തിരൂരങ്ങാടി പി. എസ്. എം. ഒ കോളേജിലെ പ്രീഡിഗ്രിക്കാലത്തോടെയാന്ന് എൻ്റെ കലാലയ ജീവിതം ആരംഭിക്കുന്നത്. പലരുടെയും ജീവിതത്തിൽ നല്ലതും ചീത്തയുമായ പലതിൻ്റെയും തുടക്കം ഇപ്പറഞ്ഞ പ്രീഡിഗ്രിക്കാലത്താണ്. മാതാപിതാക്കളുടെ കൃത്യമായ ശിക്ഷണത്തിൽ വളർന്നതിനാൽ കൗമാര കാലത്തെ ചീത്ത കൂട്ടുകെട്ടുകളിൽ ഒന്നും പെടാതെ ഞാൻ രക്ഷപ്പെട്ടു. ദൈവത്തിന് സ്തുതി , ഇപ്പോഴും എൻ്റെ സൗഹൃദങ്ങൾ വഴി തെറ്റിയിട്ടില്ല എന്നാണ് എൻ്റെ വിശ്വാസം.
1987- 89 കാലഘട്ടത്തിലായിരുന്നു എൻ്റെ പ്രീഡിഗ്രി പഠനം. വീട്ടിൽ നിന്ന് ഒന്നര മണിക്കൂർ യാത്ര ചെയ്ത് എത്താവുന്ന ദൂരമേ കോളേജിലേക്ക് ഉണ്ടായിരുന്നുവുള്ളൂ എങ്കിലും ബസ്സുകൾ കുറവായിരുന്നതിനാൽ ഹോസ്റ്റലിൽ താമസിക്കാനായിരുന്നു എൻ്റെ പ്രിയ പിതാവ് ഉപദേശിച്ചത്. എനിക്ക് പിന്നാലെ, അരീക്കോട് നിന്നുള്ള നാല് പേർ കൂടി ഹോസ്റ്റലിൽ ചേർന്നതോടെ എൻ്റെ പിതാവിൻ്റെ തീരുമാനം ശരിവയ്ക്കപ്പട്ടു. അങ്ങനെ ജീവിതത്തിലാദ്യമായി ഞാൻ ഒരു ഹോസ്റ്റൽ അന്തേവാസിയായി.
കാസർഗോഡ് മുതൽ തൃശൂർ വരെയുള്ളവർ അന്തേവാസികളായി ഹോസ്റ്റലിൽ ഉണ്ടായിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലക്കാരായിരുന്നു ഭൂരിപക്ഷം പേരും. രണ്ട് വർഷം പറന്നങ്ങ് പോയി എന്നാണ് പിന്നീട് ആ കാലത്തെപ്പറ്റി ആലോചിക്കുമ്പോൾ പലപ്പോഴും തോന്നിയത്. പ്രീഡിഗ്രി ജയിച്ചവർ പലരും ഡിഗ്രി കോഴ്സുകൾക്കും പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾക്കും പോയി.ചിലർ പ്രീഡിഗ്രി തോറ്റുപോയി. ചിലർ കുടുംബ പ്രാരാബ്ധങ്ങൾ കാരണം പഠനം നിർത്തി ഗൾഫിലേക്കും പോയി.
മൊബൈൽ ഫോൺ എന്നൊരു ആശയം പോലും വന്നിട്ടില്ലാത്ത ഒരു കാലമായിരുന്നു അത്. ലാൻ്റ് ഫോൺ പോലും അൽപം സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട വീടുകളിലേ ഉണ്ടായിരുന്നുള്ളു. പഠനത്തിന് ശേഷം പരസ്പരം ബന്ധപ്പെടാനുള്ള പ്രധാന മാർഗ്ഗം കത്തെഴുത്ത് മാത്രമായിരുന്നു. അതിനാൽ തന്നെ ആ ബന്ധങ്ങൾക്ക് മനസ്സിണക്കത്തിന് പുറമേ അക്ഷരങ്ങൾ കൂട്ടിവിളക്കിയതിൻ്റെ ഒരു ദൃഢത കൂടി ഉണ്ടായിരുന്നു. സ്വന്തം നാടിന് പുറത്ത് ആദ്യമായി ലഭിച്ച സൗഹൃദമായതിനാൽ ഈ സുഹൃദ് ബന്ധത്തിന് മാധുര്യം വളരെ കൂടുതലായിരുന്നു.
പഠനകാലം കഴിഞ്ഞ് പലരും പല ജോലികൾക്കായി ഭൂമിയുടെ പല ഭാഗത്തേക്കും ചിതറിത്തെറിച്ചു. വിവാഹം കഴിഞ്ഞ് കുടുംബവും മക്കളും ആയ ശേഷം പരസ്പരം ഒന്ന് കണ്ട് മുട്ടാൻ എല്ലാവർക്കും ആശ തോന്നിയത് സ്വാഭാവികം മാത്രം. അങ്ങനെ 2009 ജനുവരി 4-ന് കോഴിക്കോട് മലബാര് ഗേറ്റ് ഹോട്ടലില് (Click & read 126) വച്ച് ഒരു കുടുംബ സംഗമം സംഘടിപ്പിച്ചു. 1987 - 89 കാലയളവിൽ പ്രീഡിഗ്രിക്ക് പി.എസ്. എം.ഒ കോളേജിൽ ചേർന്ന് ഹോസ്റ്റലിൽ താമസിച്ചിരുന്ന ഭൂരിപക്ഷം പേരും അന്ന് സംഗമത്തിന് എത്തിയത് ഒരു ഗംഭീര തുടക്കമായി.2008 ഡിസംബറിൽ ഞാനും അന്ന് ഹോസ്റ്റലിൽ സഹവാസിയായിരുന്ന മഹ്റൂഫും തമ്മിൽ നടന്ന ഒരു കൂടിക്കാഴ്ചയായിരുന്നു ഈ സംഗമത്തിൻ്റെ കാരണം.
പ്രസ്തുത സംഗമത്തിന് ശേഷം അതു പോലൊരു സംഗമം പിന്നീട് നടന്നില്ല. കാലം ഗമിക്കവെ മൊബൈൽ ഫോണും വാട്സാപ്പും സൗഹൃദ ഗ്രൂപ്പുകളും വീഡിയോ കാളുകളും എല്ലാം സൗഹൃദം ദൃഢമാക്കി. സമയക്കുറവും ജോലിത്തിരക്കും കുടുംബ ജീവിതവും എല്ലാം കൂടിച്ചേരലിന് വിഘാതമായ കാരണങ്ങളായി. എങ്കിലും അവൈലബിൾ പോളിറ്റ് ബ്യൂറോ എന്ന് പറയുന്നത് പോലെ ലഭ്യമായ അംഗങ്ങൾ വർഷത്തിൽ ഒരിക്കൽ എവിടെയെങ്കിലും ഒത്തുകൂടി ഒരു ദിവസം ചെലവഴിക്കുക എന്നൊരാശയം ഉദിച്ചു.
വാർഷിക സംഗമം എന്ന ആശയം എല്ലാവർക്കും ഇഷ്ടമായി. മഹ്റൂഫിൻ്റെ വീട് തന്നെ പലപ്പോഴും സംഗമവേദിയായി.പകൽ സംഗമം മതിയാകാതെ വന്നതിനാൽ ഏതെങ്കിലും റിസോർട്ടിലോ വില്ലയിലോ ഒരു ദിവസം താമസിച്ച് സംഗമം നടത്താം എന്ന് തീരുമാനമായി. അങ്ങനെ 2015 ജൂലൈ 23 ന് ആദ്യ ഔട്ട് സ്റ്റേഷൻ സംഗമം ഊട്ടിയിൽ (Click & read 1508) വെച്ച് നടന്നു. ശേഷം എല്ലാ വർഷവും, സാധിക്കുന്നവരെ പങ്കെടുപ്പിച്ചു കൊണ്ട് വയനാട്ടിലും കോഴിക്കോട്ടും ഗൂഡല്ലൂരും ഊട്ടിയിലുമായി സംഗമങ്ങൾ നടന്നു. 2026 ലെ അവൈലബിൾ അംഗങ്ങളുടെ സംഗമം സെപ്റ്റംബർ 3 ന് വീണ്ടും ഊട്ടിയിൽ വെച്ച് നടന്നു.
(തുടരും...)

