എൽ.പി സ്കൂളിലെ ഏതോ ക്ലാസ്സിലെ
കോപ്പി ബുക്കിലെ രണ്ട് വര്യ്ക്കുള്ളിൽ എഴുതിയ വരികളാണ് ഈ പോസ്റ്റിന്റെ തലക്കെട്ട്.
അതെന്താണെന്ന് അന്ന് മനസ്സിലായിരുന്നില്ല എങ്കിലും കാലം കഴിഞ്ഞ് അത് ബോധ്യമായി.വിവിധതരം
വിദ്യകൾ നേടിയത് സ്കൂളിലും കോളേജിലും പോയിട്ട് മാത്രമല്ല , ജീവിതത്തിലെ അനുഭവങ്ങളിൽ
നിന്ന് കൂടിയായിരുന്നു.
ക്ലാസിൽ പോയി ഇരുന്ന്
പഠിക്കുന്നത് ഇന്നത്തെകാലത്ത് പലർക്കും സാധിക്കണം എന്നില്ല.വിദ്യ നേടാൻ ആഗ്രഹിക്കുന്ന
ഒരു വീട്ടമ്മക്ക് തന്റെ വീട്ടിലെ കലാപരിപാടികൾ കഴിഞ്ഞ് ക്ലാസ്സിൽ കയറി ഇരിക്കാൻ സാധ്യമായെന്ന്
വരില്ല.അതേ പോലെ എന്തെങ്കിലും ജോലി ചെയ്യുന്ന ഒരാൾക്ക് അയാളുടെ ജോലി സമയത്ത് അതൊഴിവാക്കി
ക്ലാസ്സിൽ ഇരിക്കാൻ സാധിക്കണം എന്നില്ല.ഇത്തരക്കാർക്ക് ആശ്വാസമായിട്ടാണ് വിവിധ സർവ്വകലാശാലകൾ
വിദൂരവിദ്യാഭ്യാസവും സായാഹ്ന കോഴ്സുകളും മറ്റും എല്ലാം നടത്തുന്നത്.
ഫിസിക്സിൽ നല്ല മാർക്കോടെ ഡിഗ്രി കഴിഞ്ഞ് പി.ജിക്ക് പ്രവേശനം
കിട്ടാതെ ഇരിക്കുമ്പോഴാണ് പി.ജി.ഡി.സി.എ യിലൂടെ ഞാൻ കമ്പ്യൂട്ടർ രംഗത്തേക്ക് പ്രവേശിച്ചത്.അന്ന്
കൂടെ പഠിച്ചിരുന്ന ശബീർ (ഇന്ന് ഐ.എച്.ആർ.ഡി കോളേജ് , പെരിന്തൽമണ്ണ പ്രിൻസിപ്പാൾ) പറഞ്ഞാണ്
ഡിപ്ലോമ ഇൻ ഹിന്ദി എന്ന കോഴ്സിനോ അല്ലെങ്കിൽ ഡിപ്ലോമ ഇൻ റെയിൽ ട്രാൻസ്പോർട്ട് മാനേജ്മെന്റ്
എന്ന കോഴ്സിനോ ( ഏതെന്ന് കൃത്യമായി ഓർമ്മയില്ല - കറസ്പോണ്ടൻസ് ആയി ഈ രണ്ട് കോഴ്സും
ഞാൻ മുഴുവനാക്കി ) ഞാൻ ചേർന്നത് . റഗുലർ ആയി ബി.എഡും കൊല്ലങ്ങൾ കഴിഞ്ഞ് ഫിസിക്സിൽ പി.ജിയും
ചെയ്തു.
പഠന വിഷയങ്ങളിലെ വൈവിധ്യങ്ങൾ
തേടി അലഞ്ഞ എന്റെ മുമ്പിൽ അടുത്ത കോഴ്സ് ആയി വന്നത് സർട്ടിഫിക്കറ്റ് ഇൻ ഉർദു സ്ക്രിപ്റ്റ്
ആയിരുന്നു. അതും ഭംഗിയായി പൂർത്തിയാക്കി. ഒരു
പി.ജി ഉണ്ടായിരുന്നിട്ടും ഒന്ന് കൂടി ആവട്ടെ എന്ന് കരുതി അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ
നിന്ന് എം.എച്.ആർ.എം കൂടി കരസ്ഥമാക്കി.അവിടെ തന്നെ പി.ജി ഡിപ്ലോമ ഇൻ അഡ്വെർടൈസിംഗിന്
ചേർന്നെങ്കിലും അത് മുഴുവനാക്കാൻ സാധിച്ചില്ല.ഈ വർഷം അതിന്റെ പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്നു.
ഒരു ഡോക്ടറേറ്റ് കൂടി
നേടുക എന്നതായിരുന്നു പിന്നീട് എന്റെ ചിന്ത.അത് എന്റെ ഇഷ്ടവിഷയമായ ഫിസിക്സിൽ തന്നെയാകട്ടെ
എന്ന് കരുതി പാർട് ടൈം പി.എച്.ഡി ഓഫർ ചെയ്യുന്ന യൂണിവേഴ്സിറ്റികൾക്കായി ഒരു പാട് അന്വേഷിച്ചു.പക്ഷേ
ഉത്തരം കിട്ടിയില്ല.ഇന്ന് നെറ്റിലൂടെ അവ ലഭ്യമാണ്, പക്ഷേ ചേരാൻ ഒടുക്കത്തെ ഫീസും! ഫിസിക്സിൽ
സാധ്യമല്ലെങ്കിൽ എച്.ആർ.എം-ൽ ചെയ്യാം എന്ന് കരുതി സെർച് ചെയതപ്പോൾ എവിടേയും കണ്ടില്ല.ആർക്കെങ്കിലും
അറിയുമെങ്കിൽ പറഞ്ഞ്തരാൻ അപേക്ഷ.
അങ്ങനെ ഇരിക്ക്മ്പോഴാണ്
ബി.എസ്.സിയും ബി.എഡും കഴിഞ്ഞ ഭാര്യക്കും ഒരു പി.ജി മോഹം വന്നത്.സയൻസ് സബ്ജക്ടിൽ വിദൂര
വിദ്യാഭ്യാസം വഴി പി.ജി ചെയ്യുന്നത് ഉത്തമമല്ല എന്നതിനാൽ, ഞാൻ അവളുടെ വിഷയമായ സുവോളജി
വിടാൻ ഉപദേശിച്ചു.പിന്നെ വേറെ ഏത് എന്ന ചോദ്യത്തിന് ഉത്തരമായി എത്തിയത് അപ്ലൈഡ് സൈക്കോളജിയിൽ
ആയിരുന്നു.കാരണം ബി.എഡിൽ സൈക്കോളജി അല്പം പഠിച്ചിട്ടുണ്ട് എന്ന് മാത്രമല്ല ചുറ്റുമുള്ള
നിരീക്ഷണത്തിലൂടെ തന്നെ ധാരാളം പഠിക്കാൻ സാധിക്കും എന്നതിനും പുറമേ ക്ലാസ്സും പ്രാക്ടിക്കലും
പരീക്ഷയും എല്ലാം കോഴിക്കോട് തന്നെ എന്നതും അതിൽ ഉറപ്പിച്ചു.
അങ്ങനെയെങ്കിൽ എന്തുകൊണ്ട്
ഒരു പി.ജി കൂടി എടുത്തുകൂടാ എന്ന ചോദ്യം എന്റെ മനസ്സിലും കയറി.അങ്ങനെ ഞാനും അതേ കോഴ്സിന്
ചേരാൻ തീരുമാനിച്ചു!അതേ,ലോക ചരിത്രത്തിൽ ഒരു പക്ഷേ ആദ്യമായി ഭാര്യയും ഭർത്താവും പതിനഞ്ച്
വർഷത്തിന് ശേഷം ഒരേ ക്ലാസ്സിൽ!!ഇന്നലെ ഞാനും ഭാര്യയും ഭാരതിയാർ യൂണിവേഴ്സിറ്റിയുടെ
വിദൂരവിദ്യാഭ്യാസ വകുപ്പിന് കീഴിൽ എം.എസ്.സി അപ്ലൈഡ് സൈക്കോളജിക്ക് ചേർന്നു - വിദ്യാധനം
സർവധനാൽ പ്രദാനം.