Pages

Friday, March 26, 2021

കാർ മൊതലാളി - 1

 1989-ലാണ് ഞാൻ പ്രീഡിഗ്രി പാസാകുന്നത്. അന്ന് എൻ്റെ കൂടെ ഹോസ്റ്റലിൽ താമസിച്ചിരുന്ന എൻ്റെ നാട്ടുകാരായ മിക്കവരുടെ വീട്ടിലും കാർ ഉണ്ടായിരുന്നു. നേരത്തെ തന്നെ ഡ്രൈവിംഗ് വശമാക്കി വച്ചതിനാൽ, പതിനെട്ട് വയസ് എന്ന കടമ്പ കടന്നയുടനെ അവരിൽ പലരും അംഗീകൃത ഡ്രൈവർമാർ കൂടിയായി.

ഉമ്മയും ബാപ്പയും സാധാരണ ഹൈസ്കൂളിലെ വാദ്ധ്യാന്മാർ ആയതിനാൽ വീട്ടിലൊരു കാറ് എന്നതൊക്കെ എൻ്റെ സ്വപ്നങ്ങളിൽ പോലും സംഭവിക്കാത്തതായിരുന്നു. അതിനാൽ തന്നെ സൈക്കിൾ അല്ലാത്ത ഒന്നും ഡ്രൈവ് ചെയ്ത് നോക്കാനുള്ള ആഗ്രഹം എന്റെ മനസ്സിൽ തോന്നിയതേ ഇല്ല. പത്താം ക്ലാസ് കഴിഞ്ഞ ഉടനെ സൈക്ലിംഗ് പഠിച്ചത് അതിന്റെ ബാക്കി പത്രമായിട്ടായിരുന്നു. 

കാലം ഏറെ കടന്നു പോയി. കിട്ടാവുന്ന എല്ലാ ഔപചാരിക വിദ്യാഭ്യാസവും പൂർത്തിയാക്കി ഞാൻ സർക്കാർ സർവീസിൽ പ്രവേശിച്ചു.ഉമ്മയും ബാപ്പയും സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്തു. ഇതിനിടയിൽ എൻ്റെ വിവാഹവും കഴിഞ്ഞു. നാട്ടുനടപ്പനുസരിച്ച് ഒരു കാർ വീട്ടിലെത്തുമായിരുന്നെങ്കിലും സ്ത്രീധനം എൻ്റെ നയങ്ങൾക്ക് എതിരായതിനാൽ ഞാനതിനെപ്പറ്റി ആലോചിച്ചതേയില്ല.

ജോലി മാറി മാറി 2004ൽ വയനാട് ഗവ.എഞ്ചിനീയറിംഗ് കോളേജിൽ എത്തിയതോടെ ജീവിതം മാറിമറിഞ്ഞു. ഗസറ്റഡ് ഓഫീസർ എന്ന പദവി പ്രതീക്ഷിച്ചതിലും നേരത്തെ എൻ്റെ കൈപ്പിടിയിൽ ഒതുങ്ങി.പദവിക്കനുസരിച്ച് ജീവിത നിലവാരത്തിലും മാറ്റം അനിവാര്യമായിത്തുടങ്ങി. 

വയനാട് എഞ്ചിനീയറിംഗ് കോളേജിൽ പുതുതായി വരുന്നവരെ മുഴുവൻ സൗജന്യ നിരക്കിൽ കാർ ഡ്രൈവിംഗ് പഠിപ്പിക്കുന്ന കോളേജിലെ തന്നെ ട്രേഡ്സ്മാനായിരുന്നു വികാസ്.ആ കോളേജിലെ, സ്ത്രീകളല്ലാത്ത എല്ലാവരും  കയറിയ ഒരേ ഒരു വണ്ടിയും വികാസിന്റെ മാരുതി 800 ആയിരിക്കും. ഒരാവശ്യവും ഇല്ലാതിരുന്നിട്ടും , എൻ്റെ സഹമുറിയന്മാർ എല്ലാവരും വികാസിന്റെ ഡ്രൈവിംഗ് ക്ലാസ്സിൽ ചേർന്നതിനാൽ ഞാനും ആദ്യമായി ഒരു മോട്ടോർ വാഹനത്തിൻ്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു. 

ആദ്യ ഡ്രൈവിംഗ് ടെസ്റ്റിൽ കാറ്റ് കൊണ്ട് മറിഞ്ഞ് വീണ കമ്പിയും രണ്ടാം ടെസ്റ്റിൽ ഞാൻ തന്നെ തട്ടിമറിച്ചിട്ട കമ്പിയും എൻ്റെ ലൈസൻസ് മുടക്കി. മൂന്നാം ടെസ്റ്റിൽ കമ്പിയിൽ നിന്നും വളരെ അകലം പാലിച്ചിട്ടും കമ്പി മറിഞ്ഞ് വീണു, എനിക്ക് ലൈസൻസും കിട്ടി!! കോളേജിലെ സെറ്റിൻ്റെ കൂടെക്കൂടി നേരത്തെ തന്നെ ബൈക്ക് ഓടിക്കാൻ പഠിച്ച അനിയൻ, ബാപ്പ അറിയാതെ ലൈസൻസ് കൂടി എടുത്തിരുന്നതിനാൽ എൻ്റെ വീട്ടിലെ ലൈസൻസീ രണ്ടാമനായി ഞാൻ.

ലൈസൻസെടുത്ത് പേഴ്സിലിട്ട് നടന്നതു കൊണ്ട് കാര്യമില്ല എന്ന് പലരും പറഞ്ഞതിനാൽ വണ്ടി ഓടിക്കാൻ ഞാൻ അവസരം തേടി നടന്നു. എൻ്റെയത്ര ധൈര്യം വണ്ടി ഉടമകൾ കാണിക്കാത്തതിനാൽ എൻ്റെ ലൈസൻസ് പോക്കറ്റിൽ സുഖമായുറങ്ങി.അവസാനം, മൂത്താപ്പയുടെ മകൻ ആദ്യമായി വാങ്ങിച്ച ഒരു സെക്കന്റ് ഹാന്റ് പ്രീമിയർ പത്മിനി കാർ ഒരു ദിവസം കയ്യിൽ കിട്ടിയെങ്കിലും എന്റെ ഡ്രൈവിംഗ് രീതി അതിന് വശമില്ലാത്തതിനാൽ എനിക്കത് ഒരടി മുന്നോട്ട് നീക്കാൻ പോലും പറ്റിയില്ല . അങ്ങനെ ഇരിക്കയാണ് തികച്ചും അപ്രതീക്ഷിതമായി ആ സംഭവം ഉണ്ടായത്.

(തുടരും... )


3 comments:

Areekkodan | അരീക്കോടന്‍ said...

ചില കാറോർമ്മകൾ

Muralee Mukundan , ബിലാത്തിപട്ടണം said...

10 കൊല്ലം കൂടുമ്പോൾ ആ ലൈസൻസ്
പുതുക്കാറുണ്ടായിരുന്നില്ലേ ഭായ് ..?

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ... അമ്പത് വയസ്സ് തികയുമ്പോഴാണ് പുതുക്കേണ്ടത് ... ആഗസ്റ്റിൽ

Post a Comment

നന്ദി....വീണ്ടും വരിക