കൃഷി സംബന്ധമായ പല ഗ്രൂപ്പുകളിലും അംഗമായതിനാൽ എൻ്റെ വീട്ടിൽ ഉള്ളതും ഇല്ലാത്തതുമായ പലതരം പച്ചക്കറികളെപ്പറ്റിയും കേട്ടറിഞ്ഞിരുന്നു. അതിൽ ഒന്നായിരുന്നു അഗത്തി ചീര. ആറ് തരം ചീരകൾ എൻ്റെ വീട്ടിലുണ്ടെങ്കിലും ഈ ചീരയെപ്പറ്റി മുമ്പ് ഞാൻ കേട്ടിരുന്നില്ല. ചീര എന്ന് പേരിലുണ്ടെങ്കിലും ഇത് ഒരു ചെടി രൂപത്തിൽ വളരുന്നതാണെന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. അടുത്തെവിടെയും ഇല്ലാത്തതിനാൽ തൽക്കാലം ചിത്രം കണ്ട് സായൂജ്യമടയാനെ നിർവ്വാഹമുണ്ടായിരുന്നുള്ളു. കിട്ടുന്ന കാലത്ത് നട്ട് രുചി അറിയാം എന്ന തീരുമാനത്തിൽ ഞാൻ അഗത്തി ചീരയെ കൈ വിട്ടു.
കഴിഞ്ഞ ശനിയാഴ്ച, കൊച്ചിൻ യൂണിവേഴ്‌സിറ്റിയുടെ പി ജി പ്രവേശന പരീക്ഷയ്ക്കായി തിരുവനന്തപുരം വെഞ്ഞാറമൂട് എത്തിയപ്പോഴാണ് അഗത്തി ചീര വീണ്ടും മനസ്സിൽ വന്നത്. മോളെ പരീക്ഷക്ക് കയറ്റിയ ശേഷം സുഹൃത്ത് ഷറഫുദ്ദീൻ സാറിന്റെ കൂടെ വെഞ്ഞാറമൂട് ചന്തയിലേക്ക് പോയി. അവിടെ പച്ചക്കറികളുടെ കൂട്ടത്തിൽ വെളുത്ത ഒരു ഐറ്റം ദൂരെ നിന്നേ എൻ്റെ ശ്രദ്ധ ആകർഷിച്ചു. ഒരു വിരലിന്റെ അത്രയും വലുപ്പം ഉള്ളതിനാൽ വെള്ള നിറത്തിലുള്ള ബജി മുളകാണെന്നായിരുന്നു എൻ്റെ ധാരണ.
ആവശ്യമായ സാധനങ്ങൾ വാങ്ങി ഷറഫുദ്ദീൻ സാർ പച്ചക്കറി വിൽക്കുന്ന സ്ത്രീയുടെ അടുത്തെത്തി ചോദിച്ചു.
"അഗസ്തി പൂവ് എത്രയാ ?"
പച്ചക്കറിയിൽ അങ്ങനെ ഒരു ഐറ്റം നാട്ടിൽ ഇതുവരെ കാണാത്തതിനാൽ ഞാൻ അവരുടെ കൈ നീളുന്ന ഐറ്റത്തിലേക്ക് നോക്കി.നേരത്തെ ഞാൻ ബജി മുളകെന്ന് സംശയിച്ച ഐറ്റത്തിലാണ് അവരുടെ കൈ ചെന്ന് തൊട്ടത് . അതിൽ നിന്നും കുറച്ചെണ്ണം എടുത്ത് പൊതിഞ്ഞ് കൊടുത്തപ്പോൾ ഞാൻ ഷറഫുദ്ദീൻ സാറോട് പറഞ്ഞു -
"അഗത്തി ചീര എന്ന് കേട്ടിട്ടുണ്ട്, ഇതാദ്യമായാ കേൾക്കുന്നത്."
"ഇതിന് അഗസ്തി പൂവ് എന്നാണ് പറയുന്നത് ... അല്പം വലിയൊരു മരം ആകും...."
വില്പനക്കാരിയോട് സമ്മതം ചോദിച്ച് ഞാനതിന്റെ ഫോട്ടോ എടുത്തു.
ചീര വർഗ്ഗത്തിൽപ്പെട്ട സസ്യമാണ് അഗസ്തി. അഗത്തിയെന്നും വിളിപ്പേരുണ്ട്. അഗസ്തി പൂവും അഗത്തി ചീരയും തമ്മിൽ വല്ല ബന്ധവും ഉണ്ടോ എന്നറിയാൻ ഞാൻ നെറ്റിൽ തപ്പി.അതാ കിടക്കുന്നു ഞാൻ കണ്ട അതേ പൂവ്. അഗത്തി ചീരയുടെ പൂവ് തന്നെയാണ് അഗസ്തി പൂവ് എന്ന് പറയുന്നത്.നിരവധി ഔഷധ ഗുണങ്ങൾ ഉള്ളതാണ്അഗത്തി ചീരയുടെ ഇലയും പൂവും. ചെറിയൊരു ചവർപ്പ് ഉണ്ടെങ്കിലും അഗസ്തി പൂ തോരൻ എനിക്കിഷ്ടായി. ഇനി ഒരു തൈ സംഘടിപ്പിക്കണം , വീട്ടിലും നട്ട് വളർത്തണം.
1 comments:
ചെറിയൊരു ചവർപ്പ് ഉണ്ടെങ്കിലും അഗസ്തി പൂ തോരൻ എനിക്കിഷ്ടായി.
Post a Comment
നന്ദി....വീണ്ടും വരിക