Pages

Friday, November 26, 2010

കണക്കില്‍ തോറ്റ അച്ഛന്‍

“ അച്ഛാ...മാത്‌‌സ്‌ പേപ്പര്‍ കിട്ടി “ താമരശ്ശേരി ചുരത്തില്‍ ബ്രേക്ക് പോയ പോലെയുള്ള മകന്റെ വരവ് കണ്ട് അച്ഛന്‍ അല്പം മാറി നിന്നു.

“എത്ര മൊട്ട കിട്ടിയെടാ മാത്‌സിന്?” മകന്റെ അച്ഛന്‍ ചോദിച്ചു.

“100 മൊട്ട കിട്ടിയതില്‍ 5 എണ്ണം മാത്‌സ്‌ സാര്‍ തന്നെ എടുത്തു. ബാക്കി പുഴുങ്ങി ഞങ്ങള്‍ 210 പേര്‍ക്കും വീതിച്ചു തന്നു...”

“ആ മൊട്ടയല്ലടാ...ഞാന്‍ ചോദിച്ചത് മാത്‌സ് മൊട്ട..”

“ കോഴിമുട്ട...താറാമുട്ട...എന്നൊക്കെ കേട്ടിട്ടുണ്ട്...മാത്‌സ് മൊട്ട ?”

“ നിനക്ക് മാത്‌സില്‍ എത്ര മാര്‍ക്ക് കിട്ടീന്ന്..”

“നൂറ് മാര്‍ക്ക്”

“നിന്റെ അയല്‍‌വാസിയുടെ മാര്‍ക്ക് അല്ല ചോദിച്ചത്...നിനക്ക് കിട്ടിയ മാര്‍ക്കാ...”

“അത് തന്നെ നൂറ്‌..”

“ഉം...അതിന് വേറെ മോന്‍ ജനിക്കേണ്ടി വരും...”

“എങ്കില്‍ ഇതാ നോക്ക്...മുകളില്‍ പൂജ്യവും അടിയില്‍ നൂറും...പൂജ്യത്തിന് വിലയില്ല എന്ന് മാത്‌സ്‌ സാറും പറഞ്ഞു അച്ഛനും പറഞ്ഞിരുന്നു...ഇപ്പോള്‍ ഞാനും പറയുന്നു...”

“അല്ലെങ്കിലും നിന്റെ ജനനം തന്നെ എന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് കൊണ്ടായിരുന്നു...”

“ങേ...ഞാന്‍ ജനിക്കുമ്പോഴും അച്ഛന്‍ കണക്കും കൂട്ടി ഇരിക്കുകയായിരുന്നോ? പാവം അമ്മ...”

“ഫ..മണ്ണാങ്കട്ട...”

“അച്ഛന്റെ തലക്കകത്തുള്ളതൊന്നും വെറുതെ വിളിച്ചുപറയണ്ട...”

“നിന്റെ അമ്മ നിന്നെ ഗര്‍ഭം ധരിച്ചപ്പോള്‍ തന്നെ എന്റെ കണക്ക് തെറ്റീന്ന്...”

“അപ്പോള്‍ അച്ഛന്‍ ട്യൂഷനൊന്നും പോയിരുന്നില്ലേ?”

“ഹൊ..നിന്നെക്കൊണ്ട് തോറ്റു...”

“ങേ!!അപ്പോള്‍ അച്ഛന്‍ കണക്കിന് തോറ്റപ്പോള്‍ ഞാനുണ്ടായിരുന്നോ...ദൈവമേ ?“

“അതല്ല മരത്തലയാ പറഞ്ഞത്...”

“പിന്നെ.?”

“ഒന്നുമില്ല...മോന്‍ വേഗം അമ്മയോട് ഒരു ചായ എടുക്കാന്‍ പറ...”

“അമ്മേ...കണക്കില്‍ തോറ്റ അച്ഛന് ഒരു ഓപ്പണ്‍ ചായ...”

“കണക്കില്‍ തോറ്റത് നിന്റെ അമ്മ...”

“അത്‌ ശരി...അപ്പോള്‍ കണക്കിലെ തോല്‍‌വി നമ്മുടെ മഹത്തായ കുടുംബ പൈതൃകമാണല്ലേ? എനിക്കും കണക്കില്‍ എന്നും മൊട്ട കിട്ടുന്നതിന്റെ ഗുട്ടന്‍സ് ഇപ്പഴല്ലേ പിടികിട്ടിയത്...”

Thursday, November 25, 2010

ഇതെന്തപ്പാ കഥ ?

പാര്‍ലമെന്റ് സ്തംഭനം തുടങ്ങിയിട്ട് ഇന്നേക്ക് പത്ത് ദിവസം പിന്നിട്ടു.ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഭരണ സംവിധാനമാണ് പത്ത് ദിവസമായി ഒരു ഉപയോഗവുമില്ലാതെ മുടങ്ങിക്കിടക്കുന്നത്.അതും അതിലും വലിയ ഒരു അഴിമതിയുടെ പേരില്‍.

യഥാര്‍ത്ഥത്തില്‍ ഈ രണ്ടാം തലമുറ സ്പെക്ട്രം അഴിമതി എന്താണെന്ന് ഞാന്‍ ഇതുവരെ വായിച്ചിട്ടില്ല.പണ്ട് അതേ വകുപ്പ് കൈകാര്യം ചെയ്ത സുഖ്‌റാം കോടികള്‍ മുക്കി സുഖമായി ജീവിച്ചു.ഇന്ന് അതേ വകുപ്പില്‍ നിന്ന് കോടികള്‍ മുക്കി രാജ രാജാവായും വാണു.രണ്ടിനും സാക്ഷികളായി ഇന്ത്യന്‍ ജനത മൂക്കത്ത് പോലും വിരല്‍ വച്ചില്ല.കാരണം അഴിമതിയുടെ ഇതു പോലെയുള്ള പല കഥകള്‍ ഒരു ചെവിയില്‍ കയറി മറ്റേ ചെവിയിലൂടെ ഇറങ്ങുന്നതിന് മുമ്പ് അടുത്ത കഥ കേള്‍ക്കാന്‍ വിധിക്കപ്പെട്ടവരാണ് നാം ഇന്ത്യക്കാര്‍.

പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം കുത്തനെ വര്‍ദ്ധിപ്പിച്ചത് ഈ അടുത്ത കാലത്താണ്.പതിനാറായിരത്തില്‍ നിന്ന് അത് അമ്പതിനായിരത്തിലേക്ക് ഉയര്‍ത്തിയപ്പോഴും മതി വരാത്ത കുറേ കോന്തന്മാര്‍ സമരത്തിനിറങ്ങി!ആ വര്‍ദ്ധന വരുന്നതിന് മുമ്പ് തന്നെ പാര്‍ലമെന്റ് ഒരു മണിക്കൂര്‍ സമ്മേളിക്കുമ്പോള്‍ നമ്മുടെ പൊതുഖജനാവ് എത്ര ചോരുന്നു എന്നതിന്റെ ഒരു കണക്ക് ഇ-മെയില്‍ വഴി നമ്മില്‍ പലര്‍ക്കും ലഭിച്ചിരുന്നു.ഏകദേശം രണ്ടര ലക്ഷം രൂപയാണെന്നാണ് എന്റെ ഓര്‍മ്മ (തെറ്റാണെങ്കില്‍ ഈ അരീക്കോടന് തിരുത്തി തരുക).അപ്പോള്‍ ബാണം വിട്ടപോലെ ശമ്പളവും അലവന്‍സുകളും മറ്റും വര്‍ദ്ധിപ്പിച്ചതിന് ശേഷം എത്രയായിരിക്കും ഒരു മണിക്കൂര്‍ പാര്‍ലമെന്റ് കൂടാനുള്ള ചെലവ് എന്ന് ഒന്ന് ആലോചിച്ച് നോക്കൂ ബൂലോകരേ ? ആ പാര്‍ലമെന്റാണ് പത്ത് ദിവസമായി ഒന്നും ചെയ്യാനാകാതെ മുടങ്ങി നില്‍ക്കുന്നത്.

ഈ മുടക്ക് വെറുതെ അല്ല എന്നത് ശരി തന്നെ.ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി 8000 കോടി രൂപയുടെ സത്യം എന്ന അസത്യമായിരുന്നു.എന്നാല്‍ ഇപ്പോള്‍ നടന്നിരിക്കുന്നത് ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ അഴിമതിയാണ്!അതും വെളിച്ചത്തായത് മൂന്നാം തലമുറ സ്പെക്ട്രം ലേലം നടന്നപ്പോള്‍! ആ രാജയും അതിന്റെ പങ്കു പറ്റിയ എല്ലാവരും വീതിച്ചെടുത്തത് എത്രത്തോളമായിരിക്കും?അവര്‍ക്ക് എന്ത് ശിക്ഷ നല്‍കിയാലാണ് അത്രയും തുക തിരിച്ചുപിടിക്കാന്‍ സാധിക്കുക? ഒന്നും നടക്കില്ല, കാരണം ഇത് ഇന്ത്യയാണ്.അടുത്ത അഴിമതിക്കഥ ഉടന്‍ പുറത്തിറങ്ങും.

രാജയും കൂട്ടരും ഒരഞ്ച് തലമുറക്കുള്ളത് ശേഖരിച്ചു വച്ചിരിക്കുന്നതിനാല്‍ അവര്‍ക്ക് ഇനി സുഖമായുറങ്ങാം.നാം പൊതുജനം ഈ വാര്‍ത്തകള്‍ കണ്ടും വായിച്ചും മരവിപ്പില്‍ തന്നെ തുടരുന്നു.നമ്മളും അല്ലാതെ എന്ത് ചെയ്യാന്‍?

വാല്‍:കേരളം കലക്കിമറിച്ച പാമോയില്‍ അഴിമതിക്കേസില്‍ പെട്ട വ്യക്തിയെ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ തലപ്പത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു.ആ അഴിമതി മൂടി വച്ചതിലും ഭദ്രമായി ഇതിനെ മൂടി വയ്ക്കാന്‍ അല്ലാതെ പിന്നെ എന്തിന് ?ഇതെന്തപ്പാ കഥ ?

Wednesday, November 24, 2010

കുഞ്ഞന്‍ കാക്കയും കൊട്ടയും പിന്നെ ഞാനും.

തല കണ്ടാല്‍ പ്രായം തോന്നുകയേ ഇല്ല! മുഖം കണ്ടാല്‍ വയസ്സും തോന്നില്ല !സന്തൂര്‍ സോപ്പ് ദിവസം മൂന്ന് പ്രാവശ്യം ഉപയോഗിക്കുന്ന ആ പെണ്ണിനെപറ്റിയല്ല പറഞ്ഞത്.എന്നെപ്പറ്റി തന്നെയാണ്.എന്റെ കഷണ്ടി കണ്ടാല്‍ ആരെങ്കിലും പറയോ എനിക്ക് നാല്പതാവാറായി എന്ന് ?എങ്കില്‍ അതാണ് ബൂലോകരേ സംഗതി.നാല്പതായില്ലെങ്കിലും ഒരു ദിവസം എനിക്കും നാല്പത് വയസ്സാകും.അന്ന് ലോകം എന്താകും എന്ന് എനിക്കിപ്പോള്‍ അറിയില്ല.ഏതായാലും ഇത്രേം കാലത്തെ ഭൂമിയില വാസത്തിനിടക്ക് എന്നെ പൊക്കാന്‍ കൊട്ടയുമായി ഒരാള്‍ മാത്രമേ വന്നിരുന്നുള്ളൂ.ഈ അടുത്ത് ഒരു ദിവസം മറ്റൊരാള്‍ കൂടി ആ കൂട്ടത്തില്‍ കൂടി.ആദ്യത്തെ കൊട്ടക്കഥയാണ് ഇവിടെ പറയുന്നത്.

എന്നെ പൊക്കാന്‍ കൊട്ടയുമായി ഇദം‌പ്രഥമമായി വന്നത് കുഞ്ഞങ്കാക്ക എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന ഞങ്ങളുടെ പറമ്പ് എഞ്ചിനീയര്‍.നാലാം ക്ലാസ് വരെയോ അതിന് താഴെയോ മാത്രമാണ് കുഞ്ഞന്‍ കാക്കയുടെ വിദ്യാഭ്യാസം.പക്ഷേ പറമ്പിന്റെ എല്ലാ സംഗതികളും, എന്ന് വച്ചാല്‍ എവിടെ എപ്പോള്‍ എന്ത് എങ്ങനെ എന്ന് നടണം എന്ന് കുഞ്ഞന്‍ കാക്ക തീരുമാനിക്കും.അത് അങ്ങനെ തന്നെ ചെയ്യാന്‍ വീട്ടില്‍ അധികാരം ഉള്ളതും കുഞ്ഞന്‍ കാക്കാക്ക് തന്നെ.അങ്ങനെ പറമ്പിന്റെ ഫുള്‍ ഷേപിംഗ് നടത്തുന്ന ആള്‍ എന്ന നിലക്ക് കുഞ്ഞന്‍ കാക്ക സര്‍ട്ടിഫിക്കേട്ട് ഇല്ലാത്ത പറമ്പ് എഞ്ചിനീയറായി.

ഈ കുഞ്ഞന്‍ കാക്ക പറമ്പില്‍ പണി എടുക്കുന്ന കാലത്ത് തന്നെയാണ് എന്റെ സ്കൂള്‍ ജീവിതവും ആരംഭിക്കുന്നത്. സ്കൂളില്‍ പോകാന്‍ എനിക്ക് വളരെ “ഉത്സാഹ“മായിരുന്നതിനാല്‍ നേരം രാവിലെ പത്ത് മണി ആയാലും ഞാന്‍ പുതപ്പിനടിയില്‍ സ്കൂളും സ്വപ്നം കണ്ട് കിടക്കും.എന്റെ ഈ ഉത്സാഹം വീട്ടുകാര്‍ നിരുത്സാഹപ്പെടുത്തിയ ആ മഹാസംഭവമാണ് ഒരു കൊട്ടക്കഥ.ലോകത്തിന്റെ ഗതി തന്നെ ഒരു പക്ഷേ ആ കൊട്ടപ്രയോഗത്തിലൂടെ മാറിമറിഞ്ഞിരിക്കാം (അതേ, അല്ലെങ്കില്‍ ഈ അരീക്കോടന്‍ ഈ ബൂലോകത്ത് എത്തുമായിരുന്നില്ല).

ഒരു ശനിയാഴ്ചയിലെ ചന്ത ദിവസം.അരീക്കോട് ആഴ്ചചന്ത നടന്നിരുന്നത് എല്ലാ ശനിയാഴ്ചയും ആയിരുന്നു.വീട്ടിലെ സ്ഥിരം ജോലിക്കാരനായ കുഞ്ഞന്‍ കാക്ക ചേമ്പ്, ചേന ആദികള്‍ പറമ്പില്‍ നിന്നും പറിച്ചുകൂട്ടാന്‍ ഒരു വലിയ കൊട്ട വാങ്ങി.അതിന്റെ പിന്നിലുള്ള ഗൂഢോദ്ദേശ്യം ഞാന്‍ മനസ്സിലാക്കിയത് ആ തിങ്കളാഴ്ച ആയിരുന്നു.രാവിലെ എട്ടു മണിക്ക് മുമ്പ് പറമ്പില്‍ ഇറങ്ങുന്ന കുഞ്ഞന്‍ കാക്ക കൊട്ടയും തലയില്‍ വച്ച് ജനലിനടുത്ത് നില്‍ക്കുന്നതാണ് ആ തിങ്കളാഴ്ച ഞാന്‍ കണി കണ്ടത്.ഒപ്പം കുഞ്ഞന്‍ കാക്കക്കുള്ള ബാപ്പയുടെ ഓര്‍ഡറും എന്റെ ചെവിയില്‍ പതിച്ചു - “കുഞ്ഞാ...അവനെ ആ കൊട്ടയിലെടുത്ത് സ്കൂളില്‍ കൊണ്ടുപോയി ഹെഡ്‌മാസ്ടറെ ഏല്‍പ്പിച്ചേക്ക്...”

“അയ്യേ....ചാണകം,ചേമ്പ്, ചേന തുടങ്ങീ “ചെ”കള്‍ കൊണ്ടുപോകുന്ന കൊട്ടയില്‍ കുമ്പളം പോലിരിക്കുന്ന എന്നെ കൊണ്ടുപോകേ...” ബാപ്പയുടെ ഓഡര്‍ കേട്ടതും എന്റെ പൊടിപോലും കണ്ടുപിടിക്കാന്‍ പറ്റാത്ത രൂപത്തില്‍ ഞാന്‍ കിടക്കയില്‍ നിന്നും സ്കൂട്ടായി.പിന്നീട് ഒരിക്കലും ഞാന്‍ പത്തുമണി വരെ ഉറങ്ങിയിട്ടില്ല. കാരണം എന്റെ സ്കൂള്‍ പഠനകാലം മുഴുവന്‍, ജനലിലൂടെ ഞാന്‍ കാണുന്ന സ്ഥലത്ത് ആ കൊട്ടയും പറമ്പിലെവിടെയെങ്കിലും കുഞ്ഞന്‍ കാക്കയും ഉണ്ടായിരുന്നു.

അടുത്ത കൊട്ടയുമായി വരുന്നത് സാക്ഷാല്‍ ....ഇല്ല ഇപ്പോള്‍ പറയുന്നില്ല.

Wednesday, November 17, 2010

പെരുന്നാള്‍ - ചില ബാല്യകാല സ്മരണകള്‍.

വീണ്ടും ഒരു ബലിപെരുന്നാള്‍ സുദിനം.പെരുന്നാളിന്റെ ഓര്‍മ്മയിലേക്ക് ഊളിയിടുമ്പോള്‍ എന്റെ പ്രിയപ്പെട്ട പിതാവാണ് ഓര്‍മ്മയില്‍ വരുന്നത്.കാരണം മറ്റൊന്നുമല്ല, എന്റെ പിതാവിന്റെ ചില ചിട്ടകള്‍.

പെരുന്നാളിന് ഒരു മാസം മുമ്പേ ഉദ്യോഗസ്ഥരായ ഉപ്പയും ഉമ്മയും കോഴിക്കോട്‌ പോകും.എന്റെ കുഗ്രാമമായിരുന്ന അരീക്കോട്ട് അത്ര വലിയ കടകളൊന്നും ഉണ്ടായിരുന്നില്ല.മാത്രമല്ല, ഞങ്ങളുടെ ‘സ്റ്റൈലിന്’ ചേരുന്ന വസ്ത്രങ്ങള്‍ അരീക്കോട്ട് ലഭ്യമായിരുന്നില്ല!എനിക്കും അനിയനും ഒരേതരം തുണിയുമായി ബാപ്പയും ഉമ്മയും വരുന്നത് ഞങ്ങള്‍ കാത്തിരിക്കും.കുറേ കട്‌പീസുമായി ഉമ്മയും ആ പോക്ക് മുതലാക്കും.വസ്ത്രങ്ങളെക്കാള്‍ ഞങ്ങളുടെ ആകാംക്ഷക്ക് കാരണം അതിന്റെ കൂടെ കൊണ്ടുവരുന്ന എള്ളുണ്ട ആയിരുന്നു!

ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കുമായി എടുത്ത നീളന്‍ തുണിയുമായി പിറ്റേ ദിവസം തന്നെ അറുമുഖേട്ടന്റെ ഷൈമ ടൈലേഴ്സിലേക്ക് നടക്കും.അറുമുഖേട്ടന്റെ മകന്‍ രവിയേട്ടന്‍(അദ്ദേഹമാണ് അറുമുഖേട്ടന്‍ എന്നായിരുന്നു ഞങ്ങളുടെ ധാരണ)ഞങ്ങളുടെ അളവെടുക്കും.ഇറങ്ങിപോരുമ്പോള്‍ ഞങ്ങളുടെ ‘അറുമുഖേട്ടനോട്‌‘ ഒരു നിര്‍ദ്ദേശം നല്‍കും - “എല്ലാ പുതിയ ഫാഷനും വേണം കേട്ടോ?”.അതായത് ആ കാലത്ത് നിലവിലുള്ള എല്ലാതരം മോഡിഫിക്കേഷനുകളും വേണം എന്നര്‍ത്ഥം.തയ്പ്പിച്ച് കിട്ടുന്ന കുപ്പായത്തില്‍ എന്തൊക്കെ ഫാഷന്‍ ഉണ്ടെന്നറിയാന്‍ ആകാംക്ഷയോടെ തുറന്ന് നോക്കും.പഴഞ്ചന്‍ അറുമുഖേട്ടനുണ്ടോ ഈ ഫാഷന്‍ തിരിയുന്നു?എല്ലാ പ്രാവശ്യവും അടിച്ചു തരുന്നപോലെ ഒരു മാതിരി ഒരു കുപ്പായം അടിച്ചുതരും.

ഒരിക്കല്‍ കൈയില്‍ ഒരു ചെറിയമടക്ക് അടിക്കുന്ന ഫാഷന്‍ നിലവില്‍ ഉണ്ടായിരുന്നു.പ്രതീക്ഷയോടെ ആ വര്‍ഷത്തെ പെരുന്നാള്‍ കുപ്പായത്തില്‍ ഞങ്ങള്‍ അത് ആവശ്യപ്പെട്ടു.തയ്പ്പിച്ച് കിട്ടിയ കുപ്പായത്തില്‍ അങ്ങനെ ഒരു സംഭവമേ ഇല്ല.വീട്ടില്‍ വന്ന ഞാന്‍ കുപ്പായ കൈ അല്പം മടക്കി ഒറ്റ അടി!പിന്നെ അതിനുള്ളിലൂടെ കൈ ഇടാന്‍ പറ്റാതായി!!!എവിടെ നിന്നോ ഒരു ബ്ലേഡ് ഒപ്പിച്ച് മുഴുവന്‍ അറുത്ത്മാറ്റി തടി സലാമത്താക്കി.

പെരുന്നാള്‍ ദിനത്തിലെ മറ്റൊരു പ്രത്യേകത വാപ്പ തരുന്ന അത്തറാണ്.സെന്റ് എന്നാണ് ഞങ്ങള്‍ അതിന്പറയാറ്‌.ബാപ്പയുടെ അലമാരിയില്‍ വസ്ത്രങ്ങള്‍ അടുക്കി വച്ചതിന്റെ ഒരു മൂലയില്‍ ആണ് സെന്റ് കുപ്പി വയ്ക്കുന്നത്. സെന്റ് കുപ്പിയുടെ വായക്കടുത്ത് ഒരു ചെറിയ പഞ്ഞിക്കഷ്ണം പൊത്തിപ്പിടിച്ച് ഒന്ന് ചെരിച്ച് ആ പഞ്ഞിക്കഷ്ണം ഞങ്ങളുടെ വസ്ത്രങ്ങളില്‍ പലസ്ഥലത്തും ഉരസും.ശേഷം അത് രണ്ട് കഷ്നങ്ങളാക്കി ഒന്ന് എനിക്കും ഒന്ന് അനിയനും തരും.അത് ചെവിയുടെ ഏതോ ഒരു മടക്കിനുള്ളില്‍ തിരുകി കയറ്റും!!എന്തിനാ ഈ ഏര്‍പാട് എന്ന് മനസ്സിലായിരുന്നില്ല.എങ്കിലും ഇടക്കിടക്ക് ചെവിയില്‍ തപ്പി ആ പഞ്ഞിക്കഷ്ണം അവിടെ ഉണ്ടോ എന്ന് ഉറപ്പ് വരുത്തും.

ഇന്ന് ഈ പെരുന്നാള്‍ സുദിനത്തിന് കുപ്പായം തയ്പ്പിക്കാന്‍ അറുമുഖേട്ടന്റെ ഷൈമ ടൈലേഴ്സ് നിലവിലില്ല.മിക്കപേരും റെഡിമെയ്ഡിലേക്ക് തിരിഞ്ഞതോടെ അറുമുഖേട്ടന്റെ ജോലി ഇല്ലാതായതാകാം കാരണം.സെന്റിന് പകരം നെക്ക്യാല്‍ ചീറ്റുന്ന സ്പ്രേ വന്നതോടെ സെന്റും പഞ്ഞിയും നാമാവശേഷമായി.2008 ജൂണിലെ അവസാന ദിവസം ബാപ്പ മരിച്ചതോടെ ഇവയെല്ലാം മരിക്കാത്ത ഓര്‍മ്മകള്‍ മാത്രമായി.

വാല്‍: അതാ കേള്‍ക്കുന്നു - “മധുരിക്കും ഓര്‍മ്മകളേ...
മലര്‍മഞ്ചല്‍ കൊണ്ടുവരൂ
കൊണ്ടുപോകൂ ഞങ്ങളെ ആ
മാഞ്ചുവട്ടില്‍...
ആ മാഞ്ചുവട്ടില്‍...“

ബൂലോകര്‍ക്കും എല്ലാ വായനക്കാര്‍ക്കും എന്റേയും കുടുംബത്തിന്റേയും ഈദാശംസകള്‍.

Tuesday, November 16, 2010

വിനാശകാലേ ഒപ്പൊസിറ്റ് വിസ്‌ഡം - ഭാഗം രണ്ട്.

വിനാശകാലേ ഒപ്പൊസിറ്റ് വിസ്‌ഡം

യാത്രാ ക്ഷീണവും തമിഴ് ശൊല്ലിയതുകൊണ്ട് അനുഭവിച്ച ക്ഷീണവും കാരണം റൂമില്‍ തിരിച്ചെത്തിയ ഞാന്‍ പെട്ടെന്ന് കിടക്കയിലേക്ക് മറിഞ്ഞു.

“അല്ലാ...അപ്പോ രാത്രി ഭക്ഷണം ഇല്ലേ?” ഭാര്യയുടെ ചോദ്യം കേട്ടപ്പോഴാണ് എനിക്കതോര്‍മ്മ വന്നത്.ഭക്ഷണമല്ല, കിലുക്കത്തിലെ ജഗതിയുടെ ഡയലോഗ് - തീറ്റപണ്ടാറം.

“ഓ...എങ്കില്‍ നമുക്ക് വേഗം പുറത്ത്പോകാം...”

“ഈ പൊട്ടല്‍ ഒന്ന് നില്‍ക്കട്ടെ...’

“പഷ്‌റ്റ്...ദീപാവലി ദിവസം തമിഴ്‌നാട്ടില്‍ വന്ന് പൊട്ടല്‍ നില്‍ക്കാന്‍ കാത്ത പൊട്ടന്‍ എന്നു കൂടി വിളിപ്പിക്കണ്ട...വേഗം വാ.”

അങ്ങനെ രാത്രിഭക്ഷണം തെണ്ടി ഞങ്ങള്‍ മറ്റൊരു ദിശയില്‍ നടന്നു.ഉടന്‍ ഹോട്ടല്‍ കണ്ടെത്തുകയും ചെയ്തു.
“കഴിക്കാനെന്താ ഉള്ളത്?”

“ദോശൈ,വടൈ,പൊങ്കല്‍..” ഞാന്‍ മലയാളത്തില്‍ ചോദിച്ചത് തമിഴന്‍ പെട്ടെന്ന് മനസ്സിലാക്കി ഉത്തരം തന്നു.(ഹോട്ടലില്‍ കയറി ആരും തിന്നാനോ കുടിക്കാനോ അല്ലാത്ത ഒന്നും ഇതുവരെ ചോദിച്ചിട്ടില്ല എന്ന ആത്മവിശ്വാസമായിരുന്നു ആ തമിഴന്റേതെങ്കില്‍, എനിക്ക് എന്റെ ആവശ്യം ഫലപ്രദമായി അറിയിച്ചതിന്റെ ആത്മസംതൃപ്തി ആയിരുന്നു)

“ഉപ്പച്ചീ ...ദോശൈ എന്നാലെന്താ ?” മക്കളുടെ ചോദ്യം വന്നു.

“ദോശൈ എന്നാല്‍ രണ്ടു ദോശ...വടൈ എന്നാല്‍ രണ്ടു വട...”

“അപ്പോ പൊങ്കലോ?”

“അത് ദീപാവലി പോലെ ഒരു ആഘോഷം...”

“അല്ല...അയാള്‍ തിന്നാനുള്ള സാധനം ആണ് പറഞ്ഞത്...”

“എങ്കില്‍ നമുക്ക് പൊങ്കല്‍ കഴിക്കാം...സാധനം എന്താണെന്ന് അറിയുകയും ചെയ്യാമല്ലോ?” എന്റെ ഐഡിയ കുടുംബം ഐക്യകണ്ഠേന പാസ്സാക്കി(ആന്‍ ഐഡിയ കാന്‍ ചേഞ്ച് യുവര്‍ ലൈഫ് എന്ന് പിറ്റേന്ന് രാവിലെ ഞാന്‍ വീണ്ടും അനുഭവിച്ചു)

അങ്ങനെ പൊങ്കല്‍ എന്ന ആ വിശേഷപ്പെട്ട ഭക്ഷണം ഞങ്ങളുടെ മുമ്പില്‍ ഹാജരാക്കപ്പെട്ടു.
“അയ്യേ, ഇതെന്താ കപ്പ പുഴുങ്ങിയ പോലെ ?” മക്കളുടെ ആദ്യത്തെ കമന്റ് തന്നെ അതിന്റെ രുചി എന്തായിരിക്കുമെന്ന് മനസ്സിലാക്കിത്തന്നു.ഞാന്‍ പൊങ്കലിലേക്ക് മെല്ലെ ഊളിയിട്ടു.

“ഇത് നമ്മുടെ ഉപ്പ്മാവ് തന്നെ...അതില്‍ മഞ്ഞള്‍ നല്ലവണ്ണം ചേര്‍ത്ത് വെള്ളം കൂട്ടി വച്ചാല്‍ പൊങ്കല്‍ ആയി..” എന്റെ മനസ്സ് മന്ത്രിച്ചു.എല്ലാവരും തിന്നു എന്ന് വരുത്തി എണീക്കുമ്പോള്‍ നാലില്‍ ഒന്ന് പോലും അകത്തായിരുന്നില്ല.സാരമില്ല, റൂമില്‍ പോയി ഉറങ്ങാന്‍ അല്ലേ?

പിറ്റേന്ന് രാവിലെ രണ്ടാമത്തെ മോള്‍ക്ക് പതിവിന് വിപരീതമായി നേരത്തെ രണ്ടിന് പോകണം.മുമ്പ് ചെന്നൈയില്‍ പോയപ്പോഴും ഭക്ഷണത്തിന്റെ വികൃതി ആദ്യം വെളിവാക്കിയത് അവളായിരുന്നു.ഞാന്‍ വേഗം അവളെ കക്കൂസിലാക്കി.
“ഉപ്പച്ചീ...നമ്മള്‍ ഇന്നലെ കഴിച്ച ആ പായസത്തിന്റെ പേര് എന്തായിരുന്നു?” അവള്‍ കക്കൂസില്‍ നിന്ന് വിളിച്ചു ചോദിച്ചു.

“ഏത് പായസം?” എനിക്ക് മനസ്സിലായില്ല.

“രാത്രി കഴിച്ച ആ സാധനം..”

“ഓ..പൊങ്കല്‍...”

“ആ...ഇതാ ഇവിടേ വീണ്ടും പൊങ്കല്‍. ക്ലോസറ്റില്‍ !!!(അതാ പറഞ്ഞത് ആന്‍ ഐഡിയ....)”

* * * * * *

പിറ്റേന്ന് രാവിലെ പ്രാതലിന് ശേഷം ഞങ്ങള്‍, തൊട്ടടുത്ത് ഉണ്ട് എന്ന് പറയപ്പെടുന്ന പാര്‍ക്ക് കാണാന്‍ ഇറങ്ങി.രാവിലെ തന്നെ പാര്‍ക്കിലേക്കോ എന്ന് ചോദിച്ചേക്കാം.അതില്‍ തന്നെ ഒരു മിനി മൃഗശാല കൂടി ഉള്ളതിനാലാണ് അത് കാണാന്‍ തീരുമാനിച്ചത്.അങ്ങനെ പാര്‍ക്ക് ചോദിക്കണോ സൂ ചോദിക്കണോ എന്ന കണ്‍ഫ്യൂഷന്‍ എന്നെ കുറേ മുന്നോട്ട് നയിച്ചു.കണ്‍ഫ്യൂഷന്‍ന്റെ എണ്ണ കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു സെക്യൂരിറ്റി ജീവനക്കാരനെ കണ്ടുമുട്ടി.ചോദിക്കാന്‍ പറ്റിയ പഷ്‌റ്റ് പാര്‍ട്ടി.

“സിതംബര്‍ പാ‍ര്‍ക്ക് എങ്കെ ?” ഒരു ദിവസം കൊണ്ട് പഠിച്ച തമിഴില്‍ ഞാന്‍ ചോദിച്ചു.

“സിതംബര്‍ പാ‍ര്‍ക്ക് ???” അയാള്‍ തിരിച്ച് ഒരു ചോദ്യഭാവത്തില്‍ നിന്നു.

എങ്കില്‍ സിതംബര്‍ സൂ എന്നായിരിക്കും പറയുക എന്ന് കരുതി ഞാന്‍ ചോദിച്ചു “സിതംബര്‍ സൂ എങ്കെ ?”

അയാള്‍ പിന്നേയും കണ്‍ഫ്യൂഷനടിച്ച് നില്‍ക്കുന്നതിനിടയില്‍ പറഞ്ഞു - “സ്ട്രൈറ്റ് പോ”

“ആമാ...” ഞാന്‍ മൂളി രക്ഷപ്പെട്ടു.അയാള്‍ പറഞ്ഞ സ്‌ട്റൈറ്റ് വിട്ടിരുന്നെങ്കില്‍ ഞാന്‍ ട്രിച്ചിയില്‍ എത്തിയേനെ എന്ന് പിന്നീട് മനസ്സിലായി.തൊട്ടടുത്ത കവലയില്‍ കണ്ട ഒരു മെഷീന്‍ അടിക്കാരന്‍ (അതേ ഒരു തയ്യല്‍ മെഷീനുമായി അയാള്‍ റോഡ് വക്കില്‍ കസ്റ്റമേഴ്സിനെ കാത്തു നില്‍ക്കുന്നു!) ഞങ്ങളെ പാര്‍ക്കിലേക്ക് വഴികാട്ടി.ചിദംബരം പാര്‍ക്ക് എന്നാണ് അതിന്റെ പേര് എന്ന് തോന്നുന്നു.ഈ മണ്ണന്മാര്‍ക്ക് ‘ചി’യും ‘സി’യും ഒക്കെ ഒന്നായതിനാല്‍ അവര്‍ പറയുന്നത് അവര്‍ക്ക് മാത്രമേ തിരിയൂ.

“ഉപ്പച്ചീ...ഒരു കഴുത !” പാര്‍ക്കില്‍ ഇരിക്കുന്ന ഒരാളെ ചൂണ്ടി മകള്‍ പറഞ്ഞു.അയാള്‍ക്ക് മലയാളം മനസ്സിലാകാത്തതിനാല്‍ തല്‍ക്കാലം ഞാന്‍ രക്ഷപ്പെട്ടു!പക്ഷേ അവള്‍ കണ്ടത് ഒരു ഒട്ടകത്തെ ആയിരുന്നു.തൊട്ടപ്പുറത്ത് മയിലുകളും ഇരിക്കുന്നുണ്ടായിരുന്നു.തലേന്ന് മഴ പെയ്തതിനാലും രാവിലെ മേഘം മൂടി നിന്നതിനാലും മയില്‍ പീലി വിടര്‍ത്തുന്ന കാഴ്ച കാണാം എന്ന പ്രതീക്ഷയില്‍ ഞാനും കുടുംബവും അവിടെ ചുറ്റിപറ്റി നിന്നു.എന്റെ ക്യാമറ ആ രംഗം പിടിക്കാനായി ജാഗരൂകമായി നില്‍ക്കുകയായിരുന്നു.പെട്ടെന്ന് എന്റെ കഷണ്ടിയില്‍ ഒരു ചെറിയ തണുപ്പ് അനുഭവപ്പെട്ടു.ഞാന്‍ കൈകൊണ്ട് ഒന്ന് തുടച്ചു.അപ്പോള്‍ ചില ഖരവസ്തുക്കള്‍ കൂടി കയ്യില്‍ തടഞ്ഞു.സംഗതി പിടികിട്ടിയ ഞാന്‍ മുകളിലേക്ക് നോക്കി.ഞാന്‍ നില്‍ക്കുന്നതിന്റെ തൊട്ടു മേലെ കൊമ്പില്‍ ഇരിക്കുന്ന ഒരു മയിലിന്റെ ആസനം ചുരുങ്ങുന്നു!!കാക്കക്ക് മാത്രമല്ല, മയിലിനും അറിയാം കറക്ട് കഷണ്ടി എന്ന് അപ്പോള്‍ എനിക്ക് മനസ്സിലായി.

“ഈ മയിലുകള്‍ പീലി അല്ല വിടര്‍ത്തുന്നത് ... വാ നമുക്ക് അടുത്ത കാഴ്ചകള്‍ കാണാം...“ ഞാന്‍ മെല്ലെ കുടുംബത്തെ നീക്കി. തലയിലെ കാഷ്ടവും കയ്യിലെ നാറ്റവും ഞാന്‍ സ്വകാര്യമായി സൂക്ഷിച്ചു.

“ഉപ്പാ രണ്ടു കുരങ്ങന്മാര്‍ മേല്‍ക്കുമേല്‍ കയറുന്നത് കണ്ടോ? “ കുരങ്ങന്മാര്‍ ഇണചേരുന്നത് കണ്ട് മകള്‍ ചോദിച്ചു.

“ആ...അത് കുട്ടികളെ ഉണ്ടാക്കുകയാ...” ഞാന്‍ മറച്ചുവയ്ക്കാതെ പറഞ്ഞു.

“അപ്പോ ഇത്രയും കുട്ടികളെ ഉണ്ടാക്കാന്‍ ആ താഴെയുള്ള കുരങ്ങന്‍ എത്ര നേരം സഹിച്ചിരിക്കും അല്ലേ ഉമ്മാ?”

“എന്റമ്മേ...!!ഐശകുട്ടീ വിട്ടോടീ...ഇല്ലെങ്കി ഇന്ന് ഷോപ്പിംഗ് നടക്കില്ല” പെട്ടെന്ന് തടി എടുത്തില്ലെങ്കില്‍ ഇനി വരാവുന്ന ചോദ്യങ്ങള്‍ ഉത്തരം മുട്ടിക്കും എന്നതിനാല്‍ ചെറിയ ഒരു സൂത്രം പ്രയോഗിച്ച് ഞാന്‍ അവിടെ നിന്ന് പുറത്ത് കടന്നു.

Sunday, November 14, 2010

ഞാനും അടിച്ചു ഒരു സെഞ്ച്വറി

കഴിഞ്ഞ ആഴ്ച നമ്മുടേ ബൂലോകത്തെ സോപ്-ചീപ്-കണ്ണാടിയുടെ മകന്റെ കല്യാണത്തിന് പോയപ്പോള്‍ ആദ്യമായി കണ്ടുമുട്ടിയ മുക്താര്‍ ഉദരമ്പൊയില്‍ എന്ന ഈ മൊട്ടത്തലയന്‍ കൂടി എന്നെ പിന്തുടര്‍ന്ന് എന്റെ ശല്യം സഹിക്കാന്‍ സ്വമേധയാ തീരുമാനമെടുത്തതോടെ പിന്തുടരുന്നവരുടെ എണ്ണത്തില്‍ ഞാന്‍ സെഞ്ച്വറി അടിച്ചിരിക്കുകയാണ്.

എന്റെ ഫോളോവേഴ്സ് കുത്തനെ വര്‍ദ്ധിച്ചത് ചെറായി മീറ്റിന് ശേഷമായിരുന്നു.പരസ്പര പരിചയം പിന്തുടരന്മാരുടെ എണ്ണത്തില്‍ വന്‍ വ്യത്യാസം സൃഷ്ടിക്കും എന്ന് ഞാന്‍ മനസ്സിലാക്കിയത് അന്നാണ്.അതിനാല്‍ ബ്ലോഗ് മീറ്റ് കഴിയുമെങ്കില്‍ മിസ് ആക്കാതിരിക്കുക.

എന്നെ ആദ്യമായി പിന്തുടരാന്‍ ധൈര്യം കാണിച്ച കുമാരന്‍-ചിത്രകാരന്‍ ടീമിനും ഇപ്പോള്‍ എന്നെ സഹിക്കുന്ന എല്ലാവര്‍ക്കും ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നു.

Friday, November 12, 2010

ഒരു ദീപാവലി പിറ്റേന്ന്

കോയമ്പത്തൂര്‍ എത്തിയ ആദ്യദിവസം.അന്ന് ദീപാവലിയായിരുന്നു.വഴിനീളെ പൊട്ടിച്ച കാശിന്റെ അവശിഷ്ടങ്ങള്‍ കാണാമായിരുന്നു.അതിലൂടെ എല്ലാവരേയും പോലെ ഞങ്ങളും നടന്നു.പൊട്ടാത്ത വല്ലതും പൊട്ടിത്തെറിക്കുമോ എന്ന ഉള്‍ഭയം ഞാന്‍ മനസ്സില്‍ വച്ചു.അതെങ്ങാനും പുറത്ത് പറഞ്ഞാല്‍ മക്കളും ഭാര്യയും അടുത്ത വണ്ടിക്ക് നാട്ടിലേക്ക് കയറുമെന്ന് ഉറപ്പായിരുന്നു.

പൊരിയുന്ന വയറിന് ഒരു ഇടക്കാലാശ്വാസം നല്‍കുക എന്ന ലക്ഷ്യത്തോടെ ഞാന്‍ ഒരു ഹോട്ടലും തേടി അലഞ്ഞു.അവസാനം മലയാളത്തില്‍ ഊണ്‍ തയ്യാര്‍ എന്നു് ചോക്കുകൊണ്ടും മറ്റുപല വിഭവങ്ങളുടെ പേര് മലയാളത്തില്‍ പ്രിന്റും ചെയ്ത ഒരു ഹോട്ടല്‍ കണ്ടപ്പോള്‍ സമാധാനമായി.ഞാന്‍ വേഗം അങ്ങോട്ട് കയറി , കൈ കഴുകി ഇരുന്നു - വിശപ്പ് അത്ര മാത്രം ഉണ്ടായിരുന്നു.എന്റെ പിന്നാലെ ഭാര്യയും മക്കളും ആസനസ്ഥരായി.

ഞങ്ങള്‍ ഇരുന്ന പാടേ എവിടെ നിന്നോ ഒരു വെയ്റ്റര്‍ പാഞ്ഞെത്തി.മറ്റു വെയ്റ്റര്‍മാര്‍ യൂണിഫോമിലായിരുന്നെങ്കില്‍ ഈ പയ്യന് യൂണിഫോം ഒന്നും ഇല്ലായിരുന്നു.എന്റെ അടുത്തെത്തി തമിഴില്‍ എന്തൊക്കെയോ പറഞ്ഞു.
“ചോറ്‌ ഇല്ലേ?” ഞാന്‍ പച്ച മലയാളത്തില്‍ തന്നെ ചോദിച്ചു.

“ചപ്പാത്തി ഉണ്ട്” ഇത് ആര് ചോദിച്ചതിന്റെ ഉത്തരമാണ് അവന്‍ പറഞ്ഞത് എന്നറിയില്ല.

ഭാര്യയുടേയും മക്കളുടേയും മുഖത്ത് ഒരു പൂനിലാവ് കാണാത്തതിനാല്‍ ഞാന്‍ അവിടെ നിന്നും എണീറ്റു.പിന്നാലെ അവരും എണീറ്റു.ഞങ്ങള്‍ അടുത്ത ഹോട്ടലും തിരക്കി തെണ്ടല്‍ തുടര്‍ന്നു.ഒരുവിധം നല്ല ഒരു ഹോട്ടലില്‍ കയറി രണ്ട് വീതം പൊറാട്ട തട്ടി നല്ല ഒരു സംഖ്യയും പൊട്ടിച്ചു (അല്ല പൊട്ടി).

പിറ്റേ ദിവസം പ്രാതലിനായി ഞാന്‍ തലേന്ന് ഇറങ്ങിപ്പോയ അതേ ഹോട്ടലില്‍ ചെന്നു.ഇന്നലെ ഇരുന്ന സ്ഥാനം മാറി ഇരുന്നു.ഉടനെ തലേ ദിവസത്തെ വെയ്റ്റര്‍ പാഞ്ഞെത്തി രണ്ട് ഗ്ലാസ് വെള്ളം മേശയില്‍ വച്ചു.പിന്നാലെ യൂണിഫോമിട്ട ഒരു വെയ്റ്റര്‍ വന്ന് ഇവനോട് എന്തൊക്കെയോ പറഞ്ഞു.ഇവനും തിരിച്ച് എന്തൊക്കെയോ അങ്ങോട്ടും പറഞ്ഞു. അതിനിടയില്‍ നാല് പ്ലേറ്റ് ഇഡ്‌ലിക്കുള്ള ഞങ്ങളുടെ ഓഡറും എടുത്തു.അവര്‍ തമ്മിലുള്ള ശണ്ഠ അടുക്കളയിലും തുടര്‍ന്നു എന്ന് തോന്നുന്നു.ഏതായാലും രണ്ട് പ്ലേറ്റ് ഇഡ്‌ലി ഞങ്ങളുടെ മുന്നില്‍ എത്തി.പിന്നെ ഞങ്ങളുടെ വെയ്റ്ററെ കണ്ടില്ല!!

അല്പസമയത്തിന് ശേഷം മാനേജറെന്ന് തോന്നിപ്പിക്കുന്ന ഒരാളുടെ അടുത്ത് ഞങ്ങളുടെ വെയ്റ്റര്‍ പ്രത്യക്ഷപ്പെട്ടു.അവന്‍ കയ്യിലും കാലിലും എന്തൊക്കെയോ ചൂണ്ടി കാണിക്കുന്നതും നേരത്തെ വന്ന രണ്ടാമത്തെ വെയ്റ്ററെ ചൂണ്ടുന്നതും ഞാന്‍ കണ്ടു.പക്ഷേ എല്ലാം കേട്ടിരുന്ന മാനേജര്‍ അവനെ ശകാരിക്കുന്നതാണ് പിന്നീട് ദൃശ്യമായത്.അവന്‍ പിന്നേയും മാനേജറോട്‌ എന്തൊക്കെയോ കെഞ്ചി പറയുന്നുണ്ട്.അതും കേട്ട ശേഷം
“നീ പോ...” എന്നൊരു ആട്ടലും മാനേജര്‍ മുകളിലേക്ക് കയറിപ്പോയതും ഒരുമിച്ചായിരുന്നു.ഒരു നിമിഷം നിന്ന ശേഷം രൂക്ഷമായ ഒരു നോട്ടത്തോടെ അവനും മാനേജറുടെ പിന്നാലെ മുകളിലേക്ക് കയറിപ്പോയി.

അല്പസമയത്തിനകം, രണ്ട് പഴയ ബാഗും കഴുത്തില്‍ ഒരു സ്വാമി തോര്‍ത്തുമായി അവന്‍ ഇറങ്ങി വന്നു.കാശ് കൌണ്ടറിലിരിക്കുന്ന ആളോട് അഞ്ച് ദിവസത്തെ പണിയുടെ കാശ് ചോദിച്ചു.എത്രയെന്നല്ലേ - ഇരുനൂറ്‌ രൂപ!!!അയാള്‍ നൂറ് രൂപ എടുത്ത് നീട്ടിക്കൊണ്ട് പോകാന്‍ പറഞ്ഞു.ആ ഹോട്ടലിലെ തന്നെ പ്ലേറ്റും മറ്റും എടുത്ത് കൊണ്ടു പോകുന്ന ചേച്ചിയുടെ അടുത്ത് ഈ പയ്യന്‍ നടന്ന സംഭവങ്ങള്‍ വിവരിച്ചു.നല്ലവളായ ആ ചേച്ചി കാഷ്യറോട്‌ പറഞ്ഞ പ്രകാരം അവന്റെ കാശ് മുഴുവന്‍ നല്‍കി അവനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.ആ ഹോട്ടലില്‍ അവസാനമായി ഞങ്ങള്‍ക്ക് ആഹാരം വിളമ്പാനായിരുന്നു അവന്റെ വിധി.നല്ലൊരു ദീപാവലി പിറ്റേന്ന് തന്റെ ജോലി തെറിക്കും എന്ന് ആ പയ്യന്‍ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല.ജോലി നഷ്ടപ്പെട്ട് ഇറങ്ങിപ്പോകുന്ന ആ പയ്യന്റെ ദയനീയ മുഖം ഇപ്പോഴും എന്റേയും കുടുംബത്തിന്റേയും മനസ്സുകളില്‍ മായാതെ നില്‍ക്കുന്നു.ചെറിയ ഒരു സഹായം നല്‍കാന്‍, വീണ്ടും തെരുവില്‍ എവിടെയെങ്കിലും അവനെ കണ്ടുമുട്ടും എന്ന് പ്രതീക്ഷിച്ചെങ്കിലും കണ്ടില്ല.

വാല്‍: നമ്മുടെ കീഴില്‍ ജോലി ചെയ്യുന്നവരെ നിസ്സാരകാര്യത്തിന് പിരിച്ചു വിടുമ്പോള്‍ അതേ അവസ്ഥ നമുക്കായിരുന്നെങ്കില്‍ എന്ന ഒരു ചെറുചോദ്യം മനസ്സിലിട്ടുകൊണ്ട് പ്രവര്‍ത്തിക്കുക.

Tuesday, November 09, 2010

വിനാശകാലേ ഒപ്പൊസിറ്റ് വിസ്‌ഡം

             ‘വിനാശകാലേ ഒപ്പൊസിറ്റ് വിസ്‌ഡം’ എന്ന് പറഞ്ഞത് ഷേക്സ്പിയറിനെപ്പോലെ കഷണ്ടിയുള്ള സാക്ഷാല്‍ അരീക്കോടന്‍ തന്നെയാണ്.അതുകൊണ്ട് തന്നെ പറഞ്ഞത് പോലെ പ്രവര്‍ത്തിച്ചതും അരീക്കോടന്‍ തന്നെ.പോസ്റ്റിലേക്കുള്ള ഒന്നാംതരം ഗ്ലൂ ആയില്ലേ.അപ്പോള്‍ കാര്യത്തിലേക്ക്.

              പതിവിന് വിപരീതമായ ഒരു വെള്ളിയാഴ്ച.എല്ലാ വെള്ളിയാഴ്ചകളും കലണ്ടറില്‍ കറുത്ത അക്കങ്ങളാകുമ്പോള്‍ ഈ വെള്ളിയാഴ്ച (5/11/2010) ചുവപ്പിലായിരുന്നു.സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളിലൊഴികെയുള്ള കലണ്ടറിലെ ചുവപ്പ് അക്കങ്ങള്‍ കണ്ണിന് കുളിര്‍മ നല്‍കും.ശനി, ഞായര്‍ ദിവസങ്ങളിലെ ചുവപ്പക്കങ്ങള്‍ കണ്ണില്‍ ഇരുട്ട് പരത്തും (അതിന്റെ കാരണങ്ങള്‍ അറിയാന്‍ നിങ്ങളുടെ പേര് സ്പേസ് അയല്‍‌വാസിയുടെ പേര് സ്പേസ് നിങ്ങളുടെ കണ്ണിന്റെ നിറം എന്ന ഫോര്‍മാറ്റില്‍ 52525-ലേക്ക് എസ്.എം എസ് ചെയ്യുക).

             ആ തങ്കപ്പെട്ട ദിവസം തന്നെയാണ് ഞാന്‍ കോയമ്പത്തൂരിലേക്ക് പോകാന്‍ തെരഞ്ഞെടുത്ത പുന്നാര ദിവസം.പോകുന്നത് ഒറ്റക്കല്ല,ഒക്കത്ത് (എന്ന് പറഞ്ഞാല്‍ ഇടുപ്പെല്ലിനും വാരിയെല്ലിനും ഇടയില്‍ ക്വെസ്റ്റ്യന്‍ മാര്‍ക്ക്പോലെ ഉള്ളോട്ട് വളഞ്ഞ് നില്‍ക്കുന്ന സ്ഥലം) കെട്ടി മാത്രം നടക്കാവുന്ന എട്ട് മാസം പ്രായമായ കുഞ്ഞാവ,അതിന്റെ മൂത്ത രണ്ടാം ക്ലാസ്സുകാരി , അതിന്റേയും മൂത്ത ആറാം ക്ലാസ്സുകാരി , പിന്നെ മുപ്പത്തിമൂന്നിന്റെ ‘ചുറുചുറുക്ക്‘ കാണിക്കുന്ന എന്റെ ഭാര്യ.കഴിഞ്ഞില്ല, ഇവരുടെ സല്‍‌വാര്‍, ചുരിദാര്‍, ...ര്‍ തുടങ്ങീ ‘ര്‍’കള്‍ അടങ്ങുന്ന ഒരു പെട്ടിയും - പോരേ പൂരം!

               അങ്ങനെ അരീക്കോട്ട് നിന്നും ഒരു കെ.എസ്.ആര്‍.ടി.സി.യില്‍ പാഞ്ഞ് കയറിയും കോഴിക്കോട്ട് നിന്ന് ട്രെയ്നില്‍ ആഞ്ഞ് കയറിയും കൃത്യം ഒന്നരക്ക് ഞങ്ങള്‍ കോയമ്പത്തൂരില്‍ വലഞ്ഞിറങ്ങി - വിശന്നിട്ട്.

“ടാക്സി വേണൊ സാര്‍ ?” ഒരു തമിഴന്‍ അണ്ണാച്ചി ചോദിച്ചപ്പോള്‍ ഞാന്‍ ഞെട്ടി.’കോളേജില്‍ പഠിപ്പിക്കുന്ന ഒരു സാറാണ് ഞാന്‍ എന്ന് കോയമ്പത്തൂരില്‍ കിടക്കുന്ന ഈ അണ്ണാച്ചി എങ്ങനെ മനസ്സിലാക്കി?’.

“വിടമാട്ട്” മലയാളം എന്തിന്റെ കൂടെയും ‘മാട്ട്’ ചേര്‍ത്ത് പറഞ്ഞാല്‍ തമിഴ് ആകും എന്ന് പണ്ട് ഏതോ അടകോടന്‍ (സത്യമായിട്ടും വാഴക്കോടന്‍ അല്ല) പറഞ്ഞത് പെട്ടെന്ന് ഓര്‍മ്മ വന്നതിനാല്‍ വേണ്ട എന്ന ഉദ്ദേശത്തില്‍ ഞാന്‍ തട്ടി.

“എന്നാ ശൊല്ലി, വിടമാട്ട്,നാന്‍ ......” പിന്നെ അയാള്‍ എന്തൊക്കെയാ പറഞ്ഞത് എന്ന് സംഘംകൃതികളില്‍ മാത്രമേ കാണത്തുള്ളൂ.
ഐഷകുട്ടീ...വിട്ടോടീ” എന്ന് ഹരിഹര്‍ നഗര്‍ സ്റ്റൈലില്‍ ഞാന്‍ പറഞ്ഞതും കുടുംബം ഒന്നാകെ ഓടിപുറത്തിറങ്ങിയതും ‘ഗാന്ധിപുരം ഗാന്ധിപുരം‘ എന്ന് വിളിച്ചുകൊണ്ടിരിക്കുന്ന ബസ്സില്‍ ചാടിക്കയറിയതും സെക്കന്റിന്റെ എത്ര അംശങ്ങള്‍ കൊണ്ടാണ് എന്ന് ആ ടാക്സിഡ്രൈവര്‍ക്ക് മാത്രമറിയാം.

               അങ്ങനെ ഗാന്ധിപുരത്ത് ഞങ്ങള്‍ ബസ്സിറങ്ങിയപ്പോള്‍ ആദ്യ വെടി പൊട്ടി - “ഠേ!”.കോയമ്പത്തൂര്‍ സ്ഫോടനം എന്നൊക്കെ കേട്ടിരുന്നതിനാല്‍ ഈ വെടിയില്‍ എന്റെ ഉള്ള് വീണ്ടും കാളി, പള്ള (വയറ്) ആദ്യമേ കാളുന്നതിനാല്‍ കാളിയും കാളിയും കൂടിച്ചേര്‍ന്ന് കരിങ്കാളിയായി.അപ്പോഴാണ് രണ്ടാം ക്ലാസുകാരി ചെവി പൊത്തുന്നത് ഞാന്‍ ശ്രദ്ധിച്ചത് - പടക്കം പൊട്ടുന്നതും ചെണ്ട കൊട്ടുന്നതും പണ്ടേ അവള്‍ക്ക് വല്യ ഇഷ്ടാ!അത് കേട്ടാല്‍ പിന്നെ ചെവി പൊത്തിയേ നടക്കൂ.കണ്ണടച്ച് നടക്കാന്‍ പറ്റിയിരുന്നെങ്കില്‍ അങ്ങനേയും ചെയ്യുമായിരുന്നു.ഏതായാലും പിന്നെ വെടി പൊട്ടാത്തതിനാല്‍ ഈ സാമാ‍നങ്ങള്‍ മുഴുവന്‍ ഇറക്കി വയ്ക്കാനുള്ള ഒരു ലോഡ്‌ജും തേടി ആയി എന്റെ യാത്ര.

             വഴിയില്‍ നിറയെ പടക്കത്തൊലികള്‍ കണ്ട ഞാന്‍ തമിഴന്റെ സാഹോദര്യ ചിന്തയില്‍ മോരാഞ്ചം കൊണ്ടു.കേരളത്തില്‍ ഗ്രാമ - ബ്ലോക്ക് - ജില്ല പഞ്ചായത്ത് അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതിന്ന് ഇങ്ങ് കോയമ്പത്തൂരില്‍ തമിഴ് മക്കള്‍ ഇത്രയും പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നു - അണ്ണാച്ചിയുടെ തലയില്‍ ഇന്നും മണ്ണ് തന്നെ എന്ന് എനിക്ക് പെട്ടെന്ന് ബോധ്യമായി.ഞാന്‍ നേരെ മുന്നില്‍കണ്ട ലോഡ്ജിലേക്ക് കയറി.

“ഡബ്ബ്‌ള്‍മാട് റൂംമാട് ഉണ്ടോമാട് “ എന്റെ ചോദ്യം കേട്ട് റിസപ്ഷനിലിരിക്കുന്ന തമിളന്‍ ദീപാവലിക്ക് വിട്ട വാണം പോലെ നില്‍ക്കുന്നത് കണ്ടപ്പോള്‍, ഞാന്‍ എന്റെ പിന്നില്‍ വന്ന ഭാര്യയുടെ മുഖത്തേക്ക് നോക്കി.കോയമ്പത്തൂരിലെ ആദ്യ അനുഭവത്തില്‍ നിന്ന് തന്നെ പാഠം പഠിച്ച് അവള്‍ പുറത്ത് ദൂരെ മാറി നില്‍ക്കുകയായിരുന്നു!

“ ഊര്‍ എങ്കെ?” തമിളന്‍ ചോദിച്ചു.

“ ഊര ഇതാ ഇവിടെ ” ഞാന്‍ എന്റെ ഊര നന്നായി കാണിച്ചു.

“ഓ..കേറള...ഐഡി കാര്‍ഡ് എങ്കെ”

“ങേ! എന്റെ ഊരയില്‍ കേരള എന്ന് എഴുതി വച്ചിരിക്കുന്നോ? ”ഞാന്‍ വീണ്ടും ഞെട്ടി.

“ഇവന്‍ ആള്‍ കൊഴപ്പമാ...ഐഷകുട്ടീ...വിട്ടോടീ” - എന്റെ ഓഡറില്‍ കുടുംബം അടുത്ത ലോഡ്ജിലേക്ക് ഓടിക്കയറി.ചോദ്യങ്ങളും ഭേദ്യങ്ങളും ഒന്നും ഇല്ലാതെ അവിടെ റൂം കിട്ടി.

            അല്പനേരത്തെ വിശ്രമത്തിന് ശേഷം ഞങ്ങള്‍ നഗരത്തില്‍ ഒന്ന് ചുറ്റാനിറങ്ങി.പെട്ടെന്ന് എന്റെ മുമ്പില്‍ ഒരു പടക്കം പൊട്ടിത്തെറിച്ചു.ഈ പാവം അരീക്കോടനെ ബോംബ് എറിഞ്ഞ് കൊല്ലാ‍ന്‍ ശ്രമിച്ച ആ ക്രൂരനെ പടക്കം പൊട്ടിയ പരിസരത്ത് എവിടേയും കണ്ടില്ല.കണ്ടിരുന്നെങ്കില്‍ ഞാന്‍ അടുത്ത ഓഡര്‍ കൊടുക്കുമായിരുന്നു - “ഐഷകുട്ടീ...വിട്ടോടീ”.വീണ്ടും മുന്നോട്ട് നടന്നപ്പോള്‍ ആള്‍‍ക്കാര്‍ നടന്നു പോകുന്ന തിരക്കേറിയ വഴിയില്‍ ഇരുന്ന് ഒരുത്തന്‍ കൂളായി മാലപ്പടക്കത്തിന് തിരികൊളുത്തുന്നു!

“ഓ...ഇന്ന് ദീപാവലിയാണല്ലേ...അതാണിത്ര പടക്കം പൊട്ടിയത് കാണുന്നത്...കോയമ്പത്തൂര്‍ കാണാന്‍ ഇറങ്ങിയ ഒരു ദിവസം... ” ഞാന്‍ എന്നോട് തന്നെ പറഞ്ഞു.

                പെട്ടെന്ന് അന്തരീക്ഷം മൂടി.കനത്ത കാറ്റ് അടിക്കാന്‍ തുടങ്ങി.ഉടന്‍ തന്നെ കോരിച്ചൊരിയുന്ന മഴയും പെയ്തു.തക്ക സമയത്ത് വഴി വയ്ക്കത്ത് കണ്ട കുട വില്‍പ്പനക്കാരനില്‍ നിന്ന് 70 രൂപ കൊടുത്ത് ഒരു ‘താല്‍ക്കാലിക’ കുട വാങ്ങി. അന്ന് നടത്താന്‍ ഉദ്ദേശിച്ചിരുന്ന പാര്‍ക്ക് സന്ദര്‍ശനം ക്യാന്‍സല്‍ ചെയ്ത് ഞങ്ങള്‍ അല്പനേരം ഷോപ്പിങ്ങിനിറങ്ങി.തെരുവില്‍ അപ്പോഴും പടക്കങ്ങളും മത്താപ്പുകളും ബാണങ്ങളും വര്‍ണ്ണവും പ്രകാശവും ശബ്ദവും വാരിവിതറിക്കൊണ്ടേയിരുന്നു.ദീപാവലിയുടെ ശബ്ദഘോഷങ്ങള്‍ അന്ന് ആദ്യമായി വിപുലമായി അനുഭവിച്ചു കൊണ്ട് ഞങ്ങള്‍ റൂമിലേക്ക് തന്നെ തിരിച്ചെത്തി.ഉടന്‍ നല്ലപാതിയുടെ വക ഒരു വെടി - “നിങ്ങള്‍ കുറച്ചെങ്കിലും തമിഴ് പഠിക്കണം ട്ടോ”

“ഠോ!” എന്റെ മക്കള്‍ക്കൊപ്പം പുറത്ത് പൊട്ടിച്ച പടക്കവും അത് ഏറ്റു ചൊല്ലി.

(തുടരും ...) 

Thursday, November 04, 2010

പെട്ടിയിലടച്ച ജനാധിപത്യ ഭൂതം

ജനാധിപത്യത്തിന്റെ, പെട്ടിയിലടച്ച ഭൂതം തുറന്ന് വിടപ്പെട്ടപ്പോള്‍ പലരും ഞെട്ടി.ഇത്രയും ദിവസം പെട്ടിയില്‍ കിടന്ന് നരകിച്ച ഭൂതം പക്ഷേ പ്രതീക്ഷിച്ച പോലെ അക്രമാസക്തമായില്ല.കൂടുതല്‍ വോട്ട് കിട്ടിയവര്‍ തന്നെയാണ് ഇക്കൊല്ലവും ജയിച്ചത്.അതിന് യാതൊരു മാറ്റവും വരുത്താന്‍ ആര്‍ക്കും സാധിച്ചില്ല.

ഞാന്‍ മലപ്പുറത്ത്കാരനാണെങ്കിലും എനിക്ക് അറിയേണ്ടിയിരുന്നത് കോഴിക്കോട്‌ ജില്ലയിലെ റിസല്‍ട്ട് ആയിരുന്നു.മറ്റൊന്നുമല്ല , കോഴിക്കോട്‌ ജില്ലയിലായിരുന്നല്ലോ എനിക്ക് ഇലക്ഷന്‍ഡ്യൂട്ടി.23 ആം തീയതി പെട്ടിയിലാക്കിയ ഭൂതം വെള്ളവും വെളിച്ചവും കിട്ടാതെ 31 ആം തീയതിയാണ് പുറത്ത് ചാടിയത്.ഭൂതങ്ങള്‍ പുറത്ത് ചാടാന്‍ തുടങ്ങിയ ഉടനെ ഞാന്‍ എന്റെ ബൂത്തിലെ റിസല്‍ട്ട് പരതാന്‍ തുടങ്ങി.ഗ്രാമപഞ്ചായത്ത് റിസല്‍ട്ട് എവിടേയും എത്തിയിരുന്നില്ല.ബ്ലോക്ക് പഞ്ചായത്ത് ചിലതിലെ ലീഡിംഗ് കാണിക്കുന്നുണ്ട്.ജില്ലാപഞ്ചായത്ത് വേറെ എന്തൊക്കെയോ കാണിക്കുന്നു.തല്‍ക്കാലം അന്ന് ഞാന്‍ ആ സൈറ്റില്‍ അധികം സമയം ചെലവാക്കിയില്ല.

പിറ്റേന്ന് നെറ്റില്‍ കയറിയ ഉടനെ ഞാന്‍ തിരഞ്ഞത് കോഴിക്കോട് ജില്ലാപഞ്ചായത്തിലേക്ക് കട്ടിപ്പാറ ഡിവിഷനില്‍ നിന്ന് ആര് എത്ര വോട്ടിന് ജയിച്ചു എന്നായിരുന്നു.കാരണം മറ്റൊന്നുമല്ല വോട്ടിംഗിന്റെ തലേ ദിവസം ഒരു മുഖ്യ ഏജന്റ് വന്ന് ഭീഷണി സ്വരത്തില്‍ പറഞ്ഞതും എനിക്ക് പറ്റിയ ചെറിയ ഒരു കൈഅബദ്ധവും ഒരുമിച്ചാല്‍ സംഭവിച്ചേക്കാമായിരുന്ന റിസല്‍ട്ട് മറിമായം അറിയാനായിരുന്നു അത്.ആ ഡിവിഷനിലെ റിസല്‍ട്ട് പ്രഖ്യാപ്പിക്കാതെ കണ്ടപ്പോള്‍ ചെറിയ പേടി തോന്നി.പക്ഷേ പിന്നീട് റിസല്‍ട്ട് വന്നപ്പോള്‍ ജയിച്ച സ്ഥനാര്‍ത്ഥിക്ക് പതിനായിരത്തില്പരം വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്നതിനാല്‍ എന്റെ പേടി അസ്ഥാനത്തായി.

ഇനി സംഭവിച്ച കൈഅബദ്ധം - ബാലറ്റ് പേപ്പറിന്റെ പിന്നില്‍ പ്രിസൈഡിംഗ് ഓഫീസര്‍ ഒപ്പിടണം എന്നാണ് നിര്‍ദ്ദേശം.എന്നാല്‍ അത് പോളിംഗ് തുടങ്ങിയിട്ടേ ഇടാന്‍ തുടങ്ങാവൂ എന്നും പറയും.പക്ഷേ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ ഇരുന്നൂറോ മുന്നൂറോ എണ്ണം ആദ്യമേ ഒപ്പിട്ട് വയ്ക്കും.ഞാനും അങ്ങിനെ തന്നെ ചെയ്തു.പക്ഷേ പോളിംഗ് ഓഫീസര്‍മാര്‍ക്ക് വിതരണം ചെയ്തപ്പോള്‍ കെട്ട് ഒന്ന് മാറി, ഒപ്പിടാത്ത ബാലറ്റ് നല്‍കിപ്പോയി!അത് അസാധുവില്‍ കൂട്ടിയോ അല്ല സാധുവില്‍ കൂട്ടിയോ എന്ന് എണ്ണിയവര്‍ക്കറിയാം.ഗ്രാമപഞ്ചായത്തായിരുന്നെങ്കില്‍ കൊളമാകാന്‍ വേറെ ഒന്നും വേണ്ടിയിരുന്നില്ല.

അതിനാല്‍ ഇനി ഇലക്ഷന്‍ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവര്‍ മുക്കാല്‍ ഭാഗം ബാലറ്റ് പേപ്പറിലും തലേ ദിവസം തന്നെ ഒപ്പിട്ട് വച്ചേക്കുക.ഒപ്പിട്ട് ഉപയോഗിക്കാത്തവയുടെ എണ്ണം കാണിക്കണം എന്ന് മാത്രമേ ഉള്ളൂ.ഇതുപോലെ ടെന്‍ഷന്‍ അടിക്കേണ്ട ഗതികേട് വരില്ല.പിന്നെ എത്ര നന്നായി ചെയ്താലും ഇലക്ഷന്‍ഡ്യൂട്ടി ഒരിക്കലും പെര്‍ഫക്ട് ആകില്ല എന്നതിനാല്‍ ഇതെല്ലാം അപ്പോള്‍ തന്നെ മറന്നേക്കുക!

Tuesday, November 02, 2010

കൊച്ചുമോളും താറാമുട്ടയും

വീട്ടില്‍ അഞ്ചാറ് താറാവ് ഉള്ളതു കൊണ്ട് മുട്ടക്ക് ഒരു പഞ്ഞവും ഇല്ലായിരുന്നു.കുട്ടികള്‍ക്ക് സര്‍ക്കാര്‍ മുട്ട നല്‍കുന്നുണ്ടെങ്കിലും അവ തിന്ന് അവര്‍ പേപ്പറിലും മുട്ട വാങ്ങുമോ എന്ന ഭയത്താല്‍ കൊച്ചുമോള്‍ക്ക് ഉമ്മ എന്നും ഓരോ താറാവ്മുട്ട തന്നെ പൊരിച്ചു കൊടുത്തു.വൈകിട്ട് തിരിച്ചേല്‍പ്പിക്കുന്ന പാത്രത്തില്‍ ചോറോ കറിയോ മുട്ടയോ ഒന്നും തന്നെ ബാക്കി വരാത്തതിനാല്‍ ഉമ്മ കൊച്ചുമകളെ ഓര്‍ത്ത് അഭിമാനം കൊണ്ടു.

പക്ഷേ പതിവിന് വിപരീതമായി അന്ന് വൈകുന്നേരം കൊച്ചുമോള്‍ തിരിച്ച് നല്‍കിയ പാത്രം തുറന്ന് നോക്കിയപ്പോള്‍ ഉമ്മ കണ്ടത് പൊരിച്ച മുട്ട അങ്ങനെ തന്നെ തിരിച്ചു കൊണ്ടുവന്നതാണ്.

“എന്താ മോളൂ...ഇന്ന് മുട്ട തിന്നില്ലേ?” ഉമ്മ സ്നേഹത്തോടെ ചോദിച്ചു.

“ഇന്ന് അവള്‍ വന്നില്ല ഉമ്മാ?” കൊച്ചുമോള്‍ മറുപടി പറഞ്ഞു.

“അവള്‍ വന്നോ എന്നല്ല ഞാന്‍ ചോദിച്ചത്...മുട്ട തിന്നില്ലേ എന്നാ...”

“ആ...അതു തന്നെയാ ഞാനും പറഞ്ഞത്...എന്നും മുട്ട തിന്നുന്ന അമ്മു ഇന്ന് വന്നില്ല...അപ്പോ പിന്നെ ഞാന്‍ മുട്ട ആര്‍ക്ക് കൊടുക്കും ?”

കൊച്ചുമോളുടെ നിഷ്കളങ്കമായ മറുപടിക്ക് മുന്നില്‍ ഉമ്മാക്ക് മറുപടി ഇല്ലായിരുന്നു.