തൃശൂരിൽ നിന്നും വണ്ടി കയറിയ ഉടനെ എനിക്ക് ഒരു ഫോൺ വിളി വന്നു. തിരുവനതപുരത്ത് നിന്നാണ്. എക്‌സാം കഴിഞ്ഞ ശേഷം ഞാൻ ചെല്ലാമെന്നേറ്റ എൻ്റെ മുൻ റൂം മേറ്റും സഹപ്രവർത്തകനുമായിരുന്ന ഷറഫുദ്ദീൻ സാർ ആണ്. വണ്ടി പുലർച്ചെ നാല് മണിക്ക് തിരുവനതപുരം എത്തുമെന്നും അവിടെ റൂം എടുത്ത് ഫ്രഷ് ആകുന്നതിനേക്കാളും നല്ലത് സാറിന്റെ വീട്ടിലേക്ക് പോകുന്നതാണെന്നും ആയതിനുള്ള ക്രമീകരണങ്ങൾ സാർ ചെയ്യുന്നുണ്ട് എന്നുമായിരുന്നു ആ വിളിയുടെ ആകെത്തുക.
നാല് മണിക്കിറങ്ങുന്ന ഞങ്ങളെ കൊണ്ടുപോകാൻ ആറ്റിങ്ങലിൽ നിന്നും അദ്ദേഹത്തിന് പുലർച്ചെ മൂന്നരക്കെങ്കിലും പുറപ്പെടേണ്ടി വരും. ബട്ട്, എൻ്റെ നിർദ്ദേശങ്ങൾ എല്ലാം തള്ളി പുലർച്ചെ കാണാം എന്ന് പറഞ്ഞ് ഷറഫ് സാർ ഫോൺ വച്ചു.
ചെന്നൈ പോകുന്ന ട്രെയിൻ ആയതിനാൽ കൃത്യ സമയത്ത് ഉണർന്നില്ലെങ്കിൽ നാഗർകോവിലോ മറ്റോ ഇറങ്ങേണ്ടി വരും എന്ന ഷറഫ് സാറുടെ ഓർമ്മപ്പെടുത്തൽ എന്നെ അലാറം വയ്ക്കാൻ നിർബന്ധിതനാക്കി. അലാറം വച്ചാണ് കിടക്കാറെങ്കിലും ആദ്യ അടിക്ക് എണീക്കുന്ന പതിവില്ലാത്തതിനാൽ ഒരു ഉൾഭയം ഉണ്ടായിരുന്നു. മോളും അവളുടെ ഫോൺ എന്നെ ഏൽപ്പിച്ച് കുരിശ് ഒഴിവാക്കി.എന്റെ ബയോളജിക്കൽ ക്ളോക്ക് കൃത്യമായി പ്രവർത്തിച്ചതിനാൽ അലാറം അടിക്കുന്നതിന് മുമ്പ് തന്നെ ഞാൻ എണീറ്റു. വണ്ടി തമ്പാനൂർ എത്തിയതും ഷറഫ് സാർ വിളിച്ച്, പുറത്ത് കാറുമായി കാത്തുനിൽക്കുന്ന വിവരം അറിയിച്ചു.
അങ്ങനെ നേരം പുലരുന്നതിന് മുമ്പേ തന്നെ ഞങ്ങൾ ആറ്റിങ്ങലിൽ എത്തി.കുളിച്ച് വൃത്തിയായ ശേഷം അൽപ നേരം ഒന്ന് മയങ്ങി. പ്രാതലിന് ശേഷം എട്ടു മണിയോടെ കാറിൽ തന്നെ ഞങ്ങൾ വെഞ്ഞാറമൂടിലേക്ക് തിരിച്ചു.മോളെ പരീക്ഷാ സെന്ററിൽ കയറ്റിയ ശേഷം സമയം കളയാനും സാധനങ്ങൾ വാങ്ങാനുമായി ഞങ്ങൾ വെഞ്ഞാറമൂട് ചന്തയിൽ കയറി.സമയം പിന്നെയും ബാക്കിയായതിനാൽ കാർ ഒരിടത്ത് പാർക്ക് ചെയ്ത് സർവീസ് കാര്യങ്ങൾ ചർച്ച ചെയ്തു. പതിനൊന്ന് മണിക്ക് പരീക്ഷ കഴിഞ്ഞ ലുലുവിനെയും കൂട്ടി ആറ്റിങ്ങലിലേക്ക് തന്നെ തിരിച്ച് പോന്നു.
യാത്രക്കിടെ വർക്കല ബീച്ചിനെപ്പറ്റി ഞാൻ വെറുതെ ഒന്ന് ചോദിച്ചു. വിവരങ്ങൾ തന്നതോടൊപ്പം വൈകിട്ട് ബീച്ചിൽ പോകാം എന്നും പറഞ്ഞപ്പോൾ ആ മനസ്സിനെ ഞാൻ നമിച്ചു.പക്ഷെ,കോവിഡ് നിയന്ത്രണങ്ങൾ കാരണം ഞങ്ങളെ ബീച്ചിൽ കൊണ്ട് പോകാൻ പറ്റാത്തതിലുള്ള ഷറഫ് സാറിന്റെ വിഷമം ആ മുഖത്ത് നിന്നും ഞാൻ വായിച്ചെടുത്തു.
ഊണിന് പ്രത്യേക ഇനമായി ഇന്ന് പരിചയപ്പെട്ട അഗസ്തി പൂ തോരൻ ഉണ്ടായിരുന്നു.കൂടാതെ മലപ്പുറത്ത് പരിചയമില്ലാത്ത കപ്പപ്പുഴുക്കും ഊണിന് രുചി കൂട്ടി. അത്താഴം കൂടി അവിടെ നിന്ന് കഴിച്ചതോടെ ഇന്നത്തെ മുഴുവൻ ഭക്ഷണവും ആ കുടുംബത്തിന്റെ വകയായി. ഇതിനിടക്ക് തന്നെ എന്റെ മക്കൾ സാറിന്റെ ഭാര്യ ഷെറീനയുമായും മക്കളായ ജുമാന,ദിയ എന്നിവരുമായും നല്ല കൂട്ടായി മാറിയിരുന്നു. എന്റെ ആദ്യ കഥാസമാഹാരമായ 'അമ്മാവന്റെ കൂളിങ് എഫക്ട് ' അവർക്കും സമ്മാനിച്ച് പത്ത് മണിക്കുള്ള ട്രെയിൻ പിടിക്കാനായി ഞങ്ങൾ വർക്കലയിലേക്ക് പുറപ്പെട്ടു.
ഒരു കുടുംബം ഒരു ദിവസം മുഴുവൻ ഞങ്ങൾക്ക് തന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. ഇംഗ്ളീഷിൽ ഒരു ചൊല്ലുണ്ട് - A friend in need is a friend indeed.അക്ഷരാർത്ഥത്തിൽ അത് കാണിച്ച് തരികയായിരുന്നു ഷറഫ് സാർ . ദൈവം അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും മേൽ അനുഗ്രഹങ്ങൾ ഇനിയും ചൊരിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
1 comments:
ഇംഗ്ളീഷിൽ ഒരു ചൊല്ലുണ്ട് - A friend in need is a friend indeed.അക്ഷരാർതഥത്തിൽ അത് കാണിച്ച് തരികയായിരുന്നു ഷറഫ് സാർ
Post a Comment
നന്ദി....വീണ്ടും വരിക