Pages

Tuesday, February 11, 2020

ബാണാസുര സാഗർ അണക്കെട്ട്

               ഇന്ത്യയിലെ ഏറ്റവും വലിയ എർത്ത് ഡാമും (മണ്ണ് കൊണ്ടുള്ള അണക്കെട്ട്) ഏഷ്യയിലെ രണ്ടാമത്തെ വലിയ എർത്ത് ഡാമും ആണ് ബാണാസുര സാഗർ അണക്കെട്ട്. വയനാട് ജില്ലയിലെ പടിഞ്ഞാറത്തറയിലാണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഉത്തര മലബാറിന്റെ വൈദ്യുതി ഉല്പാദന കേന്ദ്രമായ കുറ്റ്യാടി ജലവൈദ്യുത പദ്ധതിയിലേക്ക് ആവശ്യമായ ജലം എത്തിക്കുക എന്നതാണ് ഡാമിന്റെ പ്രധാന ലക്ഷ്യം. ജില്ലയിലെ വരൾച്ച ബാധിത പ്രദേശങ്ങളിലേക്കുള്ള ജലസേചനവും കുടിവെള്ള വിതരണവും ആണ് മറ്റ് ലക്ഷ്യങ്ങൾ.

              ഒരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം ബാണാസുര സാഗർ അണക്കെട്ട് ഉല്ലാസത്തിനുള്ളതാണ്. 1979ൽ ആരംഭിച്ച പണി ഏകദേശം പൂർത്തിയായത് പത്ത് പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് മാത്രമാണ്. പല റൈഡുകളും ഉൾപ്പെടുത്തി സഞ്ചാരികളെ ആകർഷിക്കുന്ന രൂപത്തിൽ ബാണാസുര സാഗർ അണക്കെട്ട് മാറിയിട്ട് ഏറെ നാളായിട്ടില്ല.

              ബാണാസുര സാഗർ അണക്കെട്ടിൽ ഞാൻ കുടുംബ സമേതം തന്നെ നിരവധി തവണ പോയിട്ടുണ്ട്. അണക്കെട്ടിന് മുകളിലൂടെ നടന്ന് പദ്ധതി പ്രദേശത്തെ തുരുത്തും ദ്വീപുകളും അടങ്ങുന്ന കാഴ്ചയും മറ്റും ആസ്വദിക്കുക എന്നതല്ലാതെ ഇക്കഴിഞ്ഞ സന്ദർശനം വരെ മറ്റൊന്നും ഞാൻ ചെയ്തിരുന്നില്ല. വെയിലും കൊണ്ടുള്ള നടത്തം അസഹനീയമായതിനാൽ ബാണാസുര സാഗറിൽ പോകാൻ എനിക്ക് മടിയും ആയിരുന്നു. 

          ബട്ട് , ഇത്തവണ പഴയ പത്താം ക്ലാസ് കൂട്ടുകാരുടെ കൂടെയാണ് ബാണാസുര സാഗർ അണക്കെട്ടിൽ എത്തിയത്. 30 രൂപ പ്രവേശന ഫീസ് കൊടുത്ത് വെയിലും കൊണ്ട് പതിവ് പോലെ ഞ്ങ്ങൾ കയറ്റം തുടങ്ങി (കെ.എസ്.ഇ.ബിയുടെ കീഴിലാണ് ഡാം.ഒരാൾക്ക് 10 രൂപ നിരക്കിൽ അവരുടെ വാനിൽ ഡാമിന്റെ മുകളിൽ എത്താനുള്ള സൌകര്യവും ഉണ്ട് ). മുകളിലെത്തി ഇടത്തോട്ട് തിരിഞ്ഞ് ഡാമിന് മുകളിലേക്ക് പോകുന്നതിന് പകരം വലത്തോട്ട് തിരിഞ്ഞ് ഞങ്ങൾ എത്തിയത് തണൽ മരങ്ങളും ചെടികളും ഇരിപ്പിടങ്ങളും ഒക്കെ ഒരുക്കിയ ഒരു പാർക്കിലാണ്.

           അല്പം കൂടി മുന്നോട്ട് നടന്നപ്പോൾ കുട്ടികളും മുതിർന്നവരും ഊഞ്ഞാലാടുന്നത് കണ്ടു. ഉയരം കൂടിയ മരങ്ങളിൽ കെട്ടിയ ഊഞാലിൽ ആർക്കും ഇരുന്ന് ആടാം. തിരക്ക് കാരണം ഊഞ്ഞാൽ കിട്ടില്ലെന്ന ധാരണയിൽ പിന്നെയും മുന്നോട്ട് നീങ്ങിയപ്പോൾ ഊഞ്ഞാലുകളുടെ ഒരു ലോകത്തായിരുന്നു എത്തിപ്പെട്ടത്. ആണും പെണ്ണും അടക്കം  ഞങ്ങൾ എല്ലാവരും ഊഞ്ഞാലാടി ആർമാദിച്ച് ബാല്യകാലത്തേക്ക് ഒന്ന് തിരിച്ചു പോയി.
           പദ്ധതി പ്രദേശത്തുള്ള സ്ഥലങ്ങളെ  അണക്കെട്ട് വെള്ളത്തിനടിയിൽ ആഴ്ത്തിയപ്പോൾ അണകെട്ടിനകത്തു ഏതാനും ദ്വീപുകൾ രൂപപ്പെട്ടു. ബാണാസുരസാഗർ മലകളുടെ താഴ്വരയിലുള്ള ഈ ദ്വീപുകൾ പ്രകൃതിരമണീയമാണ്. ആനയും മാനും അടക്കമുള്ള വന്യജീവികളും ചുറ്റുമുള്ള കാട്ടിൽ ഉണ്ടെന്ന് പറയപ്പെടുന്നു. ഇത് കാണാനും അവക്കിടയിലൂടെ സഞ്ചരിക്കാനും ബോട്ട് കൊണ്ട് വെള്ളത്തിൽ അമ്മാനമാടാനും ഇതുവരെ ഞാൻ പോയിരുന്നില്ല.ഇത്തവണ അതും പരിഹരിച്ചു. അഞ്ചംഗ സംഘത്തിന് സഞ്ചരിക്കാനുള്ള ബോട്ടിന് 950 രൂപയാണ് ചാർജ്ജ്. ഏകദേശം 20 മിനുട്ടോളം വെള്ളത്തിൽ ആർമാദിക്കാം.

               വെള്ളത്തിലാശാൻ കണക്കെ ഒരാൾക്ക് മാത്രം കുതിച്ച് പായാൻ കഴിയുന്ന വാട്ടർ സ്കൂട്ടറും ലഭ്യമാണ്. നിങ്ങൾക്ക് പുറമെ ഒരു എക്സ്പെർട്ട് ഡ്രൈവർ നിയന്ത്രിക്കാൻ ഉണ്ടായിരിക്കും. പത്തോ പതിനഞ്ചോ മിനുട്ട് വെള്ളത്തിലിട്ട് കറക്കി കശക്കി കരയിലെത്തിച്ച് തരും. 300 രൂപയാണ് ടിക്കറ്റ് ചാർജ്ജ്. പേര് സ്കൂട്ടർ എന്നാണെങ്കിലും നാം കാണുന്ന സ്കൂട്ടറിന്റെ ഒരു ഷേപ്പും ഇല്ല.
            സാഹസികത ഇഷ്ടപ്പെടുന്നവർക്ക് Zip ലൈനും ബാണാസുര സാഗറിൽ ലഭ്യമാണ്. കരയുടെ മുകൾ ഭാഗത്ത് കൂടെയുള്ള ആകാശ യാത്ര വേറിട്ടൊരു അനുഭവം തന്നെയായിരിക്കും. മുമ്പ് കർളാട് സാഹസിക വിനോദ കേന്ദ്രത്തിൽ  സിപ് ലൈൻ യാത്ര ആസ്വദിച്ചതിനാൽ ഇവിടെ ഞാൻ അതിൽ കയറിയില്ല. 100 രൂപക്ക് 10 മിനുട്ട് കുതിര സവാരിയും ഉണ്ട്.

                     അല്പ നേരം കൂടി അണകെട്ടിന് മുകളിൽ ചെലവഴിച്ച് വൈകിട്ട് ആറ് മണിയോടെ ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു.

6 comments:

Areekkodan | അരീക്കോടന്‍ said...

വെള്ളത്തിലാശാൻ കണക്കെ ഒരാൾക്ക് മാത്രം കുതിച്ച് പായാൻ കഴിയുന്ന വാട്ടർ സ്കൂട്ടറും ലഭ്യമാണ്. നിങ്ങൾക്ക് പുറമെ ഒരു എക്സ്പെർട്ട് ഡ്രൈവർ നിയന്ത്രിക്കാൻ ഉണ്ടായിരിക്കും. പത്തോ പതിനഞ്ചോ മിനുട്ട് വെള്ളത്തിലിട്ട് കറക്കി കശക്കി കരയിലെത്തിച്ച് തരും. 300 രൂപയാണ് ടിക്കറ്റ് ചാർജ്ജ്. പേര് സ്കൂട്ടർ എന്നാണെങ്കിലും നാം കാണുന്ന സ്കൂട്ടറിന്റെ ഒരു ഷേപ്പും ഇല്ല.

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാ  സഞ്ചാരികളേയും 
സംബന്ധിച്ചിടത്തോളം ഇത്തരം  
അണക്കെട്ട് പരിസരങ്ങൾ ഉല്ലാസത്തിനുള്ളതാണ്.
മനസ്സിന് ആമോദമുണ്ടാക്കിയ സംഗതികളുടെ അവലോകനങ്ങൾ  നന്നായിരിക്കുന്നു..

Cv Thankappan said...

ഊഞ്ഞാലാട്ടവും,ആകാശയാത്രയും,വെള്ളത്തിലൂടെ മോട്ടോർസൈക്കിൾ യാത്രയുമെല്ലാം ഉണ്ടല്ലോ!
ആശംസകൾ മാഷേ

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...ശരിയാണ്.അണക്കെട്ടുകൾ എല്ലാം സഞ്ചാരികൾക്കുള്ളതാണ് !!

തങ്കപ്പേട്ടാ...ആർമാദിക്കാനുള്ളതെല്ലാം ഉണ്ട്.

© Mubi said...

അണക്കെട്ടുകളുടെ മറ്റൊരു മുഖം കാണിച്ചു തന്നത് സാറ ടീച്ചറുടെ ബുധിനിയെന്ന നോവലാണ്...

Areekkodan | അരീക്കോടന്‍ said...

മുബീ...അതെന്താണെന്ന് കൂടി സൂചിപ്പിക്കാമായിരുന്നു.

Post a Comment

നന്ദി....വീണ്ടും വരിക