Pages

Wednesday, September 29, 2021

ക്വിസ്സിന്റെ ലോകത്തെ അരീക്കോടൻ - 2

തുടക്കം (Click here)

2021  ഓസോൺ ദിനമായിരുന്നു എന്നെ വീണ്ടും ക്വിസ് ലോകത്തേക്ക് അടുപ്പിച്ചത്.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആയിരിക്കെ ഈ ദിനത്തിൽ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.സ്‌കൂൾ കുട്ടികൾക്കായി കോളേജ് കുട്ടികൾ ക്വിസ് മത്സരവും നടത്തിയിരുന്നു.പക്ഷെ എനിക്കാദ്യമായി ഒരു ഓസോൺ ദിന ക്വിസ് മത്സരത്തിൽ മത്സരാർത്ഥിയായി പങ്കെടുക്കാൻ അവസരം ലഭിച്ചത് ഇത്തവണയാണ്.

ലൂന  മോളുടെ സ്‌കൂളിലെ സയൻസ് ക്ലബ്ബ് നടത്തുന്ന മത്സരത്തിൽ ഫാമിലി സഹിതം പങ്കെടുക്കാം എന്ന ആശയം എനിക്കിഷ്ടപ്പെട്ടു.ഗൂഗിൾ ഫോമിലൂടെ മുപ്പത് ചോദ്യത്തിന് പതിനഞ്ച് മിനുട്ട് കൊണ്ട് ഉത്തരം നൽകാനായിരുന്നു പറഞ്ഞിരുന്നത്.സെപ്തംബർ 16 ന് രാത്രി ഏഴരക്കുള്ള മത്സരത്തിൽ പങ്കെടുക്കണം എന്ന വാശിയോടെ ഞാൻ ശ്രീകൃഷ്ണപുരത്ത് നിന്ന് 3. 45 ന് നാട്ടിലേക്ക് പുറപ്പെട്ടിരുന്നു.വീട്ടിലെത്തി കുളി കഴിഞ്ഞപ്പോഴേക്കും മത്സരം തുടങ്ങിയിരുന്നു.എങ്കിലും അറിയാവുന്നത് പെട്ടെന്ന് ചെയ്ത്  ബാക്കിയുള്ളവ അവസാനത്തേക്ക് മാറ്റിവച്ചു .പക്ഷെ മോളുടെ വെപ്രാളത്തിൽ മാറ്റി വച്ചവ വീണ്ടും നോക്കുന്നതിന് മുമ്പ് സബ്മിറ്റ് ബട്ടൺ അമർത്തി.എങ്കിലും 800 ഓളം ഫാമിലിയിൽ നിന്ന്  അവസാന പതിനഞ്ചിൽ മൂന്നാം സ്ഥാനത്തോടെ ഫൈനൽ റൗണ്ടിലേക്ക് കടന്നു.

അടുത്ത റൗണ്ട് ലൈവായിട്ടായിരുന്നു പ്ലാൻ ചെയ്തത്. സ്‌കൂളിൽ വച്ച് നടക്കുന്ന മത്സരത്തിൽ മാതാപിതാക്കളിൽ ഒരാൾക്ക് കുട്ടിയോടൊപ്പം പങ്കെടുക്കാം എന്നായിരുന്നു അറിയിച്ചത്.സ്‌കൂൾ പ്രവൃത്തി ദിവസത്തിൽ തന്നെ മത്സരം നടത്താൻ തീരുമാനിച്ചാൽ എനിക്ക് ലീവ് എടുക്കേണ്ടതായും വരും.എന്നാൽ സെപ്തംബർ 20 പൊതു അവധി ആയതിനാൽ  19 ആം തീയ്യതി ഞാൻ ആദ്യമേ ലീവ് എടുത്തിരുന്നു.18 ആം തീയ്യതി ഞായറാഴ്ച മത്സരം പിറ്റേന്ന് ആണെന്നുള്ള അറിയിപ്പ് വന്നു.GK , കറന്റ് അഫയേഴ്‌സ്,സയൻസ് എന്നിവയിൽ നിന്നുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക എന്നും 15 ൽ നിന്ന് 6 ടീമാക്കി ചുരുക്കാൻ ഒരു എലിമിനേഷൻ റൗണ്ട് ഉണ്ടാകും എന്നും അറിയിപ്പ് കിട്ടി.അങ്ങനെ എലിമിനേഷൻ റൗണ്ട് കടന്ന് കിട്ടാൻ, വർഷങ്ങൾക്ക് ശേഷം പഴയ GKയും പുതിയ കറന്റ് അഫയേഴ്‌സും രണ്ട് മണിക്കൂർ നേരം ഞാൻ പൊടി  തട്ടി.

പിറ്റേന്ന് സ്‌കൂളിൽ എത്തിയപ്പോൾ കണ്ടത്, എന്റെ രണ്ടാമത്തെ മോളുടെ സഹപാഠിയും ഈ വർഷം പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 ഉം വാങ്ങിയവനും ദേശാഭിമാനി അക്ഷരമുറ്റം അടക്കം ക്വിസ് ആയ ക്വിസ് മുഴുവൻ ഫസ്റ്റടിച്ച് വന്നവനുമായ തൗഫീഖിനെയാണ്. എനിക്ക് പുറമെ പിതാവ് ആയി വന്നത് മറ്റൊരാൾ മാത്രവും.ബാക്കി കുട്ടികളുടെ കൂടെ ഉള്ളതെല്ലാം മാതാക്കളും ആയിരുന്നു.തൗഫീഖ് മത്സരാർത്ഥിയല്ല എന്ന് പിന്നീടാണറിഞ്ഞത്.

എലിമിനേഷൻ റൗണ്ടിൽ 15 ചോദ്യങ്ങളാണുണ്ടായിരുന്നത്.ഉത്തരം അറിയാവുന്നത് ഒരു കയ്യിൽ എണ്ണാൻ പറ്റുന്നത് മാത്രവും. ചോയ്‌സ് ഇല്ല എന്നതിനാൽ അഞ്ച് ടീമുകൾ വന്നിട്ടേ ഇല്ലായിരുന്നു.പക്ഷെ, ഇന്റലിജന്റ് ഗസ് എന്ന ക്വിസിന്റെ ഹൃദയ മന്ത്രം പ്രാവർത്തികമാക്കി ആറെണ്ണം കൂടി ഞങ്ങൾ ശരിയാക്കി.മൊത്തം 11 മാർക്ക് നേടി ഒന്നാം സ്ഥാനത്തോടെ തന്നെ ഗ്രാന്റ് ഫിനാലെ ക്ക് അർഹത നേടി.

ഇനിയല്ലേ പൂരം ...


Part 3 (Click Here)


3 comments:

Areekkodan | അരീക്കോടന്‍ said...

ഇന്റലിജന്റ് ഗസ് എന്ന ക്വിസിന്റെ ഹൃദയ മന്ത്രം പ്രാവർത്തികമാക്കി ആറെണ്ണം കൂടി ഞങ്ങൾ ശരിയാക്കി

Muralee Mukundan , ബിലാത്തിപട്ടണം said...

ഇന്റലിജന്റ് ഗസ് എന്ന ക്വിസിന്റെ ഹൃദയ മന്ത്രങ്ങൾ

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ... കറക്ട്

Post a Comment

നന്ദി....വീണ്ടും വരിക