Pages

Monday, December 25, 2023

കരോൾ ബാഗിലെ മോമോസ് (വിൻ്റർ ഇൻ കാശ്മീർ - 2)

 വിൻ്റർ ഇൻ കാശ്മീർ - 1

ഞാൻ സാധാരണ ദീർഘദൂര യാത്ര പോകാറുള്ളത് സ്ലീപ്പർ ക്ലാസിലാണ് (ജനറൽ കമ്പാർട്ട്മെൻ്റിൽ പോകാൻ ഞാൻ ഗാന്ധിജി അല്ല). ഇത്തവണയും ഉദ്ദേശം അതായിരുന്നു. സ്ലീപ്പറിൽ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റിലാണെന്നും ടൂർ ടീമിലെ മറ്റംഗങ്ങളെല്ലാം എ.സി യാത്രക്കാരാണെന്നും അറിഞ്ഞപ്പോൾ ഞാനും എൻ്റെ തീരുമാനം അപ്ഗ്രേഡ് ചെയ്തു. അങ്ങനെ തേർഡ് എ. സി ക്ലാസിലായിരുന്നു എൻ്റെയും സഹ ടൂറൻമാരുടെയും യാത്ര. സത്യം പറഞ്ഞാൽ, എ സി യിലെ സുഖത്തേക്കാളുപരി നമുക്ക് ലഭിക്കുന്ന പ്രൈവസിയും വൃത്തിയും വെടിപ്പും ഒക്കെ മനസ്സിലാക്കാൻ ഈ മാറ്റം കാരണം സാധ്യമായി ഇൻഷാ അല്ലാഹ്, കുടുംബ സമേതമുള്ള അടുത്ത ദീർഘദൂര യാത്ര എ.സി യിൽ ആക്കാൻ ഞാൻ തീരുമാനിക്കുകയും ചെയ്തു.

യാത്രികരുടെ ആമാശയത്തിൻ്റെ ആഴവും പരപ്പും തിട്ടമില്ലാത്തതിനാൽ ടൂർ പാക്കേജിൽ ഭക്ഷണം ഉൾപ്പെടില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു. കഴിയുന്നതും ഭക്ഷണം കയ്യിൽ കരുതുന്നതാണ് നല്ലത് എന്നും പറഞ്ഞിരുന്നു. മുൻ യാത്രകളിൽ ഭക്ഷണം കൊണ്ടുപോയി പരിചയവും ഉള്ളതിനാൽ എനിക്കും സഹപ്രവർത്തകനായ സത്യൻ മാഷിനും കൂടി രണ്ട് ദിവസത്തേക്ക്  അഞ്ച് പാക്കറ്റ് ചപ്പാത്തി ഞാൻ കരുതി. സത്യൻ മാഷ് ശുദ്ധ പച്ചക്കറിയൻ ആയതിനാൽ ചപ്പാത്തിയുടെ സന്തത സഹചാരിയായ കോഴി പൊരിച്ചതും ബീഫ് വരട്ടിയതും ഒഴിവാക്കി സവാള വാട്ടിയത് മാത്രമാക്കി. കൊണ്ടോട്ടിക്കാരുടെയടുത്ത് കാശ്മീരിൽ എത്തിയാലും തീരാത്തത്ര ചിക്കൻ ഫ്രൈ ഉണ്ടായിരുന്നു എന്നത് മൂന്നാം ദിവസം രാവിലെയാണ് അറിഞ്ഞത്. സത്യൻ മാഷ് അപ്പോഴേക്കും ചപ്പാത്തിയും മിക്സ്ചറും തമ്മിലുള്ള കോമ്പിനേഷൻ ലോകത്താദ്യമായി അവതരിപ്പിച്ച് കഴിഞ്ഞിരുന്നു.

ഒന്നര മണിക്കൂറിലധികം താമസിച്ചാണ് ഞങ്ങൾ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവെ സ്റ്റേഷനിൽ വണ്ടിയിറങ്ങിയത്. ഇട്ട ഡ്രസ്സിൽ വിജയകരമായ മൂന്നാം ദിനമായതിനാൽ ഒന്ന് കുളിക്കാൻ ആഗ്രഹം തോന്നി. ആ വലിയ സ്റ്റേഷനിലെ ചെറിയ കുളിമുറിയിൽ കയറി ഞാൻ ആഗ്രഹം സഫലീകരിച്ചു. കാശ്മീരിൽ എത്തിയിട്ടാവാം കുളി എന്ന് തീരുമാനിച്ചവരിൽ ചിലർ പിന്നീട് നാട്ടിലെത്തിയിട്ടാണ് ഫുൾ ബാത് നടത്തിയത്. അർജൻ്റ് ആയി തീർക്കേണ്ട ശങ്കകളും ആശങ്കകളും കഴിഞ്ഞതോടെ എല്ലാവരും സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി. ടൂർ മാനേജർമാരായ നിഖിലും ഹബീലും ഓരോ ടീമുകളായി ഞങ്ങളെ ടാക്സിയിൽ കയറ്റി. എട്ടോളം ടാക്സികൾ സെറായി റോഹില്ല സ്റ്റേഷൻ ലക്ഷ്യമാക്കി പാഞ്ഞു.

രാത്രി പത്തര മണിക്കായിരുന്നു ജമ്മുവിലേക്കുള്ള ട്രെയിൻ. നാല് മണിക്കൂറോളം സമയം ബാക്കിയുള്ളതിനാൽ നിഖിൽ പറഞ്ഞു.

"ഇവിടെ അടുത്താണ്  കരോൾ ബാഗ് മാർക്കറ്റ് ... ഓട്ടോയിൽ ഒരാൾക്ക് 20 രൂപ കൊടുത്താൽ മതി. ജാക്കറ്റോ ഗ്ലൗസോ വാങ്ങാനുള്ളവർക്ക് പോയി ഷോപ്പിംഗ് നടത്താം... കൃത്യ സമയത്ത് തിരിച്ചെത്തിയില്ലെങ്കിൽ അടുത്ത നാലഞ്ച് ദിവസം കൂടി ഡൽഹിയിൽ തന്നെ കറങ്ങി നടക്കാം ... "

പ്രത്യേകിച്ച് ഒന്നും വാങ്ങാനില്ലെങ്കിലും കരോൾ ബാഗ് എന്ന് കേട്ടതോടെ പലർക്കും ആവേശമായി. സ്റ്റേഷനിൽ ഇരുന്നവരെ ബാഗേജുകളുടെ ചുമതല ഏൽപിച്ച് ഞങ്ങൾ കരോൾ ബാഗിലേക്ക് പുറപ്പെട്ടു. ചാന്ദ്നി ചൗക്കിലും സരോജിനി മാർക്കറ്റിലും മെയിൻ ബസാറിലും എല്ലാം മുമ്പ് എത്തിയിട്ടുണ്ടെങ്കിലും  കരോൾ ബാഗിൽ എത്തിയതായി എൻ്റെ ഓർമ്മയിലില്ല. മറ്റ് മാർക്കറ്റുകളെപ്പോലെ തന്നെ കരോൾ ബാഗും ജനനിബിഡമായതിനാൽ  പഴ്സും മൊബൈൽ ഫോണും ഞാൻ നന്നായി സൂക്ഷിച്ചു.

"സാറേ... ഇതെന്താ സാധനം ?" പലരും കഴിച്ചു കൊണ്ടിരിക്കുന്ന ഒരു സാധനം ചൂണ്ടിക്കാട്ടി സത്യൻ മാഷ് ചോദിച്ചു.

"അതാണ് മോമോസ് ... കഴിച്ചിട്ടില്ലേ?" ഞാൻ പറഞ്ഞു.

"വാമോസ് അർജൻ്റീന .... "  മെസ്സി ആരാധകനായ ഹഖ് വിളിച്ചു പറഞ്ഞു.

"വാമോസ് അല്ല .... മോമോസ് ... മോസ്കോയിൽ നിന്നും കടൽ കടന്നെത്തിയ ഒരു ഭക്ഷണം ..." ഞാൻ തള്ളിവിട്ടു.

"പത്ത് വർഷം മുമ്പ് ഉമ്മയെയും കൂട്ടി ഡൽഹിയിൽ വന്നപ്പോൾ ഇഷ്ടപ്പെട്ട ഒരേ ഒരു ഭക്ഷണം ഇതായിരുന്നു... "

"വെജിറ്റേറിയൻ ആണോ?

"അതെ..."

"എങ്കിൽ ഒരു പ്ലേറ്റ് മോസ്കോ പോരട്ടെ..." സത്യൻ മാഷ് ഓർഡർ കൊടുത്തു. പറഞ്ഞത് പച്ച മലയാളത്തിലാണെങ്കിലും ആവി പറക്കുന്ന മോമോസ് ഞങ്ങൾക്കും കിട്ടി.

രണ്ട് ദിവസമായി ചപ്പാത്തി മാത്രം കടന്ന് പോയിരുന്ന അന്നനാളത്തിലൂടെ മോമോസ് ചെന്നപ്പോൾ വല്ലാത്ത രുചി തോന്നി. എങ്കിലും ഒന്നിലധികം തിന്നാൻ ഞങ്ങൾ മെനക്കെട്ടില്ല.

കരോൾ ബാഗിലെ തിരക്കിൽ ലയിച്ച് ചേർന്ന് ഞങ്ങൾ ഒരു പാട് ദൂരം നടന്നു. ഇടക്ക് ഞങ്ങൾക്കാവശ്യമുള്ള ജാക്കറ്റ്, ഗ്ലൗസ്, സോക്സ്, സ്വറ്റർ, കൂളിംഗ് ഗ്ലാസ് തുടങ്ങിയവ പല ഷോപ്പുകളിൽ നിന്നായി വാങ്ങി. വിശപ്പിനെ ഒന്ന് കൂടി അടിച്ചമർത്തിയ ശേഷം ഞങ്ങൾ സെറായി റോഹില്ലയിലേക്ക് തിരിച്ച് കയറി.

കൃത്യം  10.30 ന് ഞങ്ങളുടെ ട്രെയിൻ ജമ്മു ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. എ.സി യുടെ സുഖ ശീതളിമയിൽ ഞാൻ പെട്ടെന്ന് ഉറങ്ങിപ്പോയി . രാവിലെ ഏഴ് മണിക്ക് ഞങ്ങൾ ജമ്മുവിൽ  വണ്ടി ഇറങ്ങി. |


Part 3 : ഗുഹകൾ കടന്ന് .....  

1 comments:

Areekkodan | അരീക്കോടന്‍ said...

അങ്ങനെ വീണ്ടും ജമ്മുവിൽ .....

Post a Comment

നന്ദി....വീണ്ടും വരിക