Tuesday, May 29, 2007
അരീക്കോട് എന്ന മഹാനഗരം ( ബാല്യകാലസ്മരണകള്‍ - 9 )
അമ്മാവണ്റ്റെ മകന് ഫിറോസ് ഡിഗ്രി കഴിഞ്ഞ് എന്തോ കുന്ത്രാണ്ടം കോഴ്സിന് കൊച്ചിയില്‍ പോയിരുന്നു.അതുവഴി നരക(!)വാസികളായ ധാരാളം പേരെ സുഹ്രുത്തുക്കളായി ലഭിച്ചു.കൊച്ചി കണ്ട ഫിറോസ് നഗരസൌന്ദര്യത്തില് അന്ധാളിച്ചുപോയി.ഈ അന്ധാളിപ്പില്‍ കോഴ്സ് പൂര്‍ത്തിയാക്കാനാകാതെ (?) ഫിറോസ് കൊച്ചി വിടുകയും ചെയ്തു.
കുറെ ദിവസങ്ങള്‍ക്ക് ശേഷം ഫിറോസിണ്റ്റെ കുറെ കൊച്ചി സുഹ്രുത്തുക്കള്‍ അരീക്കോട്ടെത്തി.അരീക്കോട് എന്ന എണ്റ്റെ കൊച്ചുഗ്രാമം ഇന്നത്തെപ്പോലെ വികാസം പ്രാപിച്ചിട്ടില്ലായിരുന്നു.അരീക്കോട് നിന്നും രണ്ട് കിലോമീറ്റര്‍ മാറി KSEB - യുടെ ഒരു മെഗാസ്വിച്ചിംഗ് സബ്സ്റ്റേഷന് പണി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.ബ്രിട്ടീഷ് കാലഘട്ടത്തിലെ ഒരു ടൂറിസ്റ്റ്ബംഗ്ളാവും മലബാര്‍ കലാപത്തിണ്റ്റെ ബാക്കിപത്രമായി മലബാര്‍ സ്പെഷ്യല്‍ പോലീസിണ്റ്റെ (M S P) ഒരു ക്യാമ്പും അരീക്കോടിനെ പ്രസിദ്ധമാക്കിയിരുന്നു.
ഫിറോസ് അരീക്കോട് എന്ന 'മഹാനഗര'ത്തെപ്പറ്റി കൊച്ചിയില്‍ എന്തൊക്കെയോ 'പുളു' അടിച്ചിരുന്നു എന്ന് തോന്നുന്നു.വൈകുന്നേരമായപ്പോള്‍ സുഹ്രുത്തുക്കള്‍ക്ക് 'കൊച്ചിയെക്കാളും വലിയ അരീക്കോട് മഹാനഗരം' കാണാനാഗ്രഹമായി.
ഫിറോസ് കൂട്ടുകാരെയും കൊണ്ട് ഞങ്ങളുടെ ബസാറിലേക്ക് ഇറങ്ങി.പത്ത് മിനിട്ടിനകം സിറ്റി പ്രദക്ഷിണം കഴിഞ്ഞു !! ശേഷം അരീക്കോട് പാലവും ചാലിയാര്‍ പുഴയും പഴയ അങ്ങാടിയായിരുന്ന താഴത്തങ്ങാടിയും കാണിച്ച് ചുറ്റിത്തിരിഞ്ഞ് വീണ്ടും ന്യൂബസാറിലെത്തി.അപ്പോഴേക്കും സന്ധ്യ ആയിരുന്നു. അപ്പോള്‍ ഒരു കൊച്ചിക്കാരന് ചോദിച്ചു - "സിറ്റി എവിടെയാ ?"
ഒരു നിമിഷം ഫിറോസ് പകച്ചുനിന്നു.താനടിച്ച 'പുളു' എല്ലാം 'സുളു' ആകുന്ന ആ ഭീകരാവസ്ഥയില്‍ നിന്നും പെട്ടെന്ന് മോചിതനായിക്കൊണ്ട് ഫിറോസ് പറഞ്ഞു -
" ങാ......അത് കാണാനാ ഇനി നമ്മള് പോകുന്നത്.... !!"
ശേഷം ഫിറോസ് കൂട്ടുകാരെയും കൊണ്ട് M S P ക്യാമ്പ് ലക്ഷ്യമാക്കി നടന്നു.ഉയര്‍ന്നൊരു സ്ഥലത്താണ് ക്യാമ്പ്.അവിടെകയറി താഴോട്ട് നോക്കിയാല്‍ ചാമുണ്ഠിയില് നിന്നും, കരണ്ട്പോയ മൈസൂരിലേക്ക് നോക്കുന്നപോലെ തോന്നിയിരുന്നു.
ക്യാമ്പിലേക്കുള്ള വളഞ്ഞ് പുളഞ്ഞ റോഡും കഴിഞ്ഞ് അവര്‍ ടൂറിസ്റ്റ്ബംഗ്ളാവിനടുത്തെത്തി.എല്ലാവരും ഒരു വിഗഹവീക്ഷണം നടത്തി.ഫിറോസിനും സമാധാനമായി, കാരണം പണി നടക്കുന്ന സബ്സ്റ്റേഷന് പരിസരം സോഡിയം ബള്‍ബുകളുടെ പ്രകാശത്തില്‍ കുളിച്ച് നില്ക്കുന്നു.പവര്കട്ടാകുന്നതിന് മുമ്പ് ഫിറോസ് പറഞ്ഞു -
" അതാ.... ആ കാണുന്നതാണ് സിറ്റി !!!"
"ആഹാ......അപ്പോ സൂപ്പര്‍സിറ്റി തന്നെയാ ....." കൂട്ടുകാര്‍ ഒന്നടങ്കം പറഞ്ഞു.
'സൂപ്പര്‍സിറ്റി അല്ല......ഇലക്റ്റ്രിസിറ്റിയാ മണ്ടന്മാരെ....' ആത്മഗതം ചെയ്തുകൊണ്ട് ഫിറോസ് കൂട്ടുകാരെയും വിളിച്ച് വേഗം തിരിച്ചിറങ്ങി.
Saturday, May 26, 2007
ആബിദിണ്റ്റെ തൂക്കമെത്രയാ ? ( ബാല്യകാലസ്മരണകള്‍ - 8 )
ഞങ്ങളുടെ അയല്‍വാസിയായിരുന്നു കോരുവേട്ടന്‍. കോരുവേട്ടണ്റ്റെ മക്കളില്‍ ഏറ്റവും ഇളയവനായ സജി ആയിരുന്നു എണ്റ്റെ സമപ്രായക്കാരന്‍. കായബലത്തിലും വായബലത്തിലും സജി എന്നെക്കാള്‍ കേമനായിരുന്നു.കൂടാതെ, തിയേറ്ററിണ്റ്റെ തൊട്ട അയല്‍വാസി എന്ന നിലക്ക് ഒാസിപാസ് ഉള്ളതിനാല്‍, എല്ലാ സിനിമയും കണ്ട് അതിലെ അടി-ഇടി-പിടി രംഗങ്ങള്‍ അവന് പയറ്റിനോക്കാനും പറ്റിയ ശരീരമായിരുന്നു എണ്റ്റേത്.അതിനാല്‍ സജിയെ സോപ്പിട്ട് കൊണ്ടുനടക്കലായിരുന്നു എണ്റ്റെ തടിക്ക് ഉത്തമം.
ആയിടക്ക് മൂത്താപ്പയുടെ പൊടിമില്ലില്‍ പ്ളാറ്റ്ഫോം ത്രാസ് സ്ഥാപിച്ചു.എള്ളും കൊപ്രയുമെല്ലാം തൂക്കാനായിരുന്നു അത് ഉപയോഗിച്ചിരുന്നത്.അതില്‍ ഉപയോഗിക്കുന്ന പത്ത് കിലോയുടെ കല്ല് ഒരു മൂന്ന് വയസ്സ്കാരന് പോലും അനായാസം പൊക്കാം.പ്രസ്തുത ത്രാസില്‍ ഭാരം കണക്കാക്കുന്നതിണ്റ്റെ ഗുട്ടന്‍സ് എനിക്ക് പിടികിട്ടിയിരുന്നില്ല.അതില്‍ സാധനം തൂക്കുന്ന രീതി മാത്രം സജി മനസ്സിലാക്കി വച്ചിരുന്നു.അങ്ങിനെ മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവായി സജി വാണു.
ഒരു ദിവസം മില്ലിലാരും ഇല്ലാത്ത സമയത്ത് സജി എന്നെയും എണ്റ്റെ സഹകളിക്കാരെയും വിളിച്ചുകൂട്ടി.
" ഞാന്‍ നിങ്ങളുടെയെല്ലാം തൂക്കം നോക്കാം...." സജി ആവേശത്തോടെ പറഞ്ഞു.
തൂക്കത്തിണ്റ്റെ എബിസിഡിയും ഭൌതികശാസ്ത്രത്തിലെ തൂക്കത്തിണ്റ്റെ വിവിധ യൂണിറ്റുകളും ഒന്നും വശമില്ലാത്തതിനാല്‍ എന്തോ ഒരു ഇന്ദ്രജാലം കാണാന്‍പോകുന്ന ആവേശത്തോടെ ഞങ്ങള്‍ സമ്മതിച്ചു.ശേഷം ഓരോരുത്തരെയായി സജി ത്രാസിണ്റ്റെ പ്ളാറ്റ്ഫോമില്‍ കയറ്റിനിര്‍ത്തി , ചെവിപിടിച്ച് തിരിക്കുന്നപോലെ ത്രാസ്സിണ്റ്റെ എവിടെയൊക്കെയോ തിരിച്ചു.തൂക്കമായി അവന് വായില്‍ തോന്നിയത് വിളിച്ച്പറയുകയും ചെയ്തു.
കുഞ്ഞുമക്കളെയെല്ലാം തൂക്കിക്കഴിഞ്ഞ് സജി എന്നോട് ത്രാസ്സില്‍ കയറാന്‍ പറഞ്ഞു.തൂക്കമറിയാനുള്ള ഉല്‍ക്കടമായ ആവേശത്തോടെ ഞാന്‍ ത്രാസ്സില്‍ കയറിനിന്നു. സജി വീണ്ടും ത്രാസ്സിണ്റ്റെ ചെവിപിടിച്ച് തിരിച്ച ശേഷം ഉറക്കെ പറഞ്ഞു " 250 ഗ്രാം !!! "
പിറ്റെ ദിവസം സ്കൂളില്‍ ക്ളാസ്സ് എടുത്ത്കൊണ്ടിരിക്കെ അദ്ധ്യാപകന് ചോദിച്ചു
" നിങ്ങളിലാര്‍ക്കെങ്കിലും സ്വന്തം തൂക്കം അറിയാമോ ?"
"സേര്‍, എനിക്കറിയാം.... " ചാടിഎഴുന്നേറ്റ്കൊണ്ട് ഞാന്‍ പറഞ്ഞു
"ആ....എങ്കില്‍ പറയൂ.... ആബിദിണ്റ്റെ തൂക്കമെത്രയാ ?"
"250 ഗ്രാം !!! "
ക്ളാസ്സില്‍ കൂട്ടച്ചിരി ഉയര്‍ന്നു.കാര്യമെന്തന്നറിയാതെ ഞാനും ആ കൂട്ടച്ചിരിയില്‍ പങ്കെടുത്തു.
Wednesday, May 23, 2007
മൂത്താപ്പയുടെ കോമാങ്ങകള്‍
( അന്തരിച്ചുപോയ എണ്റ്റെ മൂത്താപ്പയുടെ സ്നേഹപ്രകടനത്തിണ്റ്റെ ഒരു ഓര്‍മ്മക്കുറിപ്പ് )
എണ്റ്റെ പിതാവിണ്റ്റെ മൂത്ത ജ്യേഷ്ഠന് ഫാറൂഖ്കോളേജിലായിരുന്നു ജോലി ചെയ്തിരുന്നത്.കോളേജിനടുത്ത് തന്നെയായിരുന്നു താമസവും.മൂത്താപ്പയുടെ പറമ്പില്‍ ധാരാളം മാവുകളും പറങ്കിമാവുകളും ഉണ്ടായിരുന്നു.മാങ്ങാക്കാലത്ത് മൂത്താപ്പയുടെ വീട്ടില്‍ പോയാല്‍ ഇഷ്ടം പോലെ മാങ്ങ തിന്ന് മടങ്ങാം.പക്ഷേ ഞങ്ങള്‍ ചെറിയ കുട്ടികളായതിനാല്‍ ബാപ്പ വിരുന്ന് പോകുമ്പോള്‍ മാത്രമേ ഞങ്ങള്‍ക്കും പോകാന്‍ പറ്റുമായിരുന്നുള്ളൂ.
ബാപ്പ ഞങ്ങള്‍ക്ക് പറഞ്ഞുതന്ന മറ്റൊരു മൂത്താപ്പയെ ഞങ്ങള്‍ പച്ചിലേരി മൂത്താപ്പ എന്ന് വിളിക്കും.ബാപ്പയുടെ നേരെ ജ്യേഷ്ഠന് അല്ല.എന്നാല്‍ ജ്യേഷ്ഠതുല്ല്യനായതിനാല്‍ മൂത്താപ്പ എന്ന് വിളിക്കാന്‍ ബാപ്പ ഞങ്ങളോട് പറഞ്ഞിരുന്നു.പച്ചിലേരി മൂത്താപ്പയുടെ മക്കള്‍ ഞങ്ങളെക്കാളും എത്രയോ മൂത്തവരായിരുന്നു.പൊതുവെ അവര്‍ പഠിക്കാന്‍ മോശമായിരുന്നു എന്ന് തോന്നുന്നു.കാരണം അവരെല്ലാവരും ഇപ്പോള്‍ ഗള്‍ഫില്‍ വമ്പന്‍ ബിസിനസ്സുകാരാണ്.
ഒരു ദിവസം പച്ചിലേരി മൂത്താപ്പയുടെ മകന് അബ്ദുറസാഖ്ക്ക ഫാറൂഖ്കോളേജിലെ മൂത്താപ്പയുടെ വീട്ടില്‍ വന്നു.മൂത്താപ്പ കുറേ നേരം സ്വന്തം കൂടപ്പിറപ്പുകളടക്കമുള്ള എല്ലാവരുടെയും സുഖവിവരങ്ങള്‍ അന്വേഷിച്ചു.ചായസല്‍ക്കാരത്തിന് ശേഷം മൂത്താപ്പ റസാഖ്ക്കയോട് ചോദിച്ചു.
"നിനക്ക് മരം കയറാനറിയോ ?"
ഇത്രയും വലുതായിട്ട്, അറിയില്ല എന്ന് പറയുന്നത് മോശമല്ലേ എന്ന് കരുതിയാകണം റസാഖ്ക്ക പറഞ്ഞു -
"ഓ...അറിയാം... "
"എങ്കില്‍ അതാ....വടക്കേ കണ്ടത്തിലെ ആ മാവില്‍ ധാരാളം കോമാങ്ങകളുണ്ട്....അതില്‍ നിന്നും കുറെ എണ്ണം പറിച്ച് ചാക്കിലാക്കണം.....ചാക്ക് അടുക്കളയുടെ പിന്നാമ്പുറത്തുണ്ട്..." മാവ് ചൂണ്ടികാണിച്ചുകൊണ്ട് മൂത്താപ്പ പറഞ്ഞു.
"ഓ....ശരി...ഞാന്‍ പറിച്ചുതരാം... "
'പാവം മൂത്താപ്പ...മക്കളെല്ലാവരും കോളേജില്‍ പഠിക്കുന്നവരായതിനാല്‍ മാങ്ങ പറിച്ചു കൊടുക്കാന്‍ പോലും അവര്‍ക്ക് സമയമുണ്ടാവില്ല... മൂത്താപ്പയെ സന്തോഷിപ്പിക്കാന്‍ കിട്ടിയ നല്ല അവസരം തന്നെ ' റസാഖ്ക്ക മനസ്സില്‍ കരുതി.
അടുക്കള ഭാഗത്ത് നിന്നും ചാക്കെടുത്ത് റസാഖ്ക്ക മാവിണ്റ്റെ ചുവട്ടിലെത്തി, മാവിനെ മൊത്തം ഒന്നുഴിഞ്ഞ് നോക്കി.
'ഹൊ.....എന്തൊരു പൊണ്ണത്തടിയന് മാവ്...!! മൂത്താപ്പയോട് പറഞ്ഞ സ്ഥിതിക്ക് എങ്ങനെയെങ്കിലും പറ്റിപ്പിടിച്ച് കയറിയേ പറ്റൂ...മിശ്റ് ഇല്ലാത്തത് ഭാഗ്യം ' റസാഖ്ക്ക മനസ്സില്‍ പറഞ്ഞു.
എങ്ങനെയൊക്കെയോ അള്ളിപ്പിടിച്ച് റസാഖ്ക്ക മാവില്‍ കയറി,കുറെ മാങ്ങകള്‍ പറിച്ച് ചാക്കില്‍ നിറച്ചു.കൂടുതല്‍ പരിക്കുകളേല്‍ക്കാതെ വിജയമന്ദഹാസത്തോടെ ചാക്കുമായി മൂത്താപ്പയുടെ മുന്നിലെത്തി റസാഖ്ക്ക പറഞ്ഞു.
"ഇതാ മൂത്താപ്പാ മാങ്ങകള്‍...നല്ല ഒന്നാംതരം കോമാങ്ങകള്‍... "
"ങാ....അതു തന്നെയാ ഞാന്‍ പറഞ്ഞത്...നീ അത് അങ്ങിനെ തന്നെ നാട്ടിലേക്ക് കൊണ്ടുപൊയ്ക്കോ... "
"ങേ..!! കോമാങ്ങ നാട്ടിലേക്കോ ?? പക്ഷേ..."റസാഖ്ക്ക ഞെട്ടി.
'സ്വന്തം പറമ്പില്‍ കോമാങ്ങ തലങ്ങും വിലങ്ങും കിടന്നിട്ട് അതിലൂടെ നടക്കാന്‍ വയ്യ......എന്നിട്ട് ഇവിടെ നിന്നും ഒരു ചാക്ക് കോമാങ്ങയും കൊണ്ട് അങ്ങോട്ട് ചെന്നാല്‍...?മൂത്താപ്പയെ ധിക്കരിക്കാനും വയ്യ...'റസാഖ്ക്ക ആലോചിച്ചു.
"നീ എന്തിനാ ആലോചിക്കുന്നത്...ചാക്ക് ബസ്സില്‍ കയറ്റിയാല്‍ പിന്നെ നീ തലയില്‍ വക്കുകയൊന്നും വേണ്ട....സിറ്റിസ്റ്റാണ്റ്റില്‍ ഇറങ്ങി നേരെ നാട്ടിലേക്കുള്ള അടുത്ത ബസ്സില്‍ കയറ്റുക.നാട്ടിലിറങ്ങി നിണ്റ്റെ വീട്ടിലെത്തിക്കാന്‍ കുറച്ച് ഏറ്റേണ്ടിവരും... "
"പക്ഷേ മൂത്താപ്പാ.... വീട്ടില്‍... "
"ഇത് നാട്ടില്‍ നിന്നും കൊണ്ടുവന്ന ഒന്നാംതരം കോമാങ്ങയാ....നിണ്റ്റെ ഉപ്പാക്ക് ഏറ്റവും പ്രിയപ്പെട്ട മാങ്ങയും...ങാ....വേഗം പൊയ്ക്കോ....ഇപ്പോള്‍ ഒരു ബസ്സുണ്ട്....അതിന് പോയാല്‍ ഇരുട്ടിന് മുമ്പേ വീട്ടിലെത്താം ... "
മനസ്സില്ലാമനസ്സോടെ റസാഖ്ക്ക ചാക്ക് കെട്ടെടുത്ത് തലയില്‍ വച്ചു.
'പോകുന്ന വഴിക്ക് ഫറോക്ക് പാലത്തില്‍ നിന്നും പുഴയിലേക്കങ്ങ് തട്ടിയാലോ ? അല്ലെങ്കില്‍ വേണ്ട.... മൂത്താപ്പ സ്നേഹത്തോടെ തന്ന ഈ കോമാങ്ങകള്‍ കൊണ്ടുപോകാം....' ആത്മഗതം ചെയ്തുകൊണ്ട് റസാഖ്ക്ക ബസ്സ് ലക്ഷ്യമാക്കി നടന്നു.
അബുവും ആപ്പയും
വടക്കേ കണ്ടത്തിണ്റ്റെ അറ്റത്തുള്ള മുള്ളുവേലിയിലെ കടായിയുടെ* മുന്നിലെത്തി അബു ഒരു നിമിഷം നിന്നു.
'തിരിഞ്ഞു നോക്കണോ ?....മാണ്ട...ഇമ്മാണ്റ്റെ മോറ്* ഇഞ്ഞും കണ്ടാല്‍ ഒരു പച്ചേ ഈ യാത്ര ഇബടെ അവസാനിച്ചും.......ബാപ്പ ഉദ്ദേശിച്ചപോലെ ബല്ല്യ മന്‍സനാവാനുള്ള യാത്ര തൊടങ്ങാണ്.... '
വേലിക്കരികിലെ കമുകിനടുത്ത് മെല്ലെ തലപൊക്കി നില്ക്കുന്ന പ്ളാവിന്‍തൈ കമുകിനോടടുപ്പിച്ച് നിര്‍ത്തി പ്ളാവിന് തയ്യിണ്റ്റെ ഉയരം ഒരു കരിങ്കല്‍ കഷ്ണം കൊണ്ട് അബു കമുകില്‍ കോറിയിട്ടു.
'ഇഞ്ഞി ഞാന്‍ ബല്ല്യ മന്സനായി ബെരുമ്പോത്ത്ന് ജ്ജും ബല്ല്യ പിലാവായി കൊറെ ചക്കട്ട് തരണം' അബു വെറുതെ മനസ്സില്‍ മന്ത്രിച്ചുകൊണ്ട് കരിങ്കല്‍ കഷ്ണം തൊട്ടടുത്തുള്ള , ആച്ചുമ്മാത്തയുടെ പറമ്പിലെ പൊട്ടക്കിണറ്റിലേക്ക് വലിച്ചെറിഞ്ഞു.അബുവിണ്റ്റെ മനസ്സ് പോലെ കിണറ്റിനകത്ത് നിന്ന് എന്തൊക്കെയോ പൊട്ടിച്ചിതറുന്ന ശബ്ദം കേട്ടു.
തങ്ങളുടെ പറമ്പിന് അതിരിടുന്ന പോത്താഞ്ചീരി പാടത്തിണ്റ്റെ വീതിയേറിയ വരമ്പിലേക്ക് അബു കയറി.വരമ്പിണ്റ്റെ അരികിലൂടെ മന്ദം മന്ദം ഒഴുകുന്ന വെള്ളത്തില്‍ കണ്ണാംചൂട്ടികള്‍* തൊട്ടുകളിക്കുന്നത് അബുവിണ്റ്റെ കണ്ണിലൂടെ മിന്നി മറഞ്ഞു.
വിശാലമായ പോത്താഞ്ചീരി പാടവും കടന്ന് അബു കാട്ട്ലായി പാടത്തിണ്റ്റെ ഇടുങ്ങിയ വരമ്പിലേക്ക് കയറി.ഇനി വടക്കോട്ട് പോകണോ അതോ തെക്കോട്ട് പോകണോ ? അബു ഒരു നിമിഷം ശങ്കിച്ചു നിന്നു.
' വടക്കോട്ടുള്ള വഴിയില്‍ പാടം കഴിഞ്ഞ് ഒരു തോടുണ്ട്...അതിന് കുറുകെ ഒരു ഒറ്റത്തടിപ്പാലം.പാലം കടന്നാല്‍ ആദ്യത്തെ വളവില്‍ തന്നെയുള്ള വീട്, വകയില്‍ ഒരു മൂത്താപ്പയുടേതാണ്.മൂത്താപ്പയും മൂത്തുമ്മയും പന്ത്രണ്ട് മക്കളും അവിടെ സസുഖം വാഴുന്നു.അത് വഴി പോയാല്‍ അവരാരെങ്കിലും കണ്ടാല്‍ ??അതുകൊണ്ട് അത് വഴി പോകണ്ട...... '
അബു നേരെ തെക്കോട്ട് തിരിഞ്ഞു.
'ഇത് വഴി പോയാലും...??പാടം കഴിഞ്ഞാല്‍ ഒരു കുണ്ടനിടവഴി....ഇടവഴിയിലൂടെ അപ്പുറം കയറിയാല്‍ വീണ്ടും ഒരു കമുകിന് തോട്ടം...അത് മുറിച്ച് കടന്നാല്‍ റംലളേമയുടെ പറമ്പിണ്റ്റെ തെക്കേ അറ്റത്തുള്ള നടവഴി.എളേമ പറമ്പിലുണ്ടെങ്കി ഒരു ചെറ്യേ പൊള്ള്* പറ്യേണം...പച്ചപാവം എളേമ, എന്ത് പറഞ്ഞാലും വിശ്വസിക്കും...ആപ്പ ഗള്‍ഫിലായതിനാല്‍ അദ്ദേഹം കാണുമെന്ന പേടി ഇല്ല.പക്ഷേ എളേമയുടെ മകന് ആ കുഞ്ഞാണി എങ്ങാനും കണ്ടാല്‍ ...??ആ....ഒരു പൊള്ള് കൂടി തട്ടി അവനെയും ഒഴിവാക്കാം....' ചിന്തയില്‍ മുഴുകിക്കൊണ്ട് അബു നടന്നു.
"ഭൌ....ഭൌ...." ഇടവഴി താണ്ടി കമുകിന് തോട്ടത്തില്‍ കയറിയതും എവിടെ നിന്നോ ഒരു നായ അബുവിണ്റ്റെ നേരെ കുരച്ചു ചാടി.സര്‍വ്വശക്തിയും സംഭരിച്ച് അബു ഓടി.മുമ്പ് സൈനബക്ക് വെള്ളത്തണ്ട് ഒടിക്കാന്‍ രാമേട്ടണ്റ്റെ പറമ്പില്‍ കയറിയപ്പോള്‍ പട്ടി പിന്നാലെ കൂടിയതും വേലിയിലെ മുള്ള് ചന്തിയില്‍ കോറിയതും അബുവിണ്റ്റെ മനസ്സില്‍ മിന്നിത്തെളിഞ്ഞു.റംലളേമയുടെ പറമ്പിണ്റ്റെ അറ്റത്തുള്ള നടവഴിയില്‍ എത്തിയപ്പോഴാണ് അബുവിന് ശ്വാസം നേരെ വീണത്.
'ഹാവൂ....ഇപ്പ്രാവശ്യവും രക്ഷപ്പെട്ടു.....ഈ ചെത്തലപ്പട്ടി*കളെക്കൊണ്ടുള്ള ശല്ല്യം.....ആ.....അതോണ്ട് ബേം ഇങ്ങെത്താനായി....ഇനി എളേമാണ്റ്റെ പറമ്പും കൂടി കൂനിക്കുനിഞ്ഞ് കടക്കണം....പിന്നെ ചെമ്മണ് റോഡായി...റോട്ടിലും നേരെ കേറി നിക്കാന്‍ പറ്റൂലാ....ആരെങ്കിലും കണ്ട് ചോയ്ച്ചാല്?തല്ക്കാലം റോട്ട് വക്കിലെ പിലാവിണ്റ്റെ മറൂല്* നിക്കാം.....ഏതേലും കാളബണ്ടി ബെന്നാ ചാടിക്കേറണം.'പദ്ധതികള്‍ തയ്യാറാക്കിക്കൊണ്ട് അബു നടന്നു.
നടവഴിയില്‍ കയറിയ ഉടനെ അബു റംലളേമയുടെ വീടിന് നേരെ ഒന്ന് തല ഉയര്‍ത്തി നോക്കി.
'വേലിപ്പടര്‍പ്പിനുള്ളിലൂടെ ഇങ്ങോട്ട് കാണുംന്ന് തോന്ന്ണ്ല്ല...ന്നാലും കുനിഞ്ഞ് തെന്നെ നടക്കാം....ഏളേമയുടെ കള്‍ഫ് പത്രാസ്സ്ള്ള ബീട്....ഈ നാട്ടിലെ ആദ്യത്തെ രണ്ടട്ടി ബീടാണ്.....രണ്ട് ബര്‍സം* മുമ്പാ എളേമിം കുടുംബവും ഇങ്ങട്ട് മാറ്യേത്...കുടീര്‍ക്കലും* കയിഞ്ഞ് ആറാം ദെവസം ആപ്പ കെള്‍ഫ്ക്കെന്നെ പോയി....പിന്നെ ബെന്നോ ആവോ...ആ...ഞനും ആപ്പനെപ്പോലെ ഒര് ബല്ല്യ ബീട് ബെക്കും.....ന്നട്ട് സൈനൂനെ മംഗലം കയ്ച്ച്..... '
"അല്ല... ഇതാര്..... അബുവോ .....?ഞാനിന്ന് ഈ സമയത്ത് ഇവിടെത്തുംന്ന് അനക് വഹ്യ്യ്* കിട്ട്യോ ?" ഇടവഴിയിലെ വളവ് തിരിഞ്ഞ ഉടനെയുള്ള ശബ്ദം കേട്ട് അബു ഞെട്ടിപ്പോയി.
"ങേ....കെള്‍ഫിലുള്ള ആപ്പ... !!!"
*************************(തുടരും)
കടായി = മരം കൊണ്ടുള്ള ഗേറ്റ്
മോറ് = മുഖം
കണ്ണാംചൂട്ടികള്‍ = ഒരു തരം മത്സ്യം
പൊള്ള് = കള്ളം
ചെത്തലപ്പട്ടി = തെണ്ടിപ്പട്ടി
മറൂല് = മറവില്‍
ബര്‍സം = വര്‍ഷം
കുടീര്‍ക്കല്‍ = താമസം തുടങ്ങല്‍
വഹ്യ്യ് = ദിവ്യസന്ദേശം
Thursday, May 17, 2007
അമ്പലക്കുളത്തിലെ മണല്‍ വാരല്‍
കടുത്ത വേനല്‍ കാരണം കിണറുകളും കുളങ്ങളും മറ്റ് ജലാശയങ്ങളും വറ്റിവരളാന്‍ തുടങ്ങി.അപ്പോഴാണ് ആ പത്രവാര്‍ത്ത നമ്പൂരിയുടെ ശ്രദ്ധയില്‍ പെട്ടത്.
'മണല്‍വാരല്‍ - പുഴകള്‍ വറ്റിവരളുന്നു .' ഉടന്‍ നമ്പൂരി കാര്യസ്ഥനെ വിളിച്ചു ചോദിച്ചു.
"എടോ രാമാ.....നിക്ക് അറിയ്വോ...വെള്ളം വറ്റുന്നത് മണല്‍ വാരുന്നതോണ്ടാന്ന്....ഇതാ പത്രത്തില്‍ കെടക്ക്ണു...."
"ഉവ്വ്...അറിയാം ....തിരുമേനീ..." രാമന് പറഞ്ഞു.
"അപ്പോ.... നമ്മുടെ ഇല്ലംവക അമ്പലക്കുളത്തീന്നാരാ മണല്‍ വാര്യേത് ? അതു മുഴുവന്‍ വറ്റിവരണ്ടു പോയില്ലേ ?"
അബുവിന്റെ സ്വപ്നങ്ങള്‍
അര്മാന് മോല്യാരുടെ ആഞ്ഞ് ചവിട്ടിയുള്ള ഇറങ്ങിപ്പോക്ക് ബീപാത്തുവിന്റെ മനസ്സില്‍ ആശങ്കകളുണ്ടാക്കി.
"യാ മൊയ്തീന്‍ശൈഖ്.....നല്ലൊരു കുട്ട്യായി ബളരെട്ടേന്ന് ബിചാരിച്ചാ ഓത്തള്ളീല് ബ്ട്ടത്....ന്നട്ട്പ്പം...."ബീപാത്തു ആരോടെന്നില്ലാതെ പറഞ്ഞു.
"ന്നട്ട്പ്പം....!!!" പിന്നില്‍ നിന്നുള്ള ശബ്ദം കേട്ട് ബീപാത്തു തിരിഞ്ഞ് നോക്കി....അബു..!!
"അബോ....ജ്ജ് എത്തൊക്ക്യാ അര്മാന് മോല്യാരോട് പറഞ്ഞെ....അന്റെ ബാപ്പ മജ്ജത്താവ്മ്പം അനക്ക് ഒന്നര ബയസാ....അന്റെ ബാപ്പാന്റെ അട്ത്ത ചങ്ങായി ആയ്നിം അര്മാന് മോല്യാര്....അന്നെ നല്ലോണം പട്പ്പിച്ചി ബല്ല്യ മന്‍സനാക്കണം ന്ന് ബാപ്പാക്ക് പൂതിണ്ടയ്നി....പച്ചേ...ആ നല്ല മന്സന്...."ബീപാത്തുവിന് തേങ്ങലടക്കാന്‍ കഴിഞ്ഞില്ല.കേട്ടുനിന്ന അബുവിന്റെ കണ്ണില്‍ നിന്നും കണ്ണീരൊഴുകാന്‍ തുടങ്ങി.
"ഇമ്മ നൊലോള്‍ച്ചണ്ട....ഇന്റെ ബാപ്പ ബിചാരിച്ച മാതിരി അബുബല്ല്യ മന്‍സനാകും...ബാപ്പാന്റെ എല്ലാ മൊറാദ്കളും* അബു മുയ്മിച്ച് കൊട്ക്കും..." ബീപാത്തുവിനെ ആശ്വസിപ്പിച്ചുകൊണ്ട് അബു പറഞ്ഞു.
"ഫൂ....ചെയ്ത്താനെ....ന്നട്ടാപ്പം ജ്ജ് അന്റെ ബാപ്പാന്റെ ബയസ്സ്ള്ളെ ആ മോല്യാരോട് ഇതൊക്കെ പറഞ്ഞെ ? മോല്യാര്‍ക്ക് ജ്ജ് ഒരു പൊന്നും കുട്ട്യേയ്നി....അയാളെ മേത്ത്ജ്ജ് എത്തറ മുള്ളീണ്‍ന്നോ..? എട്ടാം മാസത്ത്ലേജ്ജ് നീച്ച് നടക്കാന്‍ തൊടങ്ങ്യേപ്പം അര്മാന് മോല്യാര് പറഞ്ഞതാ....ഇബന് ആളൊര് സുജായി* ആകുമ്ന്ന്....ന്നട്ട് ആ സുജായിത്തരം ഇപ്പം അതേ മോല്യാരോടെന്നെ കാട്ടി..."
"ഇമ്മാ....ഞാന്‍ അത്ര ബല്യ കുറ്റം എത്താപ്പം കാട്ട്യെത് ? ഇമ്മാനെ ബാപ്പ കെട്ടുമ്പം ങക്ക് എത്രയ്നിം ബയസ് ?"
"പത്ത്"
"ബാപ്പക്കെത്രയ്നിം ബയസ് ?"
"പയിനാല്"
"ആ...ഇച്ച്പ്പം ഈ ബെല്ല്യര്‍ന്നാക്കക്ക് പയ്മൂന്നാവൂലെ....അപ്പം ബയസ്സ്ല് ന്റെ ചെറ്യെതാ സൈനു....കൈസാത്താന്റെ സൈനു....ച്ച് ഓളോട് ഒര് പുര്‍സത്ത്*..."
"അപ്പം ജ്ജ് പറഞ്ഞൊക്കെ കാര്യാ.....യാ റബ്ബുലാലമീനായ തമ്പുരാനേ ?"
"ങള് ഒച്ചിം ബിളിം ണ്ടാക്കല്ലിമ്മാ.....ഇത് മുയ്മന്‍ കേക്കി..."
"ഹംക്കെ....ജ്ജ് പറ്യേണ കേക്കാനാ അന്നെ ഞാന്‍ ഇത്രേം ബല്ല്യൊര് പോത്താക്ക്യേത് ?"
"ഇമ്മാ...അതല്ല...ഞാന്പ്പം അണ്ട്പോയി ഓളെ നിക്കാഹ് കയ്ച്ചി കൊണ്ടര്‍ണൊന്നുംല്ലാ...ഓള്ക്ക് ഇന്നെ ഇസ്ടാന്ന് ഞാന്‍ ബെര്‍തെ പറഞ്ഞതാ....ഇച്ച് ഓളെ നല്ലോണം പുട്ച്ചി...ഞി കൊറച്ച് പൈസിം പത്രാസും ണ്ടാക്കീട്ട്...."
"ണ്ടാക്കീട്ട്....??"
"ണ്ടാക്കീട്ട്....നല്ലൊര് മംഗലം"
"മണ്‍കലോ...????"
"മംഗലം....മംഗലമ്ന്ന് ബച്ചാല് മനസ്സ്ന് പുട്ച്ച കല്യാണം....എത്താ ഇമ്മാക്ക് സൈനൂനെ മരോളായി* പറ്റൂലെ ?"
"പറ്റായില്ല....ന്നാലും ജ്ജ് ഇത്ര ചെര്‍പത്ത്തെന്നെ കെട്ട്യാല്...?"
"പിന്നെ മൂക്ക്ല് പല്ല് ബെരുമ്പളാ പെണ്ണെട്ടല്...ബാപ്പ പയിനാലാം ബയസ്സ്ല് പെണ്ണെട്ടീന്ന് ങളെന്നല്ലേ ഇപ്പം പറഞ്ഞെ ?"
"ആ....ബാപ്പാക്കയ്ന് ഇന്നെ പോറ്റാന്‍ മൊതല്‍ണ്ടായ്നി....തൗസര്‍*മന്ന് കേറാത്ത ജ്ജ് കെട്ടീട്ട്...??"
"അയ്ന് ഞാന്പ്പം തന്നെണ്ട് കെട്ട്ണ്ല്ലാന്ന് പറഞ്ഞീലെ....ഞ് ഏതായാലും ഓത്തള്ളീക്ക് ഞാമ്പോണ്ല്ല...സൈനൂനെ കെട്ടണം....അയ്ന് പൈസിം പത്രാസും ണ്ടാക്കണം.....ഇമ്മ കാത്ത് ന്ന്ക്കണം.....അബു ബെരും....ബാപ്പ പറഞ്ഞ മാതിരി ബല്ല്യൊര് മന്‍സനായ് അബു ബെരും....അസ്സലാമലൈക്കും...."
സലാം പറഞ്ഞുകൊണ്ട് അബു ഇറങ്ങിപ്പോയി.നിറകണ്ണുകളോടെ , ഒരു വാക്ക് പറയാനാകാതെ അബു കണ്ണില്‍ നിന്ന് മറയുന്നത് വരെ ബീപാത്തു നോക്കി നിന്നു.
****************************** (തുടരും)
മൊറാദ് = ആഗ്രഹങ്ങള്‍
സുജായി = വീരന്
പുര്‍സത്ത് = സ്നേഹം
മരോള് = മരുമകള്‍
തൗസര്‍ = ട്രൗസര്‍
Tuesday, May 15, 2007
ചായമക്കാനിയില്‍ കേട്ടത് !!
രാമന്‍കുട്ടി മകന് മണിയെയും കൂട്ടി മക്കാനിയിലെത്തി ഒരു ഓര്‍ഡര്‍ -
" എനിക്കൊരു ചായേം എന്റെ മണിക്കൊരു കടീം...!!!"
Monday, May 14, 2007
മൂത്രക്കല്ല്
കലശലായ വയറ്വേദനയുമായി നമ്പൂരി ഡോക്ടറെ കാണാനെത്തി.വയറില്‍ അമര്‍ത്തിയും ഞെക്കിയും മറ്റും പരിശോധിച്ച ശേഷം ഡോക്ടര്‍ പറഞ്ഞു.
"മൂത്രക്കല്ലിന്റെ അസുഖമാണ്..."
"ങേ!!! മൂത്രക്കല്ലോ..??? ചെങ്കല്ല് , കരിങ്കല്ല് , ചുണ്ണാമ്പുകല്ല് ഒക്കെ കേട്ടിട്ടുണ്ട്....പക്ഷേ മൂത്രക്കല്ല് ?? അതെന്ത് കല്ലാ ?" നമ്പൂരിക്ക് മനസ്സിലായില്ല.
"അത്.... നാം കഴിക്കുന്ന വിവിധ ഭക്ഷണം കാരണം ഉണ്ടാകുന്ന ഒരുതരം കല്ലാ.....അത് മൂത്രത്തിലൂടെ പുറത്ത്വരാന്‍ ശ്രമിക്കുമ്പോള്‍ വേദന വരും." ഡോക്ടര്‍ നമ്പൂരിക്ക് വിശദീകരിച്ചുകൊടുത്തു.
"ശിവ ശിവാ...ഇന്നലെ ഊണില്‍ നിന്നും കല്ല് കിട്ടിയപ്പഴേ നോം അന്തര്‍ജ്ജനത്തോട് പറഞ്ഞതാ...ഇത്രേം വല്ല്യ കല്ലൊന്നും വേവിക്കാതെ ഇട്ട് ബുദ്ധിമുട്ടിക്കരുതെന്ന്....ചവച്ചരച്ച് തിന്നപ്പോ അത് മൂത്രക്കല്ല് എന്ന കല്ലാകുമെന്ന് നോം ഒട്ടും നിരീച്ചില്ല....കൃഷ്ണാ...ഗുരുവായുരപ്പാ..."
Tuesday, May 08, 2007
റിഫ്രഷര്‍ കോഴ്സ്
"എന്താ ഈ ഹവര്‍ കട്ടാക്കിയോ ?"
"ഏയ് കട്ടാക്കിയതൊന്നുമല്ല...സാറില്ല..."
"എന്തുപറ്റി സാറിന് ?"
"സാറ് എന്തോ ഒരു .....ഒരു..."
"ഒരു .....ഒരു..??"
".....പ്രഷര്‍കോഴ്സിന് പോയിരിക്കുകയാ..."
"ങേ.....!!!പ്രഷര്‍കോഴ്സോ..??? ഓ....മനസ്സിലായി....റിഫ്രഷര്‍ കോഴ്സ്.."
"ങാ...ങാ......അതുതന്നെ....അതെന്താ കോഴ്സ് ?"
"അതോ...അത്...ഈ മൂരാച്ചി സാറന്മാരൊന്നും L K G യിലോ U K G യിലോ പോയിട്ടുണ്ടാകില്ല...പിന്നെ കുറെ എണ്ണം സ്കൂളിലും പോയിട്ടുണ്ടാകില്ല....ഓപ്പണോ കൂപ്പണോ ആയ ബിരുദങ്ങള്‍ നേടിയ വിരുതന്മാരാ നമ്മുടെ പല സാറന്മാരും....അവര്‍ക്കൊക്കെ അടിസ്ഥാനവിദ്യാഭ്യാസം നല്കാന് സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു കലാപരിപാടിയാ ഈ റിഫ്രഷര്‍ കോഴ്സ്...."
"ഓ...അപ്പോള്‍ ഒരു മാസത്തെ റിഫ്രഷര്‍ കോഴ്സിന് പോകുന്ന സാറ് ഒരു ഒന്നാംതരം തിരുമണ്ടന്‍ തന്നെയായിരിക്കുമല്ലേ ?"
ഒരു മാസത്തെ റിഫ്രഷര്‍ കോഴ്സിന് പോകാനിരിക്കുന്ന ഞാന്‍ പിന്നീട് അധികനേരം അവിടെ നിന്നില്ല.
"ഏയ് കട്ടാക്കിയതൊന്നുമല്ല...സാറില്ല..."
"എന്തുപറ്റി സാറിന് ?"
"സാറ് എന്തോ ഒരു .....ഒരു..."
"ഒരു .....ഒരു..??"
".....പ്രഷര്‍കോഴ്സിന് പോയിരിക്കുകയാ..."
"ങേ.....!!!പ്രഷര്‍കോഴ്സോ..??? ഓ....മനസ്സിലായി....റിഫ്രഷര്‍ കോഴ്സ്.."
"ങാ...ങാ......അതുതന്നെ....അതെന്താ കോഴ്സ് ?"
"അതോ...അത്...ഈ മൂരാച്ചി സാറന്മാരൊന്നും L K G യിലോ U K G യിലോ പോയിട്ടുണ്ടാകില്ല...പിന്നെ കുറെ എണ്ണം സ്കൂളിലും പോയിട്ടുണ്ടാകില്ല....ഓപ്പണോ കൂപ്പണോ ആയ ബിരുദങ്ങള്‍ നേടിയ വിരുതന്മാരാ നമ്മുടെ പല സാറന്മാരും....അവര്‍ക്കൊക്കെ അടിസ്ഥാനവിദ്യാഭ്യാസം നല്കാന് സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു കലാപരിപാടിയാ ഈ റിഫ്രഷര്‍ കോഴ്സ്...."
"ഓ...അപ്പോള്‍ ഒരു മാസത്തെ റിഫ്രഷര്‍ കോഴ്സിന് പോകുന്ന സാറ് ഒരു ഒന്നാംതരം തിരുമണ്ടന്‍ തന്നെയായിരിക്കുമല്ലേ ?"
ഒരു മാസത്തെ റിഫ്രഷര്‍ കോഴ്സിന് പോകാനിരിക്കുന്ന ഞാന്‍ പിന്നീട് അധികനേരം അവിടെ നിന്നില്ല.
Monday, May 07, 2007
" നാളത്തെ വാര്‍ത്ത ഇന്നു തന്നെ ..."
ഞങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിന്റെ അടുത്ത് തന്നെയാണ് വയനാടന്‍ കാടുകള്‍.അതിനാല്‍ ധാരാളം കുരങ്ങുകള്‍ ഇടക്കിടെ ക്വാര്‍ട്ടേഴ്സില്‍ വരും.ക്വാര്‍ട്ടേഴ്സില്‍ ഞങ്ങള്‍ പുതുമുഖങ്ങളായതിനാല്‍ എന്റെ കുട്ടികള്‍ക്ക് കുരങ്ങന്മാരുടെ വരവ് ഒരു പുത്തന്‍ അനുഭവം തന്നെയായിരുന്നു. കുരങ്ങന്മാരുടെ , മരത്തില്‍ നിന്നും മരത്തിലേക്കുള്ള ചാട്ടവും തൂങ്ങിയാട്ടവും കുട്ടികള്‍ ശരിക്കും ആസ്വദിച്ചു.എന്റെ മക്കളുടെ വായില്‍ ആദ്യം വരുന്ന മൃഗം കുരങ്ങായി മാറി.
അങ്ങനെയിരിക്കെ ലോകകപ്പ് ക്രിക്കറ്റ് വന്നെത്തി !!! ഇന്ത്യ ആദ്യ മല്‍സരത്തില്‍ തന്നെ തോറ്റമ്പി.' കുരങ്ങന്മാര് കളിച്ചൊരു കളി ' ഞാന്‍ മനസ്സില്‍ പറഞ്ഞു.
തുടര്‍ന്നേതോ ഒരു ദിവസം ഞാന്‍ പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.അപ്പോള്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ മൂത്ത മകള്‍ പത്രത്തിന്റെ മറുഭാഗത്തെ വാര്‍ത്ത ഉറക്കെ വായിച്ചു.
" കംഗാരുക്കള്‍ക്ക് ഉജ്ജ്വല ജയം ".ശേഷം എന്നോട് ചോദിച്ചു " ഇതെന്താ ഉപ്പാ ഈ വാര്‍ത്ത ?"
"അത് ആസ്ത്രേലിയ കളിയില്‍ ജയിച്ചതിന്റെ വാര്‍ത്തയാ...."
"എന്നിട്ട് ആസ്ത്രേലിയ എന്നല്ലല്ലോ കംഗാരുക്കള്‍ എന്നാണല്ലോ എഴുതിയിരിക്കുന്നത്..."
"അതെ....ആസ്ത്രേലിയയില്‍ കാണപ്പെടുന്ന മൃഗമാണ് കംഗാരു...അതിനാല്‍ ആസ്ത്രേലിയക്കാരെ മറ്റുള്ളവര്‍ സ്നേഹപൂര്‍വ്വം കംഗാരുക്കള്‍ എന്ന് വിളിക്കുന്നു.."
"ആഹാ..."
"അതുപോലെ ന്യൂസിലാന്റില്‍ കൂടുതലായി കാണപ്പെടുന്ന പക്ഷികളാണ് കിവി...അതിനാല്‍ ന്യൂസിലാന്റ്കാരെ മറ്റുള്ളവര്‍ സ്നേഹപൂര്‍വ്വം കിവികള്‍ എന്ന് വിളിക്കുന്നു.... ന്യൂസിലാന്റ് കളി ജയിച്ചാല്‍ കിവികള്‍ക്ക് ജയം എന്ന വാര്‍ത്ത പത്രത്തില്‍ നിനക്ക് കാണാം..." ഞാന്‍ വിശദീകരിച്ചുകൊടുത്തു.
"എങ്കില്‍ നാളത്തെ വാര്‍ത്ത ഞാന്‍ പറയാം.." മകള്‍ ആവേശപൂര്‍വ്വം പറഞ്ഞു.
" ങേ !!" ഞാന്‍ ഞെട്ടി ' നാളെ ഇന്ത്യ - ശ്രീലങ്ക മല്‍സരമാണല്ലോ...ഇവളെന്താ പറയാന്‍ പോകുന്നത് ' ഞാന്‍ ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല.
"ങാ...കേള്‍ക്കട്ടെ നാളത്തെ വാര്‍ത്ത ഇന്നു തന്നെ ..."
" കുരങ്ങന്മാര്ക്ക് വന്‍ തോല്‍വി !!! കാരണം നമ്മുടെ നാട്ടില്‍ കൂടുതലായി കാണപ്പെടുന്ന മൃഗമാണ് കുരങ്ങുകള്‍..അപ്പോള്‍ മറ്റുള്ളവര്‍ സ്നേഹപൂര്‍വ്വം നമ്മെ കുരങ്ങന്മാര് എന്ന് വിളിക്കുന്നു...." വാര്‍ത്തയും വിശദീകരണവും കേട്ട് ഞാന്‍ സ്തബ്ധനായിരുന്നു.
Saturday, May 05, 2007
ഒരു ചക്ക കടത്ത് (ബാല്യകാലസ്മരണകള്‍ - ഏഴ് )
ഒരു വേനലവധിക്കാലം.പറമ്പില്‍ ചക്കയും മാങ്ങയും വിളയുന്ന കാലം.ഞങ്ങള്‍ താമസിക്കുന്ന പറമ്പിന് പുറമെ വേറെ രണ്ട് പറമ്പുകള്‍ കൂടി ഞങ്ങള്‍ക്കുണ്ടായിരുന്നു. അവ രണ്ടും രണ്ട് ദിശയില്‍ അല്പം അകലെയായിരുന്നു.അവയില്‍ വലിയപറമ്പിനെ അത്തിക്കോടെന്നും ചെറുതിനെ മാന്ത്രികച്ചോല എന്നും വിളിച്ചിരുന്നു.
വേനലവധിക്കാലത്ത് എനിക്കും അനിയനുമുള്ള പ്രധാന പണി ആഴ്ചയിലൊരിക്കല്‍ ഈ പറമ്പുകളില്‍ പോയി അവിടെയുള്ള സസ്യ- വൃക്ഷലതാദികളുടെ സുഖവിവരങ്ങള്‍ ബാപ്പയെ അറിയിക്കുക എന്നതായിരുന്നു.ഞങ്ങള്‍ക്കിഷ്ടപ്പെട്ട പണി ആയതുകൊണ്ടല്ല, ബാപ്പയുടെ ഓര്‍ഡര്‍ ആയിരുന്നു ഈ പണിയുടെ പിന്നിലെ രഹസ്യം.
ഒറ്റപ്പെട്ട പറമ്പായതിനാല് അത്തിക്കോട് പോകാന്‍ ഞങ്ങള്‍ക്ക് പേടിയാണ്.അതിനാല്‍ അമ്മാവന്റെയും മൂത്താപ്പമാരുടെയും മക്കളെ പലതും പറഞ്ഞ് ഒപ്പം കൂട്ടും - മാങ്ങയുണ്ടാകും , പറങ്കിമാങ്ങയുണ്ടാകും , തെച്ചിക്കായയുണ്ടാകും കാഞ്ഞിരക്കുരുവുണ്ടാകും തുടങ്ങീ 'വമ്പന്‍' ഓഫറുകളില്‍ കുരുങ്ങി അവര്‍ ഞങ്ങളുടെ കൂടെ കൂടും.മിക്കവാറും ഏറ്റവും മിനിമം ഓഫറായ തെച്ചിക്കായയും തിന്ന് തിരിച്ച് പോരും.
അങ്ങിനെ ഇരിക്കെ ഒരു ദിവസം ബാപ്പയുടെ മാര്‍ച്ചിംഗ് ഓര്‍ഡര്‍ കിട്ടി - അത്തിക്കോട് പോയി ചക്ക , മാങ്ങ , തേങ്ങ എന്നിവയുടെ സെന്‍സസ് എടുത്ത് വരണം. മൂത്ത ചക്കയോ വാഴക്കുലയോ ഉണ്ടെങ്കില്‍ വെട്ടിക്കൊണ്ട് വരികയും വേണം ( മൂപ്പ് നോക്കാന്‍ അറിയാത്ത ഞങ്ങള്‍ രണ്ട് മൂപ്പന്മാര് കഥകഴിച്ച വാഴക്കുലകളുടെ എണ്ണം ഉമ്മാക്കേ അറിയൂ ).
ഹൈക്കമാണ്ട് ഓര്‍ഡര്‍ പ്രകാരം ഞങ്ങള്‍ രണ്ട് പേരും അത്തിക്കോട്ടേക്ക് പുറപ്പെട്ടു.അന്ന് ഞങ്ങളുടെ ഓഫറില്‍ അമ്മാവന്റെയും മൂത്താപ്പമാരുടെയും മക്കളാരും തന്നെ വീണില്ല.അതിനാല്‍ ഞങ്ങള്‍ രണ്ട്പേരായി തന്നെ അത്തിക്കോട്ടെത്തി. തേങ്ങയുടെയും മാങ്ങയുടെയും കണക്കെടുപ്പ് കഴിഞ്ഞ് ഞങ്ങള്‍ വരിക്കപ്ലാവിന്റെ അടുത്തെത്തി.അതാ നില്ക്കുന്നു , കാഴ്ചയില്‍ മുഴുത്ത ഒരു വമ്പന്‍ ചക്ക.
കാഴ്ചയില്‍ വലിയവനായതിനാല് മൂപ്പെത്തിയിരിക്കും എന്ന ധാരണയില്‍ ഞങ്ങള്‍ അവന്റെ ഞെട്ടിക്ക് കല്ലുകൊണ്ട് ഇടിച്ച് ഇടിച്ച് അവനെ താഴെ ഇട്ടു. താഴെ വീണ ചക്കയില്‍ നിന്നും വെള്ള നിറത്തിലുള്ള 'ചോര' ഇറ്റുവീണു കൊണ്ടിരുന്നു.ഇനി ഇവനെ വീട്ടിലെത്തിക്കണമല്ലോ ?
മൂത്തവനായ ഞാന്‍ ചക്ക പൊക്കാന്‍ ശ്രമിച്ചു. തറനിരപ്പില്‍ നിന്നും അല്പം പൊങ്ങിയപ്പോഴേക്കും ചക്കമുള്ള് കൊണ്ട് കൈ വേദനിച്ചതിനാല്‍ ഞാന്‍ ചക്ക താഴെ ഇട്ടു.അടുത്തതായി അനിയനും ഒരു ശ്രമം നടത്തി സമ്പൂര്‍ണ്ണ പരാജയം സമ്മതിച്ചു. നിലത്തിട്ട ചക്കയെ , ഒരു കിലോീമീറ്ററോളം അകലെയുള്ള വീട്ടില്‍ ഇനി എങ്ങനെ എത്തിക്കും എന്നാലോചിച്ച് ഞങ്ങള്‍ക്ക് കരച്ചില് വന്നു.ചക്ക അവിടെതന്നെ ഉപേക്ഷിച്ചുപോയാല്‍ ആ വിവരം എങ്ങനെയെങ്കിലും ബാപ്പ അറിഞ്ഞാല്‍ കിട്ടുന്ന അടിയോര്ത്ത് ഞങ്ങള്‍ ചിന്താമഗ്നരായി ഇരുന്നു. പെട്ടെന്ന് എന്റെ തലയില്‍ ബള്‍ബ് മിന്നി.
"നിന്റെ തുണി അഴിക്ക്....നമുക്ക് ചക്ക അതില്‍ പൊതിഞ്ഞ് രണ്ട് പേരും രണ്ടറ്റം പിടിച്ച് കൊണ്ടുപോകാം...." ഞാന്‍ അനിയനോട് പറഞ്ഞു.
"നല്ല ഐഡിയ...പക്ഷേ ചക്ക ഇക്കാക്കയുടെ തുണിയില്‍ പൊതിഞ്ഞാല്‍ മതി...;'
"അവസാനമായി നീ കുത്തിയപ്പോളാ ചക്ക വീണത്...അതുകൊണ്ട് നിന്റെ തുണിയില്‍ പൊതിയണം..." ഞാനും വിട്ടില്ല
"ഇക്കാക്ക എടുക്കും എന്ന് കരുതിയാ ഞാന്‍ ചക്ക ഇട്ടത്....അതുകൊണ്ട് ഇക്കാക്കയുടെ തുണിയില്‍ തന്നെ പൊതിയണം..." അവനും വിട്ടില്ല.
"ഛെ...ഛെ...ഇക്കാക്കയുടെ തുണി അഴിച്ചാല്‍ ...?? ഈ ഷഡ്ഡിയും ഇട്ട് ചക്കയും കൊണ്ട് ഇക്കാക്ക അങ്ങാടിയിലൂടെ പോകേണ്ടി വരില്ലേ? നീ ചെറുതായതിനാല്‍ നിനക്ക് ഷഡ്ഡിയിട്ട് റോട്ടിലൂടെ നടക്കാം....നിന്റെ പുതിയ ഷഡ്ഡി എല്ലാവരും കാണുകയും ചെയ്യും..." ഞാന്‍ ഒരു നമ്പറിറക്കി.
"പക്ഷേ....ഞാന്‍ പഴയ ഷഡ്ഡിയാ ഇട്ടിരിക്കുന്നത്.... ഇക്കാക്കയുടെ സൂത്രം എന്റെ അടുത്ത് വേണ്ടാ....ഇക്കാക്ക ഷഡ്ഡി ഇട്ടിട്ടില്ല എന്ന് എനിക്കറിയാം...!!!അതുകൊണ്ട് ഇപ്രാവശ്യം ചക്ക എന്റെ തുണിയില്‍ തന്നെ പൊതിയാം...അടുത്ത പ്രാവശ്യം ഇക്കാക്കയുടെ തുണിയില്‍ തന്നെ പൊതിയണം..."
"ആ...സമ്മതിച്ചു "
ഞാന്‍ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു. ശേഷം അവന്റെ തുണി അഴിച്ച് നിലത്ത് വിരിച്ച് ചക്ക അതിലേക്ക് ഉരുട്ടിക്കയറ്റി.ഒരറ്റം അവനും മറ്റേ അറ്റം ഞാനും ചുരുട്ടിപ്പിടിച്ചു.അങ്ങിനെ ചക്കയും കൊണ്ട് ഞങ്ങള്‍ വീട്ടിലേക്ക് തിരിച്ചു.വഴിയില്‍ പലരും ഞങ്ങളെ കൗതുകത്തോടെ നോക്കുന്നത് ഞങ്ങള്‍ അറിഞ്ഞതേ ഇല്ല.വീട്ടിലെത്തിയപ്പോഴേക്കും ചക്കയുടെ പശയും ചക്കമുള്ളും കൊണ്ട് തുണി അകാലചരമം പ്രാപിച്ചിരുന്നു.
വേനലവധിക്കാലത്ത് എനിക്കും അനിയനുമുള്ള പ്രധാന പണി ആഴ്ചയിലൊരിക്കല്‍ ഈ പറമ്പുകളില്‍ പോയി അവിടെയുള്ള സസ്യ- വൃക്ഷലതാദികളുടെ സുഖവിവരങ്ങള്‍ ബാപ്പയെ അറിയിക്കുക എന്നതായിരുന്നു.ഞങ്ങള്‍ക്കിഷ്ടപ്പെട്ട പണി ആയതുകൊണ്ടല്ല, ബാപ്പയുടെ ഓര്‍ഡര്‍ ആയിരുന്നു ഈ പണിയുടെ പിന്നിലെ രഹസ്യം.
ഒറ്റപ്പെട്ട പറമ്പായതിനാല് അത്തിക്കോട് പോകാന്‍ ഞങ്ങള്‍ക്ക് പേടിയാണ്.അതിനാല്‍ അമ്മാവന്റെയും മൂത്താപ്പമാരുടെയും മക്കളെ പലതും പറഞ്ഞ് ഒപ്പം കൂട്ടും - മാങ്ങയുണ്ടാകും , പറങ്കിമാങ്ങയുണ്ടാകും , തെച്ചിക്കായയുണ്ടാകും കാഞ്ഞിരക്കുരുവുണ്ടാകും തുടങ്ങീ 'വമ്പന്‍' ഓഫറുകളില്‍ കുരുങ്ങി അവര്‍ ഞങ്ങളുടെ കൂടെ കൂടും.മിക്കവാറും ഏറ്റവും മിനിമം ഓഫറായ തെച്ചിക്കായയും തിന്ന് തിരിച്ച് പോരും.
അങ്ങിനെ ഇരിക്കെ ഒരു ദിവസം ബാപ്പയുടെ മാര്‍ച്ചിംഗ് ഓര്‍ഡര്‍ കിട്ടി - അത്തിക്കോട് പോയി ചക്ക , മാങ്ങ , തേങ്ങ എന്നിവയുടെ സെന്‍സസ് എടുത്ത് വരണം. മൂത്ത ചക്കയോ വാഴക്കുലയോ ഉണ്ടെങ്കില്‍ വെട്ടിക്കൊണ്ട് വരികയും വേണം ( മൂപ്പ് നോക്കാന്‍ അറിയാത്ത ഞങ്ങള്‍ രണ്ട് മൂപ്പന്മാര് കഥകഴിച്ച വാഴക്കുലകളുടെ എണ്ണം ഉമ്മാക്കേ അറിയൂ ).
ഹൈക്കമാണ്ട് ഓര്‍ഡര്‍ പ്രകാരം ഞങ്ങള്‍ രണ്ട് പേരും അത്തിക്കോട്ടേക്ക് പുറപ്പെട്ടു.അന്ന് ഞങ്ങളുടെ ഓഫറില്‍ അമ്മാവന്റെയും മൂത്താപ്പമാരുടെയും മക്കളാരും തന്നെ വീണില്ല.അതിനാല്‍ ഞങ്ങള്‍ രണ്ട്പേരായി തന്നെ അത്തിക്കോട്ടെത്തി. തേങ്ങയുടെയും മാങ്ങയുടെയും കണക്കെടുപ്പ് കഴിഞ്ഞ് ഞങ്ങള്‍ വരിക്കപ്ലാവിന്റെ അടുത്തെത്തി.അതാ നില്ക്കുന്നു , കാഴ്ചയില്‍ മുഴുത്ത ഒരു വമ്പന്‍ ചക്ക.
കാഴ്ചയില്‍ വലിയവനായതിനാല് മൂപ്പെത്തിയിരിക്കും എന്ന ധാരണയില്‍ ഞങ്ങള്‍ അവന്റെ ഞെട്ടിക്ക് കല്ലുകൊണ്ട് ഇടിച്ച് ഇടിച്ച് അവനെ താഴെ ഇട്ടു. താഴെ വീണ ചക്കയില്‍ നിന്നും വെള്ള നിറത്തിലുള്ള 'ചോര' ഇറ്റുവീണു കൊണ്ടിരുന്നു.ഇനി ഇവനെ വീട്ടിലെത്തിക്കണമല്ലോ ?
മൂത്തവനായ ഞാന്‍ ചക്ക പൊക്കാന്‍ ശ്രമിച്ചു. തറനിരപ്പില്‍ നിന്നും അല്പം പൊങ്ങിയപ്പോഴേക്കും ചക്കമുള്ള് കൊണ്ട് കൈ വേദനിച്ചതിനാല്‍ ഞാന്‍ ചക്ക താഴെ ഇട്ടു.അടുത്തതായി അനിയനും ഒരു ശ്രമം നടത്തി സമ്പൂര്‍ണ്ണ പരാജയം സമ്മതിച്ചു. നിലത്തിട്ട ചക്കയെ , ഒരു കിലോീമീറ്ററോളം അകലെയുള്ള വീട്ടില്‍ ഇനി എങ്ങനെ എത്തിക്കും എന്നാലോചിച്ച് ഞങ്ങള്‍ക്ക് കരച്ചില് വന്നു.ചക്ക അവിടെതന്നെ ഉപേക്ഷിച്ചുപോയാല്‍ ആ വിവരം എങ്ങനെയെങ്കിലും ബാപ്പ അറിഞ്ഞാല്‍ കിട്ടുന്ന അടിയോര്ത്ത് ഞങ്ങള്‍ ചിന്താമഗ്നരായി ഇരുന്നു. പെട്ടെന്ന് എന്റെ തലയില്‍ ബള്‍ബ് മിന്നി.
"നിന്റെ തുണി അഴിക്ക്....നമുക്ക് ചക്ക അതില്‍ പൊതിഞ്ഞ് രണ്ട് പേരും രണ്ടറ്റം പിടിച്ച് കൊണ്ടുപോകാം...." ഞാന്‍ അനിയനോട് പറഞ്ഞു.
"നല്ല ഐഡിയ...പക്ഷേ ചക്ക ഇക്കാക്കയുടെ തുണിയില്‍ പൊതിഞ്ഞാല്‍ മതി...;'
"അവസാനമായി നീ കുത്തിയപ്പോളാ ചക്ക വീണത്...അതുകൊണ്ട് നിന്റെ തുണിയില്‍ പൊതിയണം..." ഞാനും വിട്ടില്ല
"ഇക്കാക്ക എടുക്കും എന്ന് കരുതിയാ ഞാന്‍ ചക്ക ഇട്ടത്....അതുകൊണ്ട് ഇക്കാക്കയുടെ തുണിയില്‍ തന്നെ പൊതിയണം..." അവനും വിട്ടില്ല.
"ഛെ...ഛെ...ഇക്കാക്കയുടെ തുണി അഴിച്ചാല്‍ ...?? ഈ ഷഡ്ഡിയും ഇട്ട് ചക്കയും കൊണ്ട് ഇക്കാക്ക അങ്ങാടിയിലൂടെ പോകേണ്ടി വരില്ലേ? നീ ചെറുതായതിനാല്‍ നിനക്ക് ഷഡ്ഡിയിട്ട് റോട്ടിലൂടെ നടക്കാം....നിന്റെ പുതിയ ഷഡ്ഡി എല്ലാവരും കാണുകയും ചെയ്യും..." ഞാന്‍ ഒരു നമ്പറിറക്കി.
"പക്ഷേ....ഞാന്‍ പഴയ ഷഡ്ഡിയാ ഇട്ടിരിക്കുന്നത്.... ഇക്കാക്കയുടെ സൂത്രം എന്റെ അടുത്ത് വേണ്ടാ....ഇക്കാക്ക ഷഡ്ഡി ഇട്ടിട്ടില്ല എന്ന് എനിക്കറിയാം...!!!അതുകൊണ്ട് ഇപ്രാവശ്യം ചക്ക എന്റെ തുണിയില്‍ തന്നെ പൊതിയാം...അടുത്ത പ്രാവശ്യം ഇക്കാക്കയുടെ തുണിയില്‍ തന്നെ പൊതിയണം..."
"ആ...സമ്മതിച്ചു "
ഞാന്‍ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു. ശേഷം അവന്റെ തുണി അഴിച്ച് നിലത്ത് വിരിച്ച് ചക്ക അതിലേക്ക് ഉരുട്ടിക്കയറ്റി.ഒരറ്റം അവനും മറ്റേ അറ്റം ഞാനും ചുരുട്ടിപ്പിടിച്ചു.അങ്ങിനെ ചക്കയും കൊണ്ട് ഞങ്ങള്‍ വീട്ടിലേക്ക് തിരിച്ചു.വഴിയില്‍ പലരും ഞങ്ങളെ കൗതുകത്തോടെ നോക്കുന്നത് ഞങ്ങള്‍ അറിഞ്ഞതേ ഇല്ല.വീട്ടിലെത്തിയപ്പോഴേക്കും ചക്കയുടെ പശയും ചക്കമുള്ളും കൊണ്ട് തുണി അകാലചരമം പ്രാപിച്ചിരുന്നു.
Labels:
ഓർമ്മ,
കോളനിക്കഥകൾ,
നർമ്മം,
സ്മരണകള്‍