പി.ജി രണ്ടാം വര്‍ഷത്തില്‍ പൊന്നാനി എം.ഇ.എസ് കോളേജില്‍ പഠിക്കുമ്പോള്‍ ഹോസ്റ്റലിലെ ഒരു അന്തിച്ചര്‍ച്ചയില്‍ വന്ന ആശയമായിരുന്നു ഹോസ്റ്റല്‍ ഡെയും ടൂറും.അന്നത്തെ ഹോസ്റ്റല്‍ അന്തേവാസികളില്‍ പ്രായം കൊണ്ട് ഏറ്റവും സീനിയറും അഡ്മിഷന്‍ സമയം കൊണ്ട് ഏറ്റവും ജൂനിയറും ആയിരുന്നു ഞാന്‍. വാര്‍ഡെന്‍ ഭൂപീന്ദ്രന്‍ പിള്ള സാര്‍ ടൂറിന് അനുമതി നല്‍കിയതോടൊപ്പം സുരക്ഷ അടക്കമുള്ള പൂര്‍ണ്ണ ഉത്തരവാദിത്വം എന്റെ തലയിലിടുകയും ചെയ്തു.വയനാട് ആയിരുന്നു ഞങ്ങള്‍ തെരഞ്ഞെടുത്ത സ്ഥലം.ഗൂഗിളും ഫേസ്ബുക്കും മൊബൈല്‍ ഫോണും ഒന്നും ഇല്ലാത്ത 1997ല്‍ വയനാട് എന്ന ആശയം മനസ്സിൽ എങ്ങനെ എത്തി എന്ന് ഓര്‍മ്മയില്ല. ആ ടൂറിന്റെ ഭാഗമായി 1997ലാണ് ഞാന്‍ ആദ്യമായി എടക്കല്‍ ഗുഹയിലെത്തുന്നത്.
എടക്കല്‍ ഗുഹയെപ്പറ്റി അതിന് മുമ്പ് ഞാന്‍ കേട്ടിരുന്നോ എന്ന് ചോദിച്ചാല്‍ അതും എനിക്കോര്‍മ്മയില്ല. കോഴിക്കോട് നിന്നും വിളിച്ച ഒരു ടാക്സി ജീപ്പിലാണ് 12 പേരടങ്ങുന്ന ഞങ്ങളുടെ സംഘം അവിടെ എത്തിയത്.ആരാണ് ഞങ്ങളെ അങ്ങോട്ട് നയിച്ചത് എന്ന് ചോദിച്ചാല്‍ അതിനും “ആ” എന്നേ ഉത്തരമുള്ളൂ.
എടക്കൽ ഗുഹാമുഖത്തേക്കുള്ള നീണ്ട പാത പിന്നിടുമ്പോൾ ആകാശത്ത് കാർമേഘവും ഉരുണ്ട് കൂടുന്നുണ്ടായിരുന്നു. സ്ഥലത്തെപ്പറ്റി മുൻധാരണ ഒട്ടും ഇല്ലാത്തതിനാൽ ഞങ്ങൾ അത് വക വയ്ക്കാതെ മുന്നോട്ട് നീങ്ങി.
ഒന്നാമത്തെ ഗുഹയിലേക്കുള്ള
പ്രവേശന കവാടത്തിലൂടെ ഒരാൾക്ക് മാത്രമേ കടന്നു പോകാൻ സാധിക്കൂ. അതും കുനിഞ്ഞിരുന്ന്
നൂണ്ട് കയറണം. എല്ലാവരും അത് വിജയകരമായി കടന്നു.ഗുഹക്കകത്ത് ഫോട്ടോ എടുക്കാൻ അനുവാദമില്ലാത്തതിനാൽ
ആരും അതിന് മുതിർന്നില്ല. ഫിലിം ലോഡ് ചെയ്ത് ഫോട്ടോ എടുക്കുന്ന അന്നത്തെ ‘യാഷിക’ ക്യാമറ
ആ ഇരുട്ടിൽ ഫ്ലാഷ് മിന്നിക്കും എന്നുറപ്പ്. അതോടെ സെക്യൂരിറ്റി നമ്മെ പൊക്കും എന്നും
തീർച്ച. അതിനാൽ തൽക്കാലം ഗുഹക്കകത്തെ ഫോട്ടോകൾ വേണ്ട എന്ന് തീരുമാനിച്ചു.
അല്പം കൂടി കയറിയാലാണ്
ആദിമ മനുഷ്യർ താമസിച്ചിരുന്നു എന്ന് കരുതപ്പെടുന്നതും ശിലാലിഖിതങ്ങൾ ഉളളതുമായ പ്രധാനഗുഹ.
രണ്ട് പാറകൾക്ക് ഇടയിൽ ഒരു ഭീമൻ പാറ വന്ന് അടഞ്ഞു നിൽക്കുന്ന വിധത്തിലാണ് ഇതിന്റെ മേൽക്കൂര.അതാണ്
ഈ ഗുഹക്ക് ‘ഇടക്കൽ ഗുഹ’ എന്ന് പേര് വരാൻ കാരണം എന്ന് പറയപ്പെടുന്നു. അതിനകത്തും ഫോട്ടോ
എടുക്കാൻ അനുവാദം ഉണ്ടായിരുന്നില്ല.
ഗുഹകൾ രണ്ടും കണ്ട
ശേഷം ഞങ്ങൾ പുറത്തെത്തി. അതേ മലയുടെ ഉച്ചിയിലേക്ക് കയറിയാൽ കോഴിക്കോട് പട്ടണവും അറബിക്കടലും
കാണാം എന്ന് ആരോ പറഞ്ഞതിനാൽ ഒന്ന് കയറാം എന്ന് അന്നത്തെ രക്തത്തിളപ്പിൽ തോന്നി. ചെങ്കുത്തായ
മലയിലെ പാറകൾ മഴ പെയ്ത് വഴുതുന്നുണ്ടായിരുന്നു. എങ്കിലും അള്ളിപ്പിടിച്ച് ഞങ്ങൾ ഓരോരുത്തരായി
മുകളിലേക്ക് കയറി. ഇടക്കിടക്ക് പാറയിൽ ഇരുന്ന് വിശ്രമിച്ച് ഒരുവിധം ഞങ്ങൾ മുകളിലെത്തി.
കനത്ത കോടയും വീശി അടിക്കുന്ന കാറ്റും മലമുകളിൽ ഞങ്ങളെ സ്വാഗതം ചെയ്തു. സമുദ്ര നിരപ്പിൽ നിന്നും 4000 അടിയിൽ അധികം ഉയരത്തിൽ ആയതിനാൽ തണുപ്പും നന്നായി അനുഭവപ്പെട്ടു. കൂട്ടത്തിലെ തടിയന്മാർ ഷർട്ട് ഊരി അവരുടെ മസിൽ പവർ പ്രദർശിപ്പിച്ചു.കോട അല്പം മാറിയപ്പോൾ അങ്ങ് ദൂരെ ഏതോ താഴ്വര ഒരു പൊട്ടുപോലെ പ്രത്യക്ഷപ്പെട്ടു.മല കയറുന്നതിന് മുമ്പ് കേട്ടപോലെ കോഴിക്കോട് പട്ടണവും അറബിക്കടലും കാണാൻ പറ്റിയില്ല.
കാർമേഘം വീണ്ടും ഉരുണ്ട് കൂടാൻ തുടങ്ങിയതിനാൽ ഞങ്ങൾ അധിക സമയം അവിടെ തങ്ങിയില്ല.താഴെ എത്തി ജീപ്പിൽ കയറിയപ്പോഴേക്കും മഴ തിമർത്ത് പെയ്തു തുടങ്ങി.
മുന്നറിയിപ്പ്: മഴക്കാലത്ത് ഇടക്കൽ ഗുഹ കാണാൻ പോവരുത്.
1 comments:
ഗൂഗിളും ഫേസ്ബുക്കും മൊബൈല്‍ ഫോണും ഒന്നും ഇല്ലാത്ത 1997ല്‍ വയനാട് എന്ന ആശയം മനസ്സിൽ എങ്ങനെ എത്തി എന്ന് ഓര്‍മ്മയില്ല.
Post a Comment
നന്ദി....വീണ്ടും വരിക