Pages

Friday, October 18, 2024

പൈകര വെള്ളച്ചാട്ടം (ഊട്ടി പട്ടണം - 3)

ഈശ്വരി അമ്മാളിൻ്റെ കുഞ്ഞു കടയിൽ നിന്ന് ചായയും ബ്രഡ് ഓംലറ്റും സമൂസയും ആസ്വദിച്ച് കൊണ്ടിരിക്കെ മുകളിലെ തേയിലത്തോട്ടത്തിൽ നിന്ന് കുറെ സ്ത്രീകൾ ഇറങ്ങി വന്നു. തേയില നാമ്പുകൾ ശേഖരിച്ച ചാക്കും തലയിലേന്തി റോഡിന്റെ മറുഭാഗത്ത് നിന്ന് അവർ എന്തോ ചോദിക്കുന്നുണ്ട്. അൽപ സമയം കഴിഞ്ഞ് റോഡിന്റെ ഇരു ഭാഗത്തേക്കും നോക്കി അവർ ക്രോസ്സ് ചെയ്തു. ഇരുഭാഗവും വളവായതിനാൽ എന്തെങ്കിലും വാഹനം വരുന്നുണ്ടോ എന്നായിരുന്നു അവർ ചോദിച്ചത് എന്ന് അപ്പോൾ മനസ്സിലായി. ഞങ്ങളെ നോക്കി ഒന്ന് ചിരിച്ച്, താഴെയുള്ള തോട്ടത്തിലൂടെ അവർ എങ്ങോ പോയി മറയുകയും ചെയ്തു. ഈശ്വരി അമ്മാൾക്ക് കാശ് കൊടുത്ത് ഞങ്ങളും ഊട്ടി ലക്ഷ്യമാക്കി യാത്ര പുനഃരാരംഭിച്ചു.

സുഹൃത്ത് നൗഷാദിന്റെ കൂടെ, ആദ്യ തവണ കുടുംബ സമേതം ഊട്ടിയിൽ വന്നപ്പോൾ വഴിയിൽ ഒരു സ്ഥലത്ത് പാർക്ക് ചെയ്ത് ഭക്ഷണം കഴിച്ചിരുന്നു.അന്ന് കുടുംബ അംഗസംഖ്യ കുറവായിരുന്നതിനാൽ ജീപ്പിലായിരുന്നു യാത്ര.ഉച്ചഭക്ഷണം പാത്രത്തിലാക്കി വണ്ടിയിൽ കരുതുകയും ചെയ്തിരുന്നു.നടുവട്ടം കഴിഞ്ഞപ്പോൾ തടാകം പോലെ തോന്നിക്കുന്ന ഒരു ഭാഗം കണ്ടതോടെ ആ സ്ഥലം ഞങ്ങൾ തിരിച്ചറിഞ്ഞു. പഴയ പോലെ ഇപ്പോൾ പ്രകൃതി സൗന്ദര്യം തോന്നാത്തതിനാൽ ഞങ്ങൾ യാത്ര തുടർന്നു. ഒരു മണിയോടെ ഞങ്ങൾ പൈകര വെള്ളച്ചാട്ടത്തിലേക്ക് തിരിയുന്ന സ്ഥലത്തെത്തി.

ഊട്ടിയിൽ എത്തുന്നതിന് ഇരുപത്തിയൊന്ന് കിലോമീറ്റർ മുമ്പായിട്ടാണ് പൈകര വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.കേരളത്തിലെ പല വെള്ളച്ചാട്ടങ്ങളെയും അപേക്ഷിച്ച് നോക്കുമ്പോൾ അത് പാറയിൽ കൂടി ഒഴുകുന്ന ഒരു നദിയായി മാത്രമേ അനുഭവപ്പെടൂ.നീലഗിരി ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയാണ് പൈകര.തോഡ എന്ന ആദിവാസി സമൂഹം പവിത്രമായി കണക്കാക്കുന്ന ഒരു നദി കൂടിയാണിത്.ഞങ്ങൾ ആദ്യമായി ഇവിടെ വന്ന സമയത്ത് ഒട്ടും വെള്ളം ഇല്ലാത്തതിനാൽ വെള്ളച്ചാട്ടം ഒരു നീർച്ചാൽ മാത്രമായിരുന്നു.ഇത്തവണ ഒന്നുകൂടി കണ്ടു നോക്കാം എന്ന് എല്ലാവരും അഭിപ്രായപ്പെട്ടതിനാൽ ഞാൻ കാർ സൈഡാക്കി.

മൈസൂർ - ഊട്ടി റോഡിലെ പൈകരയിൽ നിന്ന് ഏകദേശം മുന്നൂറ് മീറ്റർ ഇടത്തോട്ട് നടന്നു വേണം വെള്ളച്ചാട്ടത്തിലെത്താൻ. അല്പം തണുപ്പോ മഞ്ഞോ ചാറൽ മഴയോ ഉണ്ടെങ്കിൽ പ്രകൃതി ഭംഗിയും ആസ്വദിച്ചുള്ള ഈ യാത്ര വളരെ ഹൃദ്യമായിരിക്കും.ഇരുപത് രൂപ പ്രവേശന ഫീസ് നൽകി ഞങ്ങൾ മുന്നോട്ട് നീങ്ങി.താഴോട്ടുള്ള പടികൾ ഇറങ്ങി പൈകര തടാകത്തിന്റെ മനോഹരമായ കാഴ്ച കണ്ടു.ഈ തടാകത്തിലും ബോട്ടിംഗ് ഉണ്ടെങ്കിലും ഊട്ടിയിലെ ബോട്ട് യാത്ര നിർബന്ധമായതിനാൽ ഇവിടെ അതിന് മുതിർന്നില്ല.

പടികൾ ഇറങ്ങി ഞങ്ങൾ ഏറ്റവും താഴെയെത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തിലെയോ അബി ഫാൾസിലെയോ പോലെ കുത്തനെയുള്ള ഇറക്കമല്ലാത്തതിനാൽ പ്രായമായവർക്കും താഴെ വരെ പോകാൻ സാധിക്കും.നമ്മുടെ നാട്ടിൽ നിന്നും അപ്രത്യക്ഷമായ മുക്കുറ്റിയും തുമ്പയും എല്ലാം വഴി നീളെ അവിടെ കാണാം.അറുപത്തി ഒന്ന് മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്നതാണ് ഇവിടത്തെ വെള്ളച്ചാട്ടം.വെള്ളം പരന്ന് ഒഴുകുന്നതിനാൽ അതൊരു വെള്ളച്ചാട്ടമായി തോന്നില്ല.സഞ്ചാരികൾക്ക് വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനവും ഇല്ല.

നല്ല വെയിലായിരുന്നെങ്കിലും ഊട്ടിയുടെ സ്വതസിദ്ധമായ തണുപ്പ് അവിടെയെങ്ങും പരന്നിരുന്നു.എങ്കിലും കൂടുതൽ സമയം ഞങ്ങൾ അവിടെ തങ്ങിയില്ല.പ്രവേശന കവാടത്തിനടുത്തുള്ള കുട്ടികളുടെ പാർക്ക് ലിദു മോൻ ആദ്യമേ നോട്ടമിട്ടിരുന്നതിനാൽ അവിടെയും അൽപ നേരം ചെലവഴിച്ച ശേഷം ഞങ്ങൾ മടങ്ങി.

തിരിച്ച് വരുമ്പോൾ, റോഡരികിലെ കടകളിൽ കമ്പം പുഴുങ്ങി വിൽക്കുന്നത് കണ്ടപ്പോൾ ഒന്ന് രുചിച്ച് നോക്കാൻ ഒരാശ തോന്നി.വിവാഹത്തിന്റെ അഞ്ചാം വർഷത്തിൽ ലഖ്നോവിൽ പോയപ്പോൾ റോഡരികിൽ വച്ച് കമ്പം ചുട്ടു തിന്നതാണ് അപ്പോൾ പെട്ടെന്ന് ഓർമ്മ വന്നത്.ഇത്തരം യാത്രകളിൽ മാത്രമാണ് അത്തരം സാധനങ്ങൾ വയറ്റിലെത്തൂ.ചില അവസരങ്ങളിൽ അത് പണി തരുകയും ചെയ്യും. തൊട്ടടുത്ത് തന്നെ ധാരാളം ഹോട്ടലുകൾ ഉണ്ടായിരുന്നതിനാൽ ഉച്ചഭക്ഷണവും കഴിച്ച് ഞങ്ങൾ യാത്ര തുടർന്നു.

( Next: തറനാട് മണ്ടു )

1 comments:

Areekkodan | അരീക്കോടന്‍ said...

അല്പം തണുപ്പോ മഞ്ഞോ ചാറൽ മഴയോ ഉണ്ടെങ്കിൽ പ്രകൃതി ഭംഗിയും ആസ്വദിച്ചുള്ള ഈ യാത്ര വളരെ ഹൃദ്യമായിരിക്കും.

Post a Comment

നന്ദി....വീണ്ടും വരിക