Pages

Tuesday, January 30, 2007

ബൂസ്റ്റ്‌ കഴിച്ച്‌ , ദയവായി അല്‍പസമയം കഴിഞ്ഞ്‌ വിളിക്കുക...

അരീക്കോടിണ്റ്റെ തൊട്ടടുത്ത സ്ഥലമാണ്‌ തോട്ടുമുക്കം.എണ്റ്റെ കൂടെ ജോലിചെയ്തവരുടെയും ജോലി ചെയ്തുകൊണ്ടിരിക്കുന്നവരുടെയും ( ജോലി ചെയ്യാന്‍ പോകുന്നവരുടെയും !! ) അപ്പനോ അപ്പൂപ്പനോ അല്ലെങ്കില്‍ ഏതെങ്കിലും വകയില്‍ ഒരു ബന്ധു ഉണ്ടായിരിക്കാന്‍ സാധ്യതയുള്ള നാട്‌.ബൂലോകത്തെ കുട്ടന്‍സിണ്റ്റെ സ്വന്തം നാട്‌.  

ഒരു ദിവസം തോട്ടുമുക്കത്തെ ചില വീരകഥകള്‍ പറഞ്ഞുകൊണ്ടിരിക്കെ ഫോണ്‍ ബെല്ലടിച്ചു.അനിയനാണ്‌ ഫോണ്‍ എടുത്തത്‌.




"ഹലോ തോട്ടുമുക്കമല്ലേ ? " ഫോണിണ്റ്റെ മറുതലക്കല്‍ നിന്നുള്ള ചോദ്യം. 

  "നിങ്ങള്‍ എവിടുന്നാ വിളിക്കുന്നത്‌ ?" അനിയണ്റ്റെ മറുചോദ്യം 

  "ഇത്‌ മഞ്ചേരിയില്‍ നിന്നാ..."



"ആ...ഇനി രണ്ട്‌ പാലവും കുറച്ചു വളവുകളും കഴിഞ്ഞ്‌ കുറച്ച് കൂടി മുന്നോട്ട്‌ പോവാനുണ്ട്‌....ഇതിപ്പോള്‍ അരീക്കോടെ എത്തിയിട്ടുള്ളൂ..... !!! ഒരല്‍പം ബൂസ്റ്റ്‌ കഴിച്ച്‌ ദയവായി അല്‍പസമയം കഴിഞ്ഞ്‌ വിളിക്കുക " 

  അനിയണ്റ്റെ മറുപടി കേട്ട്‌ ഞങ്ങള്‍ക്ക്‌ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല

Friday, January 26, 2007

കദീശുതാത്തയുടെ വെളിപ്പെടുത്തല്‍.

(പുതിയ വായനക്കാര്‍ ദയവായി ആദ്യം ഇവ വായിക്കുക ) അരീക്കോടന്റെ കാടന്‍ ചിന്തകള്‍...!!!!: സൈനബക്കുള്ള നെല്ലിക്കകള്‍. അരീക്കോടന്റെ കാടന്‍ ചിന്തകള്‍...!!!!: അബുവിന്റെ മുഹബ്ബത്ത്‌ അരീക്കോടന്റെ കാടന്‍ ചിന്തകള്‍...!!!!: മോലിക്കാക്കാന്റെ പുന്നാരമോള്‌ സൈനബ അരീക്കോടന്റെ കാടന്‍ ചിന്തകള്‍...!!!!: സൈനബയുടെ വീട്ടില്‍ അരീക്കോടന്റെ കാടന്‍ ചിന്തകള്‍...!!!!: സ്വപ്നലോകത്തെ സൈനബ കദീശുതാത്തയുടെ ചുറ്റും പെണ്ണുങ്ങള്‍ കൂട്ടം കൂടി നിന്നു.ഓരോരുത്തരും പലതരം കുശുകുശുക്കലുകള്‍ നടത്തി.അവര്‍ക്കിടയില്‍ ഒന്ന്‌ നേരെ ചൊവ്വെ ശ്വാസം പോലും വിടാനാകാതെ കദീശുതാത്ത ഞെരങ്ങി. "സൈ....സൈന........ബാ......."കദീശുതാത്ത വീണ്ടുംവിളിച്ചു. "ഇ...മ്മാ...ഇണ്റ്റെമ്മാ..."ഓടിക്കിതച്ച്‌ വീട്ടില്‍കയറിയ ഉടന്‍ സൈനബ വിളിച്ചു. "ഫ....ബലാലേ.....യൌട്യേനി ജ്ജ്‌...ഇമ്മ ബടെ മജ്ജത്താകാന്‍ കടക്കുമ്പം അണ്റ്റൊര്‌ സിങ്കാരം..." ദ്വേഷ്യം കൊണ്ട്‌ ഉയിര്‍ത്തെണീറ്റ കദീശുതാത്ത സൈനബയുടെ നേരെ ചീറി.സംഭവമെന്തെന്നറിയാതെ സൈനബ ഞെട്ടി. അപ്പോഴേക്കും അങ്ങാടിയില്‍ പോയിരുന്ന മോലികാക്കയും തിരിച്ചെത്തി. "എത്താ ബടെ ഒര്‌ ലോക ബനിതാ സമ്മേളനം ? " സ്ത്രീകളെ എല്ലാവരെയും കൂടി കണ്ടപ്പോള്‍ മോലികാക്ക ചോദിച്ചു.മോലികാക്കയുടെ ശബ്ദം കേട്ട സ്ത്രീകള്‍ സൈഡിലേക്ക്‌ മാറി.അപ്പോഴാണ്‌ നിലത്തിരിക്കുന്ന കദീശുതാത്തയെ മോലികാക്ക കണ്ടത്‌. "ങേ...എത്താ അങ്ക്ക്‌ പറ്റ്യേ... ?" കദീശുതാത്ത ഒന്നും പറയാതെ സൈനബയുടെ നേരെ ഒന്ന്‌ തുറിച്ചു നോക്കി....കാര്യമെന്തെന്നറിയാതെ സൈനബ ഉമ്മയെയും നോക്കി. "എത്താ...ഉമ്മിം മോളും കൂടി അങ്ങട്ടുമിങ്ങട്ടും നോക്കി ഞമ്മളെ കോയി ആക്ക്ണ്‌.. ?" "ങളെ പുന്നാര മോളോടെന്നെ ചോയ്ച്ചോക്കി..." കദീശുതാത്ത സൈനബയെ തന്നെ നോക്കിക്കൊണ്ട്‌ പറഞ്ഞു. "ഞാം ബട്ക്കേകണ്ടത്ത്‌ല്‌ ആട്നെ മേച്ചെയ്നി....അപ്പംണ്ട്‌ ഇമ്മ കെട്ടിമര്‍ഞ്ഞ്‌ ബീണ്‌ന്നും പറഞ്ഞി മറ്യാത്ത മണ്ടി ബര്‌ണ്‌...ബേറെത്തും ഇച്ചറീല.... " "അ..അ...ആ...ഇത്‌ നല്ല കത....ഞമ്മള്‌ പീട്യേക്കും സൈനു കണ്ടത്ത്ക്കും പോയ നേരം നോക്ക്യന്നെ കദീശോ ഇജ്ജ്‌ ബീണ്‌ ....ബീണത്‌ എത്ത്നാന്ന്‌ ബീണ അന്‍ക്കും പുടില്ല....പോയ ഇന്‍ക്കും പുടില്ല....സൈനൂനും പുടില്ല....ബല്ല ഒട്യേനോ ...ജിന്നോ ബന്നോ.. ?" "ബന്ന്‌...ബന്ന്‌...ഒട്യേനും ജിന്നൊന്നല്ല.....അര്‍മാന്‍ മോല്യാര്‍...." മറ്യാത്ത പെട്ടെന്ന്‌ വിളിച്ച്‌ പറഞ്ഞു. "അര്‍മാന്‍ മോല്യാരോ...എത്തെയ്നും ബിസേസം..?" സൈനബക്ക്‌ സംശയമായി. "ആ...അണ്റ്റെ കിസ്സ പറ്യാന്‍ തന്നെ....ജ്ജ്‌ കണ്ടത്ത്‌ല്‌ ആട്നെ മേച്ച്ണ മാതിരി ഓത്തള്ളീല്‌ ഒര്‌ പോത്ത്നെ മേച്ച്ണ്ട്ന്ന്‌ മോല്യാര്‌ പറഞ്ഞപ്പം ണ്റ്റെ ഖല്‍ബ്‌..." കദീശുതാത്ത വിവരിക്കാന്‍ തുടങ്ങി. "ങേ...ഓത്തള്ളീല്‌ പോത്ത്നെ മേച്ചെ...?"മോലികാക്കാക്കും മനസ്സിലായില്ല. "ആ...അതെന്നെ....ഓള്‌ ഓത്തള്ളീല്‌ പോണത്‌ ഓത്തട്ച്ചാനല്ല.....ഏതോ ഒര്‌ പോത്ത്ണ്റ്റപ്പം സിങ്കരിക്കാനാ...." കദീശുതാത്ത കാര്യം വെട്ടിത്തുറന്ന്‌ പറഞ്ഞു. "ങേ....കെട്ടിച്ച്‌ ബ്ട്ണ ബരേങ്കിലും ഓത്ത്‌ പട്ച്ചോട്ടേന്ന്‌ ബിചാരിച്ച്‌ ബ്ട്ടപ്പം..." മോലികാക്കാക്കും കലികയറി.ബാപ്പയുടെയും ഉമ്മയുടെയും ദ്വേഷ്യത്തിണ്റ്റെ പൊരുളറിയാതെ സൈനബ കൂസലില്ലാതെ ഇരുന്നു. "കണ്ട്‌ലേ.......കുന്തം മുണ്‍ങ്ങ്യമാതിരി കുത്തര്‍ക്ക്ണ്‌...." സൈനബയെ നോക്കിക്കൊണ്ട്‌ കദീശുതാത്ത പറഞ്ഞു. "ബടെ ബാടീ....അണ്റ്റെ ഓത്തള്ളീലെ സിങ്കാരം ഇന്ന്‌ ഞാന്‌ നിര്‍ത്തിതര...നടക്കെടി അപ്പര്‍ത്ത്ക്ക്‌.." മോലികാക്ക ആജ്ഞാപിച്ചു. അനുസരണയുള്ള ആട്ടിന്‍കുട്ടിയെപ്പോലെ, കാര്യമൊന്നുമറിയാതെ സൈനബ അപ്പുറത്തെ റൂമിലേക്ക്‌ നടന്നു.പിന്നാലെ ഒന്നാംതരമൊരു ചൂരലുമായി മോലികാക്കയും പുറപ്പെട്ടു.

Thursday, January 25, 2007

യഥാര്‍ത്ഥ കാടന്‍ ചിന്തകള്‍

ബാലനായിരുന്ന കാലത്ത്‌ ആരോ ഒരു ഐസ്‌ വാങ്ങിത്തന്നു.ഐസില്‍ നിന്നും ഇറ്റിറ്റ്‌ വീഴുന്ന വര്‍ണ്ണത്തുള്ളികളില്‍ നോക്കി ആനന്ദിച്ചു. അവസാനതുള്ളിയും ഇറ്റിവീണ്‌ ഐസ്‌ അപ്രത്യക്ഷമായപ്പോള്‍ സങ്കടം തോന്നി. കോളേജില്‍ പോകുന്ന കാലത്ത്‌ , രാത്രി മെഴുകുതിരി വെളിച്ചത്തില്‍ വായിച്ചിരിക്കുമ്പോള്‍ ഇയ്യലുകള്‍ ആത്മഹത്യ ചെയ്യുന്നത്‌ നിര്‍വ്വികാരനായി നോക്കി ഇരുന്നു.ഉരുകിയൊലിച്ചിറങ്ങുന്ന മെഴുക്‌ തീര്‍ക്കുന്ന രൂപങ്ങളില്‍ കണ്ണും നട്ടിരുന്നു.മേശയില്‍ പറ്റിയിരിക്കുന്ന മെഴുകിണ്റ്റെ അവസാന കണികയും ഉരുകിത്തീര്‍ന്ന്‌ തിരിയണഞ്ഞപ്പോള്‍ മനസ്സില്‍ ഒരു നൊമ്പരം ഉടലെടുത്തു. ഡിഗ്രിക്ക്‌ പഠിക്കുന്ന കാലത്ത്‌ , മുടി ചീകിയപ്പോള്‍ ഞെട്ടിക്കുന്ന ആ സത്യം പുറത്തായി.തലയില്‍ നിന്നും വിട പറയുന്ന ഓരോ മുടിയും , എന്തിനീ ഫലഭൂയിഷ്ടമായ മണ്ണുള്ളിടം വിട്ട്‌, പൊടി നിറഞ്ഞ തറയില്‍ വീണ്‌ ജീവിതം അവസാനിപ്പിക്കുന്നത്‌ എന്നാലോചിച്ച്‌ നോക്കി.ഇനി ഒരിക്കലും അവ എണ്റ്റെ തലയിലേക്ക്‌ തിരിച്ചുവരില്ല എന്ന സത്യം എന്നെ വേദനിപ്പിച്ചു. പുതുവര്‍ഷം പിറന്നപ്പോള്‍ പഴയ കലണ്ടര്‍ ചുരുട്ടിക്കൂട്ടി എവിടെയോ എറിഞ്ഞു.ശേഷം എല്ലാവര്‍ക്കും സന്തോഷപ്രദമായ പുതുവത്സരങ്ങളും നേര്‍ന്നു.കുടിച്ചും കൂത്താടിയും പലരും പുതുവര്‍ഷം ആഘോഷിച്ചു. എന്തിന്‌ ? മരണത്തിലേക്ക്‌ ഒരു ചുവട്‌ കൂടി അടുത്തതിനോ ? ആയുസ്സില്‍ നിന്നും ഒരധ്യായം കൂടി കൊഴിഞ്ഞ്‌ പോയതിനോ ? അതല്ല , ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത അവസരങ്ങള്‍ നഷ്ടപ്പെട്ടതിനോ ? അപ്രത്യക്ഷമായ ഐസിനെയോര്‍ത്ത്‌ സങ്കടപ്പെട്ട , ഉരുകിത്തീര്‍ന്ന മെഴുകുതിരി നൊമ്പരപ്പെടുത്തിയ , കൊഴിഞ്ഞുപോയ മുടികള്‍ വേദനപ്പെടുത്തിയ എണ്റ്റെ മനസ്സ്‌.......അതിലെ ചിന്തകള്‍ കാടുകയറുന്നു......... നിങ്ങളുടെ ചിന്തകളോ ?

Sunday, January 21, 2007

സ്വപ്നലോകത്തെ സൈനബ

പഞ്ചാരമാവിന്‍ കൊമ്പില്‍ അന്നും ആ മഞ്ഞക്കിളികള്‍ കൊക്കോട്‌കൊക്കുരുമ്മി ഇരുന്നു.സൈനബ കൗതുകത്തോടെ അവയെത്തന്നെ നോക്കിയിരുന്നു.സൈനബയുടെ ആടുകള്‍ അവക്ക്‌ കിട്ടിയതെല്ലാം വയറ്റിലാക്കി. മഞ്ഞക്കിളികളുടെ കാട്ടിക്കൂട്ടലുകള്‍ സൈനബയുടെ ഇളംമനസ്സില്‍ ചെറിയ ഓളങ്ങള്‍ സൃഷ്ടിച്ചു.'അവയെപ്പോലെ ഒരു ദിവസം തനിക്കും......നല്ല ഒന്നാംതരം അത്തറ്‌ മണക്കുന്ന...ഇസ്തിരിയിട്ട്‌ നിവര്‍ത്തിയ വെള്ളക്കുപ്പായമിട്ട....നീളന്‍ കാല്‍സറായി ഇട്ട....മുല്ലത്തൊപ്പിവച്ച ...ഒരു മണവാളന്‍..!!' മണവാളന്‍ മുഖത്ത്‌ നോക്കി ചിരിക്കുന്നത്‌ ആലോചിച്ചപ്പോള്‍ സൈനബക്ക്‌ നാണം തോന്നി. 'മണവാളന്‍ ദുബായ്ക്കാരനാവണം..നല്ല മൊഞ്ചുള്ളവന്‍...പുത്തന്‍പുരക്കലെ കുഞ്ഞീബിയുടെ പുത്യാപ്ല ദുബായ്ക്കാരനാണ്‌...എന്തൊരു മൊഞ്ചാ കാണാന്‍...മുഖത്ത്‌ ഒരു കറുത്ത കണ്ണടയും കയ്യില്‍ തിളങ്ങുന്ന സ്വര്‍ണ്ണവാച്ചും കാലില്‍ മിനുങ്ങുന്ന തോല്‍ചെരുപ്പും....ആകെക്കൂടി ഒരു ഹോജാരാജകുമാരന്‍...പിന്നെ കുഞ്ഞീബി...ഒരു കൊട്ട പൊന്നല്ലേ ഓളെ മേലാകെ...കാത്‌ല്‌ മുയിവന്‍ എളകിയാട്‌ണ എലച്ചുറ്റേള്‌....കൗത്ത്‌ല്‌ കരിമണിമാലിം സ്റ്റാര്‍ മാലിം..അരേല്‌ സ്വര്‍ണ്ണരഞ്ഞാണം....കാല്‌ല്‌ പൊന്നിന്‍ കൊലുസ്സ്‌...തലേല്‌ മിനുക്കസാവളിതട്ടം....പട്ട്ന്റെ കുപ്പായം...ഒക്കെ കിട്ടിയത്‌ ഓളെ പുത്യാപ്ല ദുബായ്ക്കാരനായത്‌ കൊണ്ടാ...ഇച്ചും ഒര്‌ ദുബായ്ക്കാരന്‍ തന്നെ മതി....'സൈനബയുടെ സ്വപ്നങ്ങളില്‍ ദുബായ്‌ മണവാളന്‍ നിറഞ്ഞ്‌നിന്നു. കുഞ്ഞീബിയുടെ പുത്യാപ്ല ദുബായില്‍ നിന്ന് വന്നപ്പോള്‍ കൊണ്ടുവന്ന സാധനങ്ങളുടെ പേരുകള്‍ ഉമ്മു പറഞ്ഞത്‌ സൈനബ ഓര്‍ത്തു....'ഞെക്ക്യാ കത്ത്‌ണ ബള്‍ക്ക്‌...പാട്ട്‌ പാട്‌ണ പെട്ടി....അമര്‍ത്ത്യാ ചീറ്റ്‌ണ ശെന്റ്‌....കണ്ണ്‍ചിമ്മിത്തൊര്‍ക്‌ക്‍ണ പാവക്കുട്ടി...പുള്ളിക്കൊട....ഈറോപ്പെന്ന്...തസ്ബിമാല...ഡിസ്കോതട്ടം... അങ്ങനെ അങ്ങനെ ...' ' എന്തൊര്‌ പത്രാസാ കുഞ്ഞീബിക്കിപ്പം....പണ്ട്‌ പപ്പടം ബിറ്റ്‌ നട്‌ന്നാ ഓളെ ഇമ്മ ഓളിം അന്‌സത്തിനിം ബളര്‍ത്ത്യേത്ന്ന് ഇമ്മ പറഞ്ഞ്‌ കേട്ട്ക്‌ക്‍ണ്‌.ഓളെ ബാപ്പ സൊക്കേടായി കടന്ന് കടന്ന് അങ്ങട്ട്‌ മൗത്തായി...ഇപ്പം ഓളെക്കണ്ടാല്‌ അങ്ങന്ത്തൊര്‌ ഇമ്മന്റിം ബാപ്പന്റിം മോളാന്ന് ആരാ പറ്യേ....? ഓളെ പുത്യാപ്ല ദുബായ്ക്കാരനായ്ട്ടല്ലേ...ഇച്ചും മാണം ഒര്‌ ദുബായ്‌പുത്യാപ്ല' 'കുഞ്ഞീബിന്റെ പെരന്റെ മാതിരി ഒര്‌ പര്‌ത്തപെരണ്ടാക്കണം....അയിന്റെ മുറ്റത്തൊര്‌ ബെള്‍ത്തകാറ്‌...കാറ്‌ന്റുള്ള്‌ല്‌ "യാസീന്‍ " സൂറത്ത്‌ തൂക്കണം...കുഞ്ഞീബിന്റെമാതിരി തന്നെ കൊറെ കുട്ട്യോളും മാണം...അപ്പം...അപ്പം കാറ്‌ മത്യാവൂല....ഒര്‌ ബസ്‌...ന്നട്ട്‌ ഞങ്ങള്‌ങ്ങനെ...' "സൈനൂ...സൈനൂൂൂ..." മറ്യാത്തയുടെ വിളികേട്ട്‌ സൈനബ സ്വപ്നത്തില്‍നിന്ന് ഞെട്ടിയുണര്‍ന്നു. "ആ...എത്താ...." "ജ്ജ്‌ ബ്‌ടെ എത്ത്‌ട്‌ക്കാ....എപ്പം ബിള്‍ച്ച്‌ണ്‌ണ്ടന്നെ...അന്റെമ്മ തലേംചുറ്റി ബീണ്‌...ലാക്കട്ടറെട്‌ത്ത്ക്ക്‌ കൊണ്ടോവാന്‍ നിക്‌ക്‍ണ്‌ണ്ട്‌...." മറ്യാത്ത ഒറ്റശ്വാസത്തില്‍ പറഞ്ഞുതീര്‍ത്തു. "ന്റമ്മേ....മ്മേ...." നിലവിളിച്ചുകൊണ്ട്‌ സൈനബ വീട്ടിലേക്കോടി...പിന്നാലെ മറ്യാത്തയും....അതിന്‌ പിന്നാലെ സൈനബയുടെ ആടുകളും... ( തുടരും..)

Saturday, January 20, 2007

ക്ഷമിക്കണം - എനിക്കും എയിഡ്‌സ് ആണ്‌ !!!

            Pre-Degree - ക്ക്‌ പഠിക്കുന്ന കാലം അഥവാ ഹോസ്റ്റലില്‍ എല്ലാം കടത്തിലോടുന്ന കാലം....ഷൂ , ഷര്‍ട്ട്‌ , അണ്ടര്‍വെയര്‍ , സോപ്പ്‌ , പേസ്റ്റ്‌ , ബക്കെറ്റ്‌ ...അങ്ങിനെ സകല സ്ഥാവരജംഗമവസ്തുക്കളും കടം വാങ്ങി ഉപയോഗിക്കുന്നതില്‍ ഒരു ത്രില്ല്‌ ആയിരുന്നു. പൂച്ച പി.ഡി.സി.കളുടെ അടുത്ത്‌ എല്ലാം സുലഭവും...  

            അങ്ങിനെ മുന്നോട്ട് പോകുന്ന കാലത്ത്‌ ഒരു ദിവസം പൂച്ചകളെല്ലാം ദീര്‍ഘാവധിയില്‍ നാട്ടില്‍പോയി. ഹോസ്റ്റലില്‍ ഞങ്ങള്‍ കടുവകള്‍ മാത്രമായി.ഒരുത്തന്റെ അടുത്തും സോപ്പോ എണ്ണയോ പേസ്റ്റോ ഇല്ല.ആദ്യദിനം ആരും അങ്ങോട്ടുമിങ്ങോട്ടും പറയാതെ ചില ഒപ്പിക്കല്‍ പരിപാടികള്‍ നടത്തി.രണ്ടാം ദിവസവും തദൈവ.മൂന്നാം ദിവസം മുതല്‍ പലതരം നാറ്റങ്ങള്‍ ഉയരാന്‍ തുടങ്ങി...! പേസ്റ്റില്ലാത്ത പല്ലുതേപ്പും സോപ്പില്ലാത്ത കുളിയും മുന്നോട്ട്‌ പോകാത്തതിനാല്‍ ഞാന്‍ അവ വാങ്ങാന്‍ തന്നെ തീരുമാനിച്ചു.  

            അന്ന്‌ വൈകുന്നേരം ഞാന്‍ ഒരു പിയേഴ്സ്‌ സോപ്പും ഒരു ക്ളോസപ്പ്‌ പേസ്റ്റും വാങ്ങി.പിറ്റേന്ന്‌ ആരും കാണാതെ പല്ലുതേപ്പും കുളിയും കഴിച്ചു.മറ്റു പുലികള്‍ അപ്പോഴും വായ-വായു നാറ്റങ്ങളിലൂടെ അന്തരീക്ഷ മലിനീകരണം തുടര്‍ന്നു കൊണ്ടിരുന്നു.അടുത്ത ദിവസവും ഞാന്‍ കാര്യം സാധിച്ചു.പക്ഷേ അന്നുരാത്രി ഒരു കഴുതപ്പുലി എന്റെ കയ്യില്‍ സോപ്പും പേസ്റ്റും ഉള്ള വിവരം അറിഞ്ഞു.

             അടുത്ത ദിവസത്തെ എന്റെ പിയേഴ്സ്‌ സോപ്പിന്റെയും ക്ളോസപ്പ്‌ പേസ്റ്റിന്റെയും അവസ്ഥ ആലോചിച്ചപ്പോള്‍ മനസ്സ് പിടഞ്ഞു. പെട്ടെന്ന് എന്റെ മെഡുലമണ്ണാങ്കട്ടയില്‍ ഒരു മെഴുകുതിരി കത്തി.ഉടന്‍ ഞാന്‍ ഒരു പോസ്റ്റര്‍ തയ്യാറാക്കി -

 "എനിക്ക്‌ എയിഡ്സ്‌ ആണ്‌ ...എണ്റ്റെ സോപ്പും പേസ്റ്റും ഉപയോഗിക്കരുത്‌". 

പോസ്റ്റര്‍ റൂമിന്റെ വാതിലില്‍ ഒട്ടിച്ച ശേഷം വാതില്‍ മലക്കെ തുറന്നിട്ട്‌ ധൈര്യസമേതം ഞാന്‍ ഉറങ്ങി.

         പിറ്റേന്ന്‌ എണീറ്റ ഉടനെ എന്റെ ഐഡിയയുടെ ഫലമറിയാന്‍ ഞാന്‍ സോപ്പും പേസ്റ്റും വച്ച സ്ഥലത്തേക്ക്‌ നോക്കി. 

‘ങേ!! അവ കാണാനില്ല !!!‘

         ഞാന്‍ ഉടന്‍ റൂമിന്റെ വാതിലില്‍ ഒട്ടിച്ച പോസ്റ്റര്‍ നോക്കി.എന്റെ പോസ്റ്ററിന്റെ താഴെ പുതിയൊരു പോസ്റ്റര്‍  ! അതിലിപ്രകാരം ഒരു എഴുത്തും....

 " ക്ഷമിക്കണം - എനിക്കും എയിഡ്‌സ് ആണ് ... സോപ്പും പേസ്റ്റും ഞാന്‍ എടുക്കുന്നു !!!"

Tuesday, January 16, 2007

കേരള സ്കൂള്‍ അപ്പീലുത്സവം !!

              ഔദ്യോഗിക ജീവിതത്തിന്റെ സായംസന്ധ്യയില്‍ എത്തിനില്‍ക്കുന്ന വീരാപ്പുമാഷ്‌ TV News ശ്രദ്ധിച്ചിരിക്കുകയാണ്‌.വി.എസ്‌ - പിണറായി സര്‍ക്കസിലെ അടിയില്‍ ആരുമാരും ഗോളടിക്കാതെ ഇടവേളക്ക്‌ പിരിഞ്ഞതിന്ന് പിന്നാലെ സംസ്ഥാന സ്കൂള്‍ യുവജനോല്‍സവ വാര്‍ത്തകള്‍ വരവായി. - "ഫോണിന്‍ പരിപാടിയിലൂടെ ഞങ്ങളുടെ പ്രതിനിധി സിന്ധു നല്‍കുന്ന വിശദമായ റിപ്പോര്‍ട്ടുകള്‍...."

  " സിന്ധൂ...അവസാന പോയിന്റ്‌നില അറിയിക്കാമോ ?"

  "ഇഞ്ചോടിഞ്ച്‌ പോരാട്ടത്തില്‍ കോഴിക്കോടും പാലക്കാടും കിരീടത്തോടടുക്കുകയാണ്‌.ഒരു കോടതിവിധി കൂടി വരാനുള്ളതിനാല്‍ അവസാന പോയിന്റ്‌നില പറയാറായിട്ടില്ല.പ്രധാനവേദിയില്‍ ഒരു മണിക്കൂര്‍ മുമ്പ്‌ സമാപിച്ച കയ്യാങ്കളി മല്‍സരത്തി...."

  " O K ...സിന്ധൂ...ഇന്ന് നടക്കുന്ന മല്‍സരങ്ങളെപ്പറ്റി ഒന്ന് പറയാമോ ?"  

"വേദി രണ്ടില്‍ രാവിലെ 8 മണിക്ക്‌ ആരംഭിക്കേണ്ട കൂടിയാട്ടം 12 മണിക്കും ആരംഭിച്ചിട്ടില്ല....ഇപ്പോള്‍ കലാകൗമാരങ്ങളുടെ കൂട്ടയോട്ടമാണ്‌ എനിക്കവിടെ കാണാന്‍ സാധിക്കുന്നത്‌.."

  'ങാ...രണ്ടും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല' - വീരാപ്പുമാഷ്‌ ആത്മഗതം ചെയ്തു.



"O K ...സിന്ധൂ... ഇന്ന് എടുത്തുപറയത്തക്ക മികച്ച പ്രകടനങ്ങള്‍ വല്ലതും...?"

  "തീര്‍ച്ചയായും..കലയുടെ മാരിവില്ലുകള്‍ വര്‍ണ്ണവിസ്മയമൊരുക്കിയ കലാപനഗരിയുടെ ഹൃദയത്തില്‍ , രാഗ-മേള-താള-ലയ സമന്വയത്തിന്റെ മൂന്നാംദിനത്തില്‍ , ഇശലുകള്‍ പെയ്തിറങ്ങിയ പൂനിലാവിന്‌ ശേഷം.....വിദ്യാഭ്യാസമന്ത്രിക്കെതിരെ ഒരു പ്രതിഷേധപ്രകടനം നടന്നു...!!!"

  'അത്‌ നേരെചൊവ്വെ അങ്ങ്‌ പറഞ്ഞാല്‍ പോരെടീ...' സാഹിത്യമഴ കേട്ട്‌ വീരാപ്പുമാസ്റ്റര്‍ക്ക്‌ കലികയറി.


"O K ...വേദി മൂന്നില്‍...?"

  "വേദി മൂന്നില്‍ യക്ഷിഗാനം ക്ഷമിക്കണം യക്ഷഗാനം അരങ്ങേറുന്നതായി ഒഴിഞ്ഞ കസേരകള്‍ സൂചിപ്പിക്കുന്നു.."

  "പെണ്‍കുട്ടികളുടെ ഒപ്പനയില്‍ മല്‍സരിക്കുന്ന ടീമുകളുടെ എണ്ണം അറിയിക്കാമോ ?"

  "ഒറിജിനല്‍ 14 , ഡിഡി അപ്പീല്‍ 14 , കീഴ്‌കോടതി അപ്പ്പീല്‍ 14 , മേല്‍കോടതി അപ്പ്പീല്‍ 14 ,നടുക്കോടതി അപ്പ്പീല്‍ 14 ...അങ്ങനെ ആകെ മൊത്തം 70 എണ്ണം മാത്രം !!!"

  "ഹൊ..ഇതെന്താ...യു.പി മന്ത്രിസഭയോ?" വീരാപ്പുമാസ്റ്റര്‍ ദീര്‍ഘശ്വാസം വിട്ടു.

  "പ്രസ്തുതമല്‍സരം ഏകദേശം എന്ന് തീരും ?"

  "ഇന്നത്തെ കാലാവസ്ഥ അനുസരിച്ച്‌ ഒപ്പന മല്‍സരം തീരാന്‍ ഇനിയും മൂന്ന് ദിവസം പിടിക്കും !!"

  "വെരിഗുഡ്‌..കലോല്‍സവം കഴിഞ്ഞാലും ഒപ്പന തുടരും..!" വീരാപ്പുമാസ്റ്റര്‍ കയ്യടിച്ചു.  

"ഇനി കലോല്‍സവ നഗരിയില്‍ നിന്നുള്ള ഒരു അഭിമുഖം..."



"താങ്കളുടെ പേര്‌ ?"

  "അപ്പീലുകുമാര്‍..!!"

  "താങ്കളും താങ്കളുടെ പേരും തമ്മിലുള്ള ബന്ധം ?"

  "അസംബന്ധം"

  "പ്രധാനഹോബി"

  "അപ്പീല്‍...അപ്പോഴുമെപ്പോഴുമപ്പീല്‍..."

  "കലോല്‍സവ നടത്തിപ്പിനെപ്പറ്റി എന്തെങ്കിലും ?"

  "കലോല്‍സവ നഗരിയില്‍ മൊബെയില്‍ കോടതികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നാണ്‌..."

  "ഓകെ..താങ്ക്യൂ അപ്പീലു..ഇനിയും എല്ലാവരെയും അങ്കലാപ്പിലാക്കാന്‍ അപ്പീലുവിന്‌ സാധിക്കട്ടെ...കേരള സ്കൂള്‍ അപ്പീലുത്സവനഗരിയില്‍ നിന്നുള്ള വാര്‍ത്തകള്‍ സമാപിക്കുന്നു...."

Monday, January 15, 2007

ഐന്‍സ്റ്റീനിന്റെ ബൂകുരുത്ത ( കെട്ട ) നിയമം !!!

             ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്ത്‌ വന്‍കുതിച്ചുചാട്ടത്തിന്‌ വഴിയൊരുക്കിക്കൊണ്ട്‌ നാല്‌ ഉപഗ്രഹങ്ങളെയും വഹിച്ച്‌ PSLV-C7 ഭ്രമണപഥത്തിലെത്തി എന്ന വാര്‍ത്ത വായിച്ചപ്പോള്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പാരലെല്‍ കോളേജില്‍ എട്ടാംക്ലാസ്സിലെ ഊര്‍ജ്ജതന്ത്രം പരീക്ഷാപേപ്പര്‍ മൂല്യനിര്‍ണ്ണയം നടത്തിയത്‌ ഓര്‍മ്മ വന്നു.

                     അഖിലാണ്ട മണ്ടന്മാരുടെ ഏക ആശ്രയമായിരുന്നു "ബ്രയിന്‍ലെസ്സ്‌" എന്ന ആ പാരലെല്‍ കോളേജ്‌. വര്‍ഷാവസാനം വിദ്യാര്‍ത്ഥികള്‍ അനൗദ്യോഗികമായി നടത്തുന്ന "സൂപര്‍ മണ്ട" കോണ്ടസ്റ്റില്‍ (ആ വര്‍ഷത്തെ മിസ്റ്റര്‍ ആന്റ്‌ മിസ്‌ മരമണ്ടന്‍ ) ഹാട്രിക്‌ വിജയം നേടി ഇരിക്കുന്ന വടിവേലുവിന്റെ ഊര്‍ജ്ജതന്ത്രം പരീക്ഷാപേപ്പറിൽ, പതിവുപോലെ ഒന്നു മുതല്‍ ഇരുപതു വരെയുള്ള ചോദ്യങ്ങള്‍ക്ക്‌ ഞാന്‍ കണ്ണും പൂട്ടി ക്രോസ്സടിച്ചു.ഇരുപത്തിഒന്നാം ചോദ്യം...വടിവേലു വെണ്ടക്കാ വലിപ്പത്തില്‍ നീണ്ട ഉത്തരം എഴുതിയിരിക്കുന്നു! ചോദ്യമെന്തെന്നറിയാന്‍ ഞാന്‍ ചോദ്യപേപ്പര്‍ എടുത്ത്‌ നോക്കി.

               "ഇന്ത്യന്‍ ഉപഗ്രഹ വിക്ഷേപണത്തെക്കുറിച്ച്‌ വിവരിക്കുക" സാധാരണ കുട്ടി പോലും ഉത്തരം എഴുതാത്ത ഈ ചോദ്യത്തിന്‌ വടിവേലുവിന്റെ 916 മരമണ്ടയില്‍ നിന്ന് ഇത്ര സമര്‍ഥമായി ഉത്തരം എങ്ങനെ പുറത്തുചാടി എന്നറിയാന്‍ ഞാന്‍ അത്‌ വായിച്ചു നോക്കി.അതിങ്ങനെയായിരുന്നു - " ഇന്ത്യന്‍ ഉപദ്രവ വിഷേപണം. ഇന്ത്യ കൊറേ ഉപദ്രവങ്ങള്‍ വിഷേപിച്ചിട്ടുണ്ട്‌.അവയില്‍ പലതും ഐന്‍സ്റ്റീനിന്റെ ബൂകുരുത്തം എന്ന കുരുത്തം കെട്ട നിയമം സരിയാണെന്ന് തെളിയിച്ചു. മുകളിലേക്ക്‌ വിട്ട ഒരു സാതനം ബൂമിയിലേക്ക്‌ തലകുത്തി വീയും എന്നതാണ്‌ ഐന്‍സ്റ്റീനിന്റെ ബൂകുരുത്ത നിയമം. കൂടാതെ കാലാവസ്താ മുന്നറിയിപ്പുകളും നൂറ്‌ക്ക്‌ നൂറ്‌ സതമാനം സരിയാകുന്നത്‌ ഇന്ത്യ ഉപദ്രവം വിഷേപിക്കുന്ന ദിവസങ്ങളിലാണ്‌. അന്നേ ദിവസം ഇങ്ങനെ ഒരറിയിപ്പ്‌ കേള്‍ക്കാം - ഇന്ത്യ ഉപദ്രവം വിഷേപിക്കുന്നതിനാല്‍ മല്‍സ്യബന്തന തൊയിലാളികള്‍ ഇന്ന് കടലില്‍ പോകരുത്‌.നക്ഷത്രങ്ങളെ പിടിക്കാന്‍ വിട്ട ഉപദ്രവങ്ങള്‍ കടലിലെ മീനുകളെ പിടിക്കാനും ഉപയോഗിക്കാമെന്ന പുത്തന്‍ സാമ്പത്തികവിദ്യ ലോകത്താദ്യമായി അവതരിപ്പിച്ച രാജ്യമെന്ന നിലയില്‍ ഇന്ത്യക്ക്‌ അപിമാനിക്കാം."  

             ഇതിനെത്ര മാര്‍ക്കിടണമെന്നറിയാതെ എന്റെ മെഡുലമണ്ണാങ്കട്ട തകര്‍ന്ന് തരിപ്പണമായി.

Thursday, January 11, 2007

ഔട്ട്‌ ഓഫ്‌ സിലബസ്‌ ചോദ്യം

പരീക്ഷ കഴിഞ്ഞെത്തിയ മകനോട്‌ അഛന്‍ ചോദിച്ചു.
"പരീക്ഷ എങ്ങിനെ ഉണ്ടായിരുന്നു മോനേ?"

  "നല്ല എളുപ്പമായിരുന്നു"

  "കേള്‍ക്കട്ടെ...എന്തൊക്കെയായിരുന്നു ചോദ്യങ്ങള്‍?"



"മുഴുവനൊന്നും എനിക്കോര്‍മ്മയില്ല..."

  "ഓര്‍മ്മയുള്ളത്‌ പറയൂ..." അഛന്‍ മകനെ പ്രോല്‍സാഹിപ്പിച്ചു.  

"ങാ....കശുവണ്ടി എന്നാല്‍ എന്ത്‌?"

  "ഹായ്‌...ഈസി ചോദ്യം...മോനെന്ത്‌ ഉത്തരം എഴുതി?"



"രണ്ട്‌ കൈ കൊണ്ടും തള്ളിക്കൊണ്ടുപോകുന്ന ഒരുതരം വണ്ടിയാണ്‌ കശുവണ്ടി"

  "ങേ!!!"അഛന്റെ ഞെട്ടല്‍ കേള്‍ക്കാതെ മകന്‍ അടുത്ത ചോദ്യം പറഞ്ഞു.



"പര്യായപദം എഴുതുക - കുരങ്ങന്‍"


"ങാ....മോനെന്ത്‌ എഴുതി?"

  "ചേട്ടന്‍!"

  "ദൈവമേ!!!"അഛന്‍ അറിയാതെ വിളിച്ചു.

  "ദൈവമല്ല...അഛന്‍ ചേട്ടനെ ഒരു ദിവസം കുരങ്ങാന്ന് വിളിക്കുന്നത്‌ ഞാന്‍ കേട്ടിരുന്നു...പിന്നെ ...അടുത്ത ചോദ്യം....അഛന്‍-അമ്മ ; തമ്മിലുള്ള ബന്ധം എന്ത്‌?"

  "മിണ്ടിപ്പോകരുത്‌!" അഛന്‍ കനത്ത ശബ്ദത്തില്‍ വിളിച്ചു പറഞ്ഞു.

‘അല്ലെങ്കിലും അത്‌ ഞാന്‍ പറയേണ്ടതില്ലല്ലോ , അത്‌ ഔട്ട്‌ ഓഫ്‌ സിലബസ്‌ ചോദ്യമല്ലേ ?' ആത്മഗതം ചെയ്തുകൊണ്ട്‌ മകന്‍ സ്ഥലം വിട്ടു.

Monday, January 08, 2007

സജ്‌ന എന്ന പെണ്‍കുട്ടി.

         പ്രീഡിഗ്രി രസതന്ത്ര ലബോറട്ടറിയിലെ എന്റെ വിഢ്ഢിത്ത പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു.സ്ഥിരവും തുടര്‍ച്ചയായതുമായ റീഡിംഗ്‌ എന്റെ പരീക്ഷണങ്ങളില്‍ ഒരിക്കലും ഒത്തുവന്നില്ല.പക്ഷേ അറ്റന്റര്‍ക്ക്‌ ലാബ്‌ അടച്ച്‌ പോകേണ്ടതിനാല്‍ ഞങ്ങള്‍ തമ്മില്‍ ഒരു അഡ്‌ജസ്റ്റ്‌മെന്റിലെത്തി - മൂന്നാം ടൈട്രേഷനില്‍ കിട്ടിയാലും ഇല്ലെങ്കിലും തുടര്‍ച്ചയായ റീഡിങ്ങാക്കി എഴുതുക!!!  

             അങ്ങിനെ സസുഖം വാഴുന്ന കാലത്താണ്‌ എന്റെ തൊട്ടടുത്ത ടേബിളില്‍ ഒരു പുതുമുഖം എത്തിയത്‌.നാട്ടിക S.N കോളേജില്‍ നിന്നും , എന്റെ ശ്രദ്ധ തെറ്റിക്കാനായി തന്നെ എത്തിയ സജ്‌ന എന്ന പെണ്‍കുട്ടി. കോഴിവസന്ത പിടിച്ച കോഴിയുടെ കണ്ണ്‌ തൂങ്ങുന്നപോലെ ഒരു പ്രത്യേക താളമായിരുന്നു സജ്‌നയുടെ കണ്ണുകള്‍ക്ക്‌.

                 നാറുന്ന കെമിസ്റ്റ്രിയില്‍ ഒരു ഗന്ധവും ഇല്ലാതിരുന്ന അവളെ ലാബില്‍ സഹായിക്കേണ്ട ചുമതല സാറ്‌ ഏല്‍പിച്ചത്‌ എന്നെ!!!എന്റെ ക്ലാസ്സിലെ പലര്‍ക്കും അതില്‍ എന്നോട്‌ അസൂയ തോന്നിയിരുന്നു.പക്ഷേ ആ വിഢ്ഢികൂശ്മാണ്ഡം കാരണം ഞാന്‍ വല്ലാതെ ബുദ്ധിമുട്ടി.

                 ഒരു ദിവസം ഞാന്‍ സീരിയസ്സായി ടൈട്രേഷന്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. End Point എത്താന്‍ ഏതാനും തുള്ളികള്‍ മാത്രം മതി.പെട്ടെന്നാണ്‌ അടുത്ത ടേബിളില്‍ നിന്നും സജ്‌നയുടെ ത്രിശൂര്‍ style ചോദ്യം...
  "ആബിദ്‌..ഇത്‌ എന്തൂട്ട്‌ പണ്ടാരം...ശവി..."

  ലാബില്‍ അവളുടെ 'നോക്കല്‍ ഗാര്‍ഡിയന്‍' ആയതിനാല്‍ എന്റെ ശ്രദ്ധ പെട്ടെന്ന് അവളിലേക്ക്‌ തിരിഞ്ഞു.തുടര്‍ച്ചയായ അഞ്ചാം ടൈട്രേഷനിലും End Point കിട്ടാതെ സജ്‌നയുടെ കോണിക്കല്‍ ഫ്ലാസ്കിലെ സൊലൂഷന്‍ കടുംപിങ്ക്‌ നിറത്തില്‍ അവളെ നോക്കി ഇളിക്കുന്നു!!!.

പെട്ടെന്നുള്ള വിളിയില്‍ ബ്യൂററ്റ്‌ പൂട്ടാന്‍ മറന്നുപോയ എന്റെ കോണിക്കല്‍ ഫ്ലാസ്കിലും കടുംപിങ്ക്‌ നിറത്തില്‍ സൊലൂഷന്‍ ഇളിച്ചുകാട്ടി. സാര്‍ അടുത്തെങ്ങുമില്ല എന്നുറപ്പ്‌ വരുത്തി ഒരു ഏകദേശ End Point എഴുതി ഞാന്‍ അടുത്ത വിഢ്ഢിത്തത്തിലേക്ക്‌ അടിവച്ചു.