഞ്ഞ് അട്ടപ്പാടിയിൽ നിന്നും തിരിച്ചെത്തിയതിന്റെ പിറ്റേ ദിവസം മുതൽ പ്രവൃത്തി ദിനമായിരുന്നു.എനിക്ക് കോളേജിൽ പോകണം,മക്കൾക്ക് സ്‌കൂളിലും പോകണം.ഭാര്യക്ക് പലവിധത്തിലുള്ള വീട്ടുജോലികൾ ചെയ്തു തീർക്കുകയും വേണം.സൊ, കാർഷിക സംഗമത്തിൽ നിന്നും സമ്മാനമായി കിട്ടിയ പച്ചക്കറിത്തൈകളും ഡ്രാഗൺ ഫ്രൂട്ട് തൈകളും പെട്ടെന്ന് കുഴിച്ചിടാൻ സാധിച്ചില്ല.ആളൊന്നിന് ഇരുപത് വീതം കിട്ടിയതിനാൽ പച്ചക്കറിത്തൈകൾ നൂറോളം എണ്ണം ഉണ്ടായിരുന്നു.

ശനിയാഴ്ച എനിക്കും മോനും (മക്കളിൽ അവനാണ് കൃഷിയിൽ അല്പമെങ്കിലും താല്പര്യമുള്ളത്) അവധി ആയതിനാൽ പ്രാതൽ കഴിഞ്ഞ ഉടൻ തന്നെ ഞാൻ നടീൽ പണിക്കിറങ്ങി.നടീൽ മിശ്രിതം നിറച്ച് വെച്ച ചട്ടികൾ ഉണ്ടായിരുന്നെങ്കിലും, എല്ലാത്തിലേയും മണ്ണ് പുറത്തേക്ക് തട്ടി വീണ്ടും ചാണകപ്പൊടി ചേർത്ത് കൂട്ടിക്കലർത്തിയാണ് ഞാൻ ചട്ടികൾ നിറച്ചത്.വായു സഞ്ചാരത്തിനായും വേരോട്ടം സുഗമമാക്കാനും കരിയിലകൾ കൂടി മണ്ണിനൊപ്പം ചേർത്തു.എല്ലാം മകന് വിശദീകരിച്ച് കൊടുക്കുകയും ചെയ്തു.ഇല ശേഖരിക്കാനും ചട്ടികളിൽ നിറക്കാനും അവനും എന്നെ സഹായിച്ചു.

മൂന്ന് വർഷം മുമ്പ് കൃഷിഭവനിൽ നിന്നും ലഭിച്ച മൺചട്ടികളിലും (Click & Read) ഗ്രോബാഗിലും ആയിരുന്നു ഞാൻ തൈകൾ നടാൻ ഉദ്ദേശിച്ചത്. അട്ടപ്പാടി ജൈവ കർഷക കുടുംബ സംഗമത്തിൽ നിന്നും കിട്ടിയ തൈകൾ നട്ടുകൊണ്ട് മോൻ തന്നെ നടീൽ കർമ്മം ഉത്‌ഘാടനം ചെയ്തു.

ടെറസിൻ്റെ മുകളിൽ ഡ്രാഗൺ ഫ്രൂട്ട് തൈകൾ വളർത്തിയത് ഏതോ ഒരു യാത്രക്കിടയിൽ ഞാനും ഭാര്യയും കണ്ടിരുന്നു. അത് പോലെ നമ്മുടെ വീട്ടിലും ചെയ്യാമെന്ന് അന്ന് പദ്ധതി ഇട്ടിരുന്നു. പിന്നീടത് വിസ്മൃതിയിലാണ്ടു പോയി. ഇത്തവണ ഡ്രാഗൺ തൈകൾ കിട്ടിയപ്പോൾ അതിൻ്റെ നടീൽ രീതി ഞാൻ ചികഞ്ഞ് നോക്കി. നല്ല വെയിൽ കിട്ടണം എന്നതിനാലും പടർന്ന് പിടിച്ച് കയറാൻ പരുപരുത്ത ഒരു സിമൻ്റ് കാലോ പ്രതലമോ വേണം എന്നതിനാലും ടെറസിൽ നിന്നും മാറ്റി, ഒരു വർഷം മുമ്പ് വീടിന് പിറകിൽ കെട്ടിയ കോൺക്രീറ്റ് മതിലിൻ്റെ പില്ലറിനോട് അടുപ്പിച്ച് നടാം എന്ന് ഞാൻ തീരുമാനിച്ചു. 

ജീവിതാനുഭവങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ഒന്നായിരുന്നു അട്ടപ്പാടിയിൽ വെച്ച് നടന്ന ജൈവ കാർഷിക കുടുംബ സംഗമം. അതിൻ്റെ സ്മരണകൾ എന്നും ഒരു പോസിറ്റീവ് എനർജി സമ്മാനിക്കുന്നു. ആ സ്മരണകൾ നിലനിർത്താനായി കുമാരേട്ടൻ തന്ന ഡ്രാഗൺഫ്രൂട്ട് തൈകളും അങ്ങനെ എൻ്റെ പുരയിടത്തിൽ തന്നെ നട്ടു. കുഞ്ഞുമോൻ തന്നെ അതിൻ്റെയും ഉത്ഘാടന നടീൽ നടത്തി.

പുരയിടത്തിലെ ഏതാണ്ട് എല്ലാ വൃക്ഷത്തൈകളും ഓരോ തരം സ്മരണകൾ പേറുന്നവയായതിനാൽ മുറ്റത്തേക്ക് ഇറങ്ങുമ്പോൾ തന്നെ എൻ്റെ മനസ്സ് കുളിർക്കുന്നു. അതിലേക്ക് കൂടുതൽ സംഭാവന നൽകാനായി ഇനി ഈ ഡ്രാഗൺ ഫ്രൂട്ട് തൈകളും ചേരുന്നു.

Monday, December 15, 2025

ജൈവകർഷക കുടുംബസംഗമം

ഒരു വർഷം മുമ്പാണ് കേരള ജൈവ സംരക്ഷണ സമിതി എന്നൊരു വാട്സാപ്പ് ഗ്രൂപ്പിൽ ഞാൻ അംഗമായത്.അഖില കേരളാടിസ്ഥാനത്തിൽ നൽകപ്പെടുന്ന ജൈവ കർഷക അവാർഡ് നിർണ്ണയത്തിനായി പാലക്കാട്ടുകാരൻ നാരായണേട്ടൻ്റെ നേതൃത്വത്തിലുള്ള ഒരു മൂവർ സംഘം എൻ്റെ ചെറിയ പച്ചക്കറിത്തോട്ടം സന്ദർശിച്ചതിന് പിന്നാലെയാണ് എന്നെ ഈ ഗ്രൂപ്പിൽ ചേർത്തത്. 

ബഡാ വമ്പൻ കർഷകർക്കിടയിൽ ഒരു അശു മാത്രമായ ഞാൻ പ്രസ്തുത ഗ്രൂപ്പിൽ സാന്നിദ്ധ്യം അറിയിക്കാറേ ഇല്ല. ബട്ട്, ഗ്രൂപ്പിലെ ടെക്സ്റ്റ് സന്ദേശങ്ങൾ മിക്കവയും വായിച്ച് നോക്കും. അങ്ങനെ മാസങ്ങളായി ഞാൻ കണ്ട് കൊണ്ടിരിക്കുന്ന ഒരു മെസേജ് ആയിരുന്നു ഓരോ മാസത്തെയും ആദ്യത്തെ ഞായറാഴ്ച നടത്തുന്ന പ്രതിമാസ കർഷക കുടുംബസംഗമം. ഏതെങ്കിലും ഒരു കർഷകൻ്റെ ഫാമിൽ / തോട്ടത്തിൽ വെച്ച് ഒരു ദിവസത്തെ പ്രോഗ്രാമായാണ് ഇത് നടക്കാറ്.

സംഗമം കഴിഞ്ഞ് ഗ്രൂപ്പിൽ വരുന്ന ഫോട്ടോകളും ഒത്തുചേരലിൻ്റെ സന്തോഷ പ്രകടനങ്ങളും വിവരണങ്ങളും എല്ലാം കാണുമ്പോൾ അടുത്ത തവണ എന്തായാലും പങ്കെടുക്കണം എന്ന് തോന്നാറുണ്ട്. കറക്ട് ആ ഞായറാഴ്ച തന്നെ എന്തെങ്കിലും ഒരു പ്രോഗ്രാം തലയിൽ വീഴുകയോ മറന്ന് പോവുകയോ ചെയ്യും. ബട്ട്, ഇത്തവണ അങ്ങനെ ഒരു തടസ്സങ്ങളും ഇല്ലാതെ ഡിസംബറിലെ ആദ്യ ഞായറാഴ്ച ഒഴിഞ്ഞ് കിട്ടി.

അട്ടപ്പാടിയിലെ അബന്നൂരിൽ കുമാരേട്ടൻ്റെ സൈരന്ധ്രി ഡ്രാഗൺ ഫ്രൂട്ട് ഫാമിൽ വച്ചായിരുന്നു ഡിസംബറിലെ സംഗമം പ്ലാൻ ചെയ്തത്. ഒരു വർഷം മുമ്പ് എൻ്റെ പത്താം ക്ലാസ് ബാച്ചിൻ്റെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി അട്ടപ്പാടി കാരറ യു.പി സ്കൂളിൽ പോയതും വിവിധ സ്ഥലങ്ങൾ സന്ദർശിച്ചതും എൻ്റെ മനസ്സിൽ പച്ച പിടിച്ചു നിന്നിരുന്നു. 

കുടുംബത്തിനും ഒരു യാത്ര ചെയ്താൽ കൊള്ളാം എന്ന ആഗ്രഹമുള്ളതിനാൽ പ്രസ്തുത സംഗമത്തിലേക്ക് ഞാൻ അവരെയും ക്ഷണിച്ചു. വർഷങ്ങൾക്ക് മുമ്പ് സൈലൻ്റ് വാലിയിൽ പോയതിൻ്റെ മധുരിക്കുന്ന ഓർമ്മകൾ ഉള്ളതിനാൽ അവരും റെഡിയായി. അങ്ങനെ ഡിസംബർ 7 ഞായറാഴ്ച രാവിലെ ആറ് മണിക്ക് പുറപ്പെട്ട് വഴിയോരക്കാഴ്ചകളും ആസ്വദിച്ച് കൃത്യം പത്ത് മണിക്ക് ഞങ്ങൾ സൈരന്ധ്രി ഗാർഡനിൽ എത്തി.

കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം നൂറോളം പേർ സംഗമത്തിന് എത്തിയിരുന്നു. ഇഞ്ചി നീരും കരിമ്പ് നീരും തേനും ചേർത്ത ഒരു പാനീയമായിരുന്നു വെൽകം ഡ്രിങ്ക്. സ്വയം പരിചയപ്പെടുത്തലിന് ശേഷം മുൻ കൃഷി വകുപ്പ് അസിസ്റ്റൻ്റ് ഡയരക്ടർ ഡോ.കൃഷ്ണകുമാർ സാറിൻ്റെ ക്ലാസ്സ് ആരംഭിച്ചു. "വൃക്ഷായുർവേദം" എന്ന ഇതുവരെ കേൾക്കാത്ത വിഷയത്തിൽ സാർ കത്തിക്കയറിയപ്പോൾ സമയം പോയത് അറിഞ്ഞതേയില്ല.ക്ലാസ് കേട്ട ഏകദേശം എല്ലാവരും അതേ പേരിൽ അദ്ദേഹം എഴുതിയ പുസ്തകവും വാങ്ങി (Rs 200). കാരണം അത്രയ്ക്കും വിജ്ഞാനപ്രദമായിരുന്നു ആ ക്ലാസ്.

ഉച്ചഭക്ഷണം ശരിക്കും പൊളിച്ചു.തവിട് കളയാത്ത ചേകാടി അരി കൊണ്ടുള്ള ചോറും മുളക് പൊടിയിടാത്ത സാമ്പാറും ചീരത്തോരനും വാഴത്തട്ടത്തോരനും കയ്പ അച്ചാറും അവിയലും അടങ്ങിയ ജൈവസദ്യയായിരുന്നു കുമാരേട്ടൻ ഒരുക്കിയത്. അകമ്പടിയായി ചേകാടി അരിയുടെ തന്നെ പായസവും കൂടിയായപ്പോൾ എല്ലാവരുടെയും വയറും മനവും നിറഞ്ഞു. ഏതോ ഒരു സംരംഭകൻ്റെ ബനാന ഹൽവയും കൂടിയായപ്പോൾ ഭക്ഷണം അസ്സലായി.

ഉച്ചക്ക് ശേഷം അൽപനേരം കൂടി ക്ലാസ് തുടർന്നു. ശേഷം ഫാം വിസിറ്റിംഗ് ആയിരുന്നു. ഇരുപത്തിമൂന്ന് ഏക്കർ വരുന്ന ഫാമിൻ്റെ ചെറിയ ഒരു ഭാഗം മാത്രമാണ് കാണാൻ സാധിച്ചത്. ഇതിനിടയിൽ പലരും ചെയ്ത പോലെ ഞാനും വിവിധതരം മുളക് വിത്തുകളും ഭാര്യ വിവിധ തരം പത്ത് മണിപ്പൂച്ചെടികളും ഫാമിൽ നിന്ന് ശേഖരിച്ചു. മറ്റ് കർഷക സംരംഭകർ വിൽപനക്ക് വെച്ച സാധനങ്ങളും ഞാൻ വാങ്ങി.

സംഗമം അവസാനിച്ചപ്പോഴാണ് ശരിക്കും ഞെട്ടിയത്. പങ്കെടുത്ത എല്ലാവർക്കും ഫാം ഉടമ കുമാരേട്ടൻ്റെ വക കൈ നിറയെ സമ്മാനങ്ങൾ ഉണ്ടായിരുന്നു. വേര് പിടിപ്പിച്ച ഒരു ഡ്രാഗൺ ഫ്രൂട്ട് തൈ, ആറ് വീതം തക്കാളി, പച്ചമുളക്, വഴുതന തൈകൾ,150 ഗ്രാം തേൻ, സ്വന്തം തോട്ടത്തിൽ നിന്നുള്ള ഒരു പാക്കറ്റ് കടുക് എന്നിവയായിരുന്നു സമ്മാനക്കിറ്റിൽ ഉണ്ടായിരുന്നത്. എനിക്കും കുടുംബത്തിനും കൂടി അഞ്ച് കിറ്റ് കിട്ടി! 

കൃഷ്ണകുമാർ സാറിനെ ഒറ്റക്ക് കിട്ടിയപ്പോൾ ഞാൻ മെല്ലെ അടുത്ത് കൂടി. കുട്ടികളെ ഇത്തരം സംഗമത്തിൽ പങ്കെടുപ്പിക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. മോൻ പഞ്ചായത്ത് തല കുട്ടിക്കർഷക അവാർഡ് ജേതാവാണ് എന്നറിയിച്ചപ്പോൾ അവനെ ചേർത്ത് പിടിച്ച് അദ്ദേഹം തൻ്റെ പേന സമ്മാനമായി നൽകി.

മടക്കയാത്രയിൽ അട്ടപ്പാടിയിൽ താമസക്കാരിയായ എൻ്റെ പ്രീഡിഗ്രി ക്ലാസ്മേറ്റ് സിന്ധുവിനെയും സന്ദർശിച്ചു. ഭാര്യ അവിടെ നിന്ന് പലതരം പോപ്പി ചെടികളും ആമ്പലും മറ്റും കരസ്ഥമാക്കി. അങ്ങനെ മൊത്തത്തിൽ അട്ടപ്പാടി യാത്ര അവിസ്മരണീയമായി.

വാൽ: വീട്ടിൽ തിരിച്ചെത്തിയ ശേഷം പത്ത് വയസ്സുള്ള എൻ്റെ മോൻ്റെ ചോദ്യം - "ഈ സംഗമം വർഷത്തിലാണോ നടക്കാറ്?"

"അല്ല, മാസത്തിൽ ആദ്യത്തെ ഞായറാഴ്ച"
"എങ്കിൽ അടുത്തതിനും നമുക്ക് പോകണം"

Friday, December 12, 2025

പുതിയ ഭരണസമിതി മുമ്പാകെ ....

അങ്ങനെ ഔദ്യാഗിക ജീവിതത്തിലെ അവസാനത്തെ ത്രിതല പഞ്ചായത്ത് ഇലക്ഷൻ ഡ്യൂട്ടിയും അവസാനിച്ചു. എൻ്റെ അനുഭവത്തിൽ നിന്ന് നിലവിൽ വരാൻ പോകുന്ന ഭരണ സമിതിയോട് താഴെ പറയുന്ന കാര്യങ്ങളിൽ അടിയന്തിരമായി ശ്രദ്ധ പതിപ്പിക്കണം എന്നപേക്ഷിക്കുന്നു.

1. മിക്ക പഞ്ചായത്തിലും അമ്പതിനും അറുപതിനും ഇടയിൽ പ്രായമുള്ള കാഴ്ച മങ്ങിയവർ നിരവധിയുണ്ട്.ഒരു പഞ്ചായത്തിലെ മൊത്തം ജനസംഖ്യയുടെ പത്ത് ശതമാനം വരെ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവരായതിനാൽ കാരണം കണ്ടെത്തൽ അടിയന്തിര പ്രാധാന്യമർഹിക്കുന്നു.

2. മേൽ പറഞ്ഞ രോഗികളിൽ കൂടുതലും സ്ത്രീകളാണ് എന്നതിനാൽ സ്ത്രീ ശാക്തീകരണക്കാർ ഉണർന്ന് പ്രവർത്തിക്കേണ്ടത് കാലത്തിൻ്റെ അനിവാര്യതയാണ്.

3. ഒരു പഞ്ചായത്തിലെ ഓരോ വാർഡിലും എല്ലാ സ്ഥാനാർത്ഥികളും കൂടി അവരവരുടെ വാർഡുകളിൽ ഒരു സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപതി സ്ഥാപിക്കാൻ ശ്രദ്ധിയ്ക്കുക.

4. ഇതിന് ഭരണ സമിതി തയ്യാറല്ല എങ്കിൽ ഇലക്ഷന് ആറ് മാസം മുമ്പ് വരെ അന്ധത അനുഭവിക്കുന്നു എന്ന സർട്ടിഫിക്കറ്റ് വോട്ടിംഗ് സമയത്ത് ഹാജരാക്കാൻ നിർദ്ദേശം നൽകുക.

5. അതും സാധ്യമല്ല എങ്കിൽ അടുത്ത ഇലക്ഷൻ മുതൽ ഡ്യൂട്ടിക്ക് ഒരു കാഴ്ച പരിശോധകനെ കൂടി നിയമിക്കുക.


Saturday, December 06, 2025

ദ എൻജോയ്മെൻ്റ് ....2

ദ എൻജോയ്മെൻ്റ് .... 1 (Click & Read)

"നമ്മൾ പറഞ്ഞു വന്നത്...?" ഫോൺ വന്നത് കാരണം മുറിഞ്ഞു പോയ സംഭാഷണം സത്താർ പുനരാരംഭിച്ചു.

"എൻജോയ്മെൻ്റ്..." ഞാൻ പറഞ്ഞു.

"...ഇപ്പോ വിളിച്ചതും ഞാൻ പറഞ്ഞതും നീ കേട്ടില്ലേഭരണ കക്ഷിക്കാരാണ് വിളിച്ചത്... അവരുടെ സ്ഥാനാർഥി ആകണം എന്ന് ... ർണിം..... ർണിം..." സത്താറിൻ്റെ ഫോൺ വീണ്ടും ബെല്ലടിച്ചുനേരത്തെ പറഞ്ഞ അതേ കാര്യങ്ങൾ സത്താർ ആവർത്തിച്ചുഫോൺ കട്ട് ചെയ്ത് എന്നോട് എന്തോ പറയാൻ ഭാവിച്ചതും അടുത്ത കാൾ വന്നുഅത് സത്താർ തന്നെ കട്ട് ചെയ്തു.

"കണ്ടില്ലേ... ഇതാണ് എൻജോയ്മെൻ്റ് .. സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളും ഒക്കെയാണ് വിളിക്കുന്നത്... ഇത്രയും കാലം ആരും അറിയാത്ത സത്താർ ഇപ്പോ ആരായി?''

"ഉം…ഞാൻ മൂളി.

"എല്ലാവരെയും ഒന്ന് മുൾമുനയിൽ നിർത്താൻ  സത്താറിന് കഴിയോന്ന് നോക്കട്ടെ .."

"ഉം...ബെസ്റ്റ് എൻജോയ്മെന്റാ... ഇരുട്ടടി കിട്ടുന്നത് കരുതിക്കോ..." ഞാൻ മുന്നറിയിപ്പ് നൽകി.

"ഏയ് ....ഒരിക്കലുമില്ല..."

"നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ..." ഞാൻ യാത്ര പറഞ്ഞിറങ്ങി.

സത്താർ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ട് പത്ത് ദിവസം കഴിഞ്ഞു. പ്രാദേശിക നേതാക്കളും ജില്ലാ നേതാക്കളും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നിലവിലുള്ള തീരുമാനം സത്താർ മാറ്റിയില്ല.

"മാനുപ്പാ... നീ ഒരു വഴി പറഞ്ഞിരുന്നല്ലോ? അതെന്തായി?" ബൂത്ത് ലെവൽ കമ്മിറ്റി യോഗത്തിൽ ആരോ ചോദിച്ചു.

"നമ്മളെ സ്ഥാനാർത്ഥിയാക്കാൻ ഞാൻ കുറെ ശ്രമിച്ചു. "

"ജയിക്കുന്ന സീറ്റിൽ ആരെങ്കിലും തോൽക്കാൻ വേണ്ടി നിൽക്കുമോ?" ആരുടെയോ യാഥാർത്ഥ്യ ബോധം ഉണർന്നു.

"ഇനി ചെറ്യാപ്പുവിനെക്കൊണ്ട് പറയിപ്പിച്ച് നോക്കാം.." മാനുപ്പ നിർദ്ദേശിച്ചു

"എന്നാ അതും കൂടി ഒന്ന് ശ്രമിക്കാം.."

അങ്ങനെ ചെറ്യാപ്പു സത്താറിൻ്റെ വീട്ടിലെത്തി.

"ആഹാ... ആരാദ് ? ചെറ്യാപ്പുവോ...?" ചെറ്യാപ്പു വരുന്നത് കണ്ട സത്താർ ആശ്ചര്യപ്പെട്ടു.

"... അന്നോട് ഒരു ഇംപോർട്ടൻ്റ് കാര്യം പറയാനാ ഞാൻ വന്നത്..." 

".... എന്ത് പൊട്ടൻ കാര്യവും പറഞ്ഞോളൂ.." 

"അതേയ്... ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പ് വളരെ നിർണ്ണായകമാണ് .." ചെറ്യാപ്പു സത്താറിനെ ഒരു മൂലയിലേക്ക് മാറ്റി പതുക്കെ പറഞ്ഞ് തുടങ്ങി.

"...."

"എങ്ങനെയും ഭരണത്തിൽ എത്തുക എന്നത് ഒരു ജീവന്മരണ പോരാട്ടമാണ്.."

" ഉം"

"അപ്പോ വാർഡിലെ വോട്ടുകൾ സ്പ്ലിറ്റ് ആയിക്കൂടാ..."

"ങാ.."

"നീ സ്ഥാനാർത്ഥിയായി നിന്നാൽ ഞങ്ങൾക്ക് ക്ഷീണം തട്ടും.."

"ഹാ.."

"അതോണ്ട്.."

"??"

"നീ പിൻമാറണം ...... ഫ്ലക്സ് ബോർഡ് അഴിച്ച് മാറ്റണം ....."

".കെ. ചെറ്യാപ്പോ... നീ പറഞ്ഞാൽ പിന്നെ എതിരില്ല. പക്ഷേ, സ്സ് ... വുസ്.... സ് ... സു... സ്..." സത്താർ ചെറ്യാപ്പുവിൻ്റെ കാതിൽ മന്ത്രിച്ചു.

"അതൊക്കെ ഞാൻ ഏറ്റു.... ഇന്നാ ... " ചെറ്യാപ്പു ട്രൗസറിൻ്റെ പോക്കറ്റിൽ നിന്ന് ഒരു പൊതിക്കെട്ടെടുത്ത് സത്താറിൻ്റെ കയ്യിൽ കൊടുത്തു. ചെറ്യാപ്പു സന്തോഷത്തോടെ മടങ്ങി. സത്താർ ഒരു കള്ളച്ചിരിയോടെ വീട്ടിനകത്തേക്ക് കയറി.

* * * * * *

"സത്താറേ ... എന്തായി, നീ നോമിനേഷൻ കൊടുത്തോ?" പിറ്റേന്ന് ഞാൻ സത്താറിനെ വിളിച്ചു.

"ഹും... ഇനക്ക് പിരാന്തുണ്ടോ അത് കൊടുക്കാൻ.... ജയിച്ചാൽ ആകെ കിട്ടാൻ പോണത് മാസം ഏഴായിരം ഉലുവ....അതിന് വാർഡിലെ കക്കൂസുകൾ വരെ കഴുകേണ്ടി വരും…"

"എന്നിട്ട് എന്താക്കി ?"

"ഞാൻ നോമിനേഷൻ കൊടുത്തില്ല.."

"അപ്പോ ഇത്രയും ദിവസം ആ ചെക്കന്മാർക്ക് കൊടുത്ത ഭക്ഷണത്തിന്റെയും മറ്റും  ചെലവ് ?"

"അതല്ലേ ഇതിലെ ഏറ്റവും വലിയ എൻജോയ്മെൻ്റ്..... ഒക്കെ ലാഭത്തിൽ കലാശിച്ചു .... ചെലവ് കഴിച്ച് ബാക്കി കൊണ്ട് നമ്മളെ ചെക്കന്മാർക്ക് ഒരു ടൂറും റെഡിയാക്കി. അവർ ആ ഫ്ലെക്സ് അഴിച്ച് വണ്ടിക്ക് മുന്നിൽ കെട്ടി ഇന്ന് രാവിലെ ബാംഗ്ലൂർക്ക് ടൂർ പോയി.."

"യാ കുദാ... " ഞാൻ തലയിൽ കൈ വെച്ചു.

"ആബിദേ...ജീവിതം എൻജോയ്മെൻ്റ്നാണ് .... എൻജോയി ... പിന്നിം എൻജോയി ...... ഇപ്പോ അവരും ഹാപ്പി.... ഞാനും ഹാപ്പി...... എൻ്റെ ചങ്ക്  ചെക്കൻമാരും ഹാപ്പി... ഇനി അടുത്ത എലെക്ഷൻ വരുമ്പോഴല്ലേ? അത് അപ്പോൾ നോക്കാം..." 

അപ്പോഴാണ് സത്താറിൻ്റെ എൻജോയ്മെൻ്റിൻ്റെ രഹസ്യം  എനിക്ക് പിടികിട്ടിയത്.

Thursday, December 04, 2025

ദ എൻജോയ്മെൻ്റ് ....1

'എട്ടാം വാർഡിലേക്ക് അബ്ദുൾ സത്താറിന് (ചെറ്യമാൻ) സ്വാഗതം' എന്ന ഫ്ലക്സ് കണ്ടാണ് അന്ന് നാടുണർന്നത്

'ങേ! ചെറ്യമാനോ?' സ്ഥാനാർത്ഥി കുപ്പായം തുന്നി നില്ക്കുന്നവരും തുന്നാൻ പോകുന്നവരും എല്ലാം ഒരു ഞെട്ടൽ രേഖപ്പെടുത്തി. കാരണം നാട്ടിലെല്ലാവർക്കും പ്രിയപ്പെട്ടവനാണ് ചെറ്യമാൻ. അവൻ മത്സരിച്ചാൽ ആര് എതിര് നിന്നാലും ജയിക്കാൻ പോകുന്നില്ല എന്നത് പകൽ വെളിച്ചം പോലെ വ്യക്തമാണ്.

'ഇതിപ്പോ മറ്റവന്മാരുടെ പരിപാടിയാ...' നാട്ടിലെ പ്രധാന കക്ഷികൾ പരസ്പരം പഴിചാരാൻ തുടങ്ങി.

'എന്നാലും ആരായിരിക്കും ഫ്ലക്സ് കെട്ടിയത്?' എല്ലാ കക്ഷികളും അവനവൻ്റെ ഓഫീസിൽ ഇരുന്ന് തല പുകയ്ക്കാൻ തുടങ്ങി.

"മീത്തലെ കാത്തു തൂങ്ങിച്ചത്ത കശുമാവിലാണ് ഫ്ലക്സ് കെട്ടിയത്. പകൽ സമയത്ത് പോലും അവിടെ എത്തുമ്പോൾ എല്ലാവരും വേഗത കൂട്ടി നടക്കാറാണ് പതിവ്. അവിടെ രാത്രി ഫ്ലക്സ് കെട്ടിയവനെ എന്തായാലും സമ്മതിക്കണം..." മീറ്റിംഗിൽ ആരോ പറഞ്ഞു.

"പാത്തുവോ ? ഏത് പാത്തു?" കമ്മിറ്റിയിലെ ഒരു ന്യൂജെൻ ചോദിച്ചു.

"പാത്തുവല്ല... കാത്തു...നീയൊക്കെ ജനിക്കുന്നതിനും പത്ത് പതിനഞ്ച് വർഷം മുമ്പ് നടന്ന സംഭവമാ. പഞ്ചായത്തിലെ ആദ്യത്തെ തൂങ്ങി മരണം ...." കൂട്ടത്തിലെ കാരണവർ വിശദീകരിച്ചു.

"ആഹാ.. അപ്പോ പഞ്ചായത്ത് ചരിത്രത്തിൽ തങ്കലിപികളിൽ എഴുതപ്പെട്ട പേരാണ് കാത്തു അല്ലേ?" 

"ഫൂ!! തങ്കലിപി... കാത്തു ആരായിരുന്നു എന്ന് നിനക്കറിയാത്തത് കൊണ്ടാ... ... അതു വിട്... ചർച്ച വഴിമാറും.."

"ഇനി ഒരൊറ്റ വഴിയേ ഉള്ളൂ ..." ഇത്തവണ സീറ്റ് കിട്ടാത്ത മാനുപ്പ പറഞ്ഞു. എല്ലാവരും അയാളുടെ വായിലേക്ക് നോക്കി.

"പറയൂ... എന്താണാ വഴി?" എല്ലാവർക്കും അറിയാൻ ആകാംക്ഷയായി.

"അതിൻ്റെ വരും വരായ്കളെപ്പറ്റി ഞാനൊന്ന് ആലോചിക്കട്ടെ ... എന്നിട്ട് പറയാം...." തൻ്റെ നേരെ തിരിഞ്ഞ എല്ലാ കണ്ണുകളിലേക്കും നോക്കിക്കൊണ്ട് മാനുപ്പ പറഞ്ഞു.

* * * *

ഇതേ സമയം സത്താറിൻ്റെ വീട്ടിൽ ചെറുപ്പക്കാരുടെ ഒരു സമ്മേളനം തന്നെ നടക്കുകയാണ്. സത്താർ മത്സരിക്കുന്നു എന്നറിഞ്ഞ് വന്നവരാണവർ. രാവിലെ തന്നെ നാല് കിലോ പഞ്ചസാരയും രണ്ട് കിലോ ചെറുനാരങ്ങയും അലിഞ്ഞ് ചേർന്ന് പല വായിലൂടെയും ചോർന്ന് പോയി. ഉച്ചയ്ക്കും ഇവരാരും വിട്ടു പോകാൻ സാധ്യത ഇല്ല എന്ന് സത്താറിന് മനസ്സിലായി. കഴിഞ്ഞ തവണത്തെപ്പോലെ വോട്ട് എണ്ണുമ്പോൾ അവരുടെ സ്ഥാനാർത്ഥിയും പ്ലേറ്റ് എണ്ണുമ്പോൾ നമ്മുടെ സ്ഥാനാർത്ഥിയും ജയിക്കുന്ന വിചിത്ര സ്വഭാവം ഉണ്ടാകരുത് എന്ന് സത്താർ തീരുമാനിച്ചിരുന്നു. അതിനാൽ നെയ്ചോറിലേക്കുള്ള കറിയിൽ പീസ് കുറഞ്ഞാലും വേണ്ടില്ല, വെള്ളം കൂടണം എന്ന പ്രത്യേക നിർദ്ദേശം സത്താർ കുശ്നിക്കാരന് നൽകിയിരുന്നു

ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ട വിവരം മൂന്നാം ദിവസം വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് ഞാനറിഞ്ഞത്. അപ്പോൾ തന്നെ സത്താറിനെ സന്ദർശിച്ച് വിവരങ്ങൾ അറിയാം എന്ന് കരുതി ഞാൻ അവൻ്റെ വീട്ടിലേക്ക് പുറപ്പെട്ടുസത്താറിൻ്റെ കൂടെയുള്ള യൂത്തന്മാർ നെയ്ച്ചോർ തട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ഞാൻ അവിടെ എത്തിയത്. സത്താർ എന്നെ ഹൃദ്യമായി സ്വാഗതം ചെയ്തു.

"നല്ല സമയത്താ നീ എത്തിയത്..." എൻ്റെ കൈ പിടിച്ചു കുലുക്കിക്കൊണ്ട് സത്താർ പറഞ്ഞു. മുറ്റത്തും അരമതിലിലും കോലായിലും എല്ലാം ഇരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ മുഖത്തായിരുന്നു എൻ്റെ കണ്ണ്.

"ആബിദേ... അത് നോക്കണ്ട... ഇതൊക്കെ ഒരു എൻജോയ്മെൻ്റ് ആണ്. വെറും എൻജോയ്മെൻ്റ്" എൻ്റെ നോട്ടം ശ്രദ്ധിച്ച സത്താർ പറഞ്ഞു.

"നാട്ടാർക്ക് മുഴുവൻ ഭക്ഷണം കൊടുക്കുന്നത് നല്ലത് തന്നെ.... പക്ഷെ, അതിൽ എൻജോയ്മെൻ്റ് എങ്ങനാ?" മനസ്സിലാകാത്തതിനാൽ ഞാൻ ചോദിച്ചു.

"അനക്കറിയോ ഇപ്പോ എൻ്റെ വയസ്സ് 54... ഇനി ഒരു തെരഞ്ഞെടുപ്പ് വരുമ്പഴേക്കും വയസ്സ് 59 ... അന്ന് വാർഡ് വനിതാ സംവരണം ആകും..... അതും കഴിഞ്ഞുള്ള തെരഞ്ഞെടുപ്പ് വരുമ്പോൾ എൻ്റെ വയസ്സ് 64..... അന്ന് വാർഡ് പട്ടികജാതി സംവരണം ആകും ..... പിന്നെ വരുന്ന തെരഞ്ഞെടുപ്പിൽ എൻ്റെ വയസ്സ് 69 ... അന്ന് തെരഞ്ഞെടുപ്പ് നടക്കും... പക്ഷേ,സത്താർ ജീവിച്ചിരിക്കോ ഇല്ലേ എന്നറിയില്ല.." വീട്ടിനകത്തേക്ക് നടക്കുന്നതിനിടയിൽ സത്താർ പറഞ്ഞു.

"ങാ..... അതൊക്കെ ശരി... അപ്പോളും എൻജോയ്മെൻ്റ് എനിക്ക് മനസ്സിലാകുന്നില്ല ..." 

" ... അത് പറയാം... ർണിം... ർണിം..." സത്താറിൻ്റെ ഫോൺ ബെല്ലടിച്ചു.എന്നോട് പറഞ്ഞ അതേ സംഗതികൾ അവൻ ഫോണിലൂടെയും പറയുന്നത് ഞാൻ കേട്ടു.

(തുടരും....)

Sunday, November 30, 2025

Eleven Minutes

പൗലോ കൊയ്‌ലോ എന്ന് കേൾക്കുമ്പോഴേക്കും 'ആൽക്കെമിസ്റ്റ്' എന്ന് അറിയാതെ നമ്മുടെ നാവിൻ തുമ്പിൽ വരും.പലരുടെയും വായനാനുഭവം കേട്ട് ഞാൻ വായന തുടങ്ങിയ ഒരു പുസ്തകമായിരുന്നു 'ആൽക്കെമിസ്റ്റ്'. പക്ഷേ, ഇപ്പോഴും അത് മുഴുവനായി വായിച്ചിട്ടില്ല എന്നതാണ് സത്യം. അതെ സമയം പൗലോ കൊയ്‌ലോ എഴുതി എന്ന കാരണത്താൽ മാത്രം കയ്യിൽ കിട്ടിയപ്പോൾ ഞാൻ വായിക്കാൻ തെരഞ്ഞെടുത്ത ഒരു കൃതിയാണ് Eleven Minutes.

ബ്രസീലിലെ ഒരു നാടന്‍ പെണ്‍കുട്ടിയുടെ കഥയാണ് Eleven Minutes ലെ പ്രതിപാദ്യ വിഷയം. ആദ്യ പ്രണയം കാമുകൻ 'വിളവെടുപ്പ്' നടത്തിയ ശേഷം ഉപേക്ഷിച്ചപ്പോൾ തകർന്നു പോയ മരിയ എന്ന പെൺകുട്ടി കൗമാരത്തിൽ എത്തിയപ്പോൾ, ഇനി ഒരു ആത്മാര്‍ത്ഥ പ്രണയത്തില്‍ ഒരിക്കലും വീഴുകയില്ലെന്ന് ശപഥമെടുത്തു. അത്രയും സ്വപ്നങ്ങളായിരുന്നു അവൾ ആ പ്രണയത്തിലൂടെ നെയ്തു കൂട്ടിയിരുന്നത്.മനസ്സിനെ എപ്പോഴും പീഡിപ്പിക്കുന്ന ഒന്നാണ് പ്രണയം എന്ന് അനുഭവത്തിലൂടെ മരിയ ധരിച്ചു വശായി.

പതിനഞ്ചാം വയസില്‍ സ്വയംഭോഗത്തിലൂടെ രതിമൂര്‍ച്ഛ അനുഭവിക്കുന്ന മരിയയിൽ തുടങ്ങുന്ന നോവല്‍ തുടര്‍ന്നുള്ള ഭാഗങ്ങളില്‍  ലൈംഗികതയെക്കുറിച്ച് പ്രത്യേകിച്ച് സ്ത്രീലൈംഗികതയെക്കുറിച്ച് വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. ഒരു (സദാചാര) വായനക്കാരൻ്റെ ലൈംഗിക അറിവുകളുടെ സകല അതിർ വരമ്പുകളും ഈ കൃതി ലംഘിക്കുന്നുണ്ട് എന്നാണ് എൻ്റെ വായനാനുഭവം.

ഭാഗ്യം തേടി മരിയ ബ്രസീലിൽ നിന്നും സ്വിറ്റ്സർലണ്ടിലേക്ക് പോകുന്നു. പക്ഷേ, അവളുടെ ശപഥങ്ങളെയെല്ലാം മാറ്റിമറിക്കുന്നതായിരുന്നു ആ യാത്ര. ഒരു ദുഃസ്വപ്നത്തില്‍പോലും കാണുകയോ ആഗ്രഹിക്കുകയോ ചെയ്തിട്ടില്ലാത്ത വേശ്യാ ജീവിതമായിരുന്നു അവളെ അവിടെ കാത്തിരുന്നത്. രതിയുടെയും  ആനന്ദത്തിന്റെയും പ്രണയത്തിന്റെയും ഒരു വ്യത്യസ്ത ജീവിതമായിരുന്നു അത്. പ്രസ്തുത ജീവിതമാണ് ഈ കൃതിയിലൂടെ അനാവൃതമാകുന്നത്.

പ്രധാന കഥാപാത്രമായ മരിയയുടെ വാക്കുകള്‍ തന്നെ കടമെടുത്തു പറഞ്ഞാല്‍, എപ്പോഴും ലൈംഗികതയെക്കുറിച്ച് ചിന്തിക്കുന്നു എന്ന് ഓര്‍മ്മിപ്പിക്കുന്ന പുസ്തകമല്ല ഇത്. മറിച്ച് ലൈംഗികതയ്ക്ക് ഏറിയ സമയവും പ്രധാനമായ ഒരു പങ്ക് ജീവിതത്തിലുണ്ടെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന പുസ്തകമാണിത്.

പുസ്തകം: Elven Minutes
രചയിതാവ്: പൗലോ കൊയ്‌ലോ
പ്രസാധകർ : Harper Collins
പേജ്:275
വില: £ 7.99 (Apprxmt Rs 945)

Friday, November 28, 2025

സൗഹൃദം പൂക്കുന്ന വഴികൾ - 31

കണക്ക് പഠിച്ച് കഴിഞ്ഞ ശേഷം യഥാർത്ഥ ജീവിതത്തിൽ എത്തുമ്പോൾ നാം പഠിച്ച കണക്കുമായി യാതൊരു ബന്ധവുമില്ലാത്ത കണക്ക് കൂട്ടലുകൾ ഉണ്ടാകാറുണ്ട്. അത്തരം കണക്ക് കൂട്ടലുകൾ ശരിയായി വരുമ്പോൾ ലഭിക്കുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്. കണക്കിൽ എത്ര ശരിയുത്തരം കിട്ടിയാലും മേൽ പറഞ്ഞ സന്തോഷത്തിന് സമമാകില്ല എന്നാണ് എൻ്റെ അനുഭവം.

എൻ്റെ ഒരു സഹപ്രവർത്തകൻ്റെ മകളുടെ വിവാഹ സത്ക്കാരം ഇക്കഴിഞ്ഞ തിരുവോണ ദിവസം വൈകിട്ടായിരുന്നു. നേരത്തെ പുറപ്പെട്ട് അതിൽ പങ്കെടുത്ത് തിരിച്ച് വീട്ടിൽ എത്താൻ സാധിക്കുന്ന വിധത്തിലുള്ള ഒരു ഫംഗ്ഷൻ ആയിരുന്നു അത്. മാത്രമല്ല, വരൻ എൻ്റെ നാട്ടുകാരൻ കൂടിയായതിനാൽ വൈകിയാലും തിരിച്ച് പോരാൻ ആരെങ്കിലുമൊക്കെ ഉണ്ടാകും എന്ന് എൻ്റെ മനസ്സ് പറഞ്ഞു.

അവധിക്കാലമായതിനാൽ എൻ്റെ ഭാര്യയും മക്കളും അവളുടെ വീട്ടിൽ പോയതായിരുന്നു. ഒറ്റക്കായതിനാൽ സത്കാരത്തിനിറങ്ങാൻ ഞാൻ അല്പം വൈകിപ്പോയി.വീട് പൂട്ടി താക്കോലും കൊണ്ടായിരുന്നു ഞാൻ ഇറങ്ങിയത്. തിരുവോണ ദിവസമായതിനാൽ അന്ന് പല ബസ്സുകളും ഓടിയിരുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ സൽക്കാരപ്പന്തലിൽ ഞാൻ എത്തുമ്പോൾ സമയം ഏഴര കഴിഞ്ഞിരുന്നു.നാട്ടിൽ നിന്ന് വന്നവർ മാത്രമല്ല ക്ഷണിക്കപ്പെട്ടവർ മിക്കവാറും എല്ലാവരും അപ്പോഴേക്കും മടക്കയാത്ര ആരംഭിച്ചിരുന്നു.

ആതിഥേയനെ കണ്ട് പെട്ടെന്ന് തന്നെ ഞാൻ ഭക്ഷണവും കഴിച്ച് വീണ്ടും വേദിയിലെത്തി. നാട്ടുകാരനായ ഒരാൾ അപ്പോൾ തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ബട്ട്, അദ്ദേഹത്തിൻ്റെ കുടുംബത്തെ തന്നെ ഉൾക്കൊള്ളാൻ അവരുടെ വാഹനത്തിന് കഴിയില്ലായിരുന്നു. അതിനാൽ, ആതിഥേയനോട് ബൈ പറഞ്ഞ് ഞാൻ വേഗം മെയിൻ റോഡിലേക്കിറങ്ങി നിന്നു. 

ഏറെ നേരം കാത്ത് നിന്നിട്ടും തൊട്ടടുത്ത സ്റ്റോപ്പായ ഫറോക്കിലേക്ക് ഒരു ബസ്സോ ഓട്ടോയോ ഒന്നും എനിക്ക് കിട്ടിയില്ല. അവസാനം ഓഡിറ്റോറിയത്തിൽ നിന്ന് പുറത്തേക്ക് വന്ന ഒരു ഓംനി വാനിന് ഞാൻ കൈ കാട്ടി. കാറ്ററിംഗ് ടീമിൻ്റെ വണ്ടിയായിരുന്നു അത്. മഞ്ചേരിക്കാരനായ ഡ്രൈവർ എന്നെ ഫറോക്കിൽ എത്തിച്ചു തന്നു.

ഫറോക്കിൽ നിന്ന് കോഴിക്കോട്ടേക്ക് പോകാനായിരുന്നു എൻ്റെ പദ്ധതി. രാത്രി പതിനൊന്ന് മണിക്കുള്ള ലാസ്റ്റ് ബസ്സിൽ നാട്ടിലെത്താം എന്നായിരുന്നു കരുതിയത്. പെട്ടെന്നാണ് തിരുവോണ ദിവസമാണെന്നും ബസ് ഉണ്ടാകാൻ സാധ്യത കുറവാണ് എന്നും ഓർമ്മ വന്നത്. കൊണ്ടോട്ടിയിലേക്ക് പോയാലും നാട്ടിലേക്കുള്ള അവസാന ബസ് പിടിക്കാൻ കഴിയാത്തത്ര വൈകിയിരുന്നു. അതിനാൽ ഫറോക്ക് കോളജിനടുത്ത് താമസിക്കുന്ന അനിയൻ്റെ വീട്ടിലേക്ക് പോകണോ അതല്ല നല്ലളത്തുള്ള എളാമയുടെ വീട്ടിൽ പോകണോ എന്ന ചിന്തയായി. അവസാനം അത് രണ്ടും ഒഴിവാക്കി കൊണ്ടോട്ടിയിലെ സുഹൃത്തായ നൗഷാദിൻ്റെ വീട്ടിൽ തങ്ങാം എന്ന് ഞാൻ കരുതി.

അപ്പോഴാണ് വിരുന്നു പോയവരിൽ മൂത്ത മോൾ മാത്രം വീട്ടിൽ തിരിച്ചെത്തിയത്. താക്കോൽ സാധാരണ വയ്ക്കുന്നിടത്ത് കാണാത്തതിനാൽ അവൾ എന്നെ വിളിച്ചു. താക്കോൽ എൻ്റെ കയ്യിലായതിനാൽ വീട്ടിൽ തിരിച്ചെത്തൽ എനിക്ക് നിർബന്ധമായി. അപ്പോഴും നൗഷാദിൻ്റെ സേവനം തേടാം എന്ന് കരുതി ഞാൻ നൗഷാദിനെ വിളിച്ചു.

എൻ്റെ വീട്ടിലെ അതേ അവസ്ഥയായിരുന്നു അവൻ്റെ വീട്ടിലും. ഭാര്യയും മക്കളും വിരുന്നു പോയതിനാൽ ഒറ്റക്കായ അവൻ ഒരു സഹാദ്ധ്യാപകൻ്റെ വീട്ടിൽ പോകാൻ ഉദ്ദേശിച്ച് കൊണ്ടോട്ടിയിൽ എത്തിയ സമയത്താണ് എൻ്റെ വിളി അവനെ തേടി എത്തിയത്. എൻ്റെ അവസ്ഥ പറഞ്ഞപ്പോൾ, കിട്ടുന്ന ബസ്സിന് കൊണ്ടോട്ടി എത്തിയാൽ അരീക്കോട് എന്നെ എത്തിക്കുന്ന കാര്യം അവനേറ്റു എന്നറിയിച്ചു.

നൗഷാദിനെ ഞാൻ പരിചയപ്പെടുന്നത് 1987 ൽ പ്രീഡിഗ്രിക്ക് പി.എസ്.എം.ഒ കോളേജിൽ ചേർന്നപ്പോഴാണ്.പിന്നീട് ഡിഗ്രിക്കും ഞങ്ങൾ ഫാറൂഖ് കോളേജിൽ വ്യത്യസ്ത ബാച്ചുകളിലായി സൗഹൃദം തുടർന്നു. പഠന ശേഷം അവൻ ഗൾഫിലും ഞാൻ നാട്ടിലും ജോലിക്ക് കയറി. അപ്പോഴും ഞങ്ങളുടെ സൗഹൃദ ബന്ധം മുറിഞ്ഞില്ല. രണ്ട് പേരുടെയും കല്യാണ ശേഷം ഞങ്ങളുടെ ഭാര്യമാരും സൗഹൃദത്തിലായി. 

വീണ്ടും വർഷങ്ങൾ കഴിഞ്ഞപ്പോൾ ഊട്ടിയിലേക്ക് കുടുംബ സമേതം ഒരു ജീപ്പ് യാത്ര നടത്താൻ നൗഷാദ് എന്നെ ക്ഷണിച്ചു. അതിലും ഞങ്ങൾ പങ്കാളികളായി. ഇതിനിടയിൽ നൗഷാദിൻ്റെ അനിയത്തിയെ എൻ്റെ പ്രീഡിഗ്രി സുഹൃത്ത് വിവാഹം ചെയ്തു. പരസ്പര ഗൃഹ സന്ദർശനത്തിലൂടെ ഞങ്ങളുടെ കുടുംബം കൂടുതൽ കൂടുതൽ അടുത്തു. അവസാനം 2023 ൽ കുടുംബ സമേതം കാശ്മീരിലേക്ക് ഒരു യാത്ര പോകാൻ ഞാൻ തീരുമാനിച്ചപ്പോൾ നൗഷാദിനെയും ക്ഷണിച്ചു. അങ്ങനെ അവനും ഫാമിലിയും എൻ്റെ പ്രഥമ കാശ്മീർ യാത്രയിലും (click & Read)പങ്കാളികളായി.

ഫറോക്കിൽ നിന്നും കൊണ്ടോട്ടിയിൽ ഞാൻ എത്തുമ്പോൾ കാറുമായി നൗഷാദ് കാത്തിരിക്കുന്നുണ്ടായിരുന്നു. ഞാൻ വിളിക്കുമ്പോൾ സ്കൂട്ടർ ഉണ്ടെന്നായിരുന്നു അവൻ പറഞ്ഞത്. പക്ഷെ, മഴ സാധ്യതയും രാത്രി യാത്രയും രണ്ട് പേരുടെയും വയസ്സിന് അനുയോജ്യമല്ല എന്ന് പറഞ്ഞു കൊണ്ട് അവൻ വീട്ടിൽ പോയി കാറെടുത്ത് വന്നതായിരുന്നു ! അങ്ങനെ രാത്രി പതിനൊന്ന് മണിയോടെ ഞാൻ എൻ്റെ വീട്ടിലെത്തി.


അന്ന് വീട്ടിലേക്ക് തിരിച്ചു പോകേണ്ടതില്ലാത്തതിനാൽ നൗഷാദ് എൻ്റെ വീട്ടിൽ തന്നെ താമസിച്ചു. A Friend in need is a friend indeed എന്ന ഇംഗ്ലീഷ് ചൊല്ല് നൗഷാദ് അർത്ഥവത്താക്കി. ഓൺലൈൻ  സൗഹൃദങ്ങൾ വരുന്നതിന് എത്രയോ മുമ്പ് വാർത്തെടുത്ത ഇത്തരം ഓഫ്‌ലൈൻ  സൗഹൃദങ്ങളാണ് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ മുതൽക്കൂട്ടുകളിൽ ഒന്ന് എന്ന് ഞാൻ വിശ്വസിക്കുന്നു.

Wednesday, November 26, 2025

ഒരു കാശ്മീർ യാത്രയുടെ ഓർമ്മക്കായി...

എൻ്റെ കൂടെ പത്താം ക്ലാസ്സിൽ പഠിച്ചവരുടെ ഒരു കൂട്ടായ്മ രൂപീകരിച്ചത് 2019 ൽ ആണ്.പ്രഥമ സംഗമം കഴിഞ്ഞ് അഞ്ചു വർഷത്തിന് ശേഷം ഒരു സംഗമം കൂടി നടത്തി.കഴിഞ്ഞ ആറു വർഷമായി വിവിധതരം സാമൂഹ്യ സേവന പ്രവർത്തനങ്ങളും അവൈലബിൾ അംഗങ്ങളുടെ ഒത്തുചേരലുകളും യാത്രകളും എന്നു വേണ്ട, ഒരു പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മക്ക് വേണ്ടതായ എല്ലാ ചേരുവകളും നിറച്ച് ഈ കൂട്ടായ്മ മുന്നോട്ട് പോകുന്നു.

ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാൻ ആയ ഞാൻ തന്നെയാണ് നിലവിലുള്ള ചെയർമാനും.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എന്ന നിലയിൽ സാമൂഹ്യ സേവന രംഗത്തുള്ള പരിചയം ഗ്രൂപ്പിനെ നയിക്കാൻ എന്നെ ഏറെ സഹായിച്ചിട്ടുണ്ട്.ഒരു സഞ്ചാരി കൂടി ആയതിനാൽ ഗ്രൂപ്പിന്റെ കാസർഗോഡ്,വയനാട്,പാലക്കാട് യാത്രകൾ ആസൂത്രണം ചെയ്യാനും വിജയകരമായി പൂർത്തിയാക്കാനും എനിക്ക് സാധിച്ചിട്ടുണ്ട് എന്നാണ് എൻ്റെ വിശ്വാസം.ഈ പരിചയ സമ്പത്ത് തന്നെയായിരുന്നു സംസ്ഥാനത്തിന് പുറത്തേക്ക് ഒരു യാത്ര ആസൂത്രണം ചെയ്യാൻ ഗ്രൂപ്പ് അംഗങ്ങൾക്ക് പ്രേരകമായതിനും അതിന് എന്നെത്തന്നെ ചുമതലപ്പെടുത്തിയതിനും കാരണം.

സംസ്ഥാനം വിട്ടുള്ള ഞങ്ങളുടെ ആദ്യ യാത്ര ഭൂമിയിലെ സ്വർഗ്ഗമായ കാശ്മീരിലേക്കായിരുന്നു പ്ലാൻ ചെയ്തത്. മുമ്പ് മൂന്ന് തവണ സഞ്ചാരിയായി തന്നെ കാശ്മീരിൽ പോയി പരിചയമുള്ളതിനാൽ നേതൃത്വം നൽകാൻ എനിക്ക് യാതൊരു മടിയും തോന്നിയില്ല.പോകേണ്ട സമയവും കാണേണ്ട സ്ഥലങ്ങളും കയറേണ്ട വണ്ടികളും ഒരാൾക്ക് വരുന്ന ചെലവുകളും എല്ലാം നേരത്തെ തന്നെ അറിയിച്ചതിനാൽ പലരും ജീവിതത്തിലെ അദമ്യമായ ഒരാഗ്രഹം സഫലീകരിക്കാൻ തീരുമാനിച്ചിറങ്ങി.

Man proposes, God disposes എന്ന ചൊല്ല് അക്ഷരാർത്ഥത്തിൽ ശരി വയ്ക്കുന്നതായിരുന്നു ഞങ്ങളുടെ കാശ്മീർ യാത്രയും കാഴ്ചകളും അനുഭവങ്ങളും. മുന്നിൽ വന്ന പ്രശ്നങ്ങൾ നിഷ്പ്രയാസം പരിഹരിക്കാനും പ്രതീക്ഷിക്കാത്ത കാഴ്ചകൾ കാണാനും അനുഭവിക്കാനുമെല്ലാം, യാത്രക്കായി തെരഞ്ഞെടുത്ത ദിവസങ്ങൾ തികച്ചും അനുയോജ്യമായി എന്നത് ദൈവത്തിന്റെ കളികൾ തന്നെയാണ് എന്നാണ് എന്റെ വിശ്വാസം. പന്ത്രണ്ട് ദിവസം കഴിഞ്ഞു പോയത് അറിഞ്ഞില്ല എന്ന് മാത്രമല്ല തിരിച്ചെത്തി ഒന്നര മാസം പിന്നിട്ടിട്ടും കാശ്മീരിന്റെ ത്രില്ല് ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും ഒഴിഞ്ഞു പോകുന്നില്ല.

ഈ കാശ്മീർ യാത്രയിൽ എനിക്ക് നിരവധി സമ്മാനങ്ങൾ കാശ്മീരിൽ നിന്ന് തന്നെ കിട്ടിയിരുന്നു (നാലാം കാശ്മീർ യാത്രയുടെ പോസ്റ്റിൽ അത് വിവരിക്കാം).ബട്ട്, നാട്ടിൽ എത്തിയ ശേഷം തരാനായി എൻ്റെ സഹയാത്രികർ ഒരു സമ്മാനം ഞാനറിയാതെ കരുതി വെച്ചിരുന്നു. 

എൻ്റെ ഭാര്യ ഏറെ കാലമായി വാങ്ങണം എന്ന് മനസ്സിൽ കരുതിയതും മൂത്ത മകൾ ലുലു അവളുടെ ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതുമായ ഡബിൾ സൈഡ് ക്ലോക്ക് ആയിരുന്നു ഈ കാശ്മീർ യാത്രയുടെ ഓർമ്മക്കായി അവർ തന്നത്.യാത്രയുടെ ആസൂത്രണവും നടത്തിപ്പും മികവുറ്റതായി എന്ന് സാക്ഷ്യപ്പെടുത്തുന്ന പ്രസ്തുത സമ്മാനം ഞാൻ ഏറെ വിലമതിക്കുന്നു.കാരണം കുടുംബ യാത്രകളുടെ പ്ലാനുകൾ തയ്യാറാക്കി മാത്രം പരിചയമുള്ള എന്റെ ആദ്യ ശ്രമം തന്നെ സൂപ്പർ ഹിറ്റായി എന്നതിന്റെ സാക്ഷ്യപത്രമാണത്.

ഇത്തരം യാത്രകൾ ഇനിയും വേണം എന്നാണ് കൂട്ടുകാരുടെ എല്ലാം അഭിപ്രായം.യാത്രകൾ തുടരും,കഥകളും തുടരും.എനിക്ക് ഇങ്ങനെ ഒരവസരം ഒരുക്കിത്തന്ന എല്ലാ പ്രിയ സഹയാത്രികർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി.

Thursday, November 13, 2025

അമ്പഴങ്ങ മരം

മൂത്തുമ്മയുടെ പറമ്പിലെ ഒരു മരത്തിൽ നിന്ന് പറിക്കുന്ന പച്ചിലകൾ തിന്നുന്നത് കുട്ടിക്കാലത്ത് ഞങ്ങളുടെ ഒരു ശീലമായിരുന്നു. അധികം ശാഖകളില്ലാത്തതിനാൽ ആ മരത്തിൽ കയറാൻ അത്ര എളുപ്പമായിരുന്നില്ല. അതിനാൽ കല്ലെടുത്ത് എറിഞ്ഞോ വടി കൊണ്ട് അടിച്ചു വീഴ്ത്തിയോ ആയിരുന്നു ഇലകൾ ശേഖരിച്ചിരുന്നത്. പുളി രസമുള്ള പരന്ന ആ ഇലകൾ തിന്നുന്നത് നല്ലതല്ല എന്നത് കൊണ്ടാണോ അതല്ല ഇല മൊത്തം തല്ലി വീഴ്ത്തി മരം നശിപ്പിക്കും എന്നതിനാലാണോ അതല്ല കല്ലേറു കൊണ്ട് സമീപത്തെ ആലയുടെ മേൽക്കൂര തകരുന്നതിനാലോ എന്നറിയില്ല മൂത്തുമ്മയോ മൂത്താപ്പയോ കണ്ടാൽ ഞങ്ങൾക്ക് വഴക്ക് കേൾക്കുമായിരുന്നു.

അമ്പഴങ്ങയുടെ മരമായിരുന്നു പ്രസ്തുത മരം. എന്നാൽ അമ്പഴങ്ങ അതിൽ ഉണ്ടായതായി ഞങ്ങൾ കണ്ടിട്ടേ ഇല്ല. അതിനാൽ തന്നെ "ആനവായിൽ അമ്പഴങ്ങ" എന്ന് കേട്ടതല്ലാതെ അമ്പഴങ്ങയുമായി ഞങ്ങൾക്കുണ്ടായിരുന്നത് ഈ ഇലതീറ്റ ബന്ധം മാത്രമായിരുന്നു. കാലചക്രത്തിൻ്റെ കറക്കത്തിൽ ഞങ്ങളെല്ലാം മുതിർന്നപ്പോൾ അമ്പഴങ്ങയും പരിസരവും ഞങ്ങൾ മറന്നു. പിന്നീടെപ്പഴോ ആ മരവും കാണാതായി.

അമ്പഴങ്ങ വീണ്ടും ജീവിതത്തിലേക്ക് കടന്നു വന്നത് എൻ്റെ അനിയൻ്റെ പറമ്പിൽ അതിൻ്റെ മരം വളർന്ന് വന്ന് അതിൻ്റെ ഇല ഞങ്ങളുടെ പെൺമക്കൾ തിന്നാൻ തുടങ്ങിയപ്പോഴാണ്. അമ്പഴത്തിൻ്റെ കമ്പ് എവിടെ നിന്നോ കൊണ്ട് വന്ന് നട്ടതായതിനാൽ ഈ മരവും സാമാന്യം തടിയുള്ളതും കയറിപ്പറ്റാൻ പറ്റാത്തതുമായിരുന്നു. പുതിയ ഇലതീനികൾ പെൺകുട്ടികൾ ആയതിനാൽ ഞങ്ങളെപ്പോലെ എറിഞ്ഞും തൊഴിച്ചും മരത്തെ വേദനിപ്പിക്കാത്തത് കാരണമാകാം ഈ അമ്പഴമരത്തിൽ ധാരാളം അമ്പഴം ഉണ്ടാകാറുണ്ട്.മൂപ്പിൻ്റെ കാര്യത്തിൽ നിശ്ചയം ഇല്ലാത്തതിനാൽ ഉള്ളിൽ ചകിരി നിറഞ്ഞിട്ടേ പലപ്പോഴും അമ്പഴങ്ങ പറിക്കാറുള്ളൂ എന്ന് മാത്രം.

അങ്ങനെ കാലം മുന്നോട്ടു ഗമിക്കവെയാണ് എൻ്റെ ഭാര്യയുടെ കണ്ണിൽ ഒരു അമ്പഴമരം പെട്ടത്. ഭാര്യയുടെ ജ്യേഷ്ഠത്തിയുടെ വീട്ടു വളപ്പിലെ ആ മരത്തിൻ്റെ ചരിത്രവും ഭൂമിശാസ്ത്രവും രാസ-ഭൗതിക ഗുണഗണങ്ങളും എല്ലാം അവൾ മനസ്സിലാക്കി. മരം ഞാൻ കണ്ടിട്ടില്ല എങ്കിലും അവളുടെ വർണ്ണനയിൽ നിന്ന് ഉയരം കുറഞ്ഞ് അമ്പഴങ്ങ കുലകളായി തൂങ്ങി നിൽക്കുന്ന ഒരു അമ്പഴങ്ങമരം എൻ്റെ മനസ്സിലും മുളച്ച് വന്നു. എങ്കിലും, ഒരു കടി കടിച്ചാൽ പല്ല് പുളിക്കുന്ന അമ്പഴങ്ങ എൻ്റെ ഹൃദയത്തിൽ ചേക്കേറിയില്ല.

നാളുകൾ പിന്നെയും കടന്നു പോയി. ഒരേ ബർത്ത് ഡേറ്റുള്ള രണ്ട് മക്കളുടെ ബർത്ഡേ മരം വയ്ക്കാൻ പദ്ധതി ഇട്ടു കൊണ്ട് ഒരു തൈ വാങ്ങാൻ ഞാൻ പുറപ്പെടുന്നത് അവളുടെ ഇൻ്റലിജൻസ് സംവിധാനം എങ്ങനെയോ മണത്തറിഞ്ഞു. പുളിക്കുന്ന അമ്പഴങ്ങ വാങ്ങാൻ ഞാൻ കൂട്ടാക്കില്ല എന്നതിനാൽ പുതിയ ഒരു തൈ ആയിരുന്നു അവളുടെ ആവശ്യം - സ്വീറ്റ് അമ്പഴങ്ങ.

അങ്ങനെ ഈ വർഷത്തെ അവളുടെ ജന്മദിനവും ഞങ്ങളുടെ വിവാഹ വാർഷികവും പ്രമാണിച്ച് ഒരു മധുര അമ്പഴങ്ങ മരം എൻ്റെ വീട്ടു വളപ്പിൽ സ്ഥാനം പിടിച്ചു. എൻ്റെ മധുരക്കട്ടേ എന്ന് അവളെ വിളിക്കുന്നതിന് പകരം എൻ്റെ അമ്പഴങ്ങേ എന്ന് വിളിക്കാൻ ഈ മരത്തിൽ അമ്പഴങ്ങ ഉണ്ടാകുന്നതും കാത്തിരിക്കുകയാണ് ഞാൻ.അഥവാ പുളിയൻ അമ്പഴങ്ങയാണ് ഫലമെങ്കിൽ ഒരു കുമ്പളങ്ങ വള്ളി അങ്ങ് മരത്തിൽ കയറ്റി വിടാം എന്നും കരുതുന്നു.

Monday, November 10, 2025

സൗഹൃദം പൂക്കുന്ന വഴികൾ - 30

1987 ലെ എസ്.എസ്.സി പരീക്ഷ എന്ന മഹാസംഭവം കഴിഞ്ഞ്,അന്നത്തെ ഞങ്ങളുടെ പാഠപുസ്തകങ്ങൾ പോലെയുള്ള ഒരു ഗമണ്ടൻ എസ്.എസ്.സി ബുക്കും അത്ര തന്നെ വലിപ്പമുള്ള മാർക്കും കൊണ്ടാണ് ഞാൻ പ്രീഡിഗ്രിക്ക് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ ചേർന്നത്.വീട്ടിൽ നിന്ന് വെറും അമ്പത് മിനുട്ട് കൊണ്ട് എത്താവുന്ന ദൂരത്തിലായിരുന്നു കോളേജ്.എന്നിട്ടും ഉപ്പ എന്നെ ഹോസ്റ്റലിൽ ചേർത്തു.അത് വളരെ നന്നായി എന്ന് വളരെക്കാലം കഴിഞ്ഞ് എനിക്ക് മനസ്സിലായി.

ഹോസ്റ്റലിൽ ആദ്യ വർഷം എൻ്റെ റൂം മേറ്റ്സ് ആരൊക്കെയായിരുന്നു എന്ന് ഓർമ്മയില്ല.രണ്ടാം വർഷമാണ് ചാവക്കാട്ടുകാരനായ അഷ്‌റഫ് എൻ്റെ റൂം മേറ്റ് ആയി വന്നത്.ഞാൻ സെക്കൻഡ് ഗ്രൂപ്പ് മോർണിംഗ് ബാച്ചിലും അവൻ സെക്കൻഡ് ഗ്രൂപ്പ് ഈവനിംഗ് ബാച്ചിലും ആയിരുന്നു.പ്രീഡിഗ്രി കഴിഞ്ഞ് ഡിഗ്രിക്ക് ഞാൻ ഫാറൂഖ് കോളേജിലും അഷ്‌റഫ് എം.ഇ.എസ്.പൊന്നാനി കോളേജിലും ചേർന്നു.അവൻ കൊടൈക്കനാലിൽ ടൂർ പോയപ്പോൾ ഒരു കാർഡിൽ “ഈ കത്തെഴുതുന്നത് കൊടൈക്കനാലിൽ നിന്ന്” എന്ന് എഴുതി വിട്ടതിന് ‘പ്രതികാരം’ എന്ന നിലയിൽ എൻ്റെ ആദ്യ താജ്മഹൽ സന്ദർശന വേളയിൽ ഞാൻ തിരിച്ച് അവനും ഒരു കാർഡ് എഴുതി ‘ഇത് എഴുതുന്നത് ലോകാൽഭുതങ്ങളിൽ ഒന്നായ താജ്മഹലിന്റെ മുമ്പിൽ നിന്ന്’ !

വർഷങ്ങൾക്ക് ശേഷം, 2009 ൽ പഴയ പ്രീഡിഗ്രിക്കാർ കുടുംബ സമേതം കോഴിക്കോട് ഒത്തുകൂടിയപ്പോഴാണ് അഷ്‌റഫിനെ വീണ്ടും കണ്ടുമുട്ടുന്നത്.മേൽ പറഞ്ഞപോലെ വല്ലപ്പോഴും അയക്കുന്ന കത്ത് മാത്രമായിരുന്നു അതുവരെ ഉണ്ടായിരുന്ന നൂൽ ബന്ധം.പക്ഷേ,ഈ സംഗമത്തിന് ശേഷം പലപ്പോഴായി പല സ്ഥലത്തും ഞങ്ങൾ ഒത്തുകൂടി.പല സ്ഥലത്തും ജോലി നോക്കിയ ശേഷം അഷ്‌റഫ് ബാംഗ്ലൂരിൽ ഫ്ലാറ്റ് സ്വന്തമാക്കി അവിടെ ജോലിയും താമസവും തുടങ്ങി.

2015 ൽ, പതിവ് പോലെയുള്ള കുടുംബ യാത്ര ബാംഗ്ലൂരിലേക്കായിരുന്നു ഞങ്ങൾ തീരുമാനിച്ചത്.മുൻ പരിചയമില്ലാത്ത നഗരമായതിനാൽ ഞാൻ അഷ്‌റഫിന്റെ സഹായം തേടി.കുടുംബം നാട്ടിലാണെന്നും ഫ്ലാറ്റ് ഒഴിവാണെന്നും താമസം അവിടെയാക്കാമെന്നും അവൻ പറഞ്ഞപ്പോൾ പിന്നെ ഞാൻ എതിര് പറഞ്ഞില്ല.ഞങ്ങൾക്ക് വേണ്ടി താക്കോൽ അയൽപക്കത്ത് ഏല്പിച്ച് പോയ അവൻ ജോലി കഴിഞ്ഞ് രാത്രി തിരിച്ചെത്തുമ്പോൾ ഞങ്ങൾക്കുള്ള ഭക്ഷണം കൂടി കൊണ്ട് വന്നിരുന്നു.ബാംഗ്ലൂരിലെ വിവിധ കാഴ്ചകൾ കാണിക്കാനായി ജോലിത്തിരക്ക് മാറ്റിവച്ച് അവൻ ഞങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്നു.അന്ന് ഒരു മുന്തിരിത്തോട്ടത്തിൽ ഞങ്ങളെ അവൻ കൊണ്ടുപോയ അനുഭവമാണ് വീട്ടിൽ ഒരു മുന്തിരി വള്ളി നടാൻ എനിക്ക് പ്രചോദനം നൽകിയത്.

ബാംഗ്ലൂർ ഫ്ലാറ്റിലെ താമസം മക്കൾക്കും പുതിയൊരു അനുഭവമായിരുന്നു.അതിനു ശേഷം എൻ്റെ ഫാമിലിക്കും അഷ്‌റഫ് സുപരിചിതനായി. കഴിഞ്ഞ വർഷം ചാവക്കാട് മറൈൻ വേൾഡ് അക്വേറിയം കാണാൻ പോയപ്പോഴും അതിന്റെ വിശദ വിവരങ്ങൾ ആരായാൻ ഞാൻ അഷ്റഫിനെയാണ് ആശ്രയിച്ചത്. 

ഇക്കഴിഞ്ഞ ഒക്ടോബർ ഒന്നിന് കാശ്മീർ യാത്ര പുറപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു ഞാൻ. എൻ്റെ ജയ്പൂർ സന്ദർശന വേളയിൽ എനിക്ക് താമസ സൗകര്യം ഒരുക്കിത്തന്ന രാജസ്ഥാനി കുടുംബം അന്ന് രാവിലെ എൻ്റെ വീട്ടിൽ വരുന്ന വിവരം അറിയിച്ചിരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി അഷ്റഫിൻ്റെ വിളി വന്നത്.

"ആബിദേ, നീ നാട്ടിലുണ്ടോ?" എൻ്റെ സഞ്ചാര കൗതുകം അറിയുന്ന അഷ്റഫ് ചോദിച്ചു.

"ഇപ്പോൾ വീട്ടിലുണ്ട്... പന്ത്രണ്ട് മണിയോടെ വിടും" ഞാൻ മറുപടി പറഞ്ഞു.

"എങ്ങോട്ടാ ?"

"കാശ്മീരിലേക്ക് ...."

"ങാ...അവധി കിട്ടിയാൽ നീ സ്ഥലം വിടും എന്നറിയുന്നതോണ്ടാ ചോദിച്ചത്.."

"ആട്ടെ ... നീ ഈ പരിസരത്ത് എവിടേലും ഉണ്ടോ?" ഞാൻ തിരിച്ചു ചോദിച്ചു.

"ങാ... വന്നു കൊണ്ടിരിക്കുന്നു... കക്കാടംപൊയിലിലേക്ക്..."

"ആഹാ... ആരൊക്കെയുണ്ട്?"

"ഞാനും ഫാമിലിയും അളിയനും ഉമ്മയും.."

പെട്ടെന്ന് എനിക്ക് ഒരു വ്യസനം തോന്നി. പത്തോളം പേരടങ്ങുന്ന ഒരു ഫാമിലി അൽപ സമയത്തിനകം വീട്ടിലെത്തും. അതേ സമയത്ത് തന്നെ എനിക്ക് ധാരാളം സൗകര്യങ്ങൾ ഒരുക്കിത്തന്ന അഷ്റഫും ഫാമിലിയും എൻ്റെ നാട്ടിലും എത്തും. അവരെയും ക്ഷണിക്കാതിരിക്കാൻ വയ്യ. കാശ്മീർ യാത്രക്കുളള സാധനങ്ങൾ ഒരുക്കാൻ ഇനിയും കിടക്കുകയും ചെയ്യുന്നു. അവസാനം രണ്ടും കൽപിച്ച് ഞാൻ പറഞ്ഞു

"എങ്കിൽ നീ ഇവിടെ കയറിയിട്ട് പോയാൽ മതി "

അഷ്റഫ് പല ഒഴിവ് കഴിവുകൾ പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല. അങ്ങനെ  ആദ്യം അഷ്റഫും അൽപം കഴിഞ്ഞ് അവനെത്തിരഞ്ഞ് അവൻ്റെ മോളും എൻ്റെ വീട്ടിലെത്തി. ഏതാനും മിനുട്ടുകൾ മാത്രമേ ചെലവഴിച്ചുള്ളൂ എങ്കിലും എനിക്ക് ഒരാശ്വാസം തോന്നി. കുടുംബ സമേതം മറ്റൊരിക്കൽ വരണം എന്ന് സ്നേഹപൂർവ്വം ശാസന നൽകി ഞാനവനെ യാത്രയാക്കി.

"Friendship is most enjoyable when it is refreshed " എന്ന് പറഞ്ഞത് മറ്റാരുമല്ല, ഞാൻ തന്നെയാണ്.