Pages

Saturday, July 31, 2021

സൌഹൃദം പൂക്കുന്ന വഴികൾ - 13

തൃശൂരിൽ നിന്നും വണ്ടി കയറിയ ഉടനെ എനിക്ക് ഒരു ഫോൺ വിളി വന്നു. തിരുവനതപുരത്ത് നിന്നാണ്. എക്‌സാം കഴിഞ്ഞ ശേഷം ഞാൻ ചെല്ലാമെന്നേറ്റ എൻ്റെ മുൻ റൂം മേറ്റും സഹപ്രവർത്തകനുമായിരുന്ന ഷറഫുദ്ദീൻ സാർ ആണ്. വണ്ടി പുലർച്ചെ നാല് മണിക്ക് തിരുവനതപുരം എത്തുമെന്നും അവിടെ റൂം എടുത്ത് ഫ്രഷ് ആകുന്നതിനേക്കാളും നല്ലത് സാറിന്റെ വീട്ടിലേക്ക് പോകുന്നതാണെന്നും ആയതിനുള്ള ക്രമീകരണങ്ങൾ സാർ ചെയ്യുന്നുണ്ട് എന്നുമായിരുന്നു ആ വിളിയുടെ ആകെത്തുക. 

നാല് മണിക്കിറങ്ങുന്ന ഞങ്ങളെ കൊണ്ടുപോകാൻ ആറ്റിങ്ങലിൽ നിന്നും അദ്ദേഹത്തിന് പുലർച്ചെ മൂന്നരക്കെങ്കിലും പുറപ്പെടേണ്ടി വരും. ബട്ട്, എൻ്റെ നിർദ്ദേശങ്ങൾ എല്ലാം തള്ളി പുലർച്ചെ കാണാം എന്ന് പറഞ്ഞ് ഷറഫ് സാർ ഫോൺ വച്ചു.

ചെന്നൈ പോകുന്ന ട്രെയിൻ ആയതിനാൽ കൃത്യ സമയത്ത് ഉണർന്നില്ലെങ്കിൽ നാഗർകോവിലോ മറ്റോ ഇറങ്ങേണ്ടി വരും എന്ന ഷറഫ് സാറുടെ ഓർമ്മപ്പെടുത്തൽ എന്നെ അലാറം വയ്ക്കാൻ നിർബന്ധിതനാക്കി. അലാറം വച്ചാണ് കിടക്കാറെങ്കിലും ആദ്യ അടിക്ക് എണീക്കുന്ന പതിവില്ലാത്തതിനാൽ ഒരു ഉൾഭയം ഉണ്ടായിരുന്നു. മോളും അവളുടെ ഫോൺ എന്നെ ഏൽപ്പിച്ച് കുരിശ് ഒഴിവാക്കി.എന്റെ ബയോളജിക്കൽ ക്ളോക്ക് കൃത്യമായി പ്രവർത്തിച്ചതിനാൽ അലാറം അടിക്കുന്നതിന് മുമ്പ് തന്നെ ഞാൻ എണീറ്റു. വണ്ടി തമ്പാനൂർ എത്തിയതും ഷറഫ് സാർ വിളിച്ച്, പുറത്ത് കാറുമായി കാത്തുനിൽക്കുന്ന വിവരം അറിയിച്ചു.

അങ്ങനെ നേരം പുലരുന്നതിന് മുമ്പേ തന്നെ ഞങ്ങൾ ആറ്റിങ്ങലിൽ എത്തി.കുളിച്ച് വൃത്തിയായ ശേഷം അൽപ നേരം ഒന്ന് മയങ്ങി. പ്രാതലിന് ശേഷം എട്ടു മണിയോടെ കാറിൽ തന്നെ ഞങ്ങൾ വെഞ്ഞാറമൂടിലേക്ക് തിരിച്ചു.മോളെ പരീക്ഷാ സെന്ററിൽ കയറ്റിയ ശേഷം സമയം കളയാനും സാധനങ്ങൾ വാങ്ങാനുമായി ഞങ്ങൾ വെഞ്ഞാറമൂട് ചന്തയിൽ കയറി.സമയം പിന്നെയും ബാക്കിയായതിനാൽ കാർ ഒരിടത്ത് പാർക്ക് ചെയ്ത് സർവീസ് കാര്യങ്ങൾ ചർച്ച ചെയ്തു. പതിനൊന്ന് മണിക്ക് പരീക്ഷ കഴിഞ്ഞ ലുലുവിനെയും കൂട്ടി ആറ്റിങ്ങലിലേക്ക് തന്നെ തിരിച്ച് പോന്നു.

യാത്രക്കിടെ വർക്കല ബീച്ചിനെപ്പറ്റി ഞാൻ വെറുതെ ഒന്ന് ചോദിച്ചു. വിവരങ്ങൾ തന്നതോടൊപ്പം വൈകിട്ട് ബീച്ചിൽ പോകാം എന്നും പറഞ്ഞപ്പോൾ ആ മനസ്സിനെ ഞാൻ നമിച്ചു.പക്ഷെ,കോവിഡ് നിയന്ത്രണങ്ങൾ കാരണം ഞങ്ങളെ ബീച്ചിൽ കൊണ്ട്‌ പോകാൻ പറ്റാത്തതിലുള്ള ഷറഫ് സാറിന്റെ വിഷമം ആ മുഖത്ത് നിന്നും ഞാൻ വായിച്ചെടുത്തു.

ഊണിന് പ്രത്യേക ഇനമായി ഇന്ന് പരിചയപ്പെട്ട അഗസ്തി പൂ തോരൻ ഉണ്ടായിരുന്നു.കൂടാതെ മലപ്പുറത്ത് പരിചയമില്ലാത്ത കപ്പപ്പുഴുക്കും ഊണിന് രുചി കൂട്ടി. അത്താഴം കൂടി അവിടെ നിന്ന് കഴിച്ചതോടെ ഇന്നത്തെ മുഴുവൻ ഭക്ഷണവും ആ കുടുംബത്തിന്റെ വകയായി. ഇതിനിടക്ക് തന്നെ എന്റെ  മക്കൾ സാറിന്റെ ഭാര്യ ഷെറീനയുമായും മക്കളായ ജുമാന,ദിയ എന്നിവരുമായും നല്ല കൂട്ടായി മാറിയിരുന്നു. എന്റെ ആദ്യ കഥാസമാഹാരമായ 'അമ്മാവന്റെ കൂളിങ് എഫക്ട് ' അവർക്കും സമ്മാനിച്ച് പത്ത് മണിക്കുള്ള ട്രെയിൻ പിടിക്കാനായി ഞങ്ങൾ വർക്കലയിലേക്ക് പുറപ്പെട്ടു.

ഒരു കുടുംബം ഒരു ദിവസം  മുഴുവൻ ഞങ്ങൾക്ക് തന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. ഇംഗ്ളീഷിൽ ഒരു ചൊല്ലുണ്ട് - A friend in need is a friend indeed.അക്ഷരാർത്ഥത്തിൽ അത് കാണിച്ച് തരികയായിരുന്നു ഷറഫ് സാർ . ദൈവം അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും മേൽ അനുഗ്രഹങ്ങൾ ഇനിയും ചൊരിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Wednesday, July 28, 2021

സന്തോഷത്തിന്റെ മാർക്കുകൾ

 സ്‌കൂൾ പഠന കാലത്തെ കാൽക്കൊല്ല പരീക്ഷകളുടെയും അരക്കൊല്ല പരീക്ഷകളുടെയും പേപ്പർ ക്ലാസ്സിൽ വിതരണം ചെയ്യുന്ന രംഗം ഇപ്പോൾ മനസ്സിലൂടെ ഓടി വരുന്നു. ഇംഗ്ലീഷ് അമ്പതിൽ നാല്പത്തിരണ്ട് എന്ന് കേൾക്കുമ്പോഴേക്കും ക്ലാസ്സിൽ നിന്നും അത്ഭുതത്തിന്റെ ഒരു മന്ദമാരുതൻ "'സ്...." എന്ന ചെറിയൊരു ശബ്ദത്തോടെ ഉയരും. അതായത് നാൽപ്പതിൽ കൂടുതൽ മാർക്ക് കിട്ടുന്നത് തന്നെ അന്നത്തെ വലിയ നേട്ടങ്ങളിൽ ഒന്നായിരുന്നു. പത്താം ക്ലാസ് പൊതുപരീക്ഷ റിസൾട്ട് വന്നപ്പോഴാണ് കണക്കിൽ അമ്പതിൽ അമ്പതും കിട്ടും എന്ന തിരിച്ചറിവുണ്ടായത്. കിട്ടിയത് എനിക്കല്ലായിരുന്നു, റാങ്ക് കിട്ടിയ കുട്ടികളുടെ മാർക്കിന്റെ വിശദാശംങ്ങളിൽ നിന്നായിരുന്നു ഇത് മനസ്സിലാക്കിയത്.  

എന്റെ രണ്ടാമത്തെ മകൾ ആതിഫ ജൂംലയുടെ +2 റിസൾട്ട് സ്‌കോർ ഷീറ്റ് കണ്ടപ്പോഴാണ് ഇത്രയും മനസ്സിൽ പാഞ്ഞെത്തിയത്. 1200 ൽ 1196 എന്ന ഇന്നുവരെ എൻ്റെ കുടുംബത്തിൽ ഉണ്ടാകാത്ത ഒരു റിസൾട്ട് ആണ് കിട്ടിയത്. നാല് മാർക്കിന് ഫുൾ മാർക്ക് പോയതിൽ എനിക്കോ അവൾക്കോ ഒരു നഷ്ടവും തോന്നാത്തത് ഈ കാലത്തിന്റെ പ്രത്യേകത കൊണ്ടായിരിക്കാം. 

മുൻ അമേരിക്കൻ പ്രസിഡണ്ട് എബ്രഹാം ലിങ്കൺ രചിച്ച "ഒരച്ഛൻ അദ്ധ്യാപകന് അയച്ച കത്തുകൾ" എന്ന പുസ്തകത്തിലെ പ്രശസ്തമായ ആ വരികൾ ഈ അവസരത്തിൽ നമ്മുടെ മനസ്സിലുണ്ടാകട്ടെ..

"അവനെ പഠിപ്പിക്കുക, തോൽവികൾ അഭിമുഖീകരിക്കാൻ; വിജയങ്ങൾ ആസ്വദിക്കാനും "

വിജയം നേടിയ എല്ലാവരെയും അനുമോദിക്കുന്നു. തോൽവിയെ പുഞ്ചിരിയോടെ സ്വീകരിച്ചവർക്ക് അതുക്കും മേലെയുള്ള അഭിന്ദനങ്ങളും നേരുന്നു.

Tuesday, July 27, 2021

സൌഹൃദം പൂക്കുന്ന വഴികൾ - 12

ചില സുഹൃദ് ബന്ധത്തിന്റെ ആഴവും പരപ്പും നമ്മുടെ കണക്കുകൂട്ടലിന്റെ പരിധിക്കപ്പുറം വ്യാപിച്ചു കിടക്കുന്നത് പലപ്പോഴും നമ്മൾ തന്നെ തിരിച്ചറിയാറില്ല.ഏതോ കാലത്ത് ഒരുമിച്ച് പഠിച്ചു അല്ലെങ്കിൽ ഒരുമിച്ച് ജോലി ചെയ്തു എന്നതിനാൽ ആലുവ മണൽപ്പുറത്ത് നിന്ന് കണ്ടാലും ഒന്ന് പുഞ്ചിരിക്കുക എന്നതിൽ കവിഞ്ഞ പ്രകടനങ്ങൾ പലപ്പോഴും ഉണ്ടാകാറില്ല. എന്നാൽ എന്റെ ചില സൗഹൃദങ്ങളുടെ ആഴം ഞാൻ പലപ്പോഴും ഇവിടെ സൂചിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തൃശൂർ സന്ദർശന വേളയിൽ ഫൗസിയെയും ഷിലുവിനെയും കണ്ടുമുട്ടിയത് ഇവിടെ പറഞ്ഞിരുന്നു.

രണ്ടാമത്തെ മകൾ ലുവക്ക് CUSAT അഡ്മിഷൻ പരീക്ഷ എഴുതാനായി ഒരിക്കൽ കൂടി എനിക്ക് തൃശൂരിൽ എത്തേണ്ടി വന്നു. പിറ്റേ ദിവസം മൂത്തമോൾ ലുലുവിന് തിരുവനന്തപുരത്ത് പരീക്ഷ ഉള്ളതിനാൽ രാത്രി വണ്ടിക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ലുവയുടെ പരീക്ഷ നാലരക്ക് കഴിഞ്ഞാൽ പിന്നെ രാത്രി പത്തര വരെ തൃശൂരിൽ എന്ത് ചെയ്യും എന്ന ചോദ്യത്തിന് എൻ്റെ മനസ്സിലേക്ക് ഓടിക്കയറിയ ഉത്തരങ്ങളായിരുന്നു രാകേഷ്, ഷീജ, ഫൗസിയ,ഷിലു ഷാലിമാർ എന്നീ പേരുകൾ. ഇതിൽ ഷിലുവിന്റെ വീട്ടിൽ കഴിഞ്ഞ തവണ പോയതിനാൽ ബാക്കി മൂന്ന് പേരെയും ഞാൻ  തൃശൂരിൽ വരുന്ന വിവരം അറിയിച്ചു. മൂന്ന് പേരും ആതിഥേയത്വം വാഗ്ദാനം ചെയ്‌തെങ്കിലും നറുക്ക് വീണത് ഫൗസിയക്കായിരുന്നു.

പന്ത്രണ്ടരക്ക് പരീക്ഷക്ക് കയറിയ മകളെയും കാത്ത് നാലര വരെ ഇരിക്കുക എന്ന പണി ഞങ്ങൾ കരുതിയതിനേക്കാളും വലിയ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു.കോവിഡ് കാലമായതിനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളൊന്നും തുറക്കാത്തതും ഞങ്ങളെപ്പോലെ പലരെയും നിരാശരാക്കി. കൃത്യ സമയത്താണ് എന്റെ ആതിഥേയ ഫൗസിയയുടെ ഹസ്ബന്റ്  ബഷീർക്ക വിളിച്ചതും ഞങ്ങളെ വീട്ടിലേക്ക് കൊണ്ടുപോകാനുള്ള കർമ്മ പദ്ധതി തയ്യാറാക്കിയതും.

അൽപ സമയത്തിനകം തന്നെ ഞാൻ ഇതുവരെ കാണാത്ത എന്നെ ഇതുവരെ കാണാത്ത, ഫൗസിയയുടെ മകൻ ആഷിഖ് കാറുമായി ഞങ്ങളെത്തേടി എത്തി. കൂർക്കഞ്ചേരിക്കടുത്ത് ചീയാരം എന്ന സ്ഥലത്ത് ഒരു കുടുംബം മുഴുവൻ ഞങ്ങളെയും കാത്തിരിക്കുകയായിരുന്നു.മനസ്സ് നിറയാൻ ഇനി എന്ത് വേണം? ഭക്ഷണം കഴിച്ച് ഞാൻ അൽപ നേരം ഒന്ന് മയങ്ങുകയും ചെയ്തു. വൈകുന്നേരം ലുവയെ കൂട്ടാൻ  ബഷീർക്കയും മകൻ അസീമും ഞാനും  വീണ്ടും വെസ്റ്റ് ഫോർട്ട് ജംഗ്‌ഷനിൽ പോയി, അവളെയും കൂട്ടി ചീയാരത്ത് തന്നെ തിരിച്ചെത്തി.

രാത്രി യാത്ര ചെയ്യാനുള്ളതാണെങ്കിലും വിഭവ സമൃദ്ധമായ ഭക്ഷണം തന്നെയായിരുന്നു ഞങ്ങൾക്കായി ഒരുക്കിയിരുന്നത്. മേമ്പൊടിയായി ഫൗസിയ സ്‌പെഷ്യൽ പുഡ്ഡിംഗും ആയതോടെ വയറും നിറഞ്ഞു. സന്ദർശനത്തിന്റെ ഓർമ്മക്കായും പത്താം ക്ലാസ് ഫുൾ എ പ്ലസ്സോടെ  പാസ്സായ അയിശക്കുള്ള സമ്മാനമായും  'അമ്മാവന്റെ കൂളിങ് എഫക്ട്' ഞാൻ അവർക്ക് നൽകി. രാത്രി പത്തരക്കുള്ള ട്രെയിനിൽ ഞങ്ങളെ കയറ്റി വിടാനായി ആഷിഖും അയിഷയും റെയിൽസ്റ്റേഷൻ വരെ കാറിൽ ഞങ്ങളെ എത്തിച്ചു തരികയും ചെയ്തു. 

പ്രിയരേ, സൗഹൃദം ഒരു പൂമരമാണ്. കാലം കഴിയുന്തോറും പൂത്തുലയുന്ന ഒരു പൂമരം.അതിനെ ഇനിയും പുഷ്പിക്കാൻ അനുവദിക്കുക. മനസ്സ് സന്തോഷം കൊണ്ട് നിറയും , തീർച്ച.

Friday, July 23, 2021

ഞെക്കുവിളക്ക്

 ഓർമ്മകളുടെ ഉള്ളറകളിൽ ഒളിച്ചിരിക്കുന്ന ചിലത് പൊടി തട്ടി എടുക്കുമ്പോൾ അനുഭവിക്കുന്ന അനുഭൂതി പലപ്പോഴും വാക്കുകൾ കൊണ്ട് പ്രതിഫലിപ്പിക്കാൻ കഴിയില്ല.ഇത്തരം അനുഭൂതി നുകരാൻ വേണ്ടി മാത്രം ഞാൻ കൂട്ടുകാരോട് അവരുടെ അനുഭവങ്ങൾ പറയിപ്പിക്കാറുണ്ട്. വായനക്കായി ചില പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതും ഈ അനുഭൂതി നുകരാനാണ്.ചില പുസ്തകങ്ങളുടെ പേരിൽ തന്നെ അതിന്റെ സൂചകങ്ങൾ ഉണ്ടാകും.

ടോർച്ച് എന്ന പേരിൽ പ്രസിദ്ധമായ, പുട്ടും കുറ്റി പോലെയുള്ള ഒരുപകരണം ഒരു കാലത്ത് എല്ലാ വീടുകളുടെയും അവിഭാജ്യ ഘടകമായിരുന്നു. മൊബൈൽഫോൺ എന്ന സകലകലാവല്ലഭൻ വന്നതോടെ ഇല്ലാതായ പല സാധനങ്ങളിൽ ഒന്നാണ് ടോർച്ച്.രണ്ടോ അതിലധികമോ ബാറ്ററികൾ ഇടുന്നതായിരുന്നു മിക്ക ടോർച്ചുകളും.അതിൽ തന്നെയുള്ള ഒരു സ്വിച്ച് അമർത്തുന്നതോടെ അതിൽ നിന്നും പ്രകാശം പുറപ്പെടും.വല്ലപ്പോഴും കയ്യിൽ കിട്ടുന്ന ടോർച്ചിന്റെ പ്രകാശം, കുട്ടിക്കാലത്ത് ഞങ്ങൾക്ക് ഒരു കൗതുകവസ്തു തന്നെയായിരുന്നു.ആ ഉപകരണത്തെ 'ഞെക്കുവിളക്ക്' എന്ന് വിളിക്കാറുണ്ട് എന്നത് ഇതേ പേരിലുള്ള ഒരു പുസ്തകം കണ്ടപ്പോഴാണ് അറിഞ്ഞത്.

എൻ്റെ പ്രിയ പിതാവിന്റെ അടുത്ത സുഹൃത്തായിരുന്ന കൊടിയത്തുർ സ്വദേശി പി കെ അബ്ദുല്ല മാസ്റ്റർ എഴുതിയ നോവലാണ് 'ഞെക്കുവിളക്ക്'.മാഷ് ജനിച്ചു വളർന്ന ഗ്രാമത്തിന്റെയും എന്റെ നാടായ അരീക്കോട് അടക്കമുള്ള തൊട്ടടുത്ത ഗ്രാമങ്ങളുടെയും പഴയകാല ചരിത്രത്തിലൂടെയുള്ള ഒരു എത്തിനോട്ടവും കഥയും ആണ് ഞെക്കുവിളക്കിന്റെ പ്രതിപാദ്യ വിഷയം.മറുനാട്ടിൽ നിന്ന് വന്ന് നാട്ടുകാരനായി മാറിയ ഒരു മാസ്റ്ററും ഗ്രാമത്തിലെ പ്രധാന തൊഴിലായ ബീഡിതെറുപ്പും അന്ധവിശ്വാസങ്ങളുടെ കൂത്തരങ്ങായ മന്ത്രവാദ ചികിത്സയും എല്ലാം കൂടി ഒരു നാട്ടിൻപുറത്തിന്റെ നിഷ്കളങ്കമായ കഥയാണ് 'ഞെക്കുവിളക്ക്' പറയുന്നത്.അബ്ദുല്ല മാസ്റ്ററുടെ അനുഭവങ്ങൾ തന്നെയാണ് 'ഞെക്കുവിളക്ക്' എന്നാണ് എനിക്ക് തോന്നിയത്.പുസ്തകത്തിൽ പ്രതിപാദിക്കുന്ന സ്ഥലനാമങ്ങൾ എല്ലാം തന്നെ മാസ്റ്റർക്ക് ഏതെങ്കിലും തരത്തിൽ ബന്ധമുള്ളതാണ് എന്ന് മാഷെ അറിയുന്നവർക്ക് മനസ്സിലാകും.

നാട്ടിൻപുറത്തെ സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും കണ്ണികളുടെ ഇഴയടുപ്പം ഈ നോവലിലൂടെ വായിച്ചെടുക്കാം.അക്കാലത്ത് നാട്ടിൽ നിലനിന്നിരുന്ന പലതിലേക്കുമുള്ള ഒരു വെളിച്ചം വീശൽ കൂടിയാണ് 'ഞെക്കുവിളക്ക്' എന്നാണ് എന്റെ വായനാനുഭവം.

പുസ്തകം : ഞെക്കുവിളക്ക്
രചയിതാവ് :പി കെ അബ്ദുല്ല മാസ്റ്റർ
പ്രസാധകർ : വചനം ബുക്സ് 
പേജ് : 158 
വില : 160 രൂപ 




Thursday, July 22, 2021

വെഞ്ഞാറമൂട് ചന്ത

വെഞ്ഞാറമൂട് എന്ന സ്ഥലം മിക്കവരുടെയും മനസ്സിൽ പതിഞ്ഞത് സുരാജ് എന്ന പേരിന്റെ വാലായിട്ടായിരിക്കും.കഴിഞ്ഞ ശനിയാഴ്ച, തിരുവനന്തപുരം ജില്ലയിലെ ആ കൊച്ചു പട്ടണം സന്ദർശിക്കാനിടയായി.എൻ്റെ മൂത്ത മകൾ ലുലുവിന്റെ കൊച്ചിൻ യൂണിവേഴ്‌സിറ്റി പി ജി പ്രവേശന പരീക്ഷയ്ക്കായിട്ടായിരുന്നു ഈ കോവിഡ് കാലത്ത് ഞാൻ വെഞ്ഞാറമൂട് എത്തിയത്. 2004 ൽ വയനാട് എഞ്ചിനീയറിംഗ് കോളേജിൽ വച്ച് എനിക്ക് കിട്ടിയ സഹോദരൻ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി ഷറഫുദ്ദീൻ സാർ ആയിരുന്നു ഞങ്ങളുടെ ഗൈഡ്.

മോളെ ഓൺലൈൻ പരീക്ഷക്ക് കയറ്റിയ ശേഷം ഞങ്ങൾ വെഞ്ഞാറമൂട് ചന്തയിൽ എത്തി.ശനിയാഴ്ച തോറും നടന്നു വന്നിരുന്നതും അരീക്കോടിന്റെയും പരിസരപ്രദേശങ്ങളുടെയും ആഴ്ചയിലെ ഉത്സവമായിരുന്നതും  ഇന്ന് നാമമാത്രമായി നടക്കുന്നതുമായ അരീക്കോട് ആഴ്ച ചന്തയാണ് എൻ്റെ മനസ്സിൽ അപ്പോൾ ആദ്യം ഓടി എത്തിയത്. 

വിവിധതരം പച്ചക്കറികൾ ചെറിയ ചെറിയ കൂട്ടങ്ങളായി സ്റ്റീൽ പാത്രത്തിൽ നിരത്തി വച്ചതും വില്പനക്കാരായി സ്ത്രീകൾ ഇരിക്കുന്നതും എനിക്ക് കൗതുകക്കാഴ്ചയായി.സ്വന്തം വീട്ടിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളാണ് മിക്കവരും ആ പൊരിവെയിലത്തിരുന്ന് വില്പന നടത്തിയിരുന്നത്. ഒരു കൂട്ടത്തിന് ഇത്ര രൂപ എന്നതായിരുന്നു റേറ്റ് . അല്ലാതെ കിലോക്ക് ഇത്ര എന്നല്ല കൂട്ടത്തിൽ ക്രീം നിറത്തിലുള്ള ഒരു പൂവ് എൻ്റെ ശ്രദ്ധ പിടിച്ചു പറ്റി. അഗസ്തി പൂവ് ആയിരുന്നു അത് എന്ന് പിന്നീട് അറിഞ്ഞു.

അല്പം കൂടി ഉള്ളിലേക്ക് കയറിയപ്പോൾ സ്ത്രീകൾ നിരന്നിരുന്ന് കച്ചവടം പൊടിപൊടിക്കുന്നു.മത്സ്യമാണ് വില്പന വസ്തു .വലിയ ചൂര (സൂത) മുതൽ നത്തോലി വരെയുണ്ട് വില്പനക്ക്.ചൂര ഒന്നിന് 350 രൂപ വരെയാണ് വില.ആ വിലയ്ക്കും അതവിടെ വിറ്റു പോകുന്നുണ്ട്. എൻ്റെ നാട്ടിൽ ഈ മൽസ്യം പീസ് പീസായി തൂക്കിയാണ് വിൽക്കാറ്. ഒരു വലിയ മൽസ്യം എടുത്താലും ഇത്ര വില വരില്ല.കുഞ്ഞു മീനായ നത്തോലി കുന്നു പോലെ കൂട്ടി അതിനാണ് വില പറയുന്നത്.
വലിയ വട്ടപ്പാത്രങ്ങളിൽ വെള്ളത്തിൽ മുക്കിവച്ച മറ്റു മൽസ്യങ്ങളും മുന്നിലെ പരന്ന പലകയിലേക്ക് ഇടക്കിടെ എടുത്തിടുന്നുണ്ട്.അതും ഒരു കൂട്ടത്തിനാണ് വില പറയുന്നത്.വാങ്ങിയ മത്സ്യം കടലാസിൽ പൊതിയുമ്പോൾ പാത്രത്തിൽ നിന്നും ഒന്ന് രണ്ടെണ്ണം കൂടി കസ്റ്റമറെ കാണിച്ച് അതിലിടും.മിക്ക ഉപഭോക്താക്കളും മത്സ്യം ഇടാനുള്ള കവറുമായിട്ടാണ് വരുന്നത് എന്നതും ശ്രദ്ധേയമാണ്.ആണും പെണ്ണും ഉണ്ടെങ്കിലും കച്ചവടം പൊടിപൊടിക്കുന്നത് സ്ത്രീകളുടെ നാവിന്റെ പിൻബലത്തിൽ തന്നെയാണ്.

എൻ്റെ നാട്ടിലെപ്പോലെ, മാർക്കറ്റിൽ കയറുമ്പോഴേക്കും കേൾക്കുന്ന മാഷേ, അയൽവാസീ,കുടുംബക്കാരാ തുടങ്ങീ വിളികളൊന്നും ഇവിടെ ഇല്ല.അര മണിക്കൂറിലേറെ ഒരേ സ്ഥലത്ത് ചുറ്റിപ്പറ്റി നിന്നിട്ടും ഒരാളും മത്സ്യം വാങ്ങാൻ നിർബന്ധിക്കുന്നത് പോയിട്ട് ക്ഷണിക്കുക പോലും ചെയ്തില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി.
തിരുവനന്തപുരം ജില്ലയിലെ പ്രമുഖ ഡെയ്‌ലി മാർക്കറ്റുകളിൽ ഒന്നാണ് വെഞ്ഞാറമൂട് ചന്ത. ചന്തകൾ ഏതാണെങ്കിലും അതിനൊരു ചന്തമുണ്ട് എന്ന സത്യം വീണ്ടും മനസ്സിനെ നോവിക്കുന്നു.നഷ്ടമായ എൻ്റെ നാട്ടിലെ ചന്തയുടെ പഴയകാല പ്രതാപം ഓർത്ത്.

Tuesday, July 20, 2021

അഗസ്തി പൂവ്

കൃഷി സംബന്ധമായ പല ഗ്രൂപ്പുകളിലും അംഗമായതിനാൽ എൻ്റെ വീട്ടിൽ ഉള്ളതും ഇല്ലാത്തതുമായ പലതരം പച്ചക്കറികളെപ്പറ്റിയും കേട്ടറിഞ്ഞിരുന്നു. അതിൽ ഒന്നായിരുന്നു അഗത്തി ചീര. ആറ് തരം ചീരകൾ എൻ്റെ വീട്ടിലുണ്ടെങ്കിലും ഈ ചീരയെപ്പറ്റി മുമ്പ് ഞാൻ കേട്ടിരുന്നില്ല. ചീര എന്ന് പേരിലുണ്ടെങ്കിലും ഇത് ഒരു ചെടി രൂപത്തിൽ വളരുന്നതാണെന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. അടുത്തെവിടെയും ഇല്ലാത്തതിനാൽ തൽക്കാലം ചിത്രം കണ്ട് സായൂജ്യമടയാനെ നിർവ്വാഹമുണ്ടായിരുന്നുള്ളു. കിട്ടുന്ന കാലത്ത് നട്ട് രുചി അറിയാം എന്ന തീരുമാനത്തിൽ ഞാൻ അഗത്തി ചീരയെ കൈ വിട്ടു.

കഴിഞ്ഞ ശനിയാഴ്ച, കൊച്ചിൻ യൂണിവേഴ്‌സിറ്റിയുടെ പി ജി പ്രവേശന പരീക്ഷയ്ക്കായി തിരുവനന്തപുരം വെഞ്ഞാറമൂട് എത്തിയപ്പോഴാണ് അഗത്തി ചീര വീണ്ടും മനസ്സിൽ വന്നത്. മോളെ പരീക്ഷക്ക് കയറ്റിയ ശേഷം സുഹൃത്ത് ഷറഫുദ്ദീൻ സാറിന്റെ കൂടെ വെഞ്ഞാറമൂട് ചന്തയിലേക്ക് പോയി. അവിടെ പച്ചക്കറികളുടെ കൂട്ടത്തിൽ വെളുത്ത ഒരു ഐറ്റം ദൂരെ നിന്നേ എൻ്റെ ശ്രദ്ധ ആകർഷിച്ചു. ഒരു വിരലിന്റെ അത്രയും വലുപ്പം ഉള്ളതിനാൽ വെള്ള നിറത്തിലുള്ള ബജി മുളകാണെന്നായിരുന്നു എൻ്റെ ധാരണ.

ആവശ്യമായ സാധനങ്ങൾ വാങ്ങി  ഷറഫുദ്ദീൻ സാർ പച്ചക്കറി വിൽക്കുന്ന സ്ത്രീയുടെ അടുത്തെത്തി ചോദിച്ചു.

"അഗസ്തി പൂവ് എത്രയാ ?"

പച്ചക്കറിയിൽ അങ്ങനെ ഒരു ഐറ്റം നാട്ടിൽ ഇതുവരെ കാണാത്തതിനാൽ ഞാൻ അവരുടെ കൈ നീളുന്ന ഐറ്റത്തിലേക്ക് നോക്കി.നേരത്തെ ഞാൻ ബജി മുളകെന്ന് സംശയിച്ച ഐറ്റത്തിലാണ് അവരുടെ കൈ ചെന്ന് തൊട്ടത് . അതിൽ നിന്നും കുറച്ചെണ്ണം എടുത്ത് പൊതിഞ്ഞ് കൊടുത്തപ്പോൾ ഞാൻ ഷറഫുദ്ദീൻ സാറോട് പറഞ്ഞു  - 

"അഗത്തി ചീര എന്ന് കേട്ടിട്ടുണ്ട്, ഇതാദ്യമായാ കേൾക്കുന്നത്."

"ഇതിന് അഗസ്തി പൂവ് എന്നാണ് പറയുന്നത് ... അല്പം വലിയൊരു മരം ആകും...."

വില്പനക്കാരിയോട് സമ്മതം ചോദിച്ച് ഞാനതിന്റെ ഫോട്ടോ എടുത്തു.

ചീര വർഗ്ഗത്തിൽപ്പെട്ട സസ്യമാണ് അഗസ്തി. അഗത്തിയെന്നും വിളിപ്പേരുണ്ട്. അഗസ്തി പൂവും അഗത്തി ചീരയും തമ്മിൽ വല്ല ബന്ധവും ഉണ്ടോ എന്നറിയാൻ ഞാൻ നെറ്റിൽ തപ്പി.അതാ കിടക്കുന്നു ഞാൻ കണ്ട അതേ പൂവ്. അഗത്തി ചീരയുടെ  പൂവ് തന്നെയാണ് അഗസ്തി  പൂവ് എന്ന് പറയുന്നത്.നിരവധി ഔഷധ ഗുണങ്ങൾ ഉള്ളതാണ്അഗത്തി ചീരയുടെ ഇലയും പൂവും. ചെറിയൊരു ചവർപ്പ് ഉണ്ടെങ്കിലും അഗസ്തി പൂ തോരൻ എനിക്കിഷ്ടായി. ഇനി ഒരു തൈ സംഘടിപ്പിക്കണം , വീട്ടിലും നട്ട് വളർത്തണം.


Sunday, July 18, 2021

പി ടി അബ്ദുറഹിമാൻ അരീക്കോട്

2021 ജനുവരി 21 രാത്രി എട്ടു മണി . വർഷം തോറും നടന്നു വരാറുള്ള ടീം പോസിറ്റീവിന്റെ നേതൃത്വത്തിലുള്ള അരീക്കോട് പുസ്തകമേളയിൽ എന്റെ ആദ്യ കഥാസമാഹാരമായ 'അമ്മാവന്റെ കൂളിങ് എഫക്ട് ' എന്ന പുസ്തകം എന്റെ നാട്ടുകാർക്ക് മുമ്പിൽ അന്ന് ഞാൻ പരിചയപ്പെടുത്തി. 2006 മുതൽ ബ്ലോഗിലും അതിനും മുമ്പ് ചന്ദ്രിക, മാധ്യമം തുടങ്ങീ ദിനപത്രങ്ങളിലും എഴുതാറുണ്ടായിരുന്ന എന്റെ എഴുത്തിനെപ്പറ്റി നാട്ടുകാരിൽ പലരും അറിഞ്ഞത് അന്നാണ്. അരീക്കോട്ടെ മിക്ക സാംസ്കാരിക പ്രവർത്തകരും അന്നവിടെ സന്നിഹിതരായിരുന്നു.
പുസ്തകമേളയിൽ പ്രകാശനം നടത്തിയ പുസ്തകങ്ങളും അരീക്കോട്ടുകാരായ എഴുത്തുകാരുടെ പുസ്തകങ്ങളും എനിക്കിഷ്ടപ്പെട്ട മറ്റു ചില പുസ്തകങ്ങളും അന്ന് ഞാൻ വാങ്ങി. സാംസ്കാരിക പരിപാടിയുടെ ഭാഗമായി നടത്തുന്ന പ്രഭാഷണങ്ങളും കഴിഞ്ഞ് ഗാനമേള മുഴുവനാകുന്നതിന് മുമ്പേ ഞാൻ മേളയുടെ നഗരിയിൽ നിന്നും തിരിച്ചു പോന്നു. രാത്രി പത്ത് മണി കഴിഞ്ഞിരുന്നു. കാൽനടയായി വീട്ടിലേക്ക് പൊയ്ക്കൊണ്ടിരുന്ന എന്റെ അടുത്ത് ഒരു ബൈക്ക് വന്ന് നിർത്തി.
"കയറിക്കോളൂ ...ഞാൻ അവിടെ ഇറക്കിത്തരാം ..." ബൈക്ക് യാത്രികൻ എന്നോട് പറഞ്ഞു.
ഏതാനും മിനുട്ടുകൾ മാത്രമേ നടക്കാനുള്ളു എങ്കിലും
അരീക്കോട് ബസ്റ്റാന്റിലും ഏതോ ബസ്സിലും ഒക്കെ വച്ച് നിരവധി തവണ കണ്ട് പരിചയമുള്ള മുഖമായതിനാൽ ഞാൻ ആ ക്ഷണം സ്വീകരിച്ച് ബൈക്കിൽ കയറി.ഞങ്ങളുടെ കോളനിക്ക് മുമ്പിൽ എന്നെ ഇറക്കിയപ്പോൾ അയാൾ ചോദിച്ചു -
"എന്നെ മനസ്സിലായോ ?"
"പേരറിയില്ല, മരുപ്പച്ച...??" ഞാൻ സംശയിച്ച് പറഞ്ഞു .
"'ആ ... അത് തന്നെ ... മരുപ്പച്ച ശാക്കിറിന്റെ അളിയൻ പി ടി അബ്ദുറഹിമാൻ... മാപ്പിളപ്പാട്ട് എഴുതാറുണ്ട്..."
"ഓ...മനസ്സിലായി... പൂക്കോട്ടുചോലയല്ലേ താമസിക്കുന്നത് ?"
"ങാ അത് തന്നെ ..."
മാപ്പിളപ്പാട്ട് രചയിതാവ് എന്ന നിലയിൽ പലർക്കും ഈ അരീക്കോട്ടുകാരനെ അറിയില്ല.മുഖപരിചയം ഉണ്ടെങ്കിലും ഞാൻ ആദ്യമായും അവസാനമായും അദ്ദേഹവുമായി സംസാരിച്ചത് അന്നായിരുന്നു. ഇന്ന് തിരുവനന്തപുരത്ത് നിന്ന് മടങ്ങുന്ന വഴിയാണ് പ്രിയ സുഹൃത്ത് അകാലത്തിൽ വിട്ടുപിരിഞ്ഞ വാർത്ത വായിച്ചത്. കലയോടൊപ്പം നല്ലൊരു മനസ്സ് കൂടി കാത്ത് സൂക്ഷിച്ച പി ടി ക്ക് സർവ്വശക്തൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ,ആമീൻ
May be an image of 1 person and beard
Like
Comment
Share

Sunday, July 11, 2021

വാമോസ് അർജന്റീന

ഓരോ ലോകകപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പും കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പും സമാഗതമാകുമ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു വാചകമാണ് വാമോസ് അർജന്റീന. ഒരു പക്ഷെ പറയുന്നവനും കേൾക്കുന്നവനും ഇതെന്താണെന്ന് ഒന്നും തന്നെ തിരിയുന്നുണ്ടാവില്ല. പച്ച മലയാളത്തിൽ പറഞ്ഞാൽ "നമുക്ക് അർജന്റീനയിലേക്ക് പോകാം" എന്നാണ് ഈ വാചകത്തിന്റെ അർത്ഥം. ഇത്തവണ അത് പറയുന്നതിൽ അർത്ഥമുണ്ട് . കാരണം കാൽപന്തുകളിയുടെ മിശിഹ ലയണൽ മെസ്സി ബ്രസീലിൽ നിന്നും തല ഉയർത്തി നെഞ്ചു വിരിച്ച് ബ്യുണസ് അയേഴ്സിൽ ഇറങ്ങുന്നത് കാണേണ്ട കാഴ്ച തന്നെയായിരിക്കും.

2014 ൽ റിയോഡി ജനീറോയിലെ മരക്കാന സ്റ്റേഡിയത്തിൽ വീണ മെസ്സിയുടെയും സഹകളിക്കാരുടെയും കണ്ണുനീരിന്റെ ഉപ്പിൽ നിന്നും ഉയർന്ന ഫീനിക്സ് പക്ഷി ഏഴ് വർഷത്തിന്  ശേഷം അതേ സ്റ്റേഡിയത്തിൽ കിടന്ന്  ആർമാദിക്കാൻ മെസ്സിക്ക് അവസരം നൽകിയിരിക്കുകയാണ്.അന്ന് ലോകകപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ ജർമ്മനിയോട് തോറ്റ് മടങ്ങാനായിരുന്നു വിധിയെങ്കിൽ ഇന്ന് നിലവിലുള്ള കോപ്പ അമേരിക്ക ചാമ്പ്യൻമാരായ ബ്രസീലിനെ അവരുടെ മണ്ണിൽ മലർത്തിയടിക്കാനായിരുന്നു നിയോഗം.

ലോക ഫുട്ബാളിലെ നിരവധി റിക്കാർഡുകൾ കൈപ്പിടിയിലൊതുക്കിയിട്ടും സ്വന്തം രാജ്യത്തിനായി ഒരു അന്താരാഷ്ട്ര കിരീടം നേടാൻ മെസ്സിക്ക് സാധിച്ചിരുന്നില്ല. വേൾഡ് കപ്പ് ഫൈനലിന്റെ തോൽവിക്ക് പുറമെ നാല് തവണ കോപ്പ അമേരിക്ക കപ്പും മെസ്സിക്ക് കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ടു. 1993 ൽ കോപ്പ അമേരിക്ക കപ്പിൽ വിജയിച്ചതിന് ശേഷം അന്താരാഷ്‌ട്ര ഫുട്ബാളിൽ അർജന്റീന തപ്പിത്തടയുകയായിരുന്നു എന്ന് വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നു. ചിരവൈരികളായ ബ്രസീലാകട്ടെ വേൾഡ് കപ്പും കോപ്പ അമേരിക്ക കപ്പും പിന്നെയും പിന്നെയും നാട്ടിലെത്തിച്ച് അർജന്റീനൻ ആരാധകരുടെ മനസ്സിൽ തീ കോരിയിടുകയും ചെയ്തു കൊണ്ടിരുന്നു.

അതെല്ലാം ഇന്നലയോടെ മെസ്സിയും സംഘവും തിരുത്തിക്കുറിച്ചിരിക്കുന്നു. ഈ കോപ്പയിൽ അർജന്റീന അടിച്ച പതിനൊന്ന് ഗോളുകളിൽ ഒമ്പതിലും മെസ്സിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു എന്നത് അദ്ദേഹത്തിന്റെ പ്രതിഭയുടെ മികവ് തന്നെയാണ്. നാല് ഗോളോടെ ചാമ്പ്യൻഷിപ്പിലെ ടോപ്സ്കോറർ ആവാനും മെസ്സിക്ക് സാധിച്ചു. 

ഫുട്ബാൾ ആരാധകരുടെ കണ്ണ് ഇനി ഖത്തറിലേക്കാണ്. കോപ്പയിലെ വിജയം ചായക്കോപ്പയിലെ കൊടുങ്കാറ്റ് ആയിരുന്നില്ല എന്ന് 2022 ലോക കപ്പിൽ മെസ്സിക്കും കൂട്ടർക്കും തെളിയിക്കേണ്ടതുണ്ട്. പേരുദോഷം കഴുകിക്കളഞ്ഞ ടീമിന്റെ പടയോട്ടത്തിന്റെ തുടക്കമാകുമോ കോപ്പയിലെ ബ്രസീലിനെതിരെയുള്ള വിജയം ? കാത്തിരുന്ന് കാണാം. 


Saturday, July 10, 2021

സൌഹൃദം പൂക്കുന്ന വഴികൾ - 11

" സൗഹൃദം ഒരു തണല്‍ മരമാണ്.

സങ്കടങ്ങളുടെ വെയില്‍ കൊള്ളാതെ ഹൃദയത്തെ പൊതിയുന്ന സ്നേഹമാണത്, സൌഭാഗ്യങ്ങളുടെ സുവര്‍ണ്ണ സന്ധ്യകളില്‍ ആത്മാവിലൊരു തൂവല്‍ സ്പര്‍ശം പോലെ.. സാന്ത്വനം പോലെ..

പിന്നെ പിന്നെ എന്തൊക്കയൊ പോലെ.

ഈ സൌഹൃദത്തിന്റെ ഇതളുകളില്‍ വിരിയുന്ന പനിനീര്‍പൂപോലെ...."

2007ൽ ഞങ്ങളുടെ കുടുംബ കോളനി അംഗങ്ങളോടൊപ്പം ഹൈദരാബാദ് സന്ദർശനത്തിന് എത്തിയപ്പോൾ എനിക്കുണ്ടായ അനുഭവം അന്ന് ബ്ലോഗിലൂടെ പങ്കുവച്ചപ്പോൾ കിട്ടിയ ഒരു കമന്റാണിത്. ഞാൻ ബ്ലോഗെഴുത്ത് തുടങ്ങി ഒരു വർഷവും നാല് മാസവും മാത്രം പിന്നിട്ടതേ ഉണ്ടായിരുന്നുള്ളൂ അന്ന്. എന്നിട്ടും, മുമ്പൊന്നും നേരിൽ കാണാത്ത ഒരു ബ്ലോഗർ കുടുംബ സമേതം അവിടെ ഞങ്ങളെ സന്ദർശിച്ചത് എല്ലാവർക്കും ഒരത്ഭുതമായി തോന്നി. 

എഫ് ബി ഫ്രണ്ട്സ്, ഇൻസ്റ്റ ഫോള്ലോവെഴ്‌സ്, യുട്യൂബ് സബ്സ്ക്രൈബേർസ്, വാട്സാപ്പ് ഗ്രൂപ് മെംബേർസ് തുടങ്ങീ ഏതെങ്കിലും ഓൺലൈൻ സൗഹൃദങ്ങൾ ഇല്ലാത്തവർ ഇന്ന് കുറവായിരിക്കും.എന്നാൽ ലക്ഷക്കണക്കിന് ഫോള്ലോവെഴ്‌സ് ഉണ്ടെങ്കിലും ഒരു ദിവസം നിങ്ങളെ ഓൺലൈനിൽ കണ്ടില്ലെങ്കിൽ ഒന്ന് വിളിച്ചു വിവരം ചോദിക്കുന്നവർ എത്ര പേര് ഉണ്ടാകും എന്നത് നാം എല്ലാവരും ഒന്ന് ചിന്തിക്കണം. അവിടെയാണ്, കഴിയുന്ന അത്രയും ഓൺലൈൻ സൗഹൃദങ്ങൾക്ക് ഒരു ഓഫ്‌ലൈൻ പിൻബലം കൂടി നൽകണം എന്ന് ഞാൻ നിർദ്ദേശിക്കുന്നതിന്റെ രഹസ്യം നിലകൊള്ളുന്നത്. 

ഞാൻ Salt & Camphor എന്ന വ്‌ളോഗ് ആരംഭിച്ചിട്ട് ഒരു വർഷവും മൂന്ന് മാസവും മാത്രമേ പിന്നിട്ടിട്ടുള്ളു (യുട്യൂബിൽ Abid Tharavattath എന്ന് സെർച്ച് ചെയ്ത് ചാനൽ ഇഷ്ടപ്പെട്ടെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കണേ). ബ്ലോഗിനേക്കാളും ഇന്ന് കൂടുതൽ റീച്ച് കിട്ടുന്നത് വ്‌ളോഗിനാണ്. എണ്ണത്തിൽ കൂടുതലുണ്ടെകിലും  ബ്ലോഗർമാർക്കിടയിലുള്ള സൗഹൃദവും അടുപ്പവും വ്‌ളോഗർമാർക്കിടയിൽ ഇല്ല എന്നാണ് എനിക്ക് തോന്നിയിരുന്നത്. 

എന്റെ ആ ധാരണ തെറ്റിച്ചത് കോഴിക്കോട് റഹ്‌മാനിയ വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിലെ അദ്ധ്യാപികയായ അരൂബ ടീച്ചറും (Aamil Ideas) അവിടെത്തന്നെ അദ്ധ്യാപകനായ മുനീർ മാഷും (Schooling Vlog) ആണ്.എന്റെ മിക്ക വീഡിയോക്കും ഒപ്പം ഫോൺ നമ്പർ കൂടി നൽകുന്നതിനാൽ അവർ രണ്ടു പേരും എന്നെ നേരിട്ട് വിളിച്ചു എന്നത് തന്നെ സന്തോഷം ഉണ്ടാക്കി. ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നും നാട്ടിലേക്ക് മടങ്ങി വരുമ്പോൾ  ആ ഓൺലൈൻ സൗഹൃദങ്ങളിൽ ഒന്ന് ഞാൻ ഓഫ്‌ലൈൻ ആക്കി. പൂവാട്ട്പറമ്പിലുള്ള മുനീർ മാഷുടെ വീട്ടിൽ കുടുംബ സമേതം ഒരു ഹ്രസ്വ സന്ദർശനം നടത്തി.

അന്ന് വൈകിട്ട് തന്നെ അരൂബ ടീച്ചർ വിളിച്ച് അവരുടെ വീട്ടിൽ ചെല്ലാത്തതിലുള്ള പരിഭവം അറിയിച്ചു. ടീച്ചർ ഓൺലൈൻ ക്ലാസ്സിന്റെ തിരക്കിലായതിനാലും ഉച്ചയോടെ ഞങ്ങൾക്ക് വീട് പിടിക്കൽ അനിവാര്യമായതിനാലും രണ്ട് സന്ദർശനങ്ങൾ ഒരുമിച്ച് സാധ്യമായിരുന്നില്ല. അടുത്ത തവണ ടീച്ചറുടെ വീടും സന്ദർശിക്കണം എന്ന് കരുതുന്നു. രണ്ട് ഫാമിലിയെയും എൻ്റെ വീട്ടിലേക്കും ഞാൻ ക്ഷണിച്ചു.

മുൻ പരിചയമില്ലാത്ത ഒരു വീട്ടിലേക്ക് നേരിട്ട് കയറിച്ചെന്ന് അവിടെ ഇരുന്ന് അല്പം സംസാരിക്കുക എന്നത് അതിഥിക്കും ആതിഥേയനും നൽകുന്ന മാനസിക സുഖം അനുഭവിച്ചറിയുക തന്നെ വേണം. ബ്ലോഗിലൂടെയും എൻ.എസ്.എസ് ലൂടെയും കിട്ടിയ എണ്ണമറ്റ സൗഹൃദങ്ങൾ വഴി അതിഥിയായും ആതിഥേയനായും ഞാൻ ഇത് നിരവധി തവണ അനുഭവിച്ചിട്ടുണ്ട്. പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ എന്റെ കുടുംബവും കൂടെ ഉണ്ടാകുന്നതിനാൽ അവർക്കും അതൊരു നവ്യാനുഭവമായി മാറാറുണ്ട്. 

സൗഹൃദത്തിന്റെ ഇത്തരം ചെറിയ ചെറിയ തുരുത്തുകൾ നമുക്ക് ചുറ്റും രൂപപ്പെടേണ്ടത് ഈ ഓൺലൈൻ യുഗത്തിന്റെ അനിവാര്യതയാണ്. ഇല്ലെങ്കിൽ ഒരു ചുമരിന് അപ്പുറം ആയാൽ പോലും അത്യാവശ്യ ഘട്ടങ്ങളിൽ ഒറ്റപ്പെട്ടു പോകാൻ സാധ്യതയുണ്ട്. 

 കളങ്കമില്ലാത്ത സൗഹൃദങ്ങൾ ഭൂമിയിൽ ഇനിയും പൂത്തുലയട്ടെ.