ഇസ്ലാം മതവിശ്വാസികളുടെ ഇടയിലുള്ള ഒരു പ്രധാന കർമ്മമാണ് സുന്നത്ത് കല്യാണം. ചേലാകർമ്മം എന്നാണ് മലയാളത്തിൽ ഇതിന്റെ പേര്. ആൺ കുട്ടികളുടെ ലിംഗാഗ്രചർമ്മം പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്നതിനെയാണ് ചേലാകർമ്മം എന്നു പറയുന്നത്. മതം മാറി ഇസ്‌ലാമിലേക്ക് വരുന്ന പുരുഷന്മാർ നിർബന്ധമായും ചെയ്യേണ്ട ഒരു കർമ്മമായതിനാൽ കേരളത്തിൽ ഇതിനെ മാർഗ്ഗക്കല്യാണം എന്നും വിളിക്കാറുണ്ട്.
വളരെ പുരാതനകാലം മുതലുള്ള ഒരു കർമ്മമാണ് ഇത്. ജൂതന്മാരും മുസ്ലിംകളും മത വിധി പ്രകാരം തന്നെ ചേലാകർമ്മം ചെയ്യുന്നവരാണ്. പ്രാചീന കാലത്ത് ക്രിസ്ത്യാനികളും ചേലാകർമ്മം ചെയ്തിരുന്നു. ചില ശാരീരികപ്രശ്നങ്ങൾക്ക് പ്രതിവിധിയായി ഡോക്ടർമാർ നിർദ്ദേശിക്കുന്നതിനാൽ ഇതര മതസ്ഥരും ചേലാകർമ്മം ചെയ്യാറുണ്ട്.
ചേലാകർമ്മം ചെയ്യാൻ പ്രത്യേകിച്ച് ഒരു പ്രായം നിശ്ചയിച്ചിട്ടില്ല. ഇസ്ലാം മത വിശ്വാസികൾ മതപഠനം തുടങ്ങുന്നത് മദ്രസകളിൽ ചേരുമ്പോഴാണ്. ഈ സമയത്ത് സുന്നത്ത് കല്യാണം കഴിഞ്ഞിരിക്കണം എന്നതാണ് നാട്ടു നടപ്പ്. അതായത് ഏഴ് / എട്ട് വയസ്സിനുള്ളിലാണ് മുസ്ലിംകളിൽ ചേലാകർമ്മം സാധാരണയായി നടത്തിയിരുന്നത്.
ആധുനിക കാലത്ത് പ്രസവിച്ച് ഏഴാം ദിവസം മുതൽ കുഞ്ഞുങ്ങളിൽ ചേലാകർമ്മം ചെയ്തുവരാറുണ്ട്. ഒരു ചെറിയ ശസ്ത്രക്രിയയിലൂടെയാണ് ഇത് നിർവ്വഹിക്കുന്നത്. പ്രായം കൂടുന്തോറും വേദന കൂടും എന്നതിനാലും ഇളക്കം സംഭവിച്ച് മുറിവുണങ്ങാൻ സമയം കൂടും എന്നതിനാലുമാണ് കുഞ്ഞു നാളിൽ തന്നെ ചേലാകർമ്മം ചെയ്തു വരുന്നത്. യേശു ക്രിസ്തു ജനിച്ച് എട്ടാം നാൾ ചേലാകർമ്മം നിർവഹിച്ചതായി ബൈബിളിൽ പറയുന്നുണ്ട്.
പഴയ കാലങ്ങളിൽ ഒസ്സാൻമാരായിരിന്നു ഈ കർമ്മം ചെയ്തിരുന്നത്. മുടിവെട്ട് തൊഴിലാക്കിയവരാണ് പൊതുവെ ഒസ്സാൻ എന്നറിയപ്പെടുന്നത്. പുരുഷൻമാരുടെ ചേലാകർമ്മം ഒസ്സാൻമാരും സ്ത്രീകളുടെ പ്രസവ ശുശ്രൂഷ ഒസ്സാത്തികളുമായിരുന്നു ചെയ്തിരുന്നത്. സുരക്ഷിതത്വം ഉറപ്പ് വരുത്താൻ ഇന്ന് മിക്കവരും ആശുപത്രിയിൽ വച്ചോ ക്ലിനിക്കിൽ വച്ചോ ആണ് ചേലാകർമ്മം ചെയ്യുന്നത്.
ഇന്നലെ എന്റെ ഏറ്റവും ചെറിയ മകൻ ലിദുവിന്റെ സുന്നത്ത് കല്യാണം കഴിഞ്ഞു. ആശുപത്രിയിൽ വച്ചായിരുന്നു ചേലാകർമ്മം നിർവ്വഹിച്ചത്. വെറും മുപ്പത് മിനുട്ട് കൊണ്ട് എല്ലാം കഴിഞ്ഞ് വീട്ടിലെത്തി. മുകളിലേക്ക് വലിച്ച് കെട്ടിയ ഒരു തുണിക്കടിയിൽ വിശ്രമിക്കാൻ കിടത്തിയപ്പോഴാണ് ഞങ്ങളുടെ പലരുടെയും സുന്നത്ത് കല്യാണത്തിന്റെ രസകരമായ ഓർമ്മകൾ മനസ്സിൽ തികട്ടി വന്നത്.
(തുടരും...)
1 comments:
സുന്നത്ത് കല്യാണം എന്ന ഇസ്ലാമിക കർമ്മത്തെപ്പറ്റി ഒരു ചെറുകുറിപ്പ്.
Post a Comment
നന്ദി....വീണ്ടും വരിക