Pages

Sunday, December 31, 2023

മൈനസ് വൺ ഡിഗ്രിയിൽ .... (വിൻ്റർ ഇൻ കാശ്മീർ - 4 )

 Part 3: ഗുഹകൾ കടന്ന് 

"എൻ്റുമ്മാ ... എന്തൊരു തണുപ്പാ ദ് ?" കപിൾസ് ടീമിലെ ജാസിറയുടെ ശബ്ദമാണ് ആദ്യം കേട്ടത്.

"ഇനിയിപ്പോ ഉമ്മായെ വിളിച്ചിട്ടൊന്നും കാര്യമില്ല... ഇറങ്ങി പുറപ്പെടുന്നതിന് മുമ്പേ ആലോചിക്കേണ്ടിയിരുന്നു..." ഹാഷിർ ഭാര്യയെ സമാധാനിപ്പിച്ചു.

" മഞ്ഞിൽ നല്ല രസാന്ന് പറഞ്ഞ് ഇങ്ങള് തന്നെയല്ലേ ഇന്നെ  മൂച്ചിമ്മേ കേറ്റിയത്..."

"ആ... കുടുംബ വഴക്ക് ഉണ്ടാക്കണ്ട ... നമുക്ക് ഇനിയും നാല് ദിവസം കൂടി ഉണ്ട് ഇവിടെ... " നിഖിൽ ഇടക്ക് കയറി ഇടപെട്ടു.

"യ യ യാ കു കു കുദാ... ഇ ഇ ഈതണുപ്പിൽ ന ന നാല് ദിവസമോ...?"  തണുപ്പ് കാരണം  ആരുടെയോ തൊണ്ടയിൽ വാക്കുകൾ കുരുങ്ങി.

" ഇതാണ് ഞാൻ ബസ്സിൽ നിന്ന് സൂചിപ്പിച്ച ബട്ടിൻ്റെ കട... ചിക്കൻ കടായി , മട്ടൺ കബാബ് , ബിരിയാണി എല്ലാം മിതമായ നിരക്കിൽ കിട്ടും... " നടത്തത്തിനിടയിൽ, ചെറിയൊരു കട കാണിച്ചു കൊണ്ട് നിഖിൽ പറഞ്ഞു.

"ഹം അഭി ആയേഗ ബട്ട് ബായി ..."  കടയിൽ നിൽക്കുന്ന ആരുടെയോ നേരെ നോക്കി ഹഖ് പറഞ്ഞു.

"ജമ്മുവിൽ നിന്ന് ചോല ബട്ടൂര ... പഞ്ചാബി ഹവേലിയിൽ നിന്ന് ആദ്യം മസാല ദോശ.. പിന്നാലെ ഫ്രൈഡ് റൈസ് .... ബാനിഹാളിൽ നിന്ന് കബാബ് ... ഇനി വീണ്ടും ബട്ടിൻ്റെ കടയിലേക്ക് ... നിങ്ങളെ ആമാശയം വല്ലാത്തൊരു പത്തായം തന്നെ ..." ഹഖിനെ നോക്കി സത്യൻ മാഷ് പറഞ്ഞു.

വലിയൊരു ഗേറ്റിൻ്റെ മുന്നിലാണ് ഞങ്ങളുടെ നടത്തം അവസാനിച്ചത്. ഗേറ്റ് കടന്നു അകത്ത് കയറിയപ്പോൾ മൂന്ന് നിലകളോട് കൂടിയ രണ്ട് കെട്ടിടങ്ങൾ കണ്ടു. ന്യൂ കപിൾസ് , ഓൾഡ് കപിൾസ്, ഫാമിലി,  ഫ്രണ്ട്സ്, അല്ലറ ചില്ലറ എന്നിങ്ങനെ ഓരോരുത്തർക്കും ആവശ്യപ്പെട്ട പ്രകാരം റൂമുകൾ തരം തിരിച്ച് നൽകി. ഞാനും സത്യൻ മാഷും ഹഖും അടങ്ങിയ ടീമിന് രണ്ടാമത്തെ ബിൽഡിംഗിൽ മൂന്നാം നിലയിൽ അഞ്ച് ബെഡുകളുള്ള വിശാലമായ ഒരു മുറിയാണ് ലഭിച്ചത്. 

"ഞാനൊന്ന് നമസ്കരിക്കട്ടെ ... അത് കഴിഞ്ഞ് ഭക്ഷണത്തിന് പോകാം..." ഇതും പറഞ്ഞ് ഞാൻ നേരെ ബാത്റൂമിൽ കയറി. വുളുവിൻ്റെ മുമ്പ് പല്ല് തേക്കാനായി ഒരു കവിൾ വെള്ളം വായിലേക്കെടുത്തതും ഫൂ എന്ന് ശക്തിയിൽ തുപ്പിയതും ഒരുമിച്ചായിരുന്നു. കൊടും തണുപ്പ് കാരണം പല്ല് എല്ലാം കൂടി ഞരിഞ്ഞമരുന്നത് പോലെ ഒരനുഭവം.. ഹീറ്ററിന് എന്തോ പ്രശ്നം പറ്റിയതിനാൽ ചൂടുവെള്ളം ലഭ്യമായിരുന്നില്ല. 

"മാഷേ... എന്തു പറ്റി? "  ഹഖ് വിളിച്ചു ചോദിച്ചു.

"ചെറിയൊരു ഷോക്കടിച്ചതാ..." ഞാൻ പറഞ്ഞു.

" ങേ ! ബെഡ് നനഞ്ഞാൽ ഷോക്കടിക്കും എന്നല്ലേ നിഖിൽ പറഞ്ഞിരുന്നത്... ഇതിപ്പോ ടോയ്ലെറ്റിലും മൂത്രമൊഴിക്കാൻ പറ്റില്ലേ ? " ഹഖിന് സംശയമായി. 

അംഗശുദ്ധി വരുത്തി പുറത്തിറങ്ങിയ ഞാൻ, നമസ്കാരം നിർവ്വഹിച്ച  ശേഷം ഹഖിൻ്റെയും സത്യൻ മാഷിൻ്റെയും കൂടെ  ഭക്ഷണത്തിന് പുറപ്പെട്ടു.

"നമുക്ക് ബട്ടിൻ്റെ കടയിൽ തന്നെ പോകാം..." മട്ടൻ കബാബിൻ്റെ രുചി ഹഖിൻ്റെ വാക്കുകളിൽ പ്രകടമായി. പക്ഷെ, വെജിറ്റേറിയൻ ഭക്ഷണം ഒന്നും ഇല്ലാത്തതിനാൽ ഞങ്ങൾക്ക് അവിടെ നിന്ന് ഇറങ്ങേണ്ടി വന്നു. 

മെയിൻ റോഡിലെ ഷാമിയാന റസ്റ്റാറൻ്റിലേക്കാണ് പിന്നീട് ഞങ്ങൾ കയറിയത്. കൊണ്ടോട്ടിക്കൂട്ടം അപ്പോൾ അവിടെ നിന്നും തിരിച്ചിറങ്ങുന്നുണ്ടായിരുന്നു. യുദ്ധം കഴിഞ്ഞ കലിംഗ പോലെയായിരുന്നു അവരുടെ ടേബിൾ. പിറ്റേ ദിവസം നേരത്തെ എണീറ്റ് പഹൽഗാമിലേക്ക് പുറപ്പെടാനുള്ളതിനാൽ പെട്ടെന്ന് ഭക്ഷണം കഴിച്ച് ഞങ്ങൾ റൂമിൽ തിരിച്ചെത്തി.

"രാവിലെ ദാലിൻ്റെ തീരത്ത് കൂടെ മോണിംഗ് വാക്ക് നടത്തേണ്ടവർക്ക് നേരത്തെ ഇറങ്ങി നടക്കാം...കൃത്യം  ഏഴര മണിക്ക് ബസ്സ് എടുക്കും.." നിഖിൽ പറഞ്ഞു.

'തണുപ്പാണെങ്കിലും, കോവളം ബീച്ചിലൂടെയുള്ള പ്രഭാത നടത്തം പോലെ ദാലിൻ്റെ തീരത്ത് കൂടിയും ഒരു പ്രഭാത സവാരി നടത്തണം' . ഞാൻ മനസ്സിൽ കുറിച്ചു. ശ്രീനഗറിലെ അപ്പോഴത്തെ ഊഷ്മാവ് അറിയാനായി വെറുതെ നെറ്റിൽ ഒന്ന് സെർച്ച് ചെയ്തു.

'യാ കുദാ... മൈനസ് വൺ ഡിഗ്രി സെൽഷ്യസ് ..""

മൂന്ന് ടീ ഷർട്ടും ജാക്കറ്റും ധരിച്ച് ബെഡ് ഹീറ്റർ ഓണാക്കിയിട്ടും ബ്ലാങ്കറ്റിനുള്ളിലേക്ക് പെട്ടെന്ന് വലിഞ്ഞ് കയറാനുള്ള കാരണം അപ്പോഴാണ് കൃത്യമായി മനസ്സിലായത്. പെട്ടെന്ന് തന്നെ ഞങ്ങൾ ഉറക്കത്തിലേക്ക് വഴുതി.

"വെടി വയ്ക്കല്ലേ ... പ്ലീസ് ... പ്ലീസ്.."

എൻ്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് തൊട്ടടുത്ത ബെഡിൽ ഉറങ്ങിക്കിടന്നിരുന്ന സത്യൻ മാഷും ഹഖും ചാടി എണീറ്റു.

"എന്തു പറ്റി...? എന്താ ഇങ്ങനെ വിയർത്തത്?" സത്യൻ മാഷ് ചോദിച്ചു. ശേഷം എന്നെ ബെഡിലേക്ക് പിടിച്ചിരുത്തി എൻ്റെ വലത് വശത്തിരുന്നു.

"അയ്യോ?" പൃഷ്ഠം പൊള്ളിയ സത്യൻ മാഷ് പെട്ടെന്ന് എണീറ്റു.

"വെറുതെയല്ല, ഈ മൈനസ് ഡിഗിയിൽ ഇങ്ങനെ വിയർത്തത്... സാർ , ആ ബെഡ് ഹീറ്റർ ലോ ആക്കി കിടക്ക് ... ഇവിടെ ആരും വെടി വയ്ക്കാൻ വരില്ല..."

ബെഡ് ഹീറ്റർ High ൽ നിന്നും Low യിലേക്കാക്കി ഞാൻ വീണ്ടും പുതപ്പിനുള്ളിലേക്ക് വലിഞ്ഞു.

"കുച് തൊ ബതാ സിന്ദഗീ ..
അപ്ന പതാ സിന്ദഗി ...
കുച് തൊ ബതാ സിന്ദഗീ ..
അപ്ന പതാ സിന്ദഗി ..."

ഉറക്കത്തിൽ ബജ്റംഗീ ബായിജാൻ്റെ കൂടെ ഞാനും പഹൽഗാമിലെ ലിഡർ നദിയിൽ വെള്ളം തെറിപ്പിച്ച് കളിക്കാൻ തുടങ്ങി.


Part 5: വെൽകം ടു പഹൽഗാം 



Wednesday, December 27, 2023

ഗുഹകൾ കടന്ന് ..... (വിൻ്റർ ഇൻ കാശ്മീർ - 3)

Part 2 : കരോൾ ബാഗിലെ മോമോസ്  

"അപ്പോ ഇതാണ് ജമ്മുട്ടാവി....." സ്റ്റേഷൻ്റെ പേരുള്ള ബോർഡ് കണ്ട മജീദ് ബായി പറഞ്ഞു.

'കൊട്ടാവി... പുട്ടാവി... എന്നൊക്കെ കേട്ടിട്ടുണ്ട്... ജമ്മുട്ടാവി ആദ്യമായിട്ട് കേൾക്കുകയാണ് ' ഫർഹാൻ ആത്മഗതം ചെയ്തു.

"ജമ്മുട്ടാവി അല്ല ... ജമ്മു താവി ... സമുദ്രനിരപ്പിൽ നിന്നും 1127 അടി ഉയരത്തിലുള്ള സ്റ്റേഷനാണ്.. എല്ലാവരും പോയി ഒരു ഫോട്ടോ എടുത്തോളൂ...." ടൂർ മാനേജർ നിഖിൽ  പറഞ്ഞു.

അങ്ങനെ ജമ്മു താവിയിൽ ഒരു വർഷത്തിനിടെ ഞാൻ രണ്ടാം തവണയും കാലു കുത്തി.'പോയ സ്ഥലങ്ങളിലൂടെ നീ വീണ്ടും വീണ്ടും പോയിക്കൊണ്ടേയിരിക്കും' എന്ന് ആരോ എന്നെ ശപിച്ചതോ അതല്ല എന്റെ യോഗം ആണോ എന്നറിയില്ല ഞാൻ ടൂർ പോയ മിക്ക സ്ഥലങ്ങളും ഒന്നിലധികം തവണ കണ്ടിട്ടുണ്ട്. ജയ്പൂരും അമൃതസറും മാത്രമാണ് ഇതിനൊരപവാദം. അമൃതസറിൽ താമസിയാതെ വീണ്ടും എത്താനുള്ള സാദ്ധ്യത തെളിയുന്നുണ്ട്. ഫോട്ടോ എടുത്ത ശേഷം എല്ലാവരും വെയിറ്റിങ് റൂമിലേക്ക് നീങ്ങി.

"പുറത്ത് ടെ ട്ടെ ട്ടെ അപ്പം കിട്ടും...ആവശ്യമുള്ളവർക്ക് കഴിക്കാം..." ഹബീൽ പറഞ്ഞു.

"ടെ ട്ടെ ട്ടെ അപ്പം..?" എല്ലാവരും ഹബീലിന്റെ മുഖത്തേക്ക് നോക്കി.

"ഒന്ന് ചെവി കൂർപ്പിച്ച് നോക്കൂ ...ട്ടെ ...ഒരടി...ട്ടെ മറ്റേ കയ്യിലേക്കിട്ട് രണ്ടാമത്തെ അടി.... ട്ടേ ... ചട്ടിയിലേക്കിട്ടുന്നതിന്റെ മുമ്പ് മൂന്നാമത്തെ അടി...അതാണ് ടെ ട്ടെ ട്ടെ അപ്പം...."

"സത്യൻ മാഷെ... നമുക്ക് ചപ്പാത്തിയുണ്ട്...." ഞാൻ പറഞ്ഞു.

"ചപ്പാത്തിയുടെ കാര്യം ഇനി മിണ്ടിപ്പോകരുത്..." സത്യൻ മാഷ് വാണിംഗ് തന്നു.

എങ്കിലും ചപ്പാത്തി പാക്കറ്റ് കീശയിലിട്ട് ഞാൻ വെയിറ്റിങ് റൂമിൽ നിന്ന് പുറത്തിറങ്ങി. ഞങ്ങൾക്ക് മുന്നേ തന്നെ കഴിക്കാൻ ആരംഭിച്ച ഹഖ് 'അടിപൊളി' സിഗ്നൽ കൂടി തന്നതോടെ  സത്യൻ മാഷോടൊപ്പം ഞാനും ചോളാ ബട്ടൂര എന്ന ടെ ട്ടെ ട്ടെ അപ്പം വാങ്ങി.കടലക്കറി വീണ്ടും വാങ്ങി ആരും കാണാതെ ഞാൻ രണ്ട് ചപ്പാത്തിയും കൂടി അകത്താക്കി. കൃത്യം 9.30 ന്, നേരത്തെ അറേഞ്ച് ചെയ്തു വച്ച ടൂറിസ്റ്റ് ബസ്സിൽ ഞങ്ങൾ ശ്രീനഗർ യാത്ര ആരംഭിച്ചു.

"വലതു ഭാഗത്ത് കാണുന്നതാണ് താവി നദി... ജമ്മുതാവി എന്ന പേരിന് കാരണക്കാരൻ...ഇപ്പോൾ വെറും ഉരുളൻ കല്ലുകൾ മാത്രമായി..."യാത്രക്കിടെ നിഖിൽ വിശദീകരിച്ചു.

ഏകദേശം ഒരു മണിക്കൂർ സഞ്ചരിച്ചതോടെ ഞങ്ങൾ കത്രയിൽ  എത്തി.വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് വഴി തിരിയുന്നത് ഇവിടെ വച്ചാണ്. ഒരു ഫൈവ് സ്റ്റാർ പഞ്ചാബി ഹവേലിയുടെ വിശാലമായ പാർക്കിംഗ് ഏരിയയിലേക്ക് ഞങ്ങളുടെ ബസ്സും കയറി.

"ഇവിടെ നമുക്ക് രണ്ട് മണിക്കൂർ സമയമുണ്ട്... ഭക്ഷണം വേണ്ടവർക്ക് കഴിക്കാം... ടേസ്റ്റ് അല്പം കൂടും ... റേറ്റും സ്വല്പം കൂടും... ടോയ്‌ലറ്റ് എല്ലാവർക്കും ഫ്രീയാണ്..." നിഖിൽ പറഞ്ഞു.

ഹോട്ടൽ പരിസരത്ത് ഉലാത്തുമ്പോഴാണ് ഒരു ബുള്ളറ്റിൽ കയറിയിരുന്ന് പലരും ഫോട്ടോ എടുക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്. മുഖത്ത് ഒരു കണ്ണട ഫിറ്റ് ചെയ്ത് ഞാനും അതിൽ വലിഞ്ഞു കയറി ഫോട്ടോ എടുത്തു.ഫോട്ടോ ആരും കാണാത്തതിനാൽ 'പാടത്ത് കോലം വച്ച പോലെ' എന്ന് ആരും പറഞ്ഞില്ല.

രണ്ട് മണിക്കൂറിന് ശേഷം ഞങ്ങൾ വീണ്ടും യാത്ര ആരംഭിച്ചു.മൊബൈലിൽ സംസാരിച്ചു കൊണ്ട് കൊക്കയുടെ അരിക് ചേർന്നുള്ള ഡ്രൈവറുടെ പോക്ക് എല്ലാവരിലും ഭീതി പരത്തി.

"നോക്ക് ഇണ്യ ....റോട്ടിൽ ഒര് ഗുഹ..." ബസ് ആദ്യ തുരങ്കത്തിലേക്ക് കടന്നപ്പോൾ മുനീർ ഭായ് വിളിച്ച് പറഞ്ഞു.

"എമ്മാതിരി ഗുഹാ ഇത്... " ഹനീഫാക്ക പിന്താങ്ങി. 

"ഇനി വരാനുള്ളതാ ഒറിജിനൽ ടണൽ..." ഞാൻ പറഞ്ഞു.

"ങേ! അപ്പം ഇപ്പം കഴിഞ്ഞത് ഡ്യൂപ്ലിക്കേറ്റാണോ?" ഹനീഫാക്കക്ക് സംശയമായി.ബസ് അടുത്ത തുരങ്കത്തിൽ പ്രവേശിച്ചു.

"ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ റോഡ് ടണൽ ആണിത്...9. 28 കിലോമീറ്റർ നീളം ഉണ്ട്..." ഞാൻ പറഞ്ഞു.

'ഔ... ന്റെ ബാപ്പെ..!!' ആരുടെയോ അതിശയം വാക്കുകളായി പുറത്ത് ചാടി.

ടണലുകൾ നിരവധി പിന്നെയും പിന്നിട്ടു. ആർക്കൊക്കെയോ മൂത്രാശങ്ക തോന്നിയതിനാൽ ബസ് ഒരിടത്ത് സൈഡാക്കി.തെളിഞ്ഞ നീല വെള്ളത്തോട് കൂടിയ ഒരു പുഴ കുന്നിന്റെ താഴെക്കൂടി ഒഴുകുന്നുണ്ടായിരുന്നു.

"മാഷേ...ഇതേതാ ഈ പൊയ?" ഹനീഫാക്ക എന്നോട് ചോദിച്ചു.

"ചൈനാബ് നദി..." 

"ചൈനയുടെ നദി ഇന്ത്യയിലുടെയോ?" ആരോ സംശയം പ്രകടിപ്പിച്ചു.അധികം സംശയങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് ബസ് എടുക്കാൻ നിഖിൽ നിർദ്ദേശിച്ചു.

വൈകിട്ട് അഞ്ച് മണിയോടെ ഞങ്ങൾ കശ്‍മീരിന്റെ കവാടമായ ബനിഹാളിലെത്തി. ബസ് നിർത്തിയ ഉടൻ ളുഹർ -അസർ നമസ്കാരങ്ങൾ നിർവഹിക്കാനായി ഞാൻ തൊട്ടടുത്തുള്ള പള്ളിയിലേക്ക് ഓടി. കാരണം അവിടെ മഗ്‌രിബ്‌ ബാങ്കിന്റെ സമയം 5.23 ആയിരുന്നു. അൽപ സമയത്തിനകം തന്നെ മഗ്‌രിബ്‌ ബാങ്ക് വിളിച്ചതിനാൽ അതും നിർവ്വഹിച്ചാണ് യാത്ര തുടർന്നത്.

വൈകിട്ട് ഏഴരയോടെ ഞങ്ങൾ ശ്രീനഗർ പരിസരത്തെത്തി. രാത്രി എട്ടു മണിക്ക് ശേഷമേ ശ്രീനഗറിലേക്ക് ടൂറിസ്റ് വാഹനങ്ങൾക്ക് പ്രവേശനമുള്ളൂ എന്നതിനാൽ അൽപ നേരം വീണ്ടും കാത്തിരിക്കേണ്ടി വന്നു.എട്ടരയോടെ ഞങ്ങൾ ദാൽ തടാകത്തിലെ ഘട്ട് 2 ന്റെ സമീപം ബസ്സിറങ്ങി.തൊട്ടടുത്ത് തന്നെയുള്ള ഡോക്ടർ അബ്ദുൽ ഹലീമിന്റെ ലോ വുഡ് ഹൗസ് എന്ന  ഹോംസ്റ്റേയിലേക്ക് നടന്നു.

തണുപ്പിന്റെ കാഠിന്യത്താൽ പലരുടെയും താടിയെല്ലുകൾ പരസ്പരം കൂട്ടിയിടിക്കുന്ന ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങി.

Part 3: മൈനസ് വൺ ഡിഗ്രിയിൽ


Monday, December 25, 2023

കരോൾ ബാഗിലെ മോമോസ് (വിൻ്റർ ഇൻ കാശ്മീർ - 2)

 വിൻ്റർ ഇൻ കാശ്മീർ - 1

ഞാൻ സാധാരണ ദീർഘദൂര യാത്ര പോകാറുള്ളത് സ്ലീപ്പർ ക്ലാസിലാണ് (ജനറൽ കമ്പാർട്ട്മെൻ്റിൽ പോകാൻ ഞാൻ ഗാന്ധിജി അല്ല). ഇത്തവണയും ഉദ്ദേശം അതായിരുന്നു. സ്ലീപ്പറിൽ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റിലാണെന്നും ടൂർ ടീമിലെ മറ്റംഗങ്ങളെല്ലാം എ.സി യാത്രക്കാരാണെന്നും അറിഞ്ഞപ്പോൾ ഞാനും എൻ്റെ തീരുമാനം അപ്ഗ്രേഡ് ചെയ്തു. അങ്ങനെ തേർഡ് എ. സി ക്ലാസിലായിരുന്നു എൻ്റെയും സഹ ടൂറൻമാരുടെയും യാത്ര. സത്യം പറഞ്ഞാൽ, എ സി യിലെ സുഖത്തേക്കാളുപരി നമുക്ക് ലഭിക്കുന്ന പ്രൈവസിയും വൃത്തിയും വെടിപ്പും ഒക്കെ മനസ്സിലാക്കാൻ ഈ മാറ്റം കാരണം സാധ്യമായി ഇൻഷാ അല്ലാഹ്, കുടുംബ സമേതമുള്ള അടുത്ത ദീർഘദൂര യാത്ര എ.സി യിൽ ആക്കാൻ ഞാൻ തീരുമാനിക്കുകയും ചെയ്തു.

യാത്രികരുടെ ആമാശയത്തിൻ്റെ ആഴവും പരപ്പും തിട്ടമില്ലാത്തതിനാൽ ടൂർ പാക്കേജിൽ ഭക്ഷണം ഉൾപ്പെടില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു. കഴിയുന്നതും ഭക്ഷണം കയ്യിൽ കരുതുന്നതാണ് നല്ലത് എന്നും പറഞ്ഞിരുന്നു. മുൻ യാത്രകളിൽ ഭക്ഷണം കൊണ്ടുപോയി പരിചയവും ഉള്ളതിനാൽ എനിക്കും സഹപ്രവർത്തകനായ സത്യൻ മാഷിനും കൂടി രണ്ട് ദിവസത്തേക്ക്  അഞ്ച് പാക്കറ്റ് ചപ്പാത്തി ഞാൻ കരുതി. സത്യൻ മാഷ് ശുദ്ധ പച്ചക്കറിയൻ ആയതിനാൽ ചപ്പാത്തിയുടെ സന്തത സഹചാരിയായ കോഴി പൊരിച്ചതും ബീഫ് വരട്ടിയതും ഒഴിവാക്കി സവാള വാട്ടിയത് മാത്രമാക്കി. കൊണ്ടോട്ടിക്കാരുടെയടുത്ത് കാശ്മീരിൽ എത്തിയാലും തീരാത്തത്ര ചിക്കൻ ഫ്രൈ ഉണ്ടായിരുന്നു എന്നത് മൂന്നാം ദിവസം രാവിലെയാണ് അറിഞ്ഞത്. സത്യൻ മാഷ് അപ്പോഴേക്കും ചപ്പാത്തിയും മിക്സ്ചറും തമ്മിലുള്ള കോമ്പിനേഷൻ ലോകത്താദ്യമായി അവതരിപ്പിച്ച് കഴിഞ്ഞിരുന്നു.

ഒന്നര മണിക്കൂറിലധികം താമസിച്ചാണ് ഞങ്ങൾ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവെ സ്റ്റേഷനിൽ വണ്ടിയിറങ്ങിയത്. ഇട്ട ഡ്രസ്സിൽ വിജയകരമായ മൂന്നാം ദിനമായതിനാൽ ഒന്ന് കുളിക്കാൻ ആഗ്രഹം തോന്നി. ആ വലിയ സ്റ്റേഷനിലെ ചെറിയ കുളിമുറിയിൽ കയറി ഞാൻ ആഗ്രഹം സഫലീകരിച്ചു. കാശ്മീരിൽ എത്തിയിട്ടാവാം കുളി എന്ന് തീരുമാനിച്ചവരിൽ ചിലർ പിന്നീട് നാട്ടിലെത്തിയിട്ടാണ് ഫുൾ ബാത് നടത്തിയത്. അർജൻ്റ് ആയി തീർക്കേണ്ട ശങ്കകളും ആശങ്കകളും കഴിഞ്ഞതോടെ എല്ലാവരും സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി. ടൂർ മാനേജർമാരായ നിഖിലും ഹബീലും ഓരോ ടീമുകളായി ഞങ്ങളെ ടാക്സിയിൽ കയറ്റി. എട്ടോളം ടാക്സികൾ സെറായി റോഹില്ല സ്റ്റേഷൻ ലക്ഷ്യമാക്കി പാഞ്ഞു.

രാത്രി പത്തര മണിക്കായിരുന്നു ജമ്മുവിലേക്കുള്ള ട്രെയിൻ. നാല് മണിക്കൂറോളം സമയം ബാക്കിയുള്ളതിനാൽ നിഖിൽ പറഞ്ഞു.

"ഇവിടെ അടുത്താണ്  കരോൾ ബാഗ് മാർക്കറ്റ് ... ഓട്ടോയിൽ ഒരാൾക്ക് 20 രൂപ കൊടുത്താൽ മതി. ജാക്കറ്റോ ഗ്ലൗസോ വാങ്ങാനുള്ളവർക്ക് പോയി ഷോപ്പിംഗ് നടത്താം... കൃത്യ സമയത്ത് തിരിച്ചെത്തിയില്ലെങ്കിൽ അടുത്ത നാലഞ്ച് ദിവസം കൂടി ഡൽഹിയിൽ തന്നെ കറങ്ങി നടക്കാം ... "

പ്രത്യേകിച്ച് ഒന്നും വാങ്ങാനില്ലെങ്കിലും കരോൾ ബാഗ് എന്ന് കേട്ടതോടെ പലർക്കും ആവേശമായി. സ്റ്റേഷനിൽ ഇരുന്നവരെ ബാഗേജുകളുടെ ചുമതല ഏൽപിച്ച് ഞങ്ങൾ കരോൾ ബാഗിലേക്ക് പുറപ്പെട്ടു. ചാന്ദ്നി ചൗക്കിലും സരോജിനി മാർക്കറ്റിലും മെയിൻ ബസാറിലും എല്ലാം മുമ്പ് എത്തിയിട്ടുണ്ടെങ്കിലും  കരോൾ ബാഗിൽ എത്തിയതായി എൻ്റെ ഓർമ്മയിലില്ല. മറ്റ് മാർക്കറ്റുകളെപ്പോലെ തന്നെ കരോൾ ബാഗും ജനനിബിഡമായതിനാൽ  പഴ്സും മൊബൈൽ ഫോണും ഞാൻ നന്നായി സൂക്ഷിച്ചു.

"സാറേ... ഇതെന്താ സാധനം ?" പലരും കഴിച്ചു കൊണ്ടിരിക്കുന്ന ഒരു സാധനം ചൂണ്ടിക്കാട്ടി സത്യൻ മാഷ് ചോദിച്ചു.

"അതാണ് മോമോസ് ... കഴിച്ചിട്ടില്ലേ?" ഞാൻ പറഞ്ഞു.

"വാമോസ് അർജൻ്റീന .... "  മെസ്സി ആരാധകനായ ഹഖ് വിളിച്ചു പറഞ്ഞു.

"വാമോസ് അല്ല .... മോമോസ് ... മോസ്കോയിൽ നിന്നും കടൽ കടന്നെത്തിയ ഒരു ഭക്ഷണം ..." ഞാൻ തള്ളിവിട്ടു.

"പത്ത് വർഷം മുമ്പ് ഉമ്മയെയും കൂട്ടി ഡൽഹിയിൽ വന്നപ്പോൾ ഇഷ്ടപ്പെട്ട ഒരേ ഒരു ഭക്ഷണം ഇതായിരുന്നു... "

"വെജിറ്റേറിയൻ ആണോ?

"അതെ..."

"എങ്കിൽ ഒരു പ്ലേറ്റ് മോസ്കോ പോരട്ടെ..." സത്യൻ മാഷ് ഓർഡർ കൊടുത്തു. പറഞ്ഞത് പച്ച മലയാളത്തിലാണെങ്കിലും ആവി പറക്കുന്ന മോമോസ് ഞങ്ങൾക്കും കിട്ടി.

രണ്ട് ദിവസമായി ചപ്പാത്തി മാത്രം കടന്ന് പോയിരുന്ന അന്നനാളത്തിലൂടെ മോമോസ് ചെന്നപ്പോൾ വല്ലാത്ത രുചി തോന്നി. എങ്കിലും ഒന്നിലധികം തിന്നാൻ ഞങ്ങൾ മെനക്കെട്ടില്ല.

കരോൾ ബാഗിലെ തിരക്കിൽ ലയിച്ച് ചേർന്ന് ഞങ്ങൾ ഒരു പാട് ദൂരം നടന്നു. ഇടക്ക് ഞങ്ങൾക്കാവശ്യമുള്ള ജാക്കറ്റ്, ഗ്ലൗസ്, സോക്സ്, സ്വറ്റർ, കൂളിംഗ് ഗ്ലാസ് തുടങ്ങിയവ പല ഷോപ്പുകളിൽ നിന്നായി വാങ്ങി. വിശപ്പിനെ ഒന്ന് കൂടി അടിച്ചമർത്തിയ ശേഷം ഞങ്ങൾ സെറായി റോഹില്ലയിലേക്ക് തിരിച്ച് കയറി.

കൃത്യം  10.30 ന് ഞങ്ങളുടെ ട്രെയിൻ ജമ്മു ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. എ.സി യുടെ സുഖ ശീതളിമയിൽ ഞാൻ പെട്ടെന്ന് ഉറങ്ങിപ്പോയി . രാവിലെ ഏഴ് മണിക്ക് ഞങ്ങൾ ജമ്മുവിൽ  വണ്ടി ഇറങ്ങി. |


Part 3 : ഗുഹകൾ കടന്ന് .....  

Sunday, December 17, 2023

വിൻ്റർ ഇൻ കാശ്മീർ - 1

2022 മെയ് മാസത്തിൽ ആദ്യത്തെ കാശ്മീർ യാത്ര പൂർത്തിയാക്കി (ഫുൾ സ്റ്റോറി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക) മടങ്ങുമ്പോൾ മനസ്സിൽ ചില തീരുമാനങ്ങൾ കൂടി ഇട്ടിരുന്നു. കാശ്മീരിലെ മഞ്ഞ് കാലം കൂടി ഒന്നാസ്വദിക്കണം, മഞ്ഞ് പുതച്ച വഴികളിലൂടെ നടന്ന് നടന്ന് ജീവിതത്തിൻ്റെ ചൂടും തണുപ്പും തിരിച്ചറിയണം, സ്കൂൾ ക്ലാസുകളിൽ എവിടെയോ പാടിപ്പഠിച്ച് പോയ ജയ് ജവാൻ ജയ് കിസാൻ എന്ന മന്ത്രത്തിലെ ജവാൻമാരുടെ ജീവിതങ്ങൾ കണ്ടും അനുഭവിച്ചും അറിയണം, ആൻ്റ് ഫൈനലി കുടുംബത്തിനും ഈ അനുഭവങ്ങളിലൂടെ കടന്നു പോകാനുള്ള പ്രചോദനവും അവസരവും നൽകണം എന്നിവയായിരുന്നു അതിൽ പ്രധാനപ്പെട്ടവ.

ഔദ്യോഗിക ജീവിതത്തിലെ തിരക്കുകൾക്കിടയിൽ ഇങ്ങനെ ഒരു യാത്ര സാധ്യമാകുമോ എന്നതായിരുന്നു പ്രധാന സംശയം ഇരുപത്തിയഞ്ച് വർഷമായി എൻ്റെ യാത്രകളിലെല്ലാം ഭാര്യയും അതാത് കാലത്തുള്ള മക്കളും എന്നെ അനുഗമിച്ചിരുന്നു. ,കുടുംബം കൂടെ ഇല്ലാത്ത ആദ്യത്തെ വിനോദ യാത്രയായതിനാൽ   പറ്റിയ ഒരു സഹയാത്രികനെ കണ്ടു പിടിക്കുക എന്നതും ശ്രമകരമായിരുന്നു. Where there is a will, there is a way എന്ന ചൊല്ല് അന്വർത്ഥമാക്കിക്കൊണ്ട് സമയവും സഹയാത്രികനായി പാലക്കാട് എഞ്ചിനീയറിംഗ് കോളേജിലെ സഹ പ്രോഗ്രാമർ ആയിരുന്ന സത്യനാഥ് മാഷും ഒത്ത് വന്നതോടെ ആ സ്വപ്ന യാത്രക്കുള്ള കളമൊരുങ്ങി. ഉടൻ തന്നെ, എന്റെ എൻ.എസ്.എസ് കാലഘട്ടത്തിൽ മറ്റൊരു കോളേജിലെ വളണ്ടിയറും ഇപ്പോൾ ടൂർ ഓപ്പറേറ്ററുമായ  മഹ്‌സൂം ബിലാൽ നടത്തുന്ന ടേക് ഓഫ് ഹോളിഡെയ്സിൻ്റെ  ഡിസംബറിലെ കാശ്മീർ ട്രിപ്പിൽ ഞാനും സത്യൻ മാഷും യാത്രികരായി ബുക്ക് ചെയ്തു.

2023 ഡിസംബർ 7 നായിരുന്നു യാത്ര തീരുമാനിച്ചത്. അന്ന് രാവിലെ എൻ്റെ ഉമ്മാക്ക് സ്ട്രോക്കിൻ്റെ ലക്ഷണങ്ങൾ കണ്ടതിനാൽ ഉച്ചവരെ ആശുപത്രിയിൽ ചെലവഴിക്കേണ്ടി വന്നു. ആശുപത്രിയിൽ നിന്ന് തിരിച്ച് വന്ന്, ഒരാഴ്ച മുമ്പ് ലിവർ കാൻസർ ഡിറ്റക്ട് ചെയ്ത കസിനെയും ( മൂത്തുമ്മയുടെ മൂത്ത മകൻ) സന്ദർശിച്ച ശേഷം ഉച്ചയ്ക്ക് രണ്ടര മണിക്ക് ഞാൻ വീട്ടിൽ നിന്നിറങ്ങി . വൈകിട്ട് 5.45 ന് കോഴിക്കോട് നിന്നും മംഗളാ ലക്ഷദ്വീപ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ അഞ്ച് വയസ്സുള്ള കുഞ്ഞു മുതൽ അറുപത്തിയഞ്ച് വയസ്സുള്ള 'യുവതി ' വരെയുള്ള ഞങ്ങളുടെ മുപ്പതംഗ സംഘം യാത്ര ആരംഭിച്ചു. കാസർഗോഡ് എത്തിയപ്പോഴേക്കും കസിൻ മരിച്ചതായി വിവരം ലഭിച്ചു. ദുഃഖം മറച്ചു പിടിക്കാൻ സത്യൻ മാഷുമായി വിവിധ കാര്യങ്ങൾ ഡിസ്കസ് ചെയ്തു കൊണ്ടായിരുന്നു പിന്നീടുള്ള യാത്ര.

"ബാഗിൽ കേക്ക് ഉണ്ട്...." 
വണ്ടി സംസ്ഥാന അതിർത്തി പിന്നിട്ടപ്പോൾ, ഞങ്ങളുടെ കാബിനിൽ ഉണ്ടായിരുന്ന കൊണ്ടോട്ടിക്കാരൻ മുനീർ ഭായി പറഞ്ഞു.

"എന്നാ വേഗം എടുക്ക് ... " മറ്റൊരു കൊണ്ടോട്ടിക്കാരനായ ഖാലിദ് ഭായി തിരക്ക് കൂട്ടി..

" ഇന്ന് എൻ്റെ ജന്മദിനമാ .... " മുനീർ ആ കേക്കിൻ്റെ രഹസ്യം 'പുറത്ത് വിട്ടു.

"എന്നിട്ടാ...? വേഗമാകട്ടെ.... ദിവസം മാറി കേക്ക് മുറിക്കാൻ പാടില്ല.... " തിന്നാൻ തിരക്കുള്ള മറ്റൊരു ചങ്ങാതി പറഞ്ഞു.

"പക്ഷേ ...?" മുനീർ ഒരു സംശയം എടുത്തിട്ടു.

"എന്ത് പക്ഷേ... ബർത്ത് ഡേ മാറിയോ?"

" അതല്ല...കേക്ക് മുറിക്കാനുള്ള കത്തി എടുക്കാൻ മറന്നു..."

"അത് സാരമില്ല... നമുക്ക് കടിച്ച് മുറിക്കാം.." കൂട്ടത്തിലെ കാരണവരായ ഹനീഫാക്ക പറഞ്ഞു. അങ്ങനെ വളരെ സന്തോഷകരമായി തന്നെ കേക്ക് മുറിച്ച് എല്ലാവർക്കും വിതരണം ചെയ്തു.

ജമ്മു സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പി.ജി ക്ക് പഠിച്ചിരുന്ന എൻ്റെ മൂത്ത മകൾ ഐഷ നൗറയും സഹപാഠികളും കഴിഞ്ഞ വർഷം തന്നെ, കാശ്മീരിലെ മഞ്ഞ് ആസ്വദിച്ചിരുന്നു. മഞ്ഞ് കാലത്തല്ലെങ്കിലും, കഴിഞ്ഞ കാശ്മീർ യാത്രയിൽ സോനാമാർഗ്ഗിലെ സീറോ പോയിൻ്റിൽ പോയി ഞാനും  കുടുംബ സമേതം മഞ്ഞിൽ കളിച്ചിരുന്നു. ആ ഓർമ്മകളുമായി ഞാൻ ഉറങ്ങാൻ കിടന്നു.

രാത്രി സ്വപ്നത്തിൽ, പണ്ടെന്നോ കണ്ട് മറന്ന റോജ എന്ന സിനിമയിലെ ഒരു ഗാനം എന്നെ മാടി  വിളിച്ചു.

"യെ ഹസീൻ വാദിയാം യെ ഖുലാ ആസ്മാൻ
ആ ഗയാ ഹം കഹാൻ ആയെ മേരെ സജ്ന
ഇൻ ബഹാറോം മേം'ദിൽ കി കലി ഖിൽ ഗയി
മുജ്കൊ തും ജോ മിലെ ഹർ ഖുഷി മിൽ ഗയി "

അനുഭവിക്കാൻ പോകുന്ന തണുപ്പിൻ്റെ ഡിഗ്രിയോ കാഠിന്യമോ ഒന്നും തന്നെ ഞാൻ  മനസ്സിലേക്ക് കടത്തി വിട്ടില്ല. പകരം, ആസ്വദിക്കാൻ പോകുന്ന തണുപ്പിൻ്റെ കുളിര് മനസ്സിലേക്ക് കോരിയിട്ടു കൊണ്ടിരുന്നു.

ഭാഗം 2 : കരോൾ ബാഗിലെ മോമോസ്

Monday, December 11, 2023

മുത്തങ്ങ - ബന്ദിപൂർ - മുതുമല - മസിനഗുഡി വഴി

സോഷ്യൽ ഡിസ്റ്റൻസിംഗ് എന്ന ഒരു പദം കൊറോണയുടെ വരവോട് കൂടിയാണ് പലർക്കും പരിചിതമായത്. ഇന്നത്തെ കാലത്ത് അടുത്തടുത്ത് ഇരിക്കുന്നവർ പോലും ഒരു വൻമതിലിനപ്പുറവും ഇപ്പുറവും ഇരിക്കുന്ന പോലെ സ്വന്തം മെബൈലിന്റെ സ്ക്രീനിൽ കുരുങ്ങിക്കിടക്കുകയാണ്.  അമ്പത് വയസ്സ് കഴിഞ്ഞവർ സോഷ്യൽ സർക്കിൾ വ്യാപിപ്പിക്കണം എന്നാണ് മന:ശാസ്ത്രജ്ഞരുടെ അഭിപ്രായം. അതിനാൽ തന്നെ പഴയ സുഹൃത്തുക്കളുമായുള്ള ബന്ധവും ചങ്ങാത്തവും പൂർവ്വാധികം ശക്തിപ്പെടുത്തുന്നതിൽ ഞാൻ പരമാവധി ശ്രദ്ധ പുലർത്തുന്നു.

പത്താം ക്ലാസിൽ ഒരുമിച്ച് പഠിച്ച അഷ്റഫ് ഗൾഫിൽ നിന്നും ഒരു ഷോർട്ട് ലീവിന് നാട്ടിൽ വന്നപ്പോൾ ഒരു യാത്ര പോകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. രാവിലെ ഇറങ്ങി രാത്രി തിരിച്ചെത്തുന്ന ഒരു യാത്രക്ക് മാത്രമേ സമയമുള്ളൂ എന്നതിനാൽ മുത്തങ്ങ - ബന്ദിപൂർ - മുതുമല വഴി ഒരു കറക്കം ആവാം എന്ന് തീരുമാനിച്ചു. അഞ്ച് വർഷം മുമ്പ് കുടുംബ സമേതം ഈ റൂട്ടിൽ യാത്ര ചെയ്തതിനാൽ മൃഗങ്ങളെ കാണും എന്നതിൽ എനിക്ക് ഒരു സംശയവും ഇല്ലായിരുന്നു.

പ്രതീക്ഷകൾക്ക് വിപരീതമായി, മൂലനഹള്ളി ചെക്ക് പോസ്റ്റ് കഴിഞ്ഞ് നാലോ അഞ്ചോ മാനുകളെ മാത്രമേ കാണാൻ സാധിച്ചുള്ളൂ. അവയാകട്ടെ ക്യാമറയിൽ പകർത്താൻ പറ്റിയതുമില്ല. ഗുണ്ടൽപേട്ടിൽ മല്ലികത്തോട്ടങ്ങളും ബന്ദിപ്പൂരിൽ മൃഗങ്ങളും കാണും എന്ന പ്രതീക്ഷയിൽ ഞങ്ങൾ തൽക്കാലം തൃപ്തിയടഞ്ഞു.

വനാതിർത്തി കഴിഞ്ഞ് ഞങ്ങൾ മുന്നോട്ട് നീങ്ങി. സാധാരണയായി റോഡിന്റെ ഇരുഭാഗത്തും പൂക്കൾ വിരിഞ്ഞു നിൽക്കുന്നതോ പച്ചക്കറികൾ നിറഞ്ഞു നിൽക്കുന്നതോ ആണ് കാണാറ്. പക്ഷെ, ഒഴിഞ്ഞ പാടങ്ങളാണ് ഞങ്ങളെ സ്വാഗതം ചെയ്തത്. ചെറിയൊരു സൂര്യകാന്തിത്തോട്ടം ഞങ്ങളെപ്പോലെയുള്ളവരെ പ്രതീക്ഷിച്ച് ഉണ്ടാക്കിയത് കണ്ടു. അതിലും വലുത് കാണും എന്ന് പറഞ്ഞു കൊണ്ട് വീണ്ടും മുന്നോട്ട് പോയി. അത്യാവശ്യം പൂക്കളുള്ള ഒരു സ്ഥലത്ത് ഞങ്ങൾ നിർത്തി. ഏഴ് പേർക്ക് അമ്പത് രൂപ പൂന്തോട്ടക്കാരി ചോദിച്ചു. കാശ് നൽകി അകത്ത് കയറി ഞങ്ങൾ ഫോട്ടോയും വീഡിയോയും പകർത്തി.

പിന്നീട് എവിടെയും ഒരു പൂക്കളും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞില്ല. ഗുണ്ടൽപേട്ടിൽ നിന്നും പച്ചക്കറി വാങ്ങാം എന്ന പ്രതീക്ഷയിൽ ഹോൾസെയിൽ പച്ചക്കറി മാർക്കറ്റിൽ പോയി നോക്കി. ആവശ്യമുള്ള സാധനങ്ങൾക്ക് വിലയിൽ നേരിയ മാറ്റം മാത്രമേ ഉള്ളൂ എന്നതിനാൽ ഒന്നും വാങ്ങിയില്ല. ഉച്ചഭക്ഷണം കഴിച്ച് ഞങ്ങൾ ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിലേക്ക് പ്രവേശിച്ചു.

ബന്ദിപ്പൂർ മേഖലയിൽ പ്രവേശിച്ചതും ഇടത്തോട്ട് നോക്കണോ അതല്ല വലത്തോട്ട് നോക്കണോ എന്ന കൺഫ്യൂഷനിലായിരുന്നു ഞങ്ങൾ. കടുവാ സങ്കേതമാണെങ്കിലും അവയുടെ പ്രധാന ഭക്ഷണമായ മാനുകളാണ് ഇരു ഭാഗത്തും ഇട തടവില്ലാതെ കാഴ്ചയൊരുക്കിയത്. വീഡിയോ എടുത്ത് പതുക്കെ പോകുമ്പോഴാണ് അൽപം മുന്നിലായി റോഡിന്റെ ഓരത്ത് തമ്പടിച്ച ആനക്കൂട്ടത്തെ കണ്ടത്.

വണ്ടി ഓടിച്ചിരുന്ന ശുക്കൂറിനോട് വീഡിയോ പിടിക്കാൻ സൗകര്യത്തിലുള്ള സ്പീഡിൽ വിടാൻ ഗോവിന്ദൻ നിർദ്ദേശം നൽകി. പട്ടാളത്തിൽ നിന്ന് വിരമിച്ചവനാണെങ്കിലും ആനക്ക് അതറിയില്ല എന്ന് ശുക്കൂറിനറിയാം. എതിരെ വരുന്ന വാഹനങ്ങൾ പതുക്കെ പതുക്കെ വരുന്നത് നോക്കി ശുക്കൂർ വേഗത കുറച്ചു. എല്ലാവരും ക്യാമറ റെഡിയാക്കി പിടിച്ചു. ആനയുടെ അടുത്തെത്തിയതും ശുക്കൂറിന്റെ കാല് പെട്ടെന്ന് ആക്സിലേറ്ററിൽ അമർന്നു. ഒരാൾക്കും ആനയെ ക്യാമറയിൽ കിട്ടിയില്ല.

"ഈ ചങ്ങായി പട്ടാളത്തിലായിരുന്നു ന്ന് ബഡായി വിട്ടതാ.. " ബഷീർ പറഞ്ഞു.

"അത്... തന്നെ... ആനക്കൂട്ടമായി നിക്കുമ്പോ നീ എന്തിനാ ഇത്ര ധൃതി കൂട്ടുന്നത് ?" മുജീബ് പിന്താങ്ങി.

"വണ്ടി തിരിച്ച് വിട് ശുക്കൂറെ ..." ജാഫറും അഭിപ്രായപ്പെട്ടു. 

"ആ.... എനിക്കും ആനയെ അടുത്ത് നിന്ന്  ഒരു സെൽഫി എടുക്കണം..." അഷ്റഫ് പറഞ്ഞു.

"സെൽഫി ആഗ്രഹം വിട് ... നമുക്ക് ഒന്ന് കൂടി പോയി നോക്കാം..." കൂട്ടത്തിൽ മൂത്തവനായ ഗോവിന്ദൻ നിർദ്ദേശിച്ചു.

"എങ്കിൽ വണ്ടി തിരിക്ക്..." ഗ്രൂപ്പ് ചെയർമാനായ ഞാനും പിന്താങ്ങി. കിട്ടിയ ഒരു ഗ്യാപ്പിൽ വച്ച് ശുക്കൂർ വണ്ടി തിരിച്ചു് വന്ന വഴിയേ വീണ്ടും വിട്ടു. ആനകൾ റോഡരികിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു. ആനയുടെ അടുത്തെത്തിയതും ശുക്കൂറിന്റെ സ്വഭാവം പഴയത് തന്നെയായി. ശരിക്കും പോകണ്ടത് മുതുമല സൈഡിലേക്കായതിനാൽ തിരിക്കാനുള്ള ഗ്യാപ്പ് കിട്ടിയപ്പോൾ വീണ്ടും തിരിച്ച് വിട്ടു.ആനകൾ അപ്പോഴും അവിടെത്തന്നെ ഉണ്ടായിരുന്നു.

" നീ പതുക്കെ വിട്ടാൽ മതി... ബാക്കി ഞങ്ങളേറ്റു. ആന അടുത്തേക്ക് വരുന്നുണ്ട്... ശുക്കൂറേ ശ്രദ്ധിച്ചോ..." ഗോവിന്ദന്റെ നിർദ്ദേശം കേട്ടതും ശുക്കൂർ വീണ്ടും ആക്സിലേറ്ററിൽ കാലമർത്തി. ആനകൾ റോഡ് ക്രോസ് ചെയ്യുന്ന വീഡിയോ എല്ലാവർക്കും കിട്ടിയെങ്കിലും തൃപ്തികരമായില്ല.

 

ഇതുവരെ കണ്ട കാഴ്ചകൾ തന്നെ കാണുന്ന ബന്ദിപ്പൂരിലെ ജംഗിൾ സഫാരി പോയിന്റിൽ എത്തി റേറ്റ് ചോദിച്ചപ്പോൾ ഒരാൾക്ക് 850 രൂപ പറഞ്ഞു.

"വിട്ടോടാ വണ്ടി മുതുമലയിലേക്ക് " എന്ന നിർദ്ദേശം ശുക്കൂർ കൃത്യമായി അനുസരിച്ചു.

മുതുമലയിൽ ജംഗിൾ സഫാരിക്ക് 340 രൂപയായിരുന്നു നിരക്ക്. ആർക്കും പോകാൻ താൽപര്യമില്ലാത്തതിനാൽ ഞങ്ങൾ നേരെ മസിനഗുഡിയിലേക്ക് തിരിഞ്ഞു. വീണ്ടും മയിലും മാനും ആനയും മുന്നിൽ പ്രത്യക്ഷപ്പെട്ടു.

മസിനഗുഡിയിൽ നിന്നും നമസ്കാരം നിർവ്വഹിച്ച ശേഷം, മായാറിലേക്ക് വിടാം എന്ന് ഞാൻ നിർദ്ദേശിച്ചു. മുമ്പൊരു വേനൽക്കാലത്ത് മായാറിൽ പോയ ഞാൻ, ഇത്തവണ റോഡിനിരുവശവും പച്ചപിടിച്ച് നിൽക്കുന്നതാണ് കണ്ടത്. മാത്രമല്ല, ലംഗൂർ കുരങ്ങുകളും കലമാനുകളും അടക്കമുള്ള മൃഗങ്ങളെയും കണ്ടു. പക്ഷെ, മെയ് ഫ്ലവർ വിരിഞ്ഞ് നിൽക്കുന്ന മായാറിന്റെ സൗന്ദര്യം ഇത്തവണ കണ്ടില്ല.

തിരിച്ച് വരുന്ന വഴിക്ക് കാട്ടിനകത്ത് നിന്നും ഒരു കാട്ടുപോത്ത് ഇറങ്ങി വരുന്നത് ആരുടെയോ ശ്രദ്ധയിൽപ്പെട്ടു. അൽപ നേരം കാത്തിരുന്നപ്പോൾ അത് റോഡിലേക്കിറങ്ങി വന്നു് കൃത്യമായി ക്യാമറക്ക് പോസ് ചെയ്തു നിന്നു. 

ഒരു യാത്രയിൽ കാണാൻ കഴിയുന്നതിലും അപ്പുറമുള്ള കാഴ്ചകൾ കണ്ട് കഴിഞ്ഞതിനാൽ ഇനി അധികനേരം നിൽക്കേണ്ട എന്ന് എല്ലാവരും ഐക്യകണ്ഠേന അഭിപ്രായപ്പെട്ടതിനാൽ ഞങ്ങൾ ഗൂഡല്ലൂർ വഴി നാട്ടിലേക്ക് തിരിച്ചു.

Monday, December 04, 2023

ഗോപി കൊടുങ്ങല്ലൂർ കഥാ പുരസ്‌കാരം

 The Immortals of Meluha എന്ന പുസ്തകത്തിന്റെ അവസാന ഭാഗത്ത് ശിവനെ ഒരു തെരുവ് യാചകൻ തന്റെ കൂടെ ഭക്ഷണം കഴിക്കാൻ ക്ഷണിക്കുന്ന ഒരു രംഗമുണ്ട്.ആ മനുഷ്യന്റെ വേഷവിധാനവും ഇരിക്കുന്ന സ്ഥലവും മറ്റും കാണുമ്പോൾ ആർക്കും സ്വാഭാവികമായും ആ ക്ഷണം നിരസിക്കാനേ തോന്നൂ.ശിവനും ആ ക്ഷണം ആദ്യം നിരസിച്ചു. പക്ഷേ തന്റെ കയ്യിലുള്ള ഭക്ഷണത്തിന്റെ പവിത്രത അയാൾ ശിവനെ ബോധ്യപ്പെടുത്തുന്നതോടെ ശിവൻ അയാൾക്കൊപ്പം ഇരുന്ന് ആ ഭക്ഷണം കഴിച്ചു.

ഇത്‌ വായിച്ചപ്പോഴാണ് ഭക്ഷണം എന്ന ഒരൊറ്റ തന്തുവിൽ മെനഞ്ഞെടുക്കാവുന്ന ഒരു കഥയെപ്പറ്റി ഞാൻ ആലോചിച്ചത്. ശ്രീ സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥ ഭക്ഷണത്തിന്റെ പൊള്ളുന്ന ഒരു അനുഭവം തന്നെയാണ് പറയുന്നത്. ഏറ്റവും പുതിയ സംഭവ വികാസങ്ങളുമായി ഭക്ഷണത്തിനെ ബന്ധിപ്പിച്ചുകൊണ്ട് എങ്ങനെ ഒരു കഥ എഴുതാം എന്നായി പിന്നെ എന്റെ ആലോചന. ഗസ്സയിൽ ഇസ്രയേലിന്റെ നരനായാട്ടിൽ പൊലിഞ്ഞുപോകുന്ന കുഞ്ഞുങ്ങളും എല്ലാം നഷ്ടപ്പെട്ട് അനാഥരാവുന്ന കുഞ്ഞുങ്ങളും ആയിരുന്നു ആ ചിന്തയിൽ ആദ്യം സ്ഥാനം പിടിച്ചത്.

അങ്ങനെയാണ് കോട്ടയത്തെ പരസ്പരം വായനക്കൂട്ടം സംഘടിപ്പിക്കുന്ന അഞ്ചാമത് ഗോപി കൊടുങ്ങല്ലൂർ അഖിലകേരള കഥാ മത്സരത്തിനായി ഗസ്സ പശ്ചാത്തലമാക്കി 'അവസാനത്തെ അത്താഴം' എന്ന കുഞ്ഞു കഥ ഞാൻ എഴുതിയത്.അങ്ങനെ ഒരു സംഭവം നടന്നതായി കേട്ടിട്ടില്ലെങ്കിലും നടക്കാൻ സാധ്യതയുള്ളത് ആയതിനാൽ കഥ എഴുതിക്കഴിഞ്ഞപ്പോഴും എന്റെ മനസ്സ് നീറിപ്പുകഞ്ഞുകൊണ്ടിരുന്നു.നിരവധി മത്സരങ്ങളിലേക്ക് എൻട്രി അയക്കുന്ന പോലെ തപാൽ ആയി ഇതും ഞാൻ അയച്ചു.

ദിവസങ്ങൾക്ക് മുമ്പ് പരസ്പരം മാസികയുടെ ചീഫ് എഡിറ്റർ ശ്രീ ഔസേഫ് ചിറ്റക്കാടിന്റെ സന്ദേശം എനിക്ക് കിട്ടി. അഞ്ചാമത് ഗോപി കൊടുങ്ങല്ലൂർ കഥാ പുരസ്‌കാരത്തിന് കണ്ണൂർ സ്വദേശി ശ്രീമതി സിന്ധു കിഴക്കേവീട്ടിലും ഞാനും അർഹരായി എന്നായിരുന്നു പ്രസ്തുത സന്ദേശം.

സാഹിത്യ പ്രവർത്തക സഹകരണ സംഘം മുൻ സെക്രട്ടറിയും സാഹിത്യകാരനുമായ ഗോപി കൊടുങ്ങല്ലൂരിന്റെ സ്മരണാർത്ഥം പരസ്പരം വായനക്കൂട്ടം സംഘടിപ്പിക്കുന്ന കഥാ മത്സരത്തിന്റെ അഞ്ചാമത് എഡിഷനാണ് 2023 ലേത്. എന്റെ എഴുത്തിന് ഏറെ പ്രോത്സാഹനം നൽകുന്ന ഈ അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷം.ഒപ്പം ദൈവത്തിന് സ്തുതിയും.




Saturday, December 02, 2023

The Immortals of Meluha

പരസ്പര ശത്രുക്കളായ മെലൂഹ, സ്വദീപ് എന്നീ രണ്ട് രാജ്യങ്ങളുടെ കഥയാണ് The immortals of Meluha പറയുന്നത്. മെലൂഹ സൂര്യവംശി രാജാക്കന്മാരുടെയും സ്വദീപ് ചന്ദ്രവംശി രാജാക്കന്മാരുടെയും രാജ്യങ്ങളാണ്. തങ്ങളെയും രാജ്യത്തെയും രക്ഷിക്കാൻ ഒരു നീലകണ്ഠൻ വരുമെന്ന് സൂര്യവംശിക്കാർ വിശ്വസിച്ചിരുന്നു. അതുപ്രകാരം വന്നയാളാണ് ശിവ എന്നവർ വിശ്വസിക്കുന്നു. നീലകണ്ഠന്റെ സഹായത്തോടെ സൂര്യവംശികൾ ചന്ദ്രവംശികളെ തോൽപ്പിച്ച് സ്വദീപ് കീഴടക്കുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

രാമ എന്ന രാജാവിന്റെ സാമ്രാജ്യമായിരുന്നു മെലൂഹ. സരസ്വതി നദിയായിരുന്നു രാജ്യത്തിന്റെ ഐശ്വര്യത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായി കണക്കാക്കപ്പെട്ടിരുന്നത്. പ്രസ്തുത നദി ശോഷിച്ച് വരുന്നത് സൂര്യവംശികളെ പ്രതിസന്ധിയിലാക്കിയിരുന്നു.ഇതിനു പുറമെ ശാരീരിക വൈകല്യങ്ങളോട് കൂടിയ നാഗ വിഭാഗത്തെയും കൂട്ടിയുള്ള ചന്ദ്രവംശികളുടെ നിരന്തര ആക്രമണവും സൂര്യവംശികളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.ഇതിന് തടയിടാൻ മെലൂഹ രാജാവായ ദക്ഷ, ടിബറ്റിലെ തനത് ഗോത്ര വർഗ്ഗക്കാരെ തന്റെ നാട്ടിലേക്ക് ക്ഷണിച്ച് കൊണ്ട് വരാൻ ദൂതന്മാരെ അയച്ചു. ഗുണ എന്ന ഗോത്രത്തിന്റെ മുഖ്യനായ ശിവ ഈ ക്ഷണം സ്വീകരിച്ച് മെലൂഹയിലേക്ക് ദേശാടനം ചെയ്തു.എന്തിനും ഏതിനും ഒരു ചിട്ടയുള്ള മെലൂഹയിലെ ജീവിത രീതി അവരിൽ മതിപ്പുളവാക്കി. 

മെലൂഹയിൽ ആദ്യമായി എത്തുന്നവർ ക്വാറന്റിനിൽ പോകൽ നിർബന്ധമായിരുന്നു.അപ്രകാരം ക്വാറന്റിനിൽ പോയ എല്ലാവർക്കും അസുഖം പിടിപെട്ടു. സോമരസം എന്ന മരുന്ന് കഴിച്ചവരിൽ ശിവന്റെ കണ്ഠം മാത്രം നീല നിറമായത് ആയുർവതി എന്ന ചീഫ് ഡോക്ടർ ശ്രദ്ധിച്ചു. രാജ്യത്തിൻറെ രക്ഷകനായി കരുതിപ്പോന്ന നീലകണ്ഠൻ ഇത് തന്നെ എന്ന് തിരിച്ചറിഞ്ഞ ആയുർവതി അദ്ദേഹത്തെയും സഖാക്കളെയും രാജ്യതലസ്ഥാനമായ ദേവഗിരിയിലേക്ക് അയച്ചു. അവിടെ വച്ച് ശിവ രാജകുമാരിയായ സതിയുമായി പ്രണയത്തിലായി.കഴിഞ്ഞ ജന്മത്തിലെ തെറ്റുകൾ കാരണം തൊട്ടുകൂടാത്തവളായി ജീവിക്കുന്ന സതിയെ രാജ്യത്തെ നിയമങ്ങൾ മറികടന്ന് ശിവൻ സ്വന്തമാക്കി.

സോമരസം ഉല്പാദിപ്പിക്കുന്ന മൗണ്ട് മന്തറും ചീഫ് സയന്റിസ്റ്റ് ബൃഹസ്പതി അടക്കമുള്ളവരും, ചന്ദ്രവംശികൾ നാഗന്മാരുടെ സഹായത്തോടെ നടത്തിയ സ്ഫോടനത്തിൽ നാമാവശേഷമായി.ഈ സംഭവത്തിൽ ക്രൂദ്ധനായ ശിവൻ ചന്ദ്രവംശികളുമായി ഘോര യുദ്ധം ചെയ്തു.കീഴടക്കപ്പെട്ട ചന്ദ്രവംശി രാജാവ് നീലകണ്ഠനെ കണ്ട് രോഷാകുലനായി.ചന്ദ്രവംശി രാജകുമാരിയായ ആനന്ദമയിയും അവരുടെ രക്ഷകനായി പ്രതീക്ഷിച്ച് കൊണ്ടിരിക്കുന്ന നീലകണ്ഠനെ സൂര്യവംശികളുടെ കൂടെക്കണ്ട് അരിശം കൊണ്ടു. ഇത് കേട്ട ശിവൻ മൂകനും നിരാശനുമായി.ചന്ദ്രവംശികളുടെ തലസ്ഥാനമായ അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ വച്ച് കണ്ടുമുട്ടുന്ന പുരോഹിതനുമായുള്ള സംസാരത്തിലൂടെ ശിവൻ തന്റെ സ്വത്വം തിരിച്ചറിയുന്നതോടെ ഇരുപത്തിയാറ് അദ്ധ്യായങ്ങളുള്ള ഈ പുസ്തകം അവസാനിക്കുന്നു. 

വായിച്ച് കഴിഞ്ഞപ്പോൾ ഓരോ കഥാപാത്രവും കണ്മുന്നിൽ തെളിഞ്ഞ് നിൽക്കുന്ന പോലെ അനുഭവപ്പെട്ട ഒരു പുസ്തകം കൂടിയാണ് The immortals of Meluha. വായിക്കാതെ തിരിച്ചു കൊടുത്തിരുന്നെങ്കിൽ നിരവധി കാര്യങ്ങൾ എനിക്ക് നഷ്ടപ്പെടുമായിരുന്നു എന്ന ചിന്ത ഇപ്പോഴും മനസ്സിനെ അലട്ടുന്നു.


പുസ്തകം : The immortals of Meluha 
രചയിതാവ് : Amish 
പ്രസാധകർ : Jo Fletcher Books, Newyork 
പേജ് : 342

വില: 499 രൂപ 


Friday, December 01, 2023

ഒരു പുസ്തകം തന്ന പ്രചോദനം

"വായിച്ചാലും വളരും 
വായിച്ചില്ലെങ്കിലും വളരും 
വായിച്ചു വളർന്നാൽ വിളയും 
വായിക്കാതെ വളർന്നാൽ വളയും" 
കുട്ടിക്കാലം മുതലേ കേൾക്കുന്ന കുഞ്ഞുണ്ണി മാഷിന്റെ വരികളാണിവ.

പുസ്തക വായന പലർക്കും ഒരു ഹോബിയാണ്.എനിക്കത് ഒരു ഹോബിയല്ലെങ്കിലും വായനയിൽ ഞാൻ ആനന്ദം കണ്ടെത്താറുണ്ട്. എന്റെ എഴുത്തിനെ പരിപോഷിപ്പിക്കാനും വായന കൊണ്ട് സാധിച്ചിട്ടുണ്ട്. വായന പ്രോത്സാഹിപ്പിക്കാനായി, പിതാവിന്റെ പാത പിന്തുടർന്ന് എന്റെ വീട്ടിൽ ഒരു ഹോം ലൈബ്രറിയും ഞാൻ ഉണ്ടാക്കിയിട്ടുണ്ട്.വായനാ തൽപരരായ മൂത്ത രണ്ട് മക്കളും ആവശ്യപ്പെടുന്നതിന്  അനുസരിച്ചും ചില പുസ്തകങ്ങൾ എന്റെ ശ്രദ്ധയിൽ പെടുന്നതിനനുസരിച്ചും വിവിധ മേളകളിൽ പങ്കെടുക്കുന്നതിനനുസരിച്ചും ലൈബ്രറിയിൽ പുസ്തകങ്ങൾ കൂടിക്കൂടി വരുന്നു.

മൂന്ന് വർഷമായി എന്റെ മക്കൾ കൂടുതലും ആവശ്യപ്പെടുന്നത് ഇംഗ്ലീഷ് പുസ്തകങ്ങളാണ്.അവർ തന്നെ കണ്ടെത്തുന്ന പുസ്തകങ്ങളായതിനാൽ ഒരു പ്രാഥമിക അന്വേഷണം മാത്രം നടത്തി ഓൺലൈനിൽ വാങ്ങിക്കാറാണ് പതിവ്.വളരെ പെട്ടെന്ന് തന്നെ അത് അവർ വായിച്ച് മുഴുവനാക്കുകയും ചെയ്യും.ഞാനിതുവരെ ആ പുസ്തകങ്ങളിൽ ഒന്ന് പോലും വായിച്ച് നോക്കിയിരുന്നില്ല.മലയാളം പോലെ ഇംഗ്ലീഷ് ആസ്വദിക്കാൻ സാധിക്കില്ല എന്ന തെറ്റിദ്ധാരണ ആയിരുന്നു അതിന് പ്രധാന കാരണം.

അങ്ങനെയിരിക്കെ, ഒരു ദിവസം ഞാൻ പാലക്കാട്ടെ സഹപ്രവർത്തകനായ വിനയൻ സാറിന്റെ വീട്ടിൽ ഒരു അപ്രതീക്ഷിത സന്ദർശനം നടത്തി. അദ്ദേഹത്തിന്റെ മേശപ്പുറത്തും അലമാരിയിലുമായി നിരവധി പുസ്തകങ്ങൾ കണ്ടപ്പോൾ എനിക്ക് കൗതുകമായി. 

"അമിഷ് വായിച്ചിട്ടുണ്ടോ?" ഞാൻ പുസ്തകങ്ങളിലേക്ക് കണ്ണോടിക്കുന്നത് കണ്ട് സാർ എന്നോട് ചോദിച്ചു.ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കാൻ താല്പര്യമില്ലാത്ത ഞാൻ വെറുതെ ചിരിച്ചു കാണിച്ചു.

"ഞാൻ ഇതിന്റെ രണ്ടാം ഭാഗവും വായിച്ചിട്ടുണ്ട്...ഇത് സാർ കൊണ്ടുപോയി വായിച്ചോളൂ..." പുസ്തകം നേരെ എന്റെ കയ്യിലേക്ക് തന്നുകൊണ്ട് വിനയൻ സാർ പറഞ്ഞു.എന്റെ സാഹിത്യാഭിരുചിയും മനസ്സും അറിഞ്ഞ് തരുന്നതായതിനാൽ നിഷേധിക്കാൻ അപ്പോൾ മനസ്സ് അനുവദിച്ചില്ല. ഞാൻ ആ പുസ്തകം ഏറ്റുവാങ്ങി. 

പുറം ചട്ട നോക്കിയപ്പോഴാണ് പുസ്തകത്തിന്റെ രചയിതാവാണ് അമിഷ് എന്നും പുസ്തകത്തിന്റെ പേര്  "The Immortals of Meluha" എന്നാണെന്നും മൂന്ന് പുസ്തകങ്ങൾ അടങ്ങിയ Shiva Trilogy സീരീസിൽ വരുന്നതാണെന്നും മനസ്സിലായത്.ഹിന്ദു ദൈവമായ ശിവന്റെ കഥ, അതും ഇംഗ്ലീഷിൽ ഉള്ളത് വായിക്കുന്നതിൽ അനിഷ്ടം തോന്നിയെങ്കിലും ഏതാനും ദിവസം കഴിഞ്ഞ് അങ്ങനെത്തന്നെ തിരിച്ചു കൊടുക്കാം എന്ന പ്ലാനിൽ ഞാൻ പുസ്തകം എടുത്ത് ബാഗിൽ വച്ചു.

ഒന്നര മാസത്തോളം സ്റ്റാഫ് ഹോസ്റ്റലിലെ എന്റെ റൂമിലെ മേശപ്പുറത്ത് പ്രസ്തുത പുസ്തകം പൊടിപിടിച്ച് കിടന്നു.വീട്ടിൽ നിന്നും കൊണ്ട് വന്ന പല മലയാള പുസ്തകങ്ങളും ഇതിനിടയിൽ ഞാൻ വായന പൂർത്തിയാക്കുകയും ചെയ്തു.

 പുസ്തകം തിരിച്ച് കൊടുക്കുന്നതിന് മുമ്പായി ഒരു അദ്ധ്യായമെങ്കിലും വായിച്ച് നോക്കാൻ എന്റെ മനസ്സിൽ നിന്ന് ഒരു അജ്ഞാത നിർദ്ദേശം വന്നു. അതനുസരിച്ച് ഞാൻ വായന തുടങ്ങി. പുസ്തകത്തിൽ ആകെയുള്ള 342  പേജുകളിൽ 50 എണ്ണം പൂർത്തിയാക്കിയ ശേഷമാണ് അന്ന് ഞാൻ ആ പുസ്തകം പൂട്ടിവച്ചത്.മലയാള നോവലുകളോട് പോലും തോന്നാത്ത ഒരു അഭിനിവേശം ആ പുസ്തകത്തോട് എനിക്ക് തോന്നി.ഇനി പുസ്തകം മുഴുവൻ വായിച്ചിട്ടേ തിരിച്ചു കൊടുക്കൂ എന്ന് ഞാൻ അപ്പോൾ തന്നെ മനസ്സിലുറപ്പിക്കുകയും ചെയ്തു.അപ്രതീക്ഷിതമായി സ്ഥലം മാറ്റം ഓർഡർ വന്നതിനാൽ മൂന്ന് ദിവസം കുത്തിയിരുന്ന് ഞാൻ പുസ്തക വായന മുഴുവനാക്കി.

ആ വായനാനുഭവം അടുത്ത പോസ്റ്റിൽ

(തുടരും....)