ഇലക്ഷൻ ഡ്യൂട്ടി കിട്ടുമ്പോൾ തന്നെ പലർക്കും ചങ്കിടിപ്പ് ക്രമാതീതമായി ഉയരും. പക്ഷെ ഇത്തവണ റിസർവ് ആയതിനാൽ എനിക്ക് ചെറിയൊരു സന്തോഷം തോന്നി - പലരും പറഞ്ഞ് മാത്രം അറിഞ്ഞ റിസർവ് അനുഭവങ്ങൾ അറിയാൻ സാധിക്കുന്നതിലുള്ള സന്തോഷം.
രാവിലെ വീട്ടിൽ നിന്നിറങ്ങിയത് തന്നെ എട്ടു മണിക്കാണ്. ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ജോലികൾക്കെല്ലാം എട്ടു മണിക്ക് വിതരണ കേന്ദ്രത്തിൽ എത്തണം എന്നായിരുന്നു വാറണ്ട് എങ്കിൽ, ഇത്തവണ സമയത്തിന്റെ നേരെ ശൂന്യമായിരുന്നു കണ്ടത്. അങ്ങനെ ഞാൻ റിപ്പോർട്ട് ചെയ്തത് പത്തര മണിക്കായിരുന്നു.
റിസർവ്വ് ബെഞ്ചിൽ ഒരു പട തന്നെ ഉണ്ടായിരുന്നതിനാൽ പണി കിട്ടും എന്നുറപ്പില്ലായിരുന്നു.പക്ഷെ അക്ഷരമാലാ ക്രമത്തിൽ എന്റെ പേര് ആദ്യം തന്നെ വരും എന്നതിനാൽ പണി കിട്ടും എന്നുറപ്പിച്ചിരുന്നു.ഡ്യൂട്ടി കാൻസൽ ചെയ്യാൻ മുൻപന്തിയിൽ ഉണ്ടായിരുന്നത് സ്ത്രീകൾ ആയതിനാൽ റിസർവ് ബെഞ്ച് വേഗത്തിൽ കാലിയാകുന്നതും അവിടെ ആയിരുന്നു. പുരുഷ കേസരികൾ പലരും പേര് വിളിച്ചാലും അനങ്ങാതിരിക്കാൻ പരിശീലനം നേടിയവരും ആയിരുന്നു.
വിവിധ സമയങ്ങളിലായിട്ടായിരുന്നു ഇത്തവണ പോളിങ് സാമഗ്രികളുടെ വിതരണം. കൗണ്ടർ കാലിയാകുന്നതിനനുസരിച്ച് പിന്നിൽ നിന്നും ദീർഘശ്വാസങ്ങൾ ഉയർന്നു.ഒരു കൗണ്ടറിൽ സാമഗ്രികളടങ്ങിയ സഞ്ചി കുറെ നേരം ശേഷിച്ചത് ചിലരുടെ ഹൃദയമിടിപ്പും കൂട്ടി. എങ്കിലും പന്ത്രണ്ടരയോടെ എല്ലാവരും റിപ്പോർട്ട് ചെയ്ത് സാമഗ്രികളുമായി സ്ഥലം വിട്ടു. വൈകിട്ട് 4 മണി വരെ ഞങ്ങൾ എല്ലാവരും അവിടെ തന്നെ കയറില്ലാതെ കെട്ടിയിടപ്പെട്ടു .
തൊട്ടപ്പുറത്തെ റിട്ടേണിംഗ് ഓഫീസർ പിറ്റേ ദിവസം വെറും പത്ത് പേര് മാത്രം വന്നാൽ മതി എന്നറിയിച്ച് ബാക്കിയുള്ളവർക്ക് റമ്യൂണറേഷനും നൽകിയത് ഇവിടെ ചില കുശുകുശുക്കലുകൾ ഉണ്ടാക്കിയെങ്കിലും അത് വില പോയില്ല. പിറ്റേ ദിവസം രാവിലെ ഏഴു മണിക്ക് എല്ലാവരും ഹാജരാകണം എന്ന നിർദ്ദേശത്തോടെ ഞങ്ങളെ അന്നത്തേക്ക് സ്വതന്ത്രരാക്കി.
ഇലക്ഷൻ ദിവസമായതിനാൽ ബസ്സുകൾ അപൂർവ്വമായേ സർവീസ് നടത്തിയിരുന്നുള്ളു. തലേ ദിവസം തന്നെ ഞാനത് സൂചിപ്പിച്ചതിനാൽ വൈകി വരാനുള്ള ഒരു മൗനാനുവാദം എനിക്കുണ്ടായിരുന്നു. എങ്കിലും ഞാൻ നേരത്തെ വീട്ടിൽ നിന്നിറങ്ങി. പക്ഷെ കിട്ടിയത് തലേ ദിവസത്തെ സമയത്ത് തന്നെയുള്ള ബസ്സായതിനാൽ വിതരണ കേന്ദ്രത്തിൽ എത്തിയത് പത്ത് മണിക്കായിരുന്നു. ഒപ്പ് ചാർത്തി അവിടെ ഉണ്ടായിരുന്ന കൂട്ടത്തിൽ ഞാനും അലിഞ്ഞ് ചേർന്നു.
അന്താരാഷ്‌ട്ര നിലവാരത്തിലുള്ള നടക്കാവ് ഗേൾസ് സ്‌കൂളായിരുന്നു ഞങ്ങളുടെ വിതരണ കേന്ദ്രം. മൂന്ന് പോളിങ് ബൂത്തുകളും അവിടെ ഉണ്ടായിരുന്നതിനാൽ സമയം കടന്നു പോകാൻ പ്രയാസം തോന്നിയില്ല. സ്‌കൂളിന്റെ സൗകര്യങ്ങൾ അടുത്തറിയാൻ ഞാനും സഹപ്രവർത്തകരായ സുജിത്ത് സാറും വിനോദ് മാഷും ഒന്ന് കറങ്ങി നോക്കാൻ തീരുമാനിച്ചു. അങ്ങനെ സൊറ പറഞ്ഞിരിക്കുന്നതിനിടെയിൽ 12 മണിക്ക് സുജിത് സാറിന് ഉടൻ റിപ്പോർട്ട് ചെയ്യാനുള്ള വിളി വന്നു. അല്പം വിഷമത്തോടെ സാറ് എണീറ്റു നടന്നപ്പോൾ ഞങ്ങളും വെറുതെ പിന്നാലെ പോയി.
വന്നവർക്കെല്ലാം കാത്തിരുപ്പ് കൂലി നൽകാനുള്ള വിളിയായിരുന്നു അത് !! ഇലക്ഷൻ ക്ലാസ് , രണ്ട് ദിവസത്തെ ചുമ്മാ ഇരുത്തം എന്നിവക്കായി മൊത്തം 1500 രൂപ തന്ന ശേഷം, അടുത്തുള്ള ഏതാനും പേരൊഴികെ ബാക്കിയുള്ളവരോട് സ്ഥലം കാലിയാക്കാനും നിർദ്ദേശം കിട്ടി. തൊട്ടപ്പുറത്തെ റിട്ടേണിംഗ് ഓഫീസറുടെ കീഴിലുള്ളവർക്ക് വൈകിട്ട് നാല് മണിക്കേ കൂലി നൽകു എന്നറിഞ്ഞപ്പോൾ ഇന്നലെ ഉണ്ടായിരുന്ന നീരസം നീരാവിയായി പോയി.
അങ്ങനെ ആ ഡ്യൂട്ടിയും വിജയകരമായി അവസാനിച്ചു. രണ്ട് ദിവസം കാത്തിരുപ്പ് ജോലി. ആരെങ്കിലും വീണാൽ , തല കറങ്ങിയാൽ, മറ്റെന്തെങ്കിലും സംഭവിച്ചാൽ പകരക്കാരനായി കയറാൻ ഊഴം കാത്ത് നിന്നെങ്കിലും അതൊന്നും സംഭവിച്ചില്ല.വൈകിട്ട് നാലര മണിയോടെ ഞാൻ വീട്ടിൽ തിരിച്ചെത്തി. ഒരു ഇലക്ഷൻ ഡ്യൂട്ടി മുഴുവനാക്കി പോളിങ് സമയം അവസാനിക്കുന്നതിന് മുന്നേ വീട്ടിലെത്താൻ സാധിച്ചത് എന്റെ ഔദ്യോഗിക ജീവിതത്തിൽ ആദ്യമാണ്.