ജീവിതത്തിരക്കിനിടയിൽ അൽപ സമയം സുഹൃത്തുക്കളോടൊപ്പം അല്ലെങ്കിൽ സഹപാഠികൾക്കൊപ്പം ചെലവഴിച്ചാൽ ഒരു പോസിറ്റീവ് എനർജി കിട്ടും എന്നാണ് എന്റെ അനുഭവ സാക്ഷ്യം. കഴിഞ്ഞു പോയ സംഭവങ്ങളുടെയും സ്മരണകളുടെയും ചില പഴയ താളുകൾ മറിക്കുമ്പോൾ നമ്മുടെ പ്രായവും നിമിഷ നേരത്തേക്ക് ആ കാലത്തേക്ക് എത്തും. ഒരു പക്ഷേ അന്നത്തെപ്പോലെ പരിസരം മറന്ന് നാം പ്രതികരിക്കാൻ പോലും സാധ്യതയുണ്ട്.
'സൗഹൃദം പൂക്കുന്ന വഴികൾ' എന്ന ശീർഷകത്തിന് കീഴിൽ ഞാനനുഭവിച്ച സൗഹൃദത്തിൻ്റെ നിരവധി മുഹൂർത്തങ്ങളും അവ എനിക്ക് സമ്മാനിച്ച സന്തോഷ നിമിഷങ്ങളും നിരവധി തവണ ഇവിടെ പങ്ക് വച്ചിട്ടുണ്ട്.
കലാലയ ജീവിതത്തിൻ്റെ ആരംഭം കുറിച്ച പ്രീഡിഗ്രിക്കാലം മനസ്സിൽ ഇന്നും ക്ലാവ് പിടിക്കാത്ത ഓർമ്മകളായി നില നിൽക്കുന്നു. ഹോസ്റ്റൽ ജീവിതത്തിൻ്റെ ഹരിശ്രീ കുറിച്ചതും റാഗിംങ് എന്ന പദം എൻ്റെ പദസഞ്ചയ അറിവിൽ കയറിയതും പ്രീഡിഗ്രിക്കാലത്താണ്. പൊടിമീശ മുളച്ച് തുടങ്ങുന്ന അക്കാലത്ത് തന്നെയാണ് പല കാര്യങ്ങളും ചെയ്യാനുള്ള ധൈര്യം മുളച്ചതും. അതിനാൽ തന്നെ ആ സുഹൃത്തുക്കൾക്കൊപ്പം അൽപം കൂടുതൽ നേരം ചെലവഴിക്കുന്നത് ഒരു നഷ്ടമായി എനിക്ക് തോന്നാറില്ല.
പ്രസ്തുത സൗഹൃദത്തിൻ്റെ അവൈലബിൾ പിബി കൂടാൻ കിട്ടിയ അവസരങ്ങളിലെല്ലാം ഞാൻ അത് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മീറ്റിംഗിൻ്റെ (ഈറ്റിംഗിൻ്റെയും) മുഖ്യ സൂത്രധാരകനായ സുനിൽ ഗൾഫിൽ നിന്ന് വരുമ്പോഴാണ് വർഷത്തിലൊരിക്കൽ ഈ ഒത്തുചേരൽ നടക്കാറ്. ഏതെങ്കിലും റിസോർട്ടിൽ അല്ലെങ്കിൽ ഊട്ടിയിൽ ഒരു ദിവസം തങ്ങി ആ പൂച്ച പി.ഡി.സിക്കാലം റീവൈൻഡ് ചെയ്യലാണ് സംഗമത്തിൻ്റെ മെയിൻ അജണ്ട. അത് പലപ്പോഴും നേരം പുലരും വരെ നീളും.
ഇത്തവണ ഡേറ്റ് തീരുമാനിച്ചിരുന്നെങ്കിലും മുഖ്യ സൂത്രധാരകന് അർജൻ്റ് ബാക്ക് കാൾ വന്നതിനാൽ അബൂദാബിയിലേക്ക് തന്നെ തിരിച്ചു പോകേണ്ടി വന്നു. അവൻ്റെ അർജൻസി കണ്ട പലരും കരുതിയത് അവൻ എത്തിയില്ലെങ്കിൽ അബുദാബി ശൈഖിന്റെ അണ്ടർ വെയർ അഴിഞ്ഞ് വീഴും എന്നായിരുന്നു. ബട്ട്, അമ്മായിയപ്പൻ്റെ മരണം കാരണം , പോയ അതേ സ്പീഡിൽ തന്നെ തിരിച്ച് പോരേണ്ടിയും വന്നു.
അങ്ങനെ പലരും പല കൊമ്പിൽ ഇരുന്ന് ജീവിതം തുഴഞ്ഞും തള്ളിയും നീക്കുമ്പോഴാണ് ഖത്തർ ശൈഖിൻ്റെ അരുമ ശിഷ്യൻ മിസ്റ്റർ നൗഫൽ കെ മുഹമ്മദ് നാട്ടിൽ കാല് കുത്തുന്നത്. അവൻ നാട്ടിൽ വരുന്നത് തന്നെ വാലിന് തീപിടിച്ച പോലെയാണ്. ഈയാഴ്ച വന്നാൽ അടുത്താഴ്ച തന്നെ പോകണം. വന്നില്ലെങ്കിലോ ഒരു കുഴപ്പവും ഇല്ല താനും. അതുകൊണ്ട് തന്നെ സുനിലും നൗഫലും മലയാള മണ്ണിൽ അധികവും കൂട്ടിമുട്ടാറില്ല.
ബൈ ദ ബൈ നൗഫൽ വാലിൽ തീയുമായി വന്നത് എല്ലാവർക്കും തീ വാലിൽ പടർന്ന് നിൽക്കുമ്പോഴായിരുന്നു. സുനിൽ അവൻ്റെ മോഹക്കൊട്ടാരം ഉടച്ചും വാർത്തും നാറാണത്ത് ഭ്രാന്തനായി നിൽക്കുന്ന സമയം,മഹ്റൂഫ് സ്വർണ്ണവില അമ്പത്തി ഏഴായിരം കടക്കുന്നതും കാത്ത് നിൽക്കുന്ന സമയം, ഞാൻ മകളുടെ കല്യാണം കഴിഞ്ഞ് പന്തം കണ്ട പെരുച്ചാഴിയെപ്പോലെ തരിച്ചു പോയ സമയം ആൻ്റ് ഫൈനലി ഡോ.സഫറുള്ള മിഠായിത്തെരുവിൽ വായും നോക്കി നടക്കുന്ന (പഴയ ദന്ത ഡോക്ടർ ഇപ്പഴും അവൻ്റെ ഉള്ളിലുണ്ട് എന്നതിൻ്റെ സൂചന) സമയം. അതിനാൽ ഏതാനും മണിക്കൂറുകൾ മാത്രം സൊറ പറഞ്ഞിരിക്കാൻ പറ്റുന്ന സ്ഥലവും സമയവും തിരഞ്ഞു.
ആ കൂടിച്ചേരൽ ഇന്നലെ വൈകിട്ട് അഞ്ച് മണി മുതൽ രാത്രി ഒമ്പത് മണി വരെ കോഴിക്കോട് സൗത്ത് ബീച്ചിൽ നടന്നു. കടലിൽ നിന്നുള്ള തണുത്ത കാറ്റിനൊപ്പം പ്രീഡിഗ്രിക്കാലത്തെ നിരവധി കുസൃതികളും ഓർമ്മയിൽ തിരമാലകൾ തീർത്തു. അപ്പോൾ ഞങ്ങളെല്ലാവരും അമ്പത് കഴിഞ്ഞ കോളേജ് കുമാരന്മാരായി. ബോംബെ ഹോട്ടലിലെ പൊറോട്ടയും ബീഫും അതിന് മേമ്പൊടി ചാർത്തി.
ഓൺലൈൻ സൗഹൃദങ്ങൾ വേലിയേറ്റങ്ങൾ സൃഷ്ടിക്കുന്ന ഇക്കാലത്ത്, നേരിട്ട് കണ്ട് അൽപനേരം മനസ്സ് തുറന്നു സംസാരിക്കാനും ഉള്ള് തുറന്ന് ചിരിക്കാനും സാധ്യമായാൽ തീർച്ചയായും മനസ്സ് പറയും - ലൈഫ് ഈസ് ബ്യൂട്ടിഫുൾ.
2 comments:
വീണ്ടും ഒരു ടീം PSMO സംഗമം
♥️♥️♥️👍🏿🤣🥰🌹
Post a Comment
നന്ദി....വീണ്ടും വരിക