Pages

Saturday, January 20, 2007

ക്ഷമിക്കണം - എനിക്കും എയിഡ്‌സ് ആണ്‌ !!!

            Pre-Degree - ക്ക്‌ പഠിക്കുന്ന കാലം അഥവാ ഹോസ്റ്റലില്‍ എല്ലാം കടത്തിലോടുന്ന കാലം....ഷൂ , ഷര്‍ട്ട്‌ , അണ്ടര്‍വെയര്‍ , സോപ്പ്‌ , പേസ്റ്റ്‌ , ബക്കെറ്റ്‌ ...അങ്ങിനെ സകല സ്ഥാവരജംഗമവസ്തുക്കളും കടം വാങ്ങി ഉപയോഗിക്കുന്നതില്‍ ഒരു ത്രില്ല്‌ ആയിരുന്നു. പൂച്ച പി.ഡി.സി.കളുടെ അടുത്ത്‌ എല്ലാം സുലഭവും...  

            അങ്ങിനെ മുന്നോട്ട് പോകുന്ന കാലത്ത്‌ ഒരു ദിവസം പൂച്ചകളെല്ലാം ദീര്‍ഘാവധിയില്‍ നാട്ടില്‍പോയി. ഹോസ്റ്റലില്‍ ഞങ്ങള്‍ കടുവകള്‍ മാത്രമായി.ഒരുത്തന്റെ അടുത്തും സോപ്പോ എണ്ണയോ പേസ്റ്റോ ഇല്ല.ആദ്യദിനം ആരും അങ്ങോട്ടുമിങ്ങോട്ടും പറയാതെ ചില ഒപ്പിക്കല്‍ പരിപാടികള്‍ നടത്തി.രണ്ടാം ദിവസവും തദൈവ.മൂന്നാം ദിവസം മുതല്‍ പലതരം നാറ്റങ്ങള്‍ ഉയരാന്‍ തുടങ്ങി...! പേസ്റ്റില്ലാത്ത പല്ലുതേപ്പും സോപ്പില്ലാത്ത കുളിയും മുന്നോട്ട്‌ പോകാത്തതിനാല്‍ ഞാന്‍ അവ വാങ്ങാന്‍ തന്നെ തീരുമാനിച്ചു.  

            അന്ന്‌ വൈകുന്നേരം ഞാന്‍ ഒരു പിയേഴ്സ്‌ സോപ്പും ഒരു ക്ളോസപ്പ്‌ പേസ്റ്റും വാങ്ങി.പിറ്റേന്ന്‌ ആരും കാണാതെ പല്ലുതേപ്പും കുളിയും കഴിച്ചു.മറ്റു പുലികള്‍ അപ്പോഴും വായ-വായു നാറ്റങ്ങളിലൂടെ അന്തരീക്ഷ മലിനീകരണം തുടര്‍ന്നു കൊണ്ടിരുന്നു.അടുത്ത ദിവസവും ഞാന്‍ കാര്യം സാധിച്ചു.പക്ഷേ അന്നുരാത്രി ഒരു കഴുതപ്പുലി എന്റെ കയ്യില്‍ സോപ്പും പേസ്റ്റും ഉള്ള വിവരം അറിഞ്ഞു.

             അടുത്ത ദിവസത്തെ എന്റെ പിയേഴ്സ്‌ സോപ്പിന്റെയും ക്ളോസപ്പ്‌ പേസ്റ്റിന്റെയും അവസ്ഥ ആലോചിച്ചപ്പോള്‍ മനസ്സ് പിടഞ്ഞു. പെട്ടെന്ന് എന്റെ മെഡുലമണ്ണാങ്കട്ടയില്‍ ഒരു മെഴുകുതിരി കത്തി.ഉടന്‍ ഞാന്‍ ഒരു പോസ്റ്റര്‍ തയ്യാറാക്കി -

 "എനിക്ക്‌ എയിഡ്സ്‌ ആണ്‌ ...എണ്റ്റെ സോപ്പും പേസ്റ്റും ഉപയോഗിക്കരുത്‌". 

പോസ്റ്റര്‍ റൂമിന്റെ വാതിലില്‍ ഒട്ടിച്ച ശേഷം വാതില്‍ മലക്കെ തുറന്നിട്ട്‌ ധൈര്യസമേതം ഞാന്‍ ഉറങ്ങി.

         പിറ്റേന്ന്‌ എണീറ്റ ഉടനെ എന്റെ ഐഡിയയുടെ ഫലമറിയാന്‍ ഞാന്‍ സോപ്പും പേസ്റ്റും വച്ച സ്ഥലത്തേക്ക്‌ നോക്കി. 

‘ങേ!! അവ കാണാനില്ല !!!‘

         ഞാന്‍ ഉടന്‍ റൂമിന്റെ വാതിലില്‍ ഒട്ടിച്ച പോസ്റ്റര്‍ നോക്കി.എന്റെ പോസ്റ്ററിന്റെ താഴെ പുതിയൊരു പോസ്റ്റര്‍  ! അതിലിപ്രകാരം ഒരു എഴുത്തും....

 " ക്ഷമിക്കണം - എനിക്കും എയിഡ്‌സ് ആണ് ... സോപ്പും പേസ്റ്റും ഞാന്‍ എടുക്കുന്നു !!!"

7 comments:

Areekkodan | അരീക്കോടന്‍ said...

ഹോസ്റ്റല്‍ ജീവിതത്തില്‍ നിന്ന് ഒരു ഏട്‌ കൂടി....

ak47urs said...

അങ്ങനെ അങ്ങനെ കേരളത്തില്‍ എല്ലായിടത്തും
നിങ്ങള്‍ എയ്ഡ്സ് പരത്തി..അല്ലെ??

കണ്ണൂരാന്‍ - KANNURAN said...

ഇതാ പറയുന്നത് മക്കള്‍ സൂത്രം പഠിക്കുമ്പോള്‍ ഉപ്പ കിടന്നുറങ്ങുകയല്ലാന്ന്.......... പറയാ‍ന്‍ മറന്നു.. നന്നായിട്ടുണ്ട്.

Kaithamullu said...

വളരെക്കാലം മുമ്പാണ്:
ഭാ‍ര്യ ആദ്യ പ്രസവത്തിന് നാട്ടില്‍ പോയ സമയം.
പഴയ ചങ്ങാതിക്കൂട്ടം വീണ്ടും പറ്റിക്കൂടിയിരിക്കുന്നു.

-വ്യാഴാഴ്ച രാത്രിയിലെ ആഘോഷങ്ങള്‍ക്കു ശേഷം
എല്ലാരും, കൈയില്‍ നിന്നും താഴെ വീണ തീപ്പെട്ടിക്കമ്പുകള്‍ പോലെ പല ദിശകള്‍ ലക്‍ഷ്യമാക്കി, കിടന്നുറങ്ങുന്നു.

അപ്പോള്‍ രാസ് അല്‍ഖൈമയില്‍നിന്നു വന്ന ബാബു ബാത്രൂമില്‍ നിന്നു വിളിച്ചു ചോദിച്ചു:-മുള്‍സ്, പുതിയ ബ്രഷുണ്ടോ ഒരെണ്ണം പല്ലു തേയ്ക്കാന്‍?
ഞാന്‍ പറഞ്ഞു: പുതിയ ഒരെണ്ണം കാണണമല്ലോ?
മറുപടി: എവിടെയുള്ള എല്ലാം ഞാന്‍ ട്രൈ ചെയ്തു നോക്കി, പുതിയതായി ഒന്നും തോന്നിയില്ലല്ലോ!

-അരീക്കോടാ,വായിച്ചപ്പോള്‍ ഓര്‍മ്മ വന്നതിതാണ്.

മനോജ് കുമാർ വട്ടക്കാട്ട് said...

എന്നാലും അണ്ടര്‍വെയര്‍....!
(അതും കടം വാങ്ങി ഉപയോഗിച്ചോ?)

Areekkodan | അരീക്കോടന്‍ said...

ak47 - aids എന്നാല്‍ സഹായങ്ങള്‍ -അത്‌ കേരളത്തില്‍ പരത്തിയതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.
കണ്ണൂരാന്‍ - അതാരാ പറഞ്ഞത്‌?ഗാന്ധിജിയോ? കൈതമുള്ളേ - ഈ എപിസൊഡ്‌ ഗള്‍ഫിലുമുണ്ടല്ലേ ?
പടിപ്പുരേ - അത്‌ വാങ്ങിയവരും ഉണ്ട്‌ !

ധ്വനി | Dhwani said...

അതു കലക്കി.....
നല്ലിഷ്ട്ടായി.....

Post a Comment

നന്ദി....വീണ്ടും വരിക