Pages

Tuesday, December 08, 2020

വിശ്വവിഖ്യാതമായ MOOCകൾ - 1

നാഷണൽ സർവീസ് സ്‌കീമിലൂടെ പരിചയപ്പെട്ട, തൃശൂർ  സി.അച്യുതമേനോൻ ഗവ. ആർട്ട്സ് ആൻഡ് സയൻസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.സോണിയുടെ ഒരു വാട്സ്ആപ് സന്ദേശം ഇത്രയും പ്രയോജനപ്പെടും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല.കോവിഡ് പശ്ചാത്തലത്തിൽ Coursera.org  എന്ന  സൈറ്റിലൂടെ ലോകോത്തര യൂണിവേഴ്‌സിറ്റികൾ നൽകുന്ന സൗജന്യ മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സ് (MOOC) കളെപ്പറ്റിയായിരുന്നു ആ സന്ദേശം. ഒരു ദിവസം മുതൽ മൂന്ന് മാസം വരെ നീണ്ടു നിൽക്കുന്ന നാലായിരത്തിലധികം കോഴ്‌സുകളുടെ  ഒരു വാതിലായിരുന്നു എനിക്ക് മുമ്പിൽ അന്ന് തുറന്നത്. എത്ര  കോഴ്‌സുകൾക്ക് വേണമെങ്കിലും ജോയിൻ ചെയ്യാമെന്ന് കൂടി പറഞ്ഞതോടെ എനിക്ക് തൃപ്തിയായി.

എൻ്റെ ജോലിയുമായി ബന്ധപ്പെട്ട JOHNS HOPKINS UNIVERSITYയുടെ   HTML കോഴ്സ് ആയിരുന്നു ഞാൻ ആദ്യം രെജിസ്റ്റർ ചെയ്തത്. എൻ്റെ പഠനങ്ങൾ പല വിഭാഗത്തിലും ആയിരുന്നതിനാൽ ഇവിടെയും എനിക്ക് തെരഞ്ഞെടുക്കാൻ നിരവധി കോഴ്‌സുകൾ ഉണ്ടായിരുന്നു.ഒന്നാമതായി രെജിസ്റ്റർ ചെയ്ത കോഴ്‌സ് തുടങ്ങാൻ പോലും എനിക്ക് മടി തോന്നിയെങ്കിലും GEORGIA INSTITUTE OF TECHNOLOGY നടത്തിയ  Writing Professional e-mails in English എന്ന കോഴ്സ് എനിക്ക് ഇഷ്ടപ്പെട്ടു. Gary Landers എന്ന മൊട്ടത്തലയൻ പ്രൊഫസർ വളരെ നന്നായി എടുത്ത പാഠങ്ങൾ മിക്കവയും, ഒരു ഇ-മെയിൽ അയക്കുമ്പോൾ പാലിക്കുന്നതാണെങ്കിലും കൂടുതൽ മെച്ചപ്പെടുത്താൻ ഈ കോഴ്സ് എനിക്ക് ഉപകരിച്ചു.

Yale University ലെ  Dr. Alen E Kazdin നയിച്ച Everyday Parenting എന്ന കോഴ്സ് എനിക്ക് എന്നെപ്പറ്റി തന്നെ പഠിക്കാൻ അവസരം നല്കിയതോടോപ്പം എൻ്റെ നാലും പത്തും വയസ്സായ മക്കളുടെ സ്വഭാവ രൂപീകരണം നടത്താനുള്ള ചില പ്രായോഗിക മാർഗ്ഗങ്ങളും പഠിപ്പിച്ച് തന്നു. കാഴ്ചയിൽ വളരെ പ്രായം തോന്നിക്കുന്ന Dr. Alen E Kazdin വളരെ ആത്മാർത്ഥമായി തന്നെ ക്ലാസ് എടുത്തു. നാല് മാസം പിന്നിട്ടിട്ടും ആ ക്ളാസുകൾ ഇപ്പോഴും എൻ്റെ മുന്നിൽ നടക്കുന്നതായി ഒരു ഫീലിംഗ്. എല്ലാ മാതാപിതാക്കളും കേൾക്കേണ്ട ക്ലാസാണ് ഇത് എന്നതിൽ എനിക്ക് അഭിപ്രായ വ്യത്യാസമില്ല.

സാക്ഷാൽ ഗൂഗിൾ കമ്പനി നടത്തിയ Introduction to Augmented Reality എന്ന കോഴ്‌സിന് ഞാൻ ചേരാൻ കാരണം ആയിടെ പത്രത്തിൽ കണ്ട ഒരു വാർത്തയായിരുന്നു. ആന എന്ന് കുട്ടികളെ പഠിപ്പിക്കുമ്പോൾ സാക്ഷാൽ ആന കുട്ടികളുടെ മുമ്പിൽ തുമ്പിക്കൈ ഉയർത്തി സല്യൂട്ട് അടിക്കുന്ന പ്രതീതി ഉണ്ടാക്കുന്ന AR നേപ്പറ്റിയായിരുന്നു ആ വാർത്ത. അതിനെപ്പറ്റി ഒരു പ്രാഥമിക ജ്ഞാനം നേടാൻ ഈ കോഴ്‌സ് ഉപകാരപ്പെട്ടു.അധ്യാപനം അത്ര ആകർഷകമായി തോന്നിയില്ല .

ഗവേഷണം നടത്തുക എന്ന ഒരഭിലാഷം മനസ്സിൽ കാത്ത് സൂക്ഷിക്കുന്നതിനാൽ അതിനുള്ള മാർഗ്ഗങ്ങളും ഗൈഡ് ലൈനുകളും എല്ലാം ഈയിടെയായി ഞാൻ ശ്രദ്ധിച്ച് തുടങ്ങിയിരുന്നു.  പേപ്പർ പ്രെസെന്റേഷനിന്റെ രീതികളും ചിട്ടവട്ടങ്ങളും ഞാൻ മനസ്സിലാക്കാൻ തുടങ്ങിയിരുന്നു. അതിനിടയ്ക്കാണ് University of London നൽകുന്ന Understanding Research Methods എന്ന കോഴ്സ് കണ്ണിലുടക്കിയത് . ഒന്നിലധികം ഇൻസ്ട്രക്ടർമാർ ഒരു ഇന്റർവ്യൂ രൂപത്തിൽ നടത്തുന്ന രീതി 
ഇഷ്ടപ്പെട്ടില്ലെങ്കിലും ഭാവിയിൽ എനിക്ക് ഉപകാരപ്പെട്ടേക്കും എന്നതിനാൽ ഞാൻ കാതു കൂർപ്പിച്ച് തന്നെ ഇരുന്നു.

സാധാരണ ഗതിയിൽ വിദേശ നാണ്യം എണ്ണി എണ്ണി നൽകിയാൽ മാത്രം നൽകപ്പെടുന്ന വിവിധ കോഴ്‌സുകൾ കോവിഡ് കാരണം സൗജന്യമാക്കിയതാണ് എന്നെപ്പോലെ പലർക്കും ഉപകാരപ്പെട്ടത്. കോഴ്സ് ലിസ്റ്റിൽ ചില Covid -19 അനുബന്ധ കോഴ്‌സുകൾ കണ്ടപ്പോൾ അതിനെപ്പറ്റി കൂടുതൽ അറിയാം എന്ന ധാരണയിൽ ഒരു കോഴ്‌സെങ്കിലും ചെയ്യാം എന്ന്  തീരുമാനിച്ചു. കേരളമടക്കമുള്ള സ്ഥലങ്ങൾ, ഓരോ ദിവസവും രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്ന തിരക്കിലായതിനാൽ അതുമായി ബന്ധപ്പെട്ട കോഴ്സ് തന്നെ തെരഞെടുത്തു. JOHNS HOPKINS UNIVERSITYയുടെ Covid - 19 contact Tracing വളരെ വളരെ ഹൃദ്യമായി. കോവിഡ് പോസിറ്റീവ് ആയി എന്നറിയുന്ന ഒരാളുടെ പ്രതികരണവും അയാൾക്ക് ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങളുടെ നേർക്കാഴ്ചകളും അതിന്റെ ശരിയായ രൂപവും തെറ്റായ രൂപവും വളരെ തന്മയത്ത്വത്തോടെ അവതരിപ്പിച്ച ആ മുഴുവൻ ടീമിനും ഹൃദയത്തിൽ നിന്നുള്ള ഒരായിരം അഭിനന്ദനങ്ങൾ .

(തുടരും...)

7 comments:

Areekkodan | അരീക്കോടന്‍ said...

വിശ്വവിഖ്യാതമായ ചില MOOCകൾ

© Mubi said...

അതെ, വളരെ സൗകര്യമാണ്. ജോലി സംബന്ധമായി ചില കോഴ്സുകൾ ചെയ്യേണ്ടി വന്നത് വഴിയാണ് ഞാൻ അവിടെ എത്തിയത്.

Areekkodan | അരീക്കോടന്‍ said...

മുബീ... എന്നിട്ട് ഏതൊക്കെ കോഴ്‌സുകൾ ചെയ്തു ?

© Mubi said...

ഒരു പോസ്റ്റാക്കി ഇടാമെന്ന് വിചാരിക്കുന്നു മാഷേ...

Areekkodan | അരീക്കോടന്‍ said...

Mubi... Very good. Waiting for same.

© Mubi said...

https://mubidaily.blogspot.com/2020/12/blog-post.html മാഷേ ഇവിടെയുണ്ട് :)

Areekkodan | അരീക്കോടന്‍ said...

Mubi...Very Good.എനിക്കും വേണം ഫ്രഞ്ചും സ്പാനിഷും ഒക്കെ പഠിച്ച് എംബാപ്പെ , മെസ്സി,CR 7 യുമായി ഒക്കെ ഒന്ന് കൂട്ടുകൂടാൻ... ഇതാ ഞാൻ Duolingo യിൽ കയറി. പുതിയ വാതായനം തുറന്ന് തന്ന ഈ പരിചയപ്പെടുത്തലിന് നന്ദി.

Post a Comment

നന്ദി....വീണ്ടും വരിക