1996 ലെ ഒരു സുപ്രഭാതം.മൂന്ന് മാസത്തിനിടക്ക് രണ്ടാമത്തെ സർക്കാർ ജോലിയും എന്നെത്തേടി വീട്ടിൽ വന്നതോടെ ഒരു സർക്കാർ ജീവനക്കാരനാകാൻ ഞാൻ ഏകദേശം തീരുമാനിച്ച് കഴിഞ്ഞിരുന്നു. ലാന്റ് ഫോൺ പോലും പ്രചാരത്തിൽ ഇല്ലാത്ത ആ കാലത്ത്, ഏറ്റവും അടുത്ത് താമസിക്കുന്നവരിൽ പ്രമുഖരായ അമ്മാവനെയും വലിയ മൂത്താപ്പയെയും നേരിട്ട് പോയി കണ്ട് ഈ വിവരം ഞാൻ അവരെ അറിയിച്ചു. കല്യാണം കഴിക്കുന്ന പോലെ വലിയൊരു സംഭവം അല്ലാത്തതിനാൽ കുടുംബത്തിലെ മറ്റുള്ളവരൊക്കെ വഴിയേ അറിഞ്ഞുകൊള്ളും എന്നായിരുന്നു എന്റെ പ്രതീക്ഷ.
അരീക്കോടിന്റെ തൊട്ടടുത്ത പഞ്ചായത്തായ ഊർങ്ങാട്ടിരിയിലെ വെറ്റിനറി ഡിസ്പെന്സറിയിൽ, ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ എന്ന ഗമണ്ടൻ പോസ്റ്റിലേക്കായിരുന്നു എന്റെ നിയമനം. കോമൺ കൺട്രി ഫെലോസ് ഈ പോസ്റ്റിലിരിക്കുന്ന ആളെ 'കമ്മോണ്ടർ' എന്നും വിളിച്ചിരുന്നു.എനിക്ക് ജോയിൻ ചെയ്യേണ്ട സ്ഥലത്തെപ്പറ്റി ബോധ്യമില്ലാത്തതിനാൽ, ഞാൻ എന്റെ മൂത്തുമ്മായുടെ മൂത്ത മകൻ കരീം മാസ്റ്ററെ സമീപിച്ചു. ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഏക ഹൈസ്‌കൂൾ ആയ സുബുലുസ്സലാം ഹൈസ്‌കൂളിലെ അദ്ധ്യാപകനായിരുന്നു അദ്ദേഹം.ജന്മം കൊണ്ട് പ്രധാനാദ്ധ്യാപകൻ അല്ലെങ്കിലും കർമ്മം കൊണ്ട് ആ പഞ്ചായത്തിന്റെ തന്നെ 'എഡ്മാസ്റ്റർ' ആയിരുന്നു കരീം മാസ്റ്റർ.ബയോളജി ആയിരുന്നു വിഷയമെങ്കിലും ഊർങ്ങാട്ടിരി പഞ്ചായത്തിന്റെ ഹിസ്റ്ററിയും ഭൂമിശാസ്ത്രവും അദ്ദേഹത്തോളം അറിയുന്ന ആരും ഞങ്ങളുടെ കുടുംബത്തിൽ ഇല്ലായിരുന്നു.കാരണം അദ്ദേഹം കല്യാണം കഴിച്ചത് ആ പഞ്ചായത്തിൽ നിന്നായിരുന്നു .
അങ്ങനെ, ബാപ്പ അറിയാതെ പഠിക്കുകയും കൈവശപ്പെടുത്തുകയും ചെയ്ത അനിയന്റെ ബൈക്കിൽ ഞാനും അനിയനും കൂടി കയറിയിരുന്നു. ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ കിക്കറടിച്ചതും മുറ്റത്തെ തെങ്ങൊന്ന് കുലുങ്ങി മണ്ഡരി ബാധിച്ച ഒരു തേങ്ങ 'ഠപേ' ന്ന് ബൈക്കിന് മുന്നിൽ വീണു.'തേങ്ങയേറ്' കഴിഞ്ഞതിനാൽ ഐശ്വര്യമായി തന്നെ വണ്ടി സ്റ്റാർട്ടായി.
കൃത്യ സമയത്ത് തന്നെ ഞങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തി.എല്ലാ സർക്കാർ ഓഫീസിലെയും പോലെ, ഏറ്റവും ആദ്യം എത്തുന്ന സ്വീപ്പർ മാത്രമായിരുന്നു ഓഫീസിൽ ഉണ്ടായിരുന്നത്. ഞങ്ങളുടെ ആഗമനോദ്ദേശം അറിയിച്ചതോടെ കാത്തിരിക്കാൻ ആവശ്യപ്പെട്ടു. ഒരു വിഗഹ വീക്ഷണത്തിനായി ഞാൻ പുറത്തേക്കിറങ്ങി.ഒരു കന്നുകാലിയെയും കൊണ്ട് ഒരാൾ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഭാവി സർവീസിൽ കന്നുകാലി സൗഹൃദം അനിവാര്യമായതിനാൽ ഞാൻ അതിന്റെ അടുത്തേക്ക് നീങ്ങി. ഞാൻ പ്രതീക്ഷിക്കാത്ത ആംഗിളിൽ നിന്ന് കന്നുകാലിയുടെ വാല് വായുവിൽ ഒന്ന് മിന്നി. എന്റെ പുതിയ മുണ്ടിൽ ചാണകവും ചെളിയും ചേർന്ന കളറിൽ ഒരു ചിത്രം വരക്കപ്പെട്ടു.
"ചേട്ടാ... ഇതിനെത്ര പാല് കിട്ടും ?" കന്നുകാലിയുടെ ഉടമയോട് ഞാൻ ചോദിച്ചു.
"ഒന്ന് മതിച്ച് നോക്ക്..."
"ഒരു പത്ത് ലിറ്റർ ..." മോശമാക്കേണ്ട എന്ന് കരുതി ഞാൻ പറഞ്ഞു.
"കണക്കിൽ ഉഷാറാണല്ലേ...?"
"ങാ...അതുകൊണ്ടല്ലേ ഇത്ര ചെറുപ്പത്തിലേ ഈ ജോലി കിട്ടിയത്..."
"എടാ പോത്തേ .... കണ്ണ് തുറന്നൊന്ന് നോക്ക് ....അതിന്റെ കാലുകൾക്കിടയിലേക്ക് ...." അയാളുടെ അപ്രതീക്ഷിത വിളിയിൽ ഞാൻ ഒന്ന് ഞെട്ടി. അയാൾ പറഞ്ഞ സ്ഥലത്തേക്ക് ഞാൻ നോക്കി. അതൊരു കാളക്കുട്ടനായിരുന്നു.കൃത്യ സമയത്ത് ഓഫീസിനകത്ത് ഒരാളനക്കം കണ്ടതിനാൽ ഞാൻ വേഗം അകത്തേക്ക് കയറി.
"ഹും... എന്താ വേണ്ടത് ?" പുതിയതായി വന്ന ആൾ എന്നോട് ചോദിച്ചു.
"ഞാൻ ഇവിടത്തെ പുതിയ ഇൻസ്‌പെക്ടറാ ... ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ..." ആദ്യമായി ജോലി കിട്ടിയ ഗമയിൽ തന്നെ ഞാൻ പറഞ്ഞു.
"ആഹാ .... ഏമാൻ എവിടെ നിന്നാണാവോ വരുന്നത് ?" ഒരു കളിയാക്കി ചിരിയോടെ അദ്ദേഹം ചോദിച്ചു.
"അരീക്കോട് നിന്ന് ..."
"ആരാ നിന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടത് ?" അടുത്ത ചോദ്യം അല്പം ഗൗരവത്തിലായിരുന്നു.
"ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ഓർഡർ ഉണ്ട്..."
"ഓ...ഒന്ന് കാണട്ടെ ആ ഓർഡർ....."
ഞാൻ ഓർഡർ എടുത്ത് കാട്ടി.അദ്ദേഹം അത് സസൂക്ഷ്മം വായിച്ചു.എന്നിട്ട് എൻ്റെ നേരെ തിരിഞ്ഞ് പറഞ്ഞു.
"ഓർഡർ ഒക്കെ ശരി തന്നെ .... പക്ഷെ, നീ ഇപ്പോൾ നിൽക്കുന്നത് വെറ്റിനറി ഡിസ്‌പെൻസറി കല്ലരട്ടിക്കലിൽ ആണ്.... ഇവിടെ ഞാൻ ആണ് അന്നും ഇന്നും എന്നും ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ...നിന്നെ പോസ്റ്റ് ചെയ്തിരിക്കുന്നത് വെറ്റിനറി ഡിസ്‌പെൻസറി ഊർങ്ങാട്ടിരിയിൽ ആണ് .... അത് വെറ്റിലപ്പാറയാണ് സ്ഥിതി ചെയ്യുന്നത്...."
ഞാൻ അനുജന്റെ മുഖത്തേക്ക് ഒന്ന് നോക്കി."തോമസു കുട്ടീ....വിട്ടോടാ..." എന്ന് അവന്റെ മുഖം പറയുന്നുണ്ടായിരുന്നു. വേഗം വണ്ടി സ്റ്റാർട്ടാക്കി ഞങ്ങൾ വെറ്റിലപ്പാറ ലക്ഷ്യമാക്കി കുതിച്ചു.
(ആദ്യ ദിവസം തന്നെ ഈ മൃഗീയാനുഭവങ്ങൾ സമ്മാനിച്ച ഈ വകുപ്പിനെ അധികകാലം എനിക്ക് സേവിക്കേണ്ടി വന്നില്ല. 1998 ൽ ഞാൻ കെ.എസ്.ഇ.ബി യിലേക്ക് മാറി)