"അരെ,ക്യാ ഹുവാ ജബ്ബാർ ഭായ്...?" കാർ സൈഡാക്കാൻ തുടങ്ങിയപ്പോൾ ഞാൻ ജബ്ബാറിനോട് ചോദിച്ചു.
"സാബ്... രാത് ഹോനെ കോ കുച്ച് ഭീ സമയ് ഹേ... യഹാം ആപ് കോ കുച്ച് ഷോപ്പിംഗ് കരേഗ... സബ് സസ്ത മിലേഗ ... ക്വാളിറ്റി ഭീ സസ്ത ...." ചിരിച്ചു കൊണ്ട് ജബ്ബാർ പറഞ്ഞു.
"ലേകിൻ ഹം ഖ്യോം രാത് കോ കാത്ത് നിക്കണം?" ഷോപ്പിംഗ് എനിക്ക് അത്ര ഇഷ്ടപ്പെട്ട സംഗതി അല്ലാത്തതിനാൽ ഞാൻ ചോദിച്ചു.
"നഹീം സാബ്...അബ് ഹം ജൽ മഹൽ കെ പാസ് ഹേ... ജയ്‌പൂർ മേം ശാം ക ഭീഡ് യഹാം ഹേ..." ഇപ്പോൾ എത്തിയത് ജൽ മഹൽഎന്ന അത്ഭുതത്തിന്റെ അടുത്താണെന്നും ജയ്‌പ്പൂരിന്റെ വൈകുന്നേരങ്ങളിൽ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിൽ ഒന്നാണിതെന്നും ജബ്ബാർ പറഞ്ഞപ്പോൾ എൻ്റെ മുൻ തീരുമാനത്തിലെ ഒരു കല്ലിളകി വീണു.
"ഔർ..."
"ഔർ...?" എനിക്ക് ബാക്കി കൂടി കേൾക്കാൻ താല്പര്യമായി.
"ആപ് കോ കുച്ച് രാജസ്ഥാനി സ്‌പെഷൽ സ്ട്രീറ്റ് ഖാന യഹാം മിലേഗാ..." തട്ടുകട ഞങ്ങളുടെ എല്ലാവരുടെയും ഒരു വീക്നെസ്സ് ആയതിനാൽ ആ നിർദ്ദേശവും എനിക്കിഷ്ടമായി.ജെൽ മഹലിലേക്ക് കണ്ണും നട്ട് ആലു ടിക്കി അല്ലെങ്കിൽ ആലു പരത്ത അകത്താക്കുമ്പോഴുള്ള നിർവൃതി അനുഭവിക്കാൻ ഞങ്ങൾ റെഡിയായി.
"ഔർ..." ജബ്ബാർ വീണ്ടും ഒരു 'ഔർ...' എടുത്തിട്ടു.
"ഔർ...??" ഞാൻ ആശ്ചര്യത്തോടെ ജബ്ബാറിനെ ഒന്ന് നോക്കി.
"പിങ്ക് സിറ്റി ജയ്‌പൂർ രാത് മേം ബഹുത് ഖുബ്‌സൂരത് ദേഖ്ത്ത ഹേ..." രാത്രിയിൽ കൂടുതൽ സുന്ദരിയാകുന്ന പിങ്ക് സിറ്റി കാണാനും ഞങ്ങൾക്കിഷ്ടമായതിനാൽ വണ്ടി പാർക്ക് ചെയ്യാൻ ഞാൻ അനുവാദം നൽകി.
പൊതുവെ ജലദൗർലഭ്യമുള്ള സ്ഥലമാണെങ്കിലും നിരവധി തടാകങ്ങൾ ഉള്ള സ്ഥലം കൂടിയാണ് രാജസ്ഥാൻ. തലസ്ഥാനമായ ജയ്‌പൂരിലെ പ്രധാനപ്പെട്ട ഒരു ജലാശയമാണ് മാൻസാഗർ തടാകം. ഈ തടാകത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന ഒരു കൊട്ടാരമാണ് ജൽ മഹൽ. ജയ്‌പൂരിലെ മറ്റു നിർമ്മിതികളെപ്പോലെ രജപുത്ര-മുഗൾ സമ്മിശ്ര വാസ്തുശൈലിയുടെ ഉത്തമോദാഹരണമാണ് ഈ കൊട്ടാരവും. ആംബറിലെ രാജാവായിരുന്ന സവായ് മാധോ സിംഗ് പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണ് പോലും ജൽ മഹൽ.
"യെ കിസ്‌കെ ലിയേ ബനായ?" ഞാൻ ജബ്ബാറിനോട് ചോദിച്ചു.
"നഹീം മാലും " എന്ത് ചോദ്യത്തിനും 'നഹീം മാലും' പറഞ്ഞിരുന്ന പ്രൈമറി ക്ലാസ്സിൽ കൂടെ പഠിച്ച കൃഷ്ണനെയാണ് പെട്ടെന്ന് ഓർമ്മ വന്നത്.
'പ്രത്യേകിച്ച് ഒരു ചരിത്രമൊന്നുമില്ല. തടാകത്തിലെ പക്ഷിവേട്ടക്കിടയിൽ ഒന്ന് വിശ്രമിക്കാൻ രാജാവ് പണികഴിപ്പിച്ചതാണ് ജൽ മഹൽ' എന്നായിരുന്നു ഗൂഗിളമ്മായി തന്ന വിവരണം.
ജൽ മഹൽ പാലസ് ദൂരെ നിന്ന് നോക്കി കാണാനേ പറ്റൂ. തടാകത്തിൽ ബോട്ടിംഗും കൊട്ടാരത്തിനകത്തേക്ക് പ്രവേശനവും അനുവദിച്ചിട്ടില്ല. സഞ്ചാരികൾക്ക് പ്രിയങ്കരമായ,ജയ്‌പൂരിലെ ഏറ്റവും മികച്ച ഫോട്ടോ സ്പോട്ടുകളിൽ ഒന്നാണ് ജൽ മഹൽ.
സമയം വൈകിട്ട് ഏഴ് മണി ആയിട്ടും സൂര്യൻ അസ്തമിച്ചിരുന്നില്ല. റോഡിനും തടാകത്തിനും ഇടയിലുള്ള സ്ഥലങ്ങൾ മുഴുവൻ പലതരം കച്ചവടക്കാരും കയ്യേറിയിരുന്നു.ജബ്ബാർ പറഞ്ഞപോലെ തെരുവ് ഭക്ഷണശാലകളും അവയിൽ ഉണ്ടായിരുന്നു. പക്ഷെ അവർ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധി സംശയാസ്പദമായതിനാൽ ഭക്ഷണം തൽക്കാലം ഞങ്ങൾ ഒഴിവാക്കി. ഭാര്യയും മക്കളും രാജസ്ഥാനി മോഡൽ ചെരുപ്പുകൾ പലതും വാങ്ങി.
"ധോടി ഹീ ദേർ മേം ജൽ മഹൽ മേം ബിജലി ജലായേഗാ " ജബ്ബാറിന്റെ വാക്കുകൾ കേട്ടപ്പോൾ വൈദ്യുത പ്രഭയിലുള്ള ജൽ മഹൽ ഒന്ന് കാണാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. വെള്ളത്തിൽ മുങ്ങി നിൽക്കുന്ന കെട്ടിടത്തിൽ വൈദ്യുതി സംവിധാനം എങ്ങനെ ഏർപ്പെടുത്തുന്നു എന്നത് തന്നെ എന്നിൽ അത്ഭുതമുളവാക്കി.
സൂര്യന്റെ പ്രകാശം കുറഞ്ഞതോടെ ജെൽ മഹലിന്റെ ഓരോ ഭാഗത്ത് നിന്നായി വിളക്കുകൾ തെളിയാൻ തുടങ്ങി.
1 comments:
ജെൽ മഹലിലേക്ക് നോക്കിയിരുന്ന് ആലു ടിക്കി അല്ലെങ്കിൽ ആലു പരത്ത അകത്താക്കുമ്പോഴുള്ള നിർവൃതി അനുഭവിക്കാൻ ഞങ്ങൾ റെഡിയായി.
Post a Comment
നന്ദി....വീണ്ടും വരിക