കുത്തബ് മിനാർ കോംപ്ലെക്സിൽ - 1
കുത്തബ് മിനാർ കോംപ്ലെക്സിലെ പല നിർമ്മിതികളും കണ്ടാൽ ധനുഷ്കോടിയിലെ പ്രേതനഗരത്തെയാണ് ഓർമ്മ വരിക (പ്രേത നഗരിയിലൂടെയുള്ള യാത്ര ഇവിടെ ക്ലിക്ക് ചെയ്താൽ വായിക്കാം). പൊട്ടിപ്പൊളിഞ്ഞ കുറെ ചുമരുകൾക്കിടയിലൂടെ ഞങ്ങൾ മുന്നോട്ട് നീങ്ങി. പണ്ട് പല മുറികളുള്ള ഒരു കൊട്ടാരമായിരുന്നു എന്ന് തോന്നിപ്പിക്കുന്ന ഒരു കെട്ടിടത്തിനകത്ത് ആരോരും ശ്രദ്ധിക്കാതെ കിടക്കുന്ന ഒരു മഖ്ബറക്കടുത്ത് ഞങ്ങളെത്തി. ഡൽഹി രാജവംശത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി എന്ന് ചരിത്രത്തിൽ പഠിച്ച, ഇരുപത് വർഷം രാജ്യം ഭരിച്ച സുൽത്താൻ അലാവുദ്ദീൻ ഖിൽജിയുടെ ശവകുടീരമാണ് അതെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി.
"ബൈഠോ മത് .." എവിടെ നിന്നോ ഒരു ശബ്ദം ഉയർന്നു.അതിൽ ഇരിക്കരുത് എന്നാണ് പറഞ്ഞത് എന്ന് അവർക്ക് മനസ്സിലാകാത്തതിനാൽ ആരും അനങ്ങിയില്ല.അതുവരെ പുറത്തെവിടെയോ നിന്നിരുന്ന സെക്യൂരിറ്റി ഞങ്ങളുടെ അടുത്തേക്ക് വരുന്നത് ഞാൻ കണ്ടു.
"ആപ് ,,,കേരള സെ ?" അടുത്തെത്തിയ ഉടനെ അയാൾ ചോദിച്ചു.
"ഹാം..." നേരത്തെ കണ്ട സെക്യൂരിറ്റിയും കേരളക്കാരെപ്പറ്റി നല്ല വാക്ക് പറഞ്ഞതിനാൽ ഞാൻ വേഗം ചാടിക്കയറി പറഞ്ഞു.
"ഉഡ്ഡ നഹീം തോ സമച്ച് ഗയ" ; അല്ലെങ്കിലും ഈ മഹാരാജ്യത്ത് ഹിന്ദിയിൽ പറഞ്ഞാൽ മനസ്സിലാകാത്തവർ മലയാളികൾ മാത്രമാണെന്ന് മിക്ക സെക്യൂരിറ്റി ജീവനക്കാരും മനസ്സിലാക്കി വച്ചിരിക്കുന്നു.
"യെഹ് സുൽത്താൻ ഇൽത്തുമിഷ് ക മഖ്ബറ ഹേ... ജോ നെ കുത്തബ് മിനാർ ക നിർമ്മാൺ പൂര കിയ ധ..."
'അന്നത്തെ രാജാക്കന്മാർ ഇന്നത്തെ കാഴ്ച വസ്തുക്കൾ' ഞാൻ ആത്മഗതം ചെയ്തു.
"ആപ് സബ് വഹാം ഘടോ..." മഖ്ബറയുടെ ബാഹ്യചുമരുകളിലെ കൊത്തുപണികളുടെ സൗന്ദര്യത്തിന്റെ പശ്ചാത്തലത്തിൽ ഞങ്ങളുടെ ഫോട്ടോ പകർത്തി തരാം എന്ന് അദ്ദേഹം ഇങ്ങോട്ട് പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു.
ഒരു ഫോട്ടോ എടുത്ത ശേഷം യഹാം വഹാം ജഹാം എന്നിങ്ങനെ പല സ്ഥലത്തേക്കും അദ്ദേഹം ഞങ്ങളെ നയിച്ചു.അങ്ങനെ ഫോട്ടോ എടുക്കേണ്ട വിവിധ സ്പോട്ടുകളിൽ വച്ച് അദ്ദേഹം നിരവധി ഫോട്ടോകൾ എടുത്തു തന്നു.അത്ര കൃത്യമല്ലെങ്കിലും, ഞങ്ങൾ ഓരോരുത്തരും കുത്തബ് മിനാറിന്റെ ടോപ്പിൽ തൊടുന്ന ഫോട്ടോയും അദ്ദേഹം എടുത്തു.ഫാമിലി ഫോട്ടോ എടുക്കാൻ തൊട്ടടുത്ത് നിൽക്കുന്ന ആരുടെയെങ്കിലും സഹായം തേടാറുള്ള എനിക്ക് ഇതൊരു പുതിയ അനുഭവം തന്നെയായി.
"ആപ് ക നാം ...?" ക്യാമറ തിരിച്ചു വാങ്ങിക്കൊണ്ട് ഞാൻ ചോദിച്ചു.
"പ്രേം..."
"അഛാ...ആപ് ക സാഥ് ഏക് ഫോട്ടോ മാർന ചാഹ്ത്ത ഹേ..." കൂടെ നിന്ന് ഒരു ഫോട്ടോ എടുത്ത് ആ മുഖം ആൽബത്തിൽ പതിപ്പിക്കാൻ ഞാൻ ഒരു ശ്രമം നടത്തി.
"നഹീം സാർ..." അയാൾ സമ്മതിച്ചില്ല.നൂറ് രൂപ അദ്ദേഹത്തിന്റെ കയ്യിൽ വച്ച് കൊടുത്ത് ഞങ്ങൾ അടുത്ത സ്ഥലത്തേക്ക് നീങ്ങി.
പണി തീരാത്തതോ അതല്ല പൊളിഞ്ഞു വീണതോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു നിർമ്മിതിക്കടുത്താണ് പിന്നീട് എത്തിയത്.കുത്തബ് മിനാറിനെപ്പോലെ അലൈ മിനാർ എന്ന ഒരു മിനാരം കൂടി നിർമ്മിക്കാൻ അലാവുദ്ധീൻ ഖിൽജി പണി തുടങ്ങി അദ്ദേഹത്തിന്റെ മരണത്തോടെ പാതി വഴിയിൽ ഉപേക്ഷിച്ചതാണ് അതെന്ന് മറ്റൊരു ടീമിനായി ഗൈഡ് വിവരിക്കുന്നത് ഞാൻ കേട്ടു.
നമസ്കാരം നിർവ്വഹിച്ചിട്ടില്ലാത്തതിനാൽ അതിനുള്ള സൗകര്യം അന്വേഷിച്ചപ്പോഴാണ് എൻട്രി ഗേറ്റിനടുത്ത് പള്ളിയുള്ളതായി അറിഞ്ഞത്.സ്ത്രീകൾക്കും പ്രാർത്ഥന നിർവ്വഹിക്കാം എന്നതിനാൽ ഞങ്ങൾ എല്ലാവരും പള്ളിയിലേക്ക് കയറി. നമസ്കാരവും നിർവ്വഹിച്ച് കുത്തബ് മിനാർ കോംപ്ലക്സിൽ നിന്ന് ഞങ്ങൾ പുറത്തിറങ്ങുമ്പോൾ സമയം വൈകിട്ട് നാല് മണിയായിരുന്നു.
2 comments:
തുടരട്ടെ
നന്ദി സുധീ
Post a Comment
നന്ദി....വീണ്ടും വരിക