നാലാം ക്ലാസ്സിൽ എൽ.എസ്.എസ് (Lower Secondary Scholarship) പരീക്ഷ എഴുതാൻ തുടങ്ങിയതു മുതൽ തുടങ്ങിയതാണ് ഞാനും പൊതുവിജ്ഞാനവും തമ്മിലുള്ള ബന്ധം. കൃത്യമായി പറഞ്ഞാൽ 1980 ൽ ആണ് ആ മേഖലയിലേക്കുള്ള എൻ്റെ രംഗപ്രവേശനം. അന്ന് എൽ.എസ്.എസ് പരീക്ഷ പാസ്സായില്ലെങ്കിലും പൊതുവിജ്ഞാനത്തിന്റെ ഹരം എൻ്റെ തലക്ക് പിടിച്ചു. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ മൂന്ന് സ്‌കൂളുകളിലൂടെ കയറിയിറങ്ങി. ഈ മൂന്ന് സ്‌കൂളുകളിലും ഏതെങ്കിലും ക്വിസ് മത്സരം ഉണ്ടെങ്കിൽ അവിടെ ഞാനും ഉണ്ടാകും.അതിന് കാരണം ഈ പൊതുവിജ്ഞാന ഹരം തന്നെയായിരുന്നു.ഓരോ ചോദ്യം കഴിയുമ്പോഴും കറുത്ത ബോർഡിൽ ഒന്നാം നമ്പറിന് നേരെ ഓരോ വരകൾ വീഴുന്നതും അഞ്ചാമത്തെ വര ക്രോസ് ആയി ഇടുന്നതും നാല്പത് വർഷം കഴിഞ്ഞിട്ടും മനസ്സിൽ കൊത്തി വച്ചിരിക്കുന്ന പോലെ തെളിഞ്ഞു കാണുന്നു.ഇതിനിടക്ക് ഏഴാം ക്ലാസ്സിൽ യു.എസ്.എസ് (Upper Secondary Scholarship) പരീക്ഷ എഴുതി അതിൽ വിജയിക്കുകയും ചെയ്തു.അന്നൊക്കെ ജില്ലാതലം വരെ മാത്രമേ മത്സരങ്ങൾ ഉണ്ടായിരുന്നുള്ളൂ.ആ കടമ്പ ഞാൻ കയറാറും ഇല്ല.
സ്‌കൂൾ കാലഘട്ടം കഴിഞ്ഞ് കോളേജ് കുമാരനായി. കൂടുതൽ വിശാലമായ ലോകത്ത് എത്തിയെങ്കിലും ക്വിസ് മത്സരം എൻ്റെ വീക്നെസ്സ് ആയി തുടർന്നു.എഴുത്ത് മത്സരങ്ങളും പ്രസംഗവും ഞാൻ കൈ നോക്കുന്ന ഇനങ്ങളാണെങ്കിലും എവിടെ ക്വിസ് ഉണ്ടോ അവിടെ ആബിദ് ഉണ്ട് എന്നതായിരുന്നു നാട്ടുനടപ്പ്.പി.എസ്.എം.ഒ കോളേജിൽ പ്രീഡിഗ്രി രണ്ടാം വർഷത്തിന് പഠിക്കുമ്പോഴാണ് മലപ്പുറം ജില്ല മുഴുവൻ അടങ്ങിയ സി സോണിൽ നിന്ന് രണ്ടാം സ്ഥാനം നേടി ഇന്റർസോൺ മത്സരത്തിനായി തൃശൂരിൽ എത്തിയത്.ഏഴ് മാർക്കോടെ അവസാന സ്ഥാനത്തായെങ്കിലും ജാള്യത മറക്കാനായി മൈക്കിലൂടെ 'ഓൺലി സെവൻ' എന്ന് പറഞ്ഞതും ശ്രോതാക്കൾ 'ട്വന്റി സെവൻ' എന്ന് കരുതിയതും മനസ്സിൽ മായാതെ നിൽക്കുന്നു .ആ വർഷവും എൻ്റെ കോളേജ് ഇന്റർസോൺ ജേതാക്കളായി.
ഡിഗ്രിക്ക് ബി.എസ്.സി ഫിസിക്സ് എടുത്ത് ഫാറൂഖ് കോളേജിൽ ചേർന്നപ്പോഴും പൊതുവിജ്ഞാനം എന്നെ വിട്ടൊഴിഞ്ഞില്ല.പക്ഷെ അവസാന വർഷത്തിലാണ് അവിടെ ക്വിസ് മത്സരത്തിൽ പങ്കെടുത്തത്. അന്ന് "കൂട്ടുകൃഷി"യിലൂടെ ഞാനും എന്റെ ക്ലാസ്സിലെ തന്നെ നജീബും ആദ്യ രണ്ട് സ്ഥാനങ്ങൾ നേടി.കോഴിക്കോട് ജില്ല മുഴുവൻ അടങ്ങിയ ബി സോണിൽ ഞങ്ങളുടെ 'കൃഷി' നടന്നില്ല.ലോ കോളേജിൽ വച്ച് നടന്ന മത്സരത്തിൽ ദയനീയമായി തോറ്റു.
പിന്നീട് ബി.എഡിന് ചേർന്നപ്പോഴും ഇൻ ഹൌസ് മത്സരത്തിൽ ഞാൻ എന്റെ ഇഷ്ട ഇനം തന്നെ തെരഞ്ഞെടുത്തു.ബട്ട്, അവിടെ എന്നെക്കാളും മൂത്ത ഒരു പൊതുവിജ്ഞാനപ്പിരാന്തൻ ഉണ്ടായിരുന്നതിനാൽ ഞാൻ രണ്ടാമനായി.അതേ സമയത്ത് നാട്ടിലെ ഒരു പാരലൽ കോളേജിന്റെ വാർഷികം പ്രമാണിച്ച് കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ എന്റെ കോളേജിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത്ഞാൻ ഒന്നാം സ്ഥാനം നേടി.അന്തരിച്ച രാജൻ പി ദേവ് എന്ന നടൻ വില്ലനായി കത്തി നിൽക്കുന്ന അക്കാലത്ത് അദ്ദേഹമായിരുന്നു ഇതിന്റെ സമ്മാനവിതരണം നടത്തിയത്.
നാലഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം പി ജി ക്ക് പൊന്നാനി എം.ഇ .എസ് കോളേജിൽ ചേർന്നപ്പോൾ ഞാൻ അത്യാവശ്യം സീനിയർ ആയിരുന്നു.എങ്കിലും എന്നിലെ മത്സരത്വര അടങ്ങിയിരുന്നില്ല.സി സോൺ കലോത്സവത്തിന് മുന്നോടിയായി നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ കോളേജിൽ എന്റെ സാന്നിദ്ധ്യം അറിയിച്ചു.ആ കോളേജിൽ സാധാരണ പി ജി വിദ്യാർത്ഥികൾ ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കാറേ ഇല്ല എന്നതിനാൽ എന്റെ വിജയം സഹപാഠികൾക്കും ഉത്തേജനം നൽകി.സി സോൺ മത്സരത്തിൽ മൂന്നാം സ്ഥാനത്തായിപ്പോയതിനാൽ ഇന്റർസോൺ മത്സരത്തിലേക്ക് ക്വാളിഫൈ ചെയ്തില്ല.
കലാലയ ജീവിതത്തിനിടയിൽ മത്സരങ്ങളിലൂടെ മിനുക്കിയെടുത്ത പൊതുവിജ്ഞാനം പി.എസ്.സി യുടെ മത്സര പരീക്ഷകളിലും മറ്റു പല പരീക്ഷകളിലും എനിക്ക് തുണയായി.ഞാൻ എഴുതിയ ആദ്യത്തെ പി.എസ്.സി പരീക്ഷയായ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ പരീക്ഷയും രണ്ടാമത്തെ പരീക്ഷയായ എൽ.ഡി ക്ലർക്കും വിജയിക്കുകയും 24 ആം വയസ്സിൽ തന്നെ സർക്കാർ നിയമനം ലഭിക്കുകയും ചെയ്തു (ജോലി കിട്ടി കിട്ടി തെണ്ടിയ ആ കഥകൾ പിന്നീട് പറയാം).
രണ്ട് ഡിപ്പാർട്ട്മെന്റ് മാറി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ എന്ന ഗസറ്റഡ് പോസ്റ്റിൽ വയനാട് ഗവ എഞ്ചിനീയറിംഗ് കോളേജിൽ 2004 ൽ ഞാൻ ജോയിൻ ചെയ്തു.ആ വർഷം ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ ഞാൻ വീണ്ടും എന്റെ പൊതുവിജ്ഞാനം അളന്നു നോക്കി.ജോലി കിട്ടിയാൽ ഇതൊക്കെ മറക്കുന്നവരുടെ കൂട്ടത്തിൽ ഒന്നാം സ്ഥാനം നേടാൻ എനിക്ക് വലിയ പ്രയാസമുണ്ടായില്ല. വീണ്ടും രണ്ട് വർഷം കഴിഞ്ഞ് അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി നടത്തിയ "ഷൈനിങ് സ്റ്റാർ ഓഫ് GEC വയനാട് " എന്ന ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ സ്റ്റാഫ് എല്ലാവരും മടിച്ച് നിന്നു.പക്ഷെ എന്റെ രക്തത്തിൽ അലിഞ്ഞ് ചേർന്ന ക്വിസ് എന്ന വികാരം അടക്കാൻ എനിക്ക് സാധിച്ചില്ല.ആയിടെ കോളേജിൽ ജോയിൻ ചെയ്ത അസിസ്റ്റന്റ് പ്രഫസർ രാജീവ് രാജൻ സാറെ കൂട്ട് പിടിച്ച് ഞാൻ കുട്ടികളുമായി മത്സരിച്ചു.വാശിയേറിയ അവസാന റൗണ്ടിൽ ഞങ്ങൾ രണ്ടാം സ്ഥാനത്തായെങ്കിലും അതിന്റെ മധുരം ഒന്ന് വേറെ തന്നെയായിരുന്നു.
ഇന്ന് ഈ ഓർമ്മകൾ എല്ലാം പെട്ടെന്ന് മനസ്സിൽ തികട്ടി വന്നത് ഒരു ക്വിസ് മത്സരം കാരണം തന്നെയാണ് .
(തുടരും...)
1 comments:
ബട്ട്, അവിടെ എന്നെക്കാളും മൂത്ത ഒരു പൊതുവിജ്ഞാനപ്പിരാന്തൻ ഉണ്ടായിരുന്നതിനാൽ ഞാൻ രണ്ടാമനായി.
Post a Comment
നന്ദി....വീണ്ടും വരിക