ഒരു ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് ഉദ്യോഗസ്ഥനാകാൻ ആദ്യമായി യോഗമുണ്ടായത് 2021 ലാണ്. കോഴിക്കോട് നിന്നും പാലക്കാട് ശ്രീകൃഷ്ണപുരത്തേക്ക് സ്ഥലം മാറ്റം കിട്ടിയ ഉടൻ ജില്ലാ പഞ്ചായത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയായിരുന്നു ഈ അപൂർവ്വ അവസരം ലഭിച്ചത്. എന്നാൽ ഇന്നേ വരെ ഒരു ഉപതെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കാൻ അവസരം ലഭിച്ചതായി എൻ്റെ ഓർമ്മയിൽ ഇല്ല. നവംബർ 13 ബുധനാഴ്ച വയനാട് ലോകസഭാ മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പിലൂടെ അതിനും ഇപ്പോൾ അവസരം ഒത്തു വന്നിരിക്കുകയാണ്.
ഇതിലെല്ലാം ഉപരി ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് പോലെ തന്നെ അന്തർദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു തെരഞ്ഞെടുപ്പാണ് ഈ മണ്ഡലത്തിൽ നടക്കാൻ പോകുന്നത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മകൾ പ്രിയങ്കാ ഗാന്ധി ചരിത്രത്തിലാദ്യമായി പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്നതാണ് ഈ മണ്ഡലത്തിലേക്ക് ദേശീയ-അന്തർദേശീയ ശ്രദ്ധ തിരിയാൻ കാരണം. രാജീവ് ഗാന്ധിയുടെ രണ്ട് മക്കളും പ്രതിനിധീകരിച്ച മണ്ഡലം എന്ന അപൂർവ്വ റിക്കാർഡിന് വയനാട് മണ്ഡലം ഒരുങ്ങുകയാണ്. ഒരു പക്ഷെ റായ്ബറേലിയോ അമേഠിയോ ഏതെങ്കിലും കാലത്ത് ഈ പദവി അലങ്കരിച്ചേക്കാം.
2019-ൽ രാഹുൽ ഗാന്ധി വയനാട്ടിൽ ആദ്യമായി മത്സരിക്കാനെത്തിയപ്പോൾ താര പ്രചാരകയായി പ്രിയങ്ക ഗാന്ഡിയും എൻ്റെ നാടായ അരീക്കോട് എത്തിയിരുന്നു. ഇത്തവണ പ്രിയങ്കക്ക് വേണ്ടി രാഹുൽ ഗാന്ധിയും ഞങ്ങളുടെ ഗ്രാമത്തിൽ പ്രചാരണത്തിനെത്തി.
ഇങ്ങനെ ഒരു പോസ്റ്റർ എൻ്റെ നാട്ടിൽ എത്തും എന്ന് സ്വപ്നത്തിൽ പോലും ഞങ്ങളാരും പ്രതീക്ഷിച്ചതല്ല. അതേ പോലെ നെഹ്റു കുടുംബത്തിലെ രണ്ട് പേർ ഈ നാട്ടിൽ നിന്ന് പാർലമെൻ്റിലേക്ക് മത്സരിച്ചിരുന്നു എന്ന് എൻ്റെ മക്കൾ അവരുടെ മക്കളോട് പറയുമ്പോൾ ഒരു പക്ഷേ അവർക്കത് വിശ്വസിക്കാൻ പോലും പ്രയാസമായിരിക്കും.
ഇടതുപക്ഷ സ്ഥാനാർത്ഥിയായി ശ്രീ.സത്യൻ മൊകേരിയും ബി.ജെ.പി സ്ഥാനാർത്ഥിയായി നവ്യ ഹരിദാസും ഉണ്ടെങ്കിലും പ്രചാരണത്തിൽ ഒരു ചൂടും അനുഭവപ്പെടുന്നില്ല. ഇലക്ഷൻ ഡ്യൂട്ടി ഇല്ലാത്തതിനാൽ ഇത്തവണയും ബൂത്തിൽ നേരിട്ട് പോയി വോട്ട് ചെയ്യാം എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.